അഞ്ചടി ഉയരമുള്ള പെൺകുട്ടി 52 കിലോ തൂക്കം ഉണ്ടെങ്കിൽ അത് ശരിയായ തൂക്കമാണ്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പറയുന്ന ഒരു പ്രശ്നമാണ് ആർത്തവം ക്രമമായിട്ട് വരുന്നില്ല എന്ന്. ചിലപ്പോഴൊക്കെ ഗുളിക കഴിക്കുമ്പോഴേ മാസമുറ വരുന്നുള്ളുവത്രേ. എന്റടുത്ത് ഒരുപാട് സ്ത്രീകൾ ഈ പ്രശ്നവുമായി വന്നിട്ടുണ്ട്.
ഇങ്ങനെയുള്ള ചില പെൺകുട്ടികൾ ആശങ്കയോടെ എന്നോട് ചോദിച്ചിട്ടുണ്ട്, ഡോക്ടറെ എനിക്ക് ഒരു കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ! കല്യാണം കഴിച്ചിട്ട് ഇനിയെങ്ങാനും മാസമുറ വന്നില്ലെങ്കിൽ ഞാനൊരു പുരുഷനെ വഞ്ചിക്കലാവില്ലേ എന്നു ചോദിച്ചവരുമുണ്ട് .
ചില പെൺകുട്ടികൾ പറയാറുണ്ട്, കല്യാണത്തിനു മുൻപ് എനിക്ക് റെഗുലർ ആയി മാസമുറ വന്നിരുന്നതാണ്, കല്യാണം കഴിഞ്ഞപ്പോൾ അത് കൃത്യമായി വരുന്നില്ല എന്ന്. ഭർത്താവിന്റെ വീടിന്റെ എന്തെങ്കിലും പ്രശ്നം കൊണ്ടാണോ വരാത്തത് എന്നുപോലും ചോദിച്ചവരുണ്ട് .
ആർത്തവപ്രശ്നവുമായി വരുന്നവരോട് ഞാൻ ആദ്യം ചോദിക്കുന്നത് കല്യാണത്തിന് മുൻപ് എത്രയായിരുന്നു ശരീരഭാരം എന്നാണ്. അപ്പോൾ അവർ പറയും കല്യാണത്തിന് മുൻപ് എനിക്ക് 52 കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളൂ ഡോക്ടറേ എന്ന്. ഇപ്പോഴോ? 65 കിലോ! അതാണ് പ്രശ്നം. കല്യാണം കഴിഞ്ഞപ്പോൾ കൂടിയത് 13 കിലോയാണ്. ഇത് ക്രമാതീതമായ വർദ്ധനയാണ്.
അഞ്ചടി ഉയരമുള്ള ഒരു പെൺകുട്ടി 52 കിലോ തൂക്കം ഉണ്ടെങ്കിൽ അത് ശരിയായ തൂക്കമാണ്. ഒരുവർഷം കൊണ്ട് കൂടിയത് 13 കിലോ. പീരിയഡ് ക്രമം തെറ്റാനുണ്ടായ ഒരു കാരണം അതാണ്. തടികൂടുമ്പോൾ രക്തത്തിലെ കൊഴുപ്പുകൂടും. അതുമൂലം മാസമുറ ക്രമം തെറ്റും. അതുകൊണ്ട് സ്ത്രീകൾ ഒരുകാര്യം ശ്രദ്ധിക്കുക. ശരീരഭാരം കൂടാതിരിക്കാൻ പരമാവധി നോക്കുക.
മിക്ക അമ്മമാർക്കും തങ്ങളുടെ പെൺമക്കൾ കൊഴുത്തുരുണ്ടിരിക്കുന്നതു കാണാനാണ് ഇഷ്ടം. അത് സ്വാഭാവികം മാത്രം. പക്ഷെ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതുകൊണ്ട് അമ്മമാർ മനസിലാക്കുക, തടിച്ചിരിക്കുന്നതല്ല മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യത്തിന്റെ ലക്ഷണം എന്ന്.
ചില അമ്മമാർ എന്റെ അടുത്ത് വന്നു പരാതി പറയാറുണ്ട്. ഡോക്ടറുടെ അടുത്ത് ട്രീറ്റ് മെന്റിന് വന്നതിനുശേഷം എന്റെ മോള് മെലിഞ്ഞു എല്ലും തോലുമായി എന്ന്. ഞാൻ അവരോട് പറയാറുണ്ട് നിങ്ങളുടെ മോൾ എന്റെ അടുത്ത് വന്നത് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടിയിട്ടാണ്. അതിനുള്ള ട്രീറ്റ് മെന്റാണ് ഞാൻ കൊടുക്കുന്നതെന്ന്. തടിയുണ്ടെങ്കിൽ ആരോഗ്യമുണ്ട് എന്നാണ് പലരുടെയും ചിന്ത.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ് സ്ത്രീകൾക്കായി നൽകുന്ന ഈ നിർദേശങ്ങളും ഉപദേശങ്ങളും തുടർന്ന് കേൾക്കാൻ വീഡിയോ കാണുക.
അതിജീവനത്തിന്റെ കഥയാണ് ഏലിക്കുട്ടി അമ്മച്ചിക്ക് പറയാനുള്ളത്
തൊടുപുഴ കലയന്താനി റൂട്ടിൽ ഇടവെട്ടി ഗ്രാമത്തിലെ ഒരമ്മച്ചിയെ പരിചയപ്പെടാം. 95 വയസു പിന്നിട്ട പാണംപീടികയിൽ ഏലിക്കുട്ടി അമ്മച്ചി. ഈ അമ്മച്ചിക്കൊരു സവിശേഷതയുണ്ട്. ഈ 95 വയസിലും ചുറുചുറുക്കോടെ മകന്റെ പലചരക്കുകടയിൽ വന്നിരുന്നു കച്ചവടത്തിൽ മകനെ സഹായിക്കുന്നു. രാവിലെ ഏഴരക്ക് കടയിൽ വന്നാൽ തിരിച്ചുപോകുന്നത് രാത്രി എട്ടുമണിക്ക്. നാരങ്ങാവെള്ളം , മിട്ടായി , മുറുക്കാൻ, പാൽ , സ്റ്റേഷനറി ഐറ്റംസ് തുടങ്ങിയ അല്ലറചില്ലറ വ്യാപാരങ്ങളെല്ലാം അമ്മച്ചിയുടെ കൈകൾകൊണ്ടാണ്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ എത്രനേരം ഇരിക്കാനും ജോലിചെയ്യാനും മടിയില്ല. മകനും അതൊരു അനുഗ്രഹമാണ്. ചെറുപ്പത്തിലേ നന്നായി ജോലിചെയ്തു ശീലിച്ചതുകൊണ്ട് ഇപ്പോൾ ജോലിചെയ്തില്ലെങ്കിലേ അമ്മച്ചിക്ക് ബുദ്ധിമുട്ടുള്ളൂ. വിശ്രമം എന്നൊരു വാക്കേ അമ്മച്ചിയുടെ നിഘണ്ടുവിലില്ല. പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടുപഠിക്കേണ്ടതാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ജീവിതം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ഏലിക്കുട്ടി അമ്മച്ചി മഷിപുരട്ടിയ വിരൽ ഉയർത്തിക്കാണിക്കുന്നു
സ്വന്തം അമ്മയെപ്പോലെ നാട്ടുകാരും ഏലിക്കുട്ടി അമ്മച്ചിയെ സ്നേഹിക്കുന്നു. എപ്പോഴും കടയിൽ കാണുന്നതുകൊണ്ട് എല്ലാവർക്കും അമ്മച്ചിയെ പരിചയമുണ്ട്. പാണം പീടികയിൽ അമ്മച്ചി എന്നാണ് നാട്ടുകാർ വിളിക്കുന്നത്. അമ്മച്ചിയെ അറിയാത്തവർ ഇടവെട്ടി കരയിലും പരിസരത്തും ആരും തന്നെയില്ല.
സ്വയം തിരിച്ചറിയുന്ന പെൺകുട്ടിക്കു ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നേറാം എന്നതിന് തെളിവാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ജീവിതകഥ. പ്രശ്നങ്ങളെയും പ്രയാസങ്ങളെയും പുഞ്ചിരിയോടെ നേരിട്ടു. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറി. മക്കളെ എല്ലാവരെയും ഒരുകുടക്കീഴിൽ നിറുത്തി പരസ്പര സ്നേഹത്തോടെ വളർത്തി വലുതാക്കി കരപറ്റിച്ചു.
മലയാളവർഷം 1102 ചിങ്ങമാസം 23 നു ജനനം. നാലാം ക്ളാസുവരെ മാത്രം പഠനം . തുടർപഠനത്തിന് അക്കാലത്ത് ഫീസു കൊടുക്കേണ്ടിയിരുന്നതിനാൽ പഠിത്തം മുടങ്ങി.
അതിജീവനത്തിന്റെ കഥയാണ് അമ്മച്ചിക്ക് പറയാനുള്ളത്. ഏലിക്കുട്ടി അമ്മച്ചിയ്ക്ക് സഹോദരിമാർ ആറുപേര് ആണ്. ആങ്ങള ഒരാൾ മാത്രം. എലിക്കുട്ടിയുടെ കല്യാണം കഴിഞ്ഞാണ് ആ ആങ്ങള ജനിച്ചത്. അതുകൊണ്ട് കുഞ്ഞാങ്ങളയെ മതിയാവോളം കൊഞ്ചിക്കാനും ലാളിക്കാനും മൂത്തപെങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിലും വീട്ടിൽ വരുമ്പോഴൊക്കെ കൊതിതീരുവോളം എടുത്തുകൊണ്ടു നടക്കുമായിരുന്നു.
വലിയ സാമ്പത്തികം ഇല്ലാത്ത കുടുംബം ആയിരുന്നുഅമ്മച്ചിയുടേത്. കയർപിരിച്ച് അതു കൊണ്ടുപോയി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ചാച്ചൻ അവരെ വളർത്തിയത്. ആ ജോലിയിൽ ഏഴുപെൺമക്കളൂം ചാച്ചനെ സഹായിച്ചിരുന്നു എന്ന് ഏലിക്കുട്ടി അമ്മച്ചി പറഞ്ഞു. അതുകൊണ്ടാണ് പെണ്മക്കളെയെല്ലാം ചാച്ചന് കെട്ടിച്ചു വിടാൻ പറ്റിയത്. ജോലിചെയ്യുന്നതിൽ ആർക്കും മടിയോ അഭിമാനക്കുറവോ ഉണ്ടായിരുന്നില്ല.
21 മത്തെ വയസ്സിലായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞു ഭർതൃവീട്ടിൽ ചെന്നപ്പോഴും ജോലിചെയ്യാൻ ഏലിക്കുട്ടിക്ക് മടിയുണ്ടായില്ല. സ്നേഹം കൊണ്ട് എലിക്കുട്ടിയെ വീർപ്പുമുട്ടിച്ച ഭർത്താവ് കുര്യൻ ജോലിക്കു പോകാൻ മടിച്ചുനിന്നപ്പോൾ പെണ്ണിന്റെ ധൈര്യം പുറത്തെടുത്തു ആരോടും പരാതി പറയാതെ പത്തുവയസ്സായ മകനെയും കൂട്ടി ഏലിക്കുട്ടി നെല്ലുകുത്താൻ പോയി. നെല്ലുകുത്താൻ മാത്രമല്ല കൊയ്യാനും കറ്റമെതിക്കാനും കല്ലുചുമക്കുവാനുമൊക്കെ പോയി ഏലിക്കുട്ടി പണം സമ്പാദിച്ചു. അങ്ങനെ മക്കളെ ദാരിദ്ര്യം അറിയിക്കാതെ വളർത്തി.
ഏലിക്കുട്ടി അമ്മച്ചിക്ക് മക്കൾ എട്ടുപേരാണ്. അഞ്ചാമത്തെ മകൻ ജോസഫിനെ രണ്ടാം വയസിൽ മാലാഖമാർ വന്നു ദൈവസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂന്നാമത്തെ മകൻ ജോണി 57 മത്തെ വയസിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അമ്മച്ചിയുടെ ഇളയ മകൾ ലാലി സന്യസ്തജീവിതം സ്വീകരിച്ചു സിസ്റ്റർ റാഫേലായി. അവർ ഇപ്പോൾ ഇറ്റലിയിൽ കൗൺസിലറായി സേവനം ചെയ്യുന്നു.
ഇളയ സഹോദരങ്ങളെ നോക്കുവാൻ ആളില്ലാത്തതിനാൽ മൂത്തമകൻ ആറാം ക്ളാസ് വരെയേ സ്കൂളിൽ പോയുള്ളൂ. ഇടവെട്ടിയിൽ പലചരക്ക്, സ്റ്റേഷനറി കട നടത്തുകയാണ് ആ മകൻ ഇപ്പോൾ . ആ മകനെയാണ് അമ്മച്ചി ഇപ്പോൾ കടയിൽ വന്നിരുന്നു സഹായിക്കുന്നത്. മകനെ ഇപ്പോഴും കൊച്ചേ എന്നെ അമ്മച്ചി വിളിക്കൂ. മകനും അമ്മയെന്നുവച്ചാൽ ജീവനാണ് .
ചെറുപ്പം മുതലേ ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും വളർന്നുവന്നത് കൊണ്ട് പള്ളിയിൽ പോക്ക് ഒരിക്കലും മുടക്കിയിട്ടില്ല ഏലിക്കുട്ടി അമ്മച്ചി. ഈ 95 മത്തെ വയസിലും അത് തുടരുന്നു. വീട്ടിൽ സന്ധ്യാപ്രാർത്ഥന ഒരുമണിക്കൂറോളം നീളും. മക്കളും കൊച്ചുമക്കളുമെല്ലാം ആ പ്രാർത്ഥനയിൽ മടികൂടാതെ പങ്കെടുക്കും. മാതാവിനെ സ്തുതിക്കുന്ന പാട്ടുകളും വിശുദ്ധരെ വണങ്ങുന്ന പാട്ടുകളുമൊക്കെ ഏലിക്കുട്ടി അമ്മച്ചിക്ക് കാണാപ്പാഠമാണ്.
എന്നും എപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു മുൻപോട്ട് പോകുവാനുള്ള ഒരു മനസും അതിനുള്ള ഒരു തീഷ്ണതയും അമ്മച്ചിക്കുണ്ടായിരുന്നു. ആ വിശ്വാസതീഷ്ണത മക്കളിലേക്കു പകർന്നു കൊടുക്കാനും അമ്മച്ചിക്ക് കഴിഞ്ഞു.
ഏലിക്കുട്ടി അമ്മച്ചിയുടെയും കുടുംബത്തിന്റെയും ബാക്കി വിശേഷങ്ങൾ അറിയുവാൻ വീഡിയോ കാണുക
ഉദയനാപുരം പടിഞ്ഞാറേക്കര രാഹുൽനിവാസിൽ കെ.വി. രാജുവാണ് (48) മരിച്ചത്
വൈക്കം: മൂന്നുമാസം മുൻപ് പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ക്ഷീരകർഷകൻ മരിച്ചു. ഉദയനാപുരം പടിഞ്ഞാറേക്കര രാഹുൽനിവാസിൽ കെ.വി. രാജുവാണ് (48) മരിച്ചത്. വീടിനടുത്തുള്ള പാടത്ത് ചൊവ്വാഴ്ച രാവിലെ പുല്ലു വെട്ടുന്നതിനിടെയാണ് രാജു വൈദ്യുതകമ്പിയിൽ തട്ടി ഷോക്കേറ്റു വീണത്. അച്ഛൻ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ മകൻ രാഹുൽ രാജിനും അച്ഛന്റെ ദേഹത്തുനിന്നും ഷോക്കേറ്റു.
രാഹുലിന്റെ നിലവിളി കേട്ട് അയൽക്കാർ ഓടിക്കൂടുകയായിരുന്നു. ഒരാൾ ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിഛേദിച്ചു. കെ എസ് ഇ ബി അധികൃതരെ മുക്കാൽ മണിക്കൂറോളം ഫോണിൽ വിളിച്ചിട്ടും ആരും ഫോൺ എടുത്തില്ലെന്നു മകൻ രാഹുൽ പറഞ്ഞു.
രാജുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ മിനിമോൾ. മകൻ രോഹിത്ത് രാജ്. മരുമകൾ സ്മിത.
രാജുവിന്റെ വീട്ടിൽ നിന്ന് പാടത്തേക്ക് പോകുന്ന വഴിയുടെ അരികിലാണ് വൈദ്യുതിക്കമ്പി പൊട്ടിവീണു കിടന്നത്. പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ പുല്ലുവളർന്ന് ചുറ്റിയിട്ടുണ്ട്. അതിനാൽ കമ്പി കിടക്കുന്നത് കാണാൻ കഴിയില്ല.
നേരത്തെ പാടത്തു കൂടിയായിരുന്നു വൈദ്യുത ലൈൻ. പുതിയ റോഡ് വന്നതോടെ ആ ലൈൻ ഉപേക്ഷിച്ച് റോഡിലൂടെ പുതിയ ലൈൻ വലിച്ചു.
വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുകയാണെന്നു രാജുവും നാട്ടുകാരും മൂന്നുമാസം മുമ്പ് കെ എസ് സി ബിയെ അറിയിച്ചിരുന്നതായി പറയുന്നു. ആ കമ്പിയിലൂടെ വൈദ്യുതി വരില്ലെന്ന് പറഞ്ഞു അത് നീക്കം ചെയ്യാൻ കെ എസ് ഇ ബി കൂട്ടാക്കിയില്ലെന്നു നാട്ടുകാർ പറയുന്നു.
വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞു പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർ വൈദ്യുതി വകുപ്പിന്റെ വൈക്കം സെക്ഷൻ ഓഫിസ് അടിച്ചു തകർത്തു. ജീവനക്കാരുടെ ബൈക്കുകളും തകർത്തു.
അപകടം നടന്നതിനു സമീപം കറുകയിൽ ഭാഗത്തെ ട്രാൻസ്ഫോർമർ വെള്ളത്തിൽ മുങ്ങുമെന്നതിനാൽ അത് ഉയർത്തിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പരാതി നൽകിയതെന്നും, വൈദ്യുതിക്കമ്പി പൊട്ടിവീണതായി പരാതിയിൽ ഇല്ലായിരുന്നെന്നും കെ എസ് സി ബി എക്സിക്യുട്ടീവ് എൻജിനീയർ പറയുന്നു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷിക്കുമെന്ന് കെ എസ് സി ബി അധികൃതർ പറഞ്ഞു
സഹനത്തിന്റെ വഴികളെപ്പറ്റി ഫാ ജോസഫ് പുത്തൻപുരക്കലിന്റെ പ്രഭാഷണം
ഒരു സ്ത്രീയുടെ ഗർഭകാലത്തിന് ശേഷം പ്രസവവേദന എന്ന ഒരു വലിയ സഹനം ഉണ്ട്. ഈ സഹനത്തിലൂടെ കടന്നുപോയാലേ ചിരിക്കുന്ന ഒരു നല്ല കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു.
പരീക്ഷ എഴുതുന്ന കുട്ടിക്ക് പരീക്ഷാസമയത്തു നല്ല പിരിമുറുക്കമാണ്. പക്ഷെ ആ പിരിമുറുക്കം കഴിഞ്ഞെങ്കിലേ ഒരു നല്ല റിസൾട്ട് കിട്ടുകയുള്ളൂ.
സ്പോർട്ട്സിൽ പങ്കെടുക്കുന്നവർക്ക് പരിശീലനകാലത്തും മത്സരസമയത്തും വലിയ പിരിമുറുക്കമാണ്. പക്ഷെ പിരിമുറുക്കം കഴിയുമ്പോൾ വന്നുചേരുന്നത് എന്താണ് ? ഗോൾഡ് മെഡലുകൾ.
സഹനം കഴിയുമ്പോൾ ഒരു വലിയ നന്മ ഉണ്ട് എന്നാണ് ഇതെല്ലാം നമുക്ക് നൽകുന്ന പാഠം. ഒരാൾ വഹിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അനുസരിച്ചു അയാളുടെ സഹനത്തിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും. ദൈവം നമുക്ക് സഹനം തരുന്നത് കൂടുതൽ ഫലം പുറപ്പെടുവിക്കാനാണ്. ”ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി ഞാൻ വെട്ടി ഒരുക്കും” എന്നാണ് സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത്. എന്നുവച്ചാൽ സഹനം കഴിയുമ്പോൾ കൂടുതൽ ഫലം പുറപ്പെടുവിക്കും എന്നർത്ഥം.
ഭാര്യയുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം കണ്ടാൽ ഭർത്താവ് മനസ്സിലാക്കണം എന്തുകൊണ്ട് എന്ന്
“അമ്മയെന്താ എന്നെ മനസ്സിലാക്കാത്തത്” എന്ന് ചോദിക്കുമ്പോൾ “നീ എന്താ എന്നെ മനസ്സിലാക്കാത്തത്” എന്ന് പതിമൂന്നോ പതിന്നാലോ വയസ്സുള്ള കുട്ടിയോട് ഞാൻ തിരിച്ചു ചോദിക്കുമായിരുന്നു. ഹോർമോണിന്റെ വ്യത്യസ്തമായ പ്രവർത്തനം എന്നിലുമുണ്ടായ നാളുകളായിരുന്നു അത്. അന്നത്തെ വിശേഷങ്ങൾ പങ്കുവക്കാനായി ഓഫീസിൽ നിന്നും വരുന്നതും കാത്തിരിക്കുന്ന കുഞ്ഞ് എന്നോട് സംസാരിക്കാൻ ഞാൻ അനുവദിച്ചില്ല. “ഒരു കാര്യം പറഞ്ഞോട്ടെ അമ്മേ”? എന്ന് ഭയത്തോടെ അനുവാദം ചോദിക്കുന്ന കുട്ടിയുടെ മുഖം ഇന്നും എന്നെ വേദനിപ്പിക്കുന്നു.
ആർത്തവ വിരാമത്തിനു മുന്നോടിയായി സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റത്തെപ്പറ്റി കൊൽക്കൊത്തയിൽ ഉദ്യോഗസ്ഥയായ മലയാളി, ജോളി ജോൺ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു അനുഭവം ശ്രദ്ധേയമായി. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
പെൺമക്കളിൽ ഹോർമോണിന്റെ പരിവർത്തനം നടക്കുന്ന അവസരത്തിലായിരിക്കും പല അമ്മമാരിലും ഹോർമോൺ വ്യത്യസ്തമായി പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടും രണ്ടു കാരണങ്ങളാലാണെന്നു മാത്രം. പക്ഷേ രണ്ടുപേരിലും ഉണ്ടാകുന്ന അസ്വസ്ഥതകൾ ഏകദേശം ഒരുപോലെയാണ്.
പെൺകുട്ടികളിൽ മിക്കവാറും എല്ലാവരിലും ഈ പരിവർത്തന കാലത്ത് അവരുടെ സ്വഭാവ രീതി ഒരുപോലെയാകും. ടീനേജുകാർ മിക്കവരും ഒരേ തരത്തിൽ പെരുമാറും. പെട്ടെന്ന് കോപം വരുക, കരയുക, തർക്കുത്തരം പറയുക, മാതാപിതാക്കൾ വിവരമില്ലാത്തവരാണെന്നു കരുതുക, എന്ത് പറഞ്ഞാലും അനുസരിക്കാതിരിക്കുക, കൂട്ടുകാർ അവർക്ക് ഏറ്റവും പ്രിയപ്പെട്ടവരാകുക ഇങ്ങനെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനും പലപ്പോഴും മാതാപിതാക്കൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല. പ്രത്യേകിച്ച് അമ്മമാർക്ക്. മകൾക്ക് എന്തുപറ്റിയെന്നോർത്തു വ്യാകുലപ്പെടുകയും എങ്ങനെ അവരെ കൈകാര്യം ചെയ്യണമെന്നറിയാതെ പാടുപെടുകയും ചെയ്യുന്ന അമ്മമാരാണ് അധികവും.
ഒരമ്മ ഒരിക്കൽ എന്നോട് പറഞ്ഞു: “രണ്ടു പൊട്ടിക്കണമെന്നു തോന്നും. പക്ഷേ അവളെന്നെ തിരിച്ചടിക്കുമെന്നുള്ളത് തീർച്ചയാണ്”. ഇത്തരം വ്യത്യസ്തമായ പെരുമാറ്റം കുഞ്ഞുങ്ങൾ മനപ്പൂർവം ഉണ്ടാക്കുന്നതല്ല, അവരിലുള്ള ഹോർമോണിന്റെ പ്രവർത്തനമാണ് അവരെക്കൊണ്ടു ഇങ്ങനൊക്കെ ചെയ്യിക്കുന്നതെന്ന് മനസ്സിലാക്കി അവരോടൊപ്പം ആയിരുന്നാൽ അമ്മമാരുടെയും ടെൻഷൻ കുറഞ്ഞു കിട്ടും. വർഷങ്ങൾ പലതു പിന്നിട്ടെങ്കിലും ടീനേജർ ആയിരുന്നപ്പോൾ പലപ്പോഴും അവളുടെ മാനസ്സിക അവസ്ഥ മനസ്സിലാക്കി പെരുമാറുകയോ അവളെയൊന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്നും മോൾ പറഞ്ഞപ്പോൾ വേദന തോന്നി.
“അമ്മയെന്താ എന്നെ മനസ്സിലാക്കാത്തത്” എന്ന് ചോദിക്കുമ്പോൾ “നീ എന്താ എന്നെ മനസ്സിലാക്കാത്തത്” എന്ന് പതിമൂന്നോ പതിന്നാലോ വയസ്സുള്ള കുട്ടിയോട് ഞാൻ തിരിച്ചു ചോദിക്കുമായിരുന്നു. ഹോർമോണിന്റെ വ്യത്യസ്തമായ പ്രവർത്തനം എന്നിലുമുണ്ടായ നാളുകളായിരുന്നു അത്. അന്നത്തെ വിശേഷങ്ങൾ പങ്കുവക്കാനായി ഓഫീസിൽ നിന്നും വരുന്നതും കാത്തിരിക്കുന്ന കുഞ്ഞ് എന്നോട് സംസാരിക്കാൻ ഞാൻ അനുവദിച്ചില്ല. “ഒരു കാര്യം പറഞ്ഞോട്ടെ അമ്മേ?” എന്ന് ഭയത്തോടെ അനുവാദം ചോദിക്കുന്ന കുട്ടിയുടെ മുഖം ഇന്നും എന്നെ വേദനിപ്പിക്കുന്നു. മിക്ക സമയങ്ങളിലും അവൾക്കു പറയാനുള്ളത് കേൾക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അതിനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല.
ഒരിക്കൽ എന്റെ കുഞ്ഞിന്റെ ഒരു നോട്ട് ബുക്ക് മുഴുവൻ കീറിയെറിഞ്ഞു. എന്ത് ചെയ്യുന്നുവെന്ന ബോധമില്ലാത്ത നാളുകൾ. പിന്നീട് മുറിയിൽ കയറി കതകടച്ചു പൊട്ടിക്കരയും. പച്ചക്കറി അരിയുമ്പോൾ വിരലും കൂടി മുറിക്കാൻ പലവട്ടം തോന്നിയിട്ടുണ്ട്. പെട്ടെന്ന് തിരിച്ചറിവുണ്ടായിട്ടു കത്തിയിട്ടിട്ടു മാറിക്കളയും. ബാബുവും മോളും ഞാൻ കാണാത്ത വിധം കത്തി ഒളിപ്പിച്ചു വച്ചു. Frustration തീർക്കാനായി മുടി പിടിച്ചു വലിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്യുമായിരുന്നു.
എനിക്കന്നുണ്ടായ മറ്റൊരു പ്രശ്നം പെട്ടെന്ന് ഓർമ്മ നഷ്ടപ്പെടുന്നതായിരുന്നു. ഓഫീസിൽ ഫൈലിലോ കമ്പ്യൂട്ടറിലോ ഡോക്യുമെന്റ് തിരയുമ്പോൾ എന്താണ് തിരയുന്നതെന്നു പെട്ടെന്ന് മറന്നുപോകും. ബോസ്സിനോട് ഒന്നിൽ കൂടുതൽ വട്ടം ചോദിക്കും. പല തവണ അദ്ദേഹത്തിന്റെ മുമ്പിൽ പോയി നിന്നു കരഞ്ഞിട്ടുണ്ട്.
റോഡ് കുറുകെ കടക്കുമ്പോൾ പെട്ടെന്ന് ബ്ലാക്ക് ഔട്ട് ആകും. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ അറിയാൻ കഴിയാഞ്ഞ കുറേ നാളുകൾ. ആ നാളുകളിൽ മോളെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല എന്ന വേദന ഇന്നുമുണ്ട്. അത് മനഃപ്പൂർവ്വമല്ലായിരുന്നു. അവൾക്കത് ഇന്ന് നന്നായി മനസ്സിലാകുന്നെങ്കിലും അന്ന് രണ്ടുപേരും കടന്നുപോയ അവസ്ഥ പങ്കുവച്ചപ്പോൾ എന്റെ ഹൃദയം വല്ലാതെ നൊന്തു. (എനിക്കുണ്ടായത് പോലെ കഠിനമായ അവസ്ഥ pre-menopause ലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും ഉണ്ടാകില്ല. ഡോക്ടറുടെ അഭിപ്രായത്തിൽ ആയിരത്തിൽ ഒരാളിലും താഴെ).
ടീനേജുകാരെ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണം. ഭാര്യയുടെ, പ്രത്യേകിച്ചു, ശാന്തരായവരുടെ, സ്വഭാവത്തിൽ വ്യത്യാസം കണ്ടാൽ അവരെ ഭർത്താവ് മനസ്സിലാക്കണം. മക്കളും അവർക്കൊരു സപ്പോർട്ട് ആയിരിക്കണം. സ്ത്രീകൾക്ക് ആ സമയത്ത് അതൊരു വലിയ ആശ്വാസമാണ്. “
ആർത്തവ വിരാമം: ശാരീരിക മാനസിക മാറ്റങ്ങൾ മനസ്സിലാക്കണം.
മധ്യവയസ്സോടെ സ്ത്രീകളിൽ ആർത്തവം നിൽക്കുന്നു. അതോടെ ചില ഹോർമോണിന്റെ പ്രവർത്തനങ്ങളിലും അളവിലും മാറ്റം ഉണ്ടാകും. ഹോർമോൺ വ്യതിയാനം മൂലമുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾ വ്യത്യസ്തമാണ് പലരിലും. ലൈംഗിക താല്പര്യങ്ങളിൽ പോലും മാറ്റം വരാറുണ്ട്. ചിലരിൽ മാറ്റങ്ങൾ ഒന്നും പ്രകടമായി കണ്ടെന്നും വരില്ല.
ഹോട്ട് ഫ്ളഷസ് (Hot Flushes) എന്ന ചൂടും വിയർക്കലുമാണ് ഒരു പ്രശ്നം. കൂടാതെ വിഷാദം, പെട്ടെന്നുള്ള ചൂടാവൽ , തലവേദന, ദേഷ്യം, സങ്കടം, ലൈംഗിക താൽപ്പര്യക്കുറവ്, വേദന, തളർച്ച, മൂത്രാശയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയും സ്ത്രീ ഹോർമോണുകൾ കുറയുന്നതിന്റെ ഫലമായി ഉണ്ടാകാം. മാനസികോല്ലാസം പകരുന്ന പ്രവർത്തനങ്ങൾ, ശരിയായ ഭക്ഷണശീലങ്ങൾ, ലഘു വ്യായാമങ്ങൾ ഇവയിലൂടെ ഈ പ്രശ്നങ്ങളെ തരണം ചെയ്യാനാകും. അസ്വസ്ഥതകൾ താൽക്കാലികമാണെന്നും ശരീരം ക്രമേണ ഹോർമോൺ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നും മനസിലാക്കിവേണം ഈ ഘട്ടത്തെ നേരിടാൻ.
പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ? ഡോ.ഫിന്റോ ഫ്രാൻസിസ് പറയുന്നത് കേൾക്കൂ
പ്രസവം കഴിഞ്ഞു രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം റൗണ്ട്സിനു ചെല്ലുമ്പോൾ മിക്ക അമ്മാരും പറയുന്ന ഒരു പരാതിയാണ് ”ഡോക്ടറേ പാലുവരുന്നില്ല.” ഈ പാല് വരുക എന്നത് ടാപ്പ് തുറക്കുന്നപോലത്തെ പരിപാടിയാണെന്നാണോ സ്ത്രീകൾ വിചാരിച്ചിരിക്കുന്നത്? അങ്ങനെ പെട്ടെന്ന് മുലയിൽ പാല് നിറയുമൊന്നുമില്ല . അതിനു രണ്ടോ മൂന്നോ ദിവസമൊക്കെ എടുക്കും. അമ്മമാർ ടെൻഷൻ എടുക്കേണ്ട കാര്യമേയില്ല. പാലില്ലാതെ വരുന്ന സാഹചര്യം അപൂർവ്വമാണ്.
ചിലർക്ക് മുലഞെട്ടൊന്നും ആദ്യ ദിവസത്തിൽ പുറത്തേക്കു വന്നിട്ടുണ്ടാവില്ല . അതിനൊക്കെ ചിലരിൽ രണ്ടോ മൂന്നോ ദിവസം എടുക്കും.
ചിലർ പറയും ഡോക്ടറെ ചെവിയിൽ തൊണ്ടിയിട്ട് കുഞ്ഞു എണീക്കണില്ല എന്ന്. ഇങ്ങനെയുള്ള സന്ദർഭത്തിൽ കുഞ്ഞിന്റെ കാലിന്റെ അടിയിലൊന്നു തട്ടിക്കൊടുത്തേ. കുഞ്ഞു വായും പൊളിച്ചു കരയും. പലപ്പോഴും വലിയ ടെൻഷനാണ് അമ്മമാർക്ക്. പ്രത്യേകിച്ചു ആദ്യപ്രസവത്തിൽ.
രണ്ടുമണിക്കൂർ ഇടവിട്ട് നവജാത ശിശുവിന് പാല് കൊടുക്കണം. മൂന്നോ നാലോ ദിവസം കൊണ്ടേ മുലയിൽ നിറയെ പാൽ ആവുകയുള്ളൂ . നന്നായിട്ട് വെള്ളം കുടിക്കണം. ഭക്ഷണവും നന്നായിട്ട് കഴിക്കണം . അതും പോഷക സമ്പന്നമായ ആഹാരം . എങ്കിലേ നന്നായി മുലപ്പാൽ ഉണ്ടാകൂ .
ചില യുവതികൾക്ക് ടെൻഷനാണ് വെള്ളം കുടിച്ചാൽ വയർ ചാടുമോ എന്ന് . വയറ്റിൽ ബെൽറ്റ് കെട്ടണോ എന്നൊക്കെ ചിലർ ചോദിക്കും. ബെൽറ്റ് കെട്ടിയാൽ വയർ ചാടില്ലെന്നാണ് ചിലരുടെ ധാരണ. അങ്ങനെയായിരുന്നെങ്കിൽ ആണുങ്ങൾക്കൊന്നും കുടവയർ ഉണ്ടാകുമായിരുന്നില്ലല്ലോ? അത് അബദ്ധധാരണയാണ് .
വയർ ചാടാതിരിക്കാണമെങ്കിൽ പ്രസവം കഴിഞ്ഞു ഒന്നരമാസം കഴിഞ്ഞു പതിവായി വ്യായാമം ചെയ്യണം. എന്തൊക്കെ വ്യായാമമാണ് ചെയ്യേണ്ടത് ? അത് ഡോക്ടർ നിങ്ങൾക്ക് പറഞ്ഞുതരും.
അടുത്തടുത്ത ഗർഭധാരണം തമ്മിലുള്ള ഇടവേള എത്രയായിരിക്കണം ? സിസേറിയൻ കഴിഞ്ഞവരാണെങ്കിൽ അടുത്ത ഗർഭധാരണത്തിന് എത്ര ഇടവേള വേണം ? മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞു വീണ്ടും ഗർഭിണി ആയാൽ നാലാമതൊരു സിസേറിയൻ കൂടി ചെയ്താൽ അമ്മയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ? മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞാൽ യൂട്രസ് പൊട്ടും എന്ന് ചിലർ പറയുന്നത് ശരിയാണോ ?
ഗർഭിണിയായാൽ പിന്നെ കുഞ്ഞിന് പാൽ കൊടുക്കുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ ? എത്രമാസം വരെ പാൽ കൊടുക്കാം?
പ്രസവാനന്തരം സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഡോക്ടർ ഫിന്റോ ഫ്രാൻസിസ് (ഗൈനക്കോളജിസ്റ്റ് . മറിയം ത്രേസ്യ ആശുപത്രി, കുഴിക്കാട്ടുശേരി ) പറയുന്ന ഈ കാര്യങ്ങൾ ഒന്ന് കേൾക്കൂ. വീഡിയോ കാണുക
റെയിൽവേ സ്റ്റേഷനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്നു സുഹൃത്തുക്കളായ ആ ചെറുപ്പക്കാർ . അപ്പോഴാണ് റോഡരുകിൽ ഭിക്ഷ യാചിക്കുന്ന ആ വൃദ്ധയെ കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ എവിടെയോ കണ്ടുപരിചയം ഉള്ളതുപോലൊരു തോന്നൽ. ആളെ പക്ഷേ, പിടികിട്ടുന്നില്ല .
ഓർമ്മകളുടെ ചെപ്പിനകത്ത് ചികഞ്ഞ് ഒടുവിൽ ആ രൂപം പുറത്തെടുത്തു. തങ്ങൾ രണ്ടുപേരെയും കൊച്ചുന്നാളിൽ പഠിപ്പിച്ച ടീച്ചർ !
അടുത്തു ചെന്ന് അവർ ടീച്ചറോട് അവർ സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചു. പണ്ടത്തെ ടീച്ചറാണെന്നു മനസിലായെങ്കിലും തങ്ങൾ അവരുടെ സ്റ്റുഡന്റ്സ് ആയിരുന്നെന്ന കാര്യം ആദ്യം വെളിപ്പെടുത്തിയില്ല. വൃദ്ധ പറഞ്ഞു : . ”ഭർത്താവ് മരിച്ചുപോയി. മക്കൾ ഉപേക്ഷിച്ചു . ഇപ്പോൾ ജീവിതം മുൻപോട്ടുകൊണ്ടു പോകാൻ മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടുകയാണ്. ” അതു പറയുമ്പോൾ ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
”ഓർമ്മയുണ്ടോ ടീച്ചറിന് ഞങ്ങളെ ?” കൂട്ടുകാരിൽ ഒരാൾ ചോദിച്ചു .
സൂക്ഷിച്ചു നോക്കിയിട്ട് ഇല്ല എന്ന അർത്ഥത്തിൽ അവർ തലയാട്ടി.
സ്കൂളിന്റെ പേരും ക്ലാസും വർഷവും പറഞ്ഞപ്പോൾ ടീച്ചറിന് വിശ്വസിക്കാനായില്ല. ഇത്രയും കാലം കഴിഞ്ഞിട്ടും തന്നെ മറന്നില്ലല്ലോ ഈ ശിഷ്യർ എന്നോർത്തു! അവരുടെ കൈകൾ കൂട്ടിപ്പിടിച്ചു നെഞ്ചോട് ചേർത്തു. ഒരുപാടു കാലമായി കാണാതിരുന്ന സ്വന്തം മക്കളെ കണ്ടപോലുള്ള സന്തോഷമായിരുന്നു ടീച്ചറിന്. പഴയ ശിഷ്യരെ കണ്ടുമുട്ടിയപ്പോഴുള്ള സന്തോഷാധിക്യത്തിൽ ടീച്ചറിന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീർ ആ ”കുട്ടികളുടെ ” കൈത്തണ്ടയിൽ വീണു. ചെറുപ്പക്കാരുടെയും കണ്ണുകൾ നിറഞ്ഞു. ടീച്ചറെ ചേർത്ത് പിടിച്ചു ആ യുവാക്കൾ കരഞ്ഞു പോയി.
പിന്നെ വൈകിയില്ല . ടീച്ചറിനെ അവർ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നല്ല വസ്ത്രങ്ങൾ വാങ്ങിക്കൊടുത്തു. സ്വാദിഷ്ടമായ ഭക്ഷണം നൽകി. ടീച്ചർ പഠിപ്പിച്ച, അവർക്ക് അറിയാവുന്ന കൂട്ടുകാരെയെല്ലാം ഫോണിൽ വിളിച്ചു വിവരം അറിയിച്ചു.
ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ആ അധ്യാപികയ്ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണ അവർ നൽകി. എല്ലാവരും ചേർന്ന് അവർക്ക് നല്ലൊരു തുക നൽകി. എന്താവശ്യം വന്നാലും വിളിക്കണമെന്ന് പറഞ്ഞു ഫോൺ നമ്പർ കൊടുത്തു. പടിയിറങ്ങുമ്പോൾ തന്നെ ഉപേക്ഷിച്ചുപോയ മക്കളെ ഒരു നിമിഷം ടീച്ചർ ഓർത്തുപോയിക്കാണും. മക്കളെക്കാൾ എത്രയോ സ്നേഹമുള്ളവാരാണ് ഈ ശിഷ്യർ എന്ന് ചിന്തിച്ചുകാണും.
ഇത് മലപ്പുറത്തു നടന്ന സംഭവം ആണെന്ന് സൂചിപ്പിച്ചു ഏതാനും ആഴ്ചകൾക്കു മുൻപ് ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരനുഭവം . അമ്മയെ മക്കൾ ഉപേക്ഷിച്ചു പോയിട്ടും അറിവ് പകർന്നു തന്ന ഗുരുനാഥയെ ശിഷ്യർ കൈവിട്ടില്ല. അതാണ് ഉത്തമ ഗുശിഷ്യബന്ധം! നന്നായി പഠിപ്പിച്ച, മക്കളെപ്പോലെ സ്നേഹിച്ച നല്ല അധ്യാപകരെ ശിഷ്യർ ഒരിക്കലും മറക്കില്ല . പ്രത്യേകിച്ചു കൊച്ചുന്നാളിൽ പഠിപ്പിച്ച ടീച്ചർമാരെ. മാതൃസ്നേഹവും പുത്രവാത്സല്യവും നിറഞ്ഞവരാകണം അധ്യാപകർ. അങ്ങനെയുള്ള അദ്ധ്യാപകരെ ശിഷ്യർ ഒരിക്കലും മറക്കില്ല.
എനിക്ക് ജന്മം നൽകിയതിന് എന്റെ പിതാവിനോടും എനിക്ക് ജീവിതം നൽകിയതിനു എന്റെ ഗുരുവിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്നാണ് അലക്സാണ്ടർ ചക്രവർത്തി പറഞ്ഞത് .
മറക്കാനാവാത്ത അറിവുകൾ പകർന്നു തന്ന ഗുരുക്കന്മാരെ ഹൃദയത്തില് സൂക്ഷിക്കാനും അറിവിന്റെ പാതയില് വെളിച്ചവുമായി മുൻപേ നടന്ന എല്ലാ അധ്യാപകരെയും ഇടയ്ക്കിടെ ഓർക്കുവാനും നമുക്ക് കഴിയണം ! പഴയ അധ്യാപകരെ ജീവിത വഴിയില് കണ്ടുമുട്ടുമ്പോള് അവരെ സ്നേഹിക്കുക, ബഹുമാനിക്കുക, സഹായിക്കുക. അതാണ് നമുക്ക് നല്കാവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണ.
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമാണ്. ഒക്ടോബര് 5 ലോക അധ്യാപക ദിനവും. സമൂഹത്തിന് അധ്യാപകര് പകർന്നു നൽകുന്ന വിലപ്പെട്ട സേവനങ്ങളെക്കുറിച്ചു ജനങ്ങൾക്ക് ഓർക്കാനുള്ള രണ്ടു ദിനങ്ങൾ.
തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമശേഖരന്നായരുടെ മകന് ഉണ്ണിക്കൃഷ്ണന്(28) ആണ് മരിച്ചത്
തൊടുപുഴ: സുഹൃത്തുക്കളോടൊപ്പം വാഗമണ് സന്ദര്ശിക്കാന് പോയ യുവാവ് 200 അടി താഴ്ചയിലുള്ള കൊക്കയില് വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമശേഖരന്നായരുടെ മകന് ഉണ്ണിക്കൃഷ്ണന്(28) ആണ് മരിച്ചത്.
വാഗമണ്ണിലേക്കുള്ള യാത്രമധ്യേ കാഞ്ഞാര് പുള്ളിക്കാനം റോഡില് കുമ്പംകാനത്ത് റോഡരികിലെ കൽകെട്ടില് നിന്ന് സെല്ഫി എടുക്കാന് ശ്രമിക്കുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഞായർ വൈകിട്ട് 5 മണിയോടെയാണ് സംഭവം.
മൂലമറ്റത്ത് നിന്നും ഫയർഫോഴ്സും കാഞ്ഞാർ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വടം ഉപയോഗിച്ച് താഴെയിറങ്ങിയ ഫയർഫോഴ്സ് വലയിറക്കി മൃതദേഹം പുറത്തെടുത്തു. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . സംസ്ക്കാരം പിന്നീട്. മാതാവ് ലത .സഹോദരി പാർവതി.
പിഎസ്സി പഠനത്തിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാന്റീനില് അച്ഛനൊപ്പം ജോലി നോക്കി വരികയായിരുന്നു ഉണ്ണിക്കൃഷ്ണന്.
വടം ഉപയോഗിച്ച് ഫയർഫോഴ്സ് വലയിൽ മൃതദേഹം പുറത്തെടുക്കുന്നു
തൊടുപുഴ: കലയന്താനിക്കാരുടെ പ്രിയപ്പെട്ട അപ്പച്ചന്മാരാണ് സൈമണും ജോൺസണും. രൂപസാദൃശ്യമുള്ള ഇരട്ടകൾ എന്നതു മാത്രമല്ല ഇവരുടെ പ്രത്യേകത. രണ്ടുപേർക്കും തിരിച്ചറിയാനാവാത്ത വിധം ഒരേ മുഖച്ഛായയും ഒരേ നിറവും ഒരേ പൊക്കവും ഒരേ വണ്ണവും ഒരേ ശബ്ദവും ആണ് . ധരിക്കുന്നതും ഒരേവേഷം. സ്വഭാവത്തിലും ഇഷ്ടങ്ങളിലും ഇവർക്കിടയിൽ ഭിന്നതയില്ല . ഒരേ ഒരേവീട്ടിലാണ് രണ്ടുപേരും താമസിക്കുന്നതും.
എൺപതിന്റെ പടിയിൽ എത്തിയിരിക്കുകയാണ് ഈ ഇരട്ടകൾ ഇപ്പോൾ. ഈ 80 വർഷത്തിനിടയിൽ ഇരുവരും ഇതുവരെ പിരിഞ്ഞിരുന്നിട്ടേയില്ല. ഒരുമിച്ചുമാത്രം പോകുകയും വരികയും നടക്കുകയും ചെയ്യുന്ന ഇവരെ പിള്ളേർ എന്നും അപ്പച്ചന്മാർ എന്നും നാട്ടുകാർ വിളിക്കുന്നു . ജോൺസണും സൈമണും തമ്മിലുള്ള സ്നേഹവും കരുതലും നാട്ടുകാർക്കും ഇന്നും അത്ഭുതമാണ്. കലയന്താനിക്കാർക്ക് ഇവരെ വലിയ ഇഷ്ടവുമാണ് . ഒരാളോട് ഒരു ചോദ്യം ചോദിച്ചാൽ മറ്റേ ആളായിരിക്കും മറുപടി പറയുക. ലോകത്തിനു തന്നെ ഒരു അത്ഭുതമാണ് ഇവരുടെ സ്നേഹവും അടുപ്പവും പരസ്പരമുള്ള കരുതലും. എല്ലാവരോടും ചിരിച്ചുകൊണ്ടുമാത്രമേ ഈ ഇരട്ടകൾ സംസാരിക്കാറുള്ളു.
ജോൺസണും സൈമണും വിവാഹം കഴിച്ചതും ഒരേ മുഖഛായയുള്ള ഇരട്ടകളെയായിരുന്നു. ത്രേസ്യാമ്മയും റോസമ്മയും . കല്യാണ ശേഷവും ഒരേ വീട്ടിലായിരുന്നു താമസം. ചെറുപ്പം മുതലേ ഇരട്ടകളെ കല്യാണം കഴിക്കണമെന്നും ഒന്നിച്ചു താമസിക്കണമെന്നുമായിരുന്നു സഹോദരിമാരുടെ ആഗ്രഹവും. അതു സാധ്യമായി . രണ്ടുപേർക്കും കൂടി നാലുമക്കൾ. പതിനെട്ട് വർഷം മുൻപ് ജോൺസന്റെ ഭാര്യ മരിച്ചുപോയി. മക്കൾ എല്ലാവരും വിവാഹിതരായി .
കലയന്താനി സെന്റ് ജോർജ്ജ് ഹൈസ്ക്കൂളിലെ പ്യൂൺമാരായിരുന്നു ഇരുവരും. അദ്ധ്യാപകർക്കും ഹെഡ് മാസ്റ്റർമാർക്കും പലപ്പോഴും ആളെ മാറിപ്പോയിട്ടുണ്ട്. വിവാഹസമയത്ത് പള്ളിയിലെ അച്ചനും ആളെ മാറിപ്പോയിരുന്നു . സൈമന്റെ വധുവിനെ ജോൺസന്റെ അരികിലും ജോൺസന്റെ വധുവിനെ സൈമന്റെ അരികിലും നിറുത്തി അച്ചൻ. വധൂവരന്മാർക്കും പിടികിട്ടിയില്ല തന്റെ ജീവിതപങ്കാളിയാണോ അരികിൽ നിൽക്കുന്നതെന്ന് . പിന്നെ അച്ചൻ പേരു വിളിച്ചപ്പോഴാണ് ആള് മാറിപ്പോയി എന്നറിഞ്ഞത് . കല്യാണം കഴിഞ്ഞു സദ്യക്കായി ഓഡിറ്റോറിയത്തിലേക്ക് പോയപ്പോഴും കൂട്ടം തെറ്റി ആളുമാറിപ്പോയി. അവിടെയും പേരു വിളിച്ചു പ്രശ്നം പരിഹരിച്ചു .
ജീവിതത്തിൽ ഇന്നേവരെ ഇവർ പിണങ്ങിയിട്ടേയില്ല. മക്കൾ തമ്മിലും ഭിന്നതയില്ല . മക്കൾക്ക് നാലുപേർക്കും കൂടി രണ്ട് അപ്പച്ചന്മാരും രണ്ടു അമ്മച്ചിമാരുമായിരുന്നു . കുട്ടികൾ എത്രയെന്നു ചോദിച്ചാൽ ഓരോരുത്തരും നാല് എന്ന് പറയും. കുട്ടികളോട് ചോദിച്ചാൽ രണ്ടു അപ്പച്ചന്മാരും രണ്ടു അമ്മച്ചിമാരും ഉണ്ടെന്നു പറയും. ഏതാണ് സ്വന്തം അപ്പച്ചൻ എന്ന് ചോദിച്ചാൽ കണ്ടുപിടിക്കാൻ അവർക്കും ബുദ്ധിമുട്ടാണ് .
ഒരു അമ്മ മരിച്ചുപോയതിന്റെ വിഷമം മക്കൾ അറിഞ്ഞിട്ടേയില്ല. മറ്റേ അമ്മ അത്രയേറെ കരുതൽ കൊടുത്തിരുന്നു . മക്കൾ തമ്മിൽ വേർതിരിവ് ഉണ്ടായിട്ടേയില്ല. അതാണ് അവരുടെ ജീവിത വിജയത്തിന്റെ കാരണവും. .
ജനപ്രിയൻ എന്ന സിനിമയിൽ ഒരു പാട്ടു സീനിൽ അഭിനയിച്ചിട്ടുണ്ട് സൈമണും ജോൺസണും. പ്രായത്തിന്റെ അവശതകൾ കാരണം ഇപ്പോൾ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ ഒതുങ്ങി കൂടി കഴിയുന്നു ഈ ഇരട്ടകൾ . ( വീഡിയോ കാണുക)
കൊല്ലം: ചികിത്സക്കിടെ ഏഴുവയസുള്ള ആ കുഞ്ഞു മരിച്ചത് ഡോക്ടർ അനൂപ് കൃഷ്ണയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. തന്റെ മകന്റെ അതേ പ്രായമുള്ള കുട്ടി. പക്ഷേ ചികിത്സ പിഴവെന്ന് പറഞ്ഞു ബന്ധുക്കൾ ആശുപത്രിക്കു മുൻപിൽ ബഹളം വയ്ക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തപ്പോൾ താങ്ങാനായില്ല ആ ഹൃദയത്തിന്. പിന്നാലെ സമൂഹമാധ്യമങ്ങളിൾ കുറ്റപ്പെടുത്തലുകളും കല്ലേറും കൂടിയായപ്പോൾ മനസിനെ പിടിച്ചുനിറുത്താൻ കഴിഞ്ഞില്ല. തന്റെ മകന്റെ പ്രായമുള്ള കുട്ടിയുടെ ജീവന് നഷ്ടമായതിന് പകരമായി സ്വന്തം ജീവൻ കൊടുത്തു 35 കാരനായ ഡോ. അനൂപ് കൃഷ്ണ. സ്വയം കൈമുറിച്ചു ചുമരില് രക്തം കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. ‘സോറി’. പിന്നെ ഭാര്യയെയും മക്കളെയും വിസ്മൃതിയിലേക്ക് തള്ളിയിട്ടിട്ട് ഒരുമുഴം കയറിൽ ജീവൻ ഒടുക്കി.
ഏഴു വര്ഷത്തെ അനുഭവസമ്പത്തുള്ള ഡോക്ടര് അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്തത് സുഹൃത്തുക്കളെ ഞെട്ടിച്ചു. ഭാര്യയും കുഞ്ഞുങ്ങളും ബന്ധുക്കളും തളർന്നു വീണുപോയി. മുൻപ് ഡോക്ടറെ സോഷ്യൽ മീഡിയയിൽ വലിച്ചുകീറിയവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണീരു കൊണ്ട് പ്രണാമം അർപ്പിക്കുന്ന തിരക്കിലാണ് .
വെറും 35 വയസ്സിനുള്ളിൽ കേരളത്തിലെ മിടുക്കനായ ഒരു ഓർത്തോസർജൻ നമുക്ക് നഷ്ടമായി. കൊല്ലം കടപ്പാക്കട ‘ഭദ്രശ്രീ’യിൽ ഡോക്ടർ അനൂപ് കൃഷ്ണയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയിരുന്നു . ശുചിമുറിയുടെ ചുമരിൽ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ടായിരുന്നു. അനൂപ് ഓർത്തോകെയർ എന്ന ആശുപത്രിയുടെ ഉടമയാണ് ഡോ. അനൂപ്. ഭാര്യ ഡോ.അർച്ചന ബിജു. ഏഴുവയസുള്ള ഒരു മകനുണ്ട് .
കഴിഞ്ഞ 23 ന് ഡോക്ടർ ശസ്ത്രക്രിയ നടത്തിയ എഴുവയസ്സുള്ള പെൺകുട്ടി ചികിത്സക്കിടെ മരണമടഞ്ഞിരുന്നു. തുടർന്ന് ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ ആശുപത്രി ഉപരോധിച്ചു . സംഭവത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. സോഷ്യൽമീഡിയയിൽ ആളുകൾ ഡോക്ടറെ പിച്ചിച്ചീന്തി. പൊതുസമൂഹത്തിൽ കുറ്റവാളിയാക്കി ചിത്രീകരിക്കപ്പെട്ടതിനാൽ ഡോക്ടർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവത്രെ. അതാണ് ആത്മഹത്യയിലേക്ക് നയിച്ചത് .
ജന്മനാ കാലിനു വളവുണ്ടായിരുന്ന കുട്ടിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി കൊണ്ടായിരുന്നില്ല . ഹൃദയത്തിന് തകരാർ ഉണ്ടായിരുന്ന ആ കുട്ടിയെ മറ്റ് ആശുപത്രിക്കാർ കയ്യൊഴിഞ്ഞപ്പോൾ അവരുടെ വിഷമം മനസിലാക്കി സർജറി ഏറ്റെടുക്കുകയായിരുന്നു . അതിന് വലിയ വില കൊടുക്കേണ്ടി വന്നു ഡോക്ടർക്ക് .
സർജറിക്കുശേഷം ഹൃദയമിടിപ്പിന്റെ താളം തെറ്റലും തുടർന്ന് ഹൃദയസ്തംഭനവും മൂലം ആ കുഞ്ഞിന്റെ ജീവൻ നഷ്ടമാകുകയായിരുന്നു .
പിന്നീട് സംഘർഷഭരിതമായ ദിനങ്ങൾ. ബന്ധുക്കളുടേയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പ്രതിഷേധം. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയയിലും കുറ്റപ്പെടുത്തലുകൾ അവഹേളനങ്ങൾ. ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറെ അറസ്റുചെയ്യണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നു .
കൊടിക്കുന്നിൽ സുരേഷ് എം പി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. ”ഗുരുതരമായ വീഴ്ച വരുത്തി ഒരു കുടുംബത്തെയും നാടിനെയുമാകെ കണ്ണീരിലാഴ്ത്തിയ സംഭവം നിസാരമായി തള്ളിക്കളയാനാവില്ല. ചികിത്സാ പിഴവ് വരുത്തിയവരെ നിയമത്തിന്റെ മുന്നിലെത്തിച്ച് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം.”
ഒരു ഓൺലൈൻ ചാനലിന്റെ വാർത്താ വീഡിയോയിലെ ആദ്യ വാചകം ഇങ്ങനെയായിരുന്നു : ആതുരാലയങ്ങൾ രക്ഷാകവചം തീർക്കുമ്പോൾ ഇവിടെ കൊലക്കളമായി മാറുകയാണ് ഒരു ആതുരാലയം. മറ്റൊരു റിപ്പോർട്ടിങ് ഇങ്ങനെ : ആതുരാലയങ്ങൾ കൊള്ളസങ്കേതങ്ങളായി മാറുകയാണോ?… കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർ തലയൂരാൻവേണ്ടിയാണ് കുട്ടിയെ പെട്ടെന്ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റിയത്.
ഡോക്ടർ ആത്മഹത്യ ചെയ്തു എന്ന് കേട്ടപ്പപ്പോൾ അതേ ചാനൽ ഇങ്ങനെ മൊഴിഞ്ഞു : കൊല്ലത്തെ യുവ ഡോക്ടറുടെ ആത്മഹത്യ നാടിനെ കണ്ണീരിലാഴ്ത്തി. ആതുരസേവന രംഗത്ത് കാരുണ്യഹസ്തമായിരുന്ന ഡോക്ട്ടർ അനൂപ് ഒട്ടേറെ പേരെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
കുറ്റപ്പെടുത്തലുകളും കുത്തിനോവിക്കലുകളും സഹിക്കാൻ പറ്റാതായപ്പോൾ ആ കുഞ്ഞിനോടൊപ്പം ആ യുവ ഡോക്ടറും അറിയപ്പെടാത്ത ലോകത്തേക്കു യാത്രയായി. കൈയിലെ ഞരമ്പ് മുറിച്ച ശേഷം ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു ഡോക്ടർ അനൂപ് .
കേരളത്തിലെ മികച്ച ഒരു ഓർത്തോസർജനെയാണ് നമുക്ക് നഷ്ടമായത്. ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയും ആശ്വാസവും ആകേണ്ടിയിരുന്ന ഒരു ഡോക്ട്ടർ അകാലത്തിൽ നമ്മെ വിട്ടുപോയത് വലിയ നഷ്ടം തന്നെയാണ് . നല്ലൊരു ഗായകൻ കൂടിയായിരുന്നു അനൂപ്.
ഡോക്ടറുടെ മരണത്തെപ്പറ്റി ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ : ”രാഷ്ട്രീയനേതാക്കന്മാരെയും മന്ത്രിമാരെയുമൊക്കെ കണ്ടു പഠിക്കണം നമ്മൾ . ആരൊക്കെ എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും യാതൊരു ഉളുപ്പും ഇല്ലാതെ വെളുക്കെ ചിരിച്ചോണ്ടു ന്യായീകരിക്കും. മാധ്യമങ്ങളുടെ മുൻപിൽ നിന്ന് പച്ചക്കള്ളം തട്ടിവിടും. സ്വർക്കക്കടത്തുകേസിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അതാണല്ലോ. എന്തു ചെയ്യാൻ, ഈ ഡോക്ടർക്ക് കളങ്കമില്ലാത്ത, നന്മ നിറഞ്ഞൊരു ഹൃദയം ഉണ്ടായിപ്പോയി. ചങ്ങമ്പുഴ പാടിയതുപോലെ ‘കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം’.
”മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ” (മരിച്ച ഡോ.അനൂപ് കൃഷ്ണ നല്ലൊരു ഗായകൻ കൂടിയായിരുന്നു)