അവളെന്തിനാ എന്നെ തിരക്കുന്നേ ? ഞാൻ രാവിലെ എണീറ്റ് പുട്ടും കടലയും ഉണ്ടാക്കി ആ ഡൈനിംഗ് ടേബിളിൽ വച്ചിട്ടുണ്ടല്ലോ?
ഭൂതപ്രേത പിശാചുക്കൾ ഭൂമിയിലേക്ക് വന്ന് മനുഷ്യർക്ക് സൗഭാഗ്യം തരുന്ന ഒരു ദിവസമുണ്ട്. ഒക്ടോബർ 31. നമ്മുടെ നാട്ടിൽ ഈ ദിനം ഒരു ആഘോഷമല്ലെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് ഒരു ആഘോഷ ദിവസമാണ്. മരിച്ചു പോയ പിതാമഹന്മാർ നാട് സന്ദര്‍ശിക്കുന്ന ദിവസം എന്നാണ് അവരുടെ സങ്കല്പം. ഹലോവിന്‍ഡേ എന്ന പേരിലാണ് ഈ ദിനം അറിയപ്പെടുന്നത്. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ്, മുഖത്ത് മാസ്കും വച്ച് കുട്ടികളും മുതിര്‍ന്നവരും റോഡിലിറങ്ങി പാട്ടും കൂത്തുമായി ഈ ദിവസം ഒരു ആഘോഷമാക്കുന്നു.
അമേരിക്കയിലെ ‘പിശാചിന്റെ’ (ഹാലോവീൻ) ദിവസവുമായി ബന്ധപ്പെടുത്തി അജയൻ വേണുഗോപാലും അബി വർഗീസും രൂപപ്പെടുത്തിയ അക്കരകാഴ്ചകളിലെ ഈ എപ്പിസോഡ് ഒന്ന് കണ്ടുനോക്കൂ. നർമ്മത്തിൽ പൊതിഞ്ഞ ഈ വീഡിയോ നിങ്ങളെ ചിരിപ്പിക്കാതിരിക്കില്ല. മുന്തിരി അച്ചാറ് വിറ്റു കാശുണ്ടാക്കിയ, തേക്കുംമൂട്ടിൽ ജോർജ്ജിന്റെ അപ്പച്ചൻ ഹാലോവീൻ ദിനത്തിലും ഒപ്പിച്ചു കുറച്ചു കാശ്. അപ്പച്ചൻ ആരാ മോൻ . വീഡിയോ അവസാനം വരെ കാണുക
നമ്മൾ ഓരോരുത്തരിലും ഉണ്ട് പാപബന്ധനങ്ങളും പാപത്തിന്റെ കെട്ടുകളും. നമ്മുടെ ജീവിതത്തെക്കുറിച്ചു വെറുതെ ഒന്ന് ആലോചിച്ചാൽ മതി ഓരോ നിമിഷവും പാപവാസന എങ്ങനെയാണ് നമ്മളിൽ തികട്ടി വരുന്നത് എന്ന് അറിയാൻ പറ്റും.
ഒരു ബസിൽ കയറാൻ ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ, എട്ട് പത്ത് പേരെ ഉള്ളുവെങ്കിലും നമ്മൾ തിക്കിത്തിരക്കിഎല്ലാവരെയും ഇടിച്ചു തെറിപ്പിച്ചിട്ട് ആദ്യം അകത്തേക്ക് കയറാൻ നോക്കും. അകത്തു കയറി നോക്കുമ്പോൾ ഇരിക്കാൻ അഞ്ചാറു സീറ്റ് ഉണ്ടെങ്കിലും എവിടെയിരിക്കണമെന്ന് ഓർത്ത് വെരുകിനെപ്പോലെ ഓടിനടക്കും.
അതുപോലെ സിനിമ തീയേറ്ററിൽ ചെല്ലുമ്പോൾ കാണാം മനുഷ്യന്റെ സ്വാർത്ഥത. ഫസ്റ്റ് ഷോ കണ്ടുകൊണ്ടിരിക്കുന്നു. ഇന്റർവെൽ ആകാൻ അഞ്ച് മിനിറ്റ് ഉള്ളപ്പോൾ കറണ്ട് പോയി. ആ സമയം എത്ര പേര് പറയും ഈശോയുടെ തിരുഹൃദയത്തിന് സ്തുതി ഉണ്ടായിരിക്കട്ടെ എന്ന് ? ഒറ്റ കൂവൽ അല്ലേ! കറണ്ട് പോയോ മനുഷ്യന്റെ ഉള്ളിൽ കിടക്കുന്ന കുറുക്കൻ തലപൊക്കും.
നൂറിന്റെ രണ്ട് നോട്ടുമായിട്ട് ഞാൻ പൊൻകുന്നം ചന്തയ്ക്ക് പോയി. ഒന്ന് കീറിപറിഞ്ഞു തോരണം പോലെ ഞാന്നുകിടക്കുന്ന പഴഞ്ചൻ നോട്ട്. മറ്റേത് റിസർവ് ബാങ്കിന്റെ മഷി മായാത്ത പുത്തൻ നോട്ട് . എനിക്ക് പച്ചക്കറിയും വാങ്ങിക്കണം പച്ച മത്തിയുംവാങ്ങിക്കണം. ആദ്യം ഞാൻ 80 രൂപയുടെ പച്ചക്കറി വാങ്ങി. ഏതു നോട്ട് ഞാൻ അവിടെ കൊടുക്കും? കീറി പറഞ്ഞ് നമ്പർപോയി തോരണം പോലെ ഞാന്നു കിടക്കുന്ന നോട്ട്. മറ്റേത് അഞ്ചു മിനിറ്റ് കഴിഞ്ഞ് മീൻകാരൻ കൊണ്ടുപോകും. എന്നാലും അത്രയും നേരം കൂടെ കയ്യിൽ മുറുകെ അത് പിടിക്കാലോ എന്നുകരുതി നമ്മൾ പിടിച്ചു കൊണ്ടിരിക്കും. ഇത് നമ്മളോരോരുത്തരിലും ഉള്ള അടിസ്ഥാനപരമായ ഒരു പ്രവണതയാണ്.
വണ്ടി യാത്രയിലും കാണാം മനുഷ്യന്റെ ഈ സ്വാർത്ഥത. ഞാൻ ഒരിക്കൽ ഒരു ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ വന്നു നിന്നപ്പോൾ 75 വയസ്സ് പ്രായം വരുന്ന ഒരു അമ്മച്ചി ബസ്സിൽ നിന്ന് ഇറങ്ങാൻ നോക്കുകയാണ്. ഈ അമ്മച്ചി കുട കക്ഷത്തിൽ വച്ച്, കവണി നേരെയാക്കി തള്ളി തള്ളി പുറത്തേക്കിറങ്ങാൻ നോക്കുമ്പോൾ പുറത്തുനിൽക്കുന്ന കുറെ ചെറുപ്പക്കാർ തള്ളി തള്ളി അകത്തേക്ക് കയറാൻ നോക്കുകയാണ്. അമ്മച്ചിക്ക് ഇറങ്ങാൻ പറ്റുന്നില്ല . അമ്മച്ചി മടുത്തു. എത്രശ്രമിച്ചിട്ടും ഇറങ്ങാൻ പറ്റുന്നില്ല എന്ന് കണ്ടപ്പോൾ അമ്മച്ചി പറഞ്ഞു: ” പൊന്നു മക്കളെ, ഒരു കാര്യം ഓർത്തു കൊള്ളണം. നിങ്ങൾക്ക് ഈ വണ്ടിയിൽ അല്ലാതെ വേറെ ഏത് വണ്ടിയിലും കയറാൻ പറ്റും. എന്റെ അവസ്ഥ എന്ന് ഓർത്ത് നോക്കിക്കേ. എനിക്ക് ഈ വണ്ടിയിൽ നിന്നല്ലാതെ വേറെ ഏതെങ്കിലും വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറ്റുമോ? ” ഓരോ നിമിഷത്തിലും മനുഷ്യന്റെ സ്വാർത്ഥത അല്ലെങ്കിൽ പാപബന്ധനങ്ങൾ തലപൊക്കിക്കൊണ്ടിരിക്കുന്നു.
ഈ ഭൂമിയിൽ സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം എന്താണ്? ചൊറിയാൻ തോന്നുമ്പോൾ ചൊറിയയേണ്ട സ്ഥാനത്ത് ചൊറിയുമ്പോൾ അത് സ്വർഗ്ഗം. ചൊറിയാൻ തോന്നിയിട്ട് കൈ പൊക്കാൻ പറ്റുന്നില്ലെങ്കിൽ അത് സാക്ഷാൽ നരകം. പിടലിയുടെ പിറകിൽ വല്ലാത്തൊരു കടി. പക്ഷെ രണ്ടുകൈയും പൊക്കാൻ പറ്റുന്നില്ല. പിന്നെ ഭിത്തിയായ ഭിത്തി, മതിലായ മതില്, മരമായ മരം, തിരുമ്മോട് തിരുമ്മ് . ഇതാണ് നരകം . പക്ഷെ അത് മാന്തി പറിച്ചാലോ? ആ സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം. പക്ഷെ ഒരു കുഴപ്പമുണ്ട്. പുഴുക്കടിയിൽ ചൊറിഞ്ഞാൽ ചൊറിയുമ്പോൾ ഒരു സുഖം ഉണ്ട്. പക്ഷേ പുഴുക്കടി ഒരിക്കലും കരിയുകേല.
ഇതുപോലെ നൈമിഷിക സുഖങ്ങളെ തൃപ്തിപ്പെടുത്തി പോയാൽ തൃപ്തിപ്പെടുത്തുമ്പോൾ ഒരു സുഖം കിട്ടും. പക്ഷേ ആന്തരിക മുറിവ് ഒരിക്കലും കരിയുകയില്ല. സ്വയംഭോഗം, സ്വവർഗ്ഗഭോഗം, മദ്യപാനം, മയക്കുമരുന്ന്, മദിരാക്ഷി, ഇതിലൊക്കെ വ്യാപൃതരാകുന്ന മനുഷ്യന് ഒരു താല്ക്കാലിക സുഖംകിട്ടും എന്നത് ശരിയാണ്. പക്ഷേ ജീവിതം തകർന്നു പോകും. വലിയ വലിയ ആളുകളുടെ ജീവിതം തകർന്നുപോകുന്നത് നിസ്സാര കാര്യങ്ങളുടെ പേരിൽ അല്ലേ! ഒരു പന്നിയെലി അതിന്റെ വിലപ്പെട്ട ജീവൻ സമർപ്പിക്കുന്നത് ഇന്ത്യൻ പട്ടാളത്തിൽ ചേർന്ന് പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യാൻ പോയിട്ടില്ലല്ലോ. ഒരു ഉണക്കമീനിന്റെ തലയ്ക്കും ഒരു തേങ്ങാ പൂളിനും വേണ്ടിയിട്ടല്ലേ. നൈമിഷികമായ സുഖം തേടുന്ന മനുഷ്യൻ വീണുപോകുന്നു. എന്നു പറഞ്ഞാൽ ദൈവത്തിന്റെ സ്വരത്തിനു പകരം സാത്താന്റെ സ്വരത്തിനു കാതുകൊടുക്കുന്നു. ഇതായിരുന്നു പറുദീസയിലെ ആദ്യപാപം. അങ്ങനെ തിന്മ മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
അന്നുവരെ മനുഷ്യന് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലായിരുന്നു. അതിനു ശേഷം അവനും അവളും ഒളിക്കുന്നവനും മറക്കുന്നവനും ആയി മാറി. പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. ലജ്ജ തോന്നിയിരുന്നില്ല. പഴയനിയമത്തിൽ നഗ്നത എന്നുപറഞ്ഞാൽ പരിപൂർണ്ണ സ്വാതന്ത്ര്യം എന്നാണർത്ഥം.
കള്ളുകുടിയനായ മത്തായിചേട്ടൻ പള്ളിയുടെ മുൻപിലൂടെ നടന്നു പോയപ്പോൾ വികാരി അച്ചൻ പറഞ്ഞു: ”എപ്പ നോക്കിയാലും മത്തായി നിന്റെ മുണ്ട് അരയിൽ അല്ല തോളിൽ ആണല്ലോ കിടക്കുന്നത് . അതുകൊണ്ട് എനിക്ക് നിന്നോട് പറയാനുള്ളത് നീ നിന്റെ മദ്യപാനത്തെ ക്രൂശിക്കണം. മോഹങ്ങളെ പെട്ടിയിൽ അടയ്ക്കണം. ഇച്ഛകളെ കല്ലറയിൽ വെച്ചു പൂട്ടണം. എന്നിട്ട് പുതിയൊരു മനുഷ്യനായി മാറണം.” മത്തായി മൂളി കേട്ടു.
രണ്ടാഴ്ച കഴിഞ്ഞ് അച്ചൻ നോക്കുമ്പോൾ മത്തായി ഉടുമുണ്ട് കമ്പിൽ പൊക്കി പട്ടം പറപ്പിക്കുന്നപോലെ റോഡിലൂടെ നടന്നു പോകുന്നു. അച്ചൻ പറഞ്ഞു: ” മത്തായി ഞാൻ പറഞ്ഞില്ലേ, മദ്യപാനത്തെ ക്രൂശിക്കണം, മോഹങ്ങളെ പെട്ടിയിൽ ആക്കണം, ഇച്ഛകളെ കല്ലറയിൽ വച്ച് പൂട്ടണമെന്ന്. എന്നിട്ട് നീ എന്താ അങ്ങനെ ചെയ്യാതിരുന്നത് ?” അപ്പോൾ മത്തായി പറഞ്ഞു: ” എന്റെ പൊന്ന് അച്ചോ, അച്ചൻ പറഞ്ഞതുപോലെ മദ്യപാനത്തെ ക്രൂശിച്ചു. മോഹങ്ങളെ പെട്ടിയിലാക്കി പൂട്ടി. ഇച്ഛകളെ കല്ലറയിലാക്കി. പക്ഷേ അതെല്ലാം അവനോടൊപ്പം മൂന്നാം ദിവസം ഉയർത്തുവന്നു, നിത്യകാലം ജീവിക്കാനായിട്ട്.”
പാപത്തിന്റെ അധമ വാസനകൾ മനുഷ്യന്റെ ജീവിതത്തിൽ കടന്നു കൂടിയിട്ടുണ്ട്. എന്താണ് പാപം? പാപത്തിന് നാല് വ്യാഖ്യാനങ്ങളുണ്ട്. ഒന്ന്. പാപം എന്നത് ഒരാൾ സ്വന്തം സ്വാർത്ഥതയുടെ ലോകത്തേക്ക് ഒതുങ്ങുന്നതാണ്. പാപം ചെയ്യുന്നതിനു മുമ്പ് ആദ്യ മാതാപിതാക്കൾ ചിത്രശലഭങ്ങളെപോലെ, പൂമ്പാറ്റകളെ പ്പോലെ, വാനമ്പാടിയെപ്പോലെ പറന്നു ഉല്ലസിച്ചു നടന്നു. പാപം ചെയ്തപ്പോൾ മനുഷ്യൻ ഒളിക്കാനും മറയ്ക്കാനും തുടങ്ങി.
ദൈവമായ കർത്താവ് പറയുന്നു , മകനെ, മകളെ നീ നിന്റെ സ്വാർത്ഥതയുടെ ലോകത്തേക്ക് ഒതുങ്ങിയ ആളാണ്. ഞാൻ, എന്റെ ഭാര്യ, എന്റെ ഭർത്താവ്, എന്റെ മക്കൾ, എന്റെ വീട്, എന്റെ പറമ്പ്, എന്റെ റബർ, എന്റെ കോഴി, എന്റെ ആട്, എന്റെ പശു.., അങ്ങനെ ഒതുങ്ങിപ്പോയ മനുഷ്യനാണ് നമ്മൾ ഓരോരുത്തരും. നമ്മുടെയൊക്കെ തിന്മയാണ് സ്വന്തം ലോകത്തിലേക്ക് നമ്മൾ ഒതുങ്ങുന്നത്.
ബ്രഹ്മാണ്ഡം കെട്ടിടം ഒരെണ്ണം പണിത് വച്ചിരിക്കുന്നു. കെട്ടിടത്തിന്റെ മെയിൻ ഗേറ്റിനടുത്ത് ഒരു ബോർഡ്. എന്താ അതിൽ എഴുതിയിരിക്കുന്നത്? കടിക്കുന്ന പട്ടിയുണ്ട്. ആരും ഇങ്ങോട്ട് വന്നേക്കരുത്. പിരിവുകാർ വന്നാൽ പട്ടിയെ അഴിച്ചുവിടും. അച്ചന്മാരെ കണ്ടാൽ അകത്ത് അടച്ചുപൂട്ടി ഇരിക്കും. ചില മനുഷ്യർ അങ്ങനെയാണ്. സ്വന്തം ലോകത്തിലേക്ക് ഒതുങ്ങിപ്പോയി. ആദി മാതാപിതാക്കൾ ചെടികൾക്ക് പിന്നിൽ ഒളിച്ചതുപോലെ ഒതുങ്ങിപ്പോയ മനുഷ്യനാണോ ഞാൻ ? എന്റെ സ്വാർത്ഥതയുടെ കവചത്തിലേക്ക് ആമയെപ്പോലെ തല ഉള്ളിലേക്ക് വലിച്ചവൻ ആണോ ഞാൻ? എങ്കിൽ ഞാൻ പാപത്തിലാണ്. പാപം ആകാശം ചുരുങ്ങുന്നത് ആണ്.
രണ്ട്, പാപം ഒരു വലിയ മറവിയാണ്. എങ്ങനെയുള്ള മറവി? ദൈവം പരിപാലിച്ച വഴികളെ വെറുതെയങ്ങ് മറക്കുക. ദൈവത്തിന്റെ ഇടപെടലുകളെ ഒരു നിമിഷം കൊണ്ട് മറക്കുക. വന്ന വഴികളെ മറക്കുന്നത് പാപ മാണ്. ദൈവം നമ്മളെ ഇത്രമാത്രം ഉയർത്തിയില്ലേ? പണ്ടത്തെ ചാണകം മെഴുകിയ തറയിൽ നിന്നും നല്ല ഒരു വാർക്ക വീട്ടിലേക്ക് ദൈവം നമ്മളെ ഉയർത്തിയില്ലേ? ആവശ്യത്തിന് ആഹാരം കിട്ടാതിരുന്ന കാലത്തുനിന്നും ഭക്ഷണത്തിന്റെ സമൃദ്ധിയിലേക്ക് നമ്മളെ ഉയർത്തിയില്ലേ? 50 പൈസ കയ്യിലെടുക്കാൻ ഇല്ലാതിരുന്ന കാലത്ത് നിന്ന് എത്രയോ നോട്ടുകളുടെ സമൃദ്ധിയിലേക്ക് നമ്മളെ ഉയർത്തി! നിസ്സാരപ്പെട്ട കുടുംബത്തിൽ നിന്നു സമൃദ്ധിയിലേക്ക് നമ്മളെ ഉയർത്തി. പക്ഷേ അപ്പോൾ ഒന്നും നമ്മൾ പഴയകാലം മറക്കരുത് .
ഞാൻ ഇങ്ങനെ കണ്ണാടിയിൽ നോക്കി ചിരിക്കുകയാണ്. കുലുങ്ങിക്കുലുങ്ങി പാട്ടു പാടിക്കൊണ്ട്. അപ്പോൾ ദൈവം ഒരു ചോദ്യം. പുത്തൻപുരയ്ക്കൽ കുഞ്ഞേപ്പ് ചേട്ടന്റെ മകനായ ജോസഫേ നീ എന്തിനാണ് ചിരിക്കുന്നത്? നീ ഏത് ധ്യാനഗുരു ആയാലും നിന്റെ അപ്പന്റെ ദേഹത്തുള്ള ഒട്ടുപാൽ മണം നീ മറക്കരുത്. വന്ന വഴികളെ നീ മറക്കരുത്. നിന്റെ യോഗങ്ങളെ നീ മറക്കരുത്. എന്റെ വീട്ടുപേര്, എന്റെ ഷേപ്പ്, എന്റെ മുടി, ഇതൊക്കെ ദൈവം തന്നതാണ്. ഇതിനോട് പൊരുത്തപ്പെട്ടല്ലേ പറ്റൂ.
ഒരിക്കൽ ഞാൻ അമേരിക്കയിൽ ചെന്നപ്പോൾ ഒരാൾ പറഞ്ഞു . ഒരു 1500 ഡോളർ ഉണ്ടെങ്കിൽ ഇപ്പോഴത്തെ അച്ചന്റെ ഈ മുടിയൊക്കെ മാറ്റി കാലാകാലം കോലു പോലെ നീണ്ടു നിൽക്കുന്ന മുടി ആക്കി തരാം എന്ന്. ഞാൻ പറഞ്ഞു . അത്രയും പൈസ ഉണ്ടെങ്കിൽ നാട്ടിൽ ഇടയ്ക്കിടയ്ക്ക് മുടി വെട്ടിച്ചു ചായയും കുടിച്ച് നടക്കാൻ അത് ധാരാളം മതിയല്ലോ എന്ന്.
മൂന്ന്, പാവം ഒരു ജീർണതയാണ്. പറുദീസയിലെ പടിവാതിലിൽ നിന്ന് ആദിമ മനുഷ്യൻ ജീർണ്ണിച്ചു ഇറങ്ങിപ്പോയി. ധൂർത്തപുത്രൻ പിതാവിന്റെ ഊട്ടുമേശയിൽ നിന്ന് പന്നിക്കുഴിയിലേക്ക് താഴ്ന്നു പോയി. പാപം ഒരു ജീർണതയാണ്. ഒരു ഇറക്കത്തിന്റെ അന്തരീക്ഷമാണ്. പാപത്തിന്റെ ഈ ഇറക്കം നമ്മുടെ ജീവിതത്തിലും ഉണ്ട്.
ദൈവം നൽകിയ ജീവിതത്തിന് ചേരാത്ത സംസാരവും പ്രവർത്തിയും ഉണ്ടെങ്കിൽ അതിനെ വിളിക്കുന്ന പേരാണ് പടിയിറക്കം. ഒരു വൈദികൻ എന്ന രീതിയിൽ എന്റെ അന്തസ്സിനു ചേരാത്ത സംസാരമോ പ്രവർത്തിയോ ഉണ്ടായാൽ എന്റെ പടിയിറക്കമാണ് അത്. ഒരു അപ്പന്റെ, ഒരു അമ്മയുടെ, ഒരു ഭർത്താവിന്റെ, ഒരു ഭാര്യയുടെ നിലവിട്ടുള്ള സംസാരമോ പ്രവർത്തിയോ ബന്ധങ്ങളോ വന്നാൽ അത് ജീർണതയാണ്.
നാല്. പാപം എന്ന് പറയുന്നത് നാല് ബന്ധങ്ങളിൽ വീഴുന്ന വിള്ളൽ ആണ്. പറുദീസയിൽ മനുഷ്യന്റെ നാല് ബന്ധങ്ങളിൽ വിള്ളലുകൾ വീണു. ഇതേ വിള്ളലാണ് ഇന്ന് നിങ്ങൾക്ക് എനിക്കും ഇവിടെ സംഭവിച്ചിരിക്കുന്നത്. ഏതൊക്കെയാണ് അത് ? ഒന്ന്, ദൈവവും മനുഷ്യനും തമ്മിലുള്ള . രണ്ട് , മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം . മൂന്ന്, മനുഷ്യനും മനസ്സാക്ഷിയും തമ്മിലുള്ള ബന്ധം. നാല് , മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം. പറുദീസയിൽ ഈ നാലു ബന്ധങ്ങളിൽ വിള്ളലുകൾ വീണു. ഇന്ന് നമ്മൾ ആത്മപരിശോധന പരിശോധിക്കണം. നമ്മുടെ ബന്ധങ്ങളിൽ വിള്ളൽ വീണിട്ടുണ്ടോ എന്ന് .
കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രഭാഷണം കേൾക്കുക. വീഡിയോ കാണുക.
കെട്ടിയോൻ നാട്ടിലില്ലാത്ത സ്ത്രീയാണെങ്കിൽ പോലും ഈ ചോദ്യത്തിന് കുറവില്ല എന്നതാണ് വാസ്തവം
കല്യാണം കഴിഞ്ഞു രണ്ടാം മാസം മുതൽ പ്രായമായവരിൽ നിന്ന് പുതുമണവാട്ടിമാർ നേരിടുന്ന ചോദ്യം ആണ്: ”വിശേഷം ഒന്നും ആയില്ലേ മോളേ?”
കെട്ടിയോൻ നാട്ടിലില്ലാത്ത സ്ത്രീയാണെങ്കിൽ പോലും ഈ ചോദ്യത്തിന് കുറവില്ല എന്നതാണ് വാസ്തവം. ഇല്ലെന്നു പറഞ്ഞാൽ പിന്നെ ഇവൾ വന്ധ്യയാണോ എന്ന സംശയത്തോടെ നെറ്റി ചുളിച്ചു വയറിലേക്ക് ഒരു നോട്ടമുണ്ട്. ഏഴെട്ടു മാസം കഴിഞ്ഞിട്ടും വയർ വീർത്തു കണ്ടില്ലെങ്കിൽ ചോദ്യത്തിന്റെ സ്വഭാവം മാറും.
” ഉടനെ വേണ്ടെന്നു വച്ചതാണോ ? അതോ …,അല്ല, ഇപ്പഴത്തെ പിള്ളേർക്ക് കുറേക്കാലം കളിച്ചു രസിച്ചു നടക്കുന്നതാണല്ളോ ഇഷ്ടം.”
വർഷം ഒന്ന് കഴിഞ്ഞിട്ടും വയറിനു മാറ്റം കണ്ടില്ലെങ്കിൽ ചോദ്യത്തിന്റെ കെട്ടും മട്ടും മാറും. ശബ്ദം ഒന്നു താഴ്ത്തി: ”ആർക്കാ കുഴപ്പം? മരുന്നു കഴിക്കുന്നുണ്ടോ? ഏതു ഡോക്ടറെയാണ് കാണുന്നത് ?” ചോദ്യങ്ങളുടെ സ്വഭാവം മാറുകയായി. കുഞ്ഞുങ്ങളുണ്ടാകാൻ കാലതാമസം ഉണ്ടാകുന്നവരുടെ ഹൃദയത്തിൽ അമ്പുകളായിട്ടായിരിക്കും ഇത്തരം ചോദ്യങ്ങൾ ചെന്ന് പതിക്കുക എന്ന് അറിയാഞ്ഞിട്ടാണോ ഇവർ…?
തുടക്കത്തിൽ ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നുമായിരിക്കും ചോദ്യങ്ങളും സംശയങ്ങളും. പിന്നെ കൂട്ടുകാരികൾ, സഹപ്രവർത്തകർ.. അങ്ങനെ നീണ്ടുപോകും..
വർഷം രണ്ടു കഴിഞ്ഞിട്ടും കുട്ടികളില്ലെങ്കിൽ പിന്നെ സന്ദർശിക്കേണ്ട അമ്പലങ്ങളുടെയും പള്ളികളുടെയും ലിസ്റ്റുമായിട്ടാകും മുത്തശ്ശിമാരും ബന്ധുക്കളും വീട്ടിലേക്ക് വരുക. ഭർത്താവും ഭാര്യയും കൂടി നേരിട്ട് പോയി ധ്യാനം കൂടേണ്ട കേന്ദ്രങ്ങളുടെയും നേരിട്ട് കണ്ടു പ്രാർത്ഥനാ സഹായം തേടേണ്ട ധ്യാനഗുരുക്കന്മാരുടെയും ഒരു നീണ്ട പട്ടിക അവരുടെ കയ്യിൽ ഉണ്ടാകും. കത്തിക്കേണ്ട മെഴുതുതിരികളുടെ എണ്ണവും അവർ പറയും.
പ്രായമായവർക്ക് മിക്കപ്പോഴും ഡോക്ടറേക്കാൾ വിശ്വാസവും പ്രതീക്ഷയും ദൈവത്തിലും വിശുദ്ധന്മാരിലുമാണ്. ഡോക്ടർ കയ്യൊഴിഞ്ഞ എത്രയോ കേസുകൾ മുകളിലിരിക്കുന്നവൻ കൈകാര്യം ചെയ്തു നേരെയാക്കിയിട്ടുണ്ട് മോളേ എന്ന് പറഞ്ഞു അവർ ദമ്പതികളെ വിശ്വാസത്തിലേക്ക് കൊണ്ടുവരും. ”വടക്കേതിലെ വത്സമ്മക്ക് കുഞ്ഞുണ്ടായത് എങ്ങനെയാന്നാ നിന്റെ വിചാരം?”
അനുഭവസ്ഥരുടെ കഥകളും കണക്കുകളും നിരത്തി അവർ വാചാലരാകുമ്പോൾ വിശ്വാസമില്ലാത്തവർ പോലും ഒരുനിമിഷം ചിന്തിച്ചുപോകും ഒന്ന് പോയിനോക്കിയാലോഎന്ന്. ചില മുത്തശിമാരുടെ സംസാരം കേട്ടാൽ തോന്നുക കുഞ്ഞുണ്ടാകുന്നതിൽ ഭർത്താവിന് ഒരുപങ്കുമില്ല, അയാൾ കയ്യും കെട്ടി ഇരുന്നാൽപ്പോലും ദൈവം നിശ്ചയിച്ച സമയത്ത് കുഞ്ഞിനെ കൊണ്ടുവന്നു തരും എന്നാണ്.
ഡോക്ടർമാർ പപരാജയപ്പെട്ടാൽ പിന്നെ ധ്യാനകേന്ദ്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലുമാണ് ദമ്പതികൾക്ക് പ്രതീക്ഷ. മുൻപ് അതിലൊന്നും വിശ്വാസമില്ലാതിരുന്ന ഭർത്താവാണെങ്കിൽ പോലും അവസാനം ചിന്ത ആ വഴിക്ക് തിരിയും. കിട്ടിയാൽ ഊട്ടി. പോയാൽ ചട്ടി. പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലല്ലോ എന്ന വിചാരത്തിലാണ് ചിലരൊക്കെ ഈ ധ്യാന കേന്ദ്രങ്ങളിലേക്ക് വച്ചു പിടിപ്പിക്കുന്നത്. പ്രശ്നങ്ങളും പ്രയാസങ്ങളും വരുമ്പോഴാണല്ലോ ദൈവത്തെ ആവശ്യം വരുന്നത്. അവിടെ ചെന്ന് പ്രാർത്ഥിച്ചതിനു ശേഷമാണു ഭാര്യ ഗർഭിണിയാകുന്നതെങ്കിൽ സാക്ഷ്യം പറയാൻ അവർക്കു ഒരു ആളെകൂടി കിട്ടും. ഇനി ഗർഭിണിയായില്ലെങ്കിൽ അവിശ്വാസം രേഖപ്പെടുത്താനായി ആരും അങ്ങോട്ട് ചെല്ലില്ലല്ലോ.
നിരന്തരം പ്രർത്ഥിച്ചു നേർച്ചകാഴ്ചകൾ സമർപ്പിക്കൂ ദൈവം ആഗ്രഹം സാധിച്ചുതരും എന്ന ധ്യാനഗുരുവിന്റെ ഉപദേശത്തിൽ പ്രാത്ഥനയുടെയും നേർച്ചകാഴ്ചകളുടെയും വ്യാപ്തി കൂടുകയും വിശ്വാസം വളരുകയും ചെയ്യും. ഈ വിശ്വാസം മാനസിക ആശ്വാസത്തിന് വലിയ പിൻബലമാകുകയും ചെയ്യും. ഇതിനിടയിൽ ഭാര്യ ഗർഭിണിയായാൽ അവിശ്വാസിയായ ഭർത്താവിനെ നല്ല ഒന്നാംതരം ഒരു വിശ്വാസിയാക്കി മാറ്റുകയും ചെയ്യാം ഭാര്യക്ക്.
നിങ്ങളുടെ ഭർത്താവിനെ വളരെ പെട്ടെന്ന് വൃദ്ധൻ ആക്കണോ,നിങ്ങൾ ഒരു മാസം മിണ്ടാതിരുന്നാൽ മതി.
ചില കുടുംബങ്ങൾ സിമിത്തേരികളാണ്. എന്താണ് സിമിത്തേരിയുടെ പ്രത്യേകത? അവിടെ എപ്പോഴും മൗനം ആണ്. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരും മൗനമായി കിടക്കുന്ന സ്ഥലം സിമിത്തേരി!
ഇന്ന് ചില വീടുകളും സിമിത്തേരികൾ ആണ്. മിണ്ടാട്ടമില്ലാതെ വീടിനെ സിമിത്തേരി എന്നല്ലാതെ എന്താണ് വിളിക്കുക? ഭർത്താവും ഭാര്യയും കൂടി വർത്തമാനം പറയുന്നില്ലെങ്കിൽ ആ വീട് ഒരു സിമിത്തേരി തന്നെ. ചില വീടുകളിൽ രണ്ടുപേരും മുഖത്തോടുമുഖം നോക്കി ഇരിക്കും. അശോകസ്തംഭത്തിലെ സിംഹത്തിന്റെ തലപോലെ ഒന്നു കിഴക്കോട്ടും മറ്റൊന്ന് പടിഞ്ഞാറോട്ടും. മിണ്ടാൻ അവർക്കു വിഷയം ഒന്നുമില്ല.
ഒരു സ്ഥലത്ത് ധ്യാനിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞു, ഒരു നല്ല ഭർത്താവ് ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഭാര്യയോട് ചേർന്നു മുട്ടിയുരുമ്മി 15 മിനിറ്റ് നേരം കൊച്ചു വർത്താനം പറഞ്ഞിട്ടേ കിടക്കൂ എന്ന്. അപ്പോൾ ഒരു സ്ത്രീ പറഞ്ഞു: എന്റെ അച്ചോ 15 വേണ്ട, ഒരു അഞ്ചു മിനിറ്റ് കിട്ടിയാൽ മതിയായിരുന്നു. കല്യാണം കഴിഞ്ഞ് വർഷം പതിനഞ്ചായി. ഈ മനുഷ്യൻ രണ്ട് മിനിറ്റ് പോലും എന്നോട് മിണ്ടുന്നില്ല. ആകെപ്പാടെ പറയുന്നത് സന്ധ്യയാകുമ്പോൾ മൂന്ന് അടിയുടെ കാര്യം മാത്രം ആണ്. ഒന്ന് കുരിശുവരക്കടി. രണ്ട് കഞ്ഞി വിളമ്പെടി. മൂന്ന് പായ് വിരിക്കെടി. ഈ മൂന്ന് അടിയുടെ കാര്യം അല്ലാതെ വേറെ ഒന്നും പറയാനില്ല അങ്ങേർക്ക്.
ചില കുടുംബങ്ങളിലെ സംസാരവിഷയം കാലാവസ്ഥയാണ്. ഓ , ഒരു മഴക്കാർ കാണുന്നുണ്ട്. വഞ്ചി മലയിൽ നിന്ന് വന്നിട്ട് മിക്കവാറും അത് പൂവരണിയിൽ പോയി ചെയ്യുമായിരിക്കും. ചിലർക്ക് കൊതുകും ഈയലുമൊക്കെയാണ് സംസാര വിഷയം. ഇന്ന് എന്തൊരു കൊതുക് ! എന്തൊരു ഈയല്!
സ്ത്രീകൾ ഒരു കാര്യം ഓർത്തു കൊള്ളണം. എത്ര അരിശം വന്നാലും ഭർത്താവിനോട് മിണ്ടാതിരിക്കരുത്. നിങ്ങളുടെ ഭർത്താവിനെ വളരെ പെട്ടെന്ന് വൃദ്ധൻ ആക്കണോ, നിങ്ങൾ ഒരു മാസം മിണ്ടാതിരുന്നാൽ മതി. അവന്റെ മുടി നരച്ചു തുടങ്ങും. തൊലിയിൽ ചുളിവ് വീണുതുടങ്ങും.
പെണ്ണുങ്ങൾക്ക് മിണ്ടിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല. അവർക്ക് ഒറ്റയ്ക്ക് മിണ്ടാൻ ധാരാളം വകുപ്പുണ്ട് . ഒന്നുമില്ലെങ്കിലും കോഴിയെ എങ്കിലും വിളിക്കാം. കോഴി ബാ ബാ. ആണുങ്ങൾക്ക് എന്തുണ്ട് വിളിക്കാൻ ? അയൽപക്കത്തുള്ള സ്ത്രീയെ വിളിക്കാൻ പറ്റുമോ, ബാ ബാ എന്ന് ?
കുടുംബത്തിൽ വർത്തമാനം വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ദമ്പതികൾ സംസാരിക്കുമ്പോൾ ആ കുടുംബത്തിന് ഒരു ഐശ്വര്യവും അനുഗ്രഹവും ഒക്കെ വന്നുചേരും. സന്തോഷവും ദുഖവും പരസ്പരം പങ്കിടുമ്പോൾ ഹൃദയത്തിൽ ഒരു സമാധാനവും അശ്വാസവുമൊക്കെ വന്നുചേരും. ഇല്ലെങ്കിൽ എന്തൊരു ബോറാണ് ജീവിതം!
ഒരു കുടുംബത്തിൽ 75 വയസ്സുള്ള ഭർത്താവ്. 72 കാരി ഭാര്യ. ഭർത്താവ് പെട്ടെന്ന് ദേഷ്യപ്പെടും. പക്ഷേ പെട്ടെന്ന് തന്നെ തണുക്കുകയും ചെയ്യും. ഭാര്യ അങ്ങനെയല്ല. ഒരിക്കൽ പിണങ്ങിയാൽ പിന്നെ അവർ പത്തു മാസം കഴിഞ്ഞാലേ വായ് തുറക്കുകയുള്ളൂ. അത്രയ്ക്ക് വാശിയാണ്. ഒരു ദിവസം ഒന്നും രണ്ടും പറഞ്ഞ്, ബഹളം മൂത്ത് ഈ സ്ത്രീ അങ്ങ് പിണങ്ങി. സന്ധ്യയായിട്ടും ഒന്നും മിണ്ടുന്നില്ല. ഭർത്താവ് അള്ളി നോക്കി, നുള്ളി നോക്കി, കിള്ളി നോക്കി, പിടിച്ചു കുലുക്കി നോക്കി. അനക്കമില്ല .
രണ്ടാം ദിവസം വീട്ടിൽ എന്തോ സാധനം കാണാതെ പോയി. ഭർത്താവ് തപ്പാൻ തുടങ്ങി. മൂന്നു ദിവസം തപ്പിയിട്ടും സാധനം കിട്ടുന്നില്ല. അവസാനം ഭാര്യ ചോദിച്ചു: ”എന്നതാ കളവാ നിങ്ങടെ കാണാതെ പോയത് ?” ഉടനെ കെട്ടിയവൻ പറഞ്ഞു. ” എന്റെടീ, എനിക്ക് സമാധാനമായി. സാധനം കിട്ടിപ്പോയി. മൂന്നുദിവസമായി നിന്റെ സ്വരം എവിടെ പോയി എന്ന് ഞാൻ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പഴാ അത് കിട്ടിയത്. സമാധാനമായി.”
സംസാരം ഇല്ലാത്ത ഒരു കുടുംബം സിമിത്തേരിയാണ്. ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം, കളിയിൽ അല്പം കാര്യം, കേൾക്കുക. (വീഡിയോ കാണുക.)
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാന്‍സിസ് ഗർഭിണികൾക്കായി നടത്തുന്ന ഈ പ്രഭാഷണം കേൾക്കുക.
ഗർഭധാരണ പരിശോധനയിൽ സ്ത്രീ ഗർഭിണി ആണെന്ന് കണ്ടാൽ ദമ്പതികളുടെ അടുത്ത ചോദ്യം ഇനി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നാണ്. എനിക്ക് ഇനി ജോലിക്ക് പോകാൻ പറ്റുമോ, ബസ്സിൽ യാത്രചെയ്യാൻ പറ്റുമോ, കാറിൽ പോകാൻ പറ്റുമോ, ട്രെയിനിൽ പോകാൻ പറ്റുമോ എന്നൊക്കെ ചോദിക്കുന്ന സ്ത്രീകളുണ്ട്. സാധാരണ ചെയ്തുകൊണ്ടിരുന്ന എല്ലാ ജോലികളും തുടർന്നും ചെയ്യാം.
ഒരു ദിവസം എന്നെ കാണാൻ ഒരു സ്ത്രീ വന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. അവർ ഗർഭിണിയാണ്. വിദേശത്തേക്ക് പോകാൻ അവർ എല്ലാ കാര്യങ്ങളും റെഡിയാക്കി വച്ചിരിക്കുമ്പോഴാണ് ഗർഭിണി ആണെന്ന് അറിയുന്നത്. അടുത്ത ദിവസം അവിടെ ചെന്ന് ജോയിൻ ചെയ്യണം. പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയതുകൊണ്ട് ഈ സമയത്തു തനിക്ക് പോകാമോ എന്നാണ് അവരുടെ സംശയം. തീർച്ചയായിട്ടും പോകാം. ഗർഭിണികൾ വിദേശത്തുനിന്നു ഇങ്ങോട്ട് വരുന്നില്ലേ? അതുപോലെ ഇവിടെനിന്ന് അങ്ങോട്ടും പോകാം.
ഗർഭിണികൾക്കുള്ള മറ്റൊരു സംശയം അമ്മമാർ കുങ്കുമപ്പൂ കഴിച്ചാൽ കുഞ്ഞിന് വെളുത്ത നിറം കിട്ടുമോ എന്നാണ്. ഇത് വെറും അബദ്ധധാരണയാണ്. കുഞ്ഞുങ്ങൾക്ക് നിറം ഉണ്ടാകുന്നത് മാതാപിതാക്കളുടെ നിറത്തിന് അനുസരിച്ച് ആയിരിക്കും. അതൊരു പാരമ്പര്യഗുണമാണ്. കുങ്കുമപ്പൂ കഴിച്ചാൽ കുഞ്ഞിന് വെളുത്ത നിറം കിട്ടുമെന്ന് ഇതുവരെ ലോകത്ത് ഒരിടത്തും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഫലോപ്പിയൻ ട്യൂബിൽ ഫെർട്ടിലൈസേഷൻ നടക്കുന്ന സമയത്തുതന്നെ കുഞ്ഞിന്റെ ജനറ്റിക് ആയിട്ടുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. കുഞ്ഞ് ആണോ പെണ്ണോ, അതിന്റെ ഉയരം എത്ര, ബ്ലഡ് ഗ്രൂപ്പ് ഏത്, നിറം എന്ത് തുടങ്ങി എല്ലാം അപ്പോൾ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു.
അഞ്ചാം മാസത്തിൽ സ്കാൻ ചെയ്യുമ്പോൾ ചിലർ ചോദിക്കാറുണ്ട് ഡോക്ടറെ കുഞ്ഞ് ആൺകുട്ടി ആണോ പെൺകുട്ടി ആണോ എന്ന്. സാധാരണ ഡോക്ടർമാർ അത് വെളിപ്പെടുത്താറില്ല. കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് എത്രയെന്നാണ് സ്കാൻ റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് എന്ന് ചിലർ ചോദിക്കും. ഹാർട്ട് ബീറ്റ് അറിഞ്ഞാൽ കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാം എന്ന ധാരണ ചിലർക്കുണ്ടെന്നു തോന്നുന്നു. അത് അബദ്ധധാരണയാണ്.
കുഞ്ഞ് ആണായാലും പെണ്ണായാലും മനുഷ്യകുഞ്ഞല്ലേ? അതിനെ വേർതിരിച്ച് കാണേണ്ടതില്ല. ദൈവം തരുന്ന കുഞ്ഞുങ്ങളെ നമ്മൾ ദൈവത്തിന്റെ കരങ്ങളിൽ നിന്ന് സന്തോഷത്തോടു കൂടി സ്വീകരിക്കണം. ഗർഭിണിയാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ നമ്മൾ ദൈവത്തിന് നന്ദി പറയണം. ഗർഭസ്ഥശിശുവിനെ ദൈവത്തിന്റെ കരങ്ങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കണം. ഡോക്ടർമാർക്ക് തരാൻ അവരുടെ പക്കൽ മരുന്നുകളേ ഉള്ളൂ. സംരക്ഷണം തരാൻ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ എന്നോർക്കുക .
ബൈബിളിൽ സങ്കീർത്തനം 91 കുഞ്ഞിന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രാർത്ഥനയാണ്. അതുപോലെ തന്നെ മറ്റൊരു വചനമാണ് ഏശയ്യ 65- 23. അതിൽ പറയുന്നത് ഇങ്ങനെയാണ്: ”അവരുടെ അധ്വാനം വൃഥാ ആകില്ല. അവർക്ക് ജനിക്കുന്ന ശിശുക്കൾ അത്യാഹിതത്തിന് ഇട ആവുകയില്ല. അവർ കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട സന്തതികൾ ആയിരിക്കും. അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും.”
ഗർഭിണിയാണ് എന്ന് അറിഞ്ഞാൽ ഉടൻ തന്നെ ബെഡ് റെസ്റ്റ് ആവശ്യമില്ല. സാധാരണ നിങ്ങൾ എന്തൊക്കെ ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നുവോ ആ ജോലികളൊക്കെ തുടർന്നും ചെയ്യാം. വലിയ കുടുക്കമുണ്ടാക്കുന്ന യാത്രകളും മറ്റും ആദ്യത്തെ മൂന്നു മാസങ്ങളിൽ ഒഴിവാക്കുന്നന്നതാണ് നല്ലത്.
ഗർഭിണികളുടെ മറ്റൊരു ചോദ്യമാണ് പപ്പായ കഴിക്കാമോ, പൈനാപ്പിൾ കഴിക്കാമോ, ഈന്തപ്പഴം കഴിക്കാമോ എന്നൊക്കെ. മോഡേൺ വൈദ്യശാസ്ത്രം അനുസരിച്ച് ഇതു മൂന്നും കഴിക്കുന്നതുകൊണ്ട് കുഞ്ഞിനോ അമ്മയ്‌ക്കോ യാതൊരു കുഴപ്പവുമുണ്ടാവില്ല. അതിന്റെ ഫലമായി ഒരിക്കലും ഗർഭം അലസി പോകില്ല. ആയുസ്സും ആരോഗ്യവും ദൈവത്തിന്റെ തീരുമാനമാണ് എന്നോർക്കുക.
ഗർഭികൾക്ക് ആദ്യത്തെ മാസങ്ങളിൽ ശർദ്ദി ഉണ്ടാവുക സ്വാഭാവികം ആണ്. ചിലർക്ക് നല്ല ക്ഷീണം ഉണ്ടാവും. ചിലർക്ക് അടിവയറ്റിൽ വേദന ഉണ്ടാവും. മറ്റുചിലർക്ക് നടുവേദന ഉണ്ടാവും. എന്താണ് അതിന്റെ കാരണം എന്നറിയാമോ? ഗർഭപാത്രത്തിൽ ഭ്രൂണം പറ്റിപ്പിടിച്ചു കഴിഞ്ഞാൽ അണ്ഡാശയത്തിൽനിന്നു പ്രൊജസ്ട്രോൺ എന്ന ഹോർമോൺ വരാൻ തുടങ്ങും. ഈ ഹോർമോൺ പേശികളെ ഇളതാക്കുന്നതാണ്. ഇത് ഗർഭപാത്രത്തെ റിലാക്സ്ഡ് ആക്കും. എങ്കിലേ കുഞ്ഞിന് സുഖമായിട്ട് ഗർഭപാത്രത്തിൽ വളർന്നു വലുതായി വരാൻ പറ്റുകയുള്ളൂ.
ഗർഭപാത്രം റിലാക്സ്ഡ് ആകുന്നതോടൊപ്പം അമ്മയുടെ കുടലിലെ പേശികളും റിലാക്സ്ഡ് ആകും. അപ്പോൾ കുടലിൽ ഗ്യാസ് നിറയും. അതോടൊപ്പം ശരീരത്തിലെ പേശികളും റിലാക്സ്ഡ് ആകും. അപ്പോൾ പഴയതു പോലെ ഓടിനടക്കാൻ പറ്റാതാകും. പെട്ടെന്ന് ക്ഷീണം വരും. അടിവയറ്റിൽ വേദന, നടുവേദന ഒക്കെ ഉണ്ടാവും. ഇതൊക്കെ സാധാരണയായിട്ടുള്ള ആയിട്ടുള്ള കാര്യങ്ങളാണ് .
ചിലർക്ക് ചെറിയൊരു നടുവേദന അല്ലെങ്കിൽ അടിവയറ്റിൽ വേദന വരുമ്പോൾ ടെൻഷനാണ്. ഗർഭം അലസിപോവാൻ സാധ്യതയുണ്ടോ എന്നാണ് ആശങ്ക. അങ്ങനെ ആശങ്കപ്പെടേണ്ടതില്ല. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ മാസങ്ങളിൽ ബ്ലീഡിങ് ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം ഡോക്ടർ സ്കാൻ ചെയ്തു നോക്കും. ഗർഭപാത്രത്തിനുള്ളിൽ ബ്ലഡ് ക്ളോട്ട് കണ്ടാൽ നിർബന്ധമായും കുറഞ്ഞത് രണ്ടാഴ്ച എങ്കിലും റസ്റ്റ് എടുക്കാൻ ഡോക്ടർ നിർദേശിക്കും.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാന്‍സിസ് ഗർഭിണികൾക്കായി നടത്തുന്ന ഈ പ്രഭാഷണം കേൾക്കുക. വീഡിയോ കാണുക
പക്വത വരാത്ത പ്രായത്തിൽ പ്രണയത്തെ ഉണർത്തരുത് .ഫാ തോമസ് കോഴിമല
ഇന്ന് പത്രങ്ങളിൽ വരുന്ന വിവാഹ പരസ്യം എങ്ങനെയാണ്? ഐ ഇ എൽ ടി എസ് 7.5 കിട്ടിയ പെണ്ണിനെ ആവശ്യമുണ്ട്. അല്ലെങ്കിൽ OET പാസായ പെണ്ണിനെ ആവശ്യമുണ്ട്. ഇനി ആ പത്രത്തിന്റെ താഴെ വേറെ ചില പരസ്യങ്ങൾ കൂടി കാണും. ശീമപ്പന്നി കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. നല്ല മുയൽ കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. ബഡ് റബ്ബർ തൈകൾ ആവശ്യമുണ്ട്.
മുൻപ് വിവാഹപരസ്യങ്ങളിൽ കൊടുത്തിരുന്നത് എന്താണ്? അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു എന്നാണ്. അന്ന് ആരായാലും കുഴപ്പമില്ലായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഇന്ന യോഗ്യതയുള്ള പെണ്ണിനെ വേണം എന്ന് നിഷ്കർഷിക്കാൻ തുടങ്ങി. ഐ ഇ എൽ ടി എസ് 7.5 അല്ലെങ്കിൽ ഒ ഇ ടി ഉള്ള പെണ്ണിനെ വേണം. അതായത് നേട്ടത്തിൽ നോട്ടം വെക്കുന്ന ഒരു വിവാഹം. അല്ലാതെ പെണ്ണിനെ മനസുകൊണ്ട് ഇഷ്ടം ആയിട്ട് കെട്ടുന്നതല്ല.
ഐ ഇ എൽ ടി എസ് 7.5 ഉണ്ടെങ്കിൽ പെണ്ണിനെ കെട്ടിയിട്ട് വിദേശത്തു അയച്ചു നഴ്‌സായി ജോലിയിൽ പ്രവേശിപ്പിച്ചു നല്ല ശമ്പളം വാങ്ങാം എന്ന ചിന്തയാണ് ആണുങ്ങൾക്ക്. സാരി വിസയിൽ പെണ്ണിന്റെ പിറകെ യൂറോപ്പിൽ അല്ലെങ്കിൽ അമേരിക്കയിൽ പോയി അവളുടെ എടിഎം കാർഡും കയ്യിൽ പിടിച്ചു അടിച്ചുപൊളിച്ചു ജീവിക്കാം. അവൾ അധ്വാനിച്ചു കൊള്ളും. ആസ്വദിക്കാൻ ഇവിടെ ഒരു ചേട്ടൻ.
ഒന്നും കഴിക്കാൻ ഇല്ലാത്തവര് കഴിക്കുന്നതല്ല വിവാഹം. അതിന് ദൈവികമായ വെളിപാട് ഉണ്ട്. ദൈവത്തിന്റെ പദ്ധതിയാണ് അത്. അത് നമ്മൾ തകർക്കരുത്.
വിശുദ്ധ കുർബാനയിൽ ഒന്നിപ്പിച്ചത് ജീവിതത്തിലെ അവസാന നിമിഷം വരെ കുർബാന സ്വീകരിച്ചു മരിക്കാനായിട്ടാണ്. ഭാര്യയും ഭർത്താവും പരസ്പരം കുർബാന ആയി മാറുക എന്ന് പറഞ്ഞാൽ സ്നേഹസാന്നിധ്യം ആയി മാറുക എന്നാണ് അർത്ഥം. നിനക്ക് ഞാനും എനിക്ക് നീയും. അവർ ഒരുമിച്ച് ഉള്ള യാത്രയാണ് ദൈവത്തോട് ഒപ്പമുള്ള യാത്ര.
എന്ന് ഭാര്യയും ഭർത്താവും കുർബാനയിൽ നിന്ന് അകന്നു നടക്കുന്നോ അന്ന് മാനസികമായി അവർ അകലാൻ തുടങ്ങും. പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങും. നീ എനിക്ക് കൂട്ടിന് തന്ന ഭാര്യ, നീ എനിക്ക് കൂട്ടിന് തന്ന ഭർത്താവ് എന്ന ചിന്ത മാറി മാനസികമായി അവർ അകലുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോൾ ഒരു പെണ്ണ് മനസ്സിലാക്കിയിരിക്കും ഭർത്താവിന്റെ കഴിവും കപ്പാസിറ്റിയുമൊക്കെ ഇത്രയേ ഉള്ളൂ എന്ന്. അതുപോലെ ആണും മനസ്സിലാക്കും ഈ പെണ്ണിന് ഇത്രയും കഴിവും കാര്യങ്ങളുമേ ഉള്ളൂ എന്ന്. ഒത്തിരിയേറെ നന്മകൾ ഉണ്ട്, അതുപോലെ കുറവുമുണ്ട് എന്ന് മനസിലാക്കും.
ഫാ തോമസ് കോഴിമലയുടെ ഈ പ്രഭാഷണം കേൾക്കാൻ വീഡിയോ കാണുക
ഭർത്താവും ഭാര്യയും എപ്പോഴും വഴക്കാണോ ആ കുടുംബം ഒരു നരകം
ചില കുടുംബങ്ങൾ നരകങ്ങൾ ആണ്. എങ്ങനെയുള്ള കുടുംബം ആണ് നരകം? ഭർത്താവും ഭാര്യയും തമ്മിൽ എപ്പോഴും വഴക്കാണോ, ആ കുടുംബം ഒരു നരകം. സ്നേഹമാണോ, ആ കുടുംബം ഒരു സ്വർഗ്ഗം.
വഴക്കുള്ള ഒരു വീട്ടിലേക്ക് കയറിച്ചെല്ലാൻ ഭാര്യക്ക് തോന്നുകയേയില്ല. അതുകൊണ്ടാണ് പല സ്ത്രീകൾക്കും സ്വന്തം വീട്ടിൽ പോയിട്ട് തിരിച്ചു പോകാൻ സമയമാകുമ്പോൾ ഒരു വിഷമവും പ്രയാസവും തോന്നുന്നത്.
ഇത് തിരിച്ചും സംഭവിക്കാറുണ്ട്. ഭാര്യ എപ്പോഴും വഴക്കടിക്കുന്ന ഒരു കുടുംബത്തിലേക്ക് തിരിച്ചു ചെല്ലാൻ ഭർത്താവിനും തോന്നുകില്ല. പറ്റുന്നിടത്തോളം കടത്തിണ്ണയിലും മറ്റും ഇരുന്ന് സമയം ചെലവഴിച്ചിട്ടു പതിരാത്രിയിലെ വീട്ടിൽ ചെല്ലൂ. അത് വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ആയിട്ടാണ്. സ്നേഹമാണെങ്കിൽ ഇരുട്ടുന്നതിന് മുമ്പ് വീട്ടിൽ ചെല്ലും.
ചില പെണ്ണുങ്ങൾ പള്ളിയിൽ വന്നിട്ട് കുർബാന കഴിഞ്ഞാലും പോകാതെ വർത്തമാനം പറഞ്ഞ് വഴിയിൽ നിൽക്കുന്നത് കണ്ടിട്ടില്ലേ? വീട്ടിൽ ചെല്ലുമ്പോൾ ഒരു രസമില്ലാത്തതുകൊണ്ടാണ് അത്. വീട് ഒരു നരകമാണ്. അവിടെ വഴക്കോട് വഴക്ക്. സ്നേഹിക്കുന്ന കുടുംബം ആണോ. അത് സ്വർഗ്ഗം!
ഒരു വീട്ടിൽ ഭർത്താവും ഭാര്യയും! ഭർത്താവ് സ്കൂളിലെ അധ്യാപകനാണ്. ദിവസവും ഭാര്യയോട് ഒരു അഞ്ചു തെറിയെങ്കിലും പറയാതെ അയാൾ സ്കൂളിൽ പോകില്ല. ഭാര്യ അടുക്കളയിലെ ജോലിക്കാരിയാണ്. ഒരു മൂന്നു തെറിയെങ്കിലും കേൾക്കാതെ അവൾ അടുപ്പു കത്തിക്കില്ല.
ഒരു ദിവസം രാവിലെ കുറെ ചീത്തയും പറഞ്ഞിട്ട് ഭർത്താവ് ഡ്രസ് മാറി ഒമ്പതരയ്ക്ക് സ്കൂളിൽ പോയി . വൈകുന്നേരം നാലരക്ക് ആണ് തിരിച്ചു വരേണ്ടത്. ഭാര്യ ഒറ്റയ്ക്ക് തെറിയും പറഞ്ഞു അടുപ്പിൽ തീ കത്തിക്കാൻ തുടങ്ങി. അന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിയായപ്പോൾ ഭർത്താവ് വീട്ടിൽ വന്നു. ഭാര്യചോദിച്ചു, താനെന്താടോ വഴക്കുണ്ടാക്കാൻ ഇന്ന് അവധി എടുത്തു നേരത്തെ എഴുന്നെള്ളിയിരിക്കയാണോ എന്ന്. അപ്പോൾ ഭർത്താവ് പറഞ്ഞു: ” അല്ലെടീ. ഞാനും ഹെഡ്മാഷും കൂടി ഇന്ന് ഒന്നും രണ്ടും പറഞ്ഞ് കൊമ്പുകോർത്തു. അരിശം വന്നപ്പോൾ ഹെഡ്മാസ്റ്റർ എന്നോട് പറഞ്ഞു , താൻ വല്ല നരകത്തിലേക്കും പോടോ എന്ന്. ഞാൻ നേരെ ഇങ്ങോട്ട് പോന്നു. വേറെ എങ്ങോട്ട് പോകാൻ?”
നരകത്തിലെ കഥാപാത്രങ്ങൾ ആരൊക്കെയാണ് ? കാലൻ, പിശാച് , ശവങ്ങൾ.. ! ഭാര്യ ഭർത്താവിനെ വിളിക്കും. കണ്ണിൽ ചോര ഇല്ലാത്ത കാലൻ .., പോകുന്ന പോക്ക് കണ്ടില്ലേ! ഭർത്താവ് ഭാര്യയെ വിളിക്കും: വൃത്തിയില്ലാത്ത മുതു പിശാച് …, പുരയ്‌ക്കകം കിടക്കുന്ന കിടപ്പ് കണ്ടില്ലേ? മക്കളെ നോക്കി പറയും: അയൽപക്കത്തെ പിള്ളേര് മിടുക്കർ. ഈ വീട്ടിൽ മൂന്ന് ശവങ്ങൾ! മൂത്ത ശവം എട്ടാംക്ലാസിൽ. രണ്ടാമത്തെ ശവം ഏഴാംക്ലാസിൽ. മൂന്നാമത്തെ ശവം അഞ്ചാം ക്ലാസിൽ.
ആ കുഞ്ഞുങ്ങളോട് ചോദിക്കുക: നിങ്ങൾ കാലനെ കണ്ടിട്ടുണ്ടോ? ഉണ്ട്. എവിടെ എന്ന് ചോദിച്ചാൽ ചായ കുടിക്കാൻ പോയിരിക്കുന്നു എന്ന് പറയും. നിങ്ങൾ പിശാചിനെ കണ്ടിട്ടുണ്ടോ? ഉണ്ട്? എവിടെ? കറി ഉലത്തികൊണ്ടിരിക്കുന്നു. തുണി അലക്കികൊണ്ടിരിക്കുന്നു.
ഒരു വീട്ടിൽ ഭർത്താവ് ഭാര്യയെ പിശാച് പിശാച് എന്നു വിളിക്കാൻ തുടങ്ങിയിട്ട് 25 വർഷമായി. പിശാച് എന്നു വിളിച്ചാലേ ഭാര്യ ഇപ്പോൾ തിരിഞ്ഞു നോക്കൂ എന്ന സ്ഥിതിയായി. പിശാച് എന്നു കേട്ടാൽ മക്കള് അമ്മയെ നോക്കും. ഇവർ ഭാര്യയും ഭർത്താവും കൂടി അയൽപക്കത്തെ കൊച്ചിന്റെ മാമോദിസക്കു തലതൊട്ടപ്പനും തലതൊട്ടമ്മയുമായിട്ട് പള്ളിയിൽ ചെന്നു. പ്രാരംഭ പ്രാർത്ഥന കഴിഞ്ഞ് മാമോദിസ മുക്കുന്ന അച്ചൻ ഇവരോട് ചോദിച്ചു: ”പിശാചിനെ അതിന്റെ എല്ലാ പ്രവർത്തികളോടും കൂടെ ഉപേക്ഷിക്കാൻ മനസ്സാണോ ? ”
ഇവർ ഒന്നും മിണ്ടുന്നില്ല. മയിൽക്കുറ്റിക്ക് കാറ്റ് പിടിച്ച പോലെ ഉറച്ചു നിൽക്കുകയാണ്. ചോദിച്ചത് കേട്ടില്ല എന്ന് കരുതി അച്ചൻ വീണ്ടും ചോദിച്ചു: ”പിശാചിനെ അതിന്റെ എല്ലാ പ്രവർത്തികളോടും കൂടെ ഉപേക്ഷിക്കാൻ മനസ്സാണോ? ” ഇയാൾ അപ്പോഴും ഒന്നും മിണ്ടുന്നില്ല. അച്ചൻ പറഞ്ഞു ഇയാളെ മാറ്റിയിട്ട് ചെവികേൾക്കാവുന്ന ആരെയെങ്കിലും വിളിച്ചു നിറുത്ത് എന്ന് . അവസാനമായി ഒരിക്കൽകൂടി അച്ചൻ ചോദിച്ചു: ”പിശാചിനെ അതിന്റെ എല്ലാ പ്രവർത്തികളോടും കൂടെ ഉപേക്ഷിക്കാൻ മനസ്സാണോ ?”
ഉടനെ കെട്ടിയോൻ പറയുകയാണ് :” എന്റെ അച്ചോ .., അച്ചന് പറയാൻ എളുപ്പമാണ്. 25 വർഷമായി ഇതിനെ സ്വീകരിച്ചിട്ട്. അങ്ങനെ എളുപ്പത്തിൽ എനിക്ക് തള്ളാനായിട്ട് പറ്റുമോ?”
വിളിച്ചു പഠിച്ചുപോയ പദപ്രയോഗങ്ങൾ ! അതാണ് പറയുന്നത്, കുടുംബം ഒരു നരകം!കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരയ്ക്കലിന്റെ പ്രഭാഷണം കേൾക്കുവാൻ ഇതോടൊപ്പമുള്ള വീഡിയോ പ്ളേ ചെയ്യുക.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസ് പറയുന്നു : ”എന്നെ കാണാൻ വരുന്നവരിൽ 40 ശതമാനം പേർ ഗർഭിണികളാണ്. വേറൊരു 40 ശതമാനം വന്ധ്യത പ്രശ്നവും ആയിട്ടാണ് വരുന്നത്. അതായത് കുഞ്ഞുങ്ങളുണ്ടാകുന്നില്ല എന്ന പ്രശ്നവുമായിട്ട്.
ഒരു അനുഭവം പറയാം. എന്നെ കാണാനായി ഒരിക്കൽ ഒരു യുവതിയും ഭർത്താവും വന്നു. അവർ പറഞ്ഞു, ഡോക്ടറെ കല്യാണം കഴിഞ്ഞിട്ട് നാലു കൊല്ലമായി. ഇതുവരെ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ല. ഞാൻ അവരോട് ചോദിച്ചു. ഈ നാലുകൊല്ലം നിങ്ങൾ ഭാര്യയും ഭർത്താവും ഒരുമിച്ച് തന്നെയായിരുന്നോ കഴിഞ്ഞിരുന്നത്? അപ്പോൾ ആ സ്ത്രീ പറഞ്ഞു. അല്ല ഡോക്ടറെ. കല്യാണം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോൾ ചേട്ടൻ ഗൾഫിലേക്ക് പോയി. അതുകഴിഞ്ഞ് ഒന്നരവർഷം കഴിഞ്ഞിട്ടാണ് തിരിച്ചുവന്നത്. രണ്ടു മാസത്തെ ലീവേ ഉണ്ടായിരുന്നുള്ളൂ. ആ രണ്ട് മാസവും ഗർഭധാരണത്തിനു വേണ്ടി ഞങ്ങൾ ശ്രമിച്ചു. ഒന്നും ആയില്ല. വീണ്ടും പുള്ളിക്കാരൻ ഗൾഫിലേക്ക് തിരിച്ചു പോയി. ഇപ്പോൾ ഒന്നരവർഷം കഴിഞ്ഞു വീണ്ടും നാട്ടിലേക്ക് വന്നിരിക്കുകയാണ്. രണ്ടു മാസത്തെ ലീവ് ഉണ്ട്. ഒരു മാസം കഴിഞ്ഞു. ഇനി ഒരു മാസം കൂടി ബാക്കിയുണ്ട്.
ഇവർ ആദ്യം എന്നോട് പറഞ്ഞത് എന്താണ് ? കല്യാണം കഴിഞ്ഞിട്ട് നാലു കൊല്ലമായി കുട്ടികൾ ഇല്ല എന്ന് . വാസ്തവത്തിൽ ഇവർ എത്രദിവസം ഒരുമിച്ചു താമസിച്ചിട്ടുണ്ട് ? കല്യാണം കഴിഞ്ഞ് ആദ്യത്തെ 15 ദിവസം സാധാരണ ഞങ്ങൾ കണക്കിൽ കൂട്ടാറില്ല. അത് പോകട്ടെ. ഗൾഫിൽ പോയി ആദ്യത്തെ പ്രാവശ്യം മടങ്ങി വന്നപ്പോൾ രണ്ടുമാസം! . ഇപ്രാവശ്യം വന്നപ്പോൾ ഒരു മാസം! ആകെ മൂന്നു മാസം! എന്നിട്ട് പറയുന്നത് എന്താണ് ? കല്യാണം കഴിഞ്ഞിട്ട് നാലു കൊല്ലമായി കുഞ്ഞുങ്ങൾ ഇല്ല എന്ന്. ചിരിക്കാതിരിക്കാൻ പറ്റുമോ ?
ഭർത്താവ് എല്ലാ ദിവസവും ഫോൺ ചെയ്യാറുണ്ട് ഡോക്ടറെ എന്ന് ഇവർ പറഞ്ഞു. ഞാൻ ചോദിച്ചു ഫോണിൽ കൂടി ബന്ധപ്പെട്ടാൽ കുഞ്ഞുങ്ങൾ ഉണ്ടാവുമോ? ചിലപ്പോൾ ഫോൺ കുഞ്ഞുങ്ങൾ ഉണ്ടാകുമായിരിക്കും. മനുഷ്യ കുഞ്ഞുങ്ങൾ ഉണ്ടാവണമെങ്കിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ജീവിക്കണം. ശാരീരികമായി ബന്ധപ്പെടണം.
ഞാൻ ആ ദമ്പതികളോട് പറഞ്ഞു. നിങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരുമിച്ച് ജീവിക്കണം. ഒന്നെങ്കിൽ ഭർത്താവ് ഭാര്യയെ ഗൾഫിലേക്ക് കൊണ്ടു പോയിട്ട് അവിടെ ഒരുമിച്ച് താമസിക്കുക. അല്ലെങ്കിൽ ഭർത്താവ് ഗൾഫിലെ ജോലി ഉപേക്ഷിച്ച് തൽക്കാലം നാട്ടിൽ വന്ന് കുറേക്കാലം ഒരുമിച്ച് ജീവിക്കുക. രണ്ടാളും രണ്ടു സ്ഥലത്ത് നിന്നിട്ട് കുട്ടികൾ ഉണ്ടാവണമെന്ന് പറഞ്ഞാൽ നടക്കുമോ ?
ഡോക്ടറെ ഭർത്താവ് ഒരു മാസം കൂടെ ഉണ്ടാവും. ഈ സമയത്ത് ഗർഭധാരണം ഉണ്ടാകാനുള്ള ഗുളിക വല്ലതും തരാമോ എന്നാണ് ചിലർ ചോദിക്കുന്നത്. എന്റെ അറിവിൽ അങ്ങനെ ഒരു ഗുളിക ഇല്ല. ഗുളിക കഴിച്ചാൽ കുട്ടികൾ ഉണ്ടാകുമായിരുന്നെങ്കിൽ എത്രയോ വന്ധ്യത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നു.
ഞാൻ ആ ദമ്പതികളോട് പറഞ്ഞു, നിങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ ഒരുമിച്ച് ജീവിക്കണം. അപ്പോൾ ആ ഭർത്താവ് പറഞ്ഞു. എന്റെ ഒപ്പം ജോലിചെയ്യുന്ന പലർക്കും കുട്ടികളില്ല . അതുകൊണ്ട് എനിക്ക് ടെൻഷൻ ആയിട്ട് ഞാൻ ഡോക്ടറെ കാണാൻ വന്നതാണ് എന്ന്. ഞാൻ ചോദിച്ചു, ആ കൂട്ടുകാരുടെ സ്ഥിതി എന്താണ് ? അയാൾ പറഞ്ഞു അവരും അയാളെപ്പോലെ വർഷത്തിൽ ഒരു പ്രാവശ്യം ഒരു മാസത്തെ ലീവെടുത്തു നാട്ടിൽ വരുന്നവരാണെന്ന്. അദ്ദേഹത്തിന്റെ സംശയം ഗൾഫിൽ ചൂട് കൂടുതൽ ആയതുകൊണ്ടാണോ കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്നാണ്. അത് ചിലരുടെ കാര്യത്തിൽ ശരിയായിരിക്കാം. പക്ഷേ പ്രധാന പ്രശ്നം അതല്ല. ഭാര്യയും ഭർത്താവും ഒരുമിച്ച് താമസിക്കുന്നില്ല എന്നതാണ്.
ഞാൻ ആ ദമ്പതികളോട് വിശദമായിട്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒന്നുമില്ല ഭർത്താവിന്. സ്ഥിരമായിട്ട് മരുന്ന് കഴിക്കുന്ന അസുഖങ്ങൾ ഉണ്ടോ? അതും ഇല്ല. പീരിയഡ്സ് റെഗുലർ ആണോ, ആ സമയത്ത് വയറു വേദനയുണ്ടോ എന്നൊക്കെ ആ സ്ത്രീയോട് ചോദിച്ചു. മിക്കവാറും റെഗുലർ ആണ് എന്ന് മറുപടി കിട്ടി. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടുമിങ്ങോട്ടും മാറിയിട്ടേ ഉള്ളൂ. മാസമുറയുടെ ആദ്യ ദിവസം മാത്രമേ വേദന ഉള്ളൂ. ബാക്കിൽ എല്ലാം നോർമൽ ആണ്. അവർ പറഞ്ഞു.
പിന്നെ ഞാൻ രണ്ടുപേരെയും വിശദമായി പരിശോധിച്ചു നോക്കി. രണ്ടാൾക്കും പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും കണ്ടില്ല. പിന്നെ രണ്ടുപേരുടെയും രക്തപരിശോധന നടത്തി. ഹോർമോൺ ചെക്ക് ചെയ്തു. എല്ലാം നോർമൽ ആണ്. നാലാമതായി ഞാൻ ആ സ്ത്രീയുടെ ഗർഭപാത്രവും അണ്ടാശയവുമൊക്കെ സ്കാൻ ചെയ്തു നോക്കി. അതിലും കുഴപ്പമൊന്നും കണ്ടില്ല.
ബേസിക് ആയിട്ട് പ്രശ്നമൊന്നുമില്ല. ഞാൻ അവർക്ക് കുറെ വൈറ്റമിൻ ടാബ്ലറ്റ്സ് ഒക്കെ കൊടുത്തിട്ട് വീട്ടിൽ പോയി ഒന്നുകൂടി ശ്രമിക്ക് എന്ന് പറഞ്ഞു മടക്കി അയച്ചു.
പ്രത്യേകിച്ചു പ്രശ്നങ്ങളൊന്നുമില്ലാത്ത 100 ദമ്പതികൾക്ക് ഇങ്ങനെ വൈറ്റമിൻ ടാബ്ലറ്റ്സ് ഒക്കെ കൊടുത്തു വിട്ടു കഴിഞ്ഞാൽ അതിൽ 15 മുതൽ 20 ശതമാനം വരെ സ്ത്രീകൾ ഗർഭം ധരിക്കും. 60 ശതമാനം സ്ത്രീകളിൽ ഗർഭധാരണം ഉണ്ടാകണമെങ്കിൽ ആറുമാസം ഒന്നിച്ചു താമസിച്ചിട്ട് ശ്രമിക്കണം. ഒരുവർഷം ഒന്നിച്ചു താമസിച്ചാൽ ശ്രമിച്ചാൽ 85 ശതമാനം ദമ്പതികൾക്ക് ഗർഭധാരണം ഉണ്ടാവും എന്നാണ് പഠനം. രണ്ടുവർഷം ആണെങ്കിൽ 95 ശതമാനം .
ഈ ഭാര്യയും ഭർത്താവും ആകട്ടെ വർഷത്തിൽ ഒരു മാസം ആണ് ഒരുമിച്ചു താമസിക്കുന്നത്. ഇവർ ഒരു വർഷം ഒരുമിച്ച് ജീവിക്കണമെങ്കിൽ 12 കൊല്ലം എടുക്കും. രണ്ടു വർഷം ഒരുമിച്ച് ജീവിക്കണമെങ്കിൽ 24 വർഷം. അപ്പോഴേക്കും ആ സ്ത്രീയുടെ മാസമുറ ഒക്കെ നിന്നു പോയിട്ടുണ്ടാകും. ഒരുമിച്ച് താമസിക്കാതെ ചികിത്സ എടുത്തിട്ട് എന്തു കാര്യം?
നാട്ടിലേക്ക് വരുന്നതിനുമുമ്പ് ചില ഭർത്താക്കന്മാർ ഭാര്യയോട് ഫോണിൽ വിളിച്ച് പറയും മരുന്നൊക്കെ കഴിച്ച് റെഡിയായി നിന്നോ ഞാനിതാ വരുന്നു എന്ന്. മരുന്നുകഴിച്ചു നിന്നാൽ ഗർഭം ധരിക്കുമോ? അങ്ങനെയുള്ള എന്ത് മരുന്നാണ് ഉള്ളത് ?
വേറെ ചില ഭർത്താക്കന്മാർ ചിന്തിക്കുന്നത് എന്താണെന്ന് അറിയാമോ ? കഴിഞ്ഞ തവണ വന്നപ്പോൾ ഞാൻ ഇന്ന ഡോക്ടറുടെ അടുത്താണ് പോയത്. അയാൾ ബേസിക് ആയിട്ടുള്ള ടെസ്റ്റുകൾ എല്ലാം ചെയ്തിട്ട് കുഴപ്പം ഒന്നും കാണുന്നില്ലെന്ന് പറഞ്ഞുവിട്ടു. എന്നിട്ടും ഗർഭധാരണം നടന്നില്ല. ഇനി അങ്ങോട്ട് പോയിട്ട് ഒരു കാര്യവുമില്ല. കുറച്ചുകൂടി അഡ്വാൻസ്ഡ് ആയിട്ടുള്ള ഒരു ആശുപത്രിയിൽ പോയി നോക്കാം.
ഇവിടുത്തെ പരിശോധന റിപ്പോർട്ടും വാങ്ങി അവർ നേരെ പോകുന്നത് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കാണ്. അവിടുത്തെ ഡോക്ടർ റിപ്പോർട്ട് നോക്കുമ്പോൾ ബേസിക് ആയിട്ട് പ്രശ്നങ്ങളൊന്നും കാണുന്നില്ല. പിന്നെ എന്തായിരിക്കും അവരുടെ അടുത്ത ചിന്ത? അഡ്വാൻസ്ഡ് ആയിട്ടുള്ള ടെസ്റ്റുകൾ നടത്താം എന്ന്. ഈ മനുഷ്യൻ കഴിഞ്ഞ ഒന്നര വർഷക്കാലം കഷ്ടപ്പെട്ട് ഗൾഫിൽ ഉണ്ടാക്കിയ പൈസ മുഴുവൻ ആ ആശുപത്രിയിൽ കൊടുക്കേണ്ടി വരും. അപ്പോൾ ഈ മനുഷ്യൻ കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയത് ആർക്കു വേണ്ടിയാണ് ? ഈ ആശുപത്രിക്കു വേണ്ടി. ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കൈകളിൽ എത്തുന്നത്.
നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ഗൾഫിലോ മറ്റു വിദേശരാജ്യങ്ങളിലോ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി ഡോക്ടർമാരുടെ പോക്കറ്റ് നിറക്കേണ്ട കാര്യമുണ്ടോ? അതുകൊണ്ട് ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ കൃത്യമായിട്ട് പറയാറുണ്ട് സാധിക്കുന്നിടത്തോളം ഭാര്യയും ഭർത്താവും ഒരുമിച്ചു താമസിക്കാൻ നോക്കണം എന്ന്.
കേരളത്തിലെ കണക്കുകൾ പറയുന്നത് 30 ശതമാനം ദമ്പതികൾ ജോലിസംബന്ധമായ കാരണങ്ങളാൽ രണ്ട് രണ്ടുസ്ഥലത്താണ് താമസിക്കുന്നത് എന്നാണ്. ഇടയ്ക്കിടെ മാത്രമേ അവർ ഒരുമിച്ച് താമസിക്കുന്നു. അതാണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ ഒരു മുഖ്യ കാരണം. കേരളത്തിൽ കുഞ്ഞുങ്ങൾ ഇല്ലാത്തതുമൂലം 30 ശതമാനം ആളുകൾ വിഷമിക്കുന്നുണ്ട് എന്നാണ് കണക്ക് . ദൈവം കുഞ്ഞുങ്ങളെ തരാൻ ആഗ്രഹിക്കുന്ന സമയത്ത് നമ്മൾ അതിൽ നിന്ന് മാറി നിന്നാൽ നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് ദൈവം നമുക്ക് കുഞ്ഞുങ്ങളെ തരുമോ ? ഇല്ല. ദൈവം തീരുമാനിക്കുന്ന സമയത്ത് ദമ്പതികൾ ദാമ്പത്യ സംയോഗം എന്ന പ്രവർത്തിയിലൂടെ സഹകരിച്ചാൽ മാത്രമേ നിങ്ങൾക്ക് കുഞ്ഞുങ്ങളെ കിട്ടുകയുള്ളൂ എന്ന് ദയവായി ഓർക്കുക.”
ഡോ. ഫിന്റോ ഫ്രാൻസിൻസിന്റെ ഈ പ്രഭാഷണം കേൾക്കാൻ വീഡിയോ കാണുക.
ഇന്നത്തെ യുവതലമുറ പൊതുവെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇഷ്ടമുള്ള വേഷം ധരിക്കാൻ ഓരോരുത്തർക്കും അവകാശമില്ലേ എന്ന്. അതിനുള്ള മറുപടി ഇഷ്ടമുള്ള ഡ്രസ്സ് എല്ലാവർക്കും എല്ലാ സ്ഥലത്തും ധരിക്കാൻ പറ്റില്ല എന്ന് തന്നെയാണ് .
ഉദാഹരണത്തിന് ഞാനിവിടെ ഒരു ലുങ്കിയും ഷർട്ടുമിട്ട്, തലയിൽ ഒരു കെട്ടും കെട്ടി, ഒരു മലപ്പുറം കത്തിയും എളിയിൽ തിരുകി പാലാക്കാരൻ അച്ചായനെപ്പോലെ നിങ്ങുടെ മുൻപിൽ നിന്ന് പ്രസംഗിച്ചാൽ നിങ്ങൾ എന്ത് പറയും ? ഒരുപക്ഷേ നിങ്ങൾ കയ്യടിച്ചു എന്നിരിക്കും. എന്നാലും നിങ്ങൾ എന്റെ വേഷത്തെ അനുകൂലിക്കുമോ?
ആൺപിള്ളേരും പെൺപിള്ളേരും കാഷ്വൽസും ഫോർമൽസും എന്താണെന്ന് തിരിച്ചറിയണം. നിങ്ങൾ വീട്ടിൽ ആയിരിക്കുമ്പോൾ അല്ലെങ്കിൽ ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ എന്ത് ധരിച്ചാലും നിങ്ങളോട് ആരും ഒന്നും ചോദിക്കില്ല. ഇനി നിങ്ങൾ കോളേജിൽ അല്ലെങ്കിൽ ഒരു പൊതുസ്ഥലത്ത്, അതുമല്ലെങ്കിൽ ഒരു സമൂഹത്തിന്റെ മുമ്പിൽ വരുമ്പോൾ നിങ്ങൾക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ടായിരിക്കണം. ഒരു വ്യക്തിയുടെ വേഷം ആ വ്യക്തിയുടെ നിലവാരം എന്തെന്ന് സമൂഹത്തിന് കാണിച്ചു കൊടുക്കുന്നു.
എല്ലാ വേഷവും എല്ലാവർക്കും യോജിക്കുന്നതല്ല എന്ന് ആദ്യം തിരിച്ചറിയണം. ഒരുദാഹരണം. കേരളത്തിലെ അമ്പലങ്ങളിൽ നിരോധിച്ചിരിക്കുന്ന ഒരു ഡ്രസ്സ് ആണ് ലഗിൻസ്. ഹൈക്കോടതി നിരോധിച്ചതാണ് അത്. വിദേശത്ത് ഞാനൊക്കെ ലഗിൻസ് ഇട്ടുകൊണ്ടു നടന്നതാണ്. അത് പക്ഷേ, മേൽവസ്ത്രമായിട്ടല്ല, അടിവസ്ത്രമായിട്ട് . അവിടെ ശൈത്യകാലത്ത് തണുപ്പിനെ പ്രതിരോധിക്കാൻ പാന്റിന്റെ അടിയിൽ ഇടുന്ന സാധനമാണ് ലെഗിൻസ്. വെള്ള ബനിയൻ പോലെ വലിയുന്ന ഒരു തുണി. അത് തുടയിൽ ഇറുകി പിടിച്ചിരിക്കും. അത് ഇട്ട ശേഷം മാത്രമേ ശൈത്യസമയത്ത് അവിടെ പുറത്തിറങ്ങാൻ പറ്റൂ. അല്ലെങ്കിൽ ഭയങ്കര തണുപ്പ് ആയിരിക്കും.
അവിടെ അടിവസ്ത്രം ആയിട്ട് ഉപയോഗിക്കുന്ന ആ സാധനം ആണ് ഇവിടെ നമ്മൾ മേൽവസ്ത്രം ആയിട്ട് ഉപയോഗിക്കുന്നത്. നിങ്ങൾ കണ്ടിട്ടുണ്ടോ ഏതെങ്കിലും മദാമ്മ ലെഗിൻസ് മേൽവസ്ത്രമായി ഇട്ടു കൊണ്ട് നടക്കുന്നത് ?
കോർപ്പറേറ്റുകളുടെ പിടിയിലാണ് നമ്മുടെ ഈ രാജ്യം ഇന്ന്. ഫാഷൻ ലോകവും കോർപ്പറേറ്റുകൾ കീഴടക്കിയിരിക്കയാണ്. അവരാണ് ഓരോരോ പുതിയ ഫാഷനുകൾ ഇവിടെ അവതരിപ്പിക്കുന്നത്. നമ്മുടെ കുട്ടികൾ അതിന്റെ പിന്നാലെ പോകും.
പാരീസിലെ ഏറ്റവും വലിയ ഫാഷൻ ഡിസൈനേഴ്സ് പറയുന്നത് സൗത്ത് ഇന്ത്യയിലെ സ്ത്രീകളുടെ സാരി പോലെ ഇത്രയും മനോഹരമായ ഒരു ഡ്രസ്സ് ലോകത്ത് വേറൊരിടത്തും ഇല്ലെന്നാണ്. ഇത്ര അഴകുള്ള വേറൊരു ഡ്രസ്സ് ലോകത്തിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നാണ് അവർ പറഞ്ഞത്. പ്രത്യേകിച്ച് മലയാളി സ്ത്രീകളുടെ സാരി വേഷം. മലയാളികളിൽ തന്നെ പാലാക്കാരി സ്ത്രീകളുടെ സാരിഎന്നെടുത്തു പറയേണ്ടി വരും.
പാലാ പെണ്ണുങ്ങളുടെ സാരി വേഷത്തിന് ഒരു പ്രത്യേകതയുണ്ട്. അവർ വില കൂടിയത് വാങ്ങിക്കും. എന്നാൽ ആഡംബരം ഒട്ടു കാണിക്കുകയുമില്ല. തിരുവനന്തപുരംകാരും പാലക്കാട് കാരുമൊക്കെ പള്ളിയിൽ കാണുമ്പോൾ പറയും പാലാചേടത്തി ആണ് ആ നിൽക്കുന്നതെന്ന്. പാലാക്കാരി പെണ്ണുങ്ങളെ ഒറ്റനോട്ടത്തിൽ അറിയാം. അവർ ഒരിക്കലും തത്തമ്മ ചുണ്ട് പോലെ ചുണ്ട് ചുവപ്പിച്ചു നടക്കില്ല. അവർക്ക് ദൈവം കൊടുത്ത നല്ല ഒന്നാംതരം ഒരു ചുണ്ട് ഉണ്ട് . അവർ മൂടി വയ്‌ക്കേണ്ടത് ഒന്നും പുറത്തു കാണിക്കില്ല.
ശരീരപ്രദർശനം ആണ് ഫാഷൻ എന്നൊരു തെറ്റിദ്ധാരണ നമ്മുടെ ഇടയിലെ പല സ്ത്രീകൾക്കും ഉണ്ട്. അതിനെ ബോഡി ഫോക്കസ്ഡ് ബ്യൂട്ടി എന്നാണ് പറയുന്നത്. ശരീരംതുറന്നു കാണിക്കുന്നതാണ് സൗന്ദര്യം എന്നാണ് പലരുടെയും ധാരണ. ഒരിക്കലും അല്ല. ഡയമണ്ട് ഏറ്റവും വിലകൂടിയ സാധനമാണ്. അത് ഭൂമിക്ക് ഏറ്റവും അടിയിൽ ആണ് കാണുന്നത് . അതായത് ഏറ്റവും വിലകൂടിയ സാധനം നന്നായി പൊതിഞ്ഞു വച്ചിരിക്കുമെന്ന് . ഈ പറഞ്ഞത് ബോധമുള്ള പെണ്ണുങ്ങൾക്ക് മനസ്സിലാവും. അല്ലെങ്കിൽ വീട്ടിൽ ചെന്ന് അമ്മച്ചിമാരോട് ചോദിച്ചു നോക്കൂ.
ലഗിൻസ് എന്ന് പറയുന്നത് ഒരു അടിവസ്ത്രം ആണെന്നുള്ള കാര്യം നമ്മുടെ കുട്ടികൾക്ക് ഇനിയും മനസിലായിട്ടില്ല. ഒരുപള്ളിയിൽ പാലാക്കാരി അമ്മച്ചി സാരി ഉടുത്തു നിൽക്കുന്നു. അവരുടെ അടുത്ത് ലഗിൻസ് ഇട്ടുകൊണ്ട് ഒരു പെൺകൊച്ചു നിൽപ്പുണ്ട്. എല്ലാവരും ഇരിക്കാൻ അച്ചൻ പറഞ്ഞു. അമ്മച്ചിയുടെ അടുത്തു നിന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ് . ദേവാലയത്തിലെ തിരശീല നടുവേ കീറി. പ്രേതാലയം തുറക്കപ്പെട്ടു . അവളെ നോക്കിയ ആളുകൾ മുഖം തിരിച്ചു കളഞ്ഞു.
ഇനി വേറെ ചിലരുണ്ട്. ബ്ലാക്ക് മാസ് കാര്. നമ്മുടെ ചില പെൺകുട്ടികൾ ഈ ബ്ലാക്ക് മാസ് കാരുടെ കൂടെ പോയി. അവിടെ ചെന്ന് ഈ ബ്ലാക്ക് മാസിൽ പങ്കെടുത്ത എല്ലാത്തിനെയും അവർ ബലാത്സംഗം ചെയ്തു ഒരു പരുവമാക്കി. അതാണല്ലോ ബ്ലാക്ക് മാസ് കാരുടെ ഉദ്ദേശ്യവും. പെൺകുട്ടികൾ ബലിപീഠമായിട്ട് കിടന്നു കൊടുക്കണം . ആണുങ്ങൾ ബലി അർപ്പിക്കും. ബലാൽസംഗം എന്ന വാക്ക് ഉപയോഗിക്കില്ലെന്നേയുള്ളു . അതാണ് അവിടെ നടക്കുന്നത്.
ബ്ലാക്ക് മാസുകാരുടെ ചതിയിൽ വീണ് എല്ലാം നഷ്ടപ്പെട്ട് ഒടുവിൽ മാനസാന്തരപ്പെട്ട് തിരിച്ചുവന്ന പെൺകുട്ടികൾ പറഞ്ഞത് എന്താണ് എന്നറിയാമോ? അവർക്ക് കിട്ടിയ ആദ്യത്തെ ക്ലാസ് ഒരു പുരുഷൻ നിങ്ങളെ കാമാർത്തിയോടു കൂടി നോക്കണം എന്നാണ് . അതിനായി നിങ്ങൾ ലെഗിൻസ് എന്ന വസ്ത്രം ഇടണം എന്ന് . കുണ്ടിയും ഫ്രണ്ടും കാണിച്ച് ഞെളിഞ്ഞു ഒരു പെണ്ണ് പള്ളിയിൽ നിന്നാൽ ഏത് ചെറുക്കനും അങ്ങോട്ട് ഒന്ന് നോക്കി പോകും. അതുകൊണ്ട് ഞാൻ പറയുകയാണ് ദൈവത്തിൻറെ ആലയം അശുദ്ധം ആക്കരുത്.
അടുത്ത കാലത്ത് സംഭവിച്ച ഒരു കാര്യം പറയാം. ഒരു സ്ഥലത്ത് ഒരു പെണ്ണ് . അവളുടെ മുതുകത്ത് എത്ര കശേരുക്കൾ ഉണ്ടോ അത് മുഴുവൻ കാണത്തക്ക രീതിയിലുള്ള ബ്ലൗസ് ധരിച്ച് അവൾ പള്ളിയിൽ വന്നു കൊണ്ടിരുന്നു . പള്ളിയിൽ വരുന്ന ആണുങ്ങളുടെ മുഴുവൻ കണ്ണുകളും ഇവളുടെ പുറത്താണ്. പള്ളിയിൽ വന്നാൽ ഈ പെണ്ണിനെ നോക്കി നിൽക്കുകയാണ് എല്ലാവരും.
നീ എന്റെ ആലയത്തിൽ വന്നു സെക്സിയായി നിന്ന് അത് അശുദ്ധമാക്കിയാൽ നിന്നെ ഞാൻ ചെരങ്ങു കൊണ്ട് നിറയ്ക്കും എന്ന് ബൈബിളിൽ പറഞ്ഞത് വെറുതെയല്ല. പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങൾ കേട്ടാൽ വിശ്വസിക്കില്ല. ആ പെണ്ണിന് അത് സംഭവിച്ചു .
കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഈ സ്ത്രീയുടെ പുറത്ത് കറുത്ത വലിയൊരു മറുക് പോലെ ത്വക്ക് രോഗം പ്രത്യക്ഷപ്പെട്ടു. കേരളത്തിലെ പ്രസിദ്ധരായ എല്ലാ ത്വക്ക് രോഗ വിദഗ്ധന്മാരും നോക്കി. അവരെല്ലാം പറഞ്ഞു ഇങ്ങനെ ഒരു രോഗം ഇതുവരെ കണ്ടിട്ടില്ല എന്ന്. നൂറുകൂട്ടം മരുന്ന് കഴിച്ചു. ഒരു മാറ്റവും ഇല്ല. അവസാനം ഒരു ഡോക്ടറുടെ അടുത്ത് ചെന്നു. അവര് പറഞ്ഞു മോളെ ഇത് ദൈവികമായ എന്തോ ഒരു കാര്യമാണ് എന്ന് തോന്നുന്നു, ഇതിന് ചികിത്സയൊന്നും കാണുന്നില്ല, അനുതപിച്ചു പ്രാർത്ഥിക്കുക എന്ന് .
ഈ കൊച്ച് പിന്നീട് പള്ളിയിൽ വന്നു അനുതപിച്ചു പ്രാർത്ഥിച്ചു. രോഗം ഭേദമായി. നാളെ നിങ്ങൾ സ്കിൻ സ്പെഷലിസ്റ്റിന്റെ അടുത്ത് പോകാതെ ഇരിക്കണമെങ്കിൽ പള്ളിയിൽ വരുമ്പോൾ മാന്യമായ വസ്ത്രം ധരിച്ചു വരണം. തലമൂടിക്കൊണ്ടു പ്രാർത്ഥിക്കണം എന്ന് പറയുന്നതിന്റെ കാരണം വിധേയത്വം എന്നതു മാത്രമല്ല എന്ന് മനസിലാക്കണം.
അഴിച്ചിട്ട മുടിക്ക് ലൈംഗിക ആകർഷണം ഉണ്ട്. ആമ്പിള്ളേർ എന്നുപറഞ്ഞാൽ കണ്ണിന്റെ ഇരകളാണ് . അവർ അങ്ങോട്ട് നോക്കിക്കൊണ്ട് ഇരിക്കും. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കുലസ്ത്രീകൾ ആരും മുടിയഴിച്ചിട്ടു വീട്ടിലൂടെ പോലും നടക്കില്ല. പള്ളിയിൽ വരുന്ന പെണ്ണുങ്ങൾ മുടി അഴിച്ചിട്ട് ഇതാ ചേട്ടാ ഇങ്ങോട്ട് നോക്കിക്കേ എന്ന രീതിയിൽ ഇരിക്കുമ്പോൾ പ്രാർത്ഥിക്കാൻ വരുന്നവരെ വഴിതെറ്റിക്കുകയാണ് അവർ ചെയ്യുന്നത്. വീക്നെസ് ഉള്ള ചേട്ടന്മാർ ആണ് പള്ളിയിൽ ഇരിക്കുന്നതെങ്കിൽ അവരുടെ കുടുംബ ജീവിതം അതോടെ തീരും . ദയവായി പെണ്ണുങ്ങൾ കുരുടന്മാരെ വഴിതെറ്റിക്കരുത് .
ഫാ. തോമസ് കോഴിമലയുടെ ഈ പ്രസംഗം കേൾക്കൂ. വീഡിയോ കാണുക
മത്തായിയുടെ മരണം: ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ തടസമില്ലെന്ന് ഹൈക്കോടതി
ചിറ്റാർ : പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളം സ്വദേശി പി.പി.മത്തായി ഫോറസ്റ്റുകാരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ പ്രതികളായ വനം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എ.കെ.പ്രദീപ്കുമാർ, ടി.അനിൽകുമാർ, എൻ.സന്തോഷ്, ഇ.വി.പ്രദീപ്കുമാർ, താൽക്കാലിക ഡ്രൈവർ പി. പ്രതിൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയിലാണു കോടതി വിധി പറഞ്ഞത്. കേസിൽ ഒരാളുടെ ജാമ്യഹർജി കൂടി വാദം കേൾക്കാനുണ്ട്.
അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് കടക്കുന്നതിനു ഇനി സിബിഐക്ക് തടസമില്ല. അറസ്റ്റിനു സിബിഐക്ക് വേണ്ടത്ര തെളിവുകൾ കിട്ടിയതായാണ് സൂചന. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പു വരാനാണ് സിബിഐ കാത്തിരുന്നതെന്നാണു അറിവ്. ഇതിനോടകം നൂറോളം പേരെ ചോദ്യം ചെയ്തു. മത്തായിയുടെ ബന്ധുക്കൾ, മത്തായിയെ അവസാനമായി കണ്ടയാളുകൾ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മത്തായിയുടെ സുഹൃത്തുക്കളെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ രണ്ടുപേർ ഒളിവിൽ പോയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതിലൊരാൾ മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുക്കുമ്പോൾ ഒപ്പമുണ്ടായിരുന്നയാളാണ്. ഒളിവിൽ പോയവരുടെ താവളം കണ്ടെത്തിയതായി അറിയുന്നു.
കഴിഞ്ഞ ജൂലായ് 28നാണ് മത്തായിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ കണ്ടെത്തിയത്. 40 ദിവസം മൃതദേഹം സംസ്കരിക്കാതെ മത്തായിയുടെ ഭാര്യ നടത്തിയ സമരത്തിനൊടുവിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.
പത്തനംതിട്ടയിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ പ്രത്യേക ഓഫീസ് സംവിധാനങ്ങളോടെയാണ് സി ബി ഐ അന്വേഷണം പുരോഗമിക്കുന്നത് . ഡിവൈ.എസ്.പി രൺബീർസിംഗ് ശെഖാവത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.