

ഇനിമുതൽ ആഗസ്റ്റ് 14 Partition Horrors Remembrance Day ആയി അറിയപ്പെടും. പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന ദിവസമാണ് ആഗസ്ത് 14.
”വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവുന്നതല്ല. വെറുപ്പിലും ആക്രമണത്തിലും അനേകം സഹോദരീ സഹോദരന്മാർക്ക് അവരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ കഷ്ടപാടുകളുടെയും ത്യാഗങ്ങളുടെയും ഓർമ്മകൾ നിലനിർത്തുവാൻ വേണ്ടിയാണ് ഈ തീരുമാനം ” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. .
യുദ്ധത്തിലോ ദുരിതങ്ങളിലോ ജീവൻ വെടിഞ്ഞവരെ ഓർക്കുന്നത് നല്ലതുതന്നെയാണ്. പക്ഷെ അത് വെറുപ്പും വിദ്വേഷവും പകയും ഊതിക്കത്തിക്കുന്ന ഒരു ഓർമപ്പെടുത്തൽ ആവരുത്.
ഇന്ത്യാ -പാകിസ്ഥാൻ വിഭജനം ഇന്ത്യൻ മനസ്സുകളിൽ ഉണ്ടാക്കിയ മുറിവുകളിൽ നമ്മൾ പുരട്ടേണ്ടത് ലേപനമാണ്, അല്ലാതെ നീറ്റുമരുന്നല്ല. ഭൂപടത്തിൻ കോറിയിട്ട പാഴ് വരകളിൽന്മേൽ മനുഷ്യൻ തമ്മിൽതല്ലുമ്പോൾ എന്നും നഷ്ടം പലായനം ചെയ്യപ്പെടാൻ വിധിക്കപ്പെട്ട പാവം ചില മനുഷ്യർക്ക് മാത്രമാണല്ലോ. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും, പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും ആട്ടിപായിക്കപ്പെട്ടവർ അനുഭവിച്ച വിഷമതകൾ എന്താണെന്ന് നമുക്കെല്ലാം അറിയാം. ചില കാര്യങ്ങൾ നമ്മൾ മറക്കുക തന്നെ വേണം. ഓർത്തു വച്ചിട്ട് ആർക്ക് എന്ത് പ്രയോജനം? ചരിത്രബോധവും മാനുഷിക വികാരങ്ങളുമുള്ള ആധുനിക സമൂഹത്തിന്റെ പൊതു ലക്ഷണം അതൊക്കെയാണ്.
‘കുടിയിറക്കപ്പെട്ടവരുടെ രാജ്യം’ ഒന്നാണെന്ന് ഇടശ്ശേരി മാഷ് കവിതയിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. മഹത്തായ നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുടെ തത്വചിന്ത നമ്മെ പഠിപ്പിക്കുന്നതും സഹിഷ്ണുതയാണ്. നമ്മുടെ ഭരണഘടന നടപ്പിലാക്കുന്നതും സഹിഷ്ണുതയാണ്.
മഹാമാരികളിലും, വിലക്കയറ്റത്തിലും, ഭീകരമായ തൊഴിലില്ലായ്മയിലും, അരക്ഷിതത്വത്തിലും കഴിയുന്ന ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് അതിനൊക്കെ എതിരെയുള്ള സത്വരമായ പരിഹാര മാർഗ്ഗങ്ങളാണ്. കായിക പുരസ്കാരത്തിന്റെ പേര് മാറ്റിയതുകൊണ്ടോ, വിഭജന വിഷയത്തിലെ ചേതനാ വികാരങ്ങളെ ഉണർത്തി വിടുന്നതുകൊണ്ടോ ആർക്കും ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല. ചുരുക്കം ചിലർക്ക് അവർ ഉദ്ദേശിക്കുന്ന രാഷ്ട്രീയ ഗുണങ്ങൾ കിട്ടിയേക്കും. അതുപക്ഷേ വെറുപ്പിന്റെ രാഷ്ട്രീയമാണ്.. 😔
ആഗസ്ത് 14 അല്ല, ആഗസ്ത് 15 ആണ് ശരി, പ്രതീക്ഷാജനകം, ശുഭദായകം..
എഴുതിയത് : ഷോബിൻ അലക്സ് മാളിയേക്കൽ