

കത്തോലിക്ക സഭയിലെ വേറിട്ടൊരു വൈദികനാണ് ഫാദർ ബോബി ജോസ് കട്ടിക്കാട്. വാക്കിലും നോക്കിലും പ്രവൃത്തിയിലും വേറിട്ടൊരു ധ്യാനഗുരു. ചില ധ്യാനഗുരുക്കന്മാരെപ്പോലെ വെറും പ്രസംഗം മാത്രമല്ല ഇദ്ദേഹത്തിനുള്ളത് . പ്രസംഗത്തിനൊപ്പം പ്രവൃത്തിയും ഒന്നിച്ചു കൊണ്ടുപോകുന്ന ആത്മീയഗുരുവാണ് ബോബി അച്ചൻ. അത്ഭുത രോഗസൗഖ്യമോ ഇല്ലാത്ത എല്ല് ഉണ്ടാക്കലോ ഒന്നും ഇദ്ദേഹത്തിന്റെ ധ്യാനപരിപാടികളിൽ കണ്ടെന്നുവരില്ല. പക്ഷെ ഒന്നുണ്ട് . ഇദ്ദേഹത്തിന്റെ വാക്കുകൾ തലച്ചോറിലേക്ക് ഇടിമുഴക്കമായി പ്രവേശിക്കും . അത് ഹൃദയത്തെ സ്പർശിക്കും .
ക്രിസ്തുവിൻെറ യഥാർത്ഥ അനുയായിയാണ് ഫാ ബോബി കട്ടിക്കാട് ! സഹജീവികളുടെ വിശപ്പും ദാഹവും നന്നായിഅറിയുന്നവൻ. മതമോ ജാതിയോ നോക്കാതെ വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്ന മനുഷ്യസ്നേഹി. ഇവരെയൊക്കെയല്ലേ അക്ഷരം തെറ്റാതെ നമ്മൾ അച്ചൻ എന്ന് വിളിക്കേണ്ടത് ?
എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോൾ , പേട്ടകവലയിൽ നിന്ന് മരടിലേക്കുള്ള റോഡിൽ ഏകദേശം അര കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി ഇടത് വശത്ത് കാണാം ഒരു ഭക്ഷണശാല- കപ്പൂച്ചിൻ മെസ്സ് ! വിശക്കുന്ന ആർക്കും ഈ ആശ്രമത്തിലേക്ക് മടിക്കാതെ കടന്നു വരാം ! പോക്കറ്റിൽ കാശുണ്ടോ എന്ന് നോക്കേണ്ടതില്ല.
ആര് കയറിച്ചെന്നാലും നിറഞ്ഞ ചിരിയോടെ സ്വീകരിക്കുവാൻ അവിടെ ഒരു വൈദികനുണ്ടാവും . ഫാ . ബോബി ജോസ് കട്ടിക്കാട്ട് ! എല്ലാവരെയും സ്വീകരിക്കുവാനും ഊട്ടാനും ബോബി അച്ചനുണ്ടാകും അവിടെ . വിശക്കുന്നവർക്ക് രുചികരമായ ഭക്ഷണം വിളമ്പി സംതൃപ്തരാക്കിയിട്ടേ അച്ചൻ പറഞ്ഞയക്കൂ. നല്ല ഒന്നാംതരം സസ്യാഹാരം. മൂന്ന് നേരത്തെക്കുമുള്ള വിഭവങ്ങളുണ്ട് . പ്രാതൽ രാവിലെ 7:30 മുതൽ 9 വരെ. ഉച്ചഭക്ഷണം 12:30 മുതൽ 2 വരെ. ചായ 4 മുതൽ 5 വരെ .
ഒന്നിനും കൃത്യമായ വിലയില്ല. പണം വാങ്ങിക്കുവാൻ കാഷ്യറും ഇല്ല. അവിടെ വച്ചിരിക്കുന്ന പെട്ടിയിൽ നിങ്ങൾക്ക് വേണമെങ്കിൽ പണം ഇടാം. ഇടാതിരിക്കാം . ഇട്ടില്ലെങ്കിലും ആരും ചോദിക്കില്ല . പണമില്ലാത്തതിന്റെ പേരിൽ ആരും വയറു വിശന്നിരിക്കാൻ പാടില്ലല്ലോ . അതാണ് അച്ചന്റെ പോളിസി.
അച്ചൻ്റെ ഭാഷയിൽ പറഞ്ഞാൽ ”മണി കൊട്ടാൻ മാത്രമുള്ളതൊന്നുമില്ലെന്നേ.. വിശക്കുന്നോര് വരും …”
വയറും മനസ്സും നിറഞ്ഞ് മടങ്ങും.
ആയുർവ്വേദ ആശുപത്രി നടത്താൻ സഭ എല്പിച്ചു കൊടുത്ത സ്ഥലത്താണ് ഈ അച്ചൻ ഇങ്ങനെ വിശക്കുന്നവർക്ക് മൂന്നു നേരം ഭക്ഷണവുമായി കാത്തിരിക്കുന്നത്. ഇങ്ങനെ ചിലരാണ് രണ്ടായിരം വർഷത്തിനിപ്പുറവും നമുക്കിടയിൽ ജീവിച്ചു മരിച്ച യേശുവിനെ, അവൻ്റെ സുവിശേഷത്തെ നിലനിർത്തുന്നത്.
നിരവധി വൈദികരെ പരിചയപ്പെട്ടുണ്ടെങ്കിലും തന്റെ ജീവിതത്തെ ഏറെ സ്പർശിച്ച വ്യക്തിയാണ് ഫാ.ബോബി ജോസ് കട്ടിക്കാടെന്ന് പ്രശസ്ത സിനിമാ താരം മോഹൻലാൽ ഒരിക്കൽ പറയുകയുണ്ടായി. ഒരു അഭിമുഖത്തിൽ മോഹൻലാൽ ഇങ്ങനെ പറഞ്ഞു :
”ചില മനുഷ്യരുടെ സാമീപ്യം നമ്മെ രോഗത്തിൽനിന്നും ദുഃഖത്തിൽനിന്നും മോചിപ്പിക്കും.. കുറച്ചുസമയം ഞാനും അച്ചനും പുഴയോരത്ത് ഒന്നിച്ചിരുന്നു. പുൽത്തകിടിയിലൂടെ നടന്നു. ഭക്ഷണംകഴിച്ചു. പിരിയാൻനേരത്ത് അദ്ദേഹം എന്റെ കൈപിടിച്ച്, കണ്ണടച്ച് പ്രാർഥിച്ചു. കനിവോടെ എന്റെ കണ്ണുകളിലേക്കുനോക്കി. ‘ കൂട്ട്’ എന്ന തന്റെ പുസ്തകം സ്നേഹത്തോടെ തന്നു.
‘ കൂട്ട്’ എന്ന് ബോബിയച്ചൻ പുസ്തകത്തിന് പേരിട്ടത് സൗഹൃദം എന്ന അർഥത്തിലാവാം. എന്നാൽ ബോബി ജോസ് കട്ടിക്കാട് എന്ന മനുഷ്യനിൽ ഞാൻ കണ്ടത് സവിശേഷമായ കൂട്ട് (recipe) ഉൾച്ചേർന്ന ഒരാളെയാണ്. ആ കൂട്ടിന്റെ നന്മയിൽ അല്പം എന്റെ ശിഷ്ടജീവിതത്തിലേക്കും പകരണേ എന്നാണ് എന്റെ പ്രാർഥന.”
“സൂക്ഷിച്ചു നോക്കിയാൽ, കടലിനു മീതെ ആ ഗുരുപാദങൾ കാണാം; ഒന്നിലും മുങ്ങി പോകാതെ മീതെ നടക്കുവാൻ അവിടുന്നു നിങ്ങളെ പഠിപ്പിക്കും.” ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ഈ വാക്കുകൾ നമുക്ക്എങ്ങനെ മറക്കാൻ പറ്റും?
നിത്യരക്ഷ കിട്ടാതെ യാതനയനുഭവിക്കുന്ന പൂര്‍വ്വപിതാക്കളുടെ പാപഫലം അനന്തരതലമുറകളിലേക്കു ശാപമായി ഒഴുകിയെത്തുന്നെന്നും അതിനാല്‍ അവര്‍ക്കു ശാപമോക്ഷം ലഭിക്കാതെ ചില കുടുംബങ്ങളിലെ കഷ്ടനഷ്ടങ്ങളും മാറാരോഗങ്ങളും വിട്ടുമാറുകയില്ലെന്നും ചില ധ്യാനഗുരുക്കന്മാർ പ്രചരിപ്പിക്കുന്നുണ്ട് .സഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധ്യാനകേന്ദ്രങ്ങളിൽപോലും ഇത്തരം തെറ്റായ പ്രചാരണം നടത്തുന്നുണ്ട് .
ക്രൈസ്തവ വിശ്വാസത്തെയും ചില ക്രിസ്ത്യാനികളുടെ അന്ധവിശ്വാസത്തെയുംപറ്റി ഫാ ബോബി കട്ടിക്കാട് പറയുന്ന ഈ വാക്കുകൾ നിങ്ങൾ കേൾക്കാതെ പോകരുത് . വീഡിയോ കാണുക
Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”
Read Also രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു
Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!
Read Also ഒരു മഴയും തോരാതിരുന്നിട്ടില്ല.. ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
Read Also വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു.
Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം .
Read Also നിങ്ങൾ വളർത്തിക്കൊണ്ടുവരുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണ് .













































