Home Editor's Choice പ്രാഗിലെ ചരിത്രപ്രസിദ്ധമായ ചാൾസ് പാലം

പ്രാഗിലെ ചരിത്രപ്രസിദ്ധമായ ചാൾസ് പാലം

883
0
Prague is the capital and largest city in the Czech Republic

പ്രാഗിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് ചാൾസ് ബ്രിഡ്ജ്. മധ്യകാലഘട്ടത്തിലെ അവിശ്വസനീയമായ വാസ്തുവിദ്യയുടെയും നിർമാണ ഘടനയുടെ സമഗ്രതയുടെയും തെളിവായി അവശേഷിക്കുന്ന ചുരുക്കം ചില പാലങ്ങളിൽ ഒന്നാണ് ചാൾസ് പാലം.

ചെക്ക് റിപ്പബ്ലിക്കിൻ്റെ തലസ്ഥാന നഗരിയായ പ്രാഗിലെ വൾട്ടവ (Valtava) നദിക്കു കുറുകെയുള്ള ചരിത്ര പ്രസിദ്ധമായ പാലമാണ് ചാൾസ് ബ്രിഡ്ജ് അഥവാ ചെക്കു ഭാഷയിൽ കാർലോവ് മോസ്റ്റ് (Karluv most ) എന്ന പാലം. ഹോളി റോമൻ സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായിരുന്ന ചാൾസ് നാലാമൻ രാജാവ് തൻ്റെ സ്ഥാനാരോഹണത്തിൻ്റെ രണ്ടാ വർഷം 1357 ൽ ഈ പാലത്തിൻ്റെ നിർമ്മാണത്തിനു ആരംഭം കുറിച്ചു പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മാണം പൂർത്തിയായി. 1870 വരെ ഈ പാലം കല്ലുപാലം (Stone Bridge) അല്ലെങ്കിൽ പ്രാഗ് ബ്രിഡ്ജ് എന്നാണ് അറിയപ്പെട്ടിരുന്നത് പിന്നീട് ഈ പാലത്തിൻ്റെ പേര് ചാൾസ് ബ്രിഡ്ജ് എന്നായി മാറി. 1841 വരെ വൾട്ടാവ നദി മുറിച്ചുകടക്കുന്നതിനുള്ള ഏക മാർഗ്ഗമെന്ന നിലയിൽ, പ്രാഗ് കാസിലും പഴയ നഗരവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട ബന്ധമായിരുന്നു ചാൾസ് ബ്രിഡ്ജ്.

പാലത്തിലെ സംഖ്യാശാസ്ത്രം

ചെക്ക് റിപ്പബ്ലിക്കൻ പാരമ്പര്യമനുസരിച്ചു സംഖ്യാശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ചാൾസ് നാലാമൻ രാജാവ് 1357 ജൂലൈ 9 ന് പുലർച്ചെ 5:31 ന് ഈ പാലത്തിൻ്റെ നിർമ്മാണത്തിനു തറക്കല്ലിട്ടു. 1357 9, 7 5:31 എന്ന സംഖ്യ പാലിൻഡ്രോം ആയതിതിനാൽ പാലത്തിൻ്റെ ഉറപ്പിനെ ബലപ്പെടുത്തും എന്നു ചാൾസ് വിശ്വസിച്ചിരുന്നു. രണ്ടും വശത്തു നിന്നും ഒരു പോലെ വായിക്കാൻ കഴിയുന്ന വാക്കുകൾ സംഖ്യകൾ എന്നിവയ്ക്കാണ് പാലിൻഡ്രോം palindrome എന്നു വിളിക്കുന്നത്. 1357 നിർമ്മാണം ആരംഭിച്ച പാലം 45 വർഷത്തിനുശേഷം 1402 ൽ പൂർത്തീകരിച്ചു.

ചാൾസ് പാലത്തിലെ പ്രതിമകൾ

ചാൾസ് ബ്രിഡ്ജിൻ്റെ ഇരു വശങ്ങളിലുമായി മുപ്പതോളം പ്രതിമകളുണ്ട്. ചെക്ക് റിപ്പബ്ലിലിക്കിലെ വിവിധ സംഘടനകളും പ്രഭുക്കന്മാരും ആണ് 1683 നും 1714 നും ഇടയിൽ ഇവയിൽ ഭൂരിഭാഗം പ്രതിമകളും നിർമ്മിച്ചത്. 1402 പാലത്തിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ, വടക്ക് ഭാഗത്ത് ലളിതമായ ഒരു കുരിശു മാത്രമേ ഉണ്ടായിരുന്നുള്ളു. 1419-ൽ ജോൺ ഹുസ്സിൻ്റെ പ്രൊട്ടസ്റ്റന്റ് അനുയായികൾ കുരിശ് നശിപ്പിച്ചു. 1629 ലാണ് പകരം ഒരു കുരിശു നഗരസഭ വിണ്ടും സ്ഥാപിച്ചത് . പല പ്രതിമകളും യുദ്ധത്തിലോ വെള്ളപ്പൊക്കത്തിലോ നശിപ്പിക്കപ്പെട്ടു. ചെക്ക്-ജർമ്മൻ ശില്പിയായ ഇമ്മാനുവൽ മാക്സ് നിർമ്മിച്ച വിശുദ്ധ കുരിശിൻ്റെയും കാൽവരിയുടെയും ( The Cruifix and Calvary) അനുസ്മരണം പ്രസിദ്ധമാണ്. സ്ലാവു വംശജരുടെ അപ്പസ്തോലന്മാർ എന്നറിയപ്പെടുന്ന വിശുദ്ധ സിറിലിൻ്റെയും വി. മെത്തോഡിയോസിൻ്റെയും പ്രതിമകൾ മറ്റൊരു ആകർഷണമാണ്.

ചാൾസ് ബ്രിഡ്ജിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു ശില്പം കുമ്പസാര രഹസ്യം സൂക്ഷിക്കാനായി ആദ്യമായി രക്തസാക്ഷിയായ നേപ്പോമുക്കിലെ വി. ജോണിൻ്റേതാണ്. ശിരസ്സിനു ചുറ്റും അഞ്ച് സ്വർണ്ണ നക്ഷത്രവുമായി നിൽക്കുന്ന ഈ പ്രതിമ പ്രഷക ശ്രദ്ധ പെട്ടന്നാകർഷിക്കുന്നു. ഈ ശില്പ്പത്തിൻ്റെ അടിഭാഗത്തുള്ള രണ്ടു ഫലകങ്ങൾ നൂറ്റാണ്ടുകളായി എണ്ണമറ്റ ആളുകൾ സ്പർശിക്കുന്നതിനാൽ തിളങ്ങി ശോഭിക്കുന്നു ഒരു ഫലകത്തിൽ നദിയിലേക്കു വീഴുന്ന വി ജോണിനെ ചിത്രീകരിച്ചിരിക്കുന്നു, ഈ ഫലകത്തിൽ സ്പർശിക്കുന്നത് ഭാഗ്യം കൈവരിക്കുകയും പ്രാഗിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കുകയും ചെയ്യും എന്നാണ് വിനോദ സഞ്ചാരികളുടെ വിശ്വാസം. രണ്ടാമത്തെ ഫലകത്തിൽ , ഒരു നായയും സ്ത്രീയുമാണ്.

യഥാർത്ഥ പ്രതിമയ്‌ക്ക് കുറച്ച് മീറ്റർ മുമ്പ് പഴയ ടൗൺ സ്‌ക്വയറിലേക്ക് പോകുമ്പോൾ വൾട്ടവ നദിയിലേക്ക് എറിഞ്ഞ വിശുദ്ധനെ എറിഞ്ഞ സ്ഥലത്തു ഒരു ചെറിയ സ്വർണ്ണ കുരിശു സ്ഥാപിച്ചടുണ്ട്.

ആറു നൂറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന ചാൾസ് പാലം യുനസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന സ്മാരകം കൂടിയാണ്.

എഴുതിയത് ഫാ. ജയ്സൺ കുന്നേൽ mcbs

Read Also യാക്കോബായ സഭയ്ക്ക് പള്ളികൾ ഇല്ലാത്തിടത്ത് മലങ്കര കത്തോലിക്ക സഭയുടെ പള്ളികളും സെമിത്തേരികളും ഉപയോഗിക്കാം

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here