ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്നേഷ്യസ് കലയന്താനി– അധ്യായം 38


രാവിലെ, കുളിച്ചു വേഷം മാറി എങ്ങോട്ടോ പോകാനായി മുടി ചീകുകയായിരുന്നു ജയദേവന്. ആ സമയത്താണ് ശശികല മുറിയിലേക്ക് കയറിവന്നത് . അവളുടെ മുഖത്ത് വിഷാദം തളംകെട്ടി നിന്നിരുന്നു.
“വീട്ടീന്ന് നന്ദിനിയുടെ ഫോണ്‍ വന്നിരുന്നു” – സങ്കടത്തോടെ അവൾ പറഞ്ഞു .
”ഉം ?”
തിരിഞ്ഞുനോക്കാതെ ജയദേവന് ചോദ്യഭാവത്തില്‍ മൂളി.
“അച്ഛന് അസുഖം കൂടുതലാന്ന്.”
“അതിന്?”
“ആശുപത്രിയില്‍ അഡ്മിറ്റാക്കണമെന്ന് ഡോക്ടര്‍ പറഞ്ഞെന്ന്.”
“അതിന് ഞാനെന്തു വേണം?”
“വീട്ടില്‍ പൈസയ്ക്കിത്തിരി ബുദ്ധിമുട്ടാ. കുറച്ചു കാശുകൊടുത്താല്‍ വല്യ ഉപകാരമായിരിക്കും.”
“നിന്റച്ഛൻ സമ്പാദിച്ച കാശ് ഇവിടെ കൊണ്ടേ വച്ചിട്ടുണ്ടോ കൊടുക്കാൻ ? നയാപൈസ സ്ത്രീധനം വാങ്ങിക്കാതെ നിന്നെ കെട്ടി എടുത്തതും പോരാഞ്ഞിട്ട് ഇപ്പം വീട്ടുകാരുടെ ചെലവും ഞാൻ വഹിക്കണമെന്നോ ? മേലില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞ് എന്റടുത്തുവന്നാൽ അടിച്ചു നിന്റെ പല്ല് ഞാന്‍ താഴെയിടും.”
ശശികലയ്ക്ക് കരച്ചില് വന്നു.
“ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാ അവളു വിളിച്ചത്.”
“ആരോഗ്യമുണ്ടായിരുന്ന കാലത്ത് കുടിച്ചു സുഖിച്ച് നടന്നില്ലേ നിന്റെ തന്ത? ഇനി അനുഭവിക്കട്ടെ കുറച്ചു വേദനേം വിഷമോം.”
“അസുഖം ഒരുപാട് കൂടുതലായതുകൊണ്ടാ അവളു വിളിച്ചത്.”
“ചത്തുപോയാല്‍ കുഴിച്ചിടാന്‍ അവിടെ ആളില്ലേ? ഇല്ലെങ്കില്‍ ചാകുമ്പം എന്നെ വിളിക്കാന്‍ പറ. ഞാനാളെവിടാം. അതിന്റെ മുഴുവന്‍ ചെലവും ഞാന്‍ വഹിച്ചോളാം.”
“ഇങ്ങനൊന്നും പറയരുതേ.”
അവളുടെ ശബ്ദം ഇടറി.
“പിന്നെങ്ങനെ പറയണം? നിന്റച്ഛനെ കെട്ടിയെടുത്ത് ഇവിടെ കൊണ്ട് വന്നു താമസിപ്പിക്കാന്നു പറയണോ? ”.
”അങ്ങനെയൊന്നും ആരും ആവശ്യപ്പെട്ടില്ലല്ലോ . അവളിത്തിരി കാശുകൊടുക്കാവോന്നെ ചോദിച്ചുള്ളൂ ”
” പറ്റില്ല . അത് നടക്കുന്ന കാര്യമല്ലെന്നു അവളോട് പറഞ്ഞേക്ക് ”
ഉറച്ചതായിരുന്നു ജയദേവന്റെ തീരുമാനം.
“എന്നാ ഞാന്‍ വീട്ടിൽ വരെ ഒന്നു പൊയ്ക്കോട്ടെ?”
“വേണ്ട.”
“എനിക്കെന്റെ അച്ഛനെ കാണണം.” അവള് വിങ്ങിപ്പൊട്ടിക്കൊണ്ട് തുടര്‍ന്നു: “ഇനി ജീവനോടെ കാണാന്‍ പറ്റിയില്ലെങ്കിലോ?”
“പോകണ്ടാന്നു പറഞ്ഞില്ലേ?”
“എന്തിനാ എന്നോടിത്ര ദേഷ്യം? ഞാനെന്തു തെറ്റുചെയ്തു ജയേട്ടനോട്? എന്റെ വീട്ടുകാര്‍ എന്തു തെറ്റുചെയ്തു? കല്യാണം കഴിഞ്ഞിട്ട് ഒരുദിവസമെങ്കിലും ഞാന്‍ സന്തോഷത്തോടെ ഇവിടെ കഴിഞ്ഞിട്ടുണ്ടോ ?”
“എനിക്കു പറ്റിയ ഒരബദ്ധമായിപ്പോയി ഈ കല്യാണം.”ജയദേവൻ പറഞ്ഞു.
“അബദ്ധം പറ്റിയതു നിങ്ങക്കല്ല . എനിക്കാ. നിങ്ങളുടെ വാക്കുവിശ്വസിച്ച് ഞാന്‍ നിങ്ങടെ കൂടെ ഇറങ്ങിപ്പോന്നു. എന്റെ കൂട്ടുകാരിയെപ്പോലും വഞ്ചിച്ച്. അതിന്റെ ശിക്ഷയാ ഇപ്പം ഞാൻ അനുഭവിക്കുന്നത് .”
ചുമരില്‍ ശിരസമര്‍ത്തി ഏങ്ങിയേങ്ങി കരഞ്ഞു അവൾ .
“പറ്റിയത് അബദ്ധമാണെന്നു തോന്നുന്നുണ്ടെങ്കില്‍ അത് തിരുത്താൻ ഒരു വഴി പറയാം.”
അവള് ആകാംക്ഷയോടെ ഭർത്താവിനെ നോക്കി.
“ഏതായാലും ഈ രീതീല് മുമ്പോട്ടുപോയാല്‍ നമുക്ക് രണ്ടുപേര്‍ക്കും സന്തോഷകരമായ ഒരു ജീവിതമുണ്ടാകില്ല. എനിക്കും നിനക്കും മനഃസമാധാനം കിട്ടണമെങ്കില്‍ ഇനി ഒരു മാര്‍ഗമേയുള്ളൂ.”
“എന്താ?”
“വിവാഹമോചനം! അതിനു നീ സമ്മതിച്ചാല്‍ അതോടെ തീരും എല്ലാ പ്രശ്നവും .”
ശ്വാസം നിലച്ചതുപോലെ ശശികല സ്തംഭിച്ചു നിന്നുപോയി. അവളോര്‍ത്തു.
ജയേട്ടന് എങ്ങനെയിതു പറയാന്‍ തോന്നി? കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം പോലുമായില്ല. അതിനുമുമ്പേ വിവാഹമോചനം. ഈശ്വരാ… തനിക്കെന്തിനാ ഇങ്ങനെയൊരു ജന്മം തന്നത് !
“എന്താ നിന്റെ നാവിറങ്ങിപ്പോയോ?”
“കഷ്ടംണ്ട് ജയേട്ടാ. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ തന്ന് ആശിപ്പിച്ചിട്ട്..വിളിച്ചുവരുത്തി ജീവിതപങ്കാളിയാക്കിയിട്ട് …” അവളുടെ വാക്കുകള്‍ മുറിഞ്ഞു. ഗദ് ഗദത്തോടെ അവള് തുടര്‍ന്നു: “എന്തിനാ എന്നെ ഇങ്ങനെ കണ്ണീരു കുടിപ്പിക്കുന്നത്? ഞാനെന്തു ദ്രോഹമാ നിങ്ങളോട് ചെയ്തത്? സുമിത്രയോട് പ്രതികാരം ചെയ്യാന്‍ വേണ്ടി നിങ്ങൾ എന്നെ കരുവാക്കുകയായിരുന്നു ആല്ലേ?”
“ശരിയാ; എനിക്കു തെറ്റുപറ്റി. അപ്പഴത്തെ വാശിക്ക് നിന്നെ കല്യാണം കഴിക്കണമെന്ന് എന്റെ പൊട്ടബുദ്ധിയിൽ തോന്നിപ്പോയി. അതെന്റെ തെറ്റ്. പക്ഷേ, നിനക്കതൊഴിവാക്കാമായിരുന്നല്ലോ? ഇഷ്ടമില്ലെന്ന് ഒരു വാക്കു പറഞ്ഞാപ്പോരായിരുന്നോ? ഞാൻ നിർബന്ധിച്ചില്ലല്ലോ നിന്നെ .”
“ഓഹോ ! ഇപ്പം അതിനും കുറ്റം എന്റേതാണോ? ഞാനൊരു മണ്ടിപ്പെണ്ണാ. ഈ ഹൃദയത്തിനകത്ത് കരിങ്കല്ലായിരുന്നൂന്ന് കാണാന്‍ എനിക്ക് കഴിഞ്ഞില്ല.”
സംസാരം കേട്ട് അടുത്ത മുറിയില്‍ നിന്ന് സീതാലക്ഷ്മി അങ്ങോട്ടുവന്നു.
“ഞാനിവനോട് നൂറുവട്ടം പറഞ്ഞതാ ഈ ബന്ധം കൊള്ള്യേലെന്ന്. കേള്‍ക്കണ്ടേ? ചന്തേല് ചുമടെടുക്കുന്ന അലവലാതീടെ മോള്‍ക്ക് കേറിക്കിടക്കാന്‍ പറ്റിയ വീടാണോ ഇത്? ചെറ്റക്കുടിലില്‍ വളർന്നവർ ചെറ്റക്കുടിലില്‍ തന്നെ കെട്ടിക്കേറണം.”
സീതാലക്ഷ്മി അവളെ തുറിച്ചൊന്നു നോക്കി.
“അമ്മയും ഇങ്ങനെ പറയുന്നതു കേള്‍ക്കുമ്പം എന്റെ ചങ്കുപൊട്ടിപ്പോക്വാ.”
“പൊട്ടട്ടെടി . പൊട്ടി ചത്തുപോട്ടെ. നീ ചത്താലെ എന്റെ മോന് സമാധാനം കിട്ടൂ.”
സീതാലക്ഷ്മി ചവിട്ടിക്കുലുക്കിക്കൊണ്ട് തിരിച്ചുപോയി.
ജയദേവന് ഭാര്യയെ ഒന്നു നോക്കുകപോലും ചെയ്യാതെ പുറത്തേക്കിറങ്ങി കാറില്‍ കയറി.
ശശികല തളര്‍ന്ന്, താടിക്ക് കൈയും കൊടുത്ത് കട്ടിലിൽ ഇരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സീതാലക്ഷ്മി മുറിയില്‍ വന്നു നോക്കി.
ശശികലയുടെ ഇരിപ്പുകണ്ട് അവര്‍ പൊട്ടിത്തെറിച്ചു.
“മരിച്ച വീട്ടില്‍ കുത്തിയിരിക്കുന്നതുപോലെ നീ എന്നാ ആലോചിച്ചിരിക്ക്യാ ഇവിടെ? അടുക്കളേല് വന്ന് അരി അടുപ്പത്തിടാന്‍ നോക്ക് പിശാചേ.”
കണ്ണുതുടച്ചിട്ട് ശശികല എണീറ്റു. തളര്‍ന്ന കാലുകള്‍ നീട്ടി അടുക്കളയിലേക്ക് നടന്നു.
അരി കഴുകി അടുപ്പത്തിട്ടിട്ട് കറിക്കരിഞ്ഞുകൊണ്ടിരിക്കുമ്പോള് ഫോണ്‍ ശബ്ദിച്ചു.
ശശികല ഓടിച്ചെന്നു റിസീവര്‍ എടുത്തു.
വീട്ടില്‍നിന്ന് അനിയത്തിയാണ്.
അച്ഛന് തന്നെ കാണണമെന്നു പറഞ്ഞ് കരയുന്നുവെന്ന്.
വരാമെന്ന് പറഞ്ഞിട്ട് അവള് ഫോണ്‍ താഴെവച്ചു.
അടുക്കളയില്‍ ചെന്ന് സീതാലക്ഷ്മിയോട് അവള് വിവരം പറഞ്ഞു.
“എന്നോട് ചോദിച്ചിട്ടു പോകണ്ട. ഞാനൊട്ടു വിടുകേം ഇല്ല.”
“പോണം അമ്മേ. പോകാതിരിക്കാന്‍ പറ്റില്ല. ജീവനോടെ ഇനി അച്ഛനെ കാണാന്‍ പറ്റിയില്ലെങ്കിലോ? എനിക്ക് പോയെ പറ്റൂ”
“നിന്റെ ഇഷ്ടം പോലെ ചെയ്തോ. ഞാൻ സമ്മതിച്ചിട്ട് പോയീന്നു പിന്നെ പറയരുത് .”
തെല്ലുനേരം ആലോചിച്ചു നിന്നിട്ട് ശശികല ഒരു തീരുമാനമെടുത്തു.
പോകണം.
പോയേ പറ്റൂ.
അച്ഛനെ കാണണം!
എത്രനാളായി അച്ഛനെ കണ്ടിട്ട്!
വാഷ്ബേസിനില്‍ വന്ന് കൈയും മുഖവും കഴുകിയിട്ട് ശശികല സ്റ്റെയര്‍കേസ് കയറി മുകളിലത്തെ നിലയിലേക്ക് പോയി.
ഡ്രസ് മാറിയിട്ട് ബാഗുമെടുത്ത് അവള് വേഗം താഴേക്കിറങ്ങി വന്നു.
സീതാലക്ഷ്മി മുറിയില്‍ എന്തോ തുന്നിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍.
“ഞാന്‍ പോക്വാ അമ്മേ.”
“പൊയ്ക്കോ . പോകുന്നവഴി വല്ല വണ്ടിം ഇടിച്ചു മരിച്ചാല്‍ എന്റെ മോന് രക്ഷപ്പെട്ടു.”
ശശികല അതിനു മറുപടിയൊന്നും പറഞ്ഞില്ല. അവള് വേഗം പുറത്തിറങ്ങി.
ബസിലിരിക്കുമ്പോള്‍ അവള് ഓര്‍ക്കുകയായിരുന്നു: ഒരു ജോലി ഉള്ളതുകൊണ്ട് വണ്ടിക്കൂലിക്കുള്ള പണത്തിന് ഇരക്കേണ്ടിവന്നില്ല. ആ സന്തോഷം മാത്രമേയുള്ളൂ ഇപ്പോൾ!
വീട്ടിലെത്തിയപ്പോള്‍ മണി രണ്ട്!
ആരതി വീട്ടിലുണ്ടായിരുന്നു. അച്ഛനെ ആശുപത്രിയിലാക്കി എന്നു അവള് പറഞ്ഞപ്പോള്‍ ശശികല ചോദിച്ചു:
“ആരാ കൊണ്ടുപോയേ?”
“സുമിത്രച്ചേച്ചി.”
കുറ്റബോധത്താല്‍ ശശികലയുടെ തല താണുപോയി.
“ഇപ്പം എങ്ങനുണ്ട് അച്ഛന്?”
“ക്ഷീണമാ .”
പിന്നെ അവിടെ നിന്നില്ല അവള്. വേഗം ആശുപത്രിയിലേക്ക് പുറപ്പെട്ടു.
എന്ക്വയറിയില് തിരക്കി റൂം നമ്പര്‍ അറിഞ്ഞിട്ട് ഇടനാഴിയിലൂടെ റൂമിലേക്ക് നടന്നു.
വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ കണ്ടത് സുമിത്ര ദിവാകരനു കഞ്ഞി കോരി കൊടുക്കുന്ന ദൃശ്യമാണ്.
“അച്ഛാ…”
ഓടി അടുത്തുചെന്നു അവള്.
“ന്റെ മോളു വന്നോ.” ദിവാകരൻ മുഖം തിരിച്ചു നോക്കി .
മകളെ കണ്ടതും ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാട്ടി.
അവള് അച്ഛന്റെ സമീപം കട്ടിലില്‍ ഇരുന്നു.
സുമിത്ര എണീറ്റ് മാറി ചുമരിനോട് ചേർന്ന് ജനാല അഴിയിൽ പിടിച്ചു നിന്നു.
“സുഖാണോ മോളേ?”
“ഉം…”
“കാണാന്‍ കൊതിയായിട്ടാ വിളിച്ചത്. എത്ര നാളായി കണ്ടിട്ട് ! എന്തേ വരാന്‍ വൈകീത്?”
“സമയം കിട്ടിയില്ല അച്ഛാ…”
“വല്യ വീട്ടിലായപ്പം ഞങ്ങളെയൊക്കെയങ്ങു മറന്നു ല്ലേ?”
“അങ്ങനെ മറക്കാന്‍ പറ്റ്വോ അച്ഛാ…”
“ജയന് വന്നില്ലേ?”
“ജോലിത്തിരക്കാ. അതുകൊണ്ടാ…” അവളൊരു കള്ളം പറഞ്ഞു .
“എന്റെ മോളു ഭാഗ്യമുള്ളോളാ. വല്യ കുടുംബത്തില്‍ പോകാന്‍ പറ്റീലോ. നിന്റെ എളേതു രണ്ണെണ്ണമുണ്ട്. അതിന്റെ ഭാവി എങ്ങനെയാണോ?”
ശശികല അച്ഛൻ കാണാതെ കണ്ണീര് ഒപ്പി.
“എന്റെ കണ്ണടഞ്ഞാല്‍ മോള് അവരെ നോക്കണം ട്ടോ. പറ്റുമെങ്കില്‍ അങ്ങോട്ട് കൂട്ടി കൊണ്ടുപോണം. പഠിപ്പിച്ച് വല്യ നിലേലാക്കീട്ട് കെട്ടിച്ചുവിടണം. ന്റെ മോടെ കൈയിലേല്പിക്ക്വാ രണ്ടിനേം.”
ശശികല പൊട്ടിക്കരഞ്ഞുപോയി.
“എന്താ മോളെ?”
“ഒന്നുമില്ല.”
അവള് കണ്ണുതുടച്ചു.
“ന്റെ മോളോട് ഈ അച്ഛന് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഒന്നും മനസില്‍ വച്ചോണ്ടിരിക്കരുത് ട്ടോ. അച്ഛനെ ശപിക്കരുത്.”
“ഇല്ലച്ഛാ.”
മകളുടെ കരം പുണര്‍ന്ന് ദിവാകരന് കരഞ്ഞു. ആദ്യമായായിരുന്നു അച്ഛൻ കരയുന്നതു ശശികല കാണുന്നത്. ചെയ്ത തെറ്റുകള്‍ക്ക് അയാൾ മാപ്പുചോദിച്ചു.
കണ്ടുനിന്ന സുമിത്രയുടെപോലും കണ്ണുനിറഞ്ഞുപോയി.
അച്ഛന്റെ കട്ടിലില്‍ നിന്ന് എണീറ്റിട്ട് ശശികല സുമിത്രയെ നോക്കി.
ജനാലയ്ക്കരികില്‍ അഴികളിൽ പിടിച്ചു വെളിയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്.
ശശികല അടുത്തുചെന്ന് അവളുടെ കരം പുണര്‍ന്നു. എന്നിട്ട് ഇടറിയ സ്വരത്തില്‍ ചോദിച്ചു.
“എന്നോട് ദേഷ്യമുണ്ടോ ?”
“ഇല്ല.”
ഒരുവികാരവും ഇല്ലാതെയായിരുന്നു മറുപടി.
“തെറ്റാ ഞാന്‍ ചെയ്തത്. പൊറുക്കാനാവാത്ത തെറ്റ്. അതിന്റെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്ക്വാ ഞാന്‍.”
“ഇപ്പം ഇതൊന്നും പറയാനുള്ള സമയമല്ല. അച്ഛനു വിഷമമാകും. നീ അച്ഛന്റെ അടുത്തുപോയിരുന്ന് സമാധാനിപ്പിക്ക്.”
കൈവിടുവിച്ചിട്ട് സുമിത്ര തുടർന്നു.
“സ്കൂള്‍ വിട്ട് അജിത് മോൻ വരുന്നതിനുമുമ്പേ എനിക്ക് വീട്ടിൽ ചെല്ലണം . ഞാൻ പോട്ടെ .”
ശശികലയുടെ അനുവാദത്തിനു കാത്തുനില്‍ക്കാതെ സുമിത്ര വേഗം മുറിവിട്ടിറങ്ങി.
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍നിന്നു ദിവാകരനെ ഡിസ്ചാര്‍ജ് ചെയ്തു.
അസുഖം കുറഞ്ഞു. ഇനി കുറച്ചുനാളത്തെ വിശ്രമം വേണം.
ശശികലയുടെ മാല പണയം വച്ചാണ് ആശുപത്രിയിലെ ബില്‍ തീര്‍ത്തത്.
ദിവാകരന് ഡിസ്ചാർജ്ജായതിന്റെ പിറ്റേന്ന് ശശികല ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി്.
ഒരു ഭൂകമ്പം പ്രതീക്ഷിച്ചാണ് അവള് വീട്ടിലേക്ക് കയറിച്ചെന്നത്.
സീതാലക്ഷ്മി പക്ഷേ, ഒന്നും മിണ്ടിയില്ല.
ജയദേവന് വീട്ടിലുണ്ടായിരുന്നില്ല ആ സമയം.
രാത്രി വൈകിയാണയാള്‍ കയറിവന്നത്. മദ്യപിച്ചിട്ടുണ്ടായിരുന്നു.
വന്നപാടെ അയാൾ ശശികലയെ വിളിച്ചു.
ഭയന്നുവിറച്ച് അടുത്തുചെന്നു.
“എവിടെ പോയതായിരുന്നു നീ?”
ജയദേവന്റെ കണ്ണുകളില്‍ തീ.
“എന്റെ വീട്ടില്‍…”
“ആരോട് ചോദിച്ചിട്ട്?”
“ജയേട്ടനോടും അമ്മയോടും ചോദിച്ചായിരുന്നല്ലോ ?.”
“പോകാനാരാ അനുവാദം തന്നതെന്നാ ചോദിച്ചത് ?”
“എന്റെച്ഛനെ കാണാതിരിക്കാന്‍ പറ്റില്ലായിരുന്നു എനിക്ക്. അതുകൊണ്ട് ആരുടെയും അനുവാദത്തിനായി ഞാൻ കാത്തുനിന്നില്ല. ”
കൈനിവര്‍ത്തി കരണത്തൊന്നു കൊടുത്തിട്ട് ജയൻ അലറി.
“പൊയ്ക്കോ …. പോയി ആ നാറിയെ കൊന്നു കുഴിച്ചു മൂടീട്ടു അവിടെങ്ങാനും കിടന്നോ ”
“ഇങ്ങനൊന്നും പറയല്ലേ ജയേട്ടാ… ജയേട്ടനുമില്ലായിരുന്നോ ഒരച്ഛന്?”
കവിള്‍തടം തിരുമ്മിക്കൊണ്ട് അവള് ചോദിച്ചു.
“എന്റച്ഛന് നിന്റെ തന്തയെപ്പോലെ തെരുവുതെണ്ടിയായിരുന്നില്ല. നല്ലൊന്നാന്തരം കുടുംബത്തില്‍ പിറന്നതായിരുന്നു.”
“മടുത്തു. ജീവിച്ചതു മതിയായി എനിക്ക്.”
ശശികല തറയില്‍ കുത്തിയിരുന്നിട്ട് കൈകള്‍കൊണ്ട് ശിരസുതാങ്ങി പതം പെറുക്കി കരഞ്ഞു.
“മടുത്തെങ്കില്‍ പോയി ചാകെടീ. മറ്റുള്ളവര്‍ക്ക് ഭാരമായി ജീവിക്കാതെ.”
കലിതുള്ളിക്കൊണ്ട് അയാൾ കിടപ്പുമുറിയിലേക്ക് പോയി.
അകത്തുകയറി വാതില്‍ കൊട്ടിയടച്ചിട്ട് ഓടാമ്പലിട്ടു.
കുറച്ചുനേരം ഇരുന്നു കരഞ്ഞിട്ട് ശശികലയും പോയി കിടന്നു, മറ്റൊരു മുറിയിൽ.
പിറ്റേന്നു രാവിലെ ശശികല ജോലിക്ക് പോകാനായി ഡ്രസ് മാറിക്കൊണ്ടിരിക്കുമ്പോള്‍ ജയദേവന് മുറിയിലേക്ക് കയറി വന്നു.
“എങ്ങോട്ടാ?”
“എങ്ങോട്ടാന്നറിയില്ലേ? ജോലിക്ക്.”
“ഇന്നു മുതലു നീ ജോലിക്കു പോകണ്ട.”
ശശികല വായ്പൊളിച്ചു നോക്കി .
“അതെന്താ.”
“എന്റെ ഭാര്യ ഒരു സ്വാശ്രയ കോളേജിൽ നക്കാപ്പിച്ച ശമ്പളത്തിൽ ജോലി ചെയ്തു കാശുണ്ടാക്കി ജീവിക്കേണ്ട ഗതികേട് എനിക്കില്ല.”
“അതെന്താ ഇപ്പം അങ്ങനെ തോന്നിയത്? “
“ഇപ്പഴല്ല. നേരത്തെ തോന്നിയതാ. പറയാന്‍ അവസരം കിട്ടിയത് ഇപ്പഴാന്നു മാത്രം.”
“എന്തായാലും ഞാന്‍ ജോലി ഉപേക്ഷിക്കില്ല; എന്നെ കൊന്നാലും! എനിക്കതേയുള്ളൂ ഒരാശ്വാസവും വരുമാനവും .”
ജയദേവന് വികൃതമായി ഒന്നു ചിരിച്ചു.
“എന്നാ പൊയ്ക്കോ . പോയി ജോലിചെയ്തോ. ഞാൻ തടയുന്നില്ല ”
അനുമതി കിട്ടിയപ്പോഴാണ് ശശികലയ്ക്ക് സമാധാനമായത്.
അവള് വേഗം ഉടുത്തൊരുങ്ങി കോളജിലേക്ക് പുറപ്പെട്ടു.
അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിട്ടു മുഖം ഉയര്‍ത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു:
“ഇന്നൊപ്പിട്ടത് ഒപ്പിട്ടു. നാളെമുതല്‍ ശശികല ജോലിക്ക് വരണ്ട.”
അമ്പരപ്പോടെ അവള് പ്രിന്‍സിപ്പലിനെ നോക്കി.
“അതെന്താ സാര്‍?”
“പിരിച്ചുവിട്ടേക്കാന്‍ ഇയാളുടെ ഹസ്ബന്റ് വിളിച്ചുപറഞ്ഞു. അയാളു പറഞ്ഞിട്ടാണല്ലോ ഞാനീ ജോലി തന്നത്.”
ശ്വാസം നിലച്ചപോലെ ഒരു നിമിഷം നിന്നുപോയി അവള്.
“ദയവുചെയ്ത് എന്നെ പിരിച്ചുവിടരുത് സാര്‍. എനിക്കാകെയുള്ള സന്തോഷം ഇതു മാത്രമാണ്.”
“നിങ്ങളുടെ കുടുംബപ്രശ്നങ്ങളിലൊന്നും ഇടപെടാൻ എനിക്ക് താല്പര്യമില്ല. നിങ്ങടെ ഹസ്ബൻഡ് പറഞ്ഞിട്ടാ ജോലി തന്നത് . പിരിച്ചിവിട്ടേക്കാൻ അയാള്‍ പറഞ്ഞു, പിരിച്ചുവിടുന്നു. അത്രേയുള്ളൂ . ”
”സാർ അത് ..”
”നോ നോ . ഒന്നും എനിക്ക് കേൾക്കണ്ട. ഇന്നുവരെയുള്ള ശമ്പളം വാങ്ങിച്ചോണ്ട് വൈകുന്നേരം സ്ഥലം വിട്ടോ . നാളെ ഈ പരിസരത്തേക്ക് വന്നേക്കരുത് ”
” സാർ ഞാൻ .. ”
” ഒന്നും കേൾക്കേണ്ടന്ന് പറഞ്ഞല്ലോ . പോ പോ ”
പിന്നൊന്നും പറയാന്‍ അനുവദിച്ചില്ല പ്രിന്‍സിപ്പല്‍.
ഒരു യന്ത്രം കണക്കെ അവള് പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങി.
തലകറങ്ങി വീണുപോയേക്കുമെന്നു തോന്നിയപ്പോള്‍ അടുത്തുകണ്ട തൂണില്‍ മുറുകെപ്പിടിച്ചു.
(തുടരും )
രചന : ഇഗ്നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39