Home Blog Page 10

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 15

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 15

മാന്തോപ്പിൽ തറവാടിന്റെ മുറ്റത്ത്‌ ഒരു വലിയ പന്തൽ ഉയർന്നു !
പന്തലിന്റെ മദ്ധ്യത്തിൽ, വെള്ളത്തുണി വിരിച്ച മേശയിൽ , അലങ്കരിച്ച ശവപ്പെട്ടിയിൽ തോമസിന്റെ ചേതനയറ്റ ശരീരം പൊതുദർശനത്തിനു വച്ചിരിക്കുന്നു. വെള്ള ഷർട്ടും വെള്ളമുണ്ടും അണിഞ്ഞു കയ്യിൽ ക്രൂശിത രൂപവുമായി മിഴികൾ പൂട്ടി കിടക്കുകയാണ് തോമസ് .

മേരിക്കുട്ടിയും അലീനയും ജാസ്മിനും അടുത്തിരുന്ന് ഏങ്ങിയേങ്ങി കരയുന്നുണ്ട് . ക്ഷീണിതമായ ആ മുഖങ്ങളിൽ കണ്ണീരൊഴുകിയ പാടുകൾ തെളിഞ്ഞു കാണാം.

തോമസിന് അന്തിമോപചാരമർപ്പിക്കാൻ ആളുകൾ വന്നും പോയുമിരുന്നു. കോളജില്‍ നിന്ന് ജാസ്മിന്റെ സഹപാഠികളും അദ്ധ്യാപകരും വന്ന് മൃതദേഹത്തിൽ റീത്ത് വച്ചു പ്രാർത്ഥിച്ചു. കൂട്ടുകാരികളെ കണ്ടതും ജാസ്മിൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി . തളർന്നു വീഴാൻ തുടങ്ങിയ അവളെ സഹപാഠികൾ താങ്ങി . ആശ്വാസവാക്കുകൾ പറഞ്ഞു സമാധാനിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളൊക്കെ വിഫലമായി. രേവതിയും ചിഞ്ചുവും രാജിയും അവൾക്കു മുഖം കൊടുക്കാതെ മാറിനിന്നതേയുള്ളൂ.

സംസ്കാരശുശ്രൂഷകൾക്കു സമയമായപ്പോൾ പള്ളിയിൽ നിന്ന് അച്ചനും കപ്യാരും എത്തി. അപ്പോഴേക്കും പന്തലിൽ ആളുകൾ നിറഞ്ഞു കവിഞ്ഞിരുന്നു .
പ്രാർത്ഥന കഴിഞ്ഞു തോമസിന്റെ ഭൗതികശരീരം പന്തലിൽ നിന്നെടുക്കാൻ നേരം ജാസ്മിനും അലീനയും മേരിക്കുട്ടിയും പപ്പക്ക് അന്ത്യചുംബനം നൽകി. പപ്പയെ കെട്ടിപ്പിടിച്ചു ജാസ്മിൻ പതം പെറുക്കി കരഞ്ഞു.

തോമസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാൽനടയായാണ് പള്ളിയിലേക്ക് നീങ്ങിയത് .പെട്ടിയുടെ ഒരറ്റത്ത്‌ ടോണിയും പിടിച്ചിരുന്നു.

തോമസിനെ യാത്രഅയക്കാൻ പള്ളിമുറ്റത്തും ഒരുപാട് ആളുകൾ കാത്തുനിന്നിരുന്നു. സെമിത്തേരിയിലെ പ്രാർത്ഥന കഴിഞ്ഞു പെട്ടി അടച്ചതും അലീനയും ജാസ്മിനും പൊട്ടി കരഞ്ഞു . മേരിക്കുട്ടി മാനസികനില തെറ്റിയതുപോലെ ഓരോന്നു പുലമ്പിക്കൊണ്ടിരുന്നു. മൃതശരീരം കല്ലറയിലേക്ക് ഇറക്കിയപ്പോൾ അവസാനമായി ഒരിക്കൽക്കൂടി കാണാൻ ജാസ്മിൻ എത്തിനോക്കി. പെട്ടിയുടെ മുകളിലേക്ക് ഒരുപിടി മണ്ണ് വാരിയിട്ടിട്ട് വാടിത്തളർന്ന ചേമ്പിൻതണ്ടുപോലെ അവൾ കൂട്ടുകാരിയുടെ തോളിലേക്ക് ചാഞ്ഞു .

എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും ജാസ്മിന്‍ കുഴഞ്ഞു വീണുപോയിരുന്നു. താന്‍ കാരണമാണു പപ്പ മരിച്ചതെന്ന കുറ്റബോധം അവളെ വല്ലാതെ തളർത്തി . ആ വിവാഹത്തിനു താന്‍ സമ്മതിയ്ക്കാതിരുന്നത് പപ്പയെ ഒരുപാടു വേദനിപ്പിച്ചു കാണും! ആ വേദന താങ്ങാനാവാതെയല്ലേ പപ്പ മരിച്ചത്? സ്വര്‍ഗ്ഗത്തിലിരുന്ന് പപ്പ തന്നെ ശപിക്കുന്നുണ്ടാവില്ലേ ? ഒരുപാട് ചിന്തകൾ അവളുടെ മനസിൽ കിടന്നു പുകഞ്ഞു കത്തി .

കിടപ്പുമുറിയിലെ കട്ടിലിൽ കിടന്ന് ചങ്കുപൊട്ടി അവള്‍ കരയുന്നതു കണ്ടപ്പോൾ ആഗ്നസും അനുവും അടുത്തുവന്നിരുന്നു ആശ്വസിപ്പിയ്ക്കാന്‍ നോക്കി. അവളുടെ ഹൃദയത്തിന്റെ വേദന കുറയ്ക്കാൻ പക്ഷേ , ആരുടേയും ആശ്വാസവാക്കുകൾക്കു കഴിഞ്ഞില്ല .

ഇരുട്ടു വീണപ്പോഴേയ്ക്കും ബന്ധുക്കളും അയല്‍ക്കാരും ഒന്നൊന്നായി പിരിഞ്ഞു .
ജാസ്മിന്‍റെ അമ്മാവന്‍ കുര്യാക്കോസും, അമ്മായിയും, ആഗ്നസും, അനുവും ടോണിയും മാത്രം അവര്‍ക്ക് ആശ്വാസം പകരാന്‍ ആ വീട്ടില്‍ തങ്ങി.

ജാസ്മിന്റെ കരച്ചില്‍ അടങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ കുര്യാക്കോസ് പറഞ്ഞു.
“മരിച്ചുപോയവരെ ഓര്‍ത്ത് ഇനി ഇങ്ങനെ കരഞ്ഞു പിഴിഞ്ഞിരുന്നിട്ടെന്താ കാര്യം ? അവരു തിരിച്ചു വര്വോ? എണീറ്റുപോയി ഇത്തിരി ചൂടുകഞ്ഞി കുടിക്കാൻ നോക്ക് … ഇന്നലെ മുതല് വയറു പട്ടിണിയല്ലേ ?”
അത് കേട്ടതും ആഗ്നസ് അടുക്കളയില്‍ ചെന്ന് ചൂടുകഞ്ഞിയും അച്ചാറും വിളമ്പി ഡൈനിങ് ടേബിളിൽ വച്ചു . എന്നിട്ടു വന്നു അലീനയെയും ജാസ്മിനെയും മേരിക്കുട്ടിയെയും പിടിച്ചെഴുന്നേല്പിച്ചുകൊണ്ടുപോയി ടേബിളിനു സമീപം കസേരയിലിരുത്തി . അലീനയും മേരിക്കുട്ടിയും കഞ്ഞികുടിക്കാൻ തുടങ്ങിയെങ്കിലും ജാസ്മിൻ കഴിക്കാൻ കൂട്ടാക്കാതെ മേശയിലേക്കു മുഖം ചായ്‌ച്ചു കിടന്നതേയുള്ളു . ഒടുവിൽ ടോണി വന്നു നിർബന്ധിച്ചപ്പോഴാണ് അവൾ അല്പമെങ്കിലും കഴിച്ചത്.


ഭര്‍ത്താവിന്റെ വേര്‍പാട് മേരിക്കുട്ടിയെയും വല്ലാതെ തളര്‍ത്തിയിരുന്നു . ആ കണ്ണുകള്‍ പിന്നീട് തോര്‍ന്നതേയില്ല. തോമസിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ജാസ്മിന്റെ തലയിൽ കെട്ടിവച്ചു അവർ കൂടെക്കൂടെ അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
” ആ കല്യാണത്തിന് നീ സമ്മതിക്കാതിരുന്നതുകൊണ്ടുമാത്രമാ പപ്പ ഇത്രവേഗം നമ്മളെ വിട്ടുപോയത് ”
ആ കുറ്റപ്പെടുത്തൽ അവളുടെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി . ആ വീട്ടിലെ കളിയും ചിരിയും അതോടെ അസ്തമിച്ചു. മേരിക്കുട്ടി ആരോടും അധികം സംസാരിക്കാതെയായി. ജാസ്മിൻ പപ്പയുടെ ഫോട്ടോ എടുത്തുവച്ച് അതില്‍ നോക്കിയിരുന്നു മിഴിനീരൊഴുക്കും .
വൈകാതെ ഹോസ്റ്റലില്‍ നിന്ന് പെട്ടിയും സാമാനങ്ങളുമെടുത്ത് അവൾ വീട്ടിലേക്കു താമസം മാറ്റി.
ഒരു ദിവസം മേരിക്കുട്ടിയുടെ സഹോദരൻ കുര്യാക്കോസ് പതിവില്ലാതെ വീട്ടില്‍ വന്നു. അലീനയ്ക്ക് ഒരു വിവാഹാലോചനയുമായാണ്‌ വന്നത്.
ചെക്കന്‍ രണ്ടാം കെട്ടുകാരനാണ്. വയസു മുപ്പത്തിഏഴ് . ആദ്യവിവാഹത്തിൽ ആറുവയസുള്ള ഒരു മകനുണ്ട്. സ്ത്രീധനമായി ഇഷ്ടമുള്ളതു കൊടുത്താല്‍ മതി. ചെക്കന്റെ വീതത്തില്‍ മൂന്നേക്കർ സ്ഥലവും ഇരുനില വാര്‍ക്കവീടുമുണ്ട്.
കുര്യാക്കോസ് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ജാസ്മിന്‍ പറഞ്ഞു.
“എന്തൊക്കെ ഒണ്ടെന്നു പറഞ്ഞാലും ആളു രണ്ടാംകെട്ടുകാരനല്ലേ അങ്കിള്‍? പേരെങ്കില്‍ വയസു മുപ്പത്തേഴും “
“എന്നാ നീ പോയി ഒരൊന്നാംകെട്ടുകാരനെ കൂട്ടിക്കൊണ്ടുവാ .” കുര്യാക്കോസ് അവളെ നോക്കി കണ്ണുമുഴുപ്പിച്ചു. ” കെട്ടു രണ്ടായാലും മൂന്നായാലും അയാള്‍ക്ക് സുഖമായി ജീവിയ്ക്കാനുള്ള സ്വത്തുണ്ട്. ദൈവം സഹായിച്ച് ആരോഗ്യത്തിനും കുറവില്ല. അതുപോരെ ?”
”പോരാ ”
” പിന്നെ എന്നാ വേണം ? അമ്പാനിയുടെ മകനെ കൊണ്ടുവരണോ ?”രൂക്ഷമായി നോക്കിക്കൊണ്ടു കുര്യക്കോസ് തുടർന്നു : ”ഒരു പാട് ആലോചനകള്‍ വന്നതല്ലേ ? ഒന്നെങ്കിലും നടന്നോ? ഇപ്പം വയസെത്രയായീന്നാ വിചാരം? പഠിപ്പും ജോലിം ഇല്ലാത്ത പെണ്ണിനെ പിച്ചക്കാര്‍ക്കു പോലും വേണ്ടാത്ത കാലമാ. പോരെങ്കിൽ ഭ്രാന്തുപിടിച്ചു ആശുപത്രീൽ കിടന്ന പെണ്ണും . ”
”അങ്കിൾ എന്താ ഈ പറയുന്നേ ?” ജാസ്മിന് ദേഷ്യം വന്നു .
” നീയാ നിന്റെ അപ്പനെ കൊന്നത് . ഇനി അമ്മയെയും കൂടി കൊല്ലണോ നിനക്ക് ?” കുര്യാക്കോസ് മേരിക്കുട്ടിനെ നോക്കി തുടർന്നു :
”മേരിക്കുട്ടി പറ, എന്താ ചെയ്യേണ്ടത്?”
“അതിപ്പം അലീനേടെ സമ്മതം ചോദിയ്ക്കാതെ…” മേരികുട്ടി തപ്പി തടഞ്ഞു.
”എന്നാ വിളിച്ചു ചോദിക്ക് ”
സംസാരം കേട്ട് , കിടപ്പുമുറിയിലായിരുന്ന അലീന ഡ്രോയിങ് റൂമിലേക്ക് വന്നു.
“അമ്മയ്ക്കിഷ്ടാണെങ്കില്‍ അയാളോടു വരാന്‍ പറഞ്ഞോളൂ.”
അതു കേട്ടപ്പോള്‍ കുര്യാക്കോസിന്‍റെ മുഖം തെളിഞ്ഞു:
“അങ്ങനാ വിവരമുള്ള പെണ്ണുങ്ങള്. ചെക്കനിത്തിരി പ്രായം കൂടീന്നുള്ളത് ഒരു കുറവല്ല . അലീനേം എല്ലാം തെകഞ്ഞവളല്ലല്ലോ. എത്ര ആലോചനവന്നതാ. പെണ്ണ് മാനസിക നില തെറ്റി ആശുപത്രിയിൽ കിടന്നതാണെന്നു കേൾക്കുമ്പം വരുന്നവരൊക്കെ ജീവനുംകൊണ്ട് പായുകാ ”
അമ്മാവന്റെ സംസാരം കേട്ടപ്പോള്‍ ജാസ്മിനു വല്ലാതെ ദേഷ്യംവന്നു.
“അതൊക്കെ ഇപ്പം പറയുന്നതെന്തിനാ?”
“പറയുമ്പം എല്ലാം പറയയണമല്ലോ ?”
അലീനയുടെ കണ്ണു നിറഞ്ഞത് ജാസ്മിന്‍ ശ്രദ്ധിച്ചു. അവള്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
‘സത്യം പറ ചേച്ചീ . ചേച്ചിയ്ക്കിഷ്ടമാണോ ഈ ആലോചന ?”
“ഇഷ്ടമാണെന്നവളു പറഞ്ഞല്ലോ? പിന്നെ നിനക്കെന്താടി ഇത്ര ചൊറിച്ചില്?”
കുര്യാക്കോസ് കണ്ണുരുട്ടിക്കൊണ്ട് ജാസ്മിന്റെ അടുത്തേക്ക് പാഞ്ഞു വന്നു. ജാസ്മിന്‍ അമ്മയെയും അങ്കിളിനെയും മാറി മാറി നോക്കിക്കൊണ്ടു പറഞ്ഞു .
“നിങ്ങള്‍ക്കെല്ലാവര്‍ക്കും ചേച്ചിയെ ഇവിടുന്നു എങ്ങനെങ്കിലും ഒന്നിറക്കി വിടണമെന്നേയുള്ളൂ . ചേച്ചീടെ ഭാവിയെപ്പറ്റി ആരും ഒന്നും ചിന്തിയ്ക്കുന്നില്ല.”
”നീ മിണ്ടിപ്പോകരുത്.” മേരിക്കുട്ടി മകളെ ശാസിച്ചു. “നീ കാരണമാ പപ്പാ മരിച്ചത്. ഇനി എന്റെ ശവം കൂടി കാണണോ നിനക്ക് ? എന്തു ചെയ്യണമെന്നു ഞങ്ങള് തീരുമാനിച്ചോളാം. നീ അഭിപ്രായം പറയണ്ട ”
“തീരുമാനിച്ചോ. പക്ഷേ ചേച്ചീടെ ഇഷ്ടം കൂടി നോക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ.”
“എനിക്കിഷ്ടമാ. ഏതു കോന്തനെ കൊണ്ടുവന്നാലും ഞാന്‍ തലകുനിച്ചു തന്നേയ്ക്കാം. പോരെ ?എന്നെപ്രതി ആരും ഇനി ഇവിടെ വഴക്കു കൂടണ്ട.”
അത്രയും പറഞ്ഞിട്ട് അലീന വേഗം മുറിയിലേയ്ക്കു കയറിപ്പോയി.
കുര്യാക്കോസിനു സന്തോഷമായി.
മേരിക്കുട്ടിയ്ക്കു സന്തോഷമോ ദുഃഖമോ തോന്നിയില്ല. എങ്ങനെയും മകളുടെ കഴുത്തില്‍ ഒരു താലി വീണു കാണണമെന്നേ അവര്‍ ആഗ്രഹിച്ചുള്ളൂ.
ചേച്ചിയുടെ ദുര്‍വിധിയോര്‍ത്ത് ജാസ്മിന്‍ സങ്കടപ്പെട്ടു. പപ്പ മരിച്ചതോടെ അമ്മയ്ക്ക് എല്ലാവരോടും ദേഷ്യമാണ്. താനും ചേച്ചിയും അമ്മയുടെ കണ്ണില്‍ ഇപ്പോൾ ഒരുഭാരമാണ് .
ഒരു രണ്ടാം കെട്ടുകാരനെ കല്യാണം കഴിച്ചാല്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ പറ്റുമോ ചേച്ചിയ്ക്ക്?
താന്‍ ഡോക്ടര്‍ ടോണിയെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുന്നതു കാണുമ്പോള്‍ ചേച്ചിയ്ക്കു സങ്കടം വരില്ലേ?
കുര്യാക്കോസങ്കിള്‍ പോയി കഴിഞ്ഞപ്പോള്‍ ജാസ്മിന്‍ അലീനയുടെ അടുത്തു ചെന്നു.
“ഈ ആലോചന വേണോ ചേച്ചീ? അയാളു രണ്ടാം കെട്ടുകാരനല്ലേ?”
അതു കേട്ടു മേരിക്കുട്ടി മുറിയിലേക്കു പാഞ്ഞു വന്നിട്ടു അവളോട് ദേഷ്യപ്പെട്ടു.
“ഇനി ഓരോന്നു പറഞ്ഞ് അവളുടെ മനസുമാറ്റാന്‍ നോക്കിക്കോ” മേരികുട്ടി ജാസ്മിനെ നോക്കി കൈചൂണ്ടി അലറി “ഒരു കാര്യം പറഞ്ഞേക്കാം. കല്യാണം ഉറപ്പിച്ചിട്ട് എന്നെയെങ്ങാനും നാണം കെടുത്തിയാല്‍ കിണറ്റില്‍ ചാടി ഞാൻ ചാകും . പിന്നെ നിങ്ങൾക്ക് അപ്പനും കാണില്ല അമ്മയും കാണില്ല .”
അലീന ഭയന്നു പോയി.
“അമ്മ പേടിക്കണ്ട . ആര് എന്തൊക്കെ പറഞ്ഞാലും അമ്മക്കിഷ്ടപ്പെടുന്ന ആളിനെ ഞാന്‍ വേണ്ടാന്നു പറയില്ല. ”
“ഒരു പാട് ആഗ്രഹിച്ചാ ഒന്നും നടക്കിയേല മോളേ. എന്റെ കണ്ണടയുന്നേനു മുമ്പ് നിങ്ങളെ രണ്ടുപേരെയും ഒരു കരപറ്റിയ്ക്കണ്ടേ ? എന്‍റെ കണ്ണടഞ്ഞാ നിങ്ങളെ ആരു നോക്കും.?”
മേരിക്കുട്ടി സഹതാപത്തോടെ മകളെ നോക്കി.
“അതിനു അമ്മയോട് എനിക്കു ദേഷ്യമൊന്നും ഇല്ലല്ലോ ! എന്‍റെ തലേവര പോലെയേ എല്ലാം നടക്കൂ.” അലീനയുടെ കണ്ഠം ഇടറി .
ജാസ്മിന്‍ എല്ലാം കേട്ട് ചിന്താമൂകനായി താടിക്കു കയ്യും കൊടുത്തു നിന്നതേയുള്ളു .
പിറ്റേ ശനിയാഴ്ച ടോണി വീട്ടില്‍ വന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ അവള്‍ ഓടി അവന്റെ വീട്ടിൽ ചെന്നു .
വീടിന്‍റെ കിഴക്കുവശത്ത് പറമ്പിൽ വാഴ നടുകയായിരുന്നു ടോണി. ജാസ്മിന്‍ ഉത്സാഹത്തോടെ അടുത്തു ചെന്നു.
“നല്ല ആളാ! വന്നിട്ട് ഇത്രേം നേരായിട്ടും എന്നെ ഒന്ന് വന്നു കാണാന്‍ തോന്നിയില്ലല്ലോ . ഒന്ന് വിളിക്കപോലും ചെയ്തില്ല ” അവൾ പരിഭവം പറഞ്ഞു.
”നേരം കിട്ടിയില്ല.”
“പപ്പ മരിച്ചു കഴിഞ്ഞപ്പം ഞങ്ങളെയൊക്കെ മറന്നോ?”
“ആരെയൊക്കെ മറന്നാലും എനിയ്ക്കു നിന്നെ മറക്കാന്‍ പറ്റ്വോ? എന്നെ സ്നേഹിച്ചു കൊന്നവളല്ലേ നീ.”
“സ്നേഹിച്ചു കൊന്നവളോ? പുതിയ വാക്കുകളൊക്കെ എവിടുന്നു കിട്ടി? അതൊരു സുഖമില്ലാട്ടോ. കൊല്ലുകാന്നൊക്കെ കേള്‍ക്കുമ്പം ഒരു പേടിയാ തോന്നുക.”
“പേടിയ്ക്കാന്‍ പോകുന്നല്ലേയുള്ളൂ.”
“അതെന്താ അങ്ങനെ പറഞ്ഞത്?”
“അല്ല….നമ്മുടെ ലവ് അഫയര്‍ അമ്മ അറിയുമ്പം…” ടോണി ഉരുണ്ടു കളിച്ചു.
“അമ്മ എതിര്‍ക്കില്ലാന്നെനിക്കുറപ്പാ. മകള് ഒരു ഡോക്ടറെ പ്രേമിക്കുന്നൂന്ന് കേട്ടാ ഏതമ്മയാ സന്തോഷിക്കാതിരിക്ക്യാ? അതും നല്ലസ്വാഭാവക്കാരനായ, ചെറുപ്പം മുതലേ അറിയാവുന്ന ഒരു പയ്യനെ . പോരെങ്കില്‍ സ്ത്രീധനോം കൊടുക്കണ്ട. ജാതീം മതോം ഒന്നു തന്നെയുമാ. പിന്നെന്താ തടസം?”
“സ്ത്രീധനം വേണ്ടാന്നാരു പറഞ്ഞു?”
ടോണി ചിരിച്ചുകൊണ്ട് ചോദിച്ചു .
“ഞാന്‍ പറഞ്ഞു. ” ജാസ്മിന്‍ ഗൗരവം നടിച്ചുകൊണ്ടു തുടര്‍ന്നു. “നയാ പൈസ സ്ത്രീധനമായിട്ട് എന്‍റെ കയ്യീന്ന് കിട്ടുമെന്ന് വിചാരിക്കണ്ട . അതോര്‍ത്ത് എന്റെ പൊന്നുമോന്‍ മനപ്പായസം ഉണ്ണണ്ടാട്ടോ . ചിലപ്പം കുറച്ചു സ്വർണം തരുവായിരിക്കും . അത്രേയുള്ളൂ. ”
“എങ്കില്‍ വേറെ പയ്യനെ നോക്കിയാ മതി.”
“നോക്കിക്കോട്ടെ?”
“നോക്കിക്കോ…”
“ചക്കരേ തേനേന്നു വിളിച്ചു പിന്നെ പിറകെ വന്നേക്കരുത്.”
“ഇല്ല….”
“അയ്യടാ, അങ്ങനിപ്പം നോക്കുന്നില്ല. എനിക്കീ പയ്യനെ തന്നെ മതി . ”
മുഷ്ടിചുരുട്ടി ടോണിയുടെ പുറത്തു മൃദുവായി ഒന്നിടിച്ചിട്ട് ജാസ്മിന്‍ തുടര്‍ന്നു. “മനസിലു വേറെ വല്ല വിചാരോം ഒണ്ടെങ്കില്‍ അത് ഇപ്പഴേ കളഞ്ഞേക്ക് കേട്ടോ. ഈ ജാസ്മിൻകുട്ടിയെയല്ലാതെ വോറൊരാളെ ചിന്തിക്കുകപോലും ചെയ്തേക്കരുത് ”
ടോണി വികൃതമായി ചിരിച്ചു . ഉള്ളിൽ അമർഷം തിളച്ചുപൊന്തിയെങ്കിലും പാടുപെട്ടു നിയന്ത്രിച്ചു . അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ആലോചിച്ചു നില്കുന്നത് കണ്ടപ്പോൾ അവൾ ചോദിച്ചു
“ആശാന്‍ എന്താലോചിക്ക്യാ?”
ആ ചോദ്യം അവനെ ചിന്തയില്‍ നിന്നുണര്‍ത്തി.
“ഒന്നുമില്ല.”
”കുറച്ചു നേരം മനസു വേറെങ്ങോ ആയിരുന്നല്ലോ?”
“ഞാന്‍ പെട്ടെന്നു തന്‍റെ പപ്പയെ കുറിച്ചോര്‍ത്തുപോയി.”
ടോണി ഒരു കള്ളം പറഞ്ഞു.
” അക്കാര്യം എന്നെ ഓര്‍മ്മിപ്പിയ്ക്കാതെ. എനിയ്ക്കു സങ്കടം വരും.. ങ്ഹ…ടോണി അറിഞ്ഞോ. ചേച്ചിക്കൊരു കല്യാണാലോചന.”
“എവിടുന്ന്?”
അവള്‍ എല്ലാം വിശദീകരിച്ചിട്ടു പറഞ്ഞു.
“ചേച്ചിയ്ക്കാകെ സങ്കടമാ. എന്നാലും അമ്മയെ വിഷമിപ്പിയ്ക്കാതിരിക്കാന്‍ സന്തോഷം അഭിനയിക്ക്വാ ”
ടോണി ഒന്നും മിണ്ടിയില്ല.
“ടോണീടെ അഭിപ്രായമെന്താ? ഈ കല്യാണം നടത്തണോന്നാണോ വേണ്ടെന്നാണോ?”
“എന്‍റഭിപ്രായത്തില്‍ ഇതാലോചിക്കേണ്ടത് ഇയാള്‍ക്കാ. കേട്ടിട്ട് ഇത് ഇയാള്‍ക്ക് നന്നായിട്ട് ചേരും.”
“ഇടിച്ചു ചമ്മന്തിയാക്കും, ട്ടോ.” കൈ ചുരുട്ടിക്കൊണ്ട് അവള്‍ ടോണിയുടെ നേരെ വന്നപ്പോൾ ടോണി പിന്നോക്കം മാറി .
”പഴയസ്നേഹമൊന്നും ഇപ്പം ടോണിക്കില്ല . എന്നാ പറ്റി ഒരു മ്ലാനത ? ”
‘ഏയ് , പ്രത്യേകിച്ചൊന്നുമില്ല ”
പറമ്പിലെ പണി നിറുത്തിയിട്ട് തൂമ്പയുമായി ടോണി വീട്ടിലേയ്ക്കു നടന്നു. ഓരോന്നു സംസാരിച്ചുകൊണ്ട് ഒപ്പം ജാസ്മിനും.
തൂമ്പ വിറകുപുരയിൽ വച്ചിട്ട് ടോണി കയ്യും കാലും നന്നായി കഴുകി.
ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ആഗ്നസും അനുവും പള്ളിയില്‍ ധ്യാനത്തിനു പോയിരിക്കയായിരുന്നു.
ടോണിയോടൊപ്പം ജാസ്മിന്‍ അയാളുടെ കിടപ്പുമുറിയിലേക്ക് കയറി. മുറി ആകമാനമൊന്നു വീക്ഷിച്ചിട്ട് അവള്‍ സ്വാതന്ത്ര്യത്തോടെ കബോർഡിലിരുന്ന ഒരോ സാധനങ്ങളുമെടുത്തു നോക്കിയിട്ട് തിരികെ അവിടെതന്നെ വച്ചു .
പെട്ടെന്നാണ് ഒരു പെൻഡ്രൈവ് കബോർഡിൽ ഇരിക്കുന്നതവള്‍ കണ്ടത്.
“ഇതിനകത്തെന്താ, സിനിമയാണോ ടോണി ?”
പെൻഡ്രൈവ് എടുത്തു ടോണിയുടെ നേരെ നീട്ടിക്കൊണ്ടു ചോദിച്ചു .
“ഉം.”
“എന്തു സിനിമയാ?”
“ഒരു ഹൊറര്‍ മൂവിയാ . കാണണോ?”
“പേടിക്ക്വോ?”
“പേടിക്കുകമാത്രമല്ല. പേടിച്ചു കരയും. “
“ഇംഗ്ലീഷാ?”
“അല്ല, മലയാളമാ.”
“മലയാളമോ? എന്താപേര്?”
“ഇരട്ട മുഖമുള്ള യക്ഷി.”
“അങ്ങനെയൊരു സിനിമയേക്കുറിച്ചു ഞാന്‍ കേട്ടിട്ടേയില്ലല്ലോ? പുതിയതാണോ ?”
” റിലീസായതല്ല ”
”ആരൊക്കെയാ അഭിനയിക്കുന്നത്?”
“എല്ലാം പുതുമുഖങ്ങളാ .”
“ഒന്ന് കാണിക്ക്വോ ? പ്ലീസ്.”
ജാസ്മിന്‍ നിര്‍ബ്ബന്ധിച്ചു.
“ഇയാളു പേടിച്ചു ബോധം കെട്ടു വീഴും.”
“ടോണി അടുത്തിരിക്കുമ്പം എനിക്കു പേടിയോ. ഇതാ ലാപ്ടോപ്പിലേക്കു കുത്തി ഒന്ന് കാണിച്ചേ . നോക്കട്ടെ പേടിയ്ക്കുമോന്ന്. “
ജാസ്മിന്‍ ഒട്ടും വിചാരിച്ചില്ല ഈ ‘സിനിമ’യിലെ കഥാപാത്രങ്ങള്‍ താനും, സതീഷും രേവതിയും ചിഞ്ചുവുമെല്ലാമാണെന്ന സത്യം.
ടോണി ഒരു നിമിഷം ആലോചിച്ചു.
ഇപ്പോള്‍ ഇത് കാണിയ്ക്കണോ ? കാണിയ്ക്കാം. കണ്ടു ഞെട്ടി വിറക്കട്ടെ അവൾ . ടോണി ഐസക് ഒരു വിഢിയല്ലെന്ന് അവൾ മനസിലാക്കട്ടെ.
ടോണി എണീറ്റ് മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് തുറന്നു പവർ സ്വിച്ചിൽ വിരൽ അമർത്തി . അത് ബൂട്ട് ചെയ്തു വരുന്നത് നോക്കി ജാസ്മിൻ അവന്റെ സമീപം കസേര വലിച്ചിട്ടിരുന്നു .
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

നോക്കണ്ട ഉണ്ണീ, ഇത് മൈക്കാട് ബംഗാളി ബാബു അല്ല. ഫാ.ജോൺസൺ ആണ്

0
ഒരു നിര്‍ധന കുടുംബത്തിന് വീട് വച്ചു കൊടുക്കുന്നതിലെ നിർമ്മാണ കമ്മറ്റി കണ്‍വീനറാണ് ജോണ്‍സണച്ചന്‍

നോക്കണ്ട ഉണ്ണീ, ഇത് മൈക്കാട് ബംഗാളി ബാബു അല്ല. ട്രാക്ക് സ്യൂട്ടും ബൂട്ടും ധരിച്ച് തലയില്‍ തോര്‍ത്തുമുണ്ടുകൊണ്ട് ഒരു കെട്ടും കെട്ടി സിമന്റും മണലും കൂട്ടിക്കുഴയ്ക്കുന്ന ബാബുവിനെയും വെല്ലുന്ന ഈ മൈക്കാടിന്റെ പേര് ഫാദർ ജോണ്‍സണ്‍ പള്ളിപ്പടിഞ്ഞാറേതില്‍ എന്നാണ്. നിലമ്പൂര്‍ എടക്കരയിലെ കരുനെച്ചി ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര കത്തോലിക്കാ പള്ളിയിലെ വികാരിയാണ് ജോൺസൺ അച്ചൻ.

ഒരു നിര്‍ധന കുടുംബത്തിന് വീട് വച്ചു കൊടുക്കുന്നതിലെ നിർമ്മാണ കമ്മറ്റി കണ്‍വീനറാണ് ജോണ്‍സണച്ചന്‍. വീട് വച്ചുകൊടുക്കുന്ന കുടുംബത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്. അവരെ വിവാഹം കഴിപ്പിച്ചുവിട്ടു. അവരുടെ രോഗികളായ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് വീട് നിര്‍മാണം. വീട് വെച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്കാര്‍ക്ക് സ്ഥലത്തു വന്നുനിന്ന് വീട് പണി ചെയ്യിപ്പിക്കാന്‍ നിര്‍വാഹവുമില്ല. അതിനാല്‍ ആ ഉത്തരവാദിത്വം അച്ചനങ്ങ് ചെയ്യാമെന്ന് വച്ചു.

സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ നിരവധി പേരുടെ സഹായഹസ്തങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് വീട് നിര്‍മാണം പുരോഗമിക്കുന്നത്. ഒരു ഭാഗത്ത് മാറി നിന്ന് നിര്‍ദ്ദേശം കൊടുക്കുന്നതിലും നല്ലത് കൂടെ നിന്ന് പണിയെടുക്കുകയാണെന്നാണ് അച്ചന്റെ അഭിപ്രായം.

പുരോഹിതനായ ശേഷം പുല്‍പ്പള്ളി പഴശിരാജ കോളേജിലെ അസി. പ്രൊഫസര്‍ ആയിട്ടാണ് സഭ അച്ചനെ നിയോഗിച്ചത്. എന്നാല്‍ അധ്യാപനത്തെക്കാളും അച്ചന് ഇഷ്ടം ഇടവകശുശ്രൂഷയായിരുന്നു. അതിനാല്‍ പഴശ്ശിയോട് വിടപറഞ്ഞു. വയനാട് കാട്ടിക്കുളം സ്വദേശികളായ മാതാപിതാക്കളുടെ മകനാണ് ഫാ. ജോണ്‍സണ്‍. അഭിനന്ദനങ്ങൾ പ്രിയ പുരോഹിതാ..

ഒരാൾക്ക് 100 രൂപ കൊടുത്ത് അതിന്റെ ഫോട്ടോയെടുത്ത് വൈറലാക്കി, സഹായം വാങ്ങാൻ വിധിക്കപ്പെട്ടവനെക്കൂടി സമൂഹത്തിൽ അപമാനിക്കുന്ന നന്മമരങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം വ്യത്യസ്ത കാഴ്ചകൾ നൽകുന്നത് സന്തോഷം മാത്രമല്ല… പ്രതീക്ഷകൾ കൂടിയാണ് .

  • എഴുതിയത് : ഷോബിൻ അലക്സ് മാളിയേക്കൽ

വാൽകഷ്ണം : ”ഏറ്റവും മനോഹരമായ സുവിശേഷപ്രസംഗം നടത്തേണ്ടത് നാവുകൊണ്ടല്ല. കൈകൾകൊണ്ടും ഹൃദയം കൊണ്ടുമാണെന്ന് വായിച്ചിട്ടുള്ളത് ഓർക്കുന്നു.” – Jibin Mathew

Read Also ”നിങ്ങൾ കുർബാന എങ്ങോട്ട് തിരിഞ്ഞു ചൊല്ലുന്നു എന്നതിലല്ല, മുൻപിൽ നിൽക്കുന്ന വിശ്വാസിയുടെ ഹൃദയത്തിൽ കൊള്ളുന്നുണ്ടോ എന്നതാണ് പ്രധാനം.”

Also Read വീട് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

Also Read ആദ്യത്തെ വീട് ദൈവാനുഗ്രഹം ഉള്ള വീട്. രണ്ടാമത്തെ വീട് കണ്ടോ, ഒരു ദൈവാനുഗ്രഹവും ഇല്ല.

Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ.

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

Also Read ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ

Also Read ഒരു മഴയും തോരാതിരുന്നിട്ടില്ല

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട്

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 14

0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 14

പൈലിയുടെ സംസാരത്തിൽ പന്തികേട് തോന്നിയ മേരിക്കുട്ടി വരാന്തയിൽ നിന്നിറങ്ങി, ഭര്‍ത്താവിന്‍റെ അടുത്തേയ്ക്കു ചെന്നു.
“എന്താ….?” അവർ ഉത്കണ്ഠയോടെ പൈലിയെ നോക്കി .
”ഒരു ചെറിയ പ്രശ്‌നം ഉണ്ട് . ഈ കല്യാണത്തിന് ഒരു ചെറിയ മാറ്റം വരുത്തണം ”
”എന്ത് മാറ്റം ?”
പൈലി എല്ലാം വിശദീകരിച്ചു.
സംഗതി കേട്ടപ്പോള്‍ മേരിക്കുട്ടി തരിച്ചു നിന്നുപോയി.
“ഇതു വല്യ ചതിയായിപ്പോയല്ലോ പൈലി.” ഇടതു കൈ താടിക്കു കൊടുത്തു മേരിക്കുട്ടി ഭർത്താവിനെ നോക്കി. തോമസും വിഷണ്ണനായി നിൽക്കുകയായിരുന്നു.
“ആ പെണ്ണ് ഒരു പാട് ആശിച്ചിരുന്നതാ. ഞങ്ങളെങ്ങനെ ഇതവളോട് പറയും?”
മേരിക്കുട്ടി സങ്കടഭാരത്തോടെ പൈലിയെ നോക്കി നിന്നു.
“നിങ്ങളു വിഷമിക്കാതിരി . അലീനയ്ക്കു വേറെ ചെറുക്കനെ ഞാന്‍ കൊണ്ടുതരാന്നേ..” ,പൈലി തുടർന്നു : “ഇതു കൈവിട്ടു കളയുന്നതു ബുദ്ധിമോശമാ. നല്ല ജോലി. നല്ല ശമ്പളം . ഇഷ്ടം പോലെ ഭൂസ്വത്ത്. കാണാന്‍ സുന്ദരൻ. സ്ത്രീധനമായിട്ടു നയാപൈസ കൊടുക്കണ്ട . ഇതിൽ കൂടുതൽ എന്നാ വേണം ?”
“ചേടത്തിയെ നിറുത്തിയിട്ട് അനിയത്തിയെ കെട്ടിയ്ക്കാനോ? പൈലി എന്താ ഈ പറയുന്നേ ?”
മേരിക്കുട്ടിയുടെ ശബ്ദം ഉയര്‍ന്നു.
“ഇപ്പഴത്തെ കാലത്ത് അങ്ങനെ ഒരുപാട് നടക്കുന്നുണ്ട്. ഞാൻ എത്രയോ എണ്ണം നടത്തിയിരിക്കുന്നു. അതൊരു തെറ്റൊന്നുമല്ല . ഇതുപോലെ എല്ലാം ഒത്ത ഒരു ബന്ധം ഇനി വരുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ” പൈലി രണ്ടു മുഖത്തേക്കും മാറിമാറി നോക്കി .
“അതിപ്പം ഞങ്ങൾ സമ്മതിച്ചാലും ജാസ്മിൻ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല . അവൾക്കു ചേച്ചി എന്ന് വച്ചാൽ ജീവനാ. അവളെ വേദനിപ്പിച്ചിട്ടു അവൾ ഒന്നും ചെയ്യില്ല .”
കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായിരുന്നു, തോമസ്.
“അലീനയ്ക്കു വേറെ ചെക്കനെ ഞാന്‍ കൊണ്ടെത്തരാന്നേ…ഒത്താൽ രണ്ടു കല്യാണവും നമുക്ക് ഒരുമിച്ചു ഒരു പന്തലിൽ നടത്താം . ”
പൈലി അങ്ങനെ പറഞ്ഞപ്പോള്‍ തോമസ് മേരിക്കുട്ടിയെ നോക്കി. മേരിക്കുട്ടി ദുഃഖഭാരത്തോടെ പറഞ്ഞു.
“ജാസ്മിന്‍ പഠിയ്ക്കുവല്ലേ?”
” അവര് പറയുകയാ കല്യാണം കഴിഞ്ഞാലും പഠിയ്ക്കാലോന്ന് . പഠിക്കാൻ പോകുന്നതിലൊന്നും അവര് എതിര് നിൽക്കില്ല ” പൈലി പിന്തിരിയാൻ തയാറായില്ല ,
“അതിനിപ്പം അവളു കൂടി സമ്മതിയ്ക്കണ്ടേ?. അവളാണേൽ ചെക്കനെ കണ്ടിട്ടില്ലല്ലോ . ”
“ചെക്കനെ നിങ്ങളു രണ്ടുപേരും കണ്ടതല്ലേ ? എന്നാ കുഴപ്പം ? കാഴ്ചയ്ക്കു ആള് സുന്ദരനല്ലേ? നല്ല തറവാട്ടുകാരുമാ. വേണമെങ്കിൽ അവനെ ഒന്നുകൂടി വിളിച്ചു വരുത്താം. വീട്ടില്‍ വന്നു കേറിയ ഈ ഭാഗ്യത്തെ ചവിട്ടിയിറക്കിവിട്ടാല്‍ പിന്നെ ദുഃഖിയ്ക്കേണ്ടിവരും.”
തോമസ് ധര്‍മ്മസങ്കടത്തിലായി. മേരിക്കുട്ടി പറഞ്ഞു.
“അതു ശരിയാവില്ല പൈലി. അലീനയ്ക്കു വെഷമമാകും.”
“അതു കുറച്ചു ദിവസത്തേയ്ക്കേ ഒണ്ടാവൂന്നേ . ഒത്താല്‍ രണ്ടുപേരുടേം കല്യാണം നമുക്ക് ഒരു പന്തലില്‍ വച്ചു നടത്താം. ഞാൻ ഓടിനടന്നൊന്നു തപ്പാം .”
“അലീനയോടും ജാസ്മിനോടും സമ്മതം ചോദിച്ചിട്ട് പിന്നെ മറുപടി പറഞ്ഞാൽ പോരെ ?”
തോമസ് ചോദിച്ചു.
“മതി . പറഞ്ഞ് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാൻ നോക്കണം . വേറെ ആലോചനക്കാര് ഓടിനടക്കുക, കൊത്തിക്കൊണ്ടു പോകാന്‍. ”
“ചെക്കനതിനു ജാസ്മിനെ കണ്ടിട്ടില്ലല്ലോ?” മേരിക്കുട്ടി പിന്നെയും ചോദിച്ചു.
“ഫോട്ടോ കണ്ടതേ അവനിഷ്ടമായി. പോരെങ്കില്‍ ചെക്കന്‍റെ വീട്ടുകാരെല്ലാം കണ്ടതല്ലേ? ജാസ്മിനെ കണ്ടാൽ ആരാ വേണ്ടാന്നു പറയുക ?.”
എന്തുവേണമെന്നു തീരുമാനിക്കാനാവാതെ തോമസ് താടിയിൽ തടവി ദൂരേക്ക് നോക്കി നിന്നു .
“ദൈവം കൊണ്ടുവന്ന ആലോചനയാ ഇതെന്ന് കരുതി ഇത് നടത്താൻ നോക്ക് . എനിക്കാതെ പറയാനുള്ളൂ . ഞാൻ ഞായറാഴ്ച വരാം .അപ്പം തീരുമാനം പറയണം. ”
അത്രയും പറഞ്ഞിട്ട് പൈലി വന്നവഴിയേ തിരിച്ചുപോയി.
മേരിക്കുട്ടി തോമസിനോട് പറഞ്ഞു.
“എല്ലാംകൊണ്ടും നല്ല ഒരാലോചനയായിരുന്നു. അതിങ്ങനെയായി.”
“നമുക്കിതു ജാസ്മിനങ്ങാലോചിച്ചാലെന്താ? നല്ല കുടുംബക്കാരല്ലേ?” – തോമസ് ചോദിച്ചു.
“അലീനയ്ക്കു വിഷമമാവില്ലേ അച്ചായാ . അവളു മനസിൽ കൊണ്ടുനടന്ന ചെക്കനല്ലേ . അവനെക്കൊണ്ട് അനിയത്തിയെ കെട്ടിക്കുകാന്നു പറഞ്ഞാൽ.. ”
”അലീനയെ പറഞ്ഞു നീ സമ്മതിപ്പിക്കാൻ നോക്ക് . ഇതിപ്പം ജാസ്മിനാണെങ്കിൽ സ്ത്രീധനമായിട്ടു നമ്മൾ ഒന്നും കൊടുക്കണ്ട . എത്ര ലക്ഷമാ നമുക്ക് ലാഭം ?സ്ത്രീധനം കൊടുക്കാതെ ഇതുപോലെ ഒരു ചെറുക്കനെ അവൾക്കു വേറെ കിട്ടുമെന്ന് തോന്നുന്നുണ്ടോ നിനക്ക് ?”
” കാര്യം നല്ലതായിരുന്നു . പക്ഷേ , അലീനക്കാലോചിച്ച ചെക്കനായിപ്പോയില്ലേ അച്ചായാ ”
” അത് സാരമില്ലെന്നേ. നീ അവളോട് കാര്യങ്ങൾ പറഞ്ഞു ഒന്ന് ബോധ്യപ്പെടുത്ത് . പൈലി പറഞ്ഞപോലെ ഒത്താൽ രണ്ടു കല്യാണവും നമുക്ക് ഒന്നിച്ചു നടത്താം”
”ഞാൻ പറഞ്ഞു നോക്കാം ”
തോമസും മേരിക്കുട്ടിയും സംസാരിച്ചുകൊണ്ടു വീടിനകത്തേക്ക് കയറി .
ടോണിയുടെ വീട്ടില്‍ പോയ അലീന മടങ്ങി വന്നപ്പോള്‍ മേരിക്കുട്ടി വിവരം പറഞ്ഞു.
ഹൃദയം തളര്‍ന്ന് വീണുപോയി അവള്‍.
മേരിക്കുട്ടി അവളെ താങ്ങിപ്പിടിച്ച് കട്ടിലില്‍ കൊണ്ടുപോയി കിടത്തി . അലീനയുടെ നെഞ്ചു വിങ്ങി കഴച്ചു.
അവളുടെ പുറത്തു തടവിക്കൊണ്ട് മേരിക്കുട്ടി തളർന്ന സ്വരത്തിൽ പറഞ്ഞു.
”സാരമില്ല മോളേ . നിനക്കിതു വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്കാൻ നോക്ക്. ”
കരയാതിരിയ്ക്കാന്‍ അലീന ചുണ്ടുകള്‍ കടിച്ചമര്‍ത്തി.
എത്ര ശ്രമിച്ചിട്ടും സങ്കടം ഒതുക്കാന്‍ കഴിഞ്ഞില്ല .
”സാരമില്ലെടി കൊച്ചേ. ഇതിനേക്കാള്‍ നല്ല ചെക്കനെ നിനക്ക് കിട്ടും. സങ്കടപ്പെടാതിരി ”
മേരിക്കുട്ടി ഓരോന്നു പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും അലീനയുടെ ഹൃദയത്തില്‍ അതൊന്നും ഏശിയില്ല . കുറെ നേരം കണ്ണീര്‍ പൊഴിച്ച് അവള്‍ അങ്ങനെ കിടന്നു.
മനസിന്‍റെ പ്രയാസം തെല്ലൊന്നു കുറഞ്ഞപ്പോള്‍ എണീറ്റു പോയി കണ്ണും മുഖവും കഴുകി .
മുഖം കഴുകിക്കൊണ്ടിരിയ്ക്കുമ്പോള്‍ മേരിക്കുട്ടി അടുത്തുചെന്നു ചോദിച്ചു.
“പൈലി പറഞ്ഞപോലെ ആ ചെക്കനെ നമുക്കു ജാസ്മിനാലോചിച്ചാലോ?”
അലീന ഒന്നും മിണ്ടിയില്ല.
“നീയെന്താ ഒന്നുംപറയാത്തെ ? നിന്‍റഭിപ്രായമറിഞ്ഞിട്ടു വേണം അവളെ വിളിച്ചു വരുത്താൻ ” – മേരിക്കുട്ടിയ്ക്കു ക്ഷമകെട്ടു.
“അമ്മക്കും പപ്പക്കും ഇഷ്ടമാണെങ്കിൽ ആലോചിച്ചോ…”
അവളുടെ ശബ്ദം പതറിയിരുന്നു.
“നിനക്കു പ്രയാസമുണ്ടോ?”
“ഞാന്‍ പ്രയാസപ്പെട്ടിട്ടെന്താകാര്യം? വിധിച്ചതല്ലേ എനിക്കു കിട്ടൂ…”
“അവളു നിന്നോടഭിപ്രായം ചോദിച്ചാല്‍ നീ സമ്മതിക്കുമോ ?”
“ഞാൻ എന്തു പറയണമെന്ന് അമ്മ പറഞ്ഞുതാ. അതുപോലെ ഞാന്‍ പറയാം. എനിക്കിനി സുഖവും ദുഃഖവുമൊന്നും ഈ ജീവിതത്തിൽ ഇല്ലമ്മേ . മരിക്കുന്നതുവരെ ഇങ്ങനെയൊക്കെയങ്ങു ജീവിച്ചു പോയാ മതി.”
അലീന പോയി ടർക്കി ടവൽ എടുത്തു കണ്ണും മുഖവും തുടച്ചു.
അന്ന് രാത്രി തോമസ് ജാസ്മിനെ ഫോണില്‍ വിളിച്ചിട്ട് അത്യാവശ്യമായി വെള്ളിയാഴ്ച വീട്ടില്‍ വരണമെന്ന് അവളോട് പറഞ്ഞു. .
വെള്ളിയാഴ്ച സന്ധ്യയായപ്പോള്‍ അവള്‍ വീട്ടില്‍ പാഞ്ഞെത്തി.
മേരിക്കുട്ടി കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. അതു കേട്ടതും ജാസ്മിന്‍ പൊട്ടിത്തെറിച്ചു.
” ചേടത്തിയെ കണ്ടിട്ട് അനിയത്തിയെ കെട്ടാന്‍ വന്നിരിക്കുന്നു ! നാണമില്ലല്ലോ അവന്! നട്ടെല്ലില്ലാത്ത ആ മനുഷ്യനോടു പോകാന്‍ പറ . എനിക്കയാളെ വേണ്ട. ”
“മോളെ…” മേരിക്കുട്ടി സ്നേഹവായ്പോടെ വിളിച്ചു.” എല്ലാംകൊണ്ടും നല്ല കുടുംബക്കാരാ . ചെറുക്കനാണെങ്കില്‍ നല്ല ജോലീം ഒണ്ട്. ഇതുപോലൊക്കെ ഒന്നൊത്തുവരാന്‍ ഇത്തിരി പ്രയാസമാ. നമുക്കിതങ്ങു നടത്താന്നേ ?”
“അമ്മ എന്താ ഈ പറയുന്നത്? ”ജാസ്മിന്‍റെ കണ്ണുകള്‍ ജ്വലിച്ചു.”ചേച്ചിയെ നിറുത്തീട്ട് എന്റെ കല്യാണം നടത്താനോ ? അതും ഞാൻ കണ്ടിട്ടുപോലും ഇല്ലാത്ത ഒരാളെക്കൊണ്ട് . അമ്മക്കെങ്ങനെ ഇത് പറയാൻ തോന്നി ?”
മേരിക്കുട്ടി വല്ലാതായി.
“അല്ല….അതിപ്പം, അലീനയ്ക്ക് എതിര്‍പ്പൊന്നുമില്ല. എതിര്‍പ്പില്ലെന്നു മാത്രമല്ല, അവളാ ഇങ്ങോട്ടു പറഞ്ഞത്. നിനക്കിതാലോചിയ്ക്കാന്‍.” മേരിക്കുട്ടി ഒരു കള്ളം തട്ടിവിട്ടു.
”അമ്മക്ക് വേറെ പണിയൊന്നുമില്ലേ? ചേച്ചിയുടെ കല്യാണം കഴിയാതെ ആരും എനിക്കു കല്യാണം ആലോചിച്ചോണ്ടു വരണ്ട ”
ജാസ്മിന്‍ ദേഷ്യപ്പെട്ടുകൊണ്ട് അവളുടെ മുറിയിലേയ്ക്കു പോയി.
അല്പം കഴിഞ്ഞ് തോമസ് അവളുടെ അടുത്തേയ്ക്കു വന്നു.
“ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ട ഒരാലോചനയാ മോളെ ഇത് . അലീനയ്ക്ക് എന്നാ തോന്നുമെന്നോര്‍ത്തു നീ വിഷമിയ്ക്കണ്ട. അവള്‍ക്കു സന്തോഷമാ. പിന്നെ നിന്റെ പഠിപ്പിന്‍റെ കാര്യാണെങ്കില്‍…..കല്യാണം കഴിഞ്ഞാലും പഠിപ്പു തുടരാന്ന് അവരിങ്ങോട്ടു പറഞ്ഞു.”
“ചേടത്തിയെ കണ്ടിട്ട് അനിയത്തിയെ കെട്ടാന്‍ വരുന്നവന്‍ എത്തരക്കാരനായിരിക്കൂന്ന് പപ്പായ്ക്കൊന്നാലോചിയ്ക്കാന്‍ മേലായിരുന്നോ? അയാളെന്നെ കെട്ടിയാലും വേറെ പെണ്ണുങ്ങളെ കണ്ടാല്‍ ആ പിറകെ പോകും.”
ജാസ്മിന്‍ കണ്ണുതുറിച്ചു തോമസിനെ നോക്കി .
“അതൊക്കെ നിന്‍റെ തെറ്റിദ്ധാരണയാ. ഞാനന്വേഷിച്ചപ്പം അവനേക്കുറിച്ചു നല്ല അഭിപ്രായമാ എല്ലാരും പറഞ്ഞത്.”
“എന്നിട്ടാണോ ചേടത്തിയെ കണ്ടിട്ട് അനിയത്തിയെ കെട്ടാന്‍ വന്നത്?”
”അതിപ്പം അവന്‍റെ നിര്‍ബ്ബന്ധം കൊണ്ടുമാത്രം ആയിരിക്കില്ല മോളേ…”
“സ്വന്തം കാലിൽ നിൽക്കാൻ കഴിവില്ലാത്തവനെ എന്റെ തലയിൽ കെട്ടിവയ്ക്കണ്ടാ . എനിക്കിഷ്ടമല്ല അയാളെ .”
തോമസ് എത്ര നിര്‍ബ്ബന്ധിച്ചിട്ടും ജാസ്മിന്‍ ആ കല്യാണത്തിനു സമ്മതം മൂളിയില്ല . തോമസിനു ദേഷ്യം വന്നു.
“നീയാരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടെങ്കില്‍ പറ, എന്നേക്കൊണ്ടു കൂടുതൽ വായലപ്പിയ്ക്കാതെ….”
“ഞാനാരേം കണ്ടുവച്ചിട്ടില്ല. എന്നാലും ഈ കല്യാണം എനിക്കു വേണ്ട.”
ജാസ്മിന്‍ തീർത്തു പറഞ്ഞു.
“പപ്പായെ വിഷമിപ്പിയ്ക്കാതെ സമ്മതിയ്ക്കു മോളെ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ആലോചനയാ ഇത്.”
മേരിക്കുട്ടി പിന്നെയും നിര്‍ബന്ധിച്ചു.
“നിങ്ങൾക്ക് ഞാനൊരു ഭാരമായിട്ടു തോന്നുന്നുണ്ടെങ്കില്‍ പറ. ഞാനെങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൊള്ളാം.”
ജാസ്മിനു ദേഷ്യവും സങ്കടവും വന്നു.
“നീയെന്താ മോളേ ഈ പറയുന്നേ?” മേരിക്കുട്ടി മകളെ ശാസിച്ചു. “നിന്‍റെ നന്മയ്ക്കുവേണ്ടി പപ്പാ ഒരു കാര്യം പറഞ്ഞപ്പം നീയിങ്ങനാണോ സംസാരിയ്ക്കുന്നത്? നിനക്കു വേണ്ടെങ്കില്‍ ഞങ്ങളു നിര്‍ബ്ബന്ധിയ്ക്കുന്നില്ല.”
“എനിയ്ക്കു വേണ്ട, വേണ്ട, വേണ്ട.”
ജാസ്മിന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ തോമസും മേരിക്കുട്ടിയും നിരാശയോടെ പിന്‍വാങ്ങി.
ഞായറാഴ്ച ബ്രോക്കര്‍ പൈലി വന്നപ്പോള്‍ തോമസ് മനോവിഷമത്തോടെ ജാസ്മിന്‍റെ തീരുമാനമറിയിച്ചു.
പൈലി അവളെ വിളിച്ചു കുറെ ഉപദേശിച്ചു നോക്കിയെങ്കിലും ജാസ്മിൻ തീരുമാനത്തില്‍ നിന്നു പിന്മാറിയില്ല . പൈലിക്കു ദേഷ്യം വന്നു.
“ഞാന്‍ പോക്വാ. ഇനി ഒരാലോചനയുമായിട്ട് ഞാനീ കുടുംബത്തിലേയ്ക്കു വര്യേല. ഇനി ഈ വീട്ടിൽ ഒരു കല്യാണം നടക്കുമെന്നും എനിക്ക് പ്രതീക്ഷയില്ല. . അലീന ഭ്രാന്തുപിടിച്ച ആശുപത്രിയിൽ കിടന്ന കഥകളൊക്കെ ഈ നാട്ടുകാർക്കു മുഴുവൻ അറിയാം. പാരമ്പര്യമായിട്ടുള്ളതെന്നാ ചിലരു പറഞ്ഞു പരത്തിയിരിക്കുന്നത് . എത്ര ചെറുക്കന്മാര് അതുകേട്ട് വേണ്ടാന്ന് പറഞ്ഞു പോയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ . ഞാനതൊന്നും ഇവിടെ വന്നു പറഞ്ഞിട്ടില്ലെന്നേയുള്ളൂ . കെട്ടാച്ചരക്കായി നിൽക്കട്ടെ രണ്ടെണ്ണവും ഇവിടെ .”
പൈലി പിറുപിറുത്തുകൊണ്ട് കലിതുള്ളി പടിയിറങ്ങിപ്പോകുന്നത് മേരിക്കുട്ടിയും തോമസും സങ്കടത്തോടെ നോക്കിനിന്നു.
അന്ന് ആ വീട്ടിൽ തോമസും മേരികുട്ടിയും പിന്നീട് ജാസ്മിനോട് സംസാരിച്ചതേയില്ല .
ഉച്ചകഴിഞ്ഞപ്പോൾ ജാസ്മിന്‍ വേഷം മാറി ബാഗുമെടുത്തു ഹോസ്റ്റലിലേയ്ക്കു മടങ്ങാൻ തയ്യാറായി. പിറ്റേന്ന് വെളുപ്പിനു പോയാല്‍ മതിയെന്ന് മേരിക്കുട്ടി പറഞ്ഞെങ്കിലും അവള്‍ വഴങ്ങിയില്ല.
ബസിലിരുന്ന് അവള്‍ ടോണിയെ ഫോണിൽ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
ടോണി ചോദിച്ചു.
“നമ്മളു തമ്മിലുള്ള അടുപ്പത്തേക്കുറിച്ചു താന്‍ പറഞ്ഞോ?”
“ഇല്ല. ഞാനാരേയെങ്കിലും കണ്ടുവച്ചിട്ടുണ്ടോന്നു പപ്പ ചോദിച്ചു. ഇല്ലെന്നു ഞാന്‍ പറഞ്ഞു.”
“അത് നന്നായി. ഒരു കാരണവശാലും നമ്മളു തമ്മിലുള്ള സ്നേഹം പുറത്തു ആരും അറിയരുത്. വീട്ടിലറിഞ്ഞാല്‍ പ്രശ്നമാകും.”
“ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങ്വായിരുന്നു. സമയമാവുമ്പം ഒരു അറേൻജ്‌ഡ്‌ മാര്യേജ് പോലെയങ്ങ് നടത്തിയാൽ മതി. ഇല്ലെങ്കിൽ നാട്ടുകാര് വേണ്ടാത്ത കഥകളൊക്കെ ഉണ്ടാക്കും ” ജാസ്മിന്‍ പറഞ്ഞു.
”അതെ, അതാ നല്ലത് . ”
“ഇനി എന്നാ ഒന്നു കാണാൻ പറ്റുക ?”
“വീട്ടില്‍ വരുന്ന ദിവസം ഞാൻ മുന്നെ വിളിച്ചു പറയാം.”
”ഉം ”
ജാസ്മിൻ കോൾ കട്ട് ചെയ്തു .
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ തോമസും മേരിക്കുട്ടിയും അലീനയുടെ വിവാഹകാര്യത്തേക്കുറിച്ചു പിന്നെയും സംസാരിച്ചു .
” പൈലി പറഞ്ഞിട്ടു പോയത് നീ കേട്ടില്ലായിരുന്നോ . വരുന്ന ആലോചനകളൊക്കെ നാട്ടുകാര് മുടക്കി വിടുകയാണെന്ന്‌. ഇനി ഒരു കല്യാണം ഈ കുടുംബത്തിൽ നടക്കുമോ മേരിക്കുട്ടി ?” തോമസിന്റെ നെഞ്ചിടിപ്പ് മേരികുട്ടിക്കു കേൾക്കാമായിരുന്നു.
” നടക്കും അച്ചായാ . അച്ചായൻ വിഷമിക്കാതിരി . നമ്മൾ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ . ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല ”
മേരിക്കുട്ടി ഭർത്താവിനെ സമാധാനിപ്പിക്കാൻ നോക്കി .
” ആ കല്യാണം മുടങ്ങീതോര്‍ക്കുമ്പം എന്‍റെ ചങ്കിനകത്തു നിന്നൊരു കേറ്റമാ മേരിക്കുട്ടി . എല്ലാം കൊണ്ടും പറ്റിയ ആലോചനയായിരുന്നു. ഇതുപോലൊന്നിനി എന്തായാലും കിട്ടുകേല.”
“കൈവിട്ടു പോയതോർത്തു മനസു വേദനിപ്പിച്ചിട്ടെന്താ കാര്യം. കിടന്നുറങ്ങാൻ നോക്ക്.”
മേരിക്കുട്ടി വലതു കൈ ചുറ്റി ഭർത്താവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ മേരിക്കുട്ടി ഉറക്കത്തിലേക്കു വീണു.
തോമസിന് ഉറക്കം വന്നില്ല. നെഞ്ചിനകത്തു മുഴുവൻ തീയായിരുന്നു . അത് ആളിക്കത്തുകയാണ് .
ഇനി അലീനയ്ക്ക് എവിടെ നിന്നു കിട്ടും ഒരു ചെക്കനെ ? ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.
ഒരു പാടു പ്രതീക്ഷയോടെ കാത്തിരുന്നതാണ് അവൾ ഈ കല്യാണം. അതു തെന്നിപ്പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്തൊരു വിധിയാണ് അവളുടേത് .
തോമസിന്‍റെ നെഞ്ചു വിങ്ങി കഴച്ചു. ആ വിങ്ങല്‍ സാവധാനം വേദനയായി മാറി. വേദന കൂടിയപ്പോൾ നെഞ്ചില്‍ കൈ അമര്‍ത്തി അയാള്‍ മേരിക്കുട്ടിയെ വിളിച്ചു.
മേരിക്കുട്ടി എണീറ്റു ലൈറ്റിട്ടു നോക്കിയപ്പോള്‍ ശ്വാസമെടുക്കാന്‍ പാടുപെടുന്ന ഭര്‍ത്താവിനെയാണു കണ്ടത്. അയാളുടെ ശരീരം വിയര്‍പ്പില്‍ കുളിച്ചിരുന്നു.
മേരിക്കുട്ടി ഉറക്കെ അലീനയെ വിളിച്ചു. അടുത്ത മുറിയിൽ നിന്ന് അലീന എണീറ്റ് വന്നു നോക്കിയപ്പോൾ ജീവനുവേണ്ടി ശ്വാസമെടുക്കാൻ പാടുപെടുകയായിരുന്നു തോമസ് .
”എന്നാ പപ്പാ പറ്റിയേ?”
” ഒന്നുമില്ല. കുടിക്കാനിത്തിരി വെള്ളം വേണം മേരിക്കുട്ടി ”
തോമസ് കൈ നീട്ടിയപ്പോള്‍ മേരിക്കുട്ടി ഓടിപ്പോയി അടുക്കളയിൽ ചെന്ന് വെള്ളമെടുത്തുകൊണ്ടുവന്നു കൊടുത്തു.
അലീന പപ്പയുടെ നെഞ്ചുതിരുമ്മിക്കൊണ്ടു കട്ടിലിന്റെ ഓരത്ത് ഇരുന്നു . എണീറ്റ് , മേരിക്കുട്ടിയുടെ കൈയ്യില്‍ നിന്ന് ഗ്ളാസ് വാങ്ങി ഒരു കവിള്‍ വെള്ളം കുടിച്ചു തോമസ് . ഗ്ളാസ് തിരികെ കൊടുത്തിട്ടു അയാള്‍ ഭാര്യയേയും മകളേയും മാറി മാറി നോക്കി.
” ഞാൻ മരിച്ചു പോകും മേരിക്കുട്ടി . എന്റെ ചങ്കു പൊട്ടിപ്പോകുവാ ”
”നമുക്ക് ആശുപത്രിയിൽ പോകാം പാപ്പാ . ഞാൻ വണ്ടി വിളിക്കാം” അലീന എണീൽക്കാൻ ഭാവിച്ചപ്പോൾ തോമസ് അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു .
” വേണ്ട , നീയെവിടെ ഇരിക്ക് ” അലീനയെ പിടിച്ചു കട്ടിലിൽ ഇരുത്തിയിട്ടു തോമസ് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. എന്നിട്ടു പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
” ന്റെ കൊച്ചിന്റെ കല്യാണം നടത്തി തരാൻ ഈ പപ്പാക്ക് കഴിഞ്ഞില്ലല്ലോ മോളെ . ഇനി അതിനു കഴിയുമെന്നും തോന്നുന്നില്ല ”
” പപ്പാ വിഷമിക്കാതിരി , എന്റെ കല്യാണം നടന്നില്ലാന്നു വച്ച് എനിക്കൊരു കുഴപ്പവുമില്ല. പപ്പാ കരയാതിരി ”
അലീന പപ്പയുടെ കവിളിൽ സ്നേഹവായ്‌പോടെ ഒരുമ്മ കൊടുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയിരുന്നു .
തോമസ് മേരിക്കുട്ടിയെ നോക്കിക്കൊണ്ടു പറഞ്ഞു.
“ഞാന്‍ മരിച്ചുപോയാല്‍ നമ്മുടെ രണ്ടു മക്കളേയും നീ പൊന്നുപോലെ നോക്കണം കേട്ടോ മേരിക്കുട്ടി .”
” അച്ചായൻ എന്തൊക്കെയാ ഈ പറയുന്നത് . ഓരോന്നോർത്തു മനസുവേദനിപ്പിക്കാതെ ശാന്തമായിട്ടു കിടക്ക് ”
അലീനയുടെ മുഖത്തേയ്ക്കു നോക്കിയിട്ട് തോമസ് തുടര്‍ന്നു. “ന്‍റെ മോടെ കല്യാണം നടന്നു കണ്ടിട്ട് മരിയ്ക്കണോന്ന് ഈ പപ്പായ്ക്ക് ഒരു പാട് ആഗ്രഹമുണ്ടായിരുന്നു. അത് നടക്കുമെന്ന് തോന്നുന്നില്ല മോളെ ” അവളുടെ രണ്ടു കൈകളും പിടിച്ചു തന്റെ മുഖത്തേക്ക് ചേർത്തിട്ടു തോമസ് തുടർന്നു . ” ഈ പപ്പയോട് ക്ഷമിയ്ക്കണം, കേട്ടോ മോളെ “
“എന്തിന് ?എന്തിനാ പപ്പാ ക്ഷമിക്കുന്നെ? പപ്പാ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ”
അലീന പപ്പയെ തന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.
അലീനയുടെ വലതു കൈ പിടിച്ചുയർത്തിയിട്ടു തോമസ്‌ ആ കൈവെള്ളയില്‍ ഒരു മുത്തം നല്‍കി.
ഒരു തുള്ളി കണ്ണുനീര്‍ ആ കൈവെള്ളയില്‍ വീണു പടർന്നു .
”എന്താ പാപ്പാ ഇത് ”
” എന്റെ മോൾക്ക് തരാൻ ഈ പപ്പായ്ക്ക്ഇതേയുള്ളൂ . ഞാൻ പോകുവാ മോളെ ”
അടുത്ത നിമിഷം തോമസിന്റെ കണ്ണുകൾ മിഴിച്ചു . ശിരസ് ഒരു വശത്തേയ്ക്കു ചെരിഞ്ഞു. കിടക്കയിലേക്ക് അയാൾ മറിഞ്ഞു വീണുപോയി . ശരീരം ഒന്ന് പിടഞ്ഞിട്ടു നിശ്ചലമായി . വായിൽ നിന്ന് രക്തം പുറത്തേക്കൊഴുകി .ആ ശരീരത്തിൽ നിന്ന് ആത്മാവ് പറന്നു പോയിരുന്നു . .
ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വീണുപോയ തോമസിനെ കെട്ടിപ്പിടിച്ചു അലീനയും മേരിക്കുട്ടിയും വാവിട്ടു കരഞ്ഞു
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 13

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 13

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി. ഇടയ്ക്കിടെ അവർ കൂടിക്കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്തു. ക്രമേണ രേവതിക്ക് ടോണിയോട് പ്രണയം തോന്നി. യാദൃച്ഛികമായി അതറിഞ്ഞ ജാസ്മിൻ അകെ തളർന്നു. രേവതി സ്വഭാവദൂഷ്യം ഉള്ള പെണ്ണാണെന്നു ജാസ്മിൻ ടോണിയെ ധരിപ്പിച്ചു. അതുകേട്ടപ്പോൾ ടോണി രേവതിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ തീരുമാനിച്ചു. താൻ ജാസ്മിനുമായി പ്രണയത്തിലാണെന്നും അവൾക്ക് ഇഷ്ടമില്ലാത്തതിനാൽ രേവതിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്നും ടോണി രേവതിയെ ധരിപ്പിച്ചു. കലിപൂണ്ട രേവതി ജാസ്മിൻ ചീത്തപെണ്ണാണെന്നു ടോണിയെ ധരിപ്പിച്ചു. അതിനു തെളിവായി സതീഷിനോടൊപ്പം അവൾ കിടക്കയിൽ കിടക്കുന്ന ദൃശ്യം രഹസ്യമായി പകർത്തിയത് ടോണിയെ കാണിച്ചുകൊടുത്തു. ടോണി അതുകണ്ട് അന്തം വിട്ടു. ടോണിയുടെ ആഗ്രഹപ്രകാരം രേവതി ടോണിയെ ക്കൊണ്ടുപോയി സതീഷിനെ പരിചയപ്പെടുത്തി. ടോണിക്ക് ജാസ്മിനോട് അടങ്ങാത്ത പക തോന്നി. എങ്കിലും അയാൾ അവളോട് സ്നേഹം അഭിനയിച്ചു . ഒരുനാൾ ടോണി ജാസ്മിനെയുംകൊണ്ട് എറണാകുളത്തു കറങ്ങി . അവിടെ സതീഷിനെ ജാസ്മിനു കാണിച്ചുകൊടുക്കാനായി അയാളുടെ ഓഫിസിലേക്ക് ചെന്നു. (തുടര്‍ന്നു വായിക്കുക)

വിസിറ്റേഴ്സ് റൂമിൽ ഇരിക്കുമ്പോൾ ജാസ്മിന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ടോണി കാണാന്‍ വന്നിരിക്കുന്നത് സതീഷിനെയാണെന്ന സത്യം. തന്റെ ഒരു സുഹൃത്ത് എന്നതിനപ്പുറം ടോണി ഒരു വിശദീകരണവും നല്‍കിയിരുന്നില്ല.
ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് വിസിറ്റേഴ്സ് റൂമിന്‍റെ വാതില്‍ തുറക്കപ്പെട്ടു.
മുമ്പില്‍ പ്രത്യക്ഷപ്പെട്ട ആളെ കണ്ടതും ജാസ്മിന്‍ ഒന്ന് ഞെട്ടി . ജാസ്മിനെ കണ്ടപ്പോള്‍ സതീഷും വല്ലാതായി. എങ്കിലും ടോണിക്ക് സംശയമുണ്ടാകാതിരിക്കാൻ ഇരുവരും പരിചയഭാവം കാണിച്ചില്ല . രണ്ടുപേരുടെയും മുഖത്ത് പെട്ടെന്നുണ്ടായ ഭാവമാറ്റം ടോണി ശ്രദ്ധിച്ചെങ്കിലും അറിയാത്തമട്ടിൽ നിന്നതേയുള്ളൂ .
ജാസ്മിനെ മൈൻഡ് ചെയ്യാതെ ‘ഹലോ ടോണി’ എന്നു വിളിച്ചുകൊണ്ടു സതീഷ് വന്നു ടോണിയ്ക്കു ഹസ്തദാനം ചെയ്തു.
ഷേക്ക് ഹാന്‍ഡു കൊടുത്തിട്ട് ടോണി ജാസ്മിനെ വിളിച്ചു പരിചയപ്പെടുത്തി.
“ഇത് ജാസ്മിന്‍. എന്‍റെ ഒരു ഫ്രണ്ടാ. .”
“ഹലോ…”
ഒരു പരിചയവും ഭാവിയ്ക്കാതെ സതീഷ് ഷേക്ക് ഹാന്‍ഡു നല്‍കാന്‍ കൈ നീട്ടിയപ്പോള്‍ ജാസ്മിന്‍ കൈകൂപ്പി അഭിവാദ്യം ചെയ്തു.
തീക്കനലില്‍ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു അവൾ അപ്പോൾ .
“ഇദ്ദേഹം സതീഷ് . എന്‍റെ ഫ്രണ്ടാ.. ” ടോണി സതീഷിനെ ജാസ്മിന് പരിചയപ്പെടുത്തി.
ജാസ്മിൻ ഒന്നും മിണ്ടിയില്ല .
എത്രയും വേഗം ഇവിടെ നിന്നു പോകണം. ഇവിടെ നില്ക്കുന്ന ഓരോ നിമിഷവും താന്‍ ഉരുകിതീരുകയാണെന്നവൾക്കു തോന്നി .
ടോണിയും സതീഷും കുശലം പറഞ്ഞിരിയ്ക്കുമ്പോള്‍ ജാസ്മിന്റെ ഹൃദയം പടപടാ ഇടിക്കുകയായിരുന്നു .
“ജാസ്മിന്‍റെ വീടെവിടെ?”
പെട്ടെന്നുള്ള ആ ചോദ്യം കേട്ടു ജാസ്മിന്‍ ഞെട്ടി മുഖം ഉയര്‍ത്തി.
അമര്‍ഷം ഉള്ളിലൊതുക്കിയിട്ട് അവള്‍ സ്ഥലപ്പേരു പറഞ്ഞു.
“വീട്ടിലാരൊക്കെയുണ്ട്?”
ഒരു പരിചയവുമില്ലാത്ത മട്ടിലുള്ള ആ ചോദ്യം അവള്‍ക്ക് ആശ്വാസം പകര്‍ന്നു.
“പപ്പയും അമ്മയും ചേച്ചിയും”
“പപ്പയ്ക്കെന്താ ജോലി?”
“കൃഷിയാ.”
“ചേച്ചി?”
“പ്രത്യേകിച്ച് ജോലിയൊന്നുമില്ല .”.
കുശലാന്വേഷങ്ങൾക്കു ശേഷം സതീഷിനോടു യാത്ര പറഞ്ഞിട്ടു ടോണി വെളിയിലിറങ്ങി.
അപ്പോഴാണവളുടെ ശ്വാസം നേരെ വീണത്.
ഗോവണിപ്പടികളിറങ്ങുമ്പോള്‍ ടോണി ചോദിച്ചു.
“സതീഷ് ആള് സ്മാർട്ടല്ലേ ?”
“ഉം.” മറുപടി ഒരു മൂളലിലൊതുക്കി.
ജാസ്മിന്‍റെ സര്‍വ്വ സന്തോഷവും നഷ്ടമായിരുന്നു . യാന്ത്രികമായിരുന്നു പിന്നീടെല്ലാം.
പാര്‍ക്കില്‍, ബീച്ചില്‍, റസ്റ്റോറന്‍റില്‍, ഐസ്ക്രീം പാര്‍ലറില്‍…..എല്ലായിടത്തും അവള്‍ ഗ്ലൂമിയായി കാണപ്പെട്ടു.
ഐസ്ക്രീം പാര്‍ലറില്‍ ഇരിയ്ക്കുമ്പോള്‍ ടോണി ചോദിച്ചു.
“സതീഷിനെ കണ്ടിട്ടിറങ്ങിയപ്പം മുതലു ഞാന്‍ ശ്രദ്ധിയ്ക്ക്വാ. താന്‍ വല്ലാതെ മൂഡോഫായല്ലോ?”
“നമ്മളു പോന്ന കാര്യം വീട്ടിലറിയുമോന്നുള്ള പേടിയാ ടോണി.”
അതു കള്ളമാണെന്നു ടോണിയ്ക്കറിയാമായിരുന്നു. എത്ര വിദഗ്ദ്ധമായി ഇവള്‍ അഭിനയിക്കുന്നു ! കൊള്ളാം! മിടുക്കിപ്പെണ്ണ് തന്നെ !
“സതീഷ് ഒരുപാട് പിടിപാടുള്ള ആളാ . പഠിത്തം കഴിഞ്ഞാൽ നിനക്കൊരു ജോലി അയാള് ശരിയാക്കിത്തരും . അതുകൊണ്ടുകൂടിയാ അയാളെ ഒന്നു കാണിയ്ക്കാന്‍ നിന്നെ കൊണ്ടുവന്നത്.”
ടോണി ഒരു നുണ പറഞ്ഞു.
“എനിക്കയാളുടെ ജോലിയൊന്നും വേണ്ട ” സതീഷിനേക്കുറിച്ചു പറയുന്ന ഓരോ വാചകവും സൂചിമുന പോലെ അവളുടെ ഹൃദയത്തില്‍ തറയ്ക്കുകയായിരുന്നു.
“നമുക്കു പോകാം ടോണി. നേരം ഒരുപാടായി.”
“പോകാം.”
ടോണി എണീറ്റു. ബില്‍ പേ ചെയ്തിട്ടു പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ടോണി ചോദിച്ചു.
“എറണാകുളത്തു ഇതിനുമുമ്പ് താന്‍ വന്നിട്ടുണ്ടോ, ?”
“ഇല്ല”
അതു കേട്ടപ്പോള്‍ കരണത്തൊന്നു പൊട്ടിക്കാനാണ് അവനു തോന്നിയത് . രേവതിയുടെ വീട്ടിൽ വന്നു ഒരു രാത്രി അന്തിയുറങ്ങിയിട്ട് ഇവൾ മുഖത്തു നോക്കി പറയുന്നത് കേട്ടില്ലേ ? എറണാകുളത്തു വന്നിട്ടില്ലെന്ന് ! ഇവൾ എന്തുമാത്രം കള്ളം പറഞ്ഞിട്ടുണ്ടാവും തന്നോട് ? .
അവളെ ഹോസ്റ്റലില്‍ തിരിച്ചെത്തിച്ചപ്പോള്‍ അഞ്ചര മണി കഴിഞ്ഞിരുന്നു.
ജാസ്മിനോടു ഗുഡ് ബൈ പറഞ്ഞിട്ട് അപ്പോള്‍ തന്നെ ടോണി ഹോസ്റ്റലിലേക്ക് മടങ്ങി.
റൂമില്‍ വന്നിരുന്നപ്പോഴാണ് ജാസ്മിനു സമാധാനമായത്.
ഭാഗ്യംകൊണ്ട് ടോണി ഒന്നും അറിഞ്ഞില്ല. സതീഷ് പരിചയഭാവം കാണിച്ചിരുന്നെങ്കില്‍ താന്‍ ചുറ്റിപ്പോയേനെ.
ജഗ്ഗിൽ നിന്ന് രണ്ടു ഗ്ലാസ് വെള്ളമെടുത്ത് അവള്‍ ഒറ്റയിരിപ്പിനു കുടിച്ചു.
ഒരിക്കലും കാണരുതെന്നാഗ്രഹിച്ച ആ മുഖം വീണ്ടും കാണാനിടയായല്ലോ !
ടോണിയ്ക്കെങ്ങനെ കിട്ടി ഈ വൃത്തികെട്ടവനെ സുഹൃത്തായിട്ട് ?
വേണ്ടായിരുന്നു ഈ കൂടിക്കാഴ്ച..
ടോണിയോടു എല്ലാം തുറന്നു പറഞ്ഞാലോ?
എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നു ചോദിച്ചാൽ എന്ത് മറുപടി പറയും ?
തന്റെ ശരീരം കളങ്കപ്പെട്ടിട്ടില്ലെന്നു പറഞ്ഞാല്‍ ടോണി വിശ്വസിക്കുമോ ? വിശ്വസിക്കില്ല. താൻ വഞ്ചകിയാണെന്നേ കരുതൂ .
വേണ്ട. ടോണി അതറിയണ്ട. ടോണിയെ നഷ്ടപ്പെടുന്ന കാര്യം തനിക്കു ചിന്തിയ്ക്കാനേ വയ്യ.


ഒരു ശനിയാഴ്ച്ച ദിവസം!
ഹോസ്റ്റലില്‍ നിന്നു ജാസ്മിൻ വീട്ടില്‍ വന്നപ്പോള്‍ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.
മേരിക്കുട്ടി അടുക്കളയില്‍ വട്ടയപ്പം ഉണ്ടാക്കുന്ന തിരക്കിലാണ് . തോമസ് ഓടി നടന്ന് മച്ചിലെ മാറാലയും മറ്റും തൂത്തു വീട് വൃത്തിയാക്കുന്നു .
ബാഗ് മുറിയിലെ മേശപ്പുറത്തു കൊണ്ടുപോയി വച്ചിട്ട് ജാസ്മിന്‍ അടുക്കളയിലേയ്ക്കു ചെന്നു.
“എന്താ അമ്മേ ഇവിടെയൊരു പലഹാരത്തിന്‍റെ മണം…?”
“പപ്പയൊന്നും പറഞ്ഞില്ലേ നിന്നോട്?”
“ഇല്ല…”
“അലീനയ്ക്ക് ഒരു ആലോചന വന്നിട്ടുണ്ട്. ചെറുക്കന്‍ വന്നു കണ്ട് ഇഷ്ടപ്പെട്ടു പോയതാ. നമ്മളങ്ങോട്ടും പോയി. അന്വേഷിച്ചപ്പം കൊള്ളാവുന്ന കുടുംബക്കാരാ. പയ്യൻ കാഴ്ചയ്ക്കും മിടുക്കനാ . ഇന്നുച്ചകഴിഞ്ഞു ചെറുക്കന്‍റെ വീട്ടുകാരു വരും. അവര്‍ക്കിഷ്ടപ്പെട്ടാല്‍ ഒറപ്പിയ്ക്കാനിരിക്ക്വാ.”
“ചേച്ചിയ്ക്കിഷ്ടപ്പെട്ടോ?”
“ഞങ്ങളേക്കാള്‍ കൂടുതലിഷ്ടപ്പെട്ടത് അവൾക്കാ .”
”ഉവ്വോ. എന്നിട്ടു എന്നോട് ഇതൊന്നു പറഞ്ഞില്ലല്ലോ ”
”നീ ഇന്ന് വരുമെന്നറിയായിരുന്നല്ലോ ”
ജാസ്മിന് അടക്കനാവാത്ത സന്തോഷം .
”ചേച്ചി എവിടെ അമ്മേ? ”
” പിറകുവശത്തതു തുണി ഉണങ്ങാൻ ഇടുന്നു ”
അവള്‍ പിന്നാമ്പുറത്തേക്കുള്ള വാതിൽ തുറന്നു .
ഒരു മൂളിപ്പാട്ടും പാടി, അലക്കി വെളുപ്പിച്ച തുണികള്‍ പിന്നാമ്പുറത്തെ അയയില്‍ വിരിച്ചിടുകയായിരുന്നു അലീന.
ജാസ്മിന്‍ ഓടി അടുത്തു ചെന്നു.
“ഇന്നു വല്യ സന്തോഷത്തിലാണല്ലോ ചേച്ചി. പതിവില്ലാതെ ഒരു മൂളിപ്പാട്ടൊക്കെ?”
“നീ എപ്പ വന്നു കൊച്ചേ ?”
“ഇപ്പ വന്നു കേറീതേയുള്ളൂ.”
അവൾ ചേച്ചിയെ നോക്കി ചിരിച്ചുകൊണ്ടു തുടര്‍ന്നു. ” ഞാനറിഞ്ഞു വിശേഷം! ആളെങ്ങനെയുണ്ട് ചേച്ചി ?”
“ആ .., ഞാന്‍ നോക്കിയില്ല.”
അലീനയ്ക്കു നാണമായിരുന്നു .
“ഓ.., നോക്കിയില്ല . ഞാനിവിടെയുണ്ടായിരുന്നെങ്കില്‍ ശരിക്കും ഒന്ന് നോക്കിയേനെ. ആട്ടെ, ചേച്ചിക്കിഷ്ടപ്പെട്ടോ?”
”ഉം ”
” ആളെ എനിക്കൊന്നു കാണാൻ പറ്റിയില്ലല്ലോ ”
“എന്റെ മൊബൈലിൽ ഉണ്ട് ഫോട്ടോ .”
“ഉവ്വോ! എന്നിട്ടു അമ്മ അതു പറഞ്ഞില്ലല്ലോ?”
അടുത്ത നിമിഷം അവള്‍ അകത്തേയ്ക്കോടി. മേശപ്പുറത്തുനിന്നു അലീനയുടെ മൊബൈൽ എടുത്തു . നോക്കി. വാട്സ് ആപ്പിൽ സുമുഖനായ ഒരു യുവാവിന്റെ ഫോട്ടോ കണ്ടതും , മൊബൈലുമായി അവൾ നേരെ അലീനയുടെ അടുത്തേക്ക് പാഞ്ഞു
” ഇതാണോ ചേച്ചി ?”
മൊബൈൽ അലീനയുടെ മുഖത്തിന് നേരെ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു
”ഉം ” ഫോട്ടോയിൽ നോക്കിയിട്ടു അവൾ മൂളി.
” കൊള്ളാം! ഇതിനു മുമ്പ് വന്ന കോന്തന്മാരേപ്പോലെയല്ല. ആള് സുന്ദരനാ. ആവശ്യത്തിനു വണ്ണവും പൊക്കവും ഉണ്ട് . എനിക്കൊരുപാട് ഇഷ്ടായി ട്ടോ ”
” എല്ലാർക്കും ഇഷ്ടപ്പെട്ടു ”.
” ഞാൻ പറഞ്ഞില്ലായിരുന്നോ ചേച്ചിക്ക് നല്ലൊരു ഭർത്താവിനെ കിട്ടുമെന്ന് . ഇപ്പം എന്റെ നാവു പൊന്നായില്ലേ ”
” അതിനു കല്യാണം നടന്നില്ലല്ലോ ”
” ഇത് നടക്കും ചേച്ചി. എന്റെ മനസു പറയുന്നു ഇത് നടക്കുമെന്ന്. ഞാൻ വേളാങ്കണ്ണി മാതാവിന് ഒരു നേർച്ച നേർന്നിട്ടുണ്ട് ”
ഫോട്ടോ സൂം ചെയ്തു സൂക്ഷിച്ചു നോക്കിയിട്ട് അവൾ തുടർന്നു.
“അടിപൊളിയാ ചേച്ചി. സ്വഭാവമെങ്ങനാന്നന്വേഷിച്ചോ? കുടിയോ, വലിയോ വല്ലതും ഉണ്ടോ ?”
“പപ്പ അന്വേഷിച്ചു. നല്ല സ്വഭാവമാന്നാ എല്ലാരും പറഞ്ഞെ “
പേരെന്നാ ചേച്ചീ?”
“ജോസ് “
“അലീന ജോസ് . നന്നായി ചേരൂട്ടോ.”
ജാസ്മിന്‍ ചേച്ചിയുടെ കവിളിലൊരു നുള്ളു കൊടുത്തു.
”നീ ചെന്ന് വല്ലതും കഴിക്കാൻ നോക്ക് കൊച്ചേ . വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ ”
” കഴിക്കലൊക്കെ പിന്നെയാകാം . വിശേഷങ്ങൾ അറിയട്ടെ. ജോലി ഒണ്ടോ കക്ഷിക്ക് ?”
“സഹകരണ ബാങ്കില്‍ ക്ലർക്കാ ”
”ആഹാ , കോളടിച്ചല്ലോ . സ്വത്ത് എന്തോരമുണ്ട് ?”
”ജോസിന്റെ വീതത്തിൽ നാലേക്കർ സ്ഥലമുണ്ടെന്നാ അവര് പറഞ്ഞത് ”
“ഇതിൽ കൂടുതൽ എന്നാ വേണം. കണ്ടോ ഒടെതമ്പുരാൻ ഒരു രാജകുമാരനെ കൊണ്ടു തന്നത് ”
അതിനു പ്രതികരണമായി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് അലീന ബക്കറ്റുമെടുത്തു കിണറിനരികിലേക്കു പോയി .
ജാസ്മിൻ തിരികെ അടുക്കളയിലേക്കു കയറി അമ്മയുടെ അടുത്ത് ചുറ്റിപ്പറ്റി നിന്ന് വിശേഷങ്ങൾ പങ്കുവച്ചു .
”നീ ഇതിനു പബ്ലിസിറ്റി ഒന്നും കൊടുക്കണ്ടാ ട്ടോ . ചുറ്റും ശത്രുക്കളാ . അതുകൊണ്ടാ സ്വന്തക്കാരെ പോലും വിളിക്കാതിരുന്നത് .”
”അതുമതി അമ്മേ . ആരെയും അറിയിക്കണ്ട. അസൂയക്കാരാ ചുറ്റും”
മൂന്നു മണിയായപ്പോള്‍ മുറ്റത്ത് ഒരു സ്വിഫ്റ്റ് കാറും ഒരു ഹ്യുണ്ടായി കാറും വന്നു നിന്നു.
രണ്ടു കാറിൽ നിന്നുമായി പത്തു പേർ വെളിയിലേക്കിറങ്ങി.
അഞ്ചു സ്ത്രീകളും നാല് പുരുഷന്മാരും, പിന്നെ ബ്രോക്കര്‍ പൈലിയും.
തോമസ് ഇറങ്ങിച്ചെന്ന് അവരെ ഹാർദ്ദവമായി അകത്തേയ്ക്കു ക്ഷണിച്ചു.
സ്വീകരണമുറിയിൽ വന്നിരുന്നു അവർ വിശേഷങ്ങള്‍ പറഞ്ഞു .
ജാസ്മിന്‍ അലീനയെ അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു.
മുഖത്ത് പ്രൗഡറിട്ട്, ചുണ്ടില്‍ ലിപ്സ്റ്റിക്കിട്ടു പരമാവധി സുന്ദരിയാക്കാന്‍ അവള്‍ ശ്രമിച്ചു.
തെല്ലു കഴിഞ്ഞപ്പോള്‍ സ്വീകരണമുറിയിലിരുന്ന സ്ത്രീകള്‍ അകത്തേ മുറിയിലേക്ക് കയറിവന്നു. മേരിക്കുട്ടിയോടവര്‍ കുശലം പറഞ്ഞു .
ജാസ്മിനെ കണ്ടതും ജോസിന്റെ അമ്മ ഹൃദ്യമായി ചിരിച്ചു.
”അനിയത്തിയാ അല്ലെ ”
”ഉം ”
അവളോടു കുറെ നേരം സംസാരിച്ചു . ഹോസ്റ്റലിലെ വിശേഷങ്ങളും പഠനകാര്യങ്ങളുമൊക്കെ ചോദിച്ചു .
എല്ലാവരും സ്നേഹമുള്ളവരാണെന്നു ജാസ്മിനു തോന്നി.
മേരിക്കുട്ടി കപ്പില്‍ ചായ പകരുകയായിരുന്നു ആ സമയം .
”എന്നാ കുട്ടിയെ വിളിക്ക് . ഇവർക്ക് പോകാൻ ധൃതിയുണ്ട് ” പൈലി പറഞ്ഞു.
തോമസിന്റെ വിളി കേട്ടപ്പോൾ ചായ നിറച്ച ട്രേയുമായി അലീന സ്വീകരണ മുറിയിലേയ്ക്കു ചെന്നു.
എല്ലാ കണ്ണുകളും അവളുടെ മുഖത്ത്.
ചെറുക്കന്‍റെ അമ്മ, അച്ചായന്‍, അമ്മാവന്‍, പെങ്ങള്‍, അളിയന്‍ …… ഓരോരുത്തരെയായി വന്നവരിൽ ഒരാൾ പരിചയപ്പെടുത്തി.
എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക്‌ അലീന ഭവ്യതയോടെ മറുപടി പറഞ്ഞു.
“അലീനേടെ ഒരു ഫോട്ടോ വേണമെന്ന് ജോസ് പറഞ്ഞിരുന്നു .”
ജോസിന്റെ അമ്മയാണതു പറഞ്ഞത്.
”ജോസിന്റെ വാട്ട്സ് ആപ്പിൻ അയച്ചാൽ പോരെ ?”
തോമസ് ചോദിച്ചു .
”മതി മതി ”
ചടങ്ങുകഴിഞ്ഞ് എല്ലാവരും പോകാനിറങ്ങിയപ്പോള്‍ ജോസിന്റെ പപ്പ തോമസിനെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു.
“ഞങ്ങള്‍ക്കു ഇനി ആലോചിക്കാനൊന്നുമില്ല . ഇനിയിപ്പം ഇവിടുന്നാരെങ്കിലും അങ്ങോട്ട് വന്നു കാണാനുണ്ടെങ്കിൽ അതാവാം .”
“ഇവിടുന്നിനി ആരും വരാനില്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ ഇനിയങ്ങുറപ്പിയ്ക്കാം. എന്നാ സൗകര്യമെന്നു വച്ചാ, ദിവസം പറഞ്ഞാൽ മതി . ഞങ്ങൾ അങ്ങോട്ട് വരാം.”
അയാള്‍ മറ്റുള്ളവരോടാലോചിച്ചിട്ട് തീയതി പറഞ്ഞു.
കാറില്‍ കയറുന്നതിനു മുമ്പ് ജോസിന്റെ അമ്മ അലീനയെ അടുത്തേക്ക് വിളിച്ചു ചേർത്ത് നിറുത്തിട്ടു പറഞ്ഞു.
” എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കണം കേട്ടോ മോളെ ”
”ഉം ” അവൾ തലകുലുക്കി.
അവര്‍ പോയി കഴിഞ്ഞപ്പോള്‍ മേരിക്കുട്ടി പറഞ്ഞു :
”ഒടുവില്‍ ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു . ന്റെ മോൾക്ക് നല്ലൊരു ബന്ധം ദൈവം കൊണ്ടുവന്നു തന്നല്ലോ . ദൈവത്തിനു നീ നന്ദി പറയണം ട്ടോ ”
”ഉം ” അവൾ തലകുലുക്കി .
ജാസ്മിന്‍ ഓരോന്നു പറഞ്ഞു കളിയാക്കിക്കൊണ്ട് ചേച്ചിയുടെ പിന്നാലെ നടന്നു.
വിവാഹം ഉറപ്പിയ്ക്കുന്നതിന് നാല് ദിവസം മുമ്പ് ബ്രോക്കര്‍ പൈലി ഓടിക്കിതച്ച് തോമസിന്റെ വീട്ടിലെത്തി. ആ സമയം തോമസും മേരിക്കുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ . അലീന ആഗ്നസിനെ കാണാൻ ടോണിയുടെ വീട്ടിൽ പോയിരിക്കുക യായിരുന്നു
പൈലി തോമസിനെ വിളിച്ചു മുറ്റത്തരികിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലേക്ക് മാറ്റി നിറുത്തിയിട്ട് പറഞ്ഞു .”നിങ്ങൾ എന്നാ പണിയാ കാണിച്ചത്? ”
” എന്നാ, എന്നാ പറ്റി ” തോമസ് ഉല്കണ്ഠയോടെ നോക്കി.
” എന്തിനാ അലീനയുടെ ഫോട്ടോ ചോദിച്ചപ്പം അനിയത്തിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ അയച്ചു കൊടുത്തത്.”
“അതിനിപ്പം എന്നാ കൊഴപ്പം?”
“കൊഴപ്പമായി. ചെക്കനിപ്പം ചേടത്തിയെ വേണ്ട അനിയത്തിയെ മതിയെന്ന്. അതാണെങ്കില്‍ സ്ത്രീധനമായിട്ടു ഇഷ്ടമുള്ളത് കൊടുത്താൽ മതിയെന്നും പറഞ്ഞു.”
“അതെങ്ങനാ ശരിയാവുക ? ചേടത്തിക്കു ആലോചിച്ച പയ്യനെക്കൊണ്ട് അനിയത്തിയെ കെട്ടിക്കുകാന്നു പറഞ്ഞാൽ …?”
“ശരിയാകുകേലെങ്കിൽ ഈ കല്യാണം നടക്കിയേല. അത് പറയാൻ എന്നെ പറഞ്ഞു വിട്ടതാ. കാണാൻ മിടുക്കി അനിയത്തിയല്ലേ. ഫോട്ടോ കാണിച്ചപ്പം അനിയത്തിയാ മിടുക്കിയെന്നു ആരോ പറഞ്ഞു . അപ്പം ചെക്കന്റെ മനസു മാറി ”
ശ്വാസം നിലച്ചതുപോലെ തോമസ് സ്തബ്ധനായി നിന്നു. അതുകണ്ടപ്പോൾ പൈലി പറഞ്ഞു :
” അത് കുഴപ്പമില്ലെന്നേ . ഇത് അനിയത്തിക്കങ്ങു നടത്താം . സ്ത്രീധനമായിട്ടു ഇത്തിരി പൊന്നു കൊടുത്താൽ മതി. കാശൊന്നും വേണ്ട . അലീനക്ക് വേറെ നല്ല ഒന്നാംതരം പയ്യനെ ഞാൻ കണ്ടു പിടിച്ചോണ്ട് വരാന്നേ. ഒത്താൽ രണ്ടു പേരുടെയും കല്യാണം നമുക്ക് ഒറ്റപ്പന്തലിൽ നടത്താം . ”
മറുപടി പറയാൻ തോമസിന് വാക്കുകൾ കിട്ടിയില്ല .
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved)

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 12

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 12

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി. ഇടയ്ക്കിടെ അവർ കൂടിക്കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്തു. ക്രമേണ രേവതിക്ക് ടോണിയോട് പ്രണയം തോന്നി. യാദൃച്ഛികമായി അതറിഞ്ഞ ജാസ്മിൻ അകെ തളർന്നു. രേവതി സ്വഭാവദൂഷ്യം ഉള്ള പെണ്ണാണെന്നു ജാസ്മിൻ ടോണിയെ ധരിപ്പിച്ചു. അതുകേട്ടപ്പോൾ ടോണി രേവതിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ തീരുമാനിച്ചു. താൻ ജാസ്മിനുമായി പ്രണയത്തിലാണെന്നും അവൾക്ക് ഇഷ്ടമില്ലാത്തതിനാൽ രേവതിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്നും ടോണി രേവതിയെ ധരിപ്പിച്ചു. കലിപൂണ്ട രേവതി ജാസ്മിൻ ചീത്തപെണ്ണാണെന്നു ടോണിയെ ധരിപ്പിച്ചു. അതിനു തെളിവായി സതീഷിനോടൊപ്പം അവൾ കിടക്കയിൽ കിടക്കുന്ന ദൃശ്യം രഹസ്യമായി പകർത്തിയത് ടോണിയെ കാണിച്ചുകൊടുത്തു. ടോണി അതുകണ്ട് അന്തം വിട്ടു. (തുടര്‍ന്നു വായിക്കുക)

ടോണിയെ ശാന്തനാക്കാന്‍ നന്നേ പാടുപെട്ടു, രേവതി. സമനില വീണ്ടുകിട്ടിയപ്പോൾ ടോണി എണീറ്റു വാഷ്‌ബേസിനിൽ ചെന്ന് കണ്ണും മുഖവും നന്നായി കഴുകിയിട്ട് ടർക്കി ടവ്വലെടുത്തു തുടച്ചു . എന്നിട്ടു വന്നു രേവതിയുടെ സമീപം കസേരയിൽ ഇരുന്നിട്ട് തളർന്ന സ്വരത്തിൽ ചോദിച്ചു .
“ജാസിന്റെ കൂടെ കിടന്ന ആ ചെറുപ്പക്കാരൻ ആരാ ?”
“സതീഷ്. എന്റെ സുഹൃത്താ.”
“ജാസിന്റെ സമ്മതത്തോടെയായിരുന്നോ ഇതെല്ലാം?”
“വീഡിയോ കണ്ടപ്പം അതു മനസിലായില്ലേ ? വെറുതെയല്ല . കൈനിറയെ കാശുംകൊടുത്തിട്ടാ അയാളു പോയത് . മുതല്‍ മുടക്കില്ലാതെ പണമുണ്ടാക്കാന്‍ ഇതിനേക്കാള്‍ നല്ല മാര്‍ഗ്ഗം വേറെ എന്താ ടോണി ഉള്ളത്? ആരും അറിയില്ലെന്നു കണ്ടാല്‍ പല പെണ്ണുങ്ങളും ഇങ്ങനൊക്കാ കാശുണ്ടാക്കുന്നത് . ഞാനിത് ഒരു തമാശയ്ക്കു പിടിച്ചതാ കേട്ടോ, അവളറിയാതെ . പക്ഷേ അതിപ്പം എനിക്ക് ഗുണമായി . ടോണിക്ക് എന്നെക്കുറിച്ചുള്ള തെറ്റിധാരണ മാറിയല്ലോ . ”
ടോണി ഒന്നും മിണ്ടിയില്ല . രണ്ടു കയ്യും താടിക്കുകൊടുത്ത് , കൈമുട്ടുകൾ മേശയിലൂന്നി കുറേനേരം എന്തോ ആലോചിച്ചിരുന്നു . എന്നിട്ടു മുഖം ഉയര്‍ത്തി അവളെ നോക്കി ചോദിച്ചു:
“ആ പെൻഡ്രൈവ് എനിക്ക് തരുമോ ?”
“ഒഫ് കോഴ്സ്.”
രേവതി മുകളിൽച്ചെന്ന് പെൻഡ്രൈവ് എടുത്തുകൊണ്ടുവന്ന് അയാൾക്ക്‌ നീട്ടി .
“ജാസ് ഈ വീട്ടില്‍ വന്ന കാര്യം ടോണിയോടു പറഞ്ഞില്ലേ?”
“ഇല്ല.”
“പറയില്ല. പറയാന്‍ പറ്റില്ലല്ലോ.” ടോണിയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിയിട്ടു രേവതി തുടര്‍ന്നു: ” എനിക്ക് എയിഡ്സ് ആണെന്നല്ലേ ടോണി പറഞ്ഞത് . വേഗം ചെന്ന് എനിക്കാണോ അവള്‍ക്കാണോ എയ്ഡ്സ് എന്ന് ഒന്ന് ടെസ്റ്റു ചെയ്തു നോക്ക്.”
മുഖമടച്ച്‌ ഒരടി കിട്ടിയതുപോലെ ടോണി ഒന്ന് പിടഞ്ഞു.
”ഇനി ടോണിയ്ക്കവളെ കെട്ടുകയോ കെട്ടാതിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം. നമ്മള്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഇന്ന് ഇവിടെ അവസാനിച്ചു . ഇനി ഒരിക്കലും ഞാൻ ടോണിയെ ഫോണ്‍ചെയ്തു ശല്യപ്പെടുത്തില്ല. എവിടെങ്കിലുമൊക്കെ വച്ചു വീണ്ടും കണ്ടാല്‍ ഒരു ചിരിയിലൊതുക്കി നമുക്കു വഴിമാറിപ്പോകാം.”
രേവതി പറഞ്ഞതു ശ്രദ്ധിയ്ക്കാതെ, മറ്റേതോ ലോകത്തായിരുന്നു ടോണി.
“വിഷമിയ്ക്കാനൊന്നുമില്ല ടോണി. ഇപ്പഴത്തെ കാലത്ത് ഇതൊന്നും ഒരു പാപമല്ല. ജാസ്മിന്‍ കുറച്ചു ലിബറലായി ചിന്തിച്ചൂന്നു കരുതിയാ മതി. ” കുറച്ചു തീ കൂടി അവൾ അവന്റെ മനസിലേക്ക് കോരി ഇട്ടു.
ടോണിയുടെ ഉള്ളിൽ അവളോടുള്ള ദേഷ്യം ആളിക്കത്തുകയായിരുന്നു .
”സതീഷിനെ എനിക്കൊന്നു പരിചയപ്പെടുത്താമോ ?” ടോണി ചോദിച്ചു .
”നേരിട്ട് കാണണോ ?”
” ഉം ”
“ആള് ഇപ്പം സ്ഥലത്തുണ്ടോന്നു നോക്കട്ടെ ?”
രേവതി മൊബൈല്‍ എടുത്തു സതീഷിന്റെ നമ്പർ ഞെക്കി . ഭാഗ്യം ! ആള് സ്ഥലത്തുണ്ട് . കുശലാന്വേഷങ്ങൾക്കു ശേഷം ഫോൺ കട്ട് ചെയ്തിട്ട് അവൾ ടോണിയെ നോക്കി പറഞ്ഞു .
“ആളിപ്പം അയാളുടെ ജോലി സ്ഥലത്തുണ്ട്. ഇവിടെ നിന്നു പതിനഞ്ചു മിനിട്ടു നേരത്തെ യാത്രയേയുള്ളു . ടോണിക്ക് കാണണമെങ്കിൽ ഇപ്പം പോയി കാണാം .”
“കാണണം. എനിക്ക് ഇപ്പത്തന്നെ കാണണം ”
” പക്ഷേ ടോണി അവിടെച്ചെന്നു ബഹളം വച്ചേക്കരുത്. അയാളു ഡീസന്‍റാ. ജാസ്മിനെ അയാളു ബലം പ്രയോഗിച്ച് ഒന്നും ചെയ്തിട്ടില്ല. രണ്ടുപേരും പരസ്പരസമ്മതത്തോടെയുള്ള ഇടപാടുകൾ മാത്രമേ നടന്നിട്ടുള്ളൂ ”
”എനിക്കതറിയാം. ഞാൻ ആ വിഷുവൽസ് കണ്ടതാണല്ലോ . സതീഷിനെ ഒന്നു കാണുക എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളൂ . അയാളോടൊന്നും ഞാൻ ചോദിക്കില്ല ”
”അങ്ങനെ ഒരു ഉറപ്പു തന്നാൽ മാത്രമേ ഞാൻ കൊണ്ടുപോകുകയുള്ളൂ ”
”ഷുവർ . രേവതിക്ക് ദോഷം വരുന്ന ഒന്നും ഞാൻ ചെയ്യില്ല ”
”ഓക്കേ ”
വീടു പൂട്ടിയിട്ട് രേവതി ടോണിയേയും വിളിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി കാറില്‍ കയറി. കാര്‍ ഗേറ്റു കടന്നു റോഡിലേക്കിറങ്ങിയപ്പോള്‍ രേവതിപറഞ്ഞു .
“ജാസ്മിന്റെ കാര്യമേ അയാളോട് മിണ്ടിയേക്കരുത് . എന്‍റെ ഒരു ഫ്രണ്ടാണെന്നു പറഞ്ഞാ ഞാൻ ഇപ്പം ടോണിയെ പരിചയപ്പെടുത്താൻ പോകുന്നത് .”
“എനിക്ക് അയാളെ ഒന്ന് കണ്ടാൽ മാത്രം മതീന്ന് പറഞ്ഞല്ലോ ”
പതിനഞ്ചു മിനിട്ടു നേരത്തെ യാത്രയ്ക്കു ശേഷം കാര്‍ ഒരു ബഹുനില മന്ദിരത്തിന്‍റെ പോര്‍ച്ചില്‍ വന്നു നിന്നു. ടോണിയെ ഇറങ്ങാനനുവദിച്ചിട്ട് രേവതി കാര്‍ ഒതുക്കിയിട്ടു.
ടോണിയേയും കൂട്ടിക്കൊണ്ട് രേവതി സ്റ്റെയര്‍ കെയ്സ് കയറി ഒന്നാം നിലയിലേയ്ക്കു ചെന്നു. അവിടെ കണ്ട സെക്യൂരിറ്റി ഗാര്‍ഡിനോട് രേവതി ആഗമനോദ്ദേശ്യം വെളിപ്പെടുത്തി, അയാള്‍ അകത്തേയ്ക്കു കയറി പോയി , അല്പം കഴിഞ്ഞു തിരിച്ചിറങ്ങി വന്നിട്ട് പറഞ്ഞു.
“ഇപ്പ വരും. ആ വിസിറ്റേഴ്സ് റൂമിലിരിക്കാം ”
അയാൾ ചൂണ്ടിക്കാണിച്ച സന്ദർശകമുറിയിൽ രേവതിയും ടോണിയും കയറി ഇരുന്നു. അവിടെ ആ സമയം മറ്റാരും ഉണ്ടായിരുന്നില്ല .
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ടിപ്പ്ടോപ്പില്‍ വേഷം ധരിച്ച സുമുഖനായ ഒരു യുവാവ് വാതില്‍ തുറന്ന് അങ്ങോട്ടു കയറിവന്നു.
“ഹാലോ രേവൂ . സർപ്രൈസായിരിക്കുന്നല്ലോ! എന്തേഈ സമയത്ത് ഇവിടെ ?”
ഹൃദ്യമായി ചിരിച്ചുകൊണ്ട് സതീഷ് വന്നു രേവതിക്കു ഷേക്ക് ഹാൻഡ് കൊടുത്തു.”
“വേറൊരാവശ്യത്തിനു ഇവിടെ അടുത്തുവരെ വന്നപ്പം ഒന്നു കേറീന്നേയുള്ളു.” അതു പറഞ്ഞിട്ട് രേവതി ടോണിയെ അടുത്തേക്ക് വിളിച്ചു പരിചയപ്പെടുത്തി.
“ഇതു ടോണി. എന്‍റെ ഒരു ഫ്രണ്ടാ. മെഡിസിനു പഠിയ്ക്കുന്നു.”
“ഹലോ”
സതീഷ് കൈ നീട്ടിയപ്പോൾ ടോണി കൈകൊടുത്തു . സതീഷ് അയാളോട് കുശലാന്വേഷണം നടത്തി. സതീഷിന്‍റെ ചിരിയും സംസാരവും പെരുമാറ്റവും ബോഡി ലാംഗ്വേജുമൊക്കെ ടോണിയെ ശരിക്കും അത്ഭുതപ്പെടുത്തി. ഒറ്റ നോട്ടത്തിലെ ആരെയും ആകര്‍ഷിയ്ക്കാന്‍ പോന്നപെരുമാറ്റം ! കാഴ്ചയിൽ സിനിമാനടനെപ്പോലെ സുന്ദരൻ. തേൻപൊഴിയുന്നപോലുള്ള സംസാരം . കണ്ണുകൾക്ക് അസാധാരണ വശീകരണ ശക്തി .
ആദ്യ സന്ദര്‍ശനമായിരുന്നെങ്കിലും ചിരപരിചിതരേപ്പോലെയാണ് സതീഷ് ടോണിയോട് സംസാരിച്ചത്. ടോണിക്ക് അത്ഭുതം തോന്നി. എല്ലാം കൊണ്ടും പെർഫെക്ട് ആയ ഒരു മനുഷ്യൻ. വെറുതെയല്ല ജാസ്മിന്‍ ഇയാളുടെ വലയില്‍ വീണുപോയത്.
സതീഷ് അവര്‍ക്കു ചായ വരുത്തി കൊടുത്തു.
പതിനഞ്ചു മിനിറ്റു നേരത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം പിരിയാനൊരുങ്ങിയപ്പോള്‍ സതീഷ് ടോണിയോടു പറഞ്ഞു.
“എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ട്. ഇപ്പം ആ ലിസ്റ്റിൽ ഒരു മെഡിക്കൽ സ്റ്റുഡന്റ് കൂടിയായി .ഇനി എന്നെങ്കിലും ഈ വഴി പോകുമ്പം ടോണി ഇവിടെ കേറണം. ഈ ഫ്രിണ്ട്ഷിപ് നമുക്കു തുടരണം. .”
”ഷുവർ” ചിരിച്ചു കൊണ്ട് ടോണി തലകുലുക്കി
സതീഷ് ഫോണ്‍ നമ്പര്‍ കൊടുത്തിട്ടു തുടര്‍ന്നു.
“ഇടയ്ക്കു വിളിയ്ക്കണേ?”
“ഉം “
അവരെ യാത്രയാക്കാന്‍ സതീഷ് താഴെ, കാർ പോർച്ചു വരെ വന്നു.
ഡോർ തുറന്നു ടോണി അകത്തു കയറിയതും രേവതി കാര്‍ സ്റ്റാർട്ട് ചെയ്തു . കൈവീശി അവർ സതീഷിനു റ്റാറ്റ പറഞ്ഞു. സതീഷും കൈവീശി. നിരത്തിലൂടെ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോൾ രേവതി ചോദിച്ചു.
“എങ്ങനുണ്ട് സതീഷ് ?”
“വെരി ഹാൻസം . ആരെയും പെട്ടെന്നു വീഴിച്ചു കളയും. സമ്മതിച്ചു കൊടുക്കണം ആ വാക്സാമര്‍ത്ഥ്യം.”
”ആ വീഡിയോയുടെ കാര്യം ഒരിക്കല്‍പ്പോലും അയാളറിയരുത് കേട്ടോ? എന്നെ ചതിച്ചേക്കരുത് . ടോണിയെ വിശ്വസിച്ചാ ഞാൻ ഇവിടെ കൊണ്ടുവന്നത്.”
രേവതി ഓര്‍മ്മിപ്പിച്ചു.
“രേവതിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും ഞാൻ ചെയ്യില്ല . യു കാൻ ബിലീവ് മി ”
ടോണിയെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയിട്ടു രേവതി ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞു .
ടോണി തിരിച്ചു ഹോസ്റ്റലില്‍ വന്നപ്പോള്‍ രാത്രിയായിരുന്നു .
റൂമിൽ വന്നിരുന്നപ്പോൾ ചങ്കു പൊട്ടുന്ന വിഷമം തോന്നി.
ജാസ്മിന്‍ തന്നെ വഞ്ചിച്ചല്ലോ ! ഒരിക്കല്‍ താനൊന്ന് തൊട്ടപ്പോഴേയ്ക്കും പൊട്ടിത്തെറിച്ച പെണ്ണാണ് ഒരു മടിയുമില്ലാതെ അന്യപുരുഷന്‍റെ കൂടെ കിടക്കയില്‍ കിടന്നത് !
സ്നേഹിച്ച പുരുഷനെ വഞ്ചിച്ചിട്ട് മറ്റൊരു പുരുഷനോടൊപ്പം കൊഞ്ചിക്കുഴയാനും, ബീയറുകഴിയ്ക്കാനും, ഒന്നിച്ചുറങ്ങാനുമൊക്കെ ഇവള്‍ക്കെങ്ങനെ കഴിഞ്ഞു? താനിതൊരിക്കലും അറിയില്ലെന്നു വിചാരിച്ചുകാണും. .
രേവതി അതു മൊബൈലിൽ പകര്‍ത്തിയില്ലായിരുന്നെങ്കില്‍ അവൾ പറഞ്ഞത് താൻ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു.
തല്‍ക്കാലം ഒന്നും അറിഞ്ഞതായിട്ടു ഭാവിയ്ക്കണ്ട. ഈ നാടകം എത്രത്തോളം മുൻപോട്ടുപോകുമെന്ന് അറിയട്ടെ .
പിറ്റേന്ന് ടോണി കാന്റീനിലിരിക്കുമ്പോൾ അവൻ ജാസ്മിനു ഫോണ്‍ ചെയ്തു. അധികം സംസാരിച്ചില്ല. കാണാന്‍ കൊതിയാവുന്നെന്നും ശനിയാഴ്ച വീട്ടില്‍ വരണമെന്നും പറഞ്ഞിട്ട് അയാള്‍ ഫോണ്‍ കട്ട് ചെയ്തു .
തിരിച്ചു മുറിയില്‍ വന്നപ്പോള്‍ അരുൺ രാധാകൃഷ്ണന്‍ അവിടെ ഉണ്ടായിരുന്നു.
അരുൺ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളോര്‍ത്തു.
“എല്ലാ പെണ്ണുങ്ങളും ഉള്ളില്‍ കാപട്യമുള്ളവരാടാ . പുറമേ കാണുന്ന ചിരീം സ്നേഹവുമൊക്കെയേയുള്ളൂ അവര്‍ക്ക്. ഉള്ളിൽ നിറയെ വിഷമാ ”
അന്നവനെ താൻ കളിയാക്കിയതില്‍ ഇപ്പോൾ പശ്ചാത്താപം തോന്നുന്നു.
പിറ്റേ ശനിയാഴ്ച ഒരു പാടു ജോലിതിരക്കുണ്ടായിരുന്നിട്ടും ടോണി നാട്ടില്‍ പോയി.
പതിവായി സന്ധിയ്ക്കാറുള്ള തോട്ടിൻകരയിലെ മാവിൻ ചുവട്ടിൽ രണ്ടുപേരും കണ്ടുമുട്ടി.
അവളുടെ മുഖത്തേയ്ക്കു വെറുതെ നോക്കിയിരിക്കുന്നതുകണ്ടപ്പോൾ ജാസ്മിൻ ചോദിച്ചു.
“കാണാന്‍ കൊതിയാവുന്നൂന്ന് പറഞ്ഞു വിളിച്ചു വരുത്തീട്ട് ഒന്നു മിണ്ടാതെ ഇങ്ങനെ കണ്ണിൽ തന്നെ നോക്കിയിരിക്കുന്നതെന്താ ?”
“ഈ സൗന്ദര്യം കൺകുളിർക്കെ ഒന്ന് കാണട്ടെ ..” അവന്‍റെ കണ്ണുകള്‍ അവളെ ആകമാനം ഉഴിഞ്ഞു.
“ആദ്യായിട്ടു കാണുമ്പോലാണല്ലോ നോട്ടം?”
” കഴിഞ്ഞ ദിവസം ഞാനൊരു സ്വപ്നം കണ്ടു. താന്‍ വേറേതോ ഒരു ചെറുപ്പക്കാരനുമായി കൊഞ്ചിക്കുഴഞ്ഞു നടക്കുന്നതും, ഒരുമിച്ചു ടൂറു പോകുന്നതും, എന്നിട്ട് രാത്രി ഒരു ഹോട്ടലില്‍ ഒന്നിച്ചു കിടക്കുന്നതുമൊക്കെ.”
“ഛെ. വൃത്തികെട്ട സ്വപ്നങ്ങളേ കാണൂ.?” ജാസ്മിന്‍ അവന്‍റെ ചെവിയില്‍ നുള്ളിയിട്ടു ചോദിച്ചു. “രാത്രി കുരിശുവരച്ചിട്ടല്ലേ കിടക്കുന്നത്?”
“ങ്ഹ…വേദനിയ്ക്കുന്നു…..വിട് വിട് “
ടോണി അവളുടെ കൈ പിടിച്ചു മാറ്റി. എന്നിട്ടു ചോദിച്ചു.
“ഹോസ്റ്റലിലെന്തുണ്ട് വിശേഷം?”
“ആ കോലേക്കേറി പെണ്ണുങ്ങളുടെ മൂറീന്നൊന്നു മാറ്റിത്തരാന്‍ പറഞ്ഞിട്ട് വാർഡൻ സമ്മതിച്ചില്ല ടോണി. എപ്പഴും അവര് ഓരോന്നു പറഞ്ഞ് എന്നെ വേദനിപ്പിച്ചോണ്ടിരിയ്ക്കും.”
”താന്‍ പറഞ്ഞതുകൊണ്ട് രേവതിയുമായുള്ള എല്ലാ ഫ്രണ്ട്ഷിപ്പും ഞാന്‍ അവസാനിപ്പിച്ചു.”
“അതു നന്നായി ടോണി . അടുക്കാന്‍ കൊള്ളില്ലാത്ത വര്‍ഗ്ഗമാ. കോളജിലെ ആമ്പിള്ളേര്‍ക്കെല്ലാം അറിയാം അവളുടെ സ്വഭാവത്തിന്റെ മഹത്വം . ”
ജാസ്മിന്‍ അവളെ കുറ്റപ്പെടുത്തിയതു കേട്ടപ്പോള്‍ ടോണിയ്ക്കു ദേഷ്യമാണു തോന്നിയത്.
“രേവതീടെ അമ്മയെ അച്ഛന്‍ ഡൈവോഴ്സ് ചെയ്തതാ അല്ലേ?” ടോണി ചോദിച്ചു
“ഉം. ഒരലവലാതി ഫാമിലിയാന്നേ. അമ്മയും മോളും കണക്കാ . ഹോസ്റ്റലില്‍ എന്നും രാത്രി അവളു ബിയറു കഴിച്ചിട്ടാ കിടക്കുന്നത് ”
“നീയും കുടിക്കാറുണ്ടോ ?”
” അതിന്‍റെ മണം അടിക്കുമ്പം തന്നെ എനിയ്ക്കു ഛര്‍ദ്ദിയ്ക്കാന്‍ വരും.”
മുഖമടച്ച് ഒരടി കൊടുക്കാനാണു ടോണിയ്ക്കു തോന്നിയത്. സതീഷ് ഒഴിച്ചു കൊടുത്ത ബിയര്‍ എടുത്തു ഒറ്റവലിക്ക് കുടിച്ചിട്ട് ഇപ്പോള്‍ ഇവൾ പറയുന്നതു കേട്ടില്ലേ. അതിന്‍റെ മണം പോലും ഇഷ്ടമല്ലെന്ന് ! എത്ര ഭംഗിയായി അഭിനയിയ്ക്കുന്നു!
“നമുക്കു പിരിയാം…”
ടോണി അനുവാദം ചോദിച്ചു.
“കാണാന്‍ കൊതിയാവുന്നുന്നു പറഞ്ഞു വിളിച്ചു വരുത്തീട്ട് പോകാന്‍ തിടുക്കം കൂട്ടുവാണോ ? ഇത്തിരി നേരം കൂടി വർത്താനം പറഞ്ഞു ഇവിടിരിയ്ക്കാന്നേ . ഇനി എത്രനാള് കഴിഞ്ഞാ ഒന്ന് കാണാൻ പറ്റുക ”
“എനിക്കൊരു തലവേദന .” നെറ്റിയില്‍ കൈ അമര്‍ത്തിക്കൊണ്ടു ടോണി തുടര്‍ന്നു. “പോകാടോ….ഒരു മൂഡില്ല.”
ടോണി എണീറ്റു.
“നാളെ എന്‍റെ വീട്ടിലേയ്ക്കു വരില്ലേ ? ഉച്ചക്കത്തെ ഊണ് അവിടുന്നാകാം?” ജാസ്മിന്‍ പറഞ്ഞു.
“നോക്കട്ടെ “
”നോക്കിയാൽ പോരാ , വരണം . ഞാൻ കാത്തിരിക്കും . വന്നില്ലേൽ ഞാൻ കൂട്ടുവെട്ടും ”
ഒന്ന് ചിരിച്ചതല്ലാതെ ടോണി പിന്നീട് ഒന്നും പറഞ്ഞില്ല .
അവൻ യാത്ര പറഞ്ഞു പിരിഞ്ഞു .


ഈ വഞ്ചനയ്ക്ക് അവളോട് ഏതു രീതിയിൽ പ്രതികാരം ചെയ്താലാണ് തനിക്കു തൃപ്തിയാകുക ? ടോണിയുടെ മനസിൽ എപ്പോഴും ആ ചിന്തയായിരുന്നു. തന്നോട് കാണിച്ച വഞ്ചനക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുക്കണം.
ഒരു ദിവസം ടോണി ജാസ്മിനോടു ചോദിച്ചു.
“നമുക്കു രണ്ടുപേര്‍ക്കും കൂടി ഒരു ദിവസം എറണാകുളത്തൊന്നു കറങ്ങാന്‍ പോയാലോ?”
“എന്തിന്?”
“ചുമ്മാ ഒരുല്ലാസ യാത്ര.”
“നാണമില്ലല്ലോ പറയാന്‍? കല്യാണം കഴിയാതെ ഒരുല്ലാസയാത്രയ്ക്കും എന്നെ കിട്ടില്ല. ആ ആഗ്രഹമങ്ങു കളഞ്ഞേക്കു കേട്ടോ ?”
“എടോ രാത്രീലല്ല പകലാ. ഞാന്‍ ഹോസ്റ്റലില്‍ വന്ന് തന്നെ പിക്കപ്പു ചെയ്തോളാം. ആറുമണിയ്ക്കു മുമ്പ് തിരിച്ചങ്ങെത്തിയ്ക്കുകേം ചെയ്തേക്കാം .”
“വേണ്ട വേണ്ട . ഞാൻ വരില്ല ”
“വേണം. നിനക്കെന്നെ വിശ്വാസമില്ലെങ്കില്‍ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം ” . ടോണി ഗൗരവം പൂണ്ടു.
“ടോണി എന്താ ഈ പറയുന്നേ?” ജാസ്മിന്‍ വല്ലാതായി. “വിശ്വാസമില്ലാഞ്ഞിട്ടല്ല. വീട്ടിലറിഞ്ഞാല്‍ എന്താ സംഭവിയ്ക്കുകാന്നു ടോണിയ്ക്കറിയാല്ലോ.”
അവളുടെ കണ്ണുനിറഞ്ഞു.
“ഒരീച്ച പോലും അറിയില്ല. താന്‍ ധൈര്യായിട്ടിരിക്ക്. എന്റെ കൂടെയല്ലേ വരുന്നത് . പിന്നെന്താ ?”
“വേണ്ട ടോണീ, പ്ലീസ്….”
“വേണം…ഞാന്‍ വിളിച്ചാല്‍ നീ വരില്ലെങ്കില്‍ നിനക്കെന്നോടു സ്നേഹമില്ലാന്നു ഞാന്‍ കരുതും. ഞാൻ നിന്നെ നശിപ്പിക്കാൻ കൊണ്ടുപോകുവോന്നുമല്ലല്ലോ ? നീയെന്റെ ഭാവി വധുവല്ലേ ? ഇതൊക്കെയല്ലേ മോളെ ജീവിതത്തിലെ ഒരു സന്തോഷം ”
ജാസ്മിന്‍ ധര്‍മ്മ സങ്കടത്തിലായി.
ടോണി ഒരു പാടു നിര്‍ബന്ധിച്ചപ്പോള്‍ അവൾ മനസില്ലാ മനസോടെ സമ്മതം മൂളി.
നിശ്ചിത ദിവസം ഹോസ്റ്റലിൽ വന്നു അവളെ കൂട്ടിക്കൊണ്ടു ടോണി എറണാകുളത്തിനു തിരിച്ചു.
ഹോട്ടലില്‍ നിന്നു ഭക്ഷം കഴിച്ചശേഷം ടോണി അവളെയും കൂട്ടി നേരെ പോയതു സതീഷിന്‍റെ ഓഫീസിലേയ്ക്കായിരുന്നു .
ബഹുനില കെട്ടിടത്തിന്‍റെ ഗേറ്റു കടന്നകത്തേയ്ക്കു കയറിയപ്പോള്‍ ജാസ്മിന്റെ നെഞ്ചിടിപ്പ് കൂടി.
“ഇവിടെന്താ കാണാനുള്ളത് ടോണീ?”
“എന്‍റെ ഒരു സുഹൃത്തു ഇവിടുണ്ട് . ഇവിടെ വരെ വന്ന സ്ഥിതിക്ക് അവനെ ഒന്നു കണ്ടിട്ടു പോകാം.”
ഗോവണിപ്പടികള്‍ കയറി ടോണി ഒന്നാം നിലയിലേയ്ക്കു ചെന്നു. ഒപ്പം ജാസ്മിനും.
വിസിറ്റേഴ്സ് റൂമിൽ അവർ സതീഷിനെ കാത്തിരുന്നു
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

”നിങ്ങൾ കുർബാന എങ്ങോട്ട് തിരിഞ്ഞു ചൊല്ലുന്നു എന്നതിലല്ല, മുൻപിൽ നിൽക്കുന്ന വിശ്വാസിയുടെ ഹൃദയത്തിൽ കൊള്ളുന്നുണ്ടോ എന്നതാണ് പ്രധാനം.”

0
സിറോ മലബാര്‍ സഭ കുര്‍ബാനക്രമം ഏകീകരിച്ചു. പുതിയ ബലിയര്‍പ്പണ രീതി നവംബര്‍ 28ന് നിലവില്‍ വരും

1917 ലെ റഷ്യ. രാജ്യം മുഴുവൻ ആക്രമണവും അനീതിയും അരക്ഷിതാവസ്ഥയും അസന്തുഷ്ടിയും നിറഞ്ഞു നിൽക്കുന്നു. ചക്രവർത്തിയുടെ ഭരണത്തിന് കീഴിൽ കർഷകരും തൊഴിലാളികളും ഇടത്തരക്കാരും നെരിഞ്ഞമരുന്നു. ചക്രവർത്തിയും അവരുടെ ശിങ്കിടികളും അവരുടെ തോന്യാസങ്ങളും കണ്ട് സാധാരണ ജനം അപ്പോൾ ശക്തരായിവരുന്ന കമ്യൂണിസ്റ്റുകൾക്ക് കീഴിൽ അണിനിരന്ന് രാജ്യത്ത് വിപ്ലവം നടത്താൻ ഒരുങ്ങുന്നു.. എന്തും സംഭവിക്കാവുന്ന ദിവസങ്ങൾ.

ആ ദിവസങ്ങളിൽ റഷ്യൻ ഓർത്തഡോൿസ് സഭയിൽ ഒരു സിനഡ് വിളിച്ചു ചേർക്കപ്പെട്ടു. ചർച്ചാ വിഷയം വളരെ വിശേഷപ്പെട്ടതായിരുന്നു. കുർബാനകളിലും മറ്റ് ചടങ്ങുകളിലും പുരോഹിതർ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ നിറം എന്തായിരിക്കണം; കറുത്ത കുപ്പായത്തിൽ ചുവന്ന അലുക്കുകൾ വേണോ, അതോ ചുവന്ന കുപ്പായത്തിൽ കറുത്ത അലുക്കുകളോ.. !! എന്തായാലും ഏതാനം ദിവസങ്ങൾക്കുള്ളിൽ കമ്യൂണിസ്റ്റുകാർ ഭരണം പിടിച്ചെടുക്കുകയും പിന്നീട് വളരെ നാളത്തേയ്ക്ക് കറുപ്പോ ചുവപ്പോ എന്നല്ല ആർക്കും കുർബാന ചൊല്ലാൻ പോലും സാധിച്ചില്ല.

വലിയ വിശ്വസ്യതയൊന്നുമില്ല, എവിടെയോ ഒരു ആർട്ടിക്കിളിലിൽ വായിച്ച കഥയാണ്. ചിലപ്പോൾ തെറ്റായിരിക്കാം. പക്ഷെ മനസ്സിലാക്കിയിരിക്കേണ്ട ചില ഗുണപാഠങ്ങൾ ഉള്ളതുകൊണ്ട് പറഞ്ഞതാണ്.

ഇവിടെ കേരളത്തിൽ സുറിയാനി കത്തോലിക്കാ മെത്രാന്മാരും ഒരു സിനഡിൽ സംബന്ധിക്കുകയാണിപ്പോൾ. ചർച്ചകളിലെ പ്രധാന വിഷയം ഇതാണ്. കുർബാന അർപ്പിക്കുമ്പോൾ അച്ചന്മാർ നിൽക്കേണ്ടത് കിഴക്കോട്ടാണോ പടിഞ്ഞാറോട്ടാണോ? രണ്ടു ചേരി തിരിഞ്ഞ് പുറത്തുപറയാൻ കൊള്ളാത്തത്ര ആഭാസകരമായ രീതിയിൽ ഈ പേരിൽ അടികൂടുന്നവരുടെ ഒരു സമൂഹമായി കുറച്ചുപേർ അധഃപതിച്ചിരിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. രസകരമായ ഒരു സംഗതി, കുർബാനയിൽ പങ്കെടുക്കാൻ വരുന്ന വിശ്വസി സമൂഹത്തിന്റെ 99% ആളുകൾക്കും അച്ചൻ തിരിഞ്ഞുനിൽക്കുന്ന ദിക്ക് ഒരു പ്രശ്നമേ അല്ല എന്നതാണ്. എന്തിനും ഏതിനും വിശ്വാസം വൃണപ്പെടുകയും, ആസ്ഥാനത്ത് പ്രതികരിക്കുകയും ചെയ്യുന്ന കുറച്ച് ആഘോഷക്കമ്മറ്റിക്കാർക്കും അനുസരണം ജീവിത വ്രതമായി സ്വീകരിച്ചിരിക്കുന്ന എന്നാൽ അനുസരണം പരിസരത്തുകൂടി പോലും കടന്നുപോകാത്ത ചില അച്ചന്മാർക്കും മാത്രമാണ് ഇക്കാര്യത്തിൽ വാശി.

ആഘോഷക്കമ്മറ്റിക്കാർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ വാശി പിടിച്ച്, തെരുവിൽ തല്ലുപിടിച്ച് കടിപിടി കൂടി നേടിയെടുക്കുന്ന So called പാരമ്പര്യ അവകാശം സാധാരണ വിശ്വസിക്ക് ആവശ്യമുള്ളതല്ല. നിങ്ങൾ കുർബാന എങ്ങോട്ട് തിരിഞ്ഞു ചൊല്ലുന്നു എന്നതിലല്ല, മുൻപിൽ നിൽക്കുന്ന വിശ്വാസിയുടെ ഹൃദയത്തിൽ കൊള്ളുന്നുണ്ടോ എന്നതാണ് പ്രധാനം. കൂദാശകൾ അർപ്പിക്കാൻ ആഗ്രഹിച്ച് എന്നാൽ നിങ്ങളുടെ കടിപിടി കണ്ട് സംശയചിത്തരായ പതിനായിരക്കണക്കിന് യുവാക്കൾ പുറത്തുണ്ട്. നിങ്ങളുടെ തല്ലുപിടിയുടെ ഫലം പറ്റാൻ അവർ പള്ളികളിൽ വരാതെയാവും. ഈ ലോക്‌ഡോൺ കഴിയുമ്പോൾ എത്രപേർ പള്ളികളിൽ തിരിച്ചെത്തും എന്ന് കാത്തിരുന്ന് കണ്ടോളൂ. വരാതെയാവുന്ന ഓരോ വ്യക്തിക്കും നിങ്ങൾ കൊടുത്ത ഉതപ്പിന് നിങ്ങൾ മറുപടി പറയേണ്ടി വരും. കൂടെ നിന്ന് കയ്യടിക്കുന്നവരുടെ ആക്രോശങ്ങൾക്കിടയിൽ ചില നിസ്സഹായ മനുഷ്യരുടെ രോദനങ്ങൾ നിങ്ങൾ കേൾക്കാതെ പോവുകയാണ്. അല്ലെങ്കിൽ കേൾക്കുന്നില്ല എന്ന് നടിക്കുകയാണ്.

ഇന്ന് കേരളത്തിലെ രണ്ട് വിഭാഗം സുറിയാനി കത്തോലിക്കാ വിഭാഗം നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന ശത്രുത ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ പോലും ഉണ്ടാവില്ല. അടങ്ങാത്ത ആ ശത്രുതയുടെയും പകയുടെയും വാശിയുടെയും ഫലങ്ങളാണ് നമ്മളീ കാണുന്നത്. അതിനെയൊക്കെ പൊതുജന സമക്ഷത്തുനിന്ന് മറച്ചുപിടിക്കാനാണ് ഇടക്കിടയ്ക്ക് ഇവർ ചില വിവാദങ്ങളൊക്കെ ചികഞ്ഞ് മാന്തി കൊണ്ടുവരുന്നത്. വൈദികർ പെരുവഴിയിൽ തമ്മിൽതല്ലുന്നത് കണ്ട് വിശ്വാസം വൃണപ്പെടാത്തവർ സിനിമാ പോസ്റ്റർ കണ്ട് പ്രതികരിക്കുന്നത്, ഓണം ആഘോഷിക്കുന്നതിലെ ശരികേടുകളെപ്പറ്റി ആകുലരാകുന്നത്, നമ്മുടെതിൽ നിന്ന് വ്യത്യസ്തമായി വിശ്വസിക്കുന്നവരെ കള്ളക്കഥകൾ പറഞ്ഞ് വെറുക്കാൻ പഠിപ്പിക്കുന്നത്, മനുഷ്യനാവാൻ പറഞ്ഞ വൈദികനെ ആക്രമിക്കുന്നത്. ( ആ വൈദികന്റെ പ്രസംഗം മുഴുവൻ ആരും കേട്ടില്ല. അദ്ദേഹം എനിക്കിഷ്ടമില്ലാത്ത രൂപതയിലെ അംഗമാണ്. അദ്ദേഹം എതിർത്തത് ഞാൻ തീവ്രമായി പ്രതികരിക്കുന്ന വിഷയങ്ങളെപ്പറ്റിയാണ്. അത്രേയുള്ളൂ പ്രശ്നം. എന്റെ അഭിഷിക്തനെ അധിക്ഷേപിക്കരുത് എന്നൊക്കെയുള്ള കല്പന എല്ലാവരും മറന്നു.)

കോവിഡ് കാരണം ജനങ്ങൾ നട്ടം തിരിയുകയാണ്. അനേകർ ജീവിതസന്ധാരണം മുടങ്ങി ആത്മഹത്യയുടെ വക്കിലാണ്. അവരെയൊന്നും തിരിഞ്ഞുനോക്കാതെ സിനിമാപോസ്റ്റർ കണ്ട് വിലപിക്കുന്നവർ തിരിച്ചറിഞ്ഞ് അവരെ ആട്ടിയോടിക്കണം. പ്രാവുകളെപോലെ നിഷ്കളങ്കരും സർപ്പങ്ങളെപ്പോലെ വിവേകികളും ആവാനാണ് കർത്താവ് പഠിപ്പിച്ചത്. ഈ മൗലിക വാദികളോട് നമ്മൾ പെരുമാറേണ്ടത് സർപ്പത്തിന്റെ വിവേകത്തോടെയാണ് എന്നത് മറക്കാതിരിക്കാം.

ഇനിയും വൈകിയിട്ടില്ല, വെറുപ്പിന്റെ സുവിശേഷം പ്രസംഗിക്കുന്ന പ്രവാചകന്മാരും, പ്രവചനക്കാരും, അവരുടെ വാലാട്ടികളും എണ്ണത്തിൽ കുറവാണ്. അവരുടെ എണ്ണം കൂടുന്നതിന് മുൻപ് അവരെ തടയേണ്ട കടമ വിശ്വസികൾക്കുണ്ട്. പണ്ട് ജീവിച്ചതുപോലെ ഇനിയും മനുഷ്യനിവിടെ മനുഷ്യനായിത്തന്നെ ജീവിക്കണം. സത്യം വിളിച്ചുപറയുന്നവർ സ്വാതന്ത്ര്യം പ്രാപിക്കുന്നു എന്നു പഠിപ്പിച്ച ക്രിസ്തുവിലാണ് നാം ആശ്രയിക്കുന്നത്.

2021 ൽ സംഭവിക്കുന്ന കാര്യങ്ങളെ രണ്ടായിരം വർഷം മുൻപേ മുൻകൂട്ടി കണ്ട യേശുവിനെ മാസ്സ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?

“ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ ദൂരെയാണ്. വ്യർഥമായ അവർ എന്നെ ആരാധിക്കുന്നു. മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങൾ മുറുകെ പിടിക്കുന്നു. അത് പാലിക്കാൻ വേണ്ടി നിങ്ങൾ കൗശലപൂർവ്വം ദൈവകൽപന അവഗണിക്കുന്നു”

എഴുതിയത് : ഷോബിൻ അലക്സ് , മാളിയേക്കൽ

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

Also Read ഭാര്യ ജോലിചെയ്തു മടുത്തു നിൽക്കുമ്പോൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തുനോക്കൂ.

Also Read മൂന്നര പതിറ്റാണ്ടിന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ദൈവം ആന്റണി-സെസി ദമ്പതികൾക്ക് കൊടുത്തത് മൂന്ന് കൺമണികൾ

Also read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

വീട് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

0

എട്ടുകൊല്ലം കൊണ്ടാണ് എന്റെ വീട് പണി പൂർത്തീകരിച്ചത്. ആ നീണ്ട കാലയളവിൽ വീടുപണി പലതും എന്നെ പഠിപ്പിച്ചു . ഒരുപക്ഷെ നിങ്ങളിൽ പലരും വീടെന്ന സ്വപ്നത്തിലേക്ക് കടക്കുന്നവരാകാം. എനിക്ക് ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും അറിഞ്ഞിരിക്കുന്നത് നിങ്ങൾക്ക് ഉപകരപ്രദമായേക്കാം.

1 . വില കുറഞ്ഞ, വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ ആ ലാഭം, മണ്ണടിച്ചും , ഫൗണ്ടേഷനുള്ള അധിക ജോലിയിലും ഒലി ച്ചു പോയേക്കാം. സ്ഥലം വാങ്ങുമ്പോൾ ഉണ്ടാവുന്ന ആശ്വാസം നിർമ്മാണം തുടങ്ങുമ്പോൾ ദീര്ഘനിശ്വാസമാവുമെന്ന് ചുരുക്കം.

2 . പണം എത്ര കുറവാണെങ്കിലും താഴ്ന്ന സ്ഥലങ്ങളിൽ തറയുടെ ഉയരം കുറയ്ക്കരുത് . ഇരുപുറത്തുമുള്ള സ്ഥലങ്ങൾ മണ്ണിട്ട് ഉയർത്തിയാൽ നമ്മുടെ വീട് സ്വിമ്മിങ് പൂൾ ആവും അഥവാ കണ്ണീർ കടൽ ആവും.

3. അടിത്തറ ഇടുന്ന ജോലി, കുഴികുത്തി മണ്ണിൽ കല്ല് കുഴിച്ചിടുന്ന വെറുമൊരു കലാപരിപാടിയല്ല . എന്നാൽ പലരും ഏറ്റവും ലാഘവത്തോട് കാണുന്നതും ഇത് തന്നെ. അടിത്തറ ഇടുന്നതിൽ ചിലവ് ലഭിക്കാൻ ശ്രമിക്കരുത് . വീടിന്റെ നിൽപ്പ് അടിത്തറയിലാണെന്നു ഓർക്കുക.

4 . വരച്ചു കിട്ടിയ പ്ലാൻ നോക്കിയാൽ പലപ്പോഴും സാധാരണക്കാരന് ഒന്നും മനസിലാവില്ല. റൂമിന്റെ വലുപ്പം പോലും കൃത്യമായി പിടികിട്ടില്ല. ( പ്രത്യേകിച്ച് സ്ത്രീകൾക്ക് ) . പണി പൂർത്തിയാകുമ്പോഴാണ് ഇതെന്തു “പ്ലാൻ” എന്ന് ചിന്തിച്ചു അന്തിചു നിൽക്കുക .

5 . എൻജിനീയർ വരച്ചുതരുന്ന പ്ലാനിനെ മാത്രം ആശ്രയിക്കാതെ , ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ വീടുകൾ നേരിട്ട് കണ്ടു , നമ്മുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചു നിർമ്മിച്ചാൽ മനസിലാകാത്ത പ്ലാനിൽ കെട്ടി പൊക്കുന്നതിനേക്കാൾ മെച്ചമാകും . ഒപ്പം ആ വീടുകളിൽ താമസിക്കുന്നവരുടെ അഭിപ്രായങ്ങൾ തേടുക .പുതിയ വീട്ടിൽ താമസിച്ചതിനു ശേഷമുള്ളവരുടെ അഭിപ്രയങ്ങൾ നമുക്ക് പറ്റിയേക്കാവുന്ന തെറ്റുകുറ്റങ്ങൾ ഒഴിവാക്കാൻ സഹായിക്കും .

6 . സിറ്റ് ഔട്ടിലെ ( കോലായിലെ ) സൺഷേഡ്, സ്റ്റെപ്പുകൾ നനയാത്ത വിധം പുറത്തക്ക് നീട്ടി നൽകാൻ ശ്രദ്ധിക്കുക . അല്ലാത്ത പക്ഷം മഴക്കാലത്ത് സ്റ്റെപ്പുകൾ കരഞ്ഞൊലിക്കും. കാൽ വഴുതി വീണ് നമ്മളും കരയും!

7. ഏത് മോഡലിൽ പണിതാലും സൺഷെഡ് ആവശ്യമായ ഇടങ്ങളിൽ ഇടണം . ഒഴിവാക്കിയാൽ ചുവര് നനഞ്ഞു വെള്ളം അകത്തും, നമ്മൾ പുറത്തും നിൽക്കേണ്ടി വരും. ഒപ്പം ഇലക്ട്രിക് വയറുകൾ നനഞ്ഞു കറണ്ട് അനാവശ്യമായി നഷ്ടമാകും .

8 . നിലത്ത് വിരിക്കുന്ന ടൈൽസും , മാർബിളും പൊട്ടി വിണ്ടു കീറിയാൽ നമുക്ക് അത് വിരിച്ചവരുടെയോ , അല്ലെങ്കിൽ ആ പ്രൊഡക്ടിന്റെ കുഴപ്പമായോ തോന്നാം . എന്നാൽ പലപ്പോഴും ഇതിലെ വില്ലൻ തറയുടെ കോൺക്രീറ്റിംഗ് ശരിയാകാത്തതാകാം . ലക്ഷക്കണക്കിന് രൂപയാണ് ഫ്ലോർ ഫിനിഷിങ്നായി ചിലവഴിക്കേണ്ടി വരുന്നത്! ആ സ്ഥിതിക്ക് വിലകൂടിയ ടൈലുകൾ വിരിക്കുന്ന നിലം ഉറപ്പാക്കി എടുക്കേണ്ടതല്ലെ ?

9 . ഏതൊരു വീട്പണിയുടെയും അവസാന “അടി വലിവിന്റെ ” ഘട്ടത്തിലാണ് ഫ്ലോർ വർക്ക് തുടങ്ങുക .അത് കൊണ്ട് തന്നെ അഡ്ജസ്റ്റ്‌ മെന്റിന് കീഴടങ്ങേണ്ടി കോളിറ്റി കുറയ്‌ക്കേണ്ടി വരുന്നതും അതിൽ തന്നെയാവും . വീടിന്റെ നിലം നന്നായാൽ പാതി നന്നായി എന്നാണ് . അതിനാൽ പിന്നീട് ചെയ്യാൻ മാറ്റിവെക്കേണ്ടി വന്നാലും നിലത്ത് വിരിക്കുന്ന ടൈലിന്റെയോ ഗ്രാനൈറ്റിന്റെയോ ഗുണ നിലവാരത്തിൽ കോംപ്രമൈസ് ചെയ്യരുത് .

10 . തുടച്ചു വൃത്തിയാക്കാൻ മടിയില്ലെങ്കിൽ തറയ്ക്ക് വൈറ്റ് ഷേഡിലുള്ള ഫ്ളോറിങ് പോലെ ചേരുന്ന മറ്റൊന്നില്ല . അവ വെളിച്ചം നിലനിർത്തും എന്ന് മാത്രമല്ല , ഒരു പോസറ്റീവ് എനർജി നൽകും. അനുഭവം ഗുരു !. ( ചെളി പറ്റിയാൽ പെട്ടന്ന് അറിയും എന്നാണ് വാദം എങ്കിൽ , നിങ്ങളുടെ കുഞ്ഞുങ്ങൾ ആ കനത്ത ചേറിലാണ് ഇഴഞ്ഞു നടക്കുക, നമ്മൾ കാണുന്നില്ല എന്നത് കൊണ്ട് ആ അഴുക്ക് അവിടെ ഇല്ലാതാകുന്നില്ലല്ലോ )

11 . കോമൺ ബാത്ത്റൂമും , വാഷ് ബേസിനും ഡൈനിങ് ടേബിളിന് സമീപം നൽകരുത് . പണ്ട് ഭക്ഷണത്തിന് അകത്തേക്കും, മലശോധനയ്ക്ക് പുറത്തേക്കും പോയിരുന്ന നമ്മൾ, ഇന്ന് നേരെ തിരിച്ചാണ് . ടോയിലറ്റ് എന്തൊക്കെയിട്ട് വൃത്തിയാക്കി എന്ന് പറഞ്ഞാലും അത് അരോചകമായി അനുഭവപ്പെടും.

12 . റൂമുകൾ , സിറ്റിംഗ് ഹാൾ , അടുക്കള തുടങ്ങിയവയ്ക്ക് ഇരുവശങ്ങളിലും ജനലുകൾ വരുന്നുണ്ടെന്നു പ്ലാൻ വരക്കുമ്പോഴേ ഉറപ്പാക്കണം .

13 . ജനൽ പാളികൾ ഉണ്ടാക്കുമ്പോൾ മുകൾ ഭാഗം തുറന്ന് ഇടാൻ കഴിയുന്ന രീതിയിൽ ഒരു പൊളി ചെറുത് ഉണ്ടാക്കിയാൽ കറണ്ട് ഇല്ലാത്ത അവസരങ്ങളിൽ ഉപകാരപ്പെടും.

14 . മുൻവാതിലിൽ പന്ത്രണ്ട് താഴുള്ള പൂട്ടു ഫിറ്റ് ചെയ്യുന്ന നമ്മൾ അടുക്കള വാതിൽ ഒരു നട്ടും ബോൾട്ടിലും ഒതുക്കും . കള്ളന് സുഖവും എളുപ്പവുമുള്ള പ്രവേശനം അടുക്കള വാതിൽ ആയിരിക്കെ മാറി ചിന്തക്കേണ്ട സമയം അതിക്രമിച്ചു . അതു പോലെ ഉള്ളിൽ നിന്നും ബലപ്പെടുത്തേണ്ട വാതിൽ ആണ് സ്റ്റെയർ കേസിനു മുകളിലെ വാതിൽ. അത് പട്ടയും കമ്പിയും അടിച്ചു ബലപ്പെത്തുക തന്നെ വേണം .

15 . അടുക്കള വലിയ വലിയ വിസ്തൃതിയിൽ ഉണ്ടാക്കാത്തതാണ് നല്ലത്. വീതിയെക്കാൾ നീളം അല്പം കൂടിയാൽ കിച്ചനിലെ ടേബിളുകൾക്കിടയിലുള്ള നടത്തത്തിന്റെ ദൈർഘ്യം കുറയും .

16 . എത്ര ചെറിയ വീടാണെങ്കിലും ഉള്ളിൽ കയറിയാൽ ഒരു കുടുങ്ങിയ അവസ്ഥ ഫീൽ ചെയ്യരുത് . പാസേജുകൾക്കായി ഒരുപാട് സ്ഥലം നീക്കി വെക്കുന്നത് വലിയ വീടുകളിലും കുറഞ്ഞ സ്ഥലസൗകര്യം സൃഷ്ടിക്കും .

ഇലക്ക്‌ട്രിക്ക് പ്ലാൻ , പ്ലബിംങ് പ്ലാൻ.

നമുക്ക് ഏറെയും രണ്ടു പ്ലാനേ കാണു. എങ്ങിനെയെങ്കിലും വീട് വെക്കാനുള്ള “തത്രപ്പാട് പ്ലാനും” , എൻജിനീയർ വരച്ചു തരുന്ന സ്ട്രക്റ്ററൽ പ്ലാനും. അതുകൊണ്ട് തന്നെ മേൽപ്പറഞ്ഞ രണ്ടു പ്ലാനുകളും നമ്മുടെ ചിന്തകൾക്ക് പുറത്താണ് .

ഇലക്ക്‌ട്രിക്ക് പ്ലാൻ.

ഇത് നമ്മുടെ ആവശ്യങ്ങൾ പറഞ്ഞു വരപ്പിച്ചു വയറിങ് ചെയ്യുന്നവർക്ക് കൊടുക്കണം. അല്ലാത്ത പക്ഷം കോട്ടങ്ങൾ ഉണ്ടാകാം.

1 . വീട്ടിനകത്ത് വള്ളിപ്പടർപ്പ് പോലെ എക്സ് സ്‌റ്റെൻഷൻ വയർ തലങ്ങും വിലങ്ങും പടർന്നു പന്തലിക്കും .
2 . ഫ്രിഡ്ജ് വെക്കാൻ ഉദ്ദേശിച്ചിടത്ത്, മോട്ടറും , മോട്ടർ ഉദ്ദേശിച്ചിടത്ത് മിക്സിയും വരും .
3 . കിടക്കുന്ന കട്ടിലിൽ തന്നെ ഇസ്തിരിപ്പെട്ടിയുമായി ശരണം പ്രാപിക്കേണ്ടി വരും .
4 . ബാത്‌റൂമിൽ കടന്നതിനു ശേഷം ഇരുട്ടിൽ സ്വിച്ച് തപ്പി കുഴങ്ങേണ്ടി വരും .
5 . പണിക്കാർ അവരുടെ എളുപ്പത്തിന് അനുസരിച്ചു വയർ വിലിച്ചും , സാധനങ്ങൾ വാങ്ങി കൂട്ടിയും ബഡ്‌ജറ്റ്‌ കൂട്ടും.

Read Also ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് .

പ്ലബിംങ് പ്ലാൻ.

ഇതില്ലെങ്കിൽ പണി പാളുന്നത് കുളിമുറിയിലും അടുക്കളയിലും മാത്രമായിരിക്കില്ല . കാൽ കഴുകാൻ പുറത്ത് വെക്കുന്ന പൈപ്പ് പോലും അസ്ഥാനത്താവാം !

1 .വലിയ ടോയിലറ്റ് പണിത് , അതിലെ യൂറോപ്യൻ ക്ളോസ്റ്റ് അടക്കം, എല്ലാ ഫൈറ്റിങ്ങ്ങ്സുകളും ഒട്ടും അകലമില്ലാതെ വെച്ചാൽ , കുളിക്കുമ്പോൾ വെള്ളം ക്ളോസറ്റിൻമേൽ വീണ് നമ്മുടെ ദേഹത്തേക്ക് തെറിക്കും . അതൊരു വല്ലാത്ത ഈർഷ്യയാണ്. അതുപോലെ ടോയ്ലറ്റ് അധികം താഴ്ച്ച ഇല്ലാതെ ഫ്ലോർ ചെയ്യുക . ഇനിയുള്ള കാലഘട്ടത്തിൽ 60 വയസ്സ് കഴിയുമ്പോഴേക്കും ആരോഗ്യം ക്ഷയിച്ചു ചിലപ്പോൾ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാകും. അല്ലെങ്കിൽ മുട്ട് വേദന കൊണ്ടും ചിലപ്പോൾ വീൽ ചെയർ ഉപയോഗിക്കേണ്ട അവസ്ഥയും വരാം. അപ്പോൾ ബാത്‌റൂമിൽ ഒരു ഇഞ്ച് താഴ്ച്ച യിൽ ഫ്‌ളോർ ചെയ്യുക.
ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ഒരു ബാത്‌റൂമിലെങ്കിലും അതുപോലെ ക്ളോസെറ്റിന് അടുത്ത് ചുമർ റ്റു ചുമർ ഒരു സ്റ്റീൽ പൈപ്പ് കൊടുക്കുക. പിടിച്ചു എണീക്കാൻ വേണ്ടി ബാത്‌റൂം സപ്പോർട്ട് ഫിറ്റിങ് വാങ്ങി ഫിറ്റ്‌ ചെയ്യുക. ചുമരിൽ ഒരു കരുതൽ. നമ്മളും നാളെ വയസ്സാകാം എന്നൊരു ചിന്തയിൽ ഒരു കരുതൽ .

2 . വേസ്റ്റ് വെള്ളം പുറത്തേക്ക് പോവാനുള്ള കുഴി , കുളിക്കാനുള്ള പൈപ്പിനടുത്ത് തന്നെ സ്ഥാപിച്ചാൽ വഴുക്കൽ കൂടും എന്ന് മാത്രമല്ല അതിൽ വീഴുന്ന വെള്ളം നമ്മുടെ ശരീരത്തിലേക്ക് തെറിക്കുമ്പോൾ കുളിച്ച ഫീൽ അങ്ങ് പോകുകയും ചെയ്യും.

പ്ലമ്പിങ് പ്ലാൻ നമ്മുടെ ഉപയോഗത്തിനും സൗകര്യത്തിനും അനുസരിച്ചു ചർച്ച ചെയ്ത് വരപ്പിച്ചാൽ , ലക്ഷകണക്കിന് രൂപ ചെലവഴിച്ച കംഫർട്ട് റൂം കംഫർട്ടായി തന്നെ ഉപയോഗിക്കാം .
ബാത്റൂമുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ബഡ്ജറ്റ് കുത്തനെ ഉയരും .

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

ഇനി കുറച്ചു പൊതുവായുള്ള കാര്യങ്ങൾ.

1 .വലിയ വീടുകൾ എന്നാൽ സൗകര്യങ്ങൾ കൂടിയ വീടാവണമെന്നില്ല . ആവശ്യമുണ്ടെങ്കിൽ മാത്രം ഇരു നില വീടുകൾ വെയ്ക്കുക . മുകൾ തട്ട് ആവശ്യമില്ലാത്ത പക്ഷം വവ്വാലുകൾ വാടക തരാതെ താമസിക്കും .

2 . വീട് പണി തുടങ്ങുമ്പോൾ തന്നെ ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത് . കാരണം അടവും , വീട്ട് ചിലവും പലപ്പോഴും മുടക്കി അത് തടവറയിലാക്കും നമ്മളെ . അതോടെ പണി പകുതിക്ക് നിലയ്ക്കും.

3 . മെറ്റീരിയലുകൾ കഴിവതും സംഭരിച്ചു വെച്ചതിന് ശേഷം വീട് പണി തുടങ്ങാൻ കഴിഞ്ഞാൽ , അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷപ്പെടാം . ഒപ്പം, ലേബർ ചാർജ്ജും, മെറ്റീരിയൽ ചാർജ്ജും ഒരുമിച്ച് വഹിക്കേണ്ടി വരുമ്പോൾ നേരിടുന്ന “ശ്വാസതടസം” ഒഴിവാക്കുകയും ചെയ്യാം .

ഏതൊരു വീടും സുരക്ഷിതത്ത്വത്തിന്റെ മടിത്തട്ടിലേക്ക് സ്നേഹത്തോടെ നമ്മെ മാടി വിളിക്കുന്നതാവണം .
കറന്റ് പോയാൽ ജനിലൂടെ അടുത്ത വീട്ടിലേക്ക് നോക്കി അവിടെയും കറന്റ് ഇല്ലായെന്ന് സമാധാനിക്കുന്ന ഞാൻ അടക്കമുള്ള മലയാളി അടുത്ത വീടിനേക്കാൾ വലുപ്പമുള്ളത് വെക്കുന്നതിൽ നിർവൃതി കൊള്ളാതെ . സ്വന്തം ആവശ്യങ്ങളും , നീക്കിയിരിപ്പും തിരിച്ചറിഞ്ഞു വീട് പണിതാൽ കടമില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാം എന്നതാണ് ഞാൻ പഠിച്ച പാഠം .

മനോജ് കുമാർ കാപ്പാട് , കുവൈറ്റ്

Read Also മകൻ ഇഷ്ടപ്പെട്ട പെണ്ണിനേം കൊണ്ടു കയറി ചെന്നപ്പോൾ ” പറ്റിയത് പറ്റി, മേലിൽ ഇത് ആവർത്തിക്കരുതെന്ന്” പറഞ്ഞു ഒരു വലിയ ലഹള ഇല്ലാതാക്കിയ വിശാല ഹൃദയനായ ആശാനാണ് അച്ചായൻ

Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!

Read also വീടിനോട് ചേര്‍ന്ന്‌ ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.

Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read ”സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം!”

Also read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.” മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Also Read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 11

0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 11

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി. ഇടയ്ക്കിടെ അവർ കൂടിക്കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്തു. ക്രമേണ രേവതിക്ക് ടോണിയോട് പ്രണയം തോന്നി. യാദൃച്ഛികമായി അതറിഞ്ഞ ജാസ്മിൻ അകെ തളർന്നു. രേവതി സ്വഭാവദൂഷ്യം ഉള്ള പെണ്ണാണെന്നു ജാസ്മിൻ ടോണിയെ ധരിപ്പിച്ചു. അതുകേട്ടപ്പോൾ ടോണി രേവതിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ തീരുമാനിച്ചു. (തുടര്‍ന്നു വായിക്കുക)

പിറ്റേന്നും രേവതി ടോണിയെ ഫോണിൽ വിളിച്ചു . ടോണി പക്ഷേ, സംസാരിയ്ക്കാനൊട്ടും താത്പര്യം കാണിച്ചില്ല. ശല്യപ്പെടുത്തരുതെന്നു പറഞ്ഞിട്ട് വേഗം കോൾ കട്ട് ചെയ്തു .

അതോടെ ജാസ്മിനോടുള്ള ദേഷ്യവും പകയും ഇരട്ടിച്ചു അവള്‍ക്ക് . രേവതിയുടെ ശകാരവും ശാപവാക്കുകളും കേട്ട് നിശ്ശബ്ദമായി കരയാനേ ജാസ്മിന് കഴിഞ്ഞുള്ളു . രേവതിയുടെ മുറിയില്‍ നിന്ന് തന്നെ മാറ്റണമെന്ന് അവൾ വാർഡനോട് ആവശ്യപ്പെട്ടെങ്കിലും വാർഡൻ അത് നിരസിച്ചു.
ഹോസ്റ്റല്‍ ജീവിതം മടുത്തു എന്ന് അവൾ പപ്പയോടു പലവട്ടം പറഞ്ഞു നോക്കി . തോമസ് പക്ഷേ, അവളെ വീട്ടിലേക്കു പോരാനനുവദിച്ചില്ല.
“ഒരു വര്‍ഷം അവിടെ നിന്ന് അച്ചടക്കോം, കൃത്യനിഷ്ഠയുമൊക്കെ ഒന്ന് പഠിയ്ക്ക്. എന്നിട്ടിങ്ങു പോരാം.”
അതുകേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത് ! അച്ചടക്കവും കൃത്യനിഷ്ഠയും പഠിയ്ക്കാന്‍ പറ്റിയ സ്ഥലം തന്നെ .

ഹോസ്റ്റലില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്നു ജാസ്മിനു തോന്നി. രേവതിയുടേയും ചിഞ്ചുവിന്‍റേയും ഗ്യാങ്ങിലാണ് എല്ലാ പെണ്ണുങ്ങളും. അവര്‍ക്കു വാരിയെറിയാന്‍ ഇഷ്ടംപോലെ പണമുണ്ടല്ലോ!

ഒരു ദിവസം രാജിയുടെ മുറിയില്‍ വച്ച് രേവതി ഊര്‍മ്മിളയോടും രാജിയോടുമായി പറഞ്ഞു.
“അങ്ങനെ ചുമ്മാ വിടുവൊന്നുമില്ല ഞാൻ അവളെ . ശരിക്കും ഒരു പാഠം പഠിപ്പിക്കും ”
“എന്തിനാടോ ആ കൊച്ചിനെ വിഷമിപ്പിക്കുന്നേ ? “
രാജിയ്ക്കു സഹതാപമായിരുന്നു.
”ടോണിയോടു എന്നെപ്പറ്റി അപവാദം പറഞ്ഞ് അവൾ നാറ്റിച്ചില്ലേ ? അതിനു ഒരു പണികൊടുക്കണ്ടേ ?”
അന്നു വൈകുന്നേരം രേവതി വീണ്ടും ടോണിയ്ക്കു ഫോണ്‍ ചെയ്തു.
“താൻ എന്തുദേശിച്ചാ ഇത് ? ” ടോണി ചൂടായി ” എന്നെ ശല്യപ്പെടുത്തരുതെന്നു നൂറുവട്ടം തന്നോട് ഞാന്‍ പറഞ്ഞതല്ലേ ? പിന്നെന്തിനാ നാണമില്ലാതെ വീണ്ടും വീണ്ടും ഇങ്ങനെ വിളിക്കുന്നേ ? ” ടോണി കോൾ കട്ട് ചെയ്യാനൊരുങ്ങിയപ്പോൾ അവൾ പറഞ്ഞു .
”പ്ലീസ് ടോണി.., കട്ട് ചെയ്യരുത് . ഞാൻ പറയുന്നതൊന്നും കേട്ടിട്ട് കട്ട് ചെയ്തോ . പ്ലീസ് . എന്റെ അവസാനത്തെ റിക്വെസ്റ്റാ .”
”ഇയാൾക്കെന്താ പറയാനുള്ളത് . വേഗം പറഞ്ഞു തുലക്ക് . എനിക്ക് വേറെ പണിയുണ്ട് ”
“എനിയ്ക്കു ടോണിയെ നേരിട്ടൊന്നു കണ്ടു സംസാരിയ്ക്കണം. അതു കഴിഞ്ഞിട്ട് അവസാനിപ്പിക്കാം നമുക്ക് ഈ ഫ്രണ്ട്ഷിപ്പ്”
”എനിക്കയാളെ കാണാൻ ഇഷ്ടമില്ല ”
”അത്രക്കും വെറുത്തുപോയോ എന്നെ ? പ്ലീസ് ..എന്റെ ലാസ്റ്റ് റിക്വസ്റ്റാ . ഒന്ന് കണ്ടാൽ മാത്രം മതി . വേറൊന്നും വേണ്ട . അത്രയെങ്കിലും ഒരു കാരുണ്യം കാണിച്ചൂടേ?”
”എനിക്ക് ഇയാളെ കാണാൻ ഇഷ്ടമില്ലെന്നു പറഞ്ഞില്ലേ ? പിന്നെന്തിനാ വീണ്ടും വീണ്ടും നാണമില്ലാതെ ഇങ്ങനെ പറയുന്നേ ?”
“അങ്ങനെ പറയരുത് ടോണി . ദിസ് ഈസ് മൈ ലാസ്‌റ് ആൻഡ് ഫൈനൽ റിക്വസ്റ്റ് ..പ്ളീസ്. ഉപേക്ഷിക്കരുത് ”
രേവതി വീണ്ടും വീണ്ടും യാചിക്കുന്നതു കേട്ടപ്പോള്‍ ടോണിയ്ക്കു മനസലിവു തോന്നി.
“ഓകെ. ഞാൻ എവിടെ വരണം ?”
വരേണ്ട ദിവസവും സമയവും സ്ഥലവും രേവതി പറഞ്ഞു. ടോണി സമ്മതം മൂളിയപ്പോൾ രേവതിയ്ക്കു സന്തോഷമായി.
”എന്തു തിരക്കുണ്ടെങ്കിലും വരണം . വാരാതിരിക്കരുത് ”
”വരും . തന്റെ അവസാനത്തെ ആഗ്രഹമല്ലേ , സാധിച്ചു തന്നില്ലെന്നു വേണ്ട ”
അത് പറഞ്ഞിട്ട് ടോണി കോൾ കട്ട് ചെയ്തു .
നിശ്ചിത ദിവസം, പറഞ്ഞ സ്ഥലത്തു രേവതി കാറുമായി എത്തി. ടോണി നേരത്തെതന്നെ എത്തിയിരുന്നു .
രണ്ടു പേരും അടുത്തുള്ള റസ്റ്റോറന്‍റിലെ ആളൊഴിഞ്ഞ ഫാമിലി റൂമില്‍ സമ്മേളിച്ചു. രണ്ടു കോഫിക്ക് ഓർഡർ കൊടുത്തിട്ട് ടോണി പറഞ്ഞു .
“പറ. ഇയാള്‍ക്കെന്താ സംസാരിയ്ക്കാനുള്ളത്.”
“ആളു ഗൗരവത്തിലാണല്ലോ.”
രേവതി അവനെ ചിരിപ്പിയ്ക്കാന്‍ ശ്രമിചെങ്കിലും ടോണിയ്ക്കു ചിരി വന്നില്ല.
“എന്താന്നു വച്ചാല്‍ പറഞ്ഞു തൊലയ്ക്ക്”
അവന് ക്ഷമ കേട്ടു . അതു കേട്ടപ്പോൾ രേവതിയുടെ മുഖം മ്ലാനമയമായി .
“പറഞ്ഞു തൊലയ്ക്കെന്നോ?” രേവതി ദുഖത്തോടെ അയാളുടെ കണ്ണുകളിലേയ്ക്കു നോക്കി. “ടോണി എങ്ങനെയാ ഇത്രേം മാറിപ്പോയേ? എന്‍റെ സ്വരം കേള്‍ക്കുന്നതുപോലും ഇഷ്ടമല്ലാത്ത രീതീല്‍…. ?”
രേവതിയുടെ കണ്ണുകൾ നിറയുന്നതു ടോണി ശ്രദ്ധിച്ചു.
“ഇയാളൊന്നും വിചാരിയ്ക്കരുത്. ഞാന്‍ തുറന്നങ്ങു പറയാം. ജാസ്മിനും ഞാനും തമ്മില്‍ പണ്ടു മുതലേ സ്നേഹമാ . ഞങ്ങളു കല്യാണം കഴിയ്ക്കാൻ തീരുമാനിച്ചി രിക്കുന്നതുമാ. തന്നെ അച്ഛന്‍ സ്നേഹിച്ചില്ല. അമ്മ സ്നേഹിച്ചില്ല. കൂടപ്പിറപ്പു സ്നേഹിച്ചില്ല എന്നൊക്കെ പറഞ്ഞതു കൊണ്ടാ താനുമായി ഒരു ഫ്രണ്ട്ഷിപ്പിനു ഞാന്‍ സമ്മതിച്ചത്. പക്ഷേ താനതു ദുരുപയോഗപ്പെടുത്തുമെന്നു ഞാന്‍ വിചാരിച്ചില്ല. എന്തായാലും ഇയാളുമായിട്ടു ഇനിയൊരു ഫ്രണ്ട്‌ ഷിപ്പില്ല ”
രേവതി ഒരു നിമിഷനേരം വായ്‌പൊളിച്ചിരുന്നപ്പോയി.
ജാസ്മിനും ടോണിയും തമ്മില്‍ സ്നേഹമാണെന്ന അറിവ് അവളെ വല്ലാതെ ഉലച്ചു .
“നിങ്ങളു തമ്മില്‍ സ്നേഹമാണെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു ടോണീ. ഒരിക്കല്‍ പോലും ജാസ്മിൻ ഇക്കാര്യം എന്നോട് പറഞ്ഞിട്ടില്ല . ഞാന്‍ ചോദിച്ചപ്പം ഒരു കൂടപ്പിറപ്പിനേപ്പോലെയാ അവളു ടോണിയെ കാണുന്നതെന്നാ എന്നോട് പറഞ്ഞത് “
രേവതിയുടെ മനസ് ഇടിഞ്ഞു.
“ആരോടും പറയണ്ടാന്നു ഞാൻ തന്നെയാ അവളോട് പറഞ്ഞത് . ഞങ്ങടെ വീട്ടിൽ പോലും ഇത് അറിയില്ല . അതുകൊണ്ടാ തന്നോടും ഞാനിതു പറയാതിരുന്നത് ”
ഒരു നിമിഷനേരത്തേയ്ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല രേവതിയ്ക്ക്. മനസു വല്ലാതെ തളർന്നു പോയിരുന്നു. ടോണി തുടർന്നു :
“നമ്മള്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന്‍റെ കാര്യം ഇയാളെന്തിനാ ഹോസ്റ്റലിൽ എല്ലാരോടും പറഞ്ഞേ? ഇതു വെളിയിലാരും അറിയരുതെന്നു തന്നോടു ഞാൻ ആദ്യമേ പറഞ്ഞതല്ലേ? താനൊരു പെണ്ണല്ലേ? താനൊന്നാലോചിച്ചു നോക്ക്, ഏതെങ്കിലുമൊരു പെണ്ണിനിഷ്ടപ്പെടുമോ അവളു കല്യാണം കഴിയ്ക്കാന്‍ പോകുന്ന പുരുഷന്‍ വേറൊരു പെണ്ണുമായിട്ട് ഫ്രണ്ട്ഷിപ്പ് കൂടുന്നത്?”
“ഞാൻ പറഞ്ഞല്ലോ . നിങ്ങളു തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നെന്ന് . ഞാൻ ചോദിച്ചപ്പം അങ്ങനെ ഒരു അടുപ്പം ഇല്ലെന്നാ അവളെന്നോട് പറഞ്ഞത് ”’
“എന്നാ ഇപ്പം അറിഞ്ഞല്ലോ ? നമുക്കീ ചാപ്റ്റര്‍ ഇവിടെ ക്ളോസ് ചെയ്യാം . മേലിൽ എന്നെ ഇനി വിളിക്കരുത് ”
രേവതി ഒന്നും മിണ്ടിയില്ല. അവളുടെ കണ്‍കോണുകളില്‍ രണ്ടു മിഴിനീര്‍ മുത്തുകള്‍ തങ്ങി നില്‍ക്കുന്നതു ടോണി കണ്ടു.
“കഴിഞ്ഞ തവണ ജാസ്മിന്‍ എന്നെ കണ്ടപ്പം തന്നെക്കുറിച്ചു ഒരുപാട് പരാതി പറഞ്ഞു. താന്‍ കാരണം കോളജിലും ഹോസ്റ്റലിലുമൊക്കെ അവള്‍ക്കിപ്പം തല ഉയര്‍ത്തി നടക്കാന്‍ പറ്റാതായീന്ന് . എന്തിനാ ആ കൊച്ചിനെ നീയിങ്ങനെ വേദനിപ്പിക്കുന്നേ ? നീയുമായിട്ടു ഒരു ഫ്രണ്ട്ഷിപ്പു ഇനി വേണ്ടാന്ന് അന്ന് തീരുമാനിച്ചതാ ഞാൻ . അവള്‍ക്കിഷ്ടമില്ലാത്തതൊന്നും ഞാന്‍ ചെയ്യില്ല. അത് നീ പ്രതീക്ഷിക്കണ്ട ”
രേവതി മുഖം കുമ്പിട്ടിരുന്നിട്ട് ടോണി കാണാതെ പല്ലു ഞെരിച്ചു. ജാസ്മിനോടുള്ള പക അവളുടെ ഉള്ളിൽ കനലായി എരിയുകയായിരുന്നു . പെട്ടെന്ന് മുഖം ഉയർത്തി അവൾ ചോദിച്ചു .
“ടോണി വിചാരിയ്ക്കുന്നുണ്ടോ, ജാസ്മിന്‍ ടോണിയെ ആത്മാര്‍ത്ഥമായിട്ടു സ്നേഹിയ്ക്കുന്നുണ്ടെന്ന്?”
“അവളുടെ ആത്മാര്‍ത്ഥതയേപ്പറ്റി പറഞ്ഞ് എന്നെ അവളിൽ നിന്ന് അകറ്റാമെന്നു നീ വിചാരിയ്ക്കണ്ട. ഓർമ്മവച്ചനാൾ മുതലറിയുന്നതാ ഞാനവളെ. ഇയാള്‍ക്കു വേറെ വല്ലോം പറയാനുണ്ടെങ്കിൽ പറ ”
ടോണിയുടെ സ്വരം കനത്തു.
രേവതി പുച്ഛഭാവത്തിൽ ഒന്ന് ചിരിച്ചു . എന്നിട്ട് ടോണിയെ സഹതാപത്തോടെ നോക്കികൊണ്ടു പറഞ്ഞു:
“ടോണി ഇപ്പഴും പഴേ നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരു ശുദ്ധ ഹൃദയനാ . ഒരു പെണ്ണിന്‍റെ ഹൃദയം ഒരു പെണ്ണിനേ കാണാൻ പറ്റൂ ടോണി. ജാസ്മിന്‍റെ ഹൃദയം എനിയ്ക്കു നന്നായിട്ടറിയാം. ഒന്നുമല്ലെങ്കിലും അഞ്ചാറു മാസമായില്ലേ ഞാനവളുടെ മുറീല്‍ താമസിയ്ക്കുന്നു.”
“എന്നെയും അവളെയും തമ്മിൽ അകറ്റാൻ താൻ പല അടവുകളും പ്രയോഗിക്കുമെന്ന് എനിക്കറിയാം . അത് പ്രതീക്ഷിച്ചു തന്നെയാ ഞാനിപ്പം വന്നതും . ആ പരിപ്പ് ഈ കലത്തിൽ വേവൂല്ല . തനിക്കു വേറെവല്ലതും പറയാനുണ്ടോ ?”
”ടോണി ഒരു പച്ചപ്പാവം ആയിപ്പോയല്ലോ . കഷ്ടം . സത്യത്തിൽ എനിക്ക് ഇപ്പം സഹതാപം തോന്നുന്നു. ” ഒരു ദീർഘശ്വാസം വിട്ടിട്ടു അവൾ തുടർന്ന്: ”ടോണി പറഞ്ഞല്ലോ, താന്‍ കല്യാണം കഴിയ്ക്കാന്‍ പോകുന്ന പുരുഷന്‍ മറ്റൊരു പെണ്ണുമായി ഫ്രണ്ട്ഷിപ്പ് കൂടുന്നത് ഒരിക്കലും ആ പെണ്ണ് ഇഷ്ടപ്പെടില്ലെന്ന്. നേരാ. തന്‍റെ സ്വത്തു വേറൊരാള്‍ കൈക്കലാക്കുന്നത് ഒരു പെണ്ണിനും ഇഷ്ടമല്ല. ഞാൻ സമ്മതിക്കുന്നു. ഇനി ഞാൻ തിരിച്ചൊന്നു ചോദിച്ചോട്ടെ. താന്‍ കല്യാണം കഴിയ്ക്കാന്‍ പോകുന്നപെണ്ണ് മറ്റൊരു പുരുഷന്‍റെ കിടക്ക പങ്കിട്ടിട്ടുണ്ടെന്നു അറിഞ്ഞാല്‍ എന്തായിരിക്കും ആ പുരുഷന്റെ പ്രതികരണം?”
അതുകേട്ടു ടോണി പൊട്ടിച്ചിരിച്ചു .
” നീ പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് . ആ പരിപ്പ് ഈ കലത്തിൽ വേവില്ലെന്നു ഞാൻ പറഞ്ഞില്ലേ . അതങ്ങെടുത്തു വാങ്ങി വച്ചേക്ക് . നിനക്ക് വേറെന്തെകിലും പറയാനുണ്ടോ ? ഇല്ലെങ്കിൽ നമുക്ക് പിരിയാം .”
ടോണിയുടെ നേരെ നോക്കി താടിക്കു കൈ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു .
”ഞാനിപ്പം എന്ത് പറഞ്ഞാലും ടോണി വിശ്വസിക്കില്ലെന്ന് എനിക്കറിയാം . പക്ഷെ ടോണി ഒരു കാര്യം ഓർക്കണം . പുറമെ കാണുന്ന ചിരിയും സ്നേഹവുമൊക്കെ എല്ലാവരുടെയും ഉള്ളിലും കാണുമെന്നു വിചാരിക്കരുത് . ആരും അറിയില്ലെന്നു കണ്ടാല്‍ എന്തിനും മടിയ്ക്കാത്ത ഒരു പാടു പെണ്ണുങ്ങളും ആണുങ്ങളും നമുക്കു ചുറ്റുമുണ്ട് ടോണി.
ചാസ്റ്റിറ്റിയ്ക്കൊന്നും ഇപ്പം ആരും വല്യ വിലയൊന്നും കല്പിയ്ക്കുന്നില്ല . മെഡിക്കല്‍ കോളേജില്‍ പഠിയ്ക്കുന്ന ടോണിയോടു ഞാനിതൊക്കെ പറഞ്ഞുതരണോ?”
“ഇയാൾ ആരെക്കുറിച്ചാ ഈ പറയുന്നേ ?”
“ജാസ്മിനേക്കുറിച്ചു പറഞ്ഞാല്‍ ടോണി വിശ്വസിക്കില്ലല്ലോ! നിങ്ങളു തമ്മില്‍ കൊച്ചുനാള്‍ മുതല്‍ അറിയുന്നതല്ലേ . അവളുടെ ഹൃദയം തുറന്നു വച്ച് കണ്ടതുമല്ലേ .”
കളിയാക്കും മട്ടില്‍ രേവതി അങ്ങനെ പറഞ്ഞപ്പോൾ ടോണിയുടെ നെറ്റി ചുളിഞ്ഞു . ഹൃദയമിടിപ്പ് കൂടി .
“തനിക്കെന്താ പറയാനുള്ളതെന്നു വച്ചാൽ പറ ” ടോണിക്കു ഉത്കണ്ഠയായി.
”ഞാൻ പറഞ്ഞാൽ ടോണി വിശ്വസിക്കില്ലെല്ലോ ”
”ഇയാൾക്ക് എന്താ പറയാനുള്ളത് ” ടോണിയുടെ ശ്വാസഗതി കൂടുന്നത് രേവതി തിരിച്ചറിഞ്ഞു .
” കേൾക്കണോ ടോണിക്ക് ? ”
”ഉം ”
”ഞാന്‍ പറയുന്നതു ടോണി ശാന്തമായിട്ട് കേള്‍ക്കണം. ” രേവതി സൗമ്യസ്വരത്തില്‍ തുടർന്നു . “എന്‍റെ സ്വന്തം ബ്രദറിനോടെന്നപോലെ പറയുകയാ. ടോണിയ്ക്ക് സമാധാനവും സന്തോഷവും കിട്ടണമെന്നാഗ്രഹമുണ്ടെങ്കില്‍ ടോണി വേറേതെങ്കിലും പെണ്ണിനെ കല്യാണം കഴിച്ചോ. ഇതു നമുക്കു വേണ്ട ടോണീ.” ടോണിയുടെ കൈ പിടിച്ചുകൊണ്ടവൾ തുടര്‍ന്നു. “ഞാന്‍ അസൂയകൊണ്ടു പറയ്വാന്നു വിചാരിയ്ക്കരുത്. ആരും തൊടാത്ത ഭക്ഷണം കിട്ടാനുള്ളപ്പം മറ്റൊരാളു കഴിച്ചതിന്‍റെ ബാക്കി കഴിയ്ക്കണോ ടോണി ?”
“ഷട്ട് അപ് യുവര്‍ ബ്ലഡി മൗത്ത്!”
ടോണി പൊട്ടിത്തെറിച്ചു.
“നീ എന്താടി എന്നേക്കുറിച്ചു വിചാരിച്ചത്? നിന്‍റെ കുത്തിത്തിരുപ്പു വിശ്വസിച്ചു ഞാനവളെ ആട്ടിയോടിച്ചിട്ടു നിന്നെ വന്നു കെട്ടുമെന്നോ ? റൂം മേറ്റായി കിട്ടിയതു രണ്ടു അലവലാതിപ്പെണ്ണുങ്ങളെയാണെന്നു അവൾ എന്നോട് പറഞ്ഞപ്പം ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല . നിനക്കെയ്ഡ്സാണു വരെയല്ലേടീ ഹോസ്റ്റലിലെല്ലാരും പറയുന്നത്.” മനോനിലതെറ്റിയവനെപോലെ ടോണി എന്തൊക്കെയോ വിളിച്ചു കൂവി.
രേവതിയ്ക്കു ദേഷ്യം തിളച്ചുപൊന്തിയെങ്കിലും പാടുപെട്ടു നിയന്ത്രിച്ചു.
“ചൂടാവാതെ ടോണീ. ഇതു റസ്റ്റോറന്‍റാ. ആരെങ്കിലും കേള്‍ക്കും. കൂള്‍ ഡൗണ്‍.. ശാന്തമായിട്ടിരുന്നു സംസാരിക്ക്‌ ”
“സോറി…”
സമനില വീണ്ടെടുത്തിട്ടു ടോണി ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞതല്പം കൂടിപ്പോയില്ലേ എന്നൊരു തോന്നൽ .ഒരു പെണ്ണിനോടങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഛെ . പെട്ടെന്നുണ്ടായ ദേഷ്യത്തിൽ …വേണ്ടായിരുന്നു ആ വാചകം.
”ടോണി പറഞ്ഞതു നേരാ …. എനിക്കെയ്ഡ്സാ… എന്‍റടുത്തിരുന്നാല്‍ ടോണിയ്ക്കും അതു പകരും. നമുക്കു പിരിയാം ടോണി ”
സങ്കടം നിയന്ത്രിയ്ക്കാനാവാതെ രേവതി കരഞ്ഞു. ഇടതു കൈകൊണ്ടു വായ് പൊത്തി കരച്ചിൽ ഒതുക്കാൻ ഏറെ ബുദ്ധിമുട്ടി അവള്‍ .
കസേരയില്‍ നിന്നെണീറ്റിട്ടവള്‍ പറഞ്ഞു.
“നമുക്കു പോകാം.”
ടോണിയ്ക്കു വല്ലാത്ത കുറ്റബോധം തോന്നി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് അങ്ങനെ പറഞ്ഞുപോയി. പാടില്ലായിരുന്നു . ഒരു പെണ്ണിനോടു അങ്ങനെ പറയാൻ പാടില്ലായിരുന്നു .
“താനിരിക്ക്…”
ടോണി അവളെ പിടിച്ചു ബലമായി കസേരയില്‍ ഇരുത്തിയിട്ടു തുടര്‍ന്നു.
“പെട്ടെന്നു ദേഷ്യം വന്നപ്പം എന്തോ പറഞ്ഞുപോയി. ഐ ആം സോറി “
അവളുടെ കരം പിടിച്ചുകൊണ്ടു അവൻ ക്ഷമ ചോദിച്ചു
“ടോണി എന്നെ അടിച്ചാലും ഇടിച്ചാലും എനിക്കും വെഷമമില്ല. പക്ഷേ എയ്ഡ്സാണെന്നൊക്കെ പറഞ്ഞ് എന്നെ അപമാനിച്ചപ്പം … എനിക്കതു സഹിക്കാൻ പറ്റുന്നില്ല ടോണി. ഞാൻ ഒരു പ്രോസ്റ്റിട്യൂട്ടാണെന്നല്ലേ അതിനർത്ഥം ?”
രേവതി ഏങ്ങലടിച്ചു.
”അതു കളേടൊ. ഞാന്‍ ക്ഷമ ചോദിച്ചില്ലേ? ഇനി ആ കണ്ണീരു തുടച്ചു കള “
മേശപ്പുറത്തിരുന്ന അവളുടെ കർച്ചീഫെടുത്തു ടോണി അവൾക്കു നീട്ടി. അത് വാങ്ങി അവൾ മിഴികള്‍ തുടച്ചു.
തെല്ലുനേരത്തേയ്ക്ക് ആരും ഒന്നും മിണ്ടിയില്ല. ഒടുവില്‍ ടോണിയാണു മൗനം ഭേദിച്ചത്.
“ജാസ്മിനെക്കുറിച്ച് ഇയാളു പറഞ്ഞതു കേട്ടപ്പം എനിക്കും സഹിക്കാന്‍ പറ്റിയില്ല.”
“സ്നേഹിക്കുന്ന പെണ്ണിനേക്കുറിച്ച് വേറൊരു പെണ്ണ് കുറ്റം പറയുന്നത് ഒരാണിനും സഹിയ്ക്കാന്‍ പറ്റില്ല ടോണി . പറഞ്ഞാ വിശ്വസിക്കേലെന്നും എനിക്കറിയാം .” ഒരു നിമിഷം നിർത്തിയിട്ട് രേവതി തുടര്‍ന്നു. “ഒരു പെണ്ണിന്‍റെ ഭാവി നശിപ്പിയ്ക്കാന്‍ മാത്രം ക്രൂര ഹൃദയമുള്ള ഒരാളല്ല ഞാൻ . ടോണിയോടുള്ള എന്റെ ആത്മാര്‍ത്ഥതകൊണ്ടു പറഞ്ഞതാ ഞാനിതെല്ലാം . ഇനി ടോണിക്ക് വിശ്വസിയ്ക്കുകയോ വിശ്വസിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം.”
രേവതി എണീറ്റു.
“ഇയാളു പറഞ്ഞത് സത്യമാണെന്നു തെളിയിയ്ക്കാന്‍ ഇയാളുടെ കയ്യിൽ തെളിവുവല്ലതുമുണ്ടോ ”
അതു കേട്ടതും രേവതിയുടെ മുഖത്ത് ഒരു പ്രകാശം വീണു . അവൾ ഇരുന്നിട്ട് ടോണിയെ നോക്കി അർത്ഥഗർഭമായി ഒന്ന് പുഞ്ചിരിച്ചു .
“ഇപ്പഴാ ടോണി ഒരു ആണായത് . ഈ ചോദ്യം എന്തുകൊണ്ട് ടോണി ഇതുവരെ ചോദിച്ചില്ല എന്ന് അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. “
ടോണിയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിയിട്ട് കനത്ത ശബ്ദത്തിൽ രേവതി ചോദിച്ചു.
“തെളിയിച്ചാല്‍ ടോണി എനിയ്ക്ക് എന്തു തരും?”
“എന്തും തരും.”
“അങ്ങനൊന്നും ആര്‍ക്കും വാക്കുകൊടുക്കരുത് കേട്ടോ? ” മന്ദഹസിച്ചുകൊണ്ടു രേവതി തുടര്‍ന്നു. “എനിക്കൊന്നും തരണ്ട . ഇയാളെന്നെ വെറുക്കാതിരുന്നാല്‍ മാത്രം മതി. വേറൊന്നും വേണ്ട. ഒന്നും ”
അത് കേട്ടപ്പോൾ ടോണിയ്ക്കു ആധിയായി . രേവതി പറഞ്ഞതു സത്യമാണോ? ഒരിക്കലും അത് സത്യമാകാതിരിയ്ക്കട്ടെ എന്നവൻ ദൈവത്തോട് പ്രാർത്ഥിച്ചു
“ടോണി ഇപ്പം ഫ്രീയല്ലേ? നമുക്കെന്‍റെ വീട്ടിലേയ്ക്കു പോകാം. ഇവിടുന്നു കുറച്ചു ദൂരമേയുള്ളൂ ”
“എന്തിന്?”
“തെളിവ് കാണണ്ടേ ടോണിക്ക് ?”
“വീട്ടിലെന്തിരിയ്ക്കുന്നു?
“അറക്കുന്നതിനു മുമ്പു പിടയ്ക്കാതെ. ടോണി എന്‍റെ കൂടെ വാ…”
“ഓകെ”
ബില്ലു പേ ചെയ്തിട്ട് റസ്റ്റോറന്‍റില്‍ നിന്നിറങ്ങി അവര്‍ രേവതിയുടെ കാറില്‍ കയറി.
റസ്റ്റോറന്‍റിന്റെ ഗേറ്റു കടന്ന് കാര്‍ റോഡിലേക്കിറങ്ങിയപ്പോള്‍ രേവതി പറഞ്ഞു.
“സ്നേഹിയ്ക്കുന്ന പുരുഷനോട് ഒരു പെണ്ണും എല്ലാ സത്യവും തുറന്നു പറയില്ല ടോണി….”
മൗനം ദീക്ഷിച്ചതേയുള്ളൂ ടോണി . അയാളുടെ മനസ് ആർത്തലക്കുന്ന സമുദ്രം പോലെ പ്രക്ഷുബ്ദമായിരുന്നു അപ്പോൾ. എന്ത് തെളിവാണ് ഇവൾ കാണിക്കാനിരിക്കുന്നത്?
മുക്കാൽ മണിക്കൂർ നേരത്തെ യാത്രക്കുശേഷം അവർ രേവതിയുടെ വീട്ടിലെത്തി .
ഗേറ്റു കടന്ന് കാര്‍ മുറ്റത്തേക്ക് കയറിയപ്പോൾ ടോണി അതിശയതോടെ നാലുചുറ്റും നോക്കി . എത്ര വലിയ വീട് !
സ്വീകരണമുറിയിലേയ്ക്കു കയറിയതും ടോണി ചോദിച്ചു.
“ഇവിടെ വേറാരുമില്ലേ”
“വേറാരാ ? അമ്മ പൊതുപ്രവര്‍ത്തനോം ആയിട്ടു നടക്ക്വല്ലേ. ഇപ്പം തിരുവനന്തപുരത്തു കാണും. അവിടെ വേറെ വീടുണ്ട്.”
അമ്മയോടുള്ള അവജ്ഞ അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു .
“ഇതു വലിയ വീടാണല്ലോ?”
“വീടു വലുതായിട്ടെന്താ കാര്യം? അച്ഛന്റേം അമ്മേടേം സ്നേഹം അനുഭവിയ്ക്കാനുള്ള യോഗം എനിക്കില്ലാതെപോയില്ലേ .”
രേവതി അയാളെ മുകളിലത്തെ നിലയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
ഒന്നാം നിലയിലെ ഒരു റൂം തുറന്നിട്ട് അവനെ അകത്തേയ്ക്കു ക്ഷണിച്ചു.
വിശാലവും മനോഹരവുമായ ഒരു കിടപ്പുമുറി.
“ടോണി ഇരിക്ക്…” സെറ്റിയിലേക്കു കൈ ചൂണ്ടി അവൾ പറഞ്ഞു
പതുപതുത്ത കുഷ്യനിട്ട സെറ്റിയില്‍ ടോണി ഇരുന്നു. തൊട്ടടുത്ത് രേവതിയും.
” ഞാനെന്തിനാ ടോണിയെ ഇവിടെ കൂട്ടി കൊണ്ടുവന്നതെന്നറിയാമോ ?”
ഇല്ല എന്ന അർത്ഥത്തിൽ അവൻ തലയാട്ടി .
“ഈ മുറിയില്‍, ദാ ആ കിടക്കയില്‍ ജാസ്മിന്‍ കിടന്നിട്ടുണ്ട്. ഒറ്റയ്ക്കല്ല, ഒരു പുരുഷനോടൊപ്പം.”
ടോണി ചാടി എണീറ്റു.
“താനെന്താ പറഞ്ഞേ ?”
”ഈ മുറിയില്‍, ആ കിടക്കയില്‍ ജാസ്മിന്‍ കിടന്നിട്ടുണ്ടെന്ന് ”
”നോ , ഞാനതു വിശ്വസിക്കിക്കില്ല ” ടോണി വികാരവിവശനായി .
കൂടുതലൊന്നും പറയാതെ അവൾ എണീറ്റ് അലമാര തുറന്നു. അതിനകത്തുനിന്ന് ഒരു പെൻഡ്രൈവ് എടുത്തു . അതു ടോണിയുടെ നേരെ നീട്ടിയിട്ടു പറഞ്ഞു.
”ആ ലാപ്പിൽ ഇതൊന്നു കുത്തിയിട്ട് , ഇതിനകത്തുള്ള ആ വീഡിയോ ഒന്ന് പ്‌ളേ ചെയ്തു നോക്ക് ” മേശപ്പുറത്തിരുന്ന ലാപ്ടോപ്പിലേക്കു കൈ ചൂണ്ടി കാണിച്ചു രേവതി .
“ഞാന്‍ പോയി ചായ ഇട്ടോണ്ട് വരാം. അപ്പോഴേക്കും ടോണി അതൊന്നു കാണ് . ”
ടോണി പെൻഡ്രൈവ് വാങ്ങി തിരിച്ചും മറിച്ചും നോക്കി സംശയിച്ചു നിൽക്കുമ്പോൾ രേവതി പറഞ്ഞു . ”കണ്ടു നോക്ക് . ബാക്കി പിന്നെ പറയാം ”
ടോണിയുടെ പ്രതികരണത്തിന് കാത്തു നിൽക്കാതെ രേവതി മുറിക്കു വെളിയിലേക്കിറങ്ങി . പടികളിറങ്ങി അവൾ താഴേക്കു പോയി .
രേവതി പോയിക്കഴിഞ്ഞപ്പോൾ ടോണി ലാപ് ഓൺ ചെയ്തിട്ട് പെൻഡ്രൈവ് കുത്തി . പെൻഡ്രൈവിലെ ഫോൾഡർ ഓപ്പൺ ചെയ്തു വീഡിയോ ഫയൽ എടുത്തു . റൈറ്റ് ക്ലിക് ചെയ്‌തിട്ടു വീഡിയോ പ്ലെ ചെയ്തു . മോണിറ്ററിൽ ദൃശ്യം തെളിഞ്ഞു .
സുമുഖനായ ഒരു യുവാവിനോടൊപ്പം ജാസ്മിന്‍ കുശലം പറഞ്ഞിരിക്കുന്ന വിഷ്വൽ ആയിരുന്നു ആദ്യം . യുവാവിന്‍റെ തമാശകള്‍ കേട്ടു പൊട്ടിച്ചിരിക്കുന്നു ജാസ്മിന്‍. ചിരിയും തമാശകളും വർത്തമാനവും . യുവാവ് എന്തോ തമാശ പറഞ്ഞപ്പോള്‍ തലതല്ലി ചിരിക്കുന്നു ജാസ്മിൻ ! അത്രയും കണ്ടതേ ടോണിയുടെ മുഖം ഇരുണ്ടു. ശ്വാസം ധൃതഗതിയിലായി.
ഹോസ്റ്റലിൽ ഒരു ഈച്ച അനങ്ങിയാൽ പോലും അതു തന്നോട് പറഞ്ഞിരുന്ന അവള്‍ എന്തുകൊണ്ട് ഈ വീട്ടില്‍ വന്നകാര്യം പറഞ്ഞില്ല? അതായിരുന്നു അപ്പോഴത്തെ അവന്റെ ചിന്ത . അവളോട് ഇത്രയേറെ സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്ന ആ ചെറുപ്പക്കാരന്‍ ആരാണ്?
തുടര്‍ന്നു വന്ന ദൃശ്യങ്ങള്‍ അവനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞു .
യുവാവിനോടൊപ്പം രാത്രിയിൽ ജാസ്മിനും ചിഞ്ചുവും രേവതിയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിയ്ക്കുന്നു. അയാളുടെ തമാശ കേട്ട് അവള്‍ പൊട്ടിച്ചിരിക്കുന്നു . അത് കണ്ടപ്പോൾ ടോണിക്ക് അടിമുതൽ മുടി വരെ പെരുത്തുകയറി .
അടുത്ത നിമിഷം യുവാവ് ഗ്ലാസിലേയ്ക്ക് ബിയര്‍ പകരുന്നു. ഒരു ഗ്ലാസ് എടുത്തു ജാസ്മിനു നീട്ടുമ്പോള്‍ അവള്‍ വേണ്ടെന്നു പറഞ്ഞു നിരസിയ്ക്കുന്നു. “ചെവിക്കു പിടിച്ചു ഞാനൊരു കിഴുക്കു തരുംട്ടോ. ഇതങ്ങു പിടിച്ചേ .” -യുവാവിന്റെ സ്നേഹാർദ്രമായ നിർബന്ധത്തിനു വഴങ്ങി അവൾ ഗ്ലാസ് വാങ്ങി കയ്യിൽ പിടിച്ചുകൊണ്ടു വെറുതെ ഇരിക്കുന്നു . ” അങ്ങോട്ട് കഴിക്കു മോളെ ” യുവാവ് ഗ്ളാസ് അവളുടെ ചുണ്ടോടു അടുപ്പിക്കുന്നു . അവൾ അത് ഒറ്റവലിക്ക് കുടിയ്ക്കുന്നു. ഇനി വേണ്ട എന്ന് പറഞ്ഞ് ഗ്ളാസ് മേശയിൽ വച്ചിട്ട് ഭക്ഷണം കഴിക്കുന്നു. ഭക്ഷണം കഴിച്ചിട്ട് ഉറക്കം വരുന്നു എന്ന് പറഞ്ഞു എണീറ്റു പോകുന്നു.
ടോണി വല്ലാതെ വിവശനായി ഇരുന്നു കിതച്ചു. മുഖവും ദേഹം കുടുകുടെ വിയര്‍ത്തു .
യുവാവിനോടൊപ്പം ജാസ്മിൻ കിടക്കയിൽ കിടക്കുന്ന ദൃശ്യമായിരുന്നു പിന്നീട് വന്നത് . അത് കണ്ടതും സകല നിയന്ത്രണങ്ങളും വിട്ട് അവൻ ചാടി എണീറ്റ് അലറി.
”നോ”
ഒരു ഭ്രാന്തനെപ്പോലെ അയാൾ ലാപ് ടോപ്പിനിട്ടു ആഞ്ഞ്‌ ഒരു തട്ട് കൊടുത്തിട്ടു ധൃതിയിൽ മുറിക്കു വെളിയിലിറങ്ങി . ഒച്ച കേട്ട് രേവതി മുകളിലേക്ക് കയറിവരുമ്പോൾ ടോണി തിടുക്കത്തിൽ സ്റ്റെയർ കേസ് ഇറങ്ങി താഴേക്ക് വരുകയായിരുന്നു. ടോണിയുടെ കൈപിടിച്ച് നിറുത്തിയിട്ട് രേവതി ചോദിച്ചു .
”പേടിച്ചു പോയോ ?”
അവൻ മിണ്ടിയില്ല .
ടോണി വല്ലാതെ കിതക്കുകയും വിയർക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ രേവതി അവനെ പിടിച്ചുകൊണ്ടുപോയി ഡൈനിങ് റൂമിലെ കസേരയിൽ ഇരുത്തി . എന്നിട്ട് ഫ്രിഡ്ജിൽ നിന്ന് ഒരു ഗ്ളാസ് തണുത്ത വെള്ളമെടുത്തു കുടിക്കാൻ കൊടുത്തു . അത് ഒറ്റവലിക്ക് കുടിച്ചിട്ട് അവൻ മുഖം കുമ്പിട്ടു താഴേക്കു നോക്കി ഇരുന്നു .
”ഇനിയും വേണോ തെളിവ് ? വേണമെങ്കിൽ കാണിക്കാം . ഹോസ്റ്റലിൽ ഇരുന്നു അവൾ ബിയർ കഴിക്കുന്നത് . കാണണോ ടോണിക്ക് ?”
”നോ . എനിക്കിനി ഒന്നും കാണണ്ട .” രണ്ടു കയ്യും ഉയർത്തി അവൻ തടഞ്ഞു .
ടോണിയുടെ ശരീരം വെട്ടി വിയർക്കുന്നത് കണ്ടപ്പോൾ ജാസ്മിൻ എണീറ്റ് ഫാനിന്റെ സ്പീഡ് കൂട്ടി.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved)

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

പി.ടി.ഉഷയുടെ കോച്ചായിരുന്ന കായിക പരിശീലകൻ ഒ. എം നമ്പ്യാർ അന്തരിച്ചു

0
പ്രമുഖ കായിക പരിശീലകൻ ഒ.എം.നമ്പ്യാർ അന്തരിച്ചു

കോഴിക്കോട്: പി ടി ഉഷയുടെ കായിക പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ ( 89 ) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1984 ലെ ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ പി.ടി.ഉഷയുടെ കോച്ചായിരുന്നു.

1955-ൽ എയർഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാർ സർവീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എയർ ഫോഴ്‌സിൽ നിന്ന് പട്യാലയിൽ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാർ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ൽ കേരള സ്പോർട്സ് കൗൺസിലിൽ കോച്ചായി ചേർന്നത്.

1976 ലാണ് ഒ.എം.നമ്പ്യാർ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ചുമതലയേറ്റത്. പിന്നീട് പി.ടി.ഉഷയുടെ സ്ഥിരം പരിശീലകനായിരുന്നു . 1990ലെ ബെയ്ജിങ് ഏഷ്യൻ ഗെയിംസ് വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു.
പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാൾ പരിശീലനം നേടിയിട്ടുണ്ട്.

കണ്ണൂർ സ്പോർട്സ് ഡിവിഷൻ ആദ്യബാച്ചിലെ 13 ”കുട്ടികൾ” നാലുവർഷം വർഷം മുൻപ് ഒ.എം. നമ്പ്യാരെ കാണാൻ എത്തിയത് മധുരമുള്ള ഓർമ്മയായി അദ്ദേഹം മനസിൽ സൂക്ഷിച്ചിരുന്നു.

2017 ലെ ഓണകാലത്താണ് താരങ്ങൾ ഗുരുവിനെ കാണാൻ എത്തിയത് . പി.ടി. ഉഷയടക്കമുള്ള പ്രിയ ശിഷ്യരുടെ വരവ് ഒരു അനുഭൂതിയായിരുന്നു നമ്പ്യാർക്ക് . മക്കളെയെല്ലാവരെയും ഒരുമിച്ചുകണ്ട സന്തോഷമെന്നാണു നമ്പ്യാർ അന്ന് പറഞ്ഞത് . ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ സെക്കന്‍ഡിന്റെ 100 ല്‍ ഒരു അംശത്തിന് ഉഷക്ക് മെഡല്‍ നഷ്‌ടമായതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ലെന്നു നമ്പ്യാർ അന്ന് അനുസ്മരിച്ചു.

പി.ടി. ഉഷയോടൊപ്പം കെ. സ്വർണലത, സി.ടി. ബിൽക്കമ്മ, പി.ജി. ത്രേസ്യാമ്മ, വി.വി. മേരി, എ. ലതാങ്കി, ത്രേസ്യാമ്മ ജോസഫ് എന്ന സിസ്റ്റർ സാനിറ്റ, ഡോ. ടി.പി. ആമിന, വി.വി. ഉഷ, എലിസബത്ത് ജോർജ്, ജമ്മ ജോസഫ്, മോളി ജോസഫ്, പി. സബിത എന്നിവരാണ് ഗുരുവിവിനെ കണ്ടു അനുഗ്രഹങ്ങൾ വാങ്ങാനും ഓണപ്പുടവ സമ്മാനിക്കാനും അന്ന് എത്തിയത് .

1977 മുതൽ 79 വരെ ഒരുമിച്ചുണ്ടായിരുന്നവർ പിന്നീട് പലവഴിക്കായി പിരിഞ്ഞു. നമ്പ്യാർ പരിശീലിപ്പിച്ചവരിൽ ഇന്നു കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരുമെല്ലാമുണ്ട്. ചിലർ മുത്തശ്ശിമാരായിരിക്കുന്നു. എനിക്കിപ്പോഴും അവരെല്ലാം കുട്ടികളാണെന്നാണ് നമ്പ്യാർ പറയുന്നത് .

തങ്ങളെ താരങ്ങളാക്കിയ നമ്പ്യാർ സാറിന്റെ ദേഷ്യവും സ്നേഹവുമെല്ലാം താരങ്ങൾ അനുസ്മരിച്ചു . പിരിയും മുൻപ് എല്ലാവരും പറയാതെ പറഞ്ഞൊരു കാര്യമുണ്ട്. തങ്ങൾ ഇന്നും നമ്പ്യാർ സാറിന്റെ കുട്ടികൾ.
പത്മശ്രീ തേടിയെത്തുമ്പോൾ എണ്‍പത്താറുകാരനായ നമ്പ്യാർ രോഗക്കിടക്കയിലായിരുന്നു . ഈ പുരസ്‌കാരം അല്പം വൈകിപ്പോയോ എന്ന സംശയം മാത്രമാണ് കായികലോകത്തിന് .

.’സംതൃപ്തിയുണ്ട്. ഏറെപ്പേരുടെ കഴിവുകൾ അതിന്റെ പാരമ്യത്തിൽ എത്തിയത് എന്റെ ശിക്ഷണത്തിൽ ആയിരുന്നുവെന്നതു ചെറിയ കാര്യമല്ല. ഏറ്റവുമൊടുവിൽ ആർ.സുകുമാരിയെന്ന മികച്ച അത്ലീറ്റിനെക്കൂടി കേരളത്തിനു നൽകിയാണു മതിയാക്കുന്നത്’ – 2002ൽ കോച്ചിന്റെ വേഷം അഴിച്ചുവയ്ക്കുമ്പോൾ ഒ.എം.നമ്പ്യാർ പറഞ്ഞ് ഇങ്ങനെ.

ആ പരിശീലകന്റെ നന്മയും സമർപ്പണവും സമാനതകൾ ഇല്ലാത്തതാണ്. ശിഷ്യരെല്ലാം സമ്മതിക്കുന്ന യാഥാർഥ്യം. ജീവിതത്തിലും നമ്പ്യാർ ഉദാരമനസ്‌കനായിരുന്നു. കിടപ്പാടമില്ലാത്ത ചിലർക്കെങ്കിലും അദ്ദേഹം സൗജന്യമായി സ്ഥലം നൽകി. ട്രാക്കിലും പുറത്തും നന്മയുടെ ആൾരൂപം എന്നാകും ഒ.എം.നമ്പ്യാർ എന്ന പരിശീലകനെ കായിക ലോകം എന്നും സ്മരിക്കുക

മാധ്യമങ്ങളിൽ കണ്ട അഫ്‌ഗാനിസ്ഥാനല്ല ഞാൻ നേരിട്ടു കണ്ട അഫ്‌ഗാനിസ്ഥാൻ

0
മാധ്യമങ്ങളിൽ കണ്ട അഫ്‌ഗാനിസ്ഥാനല്ല ഞാൻ നേരിട്ടു കണ്ട അഫ്‌ഗാനിസ്ഥാൻ - നെവിൻ ജയിംസ്

അഫ്‌ഗാനിസ്ഥാനിൽ അഞ്ച്‌ വർഷം (2005 to 2010 ) താമസിക്കാനും 2016 വരെ പലതവണ പോയിവരാനും അവസരം കിട്ടിയ ഒരാളെന്ന നിലയിൽ കുറച്ചു കാര്യങ്ങൾ ആ രാജ്യത്തെപറ്റി പറയാം..

പൊതുവെ പറയുന്നപോലെ അഫ്‌ഗാനിസ്ഥാൻ ഒരു മരൂഭൂമിയോ ഊഷരമായ പർവത പ്രദേശങ്ങൾ മാത്രമുള്ള ഒരു രാജ്യമോ അല്ല. സുന്ദരമായ താഴ്വാരങ്ങളും മഞ്ഞു മൂടിയ പർവ്വതങ്ങളും നദികളും മനോഹരങ്ങളായ ആപ്പിൾ, ചെറി, മുന്തിരി തോട്ടങ്ങളുമൊക്കെയുള്ള, സെൻട്രൽ ഏഷ്യയുടെ ഫ്രൂട്ട് ബാസ്കറ്റ് എന്ന് വരെ വിളിക്കാവുന്ന, ഒരു സുന്ദര പ്രദേശം കൂടിയാണ്.

കാബൂൾ ഒരു കാലത്തു പാരീസ് ഓഫ് സെൻട്രൽ ഏഷ്യ എന്നാണറിയപ്പെട്ടിരുന്നത്. സംഗീതവും ഫാഷനുമൊക്കെ നിറഞ്ഞു നിന്ന കാബൂൾ തെരുവുകൾ ഒരു പാട് യൂറോപ്യൻ വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നു. അമേരിക്ക 2001 ഇൽ താലിബാനെ പുറത്താക്കിയ ശേഷം കാബൂൾ, ഹെരാത്, മസാരേഷരിഫ്, കാണ്ഡഹാർ, ജലാലാബാദ് എന്നീ നഗരങ്ങൾ ഒരുപാടു വികസിക്കുക ഉണ്ടായി. അന്ന് മുതൽ ഈ കഴിഞ്ഞ ദിവസം വരെ ഇവിടെങ്ങളിൽ എല്ലാം പെൺകുട്ടികൾ സ്കൂളിൽ പോകുകയും സ്ത്രീകൾ ജോലിക്കു പോകുകയും ചെയ്തിരുന്നു. ലേഖകൻ ജോലി ചെയ്തിരുന്ന സ്ഥലത്തു ഏകദേശം 40 ശതമാനവും സ്ത്രീകൾ ആയിരുന്നു എംപ്ലോയീസ്.

അഫ്‌ഗാനിസ്ഥാനിലെ ഭക്ഷണവും വളരെ രുചികരമാണ്. കബാബും കാബുളി പുലാവുമൊക്കെ ഒന്നാംതരമാണ്. അവിടുത്തെ കല്യാണങ്ങളൊക്കെ രാത്രി മുഴുവൻ നീളുന്ന പാട്ടും ഡാൻസുമൊക്കെ ഉള്ള വലിയ ആഘോഷങ്ങൾ ആണ്.

പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുന്നതിനു മുന്നേ ഒരുപാടു ഹിന്ദി സിനിമകൾ അഫ്‌ഗാനിസ്ഥാനിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. കാബൂളിലെ തെരുവുകളിൽ ഒന്ന് കറങ്ങിയാൽ കാണാം ബോളിവുഡിൽ കൊണ്ടുവരാൻ പറ്റിയ നൂറുകണക്കിന് സുന്ദരന്മാരെയും സുന്ദരിമാരെയും. അഫ്‌ഗാൻ നഗരങ്ങളിലെ എലൈറ്റ് എന്ന് വിളിക്കാവുന്ന ആൾക്കാരൊക്കെ പണ്ടേക്കു പണ്ടേ യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെ കുടിയേറി പാർത്തു കഴിഞ്ഞു.

അവിടെ 2005 – 2016 കാലഘട്ടത്തിൽ ഒരിന്ത്യകാരനെന്ന നിലയ്ക്ക് എനിക്ക് തീവ്രവാദികളുടെ ഭീഷണി എപ്പോഴും ഉണ്ടാരുന്നു. മണൽ ചാക്കുകൾ ചുറ്റും വെച്ച 12 അടി പൊക്കമുള്ള മുള്ളുവേലി ചുറ്റിയ മതിലുള്ള, ഘടാഘടിയന്മാർ AK 47 യുമായി കാവൽ നിൽക്കുന്ന ഗസ്റ്റ് housil ആയിരുന്നു താമസം. പുറത്തു പോകുമ്പോൾ കൂടെ ഗാർഡ്‌സ് ഉണ്ടാവും. ആ സമയത്താണ് മലയാളി ആയ മണിയപ്പനെ താലിബാൻകാർ വധിച്ചത്. അത് അവിടെയുള്ള ഇന്ത്യക്കാരെയൊക്കെ വിഷമത്തിലാക്കിയിരുന്നു.

പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ ഒഴിച്ചാൽ പൊതുവെ അഫ്‌ഗാൻകാർക്ക് ഇന്ത്യക്കാരോട് സ്നേഹവും ബഹുമാനവുമാണ്. ഒരുപാടു സന്ദർഭങ്ങളിൽ ആ സൗഹൃദം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ പാസ്പോര്ട്ട് കണ്ടിട്ട് എയർപോർട്ടിലുള്ള പല ലയർ സെക്യൂരിറ്റി ചെക്ക് വരെ ഒഴിവാക്കി തന്നിട്ടുണ്ട്. ഒരു ശരാശരി ഇന്ത്യക്കാരന്റെ പാക്കിസ്ഥാൻ വിരോധത്തെക്കാളും കൂടുതലാണ് ഒരു അഫ്‌ഗാൻകാരന്റെ പാക്കിസ്ഥാൻ വിരോധം.

ആ മനോഹരമായ നാട് പഴയ പ്രതാപത്തിലും സമാധാനത്തിലും എന്നെങ്കിലും തിരിച്ചുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു.

(നെവിൻ ജയിംസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ പ്രസക്തമായ ചില വരികൾ )

വാൽകഷ്ണം : രണ്ടു വർഷം മുൻപ് അജ്മാനിൽ ഞാനും എന്റെ പാകിസ്താനി ഓഫീസ് മേറ്റും കൂടെ കാറിന്റെ സ്പെയർ പാർട്സ് ഷോപ്പിൽ പോയപ്പോൾ അവിടെയുള്ള അഫ്‌ഘാനി ഞങ്ങളോട് പറഞ്ഞത്: ” Indians good, Pakistani bad. Dont friend Pakistani. ” – Noel Peter

Also Read വിഭജനം ഉണ്ടാക്കിയ മുറിവുകളിൽ പുരട്ടേണ്ടത് ലേപനമാണ്, നീറ്റുമരുന്നല്ല.

Also Read ഭാര്യ ജോലിചെയ്തു മടുത്തു നിൽക്കുമ്പോൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തുനോക്കൂ.

Also Read മൂന്നര പതിറ്റാണ്ടിന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ദൈവം ആന്റണി-സെസി ദമ്പതികൾക്ക് കൊടുത്തത് മൂന്ന് കൺമണികൾ

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം

Read Also നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!

Also read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.”

Also read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

Also read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു