അഴിമതിക്കേസിൽ ജയിലിൽ കിടന്നവനും ജയിലിലാക്കിയവനും ഒരുമിച്ചിരുന്നു ഭരണം നടത്തുന്നതും കേരളം കണ്ടു!


ഇടതുമുന്നണിയുടെ ജനപിന്തുണ മുൻപത്തേക്കാളും വർധിച്ചിരിക്കുന്നു എന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മുൻപ് ഇടയ്ക്കിടെ പറയുന്നത് കേട്ടു. ആ ജനപിന്തുണയിൽ വിറളിപൂണ്ടാണ് വെഞ്ഞാറമൂട്ടിൽ സി പി എമ്മുകാരെ കോൺഗ്രസ് പ്രവർത്തകർ വെട്ടിക്കൊന്നതെന്നും കോടിയേരി പറയുന്നത് കേട്ടു. സ്വർണക്കടത്തു കേസിൽ സി പി എമ്മിനെതിരെ നടത്തുന്ന കോൺഗ്രസ് ബി ജെ പി പ്രചാരണം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നും ഇടതുമുന്നണിയുടെ ജനപിന്തുണ കൂടുന്നതിൽ ആധി പൂണ്ടാണ് പുതിയ പുതിയ ആരോപണങ്ങളുമായി അവർ രംഗത്ത് വരുന്നതെന്നും ഈയിടെ പത്രസമ്മേളനത്തിൽ കോടിയേരി ആവർത്തിച്ചതും കേട്ടു.
ഇത് പറയുമ്പോൾ ന്യായമായും പാർട്ടി അടിമകൾ അല്ലാത്ത പൊതുജനങ്ങൾക്ക് തോന്നുന്ന ഒരു സംശയമുണ്ട് . പിന്നെന്തിനാണ് കളങ്കിത പാർട്ടിയെന്ന് അവർ മുദ്രകുത്തി ഇത്രയും കാലം തെറി പറഞ്ഞു മാറ്റി നിറുത്തിയിരുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ ഇപ്പോൾ ഇടതുമുന്നണിയിലേക്ക് കൂട്ടിയത് ? സ്വർണ്ണ പ്രഭയിൽ ഇടതുമുന്നണിയുടെ തിളക്കം കൂടിക്കൂടി അവസാനം ആ പ്രഭയിൽ പലനേതാക്കളും കരിഞ്ഞു വീഴുമോ എന്ന് ഭയന്ന് അല്പം പ്രഭ കുറച്ചേക്കാം എന്ന് തീരുമാനിച്ചിട്ടാണോ? അതോ ഏതു അഴിമതിക്കാരനും ഇടതുമുന്നണിയിൽ വന്നാൽ അവരിലെ അഴിമതിക്കറ ഉരുകി ഒലിച്ചുപോകും എന്നതുകൊണ്ട് പാവം ജോസ് കെ മാണിയുടെ അഴിമതിക്കറ ഒന്ന് മാറ്റിക്കൊടുത്ത് ശുദ്ധീകരിച്ചേക്കാം എന്ന് തീരുമാനിച്ചിട്ടാണോ? ( പാലായിൽ കഴിഞ്ഞതവണ കെ എം മാണി ജയിച്ചപ്പോൾ പാലായെ തിരുട്ടുഗ്രാമമെന്നു വിളിച്ചവരാണ് സൈബർ സഖാക്കൾ എന്നോർക്കുക .)
ജനപ്രീതി അനുനിമിഷം കൂടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും മുന്നണി കളങ്കിതരെ കൂടെക്കൂട്ടി ഉള്ള ജനപ്രീതി നശിപ്പിക്കാൻ നോക്കുമോ? അതിന്റെ യുക്തി അറിവുള്ളവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരിക.
Read Also ട്വൻ്റി-ട്വൻ്റി മോഡൽ കൂട്ടായ്മ ചങ്ങനാശ്ശേരിയിലും
ബി ജെ പി എന്ന വർഗീയപാർട്ടിയെ കേരളത്തിൽ നിന്ന് ഉന്മൂലനം ചെയ്യാനാണ് ഈ നീക്കം എന്നാണു ന്യായീകരണം എങ്കിൽ അതിനു പറ്റിയ ഏറ്റവും നല്ല പാർട്ടി മതേതര കേരളാകോൺഗ്രസ് തന്നെ. പിന്നെ ഉള്ളത് ഐ എൻ എൽ എന്നൊരു മതേതര പാർട്ടിയാണ്. അതിപ്പോൾ ഇടതുമുന്നണിയിലാണല്ലോ .
വർഗീയ ശക്തികളെ തോൽപ്പിക്കാൻ മുൻപ് പി ഡി പി എന്നൊരു മതേതര പാർട്ടിയെ കൂട്ടുപിടിച്ചു സി പി എം ലോക്സഭാ ഇലക്ഷനിൽ മത്സരിച്ചത് ഇവിടുത്തെ മതേതര സ്നേഹികൾ മറന്നിട്ടില്ല . മദനിയും പിണറായിയും അന്ന് കെട്ടിപ്പിടിച്ചുനിൽക്കുന്ന ആ മനോഹര മതേതരദൃശ്യം മതേതര സ്നേഹികൾക്ക് എങ്ങനെ മറക്കാനാവും ?
കോൺഗ്രസിനെ ഇല്ലായ്മചെയ്യാൻ ഏതു ചെകുത്താനെയും കൂട്ടുപിടിക്കും എന്നാണ് വിശദീകരണമെങ്കിൽ ലോക്സഭാ ഇലക്ഷനിൽ ഇതേ കോൺഗ്രസിനെ കേന്ദ്രത്തിൽ അധികാരത്തിൽ കൊണ്ടുവരാനല്ലേ തമിഴ്‌നാട്ടിലും ബംഗാളിലുമൊക്കെ സിപിഎം കൈകോർത്തത് ? കേരളത്തിലെ കോൺഗ്രസുകാർ മാത്രമാണ് അഴിമതിക്കാർ എന്നാണ് മറുപടി എങ്കിൽ സി പി എമ്മിന് ഒരു നടുവിരൽ നമസ്കാരം. ഇനി വർഗീയ ശക്തികളെ കേന്ദ്രത്തിൽ നിന്ന് അകറ്റി നിറുത്താനായിരുന്നു അങ്ങനെ ചെയ്തത് എന്നാണ് ഉത്തരമെങ്കിൽ ഐ എൻ എല്ലിനെ മുന്നിൽ നിറുത്തി തന്നെ വർഗീയതയ്‌ക്കെതിരെയുള്ള പട നയിക്കണം സി പി എം. അതല്ലേ അതിന്റെ ഒരു ഇത്!
Read Also ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്
പാർട്ടി അടിമകളുടെ വോട്ട് കൊണ്ടുമാത്രമല്ല കഴിഞ്ഞതവണ 90 സീറ്റ് കിട്ടി ഇടതുമുന്നണി അധികാരത്തിൽ വന്നത് എന്ന് മനസിലാക്കണം . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുഫലം അതു വ്യക്തമാക്കി കൊടുത്തിട്ടും കാര്യങ്ങൾ പഠിക്കാത്തതെന്തേ?
കേരളകോൺഗ്രസിനെ കൂടെക്കൂട്ടി അവരുടെ പതിനായിരം വോട്ട് നേടിയാൽ ഇടതുമുന്നണിയുടെ ഒറ്റാലിൽ കിടക്കുന്ന ഇരുപതിനായിരം വോട്ട് പുറത്തേക്കു ചാടി പോകുമെന്ന് മനസിലാക്കുക. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാര്യത്തിൽ യുഡി എഫും എൽഡി എഫും തമ്മിൽ വ്യത്യാസമില്ലെന്നും ഒരുപടി മുന്നിൽ ഇടതുമുന്നണിയാണെന്നും ജനങ്ങൾക്ക് തോന്നിയാൽ ജനം മാറി ചിന്തിക്കും. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ സങ്കിയെന്നും കൊങ്കിയെന്നും വിളിച്ചു തെറി പറഞ്ഞാലൊന്നും ജനപിന്തുണ കൂടില്ല.
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് പാർട്ടി അടിമകളല്ലാത്ത ജനങ്ങൾ കഴിഞ്ഞതവണ ഇടതുമുന്നണിക്ക് കൂട്ടത്തോടെ വോട്ട് കുത്തിയത് എന്ന് മനസിലാക്കുക. കേരള കോൺഗ്രസിനെയും ഐ എൻ എലിനെയും മുന്നണിയിൽ കൂട്ടാതെ നേടിയ വിജയമായിരുന്നു അത് എന്നും ഓർക്കുക . ബാർകോഴയും സോളാർ അഴിമതിയും ജനങ്ങളെ അത്രയേറെ അന്ന് രോഷം കൊള്ളിച്ചിരുന്നു . അതിൽ സത്യം ഉണ്ടെന്നു ജനങ്ങൾ വിശ്വസിച്ചു .
Read Also അയ്യഞ്ചുവർഷം കൂടുമ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എരിതീയിൽ നിന്ന് വറചട്ടിയിലേക്കും
പക്ഷെ ഭരണം മാറിയപ്പോൾ കണ്ടത് എന്താണ് ? ആദ്യം അഴിമതിക്കേസിൽ വി എസ് കേസ് നടത്തി ഒരുവർഷം ജയിലിൽ കിടന്ന ആർ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കിൽ മുന്നോക്ക വികസന കോർപറേഷൻ ചെയർമാനാക്കി കുറെ സ്റ്റാഫിനെയും കൊടുത്തു വാഴിച്ചു . വി എസിനെ തൊട്ടടുത്ത കസേരയിൽ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനാക്കി ഇരുത്തുകയും ചെയ്തു. വാദിയും പ്രതിയും ഒരേ റാങ്കിലുള്ള തസ്‌തികകളിൽ അടുത്തടുത്ത കസേരകളിൽ ഇരുന്നു ജനങ്ങളെ സേവിക്കുന്ന അപൂർവകാഴ്ചക്കും അങ്ങനെ കേരളം സാക്ഷിയായി. അഴിമതിക്കാർക്ക് കൊടുക്കാൻ ഇതിനേക്കാൾ നല്ലൊരു ശിക്ഷ ഉണ്ടോ ? ഇതൊക്കെ കണ്ടു പാർട്ടി അടിമകൾ കയ്യടിക്കുമായിരിക്കും. പക്ഷേ അനുഭാവികളും പക്ഷമില്ലാത്തവരും കർക്കിച്ചുതുപ്പും .
യുഡി എഫിനെതിരെ കൊണ്ടുവന്ന ഒരു അഴിമതിപോലും തെളിയിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല എന്നത് ഒരു അതിശയമായി ഇപ്പോഴും ജനമനസിൽ നിൽക്കുന്നു . എന്തുകൊണ്ടാണ് അത് തെളിയിക്കാൻ കഴിയാതെ വന്നത് എന്ന് പൊതു സമൂഹത്തോട് തുറന്നു പറയൂ .
ഇപ്പോൾ സർക്കാരിന്റെ അഴിമതി വാർത്തകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ തെറിപറഞ്ഞ് വായടപ്പിക്കാൻ നോക്കിയാലൊന്നും ഇടതുമുന്നണിയുടെ ജനപ്രീതി വർദ്ധിക്കില്ല എന്ന് ഇനിയെങ്കിലും നേതാക്കൾ മനസിലാക്കുക. ഇതേ മാധ്യമങ്ങൾ തന്നെയാണ് മുൻപ് സോളാർ കേസും ബാർകോഴക്കേസുമൊക്കെ പുറത്തുകൊണ്ടുവന്നതും അത് നിരന്തരം വാർത്തയാക്കി വിളമ്പിയതും . അന്ന് സത്യസന്ധമായി പ്രവർത്തിച്ച മാധ്യമങ്ങൾ ഇന്ന് ഇടതുമുന്നണിയെ തകർക്കാൻ നെറികേട് കാട്ടുന്നു എന്ന് പറഞ്ഞാൽ പാർട്ടി അടിമകൾ കയ്യടിക്കും . അല്ലാത്തവർ ചിരിക്കും. സോഷ്യൽ മീഡിയയിൽ കാപ്സ്യുൾ രൂപത്തിലോ സിറപ്പ് രൂപത്തിലോ തെറികൾ വിളമ്പിയാലും പ്രയോജനമില്ല . ബുദ്ധിയും ചിന്തയും പാർട്ടിക്ക് പണയപ്പെടുത്താത്ത ഒരുവിഭാഗം ആളുകൾ ഇവിടെ ഉണ്ട് . അവരാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് .
കേരളത്തിലെ അഴിമതിയും വെട്ടിപ്പും സ്വജനപക്ഷപാതവും കണ്ടുമടുത്ത ജനം അതിൽനിന്നൊരു മോചനത്തിനുവേണ്ടിയായിരുന്നു കിഴക്കമ്പലത്ത് 2ട്വന്റി ട്വന്റി എന്ന കൂട്ടായ്‌മ രൂപീകരിച്ചത് . അത് വൻ വിജയമായത് നമ്മൾ കണ്ടു . ട്വന്റി20 പോലുള്ള കൂട്ടായ്മകൾ കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ പടർന്നു പന്തലിച്ചാൽ കേരളം കള്ളത്തെമ്മാടികളുടെ പിടിയിൽ നിന്നും മോചിതയായി ദൈവത്തിന്റെ സ്വന്തം നാടാകും. ജനങ്ങൾ സത്യം മനസ്സിലാക്കി തുടങ്ങി. വാഗ്ദാനങ്ങളുടെ പെരുമഴയുമായി വോട്ട് ചോദിച്ചു വരുന്ന കപട രാഷ്ട്രീയക്കാരെ കണ്ടം വഴി ഓടിക്കേണ്ട കാലം അതിക്രമിച്ചു.
രാഷ്ട്രീയ അടിമത്തം വെടിഞ്ഞ് കേരള ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് കിഴക്കമ്പലം നമുക്ക് പഠിപ്പിച്ചു തരുന്ന പാഠം. വോട്ടുകുത്തുമ്പോൾ തീരുന്ന ജനാധിപത്യമല്ല നമുക്കു വേണ്ടത് . ദൈനം ദിന ഭരണകാര്യങ്ങളിലും നാടിന്റെ വികസനത്തിലും ജനങ്ങളുടെ ഇഷ്ടവും താൽപര്യവും നടക്കണം. പോൾ ചെയ്യുന്ന 70 ശതമാനം വോട്ടിൽ 35% വാങ്ങി അധികാരത്തിൽ കയറി സകല തോന്ന്യാസങ്ങളും കാണിച്ചിട്ട് ഞങ്ങൾ ജനവിധിയനുസരിച്ചാണ് ഭരിക്കുന്നതെന്നു വീമ്പിളക്കുന്നവർ കിഴക്കമ്പലത്തെ പഞ്ചായത്ത് ഭരണസമിതിയെ കണ്ടു പഠിക്കണം . സ്വപ്നമാർക്കും ശങ്കരന്മാർക്കും തട്ടിയെടുക്കാനുള്ളതല്ല പൊതുജനത്തിന്റെ നികുതിപ്പണം. ട്വന്റി20 കിഴമ്പലത്തെ ജനങ്ങൾക്ക് ചെയ്ത് കൊടുക്കുന്ന സേവനങ്ങൾ കേരളത്തിലെ മറ്റു ജനങ്ങൾ അസൂയയോടെയാണ് നോക്കിക്കാണുന്നത് .
Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ് എല്ലാം
ട്വന്റി-20 യെ തകർക്കാൻ എല്ലാ പാർട്ടികളും ഇപ്പോൾ കൈകോർത്തിരിക്കയാണ് എന്നാണ് പുറത്തുവരുന്ന വിവരം. ട്വന്റി-20 യുടെ ആദ്യ പദ്ധതിയായ കുടിവെള്ള പദ്ധതി തടഞ്ഞുകൊണ്ട് രാഷ്ട്രീയപാർട്ടിക്കാർ രംഗത്ത് വന്നു. പിന്നീട് അങ്ങോട്ട് എല്ലാ വികസന പ്രവർത്തനങ്ങളിലും ഒരോരോ ന്യായങ്ങൾ പറഞ്ഞു തടസ്സങ്ങൾ സ്യഷ്ടിച്ചു. റോഡു പണികൾ തടസ്സപ്പെടുത്തിയും ട്വന്റി-20 സ്റ്റാൾ പുതുക്കി പണിയുന്നതിന് സ്റ്റോപ്പ് മെമ്മോ കൊടുപ്പിച്ചും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും കിഴക്കമ്പലത്തെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് അവിടുത്തെ ഇടത് വലത് രാഷ്ട്രീയക്കാർ ചെയ്തത് . ജനങ്ങൾക്ക് എല്ലാ സൗകര്യവും കിട്ടിയാൽ പിന്നെ അവർ തങ്ങളുടെ പിന്നാലെ വാലാട്ടി നടക്കില്ല എന്ന് നന്നായിട്ടറിയാവുന്ന രാഷ്ട്രീയപാർട്ടി നേതാക്കന്മാർ അവിടുത്തെ വികസനത്തെ തടയാൻ ഏല്ലാ വഴികളും നോക്കി . അക്കാര്യത്തിൽ ശത്രുത മറന്നു അവിടെ അവർ ഒറ്റക്കെട്ടായി നിന്നു എന്നതാണ് സത്യം.
Also Read കോവിഡ് രോഗിയെ വീട്ടിൽ എത്തിച്ചപ്പോൾ കണ്ടത് ദേഹത്ത് പുഴുക്കൾ ഇഴയുന്നത്!