പത്തനംതിട്ട: ചിറ്റാറില്‍ ഫോറെസ്റ്റുകാരുടെ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ കർഷകൻ മത്തായിയുടെ മൃതശരീരം നീതികാത്ത് മോർച്ചറിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് ഇന്ന് പതിനഞ്ചു ദിവസം. വനപാലകരുടെ ഭാഗത്തു ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും ഒരു കുറ്റവാളിയെയും അറസ്റ്റ് ചെയ്യാൻ ഇതുവരെ സർക്കാരിന് ആയില്ല . കണ്ണീരൊഴുക്കി ഭാര്യയും മക്കളും ഉറക്കം വരാത്ത രാത്രികളുമായി ഓരോദിവസവും തള്ളി നീക്കുന്നു .
അതേസമയം കുടുംബത്തിന് നീതി കിട്ടുന്നതുവരെ കർഷകർ പോരാട്ടം തുടരുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു . കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് .
”പൊന്നുവിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം”. ബിഷപ്പ് മാര്‍ ഇഞ്ചനാനിയില്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തമായ തെളിവ് കിട്ടിയിട്ടും പോലീസ് കേസ് എടുക്കാതിരിക്കുന്നത് വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലന്നും ബിഷപ്പ് പറഞ്ഞു.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെങ്കില്‍ കര്‍ഷകപ്രക്ഷോഭം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നു സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി. സി. സെബാസ്റ്റ്യന്‍ പറഞ്ഞു . വന്യമൃഗങ്ങളേയും മനുഷ്യമൃഗങ്ങളേയും നേരിടേണ്ട ഗതികേട് കര്‍ഷകര്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ലെന്നും കര്‍ഷകരെ സംരക്ഷിക്കാതെ കേരളമണ്ണില്‍ കാര്‍ഷിക വളര്‍ച്ചയുണ്ടാകില്ലെന്നും ചടങ്ങിൽ അധ്യക്ഷം വഹിച്ച വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ ഫാ. ജോയി കണ്ണന്‍ചിറ യുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തിയത്. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. പത്തനംതിട്ട മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ സാമുവല്‍ ഐറാനിയോസ്, മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കണ്‍വീനര്‍ ബിജു കെ വി, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വക്കറ്റ് ബിനോയ് തോമസ്, കുടപ്പന പള്ളിവികാരി ബസലേല്‍ റംബാന്‍, നേതാക്കളായ ബാബു പുതുപ്പറമ്പില്‍, ഔസേപ്പച്ചന്‍ ചെറുകാട്, ജിജി പേരകശ്ശേരി, ഷിനോയ് അടയ്ക്കാ പാറ, വര്‍ഗീസ് മാത്യു നെല്ലിക്കല്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അതേസമയം കൊല്ലപ്പെട്ട മത്തായിയുടെ മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ല. മരണത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കുടുംബാംഗങ്ങൾ . സർക്കാർ നിലപാട് അറിയാൻ കാത്തിരിക്കയാണ് അവർ .
ഇപ്പോഴത്തെ അന്വേഷണത്തിൽ മത്തായിയുടെ കുടുംബം തൃപ്തരല്ല. മത്തായിയെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കാണാതായ രണ്ടു മൊബൈൽ ഫോണുകൾ സംബന്ധിച്ച ദുരൂഹതകൾ നിലനിൽക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത് .
മത്തായിയുടെ പരിചയക്കാരനായ ഒരാളുടെ മൊഴിയിൽ തൂങ്ങിയാണ് ഇപ്പോൾ വനപാലകർ രക്ഷപ്പെടാൻ നോക്കുന്നത്. മത്തായിയെ കുടുക്കാൻ നടന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഈ മൊഴി എന്ന് കർഷകർ ആരോപിക്കുന്നു. ഇപ്പോഴത്തെ അന്വേഷണം നീതിപൂർവ്വമല്ലെന്നാണ് ആക്ഷേപം. പ്രതികൾക്കെതിരെ നടപടി എടുക്കുമെന്ന് സർക്കാർ ഇനിയും ഉറപ്പു നൽകിയിട്ടില്ല .
ജനരോഷം ശക്തമായിട്ടും വനം വകുപ്പു മന്ത്രിയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ ഈ പ്രശ്നത്തിൽ ഇടപെടാത്തതും ആളുകളെ രോഷാകുലരാക്കിയിട്ടുണ്ട് . വനം മന്ത്രി മത്തായിയുടെ വീട് സന്ദർശിക്കാൻ ഇനിയും തയാറായിട്ടില്ല . അടുത്തവർഷം നിയമസഭ തിരഞ്ഞെടുപ്പ് ഉണ്ടെന്ന കാര്യം ഭരിക്കുന്നവർ മറക്കരുതെന്ന് കർഷകർ ഓർമ്മിപ്പിക്കുന്നു . കൃഷി വ്യാപനത്തിനായി ഓടി നടക്കുന്ന മന്ത്രി വി.എസ്.സുനിൽകുമാർ ഈ കർഷകകുടുംബത്തിന്റെ കണ്ണീർ കാണാതെ പോകരുതെന്നും കർഷകർ പറയുന്നു.
മത്തായിയുടെ കുടുംബത്തിനു നീതി ലഭ്യമാകണമെന്നും അർഹമായ നഷ്ട പരിഹാരവും ആശ്രിതർക്കു തൊഴിലും ഉറപ്പുവരുത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു . മലയോരത്തു വീണ കർഷക രക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല. കർഷകരെ ബലി കൊടുത്തുകൊണ്ടാവരുത് വന സംരക്ഷണം. മലയോര കർഷകർ ഒറ്റക്കെട്ടായി ഓർമ്മിപ്പിക്കുന്നു.














































