കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നിട്ട് ആ പന്നിയുടെ ജഡത്തിന്റെ മുകളിൽ ഒരു കാൽ കയറ്റി വച്ചു ഒരു ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടു എന്ന ഒറ്റ കാരണത്താലാണ് ഒരുമാസം മുൻപ് ഒരുകർഷകന്റെ തോക്ക് ലൈസൻസ് വനപാലകർ റദ്ദാക്കിയത് . അതേസമയം ഒരു സിസിടിവി ക്യാമറ നശിപ്പിച്ചു എന്നാരോപിച്ചു ഒരു പാവം കർഷകനെ പിടിച്ചു കൊണ്ടുപോയി മർദ്ദിച്ചു കൊന്നു കിണറ്റിൽ ഇട്ടിട്ട് ഇതുവരെ ഒരു വനപാലകനെതിരെയും ആരും ഒരു കേസും എടുത്തിട്ടില്ല. മത്തായി എന്ന കർഷകനെ കസ്റ്റഡിയിലെടുത്ത നടപടിയിലെ ചട്ട ലംഘനങ്ങളും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് . കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണം ഈ കേസിന്റെ ഭാവി എന്താകും എന്നതിന്റെ ശരിയായ സൂചനയാണ്. സംഘടിത ശക്തിയ്ക്കു മുൻപിൽ നമ്മുടെ ഭരണകൂടം പോലും ഭയന്ന് നിൽക്കുന്നു . കർഷകന് ഒരിക്കലും ഒരിടത്തുനിന്നും നീതിയും ന്യായവും കിട്ടില്ല എന്നതിന് വ്യക്തമായ സൂചനയാണ് ഈ കേസിന്റെ അന്വേഷണ പ്രഹസനം ! കർഷകൻ സംഘടിത ശക്തിയല്ലല്ലോ ! അവനു എന്നും കുടിക്കാൻ കണ്ണീരു തന്നെ .
മത്തായിയെ വനപാലകർ മർദ്ദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ തള്ളിയതാണെന്ന് ഭാര്യ ഷീബ പറഞ്ഞത് നിസാരമായി തള്ളിക്കളയാനാവില്ല. സാഹചര്യ തെളിവുകൾ അത് വ്യക്തമാക്കുന്നു . ഫോറസ്റ്റുകാരുടെ സിസി ടിവി ക്യാമറ നശിപ്പിച്ചെന്ന കുറ്റം ചുമത്തി അവർ പിടിച്ചുകൊണ്ടുപോയ മത്തായിയെ ചൊവ്വാഴ്ചയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അതിനുള്ള ഒരു കരണവുമില്ല . അവർ കൊന്നു കിണറ്റിലിട്ടതാണ്. അല്ലെങ്കിൽ രക്ഷപ്പെടുത്താനുള്ള ഒരുചെറിയ ശ്രമമെങ്കിലും നടത്തുമായിരുന്നില്ലേ?” മത്തായിയുടെ ഭാര്യ ഷീബ കണ്ണീരോടെ ചാനലുകൾക്ക് മുൻപിൽ പറഞ്ഞ വാക്കുകൾ ആർക്കു മറക്കാനാവും ?
”ഈ ക്രൂരത ചെയ്തവരെ വെറുതെ വിടില്ല. നിയമപരമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ഞാൻ ചെയ്യും. ഇനിയാർക്കും ഇതുപോലെ സംഭവിക്കരുത്. പണമാണ് ആവശ്യമെങ്കിൽ കൊടുക്കാമായിരുന്നല്ലോ. അതിന് ഈ ക്രൂരത കാട്ടണമായിരുന്നോ ” ഷീബയുടെ ആ ചോദ്യം ഓരോ കർഷകന്റെയും നെഞ്ചിൽനിന്നു വരുന്ന ചോദ്യമാണ് .
”ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് വീട്ടിൽനിന്ന് ബലമായി പൊന്നുച്ചായനെ കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന യുവാവിനെ സ്കൂട്ടറിലും അച്ചായനെ അവരുടെ ജീപ്പിലുമാണ് കൊണ്ടുപോയത്. അടുക്കളയിലായിരുന്ന ഞാൻ ഓടിയെത്തിയപ്പോഴേക്കും അവർ ജീപ്പിനരികിലെത്തിയിരുന്നു. കാര്യം തിരക്കിയപ്പോൾ സ്റ്റേഷനിൽ വന്നാൽ പറയാമെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. ” ഭാര്യ ഷീബ പറഞ്ഞു .
”ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയപ്പോൾ അച്ചായൻ അവിടെയെത്തിയിരുന്നില്ല. അച്ചായന്റെ ഫോണിൽ തുടർച്ചയായി വിളിച്ചപ്പോൾ ഉദ്യോഗസ്ഥരാരോ ആണ് ഫോൺ എടുത്തത്. സ്റ്റേഷനിൽ നിന്നാൽ മതിയെന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് കൂടെയുണ്ടായിരുന്ന യുവാവ് വിളിച്ച് 75,000 രൂപ കൊടുത്താൽ കേസ് ഇല്ലാതാക്കുമെന്ന് വനപാലകർ അറിയിച്ചതായി പറഞ്ഞു. രണ്ട് സ്റ്റാറുള്ള സാർ വിളിക്കുമ്പോൾ മാത്രമേ പണവുമായി സ്റ്റേഷനിലേക്ക് കയറി ചെല്ലാവൂ എന്നും പറഞ്ഞു.” ഷീബ പറയുന്നു .


”ആറരയോടെ കുടപ്പനയിൽനിന്ന് അച്ചായന്റെ ബന്ധു വിളിച്ച് ഉടൻ അവിടെ എത്തണമെന്നും ബാക്കി കാര്യങ്ങളൊന്നും തനിക്ക് പറയാൻ കഴിയില്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് മരിച്ച വിവരമറിയുന്നത്. അപ്പോൾ പോലീസും അവിടെ ഉണ്ടായിരുന്നു. ” കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരെ ഇന്നോവയിൽ പെട്ടെന്ന് അവിടെനിന്നും രക്ഷപ്പെടുത്തിയതായാണ് അറിയാൻ കഴിഞ്ഞതെന്നും ഷീബ പറഞ്ഞു.
ആറുമണിയോടെ സമീപവാസിയായ ഒരാളിനെ വിളിച്ച് കയറുമായി ഇവിടെയെത്താന്‍ വനപാലകര്‍ ആവശ്യപ്പെട്ടു. കാട്ടു പന്നി കിണറ്റില്‍ വീണതായിരിക്കാമെന്ന് കരുതി ഇദ്ദേഹം എത്തിയപ്പോഴാണ് മത്തായി കിണറ്റിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്.
നാട്ടുകാരെത്തിയപ്പോൾ വനപാലകര്‍ സ്ഥലം വിട്ടു . വീട്ടുമുറ്റത്തുള്ള , ചുറ്റുമതിലുള്ള കിണറ്റില്‍ മത്തായി വീഴാനിടയില്ലെന്ന് തദ്ദേശവാസികളും പറയുന്നു. ക്യാമറ തകർത്തെന്ന് കേസുണ്ടായാൽ ആത്മഹത്യ ചെയ്യുന്നയാളല്ല മത്തായിയെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു .
എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നത് ഗൗരവകരമാണ്. സിസിടിവി നശിപ്പിച്ച കാര്യം ഫോറസ്റ്റുകാർ പോലീസിൽ അറിയിച്ചിട്ടുമില്ല . കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കാത്തതും ദുരൂഹമാണ്. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തിയിട്ടുമില്ല . മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയതും . ഇതെല്ലം ദുരൂഹത വർധിപ്പിക്കുന്നു .
കുടപ്പനയിലെ ആദ്യകാല കർഷകകുടുംബമാണ് മത്തായിയുടേത്. പിതാവ് പരേതനായ പാപ്പി അറിയപ്പെടുന്ന കർഷകനയിരുന്നു. പ്രായാധിക്യമേറെയുള്ള മാതാവും ശാരീരിക അസ്വസ്ഥതകളുള്ള സഹോദരിയുമടക്കമുള്ള കുടുംബം മത്തായിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത് . ഭാര്യ ഷീബയ്ക്ക് മണിയാറിലെ സ്വകാര്യ സ്കൂളിൽ ജോലി ലഭിച്ചതോടെയാണ് കുടപ്പനയിൽനിന്ന് കുടുംബം അരീക്കക്കാവിലെ വാടകവീട്ടിലേക്ക് മാറിയത്.