1917 ലെ റഷ്യ. രാജ്യം മുഴുവൻ ആക്രമണവും അനീതിയും അരക്ഷിതാവസ്ഥയും അസന്തുഷ്ടിയും നിറഞ്ഞു നിൽക്കുന്നു. ചക്രവർത്തിയുടെ ഭരണത്തിന് കീഴിൽ കർഷകരും തൊഴിലാളികളും ഇടത്തരക്കാരും നെരിഞ്ഞമരുന്നു. ചക്രവർത്തിയും അവരുടെ ശിങ്കിടികളും അവരുടെ തോന്യാസങ്ങളും കണ്ട് സാധാരണ ജനം അപ്പോൾ ശക്തരായിവരുന്ന കമ്യൂണിസ്റ്റുകൾക്ക് കീഴിൽ അണിനിരന്ന് രാജ്യത്ത് വിപ്ലവം നടത്താൻ ഒരുങ്ങുന്നു.. എന്തും സംഭവിക്കാവുന്ന ദിവസങ്ങൾ.
ആ ദിവസങ്ങളിൽ റഷ്യൻ ഓർത്തഡോൿസ് സഭയിൽ ഒരു സിനഡ് വിളിച്ചു ചേർക്കപ്പെട്ടു. ചർച്ചാ വിഷയം വളരെ വിശേഷപ്പെട്ടതായിരുന്നു. കുർബാനകളിലും മറ്റ് ചടങ്ങുകളിലും പുരോഹിതർ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ നിറം എന്തായിരിക്കണം; കറുത്ത കുപ്പായത്തിൽ ചുവന്ന അലുക്കുകൾ വേണോ, അതോ ചുവന്ന കുപ്പായത്തിൽ കറുത്ത അലുക്കുകളോ.. !! എന്തായാലും ഏതാനം ദിവസങ്ങൾക്കുള്ളിൽ കമ്യൂണിസ്റ്റുകാർ ഭരണം പിടിച്ചെടുക്കുകയും പിന്നീട് വളരെ നാളത്തേയ്ക്ക് കറുപ്പോ ചുവപ്പോ എന്നല്ല ആർക്കും കുർബാന ചൊല്ലാൻ പോലും സാധിച്ചില്ല.
വലിയ വിശ്വസ്യതയൊന്നുമില്ല, എവിടെയോ ഒരു ആർട്ടിക്കിളിലിൽ വായിച്ച കഥയാണ്. ചിലപ്പോൾ തെറ്റായിരിക്കാം. പക്ഷെ മനസ്സിലാക്കിയിരിക്കേണ്ട ചില ഗുണപാഠങ്ങൾ ഉള്ളതുകൊണ്ട് പറഞ്ഞതാണ്.
ഇവിടെ കേരളത്തിൽ സുറിയാനി കത്തോലിക്കാ മെത്രാന്മാരും ഒരു സിനഡിൽ സംബന്ധിക്കുകയാണിപ്പോൾ. ചർച്ചകളിലെ പ്രധാന വിഷയം ഇതാണ്. കുർബാന അർപ്പിക്കുമ്പോൾ അച്ചന്മാർ നിൽക്കേണ്ടത് കിഴക്കോട്ടാണോ പടിഞ്ഞാറോട്ടാണോ? രണ്ടു ചേരി തിരിഞ്ഞ് പുറത്തുപറയാൻ കൊള്ളാത്തത്ര ആഭാസകരമായ രീതിയിൽ ഈ പേരിൽ അടികൂടുന്നവരുടെ ഒരു സമൂഹമായി കുറച്ചുപേർ അധഃപതിച്ചിരിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. രസകരമായ ഒരു സംഗതി, കുർബാനയിൽ പങ്കെടുക്കാൻ വരുന്ന വിശ്വസി സമൂഹത്തിന്റെ 99% ആളുകൾക്കും അച്ചൻ തിരിഞ്ഞുനിൽക്കുന്ന ദിക്ക് ഒരു പ്രശ്നമേ അല്ല എന്നതാണ്. എന്തിനും ഏതിനും വിശ്വാസം വൃണപ്പെടുകയും, ആസ്ഥാനത്ത് പ്രതികരിക്കുകയും ചെയ്യുന്ന കുറച്ച് ആഘോഷക്കമ്മറ്റിക്കാർക്കും അനുസരണം ജീവിത വ്രതമായി സ്വീകരിച്ചിരിക്കുന്ന എന്നാൽ അനുസരണം പരിസരത്തുകൂടി പോലും കടന്നുപോകാത്ത ചില അച്ചന്മാർക്കും മാത്രമാണ് ഇക്കാര്യത്തിൽ വാശി.
ആഘോഷക്കമ്മറ്റിക്കാർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ വാശി പിടിച്ച്, തെരുവിൽ തല്ലുപിടിച്ച് കടിപിടി കൂടി നേടിയെടുക്കുന്ന So called പാരമ്പര്യ അവകാശം സാധാരണ വിശ്വസിക്ക് ആവശ്യമുള്ളതല്ല. നിങ്ങൾ കുർബാന എങ്ങോട്ട് തിരിഞ്ഞു ചൊല്ലുന്നു എന്നതിലല്ല, മുൻപിൽ നിൽക്കുന്ന വിശ്വാസിയുടെ ഹൃദയത്തിൽ കൊള്ളുന്നുണ്ടോ എന്നതാണ് പ്രധാനം. കൂദാശകൾ അർപ്പിക്കാൻ ആഗ്രഹിച്ച് എന്നാൽ നിങ്ങളുടെ കടിപിടി കണ്ട് സംശയചിത്തരായ പതിനായിരക്കണക്കിന് യുവാക്കൾ പുറത്തുണ്ട്. നിങ്ങളുടെ തല്ലുപിടിയുടെ ഫലം പറ്റാൻ അവർ പള്ളികളിൽ വരാതെയാവും. ഈ ലോക്‌ഡോൺ കഴിയുമ്പോൾ എത്രപേർ പള്ളികളിൽ തിരിച്ചെത്തും എന്ന് കാത്തിരുന്ന് കണ്ടോളൂ. വരാതെയാവുന്ന ഓരോ വ്യക്തിക്കും നിങ്ങൾ കൊടുത്ത ഉതപ്പിന് നിങ്ങൾ മറുപടി പറയേണ്ടി വരും. കൂടെ നിന്ന് കയ്യടിക്കുന്നവരുടെ ആക്രോശങ്ങൾക്കിടയിൽ ചില നിസ്സഹായ മനുഷ്യരുടെ രോദനങ്ങൾ നിങ്ങൾ കേൾക്കാതെ പോവുകയാണ്. അല്ലെങ്കിൽ കേൾക്കുന്നില്ല എന്ന് നടിക്കുകയാണ്.
ഇന്ന് കേരളത്തിലെ രണ്ട് വിഭാഗം സുറിയാനി കത്തോലിക്കാ വിഭാഗം നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന ശത്രുത ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ പോലും ഉണ്ടാവില്ല. അടങ്ങാത്ത ആ ശത്രുതയുടെയും പകയുടെയും വാശിയുടെയും ഫലങ്ങളാണ് നമ്മളീ കാണുന്നത്. അതിനെയൊക്കെ പൊതുജന സമക്ഷത്തുനിന്ന് മറച്ചുപിടിക്കാനാണ് ഇടക്കിടയ്ക്ക് ഇവർ ചില വിവാദങ്ങളൊക്കെ ചികഞ്ഞ് മാന്തി കൊണ്ടുവരുന്നത്. വൈദികർ പെരുവഴിയിൽ തമ്മിൽതല്ലുന്നത് കണ്ട് വിശ്വാസം വൃണപ്പെടാത്തവർ സിനിമാ പോസ്റ്റർ കണ്ട് പ്രതികരിക്കുന്നത്, ഓണം ആഘോഷിക്കുന്നതിലെ ശരികേടുകളെപ്പറ്റി ആകുലരാകുന്നത്, നമ്മുടെതിൽ നിന്ന് വ്യത്യസ്തമായി വിശ്വസിക്കുന്നവരെ കള്ളക്കഥകൾ പറഞ്ഞ് വെറുക്കാൻ പഠിപ്പിക്കുന്നത്, മനുഷ്യനാവാൻ പറഞ്ഞ വൈദികനെ ആക്രമിക്കുന്നത്. ( ആ വൈദികന്റെ പ്രസംഗം മുഴുവൻ ആരും കേട്ടില്ല. അദ്ദേഹം എനിക്കിഷ്ടമില്ലാത്ത രൂപതയിലെ അംഗമാണ്. അദ്ദേഹം എതിർത്തത് ഞാൻ തീവ്രമായി പ്രതികരിക്കുന്ന വിഷയങ്ങളെപ്പറ്റിയാണ്. അത്രേയുള്ളൂ പ്രശ്നം. എന്റെ അഭിഷിക്തനെ അധിക്ഷേപിക്കരുത് എന്നൊക്കെയുള്ള കല്പന എല്ലാവരും മറന്നു.)
കോവിഡ് കാരണം ജനങ്ങൾ നട്ടം തിരിയുകയാണ്. അനേകർ ജീവിതസന്ധാരണം മുടങ്ങി ആത്മഹത്യയുടെ വക്കിലാണ്. അവരെയൊന്നും തിരിഞ്ഞുനോക്കാതെ സിനിമാപോസ്റ്റർ കണ്ട് വിലപിക്കുന്നവർ തിരിച്ചറിഞ്ഞ് അവരെ ആട്ടിയോടിക്കണം. പ്രാവുകളെപോലെ നിഷ്കളങ്കരും സർപ്പങ്ങളെപ്പോലെ വിവേകികളും ആവാനാണ് കർത്താവ് പഠിപ്പിച്ചത്. ഈ മൗലിക വാദികളോട് നമ്മൾ പെരുമാറേണ്ടത് സർപ്പത്തിന്റെ വിവേകത്തോടെയാണ് എന്നത് മറക്കാതിരിക്കാം.
ഇനിയും വൈകിയിട്ടില്ല, വെറുപ്പിന്റെ സുവിശേഷം പ്രസംഗിക്കുന്ന പ്രവാചകന്മാരും, പ്രവചനക്കാരും, അവരുടെ വാലാട്ടികളും എണ്ണത്തിൽ കുറവാണ്. അവരുടെ എണ്ണം കൂടുന്നതിന് മുൻപ് അവരെ തടയേണ്ട കടമ വിശ്വസികൾക്കുണ്ട്. പണ്ട് ജീവിച്ചതുപോലെ ഇനിയും മനുഷ്യനിവിടെ മനുഷ്യനായിത്തന്നെ ജീവിക്കണം. സത്യം വിളിച്ചുപറയുന്നവർ സ്വാതന്ത്ര്യം പ്രാപിക്കുന്നു എന്നു പഠിപ്പിച്ച ക്രിസ്തുവിലാണ് നാം ആശ്രയിക്കുന്നത്.
2021 ൽ സംഭവിക്കുന്ന കാര്യങ്ങളെ രണ്ടായിരം വർഷം മുൻപേ മുൻകൂട്ടി കണ്ട യേശുവിനെ മാസ്സ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?
“ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ ദൂരെയാണ്. വ്യർഥമായ അവർ എന്നെ ആരാധിക്കുന്നു. മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങൾ മുറുകെ പിടിക്കുന്നു. അത് പാലിക്കാൻ വേണ്ടി നിങ്ങൾ കൗശലപൂർവ്വം ദൈവകൽപന അവഗണിക്കുന്നു”
എഴുതിയത് : ഷോബിൻ അലക്സ് , മാളിയേക്കൽ
Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?
Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ
Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്.
Also Read ഭാര്യ ജോലിചെയ്തു മടുത്തു നിൽക്കുമ്പോൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തുനോക്കൂ.
Also Read മൂന്നര പതിറ്റാണ്ടിന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ദൈവം ആന്റണി-സെസി ദമ്പതികൾക്ക് കൊടുത്തത് മൂന്ന് കൺമണികൾ
Also read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു
Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും














































