ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്നേഷ്യസ് കലയന്താനി– അധ്യായം 18
“എന്താ? എന്തുപറ്റി? “
മഞ്ജുളയും സതീഷും ഭവാനിയും ഉത്കണ്ഠയോടെ ജയദേവനെ നോക്കി.
“സംഭവം അറിഞ്ഞ് ഇന്നലെ സുമിത്രേടെ അമ്മ തലകറങ്ങി വീണിരുന്നു. പ്രഷറു കൂടീതാ. ഇപ്പം കേള്‍ക്കുന്നു ഒരുവശം തളര്‍ന്നു പോയീന്ന്. ഒരു സ്ട്രോക്ക് ഉണ്ടായീത്രേ. അവളുടെ കൂട്ടുകാരി ശശികലയാ വിളിച്ചത്. “
“ഭഗവാനെ!”
മഞ്ജുള രണ്ടുകൈയും താടിക്കുകൊടുത്ത് നിശ്ചലമായി ഇരുന്നുപോയി.
“സുമിത്രയോട് ഇപ്പം ഒന്നും പറയണ്ടാട്ടോ.”
മഞ്ജുള ഓർമ്മിപ്പിച്ചു .
“അമ്മായിയെങ്ങാനും മരിച്ചപോയാലോ? അവസാനമായി ജീവനോടെ ഒന്നു കാണാന്‍പോലും പറ്റിയില്ലെന്നു പറഞ്ഞ് അവൾ എന്നെ കുറ്റപ്പെടുത്തില്ലേ ?” – ജയദേവൻ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു.
“ഒന്നും സംഭവിക്കില്ലെന്നേ….”
സതീഷ് ധൈര്യം പകര്‍ന്നു.
“ഇതൊക്കെ വരുത്തിവച്ചത് അവളല്ലേ! അനുഭവിക്കട്ടെ.”
അങ്ങനെ പറഞ്ഞിട്ട് ജയദേവന് എണീറ്റ് പുറത്തേക്കിറങ്ങി.
സിറ്റൗട്ടില്‍ വന്ന് അയാള്‍ കുറേനേരം ചിന്താമൂകനായി താടിക്കു കയ്യും കൊടുത്ത് ഇരുന്നു.
അഞ്ചുമണി കഴിഞ്ഞപ്പോഴാണ് സുമിത്ര ഉറക്കമുണര്‍ന്നത്.
അവള് സാവധാനം കട്ടിലില്‍ എണീറ്റിരുന്നു.
ശരീരത്തിനൊക്കെ നല്ല വേദന.
ബാത്റൂമില്‍ പോയി നന്നായി ഒന്നു കുളിച്ചപ്പോള്‍ ഹൃദയത്തില്‍ ഒരു തണുപ്പുവീണതുപോലെ തോന്നി.
തിരിച്ച് മുറിയില്‍ വന്നു മുടി ഉണക്കിക്കൊണ്ടിരിക്കുമ്പോള്‍ അവള് ഓര്‍ത്തു.
ജയേട്ടന് പോയോ? മുറിക്കു പുറത്തിറങ്ങി അവള് താഴേക്കു നോക്കി വിളിച്ചു.
“ജയേട്ടാ…”
സുമിത്രയുടെ വിളികേട്ടതും ജയദേവന് മുകളിലേക്ക് കയറിച്ചെന്നു.
“ഞാന്‍ പേടിച്ചുപോയി. ജയേട്ടന് പോയോന്നോര്‍ത്ത്.”
അവള് വന്നു ജയന്റെ കരം പുണര്‍ന്നു: “പോകരുതുട്ടോ?”
“നന്നായിട്ടുറങ്ങിയോ?”
“ഉം. വാ നമുക്കകത്തിരിക്കാം.”
സുമിത്ര കൈയില്‍ പിടിച്ചുവലിച്ചപ്പോള്‍ ജയദേവന് പറഞ്ഞു.
“എനിക്കുടനെ പോണം. വീട്ടില്‍ അമ്മ തനിച്ചേയുള്ളൂ. ഇന്നലെ വൈകിട്ട് വീട്ടീന്നിറങ്ങിയതാ.”
“എന്നാ ഞാനും കൂടി വരാം.”
അലമാര തുറന്ന് അവള് ഡ്രസ്സ് എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ജയദേവന് തടഞ്ഞു.
“നീ ഇപ്പ വരണ്ട. രണ്ടുദിവസം കഴിഞ്ഞു ഞാന്‍ വന്നു കൂട്ടിക്കൊണ്ടു പൊയ്ക്കോളാം.”
“അയ്യോ… ഞാന്‍ തനിച്ചിവിടെ കിടക്കില്ല. “
“തനിച്ചല്ലല്ലോ. മഞ്ജുളയും സതീഷുമൊക്കെയില്ലേ? സ്വന്തം സഹോദരിയെപ്പോലെ അവര്‍ നോക്കിക്കോളും “
“പ്ലീസ് ജയേട്ടാ… എന്നെക്കൂടി കൊണ്ടുപോ. തനിച്ചിവിടെ ഇരുന്നാല്‍ ഞാന്‍ കരഞ്ഞു കരഞ്ഞു ചാകത്തേയുള്ളൂ.”
“അങ്ങനെ ചാകുന്നെങ്കില്‍ അതു നല്ല കാര്യാന്നങ്ങു കരുതുക .”
ഹൃദയത്തില്‍ ഒരസ്ത്രം തറച്ചതുപോലെ സുമിത്ര ഒന്നു പിടഞ്ഞു.
ജയദേവനില്‍നിന്ന് അങ്ങനെയൊരു വാചകം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവള്.
അവളുടെ കണ്ണുകള്‍ നിറഞ്ഞതു കണ്ടപ്പോള്‍ ജയന് പറഞ്ഞു.
“ഞാനൊരു തമാശ പറഞ്ഞതാ.”
“എന്നെ എന്റെ വീട്ടിലൊന്നു കൊണ്ടാക്ക്വോ ജയേട്ടന്?”
“ഇപ്പം പറ്റില്ല. പോയാ ശരിയാവില്ല. രണ്ടുദിവസം കഴിഞ്ഞു ഞാന്‍ വരാം. വീട്ടില്‍ നില്ക്കുന്നതിനേക്കാള് സുരക്ഷിതമാ ഇവിടെ. അവിടെ ചെന്നാൽ പരിചയക്കാരൊക്കെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കില്ലേ. തൽകാലം കുറച്ചുദിവസം ഇവിടെ നിൽക്ക് “
ജയദേവന് തിരിഞ്ഞു പടികളിറങ്ങി താഴേക്കുപോയി.
ചുമരില്‍ ചാരി, കണ്ണീരോടെ സുമിത്ര അതു നോക്കിനിന്നു.
നിര്‍മല ഹോസ്പിറ്റല്‍!
കാന്റീനില്‍നിന്നു ചായ വാങ്ങിക്കാനായി കൈയില്‍ ഫ്ളാസ്കും തൂക്കി രണ്ടാംനിലയില്‍ നിന്നു പടികളിറങ്ങി ശശികല താഴേക്കു വരുമ്പോള്‍ എതിരെ വരുന്നു ജയദേവന്. പരസ്പരം കണ്ണുകളുടക്കിയപ്പോള്‍ ജയദേവന് പുഞ്ചിരിച്ചു. ശശികലയും.
“അമ്മായിക്കെങ്ങനെയുണ്ട്?”
ജയന് ആരാഞ്ഞു.
“വല്യ മാറ്റമൊന്നും ഇല്ല. പറയുന്നതൊന്നും തിരിയില്ല . ഒരുവശം തളര്‍ന്നുപോയില്ലേ. ഇത്തിരി മുമ്പ് തൊണ്ട വരളുന്നെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാനിത്തിരി ചായവാങ്ങിക്കാന്‍ പോക്വാ.”
ജയന് മുമ്പോട്ടു നടക്കാന്‍ ഭാവിച്ചപ്പോള്‍ ശശികല ചോദിച്ചു.
“സുമി വന്നില്ലേ?”
“ഇല്ല. അമ്മായി ആശുപത്രീലാന്നു ഞാന്‍ അവളോട് പറഞ്ഞിട്ടില്ല.”
“ഇപ്പം എവിടെയുണ്ട്?”
സങ്കടത്തോടെ അവള് ആരാഞ്ഞു.
“എന്റെ സുഹൃത്തിന്റെ വീട്ടിലാ. ഭയങ്കര വിഷമമാ. അതൊക്കെ മാറി രണ്ടുദിവസം കഴിഞ്ഞു കൊണ്ടുവരാമെന്നു വച്ചു.”
“എങ്ങനെയാ ഇതു സംഭവിച്ചേ? എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. പോലീസ് കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്തതാകും, അല്ലേ?”
അങ്ങനെ വിശ്വസിക്കാനായിരുന്നു ശശികലയ്ക്കിഷ്ടം.
“ആര്‍ക്കറിയാം. പുറമേ കാണുന്ന രൂപമൊന്നുമല്ലല്ലോ അകത്ത് പലര്‍ക്കും.”
അതു പറഞ്ഞിട്ട് ജയദേവന് വേഗം മുമ്പോട്ടു നടന്നു.
ശശികല ഒരു നിമിഷനേരം അവിടെത്തന്നെ നിന്നുപോയി. ജയന്‍പോലും അവളെ അവിശ്വസിക്കുന്നല്ലോ എന്ന് ഓര്‍ത്തപ്പോള്‍ സങ്കടം വന്നു അവൾക്ക് .
പിന്നെ, ഒരു ദീര്‍ഘശ്വാസം വിട്ടിട്ടു മുമ്പോട്ടു നടന്നു.
ചായ വാങ്ങിക്കൊണ്ടു തിരികെ മുറിയിലെത്തിയപ്പോള്‍ ജയദേവനുണ്ടായിരുന്നു സരസ്വതിയുടെ സമീപം.
ശശികല ഗ്ലാസില്‍ ചായ പകര്‍ന്നിട്ട് ഒരു സ്പൂണില്‍ കുറെശെ എടുത്ത് സരസ്വതിയുടെ വായിലേക്കൊഴിച്ചുകൊടുത്തു.
മതി എന്ന് സരസ്വതി ആംഗ്യം കാണിച്ചപ്പോള്‍ ശശികല ഗ്ലാസും സ്പൂണും മേശയില്‍ വച്ചു.
“ഇവിടെല്ലാരുമറിഞ്ഞോ സംഭവം?”
ജയന് ശശികലയോട് ചോദിച്ചു.
“ഉം. ഡോക്ടര്‍മാരും നേഴ്സുമാരുമൊക്കെ ചോദിച്ചു. ഇന്നലെ മുഴുവന്‍ ഇവിടെ ഇതായിരുന്നു സംസാരം. പത്രത്തിലൊക്കെ വല്യ വാർത്തയല്ലയിരുന്നോ .”
“അയല്‍ക്കാരൊക്കെ എന്തുപറയുന്നു?”
“ഒരുപാട് കഥകളുണ്ടാക്കീട്ടുണ്ട് ആളുകള്‍. കേള്‍ക്കാന്‍ കൊള്ളാത്ത ഒത്തിരി കഥകള്‍. ഓരോന്നു കിട്ടാന്‍വേണ്ടി നോക്കിയിരിക്ക്വല്ലേ ചിലര്‍ “
ഒന്നു നിറുത്തിയിട്ട് ശശികല ചോദിച്ചു. “സുമി വന്നില്ലേന്ന് അന്വേഷിച്ചില്ലേ അമ്മ?”
“ഉം. എവിടെയാന്നു അവ്യക്തമായ സ്വരത്തിൽ ചോദിച്ചു. എന്റെ വീട്ടില്‍ കൊണ്ടാക്കീന്നു ഞാന്‍ പറഞ്ഞു.”
സരസ്വതി കേള്‍ക്കാതെ പതിഞ്ഞസ്വരത്തില്‍ ജയന് പറഞ്ഞു.
കുറേനേരം ആശുപത്രിയില്‍ ചെലവഴിച്ചിട്ട്, അതുവരെയുള്ള ബില്ലും പേ ചെയ്തിട്ട് ജയദേവന് മടങ്ങി.
ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ട് സുമിത്ര വെളിയിലേക്കിറങ്ങി.
അരഭിത്തിയില്‍ രണ്ടു കൈകളും ഊന്നി അവള് താഴേക്ക് നോക്കിനിന്നു.
മുറ്റത്തരികിലെ ഉദ്യാനത്തില്‍ നിറയെ പൂക്കള്‍. പൂക്കള്‍ക്കുചുറ്റും ചിത്രശലഭങ്ങള്‍ വട്ടമിട്ടു പറക്കുന്നു.
തെക്കുവശത്തെ അല്‍ഫോന്‍സ് മാവിന്റെ കൊമ്പിലിരുന്ന് ഒരണ്ണാന് ചിലയ്ക്കുന്ന ശബ്ദം!
കണ്ണുകള്‍ ചുറ്റിത്തിരിഞ്ഞു സുകുമാരന്റെ വീട്ടിലേക്ക് നീണ്ടു.
അവിടെ ആരെയും കണ്ടില്ല.
തന്റെ ജീവിതം തകര്‍ത്ത ദുഷ്ടന്റെ വീടാണല്ലോ അതെന്ന് ഓര്‍ത്തപ്പോള്‍ കടുത്ത ദേഷ്യം തോന്നി അവള്‍ക്ക്.
“സുമിത്രേ…”
മഞ്ജുളയുടെ വിളികേട്ടതും തിരികെ മുറിയിലേക്ക് കയറിയിട്ട് അവള് പുറത്തേക്കുള്ള വാതില്‍ തുറന്നു.
“ഒരു ഫോണുണ്ട്. ഏതോ ടീച്ചറാ.”
സുമിത്രയുടെ മൊബൈൽ സ്വിച്ചോഫായിരുന്നു . അവൾ വേഗം സ്റ്റെയര്‍കെയ്സിറങ്ങി ഫോണിരിക്കുന്ന മുറിയിലേക്ക് ചെന്നു.
റിസീവറെടുത്തു കാതോടു ചേര്‍ത്തിട്ട് ഹലോ എന്നു പറഞ്ഞു.
“ഞാനാ. ജൂലി ടീച്ചര്‍.”
അങ്ങേതലയ്ക്കല്‍ നിന്നു ശബ്ദം.
“എന്താ ടീച്ചറെ?”
“എന്റെ ഒരു പുസ്തകം കൈയിലുണ്ടല്ലോ? അതെനിക്കുടനെ വേണം.”
“ഞാനങ്ങെത്തിച്ചേക്കാം.”
“പത്രത്തില്‍ വാര്‍ത്ത വായിച്ചു ഹെഡ്മിസ്ട്രസ് കലിതുള്ളിയിരിക്ക്വാ. സുമിത്രയെ പറയാത്ത ചീത്തയില്ല. സെന്റ് മേരീസ് സ്കൂളിന് എന്തായാലും നല്ല പബ്ലിസിറ്റിയായി. ചില പേരന്റ്സ് വന്ന് വേശ്യകളെയാണോ ഇവിടെ പഠിപ്പിക്കാന്‍ വച്ചിരിക്കുന്നതെന്നു ചോദിച്ച് എച്ചെമ്മിനോടു ചൂടായി.”
സുമിത്രയ്ക്ക് സങ്കടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഫോണിലൂടെ അവളുടെ ഏങ്ങലടി കേട്ട് ജൂലി പറഞ്ഞു.
” ഞങ്ങള്‍ക്കിപ്പം പുറത്തേക്കിറങ്ങാന്‍ മേലാത്ത സ്ഥിതിയാ . ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പം ചെവിപൊട്ടിപ്പോകുന്ന സൈസ് കമന്റുകളാ ഓരോരുത്തര് പറയുന്നത്.”
“ടീച്ചറെങ്കിലും എന്നെ വിശ്വസിക്ക്. ഞാനല്ല സുകുമാരനെ കൊന്നത്. “
“ഇതൊന്നും പറഞ്ഞാല്‍ ആരും ഇനി വിശ്വസിക്കില്ല ടീച്ചറെ . ങ്ഹ. പുസ്തകം ഉടനെ എത്തിച്ചു തരണേ. വയ്ക്കട്ടെ.”
ഫോണ്‍ കട്ടായി.
റിസീവര്‍ ക്രേഡിലില്‍ വച്ചിട്ട് സുമിത്ര തിരിഞ്ഞു.
സ്റ്റെയര്‍കെയ്സ് കയറി മുകളിലെത്തുന്നതിനുമുമ്പേ വീണ്ടും ഫോണ്‍ ശബ്ദിച്ചു.
ഭവാനി റിസീവര്‍ എടുത്തു കാതില്‍ വച്ചിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു.
“സുമിത്രയ്ക്കാ.”
വേഗം സ്റ്റെപ്പുകള്‍ ഇറങ്ങി ഓടിവന്ന് അവള് റിസീവര്‍ വാങ്ങി.
അങ്ങേതലയ്ക്കല്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസയായിരുന്നു.
“മൊബൈൽ സ്വിച്ചോഫ് ചെയ്തു വച്ചിരിക്കുവാ അല്ലേ ? ഞാൻ ഒരുപാട് ട്രൈ ചെയ്തു. സ്കൂളുവരെ ഒന്നു വരണമല്ലോ അത്യാവശ്യമായിട്ട് .”
“എന്തിനാ സിസ്റ്റര്‍?”
“അതിവിടെ വന്നിട്ടു പറയാം. ഇന്നുതന്നെ വരണം.”
പിന്നെന്തെങ്കിലും പറയുന്നതിനുമുമ്പേ ഫോണ്‍ കട്ടായി.
സുമിത്ര മഞ്ജുളയോട് കാര്യം പറഞ്ഞു.
മഞ്ജുള പറഞ്ഞു:
“ഞാന്‍ സതിയേട്ടനെ വിളിക്കാം. സതിയേട്ടന് കാറില്‍ കൊണ്ടുവിടും.”
“ചേട്ടന് അതൊരു ബുദ്ധിമുട്ടാകുമോ?”
“ഹേയ്…”
മഞ്ജുള സതീഷിന് ഫോണ്‍ ചെയ്തു. ഉടനെ വരാമെന്നു സതീഷ് അറിയിച്ചു.
മുറിയില്‍ വന്നിരുന്നു സുമിത്ര ഓര്‍ത്തു.
രണ്ടുദിവസം കഴിഞ്ഞു വരാമെന്നു പറഞ്ഞു പോയിട്ട് ജയേട്ടന് ഇതുവരെ വന്നില്ലല്ലോ. ഇപ്പോള്‍ ദിവസം മൂന്നായി. വിളിച്ചിട്ടു ഫോൺ എടുക്കുന്നുമില്ല. തന്നെ ഉപേക്ഷിച്ചുപോയതാവുമോ? എന്തിനാ ഗുരുവായൂരപ്പാ എനിക്കിങ്ങനെയൊരു ജീവിതം തന്നത്?
അവള് ഏങ്ങിയേങ്ങി കരഞ്ഞു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സതീഷ് കാറുമായി എത്തി.
സുമിത്ര വേഷം മാറി പോകാന്‍ റെഡിയായി നില്‍ക്കുകയായിരുന്നു.
മഞ്ജുള വന്ന് അവളെ കാറില്‍ കയറ്റി.
കാര്‍ മുമ്പോട്ടാടിക്കൊണ്ടിരിക്കുമ്പോള് സതീഷ് പറഞ്ഞു
“ഏതെങ്കിലും നല്ല വക്കീലിനെ വച്ച് നമുക്ക് കേസ് വാദിക്കാം. ഞാന്‍ ജയദേവനോട് പറഞ്ഞിട്ടുണ്ട്.”
സുമിത്ര ഒന്നും മിണ്ടിയില്ല. തലകുമ്പിട്ടിരുന്ന് നിശബ്ദമായി കരയുകയായിരുന്നു അവള്!
സ്കൂള്‍ ഗേറ്റിനരികില്‍ കാര്‍ എത്തിയപ്പോള്‍ സുമിത്രയുടെ നെഞ്ചിടിപ്പു കൂടി. എന്തിനായിരിക്കും വരാൻ പറഞ്ഞത് ?
മതിലിനു പുറത്ത് ആരോ ഒട്ടിച്ചിരുന്ന ഒരു പോസ്റ്ററിലെ വാചകങ്ങള്‍ അവളുടെ കണ്ണിലുടക്കി.
‘അഭിസാരികകളായ അധ്യാപികമാരെ സ്കൂളില്‍നിന്നു പുറത്താക്കുക’
ചങ്കുപൊട്ടിപ്പോകുകയാണ്.
മുഖം സാരിത്തലപ്പുകൊണ്ട് മറച്ചിട്ടാണവള് കാറില്‍ നിന്നിറങ്ങിയത്.
“ദേ സുമിത്ര ടീച്ചര്‍.”
മുറ്റത്തുനിന്ന ചില കുട്ടികള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ആരെയും നോക്കാൻ കെല്പില്ലാതെ അവള് നേരെ ഹെഡ്മിസ്ട്രസിന്റെ മുറിയിലേക്ക് നടന്നു.
കാറു പാര്‍ക്കുചെയ്തിട്ട് പിറകെ സതീഷും ചെന്നു.
ഹെഡ്മിസ്ട്രസ് ക്ലാസ് റൂമിലായിരുന്നു ആ സമയം . സുമിത്രയെ കണ്ടതും പ്യൂണ്‍ ഓടിച്ചെന്ന് ഹെഡ്മിസ്ട്രസിനോട് വിവരം പറഞ്ഞു.
കുട്ടികളോട് ശാന്തരായിരിക്കാന്‍ പറഞ്ഞിട്ട് ഹെഡ്മിസ്ട്രസ് അവരുടെ മുറിയിലേക്ക് വന്നു.
സിസ്റ്ററെ നോക്കി സുമിത്ര ഭവ്യതയോടെ കൈകൂപ്പി .
സിസ്റ്റര്‍ അതു കണ്ടതായി പോലും ഭാവിച്ചില്ല. ഗൗരവത്തിലായിരുന്നു അവര്‍.
സീറ്റില്‍ വന്നിരുന്നിട്ട് അവര്‍ സുമിത്രയെ നോക്കി പരിഹാസത്തോടെ പറഞ്ഞു:
” സ്കൂളിനു പേരുണ്ടാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട് ട്ടോ . പുറത്തു മതിലിൽ എഴുതി വച്ചിരിക്കുന്നതു വായിച്ചുകാണുമല്ലോ?”
“ഞാനൊരു തെറ്റും ചെയ്തിട്ടില്ല സിസ്റ്റര്‍. ഇന്നുവരെ എന്റെ മനസും ശരീരവും കളങ്കപ്പെട്ടിട്ടില്ല. സിസ്റ്ററെങ്കിലും എന്നെ ഒന്നു വിശ്വസിക്ക്.”
ഇടറിയ സ്വരത്തില്‍ അവള് പറഞ്ഞു.
“ഞാന്‍ വിശ്വസിക്കാമെന്നുവയ്ക്കാം. പക്ഷേ, ഇവിടത്തെ കുട്ടികളു വിശ്വസിക്ക്വോ? ടീച്ചറുമാരു വിശ്വസിക്ക്വോ? പേരന്റ്സ് വിശ്വസിക്കുമോ ?നാട്ടുകാരു വിശ്വസിക്ക്വോ? ചില പേരന്റ്സ് ഫോണില്‍ വിളിച്ച് എന്നെ എന്തു ചീത്തയാ പറഞ്ഞതെന്നറിയ്വോ?വേശ്യകളെയാണോ സ്കൂളിൽ പഠിപ്പിക്കാൻ വച്ചിരിക്കുന്നതെന്നാ ചിലർ ചോദിച്ചത് . എന്നാ മറുപടി പറയും ഞാൻ ? എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും നാണം കെട്ടിട്ടില്ല “
സുമിത്രയുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നതു സിസ്റ്ററ് കണ്ടു.
“ഞാന്‍ വിളിപ്പിച്ചതു കുറ്റവിചാരണ ചെയ്യാനല്ല. അതെന്റെ ജോലിയല്ലല്ലോ “
മേശവലിപ്പില്‍നിന്ന് ഒരു വെള്ളക്കടലാസെടുത്ത് അവളുടെ നേരെ നീട്ടിയിട്ട് സിസ്റ്റര്‍ തുടര്‍ന്നു:
“ഒരു റെസിഗ്നേഷന്‍ എഴുതിത്തന്നേരെ. സര്‍ട്ടിഫിക്കറ്റുകളൊക്കെ ഇപ്പം തന്നെ തിരിച്ചുതന്നേക്കാം.”
അതുകേട്ടതും സുമിത്ര പൊട്ടിക്കരഞ്ഞുപോയി. ഹൃദയം തകര്‍ന്നു പൊടിയുകയാണ്.
“പോലീസ് ഒരു കേസെടുത്തൂന്നല്ലേയുള്ളൂ സിസ്റ്റര്‍. കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലല്ലോ. പെട്ടെന്നൊരു റെസിഗ്നേഷന്‍ വേണോ?”
സതീഷ് അപേക്ഷാഭാവത്തില്‍ ചോദിച്ചു.
“സുമിത്രയ്ക്ക് ഇനി ഇവിടെ പഠിപ്പിക്കാന്‍ പറ്റുമെന്നു തോന്നുന്നുണ്ടോ സതീഷിന്? പഠിപ്പിക്കാന്‍ പേരന്റ്സ് സമ്മതിക്ക്വോ? ഞങ്ങള്‍ക്കു വേറെ ആളെ വയ്ക്കണം. റെസിഗ്നേഷൻ തന്നില്ലെങ്കിൽ പിരിച്ചു വിടും . കോടതീൽ പോയാലും നിങ്ങൾക്ക് അനുകൂലമായി വിധി കട്ടുകേല . റെസിഗ്നേഷനാണെങ്കിൽ ഇത്രയും കാലത്തെ ശമ്പളമെങ്കിലും ശരിയാക്കി തരാൻ നോക്കാം .അല്ലെങ്കിൽ അതുമില്ല “
സിസ്റ്ററിന്റെ സ്വരം കനത്തു.
“ഞാനൊപ്പിട്ടു തന്നേക്കാം സിസ്റ്റര്‍.”
സുമിത്ര കടലാസുവാങ്ങി രാജിവച്ചതായി എഴുതി ഒപ്പിട്ടിട്ടു കൊടുത്തു .
കടലാസു തിരികെ വാങ്ങിയിട്ടു സിസ്റ്റര്‍ പറഞ്ഞു.
“ഇനി വീട്ടില്‍ പോയി കുറച്ചുനാളു വിശ്രമിക്ക്. സാവകാശം ഈ വിഷമമൊക്കെ മാറും.”
സുമിത്ര ഒന്നും പറഞ്ഞില്ല. ഒരു ശവംകണക്കെ മരവിച്ചിരിക്കുകയായിരുന്നു അവള്.
അലമാര തുറന്ന് അവളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും എടുത്തു നീട്ടിക്കൊണ്ട് സിസ്റ്റര്‍ പറഞ്ഞു.
“സ്റ്റാഫ് റൂമില്‍പോയി എല്ലാവരെയും കണ്ടു യാത്ര പറഞ്ഞിട്ട് പൊയ്ക്കോ.”
“ഇല്ല സിസ്റ്റര്‍. ആരെയും കാണാനുള്ള ശക്തിയില്ല എനിക്ക്.”
ബാഗില്‍നിന്ന് ഒരു പുസ്തകമെടുത്ത് സിസ്റ്ററിന്റെ നേരെ നീട്ടിക്കൊണ്ട് അവള് തുടര്‍ന്നു:
“സിസ്റ്റര്‍ ഒരുപകാരം ചെയ്യോ? ഈ ബുക്ക് ജൂലി ടീച്ചറിനൊന്നു കൊടുത്തേക്ക്വോ?”
“ഉം .”
സിസ്റ്റര്‍ ബുക്കുവാങ്ങി മേശപ്പുറത്തുവച്ചു.
“എന്റെ ക്ലാസിലെ കൂട്ടികളോടൊന്നു പറഞ്ഞേക്കണം, സുമിത്ര ടീച്ചർ പോയീന്ന്.”
അത് പറഞ്ഞപ്പോൾ വിങ്ങിപ്പൊട്ടിപോയി അവൾ .
സിസ്റ്ററിന്റെയും കണ്ണുനിറഞ്ഞു.
“എനിക്കൊരുപാട് ഇഷ്ടായിരുന്നു, ഈ സ്കൂളും ഇവിടത്തെ കുട്ടികളും.”
കരഞ്ഞുകൊണ്ട് അവൾ തുടർന്നു ; ”എന്റെ കുട്ടികളെ വിട്ടു പോകാനേ തോന്നുന്നില്ല “”
“സോറി. ഐ ആം ഹെല്പ്ലസ്. സ്കൂളിന്റെ സല്‍പ്പേരുകൂടി എനിക്കുനോക്കണ്ടേ?”
സിസ്റ്റര്‍ നിസഹായത പ്രകടിപ്പിച്ചു.
ഇടതു കൈകൊണ്ട് മിഴികള്‍ ഒപ്പിയിട്ട് അവള് തിരിഞ്ഞുനടന്നു. കാലുകള്‍ക്ക് ശക്തിയില്ല. വരാന്തയിലേക്കിറങ്ങിയതും അവള് വേച്ചുവീഴാന്‍ തുടങ്ങി. പൊടുന്നനേ അടുത്തുകണ്ട തൂണില്‍ അവള് മുറുകെ പിടിച്ചു.
തലകറങ്ങുകയാണോ?
സതീഷ് അവളെ താങ്ങാനൊരുങ്ങിയപ്പോൾ സുമിത്ര വിലക്കി.
തെല്ലുനേരം തൂണില്‍ പിടിച്ചു അവള് അങ്ങനെ നിന്നു.
(തുടരും )
രചന : ഇഗ്നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39