റാന്നി: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച പിപി മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം ശക്തിയാർജ്ജിക്കുന്നു . നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം 21 ദിവസം പിന്നിട്ടിട്ടും ഇപ്പോഴും റാന്നി മാർത്തോമ്മാ ആശുപത്രി മോർച്ചറിയിലാണ്. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മറവുചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മത്തായിയുടെ ഭാര്യ ഷീബയും കുടുംബവും. വ്യക്തമായ തെളിവുകൾ കിട്ടാതെ അറസ്റ്റിലേക്ക് കടക്കില്ലെന്ന് അന്വേഷണ സംഘം സൂചന നൽകി.
തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ, മനഃപൂർവമല്ലാത്ത നരഹത്യ, വ്യാജ രേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ മത്തായിയുടെ മരണത്തിനു പിന്നിൽ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് 4 ദിവസം മുൻപ് റാന്നി മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നു.
വനപാലകർ പ്രതികളായ കേസിൽ ആരുടെയും പേര് റിപ്പോർട്ടിൽ ചേർക്കാതിരുന്നതും 5 പേരിൽ താഴെയാണ് പ്രതികളെന്നു സൂചന നൽകി ശിക്ഷാ നിയമത്തിലെ വകുപ്പ് 34 ചേർത്തതും ആക്ഷേപത്തിന് ഇടയാക്കി. മത്തായിയെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമാണെന്നും മരണശേഷം വ്യാജരേഖകൾ ചമച്ച് ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമം നടത്തി എന്നതുമടക്കം ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ സംഘത്തിന്റേത്.
പൊലീസ് റിപ്പോർട്ടിൽ പ്രതികളുടെ പേരു ചേർത്താൽ, സർവീസ് ചട്ടം അനുസരിച്ച് മുഴുവൻ പേരെയും സസ്പെൻഡ് ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനാണ് പേരുകൾ ഉൾപ്പെടുത്താതെ റിപ്പോർട്ട് നൽകിയതെന്നും ആക്ഷേപമുണ്ട്.
ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾ മരണത്തിൽ കേസെടുത്തിട്ടുണ്ട്. 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷനും 7 പേർക്കു സ്ഥലംമാറ്റവുമാണ് കേസിൽ വനം വകുപ്പ് എടുത്ത നടപടി. മത്തായിയുടെ കസ്റ്റഡി അനധികൃതമായിരുന്നെന്ന് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജൻ കുമാർ റിപ്പോർട്ട് നൽകിയിരുന്നു
വിഷയത്തിൽ നിസ്സംഗത പാലിക്കുന്ന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇപ്പോൾ ഉയരുന്നത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ മത്തായിയുടെ മരണം രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന അശങ്കയിലാണ് സി പിഎം ലോക്കൽ നേതൃത്വം . ഇക്കാര്യം പാർട്ടി നേതൃത്വത്തെ അവർ അറിയിച്ചിട്ടുണ്ട് എന്നാണ് അറിവ് .
വനം മന്ത്രി കെ രാജു മത്തായിയുടെ വീട് സന്ദർശിക്കാൻ കൂട്ടാക്കാത്തതും കർഷകരെ രോഷം കൊള്ളിച്ചിട്ടുണ്ട് . മത്തായിയുടെ മൃതദേഹം വീട്ടുകാർക്ക് തോന്നുന്ന സമയത്തു സംസ്കരിക്കട്ടെ എന്ന വനം മന്ത്രിയുടെ നിരുത്തരവാദപരമായ മറുപടി കർഷരെ തെല്ലൊന്നുമല്ല രോഷം കൊള്ളിച്ചത് . രണ്ടു മാസം കഴിഞ്ഞാൽ പഞ്ചയാത്ത് തിരഞ്ഞെടുപ്പും അടുത്ത വർഷം ആദ്യം നിയമസഭാ ഇലക്ഷനും ഉണ്ടെന്ന കാര്യം ഭരിക്കുന്നവർ മറക്കരുതെന്ന് നാട്ടുകാരും വീട്ടുകാരും ഇവരെ ഓർമ്മപ്പെടുത്തുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി ഒഴികെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും സിപിഎം പിടിച്ചതോടെ ജില്ലയിൽ ഒറ്റ സീറ്റും കോണ്‍ഗ്രസിനില്ലാതായി. ഈ അവസരം മുതലെടുത്തു അടുത്ത തിരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമം . മത്തായിയുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ അവർ പ്രഖ്യാപിച്ചിട്ടുണ്ട് .
യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിജെ ജോസഫ്, പിസി ജോര്‍ജ്, അനൂപ് ജേക്കബ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരും മത്തായിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇടത് നേതാക്കളോ മന്ത്രിമാരോ മത്തായിയുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ് . ഇതാണ് സി പി എമ്മിനെ ആശങ്കപ്പെടുത്തുന്നത് . പ്രതിപക്ഷം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമോ എന്ന് സി പി എം ഭയക്കുന്നു.
മത്തായിയുടെ സംസ്കാരം നടത്തിയ ശേഷം അറസ്റ്റ് ആകാമെന്ന നിർദേശം ഉദ്യോഗസ്ഥരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമുണ്ടായാതായി അറിയുന്നു . പ്രതിപക്ഷ കക്ഷികളും വിവിധ സംഘടനകളും സമരം തുടരുമ്പോൾ അറസ്റ്റ് നടന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് കാരണമാകുമെന്ന അഭിപ്രായം ഭരണപക്ഷത്തിനുണ്ട്.
മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മുഴുവന്‍ ഫേറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സഭകളും കര്‍ഷക സമൂഹവും യോജിച്ച സമരമാണ് ഇപ്പോൾ നടക്കുന്നത് .
മത്തായി മരിക്കാനിടയായ സംഭവത്തിൽ കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കുക, വിധവയായ മത്തായിയുടെ ഭാര്യയ്ക്ക് ജോലി നൽകുക, ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുക, സിബിഐ കേസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ മത്തായിയുടെ വീടിനു മുന്നിൽ കഴിഞ്ഞ ദിവസം ഉപവസാസമരം നടത്തി. മത്തായിയുടെ അമ്മ ഏലിയാമ്മ നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
25-നു മുൻപായി പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ മത്തായിയുടെ കുടുംബവുമായി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തുന്നതിന് സെക്കുലർ പാർട്ടി തീരുമാനിച്ചു.
അതേസമയം മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി പോലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും ഇവരുടെ മൊഴി എടുക്കും.
മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ ഏഴ് ഉദ്യോഗസ്ഥരിൽ നാലുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവരുടെ മൊഴികൾ വ്യത്യസ്തമാണ്. രണ്ട് ഉദ്യോഗസ്ഥരെയും താത്കാലിക ഡ്രൈവറുടേയും മൊഴി രേഖപ്പെടുത്താനുണ്ട്. ഫോറസ്റ്റ് സ്റ്റേഷനിലെ ജിഡി അടക്കമുള്ള രേഖകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി. അതേ സമയം ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നാവർത്തിക്കുകയാണ് കുടുംബം.
Read Also”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവർ കൊന്നു കിണറ്റിലിട്ടതാണ്. ”