അരിയിൽ ആര്‍സെനിക്ക് വിഷം . കപ്പയിൽ സയനൈഡ് വിഷം. പച്ചക്കറികളിലോ കീടനാശിനി വിഷം. സോഷ്യൽ മീഡിയയിൽ പേടിപ്പിക്കുന്ന വിഡിയോകളും കുറിപ്പുകളുമാണ് ദിവസവും ! വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന ചൊല്ല് പോലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നവരെല്ലാം ഇപ്പോൾ ശാസ്ത്രജ്ഞന്മാരും ഡോക്കിട്ടർമാരും ഗവേഷകന്മാരുമൊക്കെയാണ്. വരുന്ന വാർത്തകളിൽ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാതെ സാധാരണക്കാരും . കാണുന്ന പോസ്റ്റുകളെല്ലാം ഷെയർ ചെയ്യുകയും സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്യുകയും ചെയ്യുന്നവർ പലപ്പോഴും അറിയുന്നില്ല തങ്ങൾ കൈമാറുന്നത് പച്ചനുണകളോ അർത്ഥസത്യങ്ങളോ ആണെന്ന് .
നാം നിത്യേന കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി ഉണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. വാണിജ്യടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന പച്ചക്കറികളിൽ കർഷകർ അത് അടിച്ചു കയറ്റി നിറയ്ക്കുന്നതാണ് . പ്രകൃതി നിറച്ചു വച്ചതല്ല എന്ന് ചുരുക്കം. അതവിടെ നിൽക്കട്ടെ. അരിയിലും കപ്പയിലും പ്രകൃതി തന്നെ വിഷം നിറച്ചു വച്ചിട്ടുണ്ടോ ? ഇതിന്റെ ശാസ്ത്രീയ വശം ഒന്ന് പരിശോധിക്കാം .
അരിയിൽ ആർസനിക് വിഷം ഉണ്ടോ ?
പ്രകൃതിദത്ത മൂലകങ്ങളില്‍ ഒന്നാണ് ആര്‍സെനിക്ക് 92. അത് ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും ഉള്ളിൽ ചെന്നാല്‍ അപകടകാരിയാണ് . ചില സ്ഥലങ്ങളിൽ ആര്‍സെനിക് വിഷത്തിന്റെ പ്രശ്‌നമുണ്ട് എന്നത് സത്യവുമാണ്. മുഖ്യമായും ഭൂഗര്‍ഭജലം കൃഷിക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളിലാണ് ആര്‍സെനിക് കാണുന്നത്. ഈ വെള്ളം കുടിക്കുമ്പോഴും വിഷം ഉള്ളിൽചെല്ലും .
ഇന്ത്യയില്‍ ബംഗ്‌ളാദേശിനോടടുത്തുള്ള വെസ്റ്റ് ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പ്രശ്‌നം ഉള്ളത് . കേരളത്തിലെ മണ്ണിലോ വെള്ളത്തിലോ ആര്‍സെനിക്, അപകടകാരിയാകുന്ന അളവിൽ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അരി ധാരാളം ഉല്പാദിപ്പിക്കുന്ന ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിലും ഈ പ്രശ്‌നമില്ല .
FAO കോഡെക്‌സ് പ്രകാരം വെള്ള അരിയിൽ ആർസനിക്കിന്റെ അനുവദനീയ തോത് 0.2mg/kg (200 ppb) ആണ്. ചുവന്ന അരിയുടേത് 0.35 mg/kg (350 ppb) . കേരളത്തിലെ മാര്‍ക്കറ്റില്‍ കിട്ടുന്ന അരിസാമ്പിളുകളിലെല്ലാം അനുവദനീയ പരിധിയേക്കാള്‍ താഴെയായിരുന്നു ആര്‍സെനിക്കിന്റെ അളവ്. പോരെങ്കില്‍ കേരളത്തില്‍ പിന്തുടരുന്ന, ഇരുപുഴുക്ക് (parboiling), ധാരാളംവെള്ളം ഉപയോഗിച്ചുള്ള അരി കഴുകല്‍, കൂടുതല്‍ വെള്ളത്തില്‍ വേവിച്ചു വെള്ളം ഊറ്റുന്നത് തുടങ്ങിയവയൊക്കെ ആര്‍സെനിക് അരിയില്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ പോകുന്നതിനുള്ള മാർഗങ്ങളാണ് .
എന്തായാലും കേരളത്തില്‍ ഉൽപ്പാദിപ്പിക്കുന്ന അരി കഴിച്ച് ആര്‍ക്കെങ്കിലും ആര്‍സെനിക് വിഷബാധ ഉണ്ടായാതായി റിപ്പോർട്ടില്ല. കുത്തരിക്കഞ്ഞിയും കഞ്ഞിവെള്ളവും കഴിക്കുന്നവര്‍ക്ക് പേടി കൂടാതെ അതു തുടരാം എന്ന് ചരുക്കം .
കപ്പയിൽ സയനൈഡ് വിഷം ഉണ്ടോ ?
ഇനി കപ്പയിലെ ( മരച്ചീനി ) സയനൈഡ് വിഷത്തെകുറിച്ചു പരിശോധിക്കാം . മരച്ചീനി ഇലയിലും കിഴങ്ങിലും ‘ലിനാമാരിന്‍ ‘, ‘ലോട്ടോസ്ട്രാലിന്‍ !’ എന്നിങ്ങനെ വിഷാംശമുള്ള രണ്ടു ഗ്ലൂക്കോസൈഡുകളുണ്ട്. ഇവ മരച്ചീനിയില്‍ തന്നെയുള്ള ‘ലിനാ മരേസ്’ എന്ന എന്‍സൈമുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വിഘടിച്ച് മാരകമായ ‘ഹൈഡ്രജന്‍ സയനൈഡ്’ ഉണ്ടാകുന്നു. ഒരു കിലോ ഗ്രാം പച്ചക്കപ്പയില്‍15 മുതല്‍ 400 മില്ലിഗ്രാം വരെ ഇത്തരം വിഷവസ്തുവുണ്ട്. ഇനം, പ്രായം, പ്രദേശം, കാലാവസ്ഥ, വളപ്രയോഗം ഇവയനുസരിച്ച് അളവില്‍ മാറ്റം ഉണ്ടാകാം . കട്ടുള്ള കപ്പകളിലെല്ലാം വിഷാംശം കൂടുതലായിരിക്കും. മരച്ചീനിയുടെ പുറന്തൊലിയിലാണ് ഇത് അധികമുണ്ടാവുക. തൊലി നീക്കംചെയ്ത ശേഷം തിളപ്പിക്കുന്നതും ആവര്‍ത്തിച്ച് കഴുകുന്നതും ‘കട്ട്’ പോകാന്‍ സഹായിക്കും.
ഗോയിറ്റര്‍ രോഗത്തിനു വഴിതെളിക്കുന്നവൻ കൂടിയാണ് ഈ വിഷവസ്തു. ശരീരത്തിലെത്തിയാൽ ഈ വിഷവസ്തു നിര്‍വീര്യമാക്കപ്പെടുന്നത് മനുഷ്യശരീരത്തിലുള്ള ‘റോഡനേസ്’ എന്ന സള്‍ഫര്‍ അടങ്ങിയ എന്‍സൈമിന്റെ സാന്നിധ്യ ത്തിലാണ്. റോഡനേസിന്റെ സാന്നിധ്യത്തില്‍ സയനൈഡ്, തയോ സൈനേറ്റ് ആകുകയും മൂത്രത്തില്‍ കൂടി വിസര്‍ജിക്കപ്പെടുകയും ചെയ്യും.
കപ്പ കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ റോഡനേസ് ആവശ്യമായി വരും. ഒരു മില്ലിഗ്രാം ഹൈഡ്രജന്‍ സയനൈഡ് നിര്‍വീര്യമാക്കുന്നതിന് 1.2 മില്ലിഗ്രാം ഭക്ഷ്യ സള്‍ഫര്‍ വേണം. അതായത് സിസ്റ്റിന്‍, സിസ്‌റ്റൈന്‍, മെതിയോനൈന്‍ എന്നീ സള്‍ഫര്‍ അമിനോ അമ്ലങ്ങള്‍ ശരീരത്തിലുണ്ടാവണം. ചുരുക്കത്തില്‍ കപ്പയോടൊപ്പം കുറച്ചെങ്കിലും മത്സ്യം, മാംസം എന്നിവ കൂടി ഉള്ളില്‍ ചെല്ലുന്നില്ലെങ്കില്‍ പ്രശനമുണ്ടാകാന്‍ സാധ്യതയുണ്ട്.
50- 60 മില്ലിഗ്രാം വരെ ഹൈഡ്രജന്‍ സയനൈഡ് പ്രതിദിനം ഉള്ളില്‍ ചെന്നാല്‍ ശരീരത്തിന് ഹാനികരമാവില്ല. പക്ഷേ, ഒട്ടും മാംസ്യം ഇല്ലാതെ കപ്പമാത്രമായ ഒരു ആഹാരക്രമം സ്വീകരിച്ചാൽ പ്രശ്‌നമുണ്ടാകും . ഒരു കിലോഗ്രാം കപ്പയോടൊപ്പം 50 ഗ്രാം പ്രോട്ടീന്‍ കൂടി അകത്തു ചെല്ലണമെന്നാണ് കണക്ക്.
മലയാളികള്‍ക്ക് ഈ ദോഷങ്ങൾ പൊതുവെ കാണാത്തത് മത്സ്യ, മാംസാദികള്‍ കഴിക്കുന്ന തുകൊണ്ടാണ് . കപ്പയും മീനും സാധാരണക്കാരന്റെ പോഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുകുന്നു .മത്തി പോലുള്ള ചെറുമീനുകൾ ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക . മീൻ വറുത്തു കഴിക്കുന്നതിനേക്കാൾ നല്ലത് കറിവച്ചു കഴിക്കുന്നതാണ് . മത്സ്യ, മാംസാദികള്‍ ചേര്‍ന്ന ഒരു ഭക്ഷണക്രമം അനുവര്‍ത്തിച്ചാൽ കപ്പയിലെ വിഷത്തെ നിർവീര്യമാക്കാൻ സാധിക്കും .
( വിവരങ്ങൾക്ക് കടപ്പാട് : ഡോ. സി. ജോര്‍ജ് തോമസ്
മുന്‍ പ്രഫസര്‍ ആന്‍ഡ് ഡീന്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജ്, കേരള കാര്‍ഷിക സര്‍വകലാശാല. )
Read Also ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുളസിച്ചെടി ഏഴിക്കരയിൽ. വീഡിയോ കാണാം