കണ്ണുകളെ നിയന്ത്രിച്ചില്ലെങ്കിൽ കണ്ണുകൾ നമ്മളെ പാപത്തിലേക്ക് തള്ളിയിടും!
മനുഷ്യന്റെ എല്ലാ പാപങ്ങളും മൂന്നു തലക്കെട്ടുകളുടെ കീഴിൽപ്പെടുത്താവുന്നതാണ്. ഒന്ന്, കണ്ണുകളുടെ ദുരാശ. രണ്ട്, ജഡത്തിന്റെ ദുരാശ. മൂന്ന്, ജീവിതത്തിന്റെ അഹങ്കാരം.
എല്ലാ പാപങ്ങളും തുടങ്ങുന്നത് കണ്ണിൽ കൂടെയാണ്. ഒരു സ്ത്രീയുടെ നഗ്നമായ ശരീരം കാണുമ്പോൾ ഒരു പുരുഷന് പ്രലോഭനം കണ്ണിലൂടെ ആരംഭിക്കുന്നു. മദ്യപിക്കുന്ന ആൾക്ക് ബ്രാണ്ടി, വിസ്കി, കള്ള് എന്നിവ ഇരിക്കുന്നത് കാണുമ്പോൾ വായിൽ ഒരു ഉമിനീർ വരും. ഒരു പ്രലോഭനം! നീലകാസറ്റ് ഇഷ്ടം ഉള്ളവന് ആ കാസറ്റ് കാണുമ്പോഴാണ് വികാരം ഉണ്ടാകുന്നത്. തിന്മ കേറുന്നത് കണ്ണിലൂടെയാണ് എന്ന് ചുരുക്കം.
യേശു ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് നിങ്ങളുടെ കണ്ണിനെ നിയന്ത്രിക്കാനാണ്. ഉള്ള് എങ്ങനെയാണോ കണ്ണ് അങ്ങനെ യാത്ര ചെയ്യും. ഉദാഹരണത്തിന് കുടിയനായ ഒരു മനുഷ്യൻ പാലായ്ക്ക് പോയാൽ കാണുന്നത് ബാർ ഹോട്ടൽ, കള്ളു ഷാപ്പ് , വിവറേജ് ഔട്ട് ലെറ്റ് എന്നിവയായിരിക്കും. വസ്ത്രത്തോട് ഭ്രമമുള്ള ഒരു സ്ത്രീ കോട്ടയത്ത് പോയാൽ കാണുന്നത് എന്താണ് ? അയ്യപ്പാസ്, പാർത്ഥാസ്, ശീമാട്ടി, പുളിമൂട്ടിൽ സിൽക്ക് ഹൗസ് ബോംബെ ഡയിങ്. ആഭരണഭ്രമമുള്ള ഒരു സ്ത്രീ കോട്ടയത്ത് പോയാൽ കാണുന്നത് ജോസ്കോ ജ്വല്ലറി, ആലുക്കാസ് ജ്വല്ലറി, സണ്ണി ജ്വല്ലറി, കല്യാൺ ജ്വല്ലറി. തീറ്റഭ്രാന്തൻ കാഞ്ഞിരപ്പള്ളിക്കു പോയാൽ കാണുന്നത് തട്ടുകട, ചായക്കട, പലഹാരക്കട, ബേക്കറി, പഴക്കട തുടങ്ങിയവ. മദർ തെരേസ പാലാ ഭാഗത്ത് വന്നാൽ കാണുന്നത് എന്താണ്? മന്ദബുദ്ധി, മാറാരോഗം, അനാഥ പിള്ളേർ ! നമ്മുടെ ഉള്ള് എങ്ങനെയാണോ അങ്ങനെയാണ് നമ്മുടെ കണ്ണ് യാത്ര ചെയ്യുന്നത്.
Also Read ഭാര്യക്കും ഭർത്താവിനും സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?
ഞാൻ ഒരിക്കൽ തിരുവനന്തപുരത്തിനു പോകുമ്പോൾ, കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു. പത്തുമിനിറ്റ് സമയമുണ്ട്. കാപ്പികുടിക്കേണ്ടവർക്ക് അത് ആകാം. പത്തിരുപത് പേര് കാപ്പി കുടിക്കാനായി പുറത്തേക്കിറങ്ങി. ഞങ്ങൾ പത്തു പതിനഞ്ചു പേർ ഇറങ്ങിയില്ല. ഞാനൊരു ബുക്ക് വായിച്ചു ഇരിക്കുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ശബ്ദം. നോക്കുമ്പോൾ ബസിലിരുന്ന ആണുങ്ങൾ ചാടിയെഴുന്നേറ്റ് പുറത്തേക്ക് എത്തിനോക്കുന്നു. എന്താണെന്നറിയാൻ ഞാനും നോക്കി.
ബസ്സ്റ്റാൻഡിന്റെ മതിലിൽ രണ്ട് ചെറുപ്പക്കാർ ഒരു സിനിമയുടെ പോസ്റ്റർ ഓടിക്കുകയാണ്. സിനിമയുടെ പേര് കിന്നാരത്തുമ്പികൾ. നായിക ഷക്കീല. അവളെ ഭിത്തിയിൽ ഒട്ടിച്ചു വെക്കുകയാണ് ചെറുപ്പക്കാർ. ബസിലിരുന്ന ആണുങ്ങൾ വായും പൊളിച്ച് ഷക്കീലയെ നോക്കിക്കൊണ്ടിരിക്കുന്നു. അൽപം കഴിഞ്ഞ് ഒരു അമ്പലക്കാള വന്ന് രണ്ടുകാല് നിലത്തും രണ്ടു കാലു ഭിത്തിയിലും കുത്തി ഷക്കീലയെ കടിച്ചു തുപ്പി താഴെ ഇട്ടു. അമ്പലക്കാളക്കു പോലും അറിയാം കാണാൻ കൊള്ളാത്ത ഒരു പടമാണ് ഭിത്തിയിൽ ഒട്ടിച്ചു വച്ചിരിക്കുന്നതെന്ന്. പക്ഷേ മനുഷ്യൻ വായും പൊളിച്ച് അതിലേക്ക് നോക്കിയിരിക്കുകയാണ്.
നിങ്ങളുടെ കണ്ണ് പ്രകാശം ഉള്ളതാണെങ്കിൽ ശരീരം മുഴുവൻ പ്രകാശം ഉള്ളതായിരിക്കും. കണ്ണിൽ ഇരുട്ട് ആണെങ്കിൽ കാഴ്ചയിൽ മുഴുവൻ അന്ധത ആയിരിക്കും. ഒരാളുടെ ഉള്ളിലെ തിളക്കമാണ് അയാളുടെ കണ്ണ്. നമ്മുടെ ഹൃദയം എങ്ങനെയാണോ അങ്ങനെയാണ് കണ്ണ് യാത്ര ചെയ്യുക.
Also Read നല്ല കുടുംബം രൂപപ്പെടണമെങ്കിൽ ഭർത്താവ്, ഭാര്യ, ദൈവം എന്ന ത്രികോണം ചേരണം
ചില ആളുകളുടെ കണ്ണിന് എന്തൊരു ശക്തിയാണ്. ഒരിക്കൽ ഒരിടത്ത് ഒരു കരിങ്കണ്ണൻ ഉണ്ടായിരുന്നു .അയാൾ കണ്ണുവെച്ച് എന്ത് പറഞ്ഞാലും അത് സംഭവിക്കുമായിരുന്നു. ഒരു മനുഷ്യൻ അയാളെ വിളിച്ച് 500 രൂപ കൊടുത്തിട്ട് പറഞ്ഞു: ” അയൽ വീട്ടിലെ പശുവിന് ഏഴു ലിറ്റർ പാല് കിട്ടും. അതിന്റെ അകിടിൽ നോക്കി എന്ത് പാലാണോ എന്നൊന്ന് പറയണം.” അയാൾ സമ്മതിച്ചു . കണ്ണു വയ്ക്കാൻ വേണ്ടി ഈ മനുഷ്യൻ ആ കരിങ്കണ്ണനെ കൂട്ടിക്കൊണ്ടുപോയി. ചെന്നപ്പോൾ തൊഴുത്തിൽ പശു ഇല്ല . റബർ തോട്ടത്തിലാണ് പശു. റബർതോട്ടത്തിൽ ഒരു കാപ്പിത്തോട്ടം . അതിനുള്ളിൽ പശു പുല്ലുതിന്നുന്നു. ദൂരെനിന്നു തന്നെ അയൽക്കാരൻ പശുവിന്റെ വാല് കണ്ടു . അയാൾ കൈചൂണ്ടി പറഞ്ഞു : ” ദാ ആ വാല് കാണുന്ന പശുവിന്റെ അകിടിൽ നോക്കിയാണ് കണ്ണു വെക്കേണ്ടത്”
കരിങ്കണ്ണൻ ചോദിച്ചു ഏതു വാല് ? ഞാൻ കാണുന്നില്ലല്ലോ. ആ കാപ്പിക്കിടയിൽ കാണുന്ന വാല്. സൂക്ഷിച്ചു നോക്ക് എന്നുപറഞ്ഞു കൂട്ടിക്കൊണ്ടുപോയ ആൾ. കരിങ്കണ്ണൻ സൂക്ഷിച്ചു നോക്കിയപ്പോൾ പശുവിന്റെ വാല് കണ്ടു. എന്നിട്ട് തിരിഞ്ഞു അയാൾ ചേട്ടനോട് പറഞ്ഞു :” ചേട്ടന്റെ കാഴ്ച ശക്തി ഭയങ്കരം ആണല്ലോ!” പറഞ്ഞുതീർന്നതും അയൽക്കാരൻ പൊട്ടക്കണ്ണൻ ആയി മാറി എന്നാണ് കഥ. അതാണ് കണ്ണിന്റെ പവറ്.
Also Read എത്ര പ്രായമായാലും പിണക്കമായാലും ദമ്പതികൾ ഒരു മുറിയിലെ കിടക്കാവൂ
നിറയെ പാൽ ഉള്ള ഒരു എരുമയുടെ അകിടിൽ നോക്കി ഒരു ചേടത്തി പറഞ്ഞു . ഓ ചെമ്പുകലം പോലാണല്ലോ അകിട് . പറഞ്ഞു തീർന്നില്ല നാലുമുലഞെട്ടും കൂടി അകത്തേക്ക് ഒറ്റ കേറ്റം. ചിലർ പ്ലാവിൽ നോക്കിയിട്ട് പറയും എന്തുമാത്രം ചക്കയാണ് ! പറഞ്ഞു തീരുന്നതിനുമുമ്പേ ഒറ്റ കാറ്റ്. പ്ലാവ് ചുവടെ ഒടിഞ്ഞു ദാ താഴെകിടക്കുന്നു .
ചില മനുഷ്യർ കണ്ണുകിട്ടാതിരിക്കാൻ കെട്ടിടം പണിയുമ്പോൾ ബൊമ്മ കെട്ടിയിടുന്നത് കണ്ടിട്ടില്ലേ? ബൊമ്മയിൽ നോക്കിയിട്ട് ഭിത്തിയിൽ നോക്കിയാൽ കണ്ണുകിട്ടില്ല എന്നാണ് വിശ്വാസം. കണ്ണുകളെ നിയന്ത്രിച്ചില്ലെങ്കിൽ ആ കണ്ണുകൾ നമ്മളെ പാപത്തിലേക്ക് നയിക്കും.
Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.
പഴയനിയമത്തിൽ രാജാവായ ദാവീദ് ഉച്ചയൂണും കഴിഞ്ഞ് കൊട്ടാരത്തിലെ മട്ടുപ്പാവിൽ ഏമ്പക്കം വിട്ടു നടക്കുമ്പോൾ വിലക്കപ്പെട്ട കനി അതാ കുളിച്ചിട്ട് കയറിവരുന്നു. ദാവീദ് പിടിച്ചൊരു കടി കൊടുത്തു. അവൾ ഗർഭിണിയായി. പാവപ്പെട്ട പട്ടാളക്കാരൻ ഉറിയാവിന്റെ ഭാര്യ ബേത്ശേബ. കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല ദാവീദിന്. ദാവീദ് ജഡികമായ പാപത്തിൽ വീണു.
കാപ്പിപ്പൊടി അച്ചൻ എന്നറിയപ്പെടുന്ന ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം കേൾക്കുക. (വീഡിയോ കാണുക)
Also Read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ!
Also Read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ
Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.
Also Read ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം