മുൻപ് വി.എസ്. അച്ചുതാനന്ദൻ കേരളം ഭരിക്കുന്ന സമയം. തൃശ്ശൂരിൽ ഒരു പ്രമുഖ വ്യക്തിയുടെ വിവാഹം നടക്കുന്നു . അവിടേയ്ക്ക് എസ്‌കോർട്ട് വാഹനങ്ങളുടെയോ അംഗരക്ഷകരുടെയോ അകമ്പടി ഇല്ലാതെ ഒരു കാർ പാഞ്ഞു വന്നു .
കാറിൽ നിന്ന് ഇറങ്ങിയ , വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ച മനുഷ്യനു കൈകൊടുക്കാൻ പലരും തിരക്കു കൂട്ടി . ഓരോരുത്തർക്കും കൈകൊടുത്തു നടന്നു നീങ്ങിയ അദ്ദേഹം, ആ സമയം അവിടെ ഉണ്ടായിരുന്ന, കേരളത്തിലും വിദേശത്തും വൻവ്യവസായങ്ങൾ ഉള്ള, പ്രമുഖ വ്യവസായിയുടെ അടുത്തും എത്തി. ആദരവോടെഎണീറ്റ് നിന്ന് വിഷ് ചെയ്ത ആ വ്യവസായിക്കും കൊടുത്തു കൈ. എന്നിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ച് വ്യവസായിയുടെ ചെവിയിൽ ആഗതൻ ഇങ്ങനെ പറഞ്ഞു :
“എൻ്റെ ചെറുമകൻ ഗൾഫിൽ താങ്കളുടെ കമ്പനിയിലാണ് ജോലിചെയ്യുന്നത് . ഇപ്പോൾ ചുമട്ടുജോലിയാണ് . അവനത് വലിയ ഭാരപ്പെട്ട ജോലിയായി ഫോൺചെയ്യുമ്പോൾ പറയാറുണ്ട് . ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് ഭാരക്കുറവുളള പെട്ടികൾ ചുമക്കുന്ന ജോലി അവനെ ഏൽപ്പിക്കണം ”
അതു കേട്ട ആ വ്യവസായി അതിശയത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിനിന്നുപോയി.
വ്യവസായിയോട് അപേക്ഷിച്ച വ്യക്തി മറ്റാരുമായിരുന്നില്ല. ദീർഘകാലം എം എൽ.എ യും മന്ത്രിയും പൊതുപ്രവർത്തകനുമൊക്കെയായിരുന്ന സഖാവ് പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു അത് . അന്ന് അദ്ദേഹം മന്ത്രിയായിരുന്നു.
അപേക്ഷ കേട്ട വ്യവസായി സഖാവ് എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല. നമുക്കവനെ ഉയർന്ന പോസ്റ്റിലേക്ക് മാറ്റാമല്ലോ എന്ന് പറഞ്ഞപ്പോൾ അതൊന്നും വേണ്ട അവിടെ തന്നെ നിന്നോട്ടെ. മന്ത്രിയുടെ കൊച്ചുമകനെന്നുള്ള പരിഗണനയൊന്നും ജോലിയിൽ അവന് വേണ്ട എന്നായിരുന്നു പാലോളിയുടെ മറുപടി!


ഇനി അല്പം പഴക്കമുള്ള മറ്റൊരു സംഭവത്തിലേക്ക് .
വർഷം 1952. മലപ്പുറത്തെ ചൂളൂര്‍ ദേശത്ത് ആണ്ടി എന്നൊരു ഈര്‍ച്ചക്കാരനുണ്ടായിരുന്നു. പ്രായമായപ്പോള്‍ ഈര്‍ച്ചപ്പണി നിറുത്തി അയാള്‍ ചായക്കട തുടങ്ങി.
പകല്‍ നേരത്ത് ചായക്കടയില്‍ ആണ്ടി മാത്രമേ ഉള്ളൂ. അപ്പോഴാണ് ദലിതനായ നാടിക്കുട്ടി ചായ കുടിക്കാന്‍ വന്നത്. ദലിതനെ ചായപ്പീടികയുടെ അകത്തേക്ക് കടത്തുക പതിവില്ല. അവര്‍ തൊടിയില്‍ നിന്ന് ചായ കുടിക്കണം. ഈഴവര്‍ക്ക് കടയില്‍ കയറാം. എന്നാല്‍ നിന്നേ കുടിക്കാവൂ. ബെഞ്ച് ഒഴിഞ്ഞു കിടന്നാലും ഇരിക്കാന്‍ പാടില്ല.
നാടിക്കുട്ടി വന്ന സമയം ഒരാളും ചായപ്പീടികയില്‍ ഉണ്ടായിരുന്നില്ല. അയാള്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.
ആ സമയത്താണ് നാട്ടിലെ പ്രമാണി കയറി വന്നത്. അയാള്‍ നാടിക്കുട്ടിയെ ആഞ്ഞു ചവിട്ടി. ആ പാവം നിലത്തേക്കുരുണ്ടു വീണു. ചായയും ഗ്ലാസും നിലത്തു തൂവി. വീണ നാടിക്കുട്ടിയെ അയാള്‍ അടിക്കാന്‍ തുടങ്ങി. ബഹളം കേട്ട് ഓടി വന്നവരും മര്‍ദിച്ചു.
ഇതെല്ലാം കണ്ടാണ് കൗമാരക്കാരനായ മുഹമ്മദുകുട്ടി വരുന്നത്. മണ്ണില്‍ ചോരയൊലിച്ച് വീണു കിടക്കുകയായിരുന്ന നാടിക്കുട്ടിയെ വൈദ്യന്‍റെ അടുത്തേക്ക് മുഹമ്മദികുട്ടി കൊണ്ടു പോയി. കൂടിനിന്നവര്‍ കൂവി വിളിച്ചു പരിഹസിച്ചു. അതൊന്നും മുഹമ്മദുകുട്ടി വകവച്ചില്ല. എണ്ണയും മരുന്നും വാങ്ങിക്കൊടുത്ത് നാടിക്കുട്ടിയെ കൂരയില്‍ കൊണ്ടാക്കി.
ഇതിങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലെന്ന് മുഹമ്മദ് കുട്ടിക്ക് തോന്നി. പ്രമാണിമാരുടെ മേധാവിത്വം അവസാനിപ്പിക്കണം.
മുറിവെല്ലാം മാറി ജോലിക്ക് പോകാന്‍ തുടങ്ങിയ നാടിക്കുട്ടിയോട് മുഹമ്മദും കൂട്ടുകാരും പറഞ്ഞു, നീ ആണ്ടിക്കുട്ടിയുടെ ചായക്കടയില്‍ പോയി ചായ കുടിക്കണം. ആരും നിന്നെ ഒന്നും ചെയ്യില്ല. ഞങ്ങളുണ്ട് നിന്നോടൊപ്പം. ആദ്യം നാടിക്കുട്ടി സമ്മതിച്ചില്ല. ആറുമാസത്തെ പരിശ്രമത്തിനുശേഷം സമ്മതിച്ചു. അങ്ങനെ മുഹമ്മദുകുട്ടിയും ആറ് ചങ്ങാതിമാരും നാടികുട്ടിയും ആണ്ടിയുടെ ചായക്കടയിലേക്ക് നടന്നു. എട്ട് ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു. നാടിക്കുട്ടിയും ബെഞ്ചിലിരുന്ന് ചായ കുടിച്ചു. ഇതറിഞ്ഞ് പ്രമാണിയുടെ നേതൃത്വത്തിലുള്ളവര്‍ അവിടെ എത്തി. പിന്നെ അടിയുടെ പൊടിപൂരമായിരുന്നു.
ഇടയില്‍ ഈര്‍ച്ചത്തെറ്റുകൊണ്ട് മുഹമ്മദ് കുട്ടിയെ ആരോ അടിച്ചു. അടികൊണ്ട് കാല്‍മുട്ടിലെ എല്ലിന്‍റെ ഒരു ഭാഗം ചീന്തിപ്പോയി. ആറുമാസം മുഹമ്മദുകുട്ടി കട്ടിലില്‍ നിന്ന് എഴുന്നേറ്റില്ല. ഒരേ കിടപ്പായിരുന്നു. . എന്നാല്‍ അതോടെ കോഡൂര്‍ പ്രദേശത്തെ ചായക്കടകളില്‍ ദളിതരെ കയറ്റില്ല എന്ന അവസ്ഥ മാറി.ആ അവസ്ഥ സൃഷ്ടിച്ച പയ്യനാണ് പിന്നീട് സഖാവ് പാലോളി മുഹമ്മദ്‌കുട്ടിയായി കേരളം അറിയപ്പെടുന്ന നേതാവായി മാറിയത് .


പ്രായം വരുത്തിയ അവശതക്കിടയിലും പ്രായത്തിനും തളർത്താൻ കഴിയാത്ത കമ്യൂണിസ്റ്റ് പോരാളിയുടെ വീര്യത്തോടെ, കപടതയില്ലാത്ത കളങ്കതയില്ലാത്ത സഖാവാണ് പാലോളി . ഇദ്ദേഹത്തിന്റെ പ്രവൃത്തികൾ അറിയുമ്പോഴാണ് ഇപ്പോഴത്തെ നേതാക്കന്മാരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് .
വർഷങ്ങൾക്കു മുമ്പ് മലപ്പുറം ജില്ലയിലെ ചെമ്മന്ക്കടവിൽ നിന്നും കറുത്ത സൂട്ട് കേസിൽ മൂന്നു ജോഡി വെള്ള വസ്ത്രവും കുറച്ചു ബീഡിയും മാത്രം കയ്യിൽ കരുതി അനന്തപുരിയിലേക്ക് വണ്ടി കയറിയ ഒരു കുറിയ മനുഷ്യൻ പിന്നീട് ഇടതുമുന്നണി കണ്‍വീനറായും മന്ത്രിയായും പാർട്ടി ഏൽപ്പിച്ച കടമകൾ നിറവേറ്റി .
ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ആരും തന്നെ വാടക വീട്ടിൽ താമസിക്കുന്നവർ ഉണ്ടാവില്ല . സ്വന്തമായി വാഹനം ഇല്ലാത്തവർ ഉണ്ടാകില്ല . കുടുംബത്തിലെ ആർക്കെങ്കിലും സ്വാധീനം ചെലുത്തി സർക്കാർ ജോലി വാങ്ങി കൊടുക്കാത്തവർ ഉണ്ടാവില്ല . അഴിമതി ആരോപണങ്ങൾ ഇല്ലാത്തവർ ആരും തന്നെയില്ല .
എന്നാൽ പാലോളിക്കെതിരെ ഇന്നുവരെ ഒരു അഴിമതി ആരോപണവും ഉയർന്നു വന്നിട്ടില്ല . പലതവണ മന്ത്രി ആയി കേരളം ഭരിച്ചിട്ടും അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ സ്വന്തമായി വീടില്ലെന്നും വാടക വീട്ടിലാണെന്നും സത്യവങ്മൂലം കൊടുക്കുന്ന ഏക കമ്യുണിസ്റ്റുകാരനും ഇദ്ദേഹം ആയിരിക്കും. പാർട്ടി വാഗ്ദാനം ചെയ്ത പി ബി അംഗത്വവും നിയമസഭാ സീറ്റും സ്നേഹത്തോടെ നിരസിച്ച് പുതു തലമുറക്ക് വഴി മാറി കൊടുത്ത വിപ്ലവകാരിയാണ് പാലോളി . 2011ൽ നോമിനേഷൻ നൽകി കൈകെട്ടി ഇരുന്നാൽ പോലും ജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും യുവാക്കൾക്ക് അവസരം ലഭിക്കാൻ വേണ്ടി അദ്ദേഹം സ്ഥാനാർത്ഥിത്വം വേണ്ടന്നു പറഞ്ഞു
അനവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും അഴിമതിയുടെ നേരിയ കറപോലും അദ്ദേഹത്തിന്റെ കയ്യിൽ പതിഞ്ഞില്ല എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ ഈ മനുഷ്യൻ്റെ പ്രസക്തി .
പാലോളി മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മക്കൾ ജോലിനഷ്ടപ്പെട്ട് വിദേശത്ത് നിന്ന് എത്തിയത് . മലപ്പുറത്തുണ്ടായിരുന്ന ഭൂമിവിറ്റ് പാലക്കാട് കൂടുതൽ ഭൂമിവാങ്ങി കൃഷിചെയ്ത് ജീവിക്കാനാണ് അദ്ദേഹം മക്കളോട് ഉപദേശിച്ചത് . അല്ലാതെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റുകയായിരുന്നില്ല ചെയ്തത് .
2006 ൽ മന്ത്രിയായപ്പോൾ മന്ത്രിമന്ദിരത്തിൽ അപൂർവ്വമായി മാത്രമേ ഭാര്യയെപ്പോലും താമസിപ്പിച്ചിരുന്നുള്ളു
ദൗത്യങ്ങള്‍ പൂർത്തിയാക്കി പടിയിറങ്ങുമ്പോഴും സ്വന്തമായി ഒന്നും സമ്പാദിച്ചില്ല . മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിച്ഛായ പൊലിപ്പിച്ച് കാട്ടിയില്ല . 2006 ലെ ഇലക്ഷൻ സമയത്ത് നൽകിയ സ്വത്ത് വിവര കണക്കിൽ സ്വന്തമായി രണ്ടരസെൻ്റ് ഭൂമിമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു.
ഏഴുപതിറ്റാണ്ടു കാലത്തെ സജീവ പൊതു പ്രവർത്തനത്തിനു വിരാമമിട്ട് 2011 ൽ പാലൊളി മന്ത്രിമന്ദിരം വിട്ടിറങ്ങിയപ്പോൾ സമ്പാദ്യമായി കയ്യിലുണ്ടായിരുന്നത് രണ്ട് ജോഡി ഡ്രസ്സും ഒരു കറുത്ത ബാഗും മാത്രമായിരുന്നു .
1931 നവംബർ 11-നു മലപ്പുറത്തിനടുത്ത് കോഡൂരിലെ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ച പാലോളി ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദ് നൈസാമിന്റെ പട്ടാളത്തിൽ ചേർന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി. 15 വർഷത്തോളം കർഷക സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ഒളിവിൽ പോയി.
1965-ൽ മങ്കടയിൽ നിന്നും 1967-ൽ പെരിന്തൽമണ്ണയിൽ നിന്നും 1996-ൽ പൊന്നാനിയിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2001 വരെയും 2006 മുതൽ 2011 വരെയും കേരള മന്ത്രിസഭയിൽ അംഗമായിരുന്നു .