

”എന്റെ റോഡ് കയ്യേറി അയാൾ വീതി കൂട്ടി ടാർ ചെയ്തുകൊണ്ടിരിക്കുവാ ” : ട്വന്റി20 യുടെ സാരഥി സാബു ജേക്കബ് കിഴക്കമ്പലത്തെ റോഡുകൾ വീതികൂട്ടി ടാർചെയ്യുന്നതിനെപ്പറ്റി മന്ത്രി ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇത്. ഇടതു എംഎൽ എ യായ പിവി അൻവർ നിയമം ലംഘിച്ചു അമ്യുസ്മെന്റ് പാർക്ക് കെട്ടിപ്പൊക്കിയതിലും മൂന്നാറിൽ വമ്പന്മാരും ജനപ്രതിനിധികളും ചേർന്ന് സർക്കാർ ഭൂമി കയ്യേറി ചട്ടം ലംഘിച്ചു ബഹുനില കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതിലുമൊന്നും ഈ മന്ത്രി കുറ്റം കാണുന്നേയില്ല. നാട് വികസിക്കാൻ ട്വന്റി20 കിഴക്കമ്പലത്തെ റോഡ് നന്നാക്കുന്നതാണത്രേ ഈ നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധം .
”ഞാൻ അദ്ദേഹത്തിന്റെ റോഡ് കയ്യേറി വീതി കൂട്ടി ടാർ ചെയ്തു എന്നാണ് മന്ത്രി ജി സുധാകരൻ പറഞ്ഞത്.. അതായത് അയാളുടെ സ്വന്തം റോഡ് . ജനങ്ങളുടെയല്ല. ചിരിക്കാതിരിക്കുന്നതെങ്ങനെ? ഞാൻ വലിയ അപരാധമാണ് ചെയ്തതെങ്കിൽ മാപ്പുചോദിച്ചിട്ട് ആ റോഡ് വീണ്ടും പഴയപടി കുഴിയാക്കി കൊടുക്കാം. അപ്പോൾ സമാധാനമാകുമോ അദ്ദേഹത്തിന് ?”
സമാധാനമാകും സാബു. താങ്കളാണ് ഇപ്പോൾ അവരുടെ കഞ്ഞിയിൽ പാറ്റ ഇട്ടുകൊണ്ടിരിക്കുന്ന മനുഷ്യൻ. നമ്മുടെ നാട് എന്ന് നന്നാകുന്നുവോ അന്ന് അവരുടെ അന്നം മുട്ടുമെന്ന് ഈ രാഷ്ട്രീയക്കാർക്കറിയാം . കഴുതപ്പുറത്തിരുന്നു പുല്ലുകാണിച്ചു കഴുതയെ കൊണ്ടു പോകുന്നപോലെ നാളെ തേനും പാലും ഒഴുക്കുന്ന ഒരു നാട് സൃഷ്ടിച്ചുതരാം എന്ന് പറഞ്ഞു നമ്മളെ എക്കാലവും അവർ നമ്മളെ പറ്റിച്ചു കൊണ്ടേയിരിക്കും. ഇത് മനസിലാക്കാൻ ബുദ്ധിയില്ലാതെ രാഷ്ട്രീയ അടിമകൾ എക്കാലവും അവർക്കു സിന്ദാബാദ് വിളിച്ചുകൊണ്ടേയിരിക്കും.
”റോഡ് പണിക്കായി സർക്കാർ മുടക്കുന്ന തുകയുടെ 40 ശതമാനമേ റോഡിൽ മുടക്കുന്നുള്ളൂ . ബാക്കി 60 ശതമാനം പലരുടെയും പോക്കറ്റിലേക്ക് പോകുകയാണ്. ട്വൻറി20 യുടെ വരവോടെ കിഴക്കമ്പലത്തെ രാഷ്ട്രീയക്കാർക്ക് പണം തട്ടാനുള്ള വഴികൾ അടഞ്ഞു . അതുകൊണ്ടാണ് അവർ റോഡുപണിക്കു എതിരുനിൽക്കുന്നതും എന്നെ തെറിപറയുന്നതും എന്റെ വ്യവസായത്തെ തകർക്കാൻ പഠിച്ച പണി പതിനെട്ട് നോക്കുന്നതുമൊക്കെ . ട്വൻറി20 യെ തോൽപിക്കാൻ ആശയവും ആദർശവുമൊക്കെ വലിച്ചെറിഞ്ഞു മുൻപ് ബദ്ധവൈകളായിരുന്നവർ ശത്രുത മറന്നു ഒന്നിച്ചു നിനിന്നിട്ട് എന്തായി ?
കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾക്ക് ട്വന്റി20 ദ്രോഹമേ ചെയ്തിട്ടുള്ളുവെങ്കിൽ എന്തുകൊണ്ടാണ് അവിടുത്തെ ജനങ്ങൾ മുൻപത്തേക്കാളും ഭൂരിപക്ഷത്തിൽ വീണ്ടും ഈ ദ്രോഹിയെ ജയിപ്പിച്ചത്? ജനസേവകർ എന്ന് പറയുന്ന രാഷ്ട്രീയക്കാർ ശത്രുത മറന്നു ഈ ദ്രോഹിയെ തോൽപ്പിക്കാൻ അരിവാളും കയ്യും കൂട്ടിക്കെട്ടി രംഗത്തിറങ്ങിയിട്ടും എങ്ങനെ ഈ ദ്രോഹി കൂടുതൽ വോട്ടും സീറ്റും നേടി? നാല് പഞ്ചായത്തുകൾ കൂടി എങ്ങനെ ഈ ദ്രോഹി പിടിച്ചെടുത്തു? അവിടുത്തെ ജനം രക്ഷകനെ കൈവിട്ട് ജന ദ്രോഹിയെ സ്വീകരിച്ചു എന്നാണോ? എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ല എന്ന് രാഷ്ട്രീയനേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം!
ഇത് കൊണ്ടൊന്നും ഞാൻ തളരില്ല രാഷ്ട്രീയക്കാരെ . ജനങ്ങൾ എന്റെ പിന്നിൽ ഉള്ളിടത്തോളം കാലം ഞാൻ അവർക്കുവേണ്ടി പ്രവർത്തിക്കുക്കുക തന്നെ ചെയ്യും . അയ്യഞ്ചുവർഷം കൂടുമ്പോൾ ജനഹിതം പരിശോധിക്കാൻ ഇവിടെ വ്യവസ്ഥ ഉള്ളിടത്തോളം കാലം എന്തിനാണ് സാബു എന്ന വ്യവസായി നിങ്ങളെ വിഴുങ്ങുമെന്ന് നിങ്ങൾ ദുഷ്പ്രചാരണം നടത്തുന്നത് ? വോട്ട് എന്ന ആയുധം ജനങ്ങളുടെ കയ്യിൽ ഉള്ളിടത്തോളം കാലം ആർക്കും ആരെയും വിഴുങ്ങാൻ പറ്റില്ല സഹോദരന്മാരെ. ” ട്വൻറി20 യുടെ അമരക്കാരൻ സാബു എം ജേക്കബിന്റെ ഈ വാക്കുകൾ എത്ര ശ്രദ്ധേയം !
Also Read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപെടുത്താൻ സഹായിക്കുന്ന ആരെയും ജനം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും എന്നതിന് തെളിവാണ് ട്വൻറി20. കിറ്റെക്സ് ആയാലും റിലയൻസ് ആയാലും അദാനിയായാലും ജനങ്ങൾക്ക് നന്മചെയ്താൽ ജനം അത് സ്വീകരിക്കും. ദ്രോഹം ചെയ്താൽ അതേ ജനം അവരെ അട്ടിപ്പായിക്കുകയും ചെയ്യും.
പത്തുവർഷം മുൻപ് റിലയൻസും മോറും ഒക്കെ നാട്ടിലെമ്പാടും സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയപ്പോഴും രാഷ്ട്രീയക്കാർ അവർക്കെതിരെ സമരം നടത്തിയിരുന്നു. അന്ന് കോർപ്പറേറ്റുകൾ പാവപ്പെട്ട കച്ചവടക്കാരെ വിഴുങ്ങുമെന്ന പ്രചാരണമായിരുന്നു നടത്തിയത്. അത് കേട്ട് സിന്ദാബാദ് വിളിക്കാൻ കുറെ അടിമകളും. എന്നിട്ട് ഇതുവരെ എത്രപേരെ അവർ വിഴുങ്ങി? അന്ന് സമരം ചെയ്ത നേതാക്കന്മാർ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങിക്കാൻ ഇപ്പോൾ നേരെ പോകുന്നതും അന്ന് എതിർത്ത ഇതേ സൂപ്പർ മാർക്കറ്റിലേക്കുതന്നെ!
Also Read ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!
നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ സമരം ചെയ്ത എസ് ശർമ്മ പറഞ്ഞവാക്കുകൾ ഇങ്ങനെയായിരുന്നു : ” എനിക്ക് ജീവനുണ്ടെങ്കിൽ എന്റെ നെഞ്ചത്തുകൂടിയെ അവിടെ വിമാനം ഇറങ്ങുകയുള്ളൂ ” അതേ ശർമ്മ പിന്നീട് അതിന്റെ അമരത്തിരുന്നു ഭരിക്കുന്നതും നമ്മൾ കണ്ടു. ഇതാണ് ഇന്നാട്ടിലെ രാഷ്ട്രീയം.
രവിപിള്ളയേയും യൂസഫലിയേയും വഹാബിനെയും അൻവറിനെയും കുവൈറ്റ് ചാണ്ടിയെയുമൊന്നും നാം കോർപറേറ്റുകളായി കാണേണ്ടതില്ല. അവർ നടത്തുന്ന നിയമലംഘനങ്ങളും ആരും ചോദ്യം ചെയ്യരുത് . കാരണം അവർ രാഷ്ട്രീയ പാർട്ടികൾക്ക് അകമഴിഞ്ഞു സംഭാവന നൽകുന്നവരാണ്. എന്നാൽ കിഴക്കമ്പലത്തെ സാബു ജേക്കബിനെ കോർപ്പറേറ്റ് ആയി തന്നെ കാണണം . കാരണം അദ്ദേഹം രാഷ്ട്രീയ പാർട്ടികൾക്ക് ഒന്നും കൊടുക്കാതെ നാട്ടുകാർക്ക് വീടും റോഡും പാലവും പണിതു കൊടുക്കുകയും നിസാര വിലയ്ക്ക് ഭക്ഷ്യസാധനകൾ വിൽക്കുകയും ചെയ്യുന്ന ‘ ജനദ്രോഹി’ യാണ് .
”കുറെ രാഷ്ട്രീയക്കാരുണ്ട് . അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവരെക്കൊണ്ട് ഒരുപകാരവും ഈ ഭൂമിക്കില്ല. ഇവരൊക്കെ ഒരുനേരത്തെ ഭക്ഷണം ആർക്കെങ്കിലും മേടിച്ചുകൊടുത്തിട്ടുണ്ടോ ? ഒരു ജോലി വാങ്ങിച്ചു കൊടുത്തിട്ടുണ്ടോ ? പത്തോ ആയിരമോ പണിയെടുത്തു അവരുടെ കുടുംബം മുൻപോട്ട് കൊണ്ട് പോകുമ്പോൾ അത് ഇല്ലാതാക്കാനുള്ള പണിയാണ് അവർ നടത്തുന്നത് . ഉള്ളവരെ ഇല്ലാതാക്കുന്ന ഇവരുടെ ഈ സംസ്കാരം മാറിയില്ലെങ്കിൽ , അതിനെതിരെ ജനം പ്രതികരിച്ചില്ലെങ്കിൽ ഈ നാട് കുട്ടിച്ചോറാകും എന്നതിൽ സംശയമില്ല.”
Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്
കിഴമ്പലത്തിന്റെ പുരോഗതി കണ്ടു വിറളി പിടിച്ച രാഷ്ട്രീയക്കാർ തന്റെ സ്ഥാപനത്തിനെതിരെ വ്യാജകഥകൾ പ്രചരിപ്പിച്ചു തകർക്കാൻ ശ്രമിക്കുന്നതിനെപ്പറ്റി കിറ്റെക്സ് എം ഡി സാബു ജേക്കബ് ഒരിക്കൽ പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധിക്കപ്പെടേണ്ടതാണ് .
സാബു വ്യവസായം നടത്തി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരുവിഹിതം പാവങ്ങൾക്ക് വേണ്ടി ചിലവാക്കി പൊതുജനത്തിന്റെ കയ്യടി നേടുമ്പോൾ മറുഭാഗത്ത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പൊക്കിയ പൊതുമേഖല സ്ഥാപനങ്ങൾ പിടിപ്പുകേടുകൊണ്ട് നഷ്‍ടം വരുത്തി വീണ്ടും വീണ്ടും നികുതിപ്പണം തിന്നു തീർക്കുന്നു. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നാലായിരത്തിലധികം കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയത്. കെ എസ് ആർ ടി സിയെ നന്നാക്കാൻ പിണറായി വിട്ട തച്ചങ്കരിയെ നാണംകെടുത്തി ഓടിച്ചില്ലേ ആനത്തലയനും പന്നിത്തലയനുമൊക്കെ ചേർന്ന് ? യൂണിയൻ പിരിവെന്നു പറഞ്ഞു പാവങ്ങൾ പണിചെയ്തുണ്ടാക്കുന്ന കാശ് പിടിച്ചുവാങ്ങി തിന്നുകൊഴുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ വിസർജ്യം വിഴുങ്ങാൻ ഇപ്പോഴും രാഷ്ട്രീയ അടിമകളുണ്ട് എന്നതാണ് കേരളത്തിന്റെ വലിയ ശാപം. നാട്ടിൽ നിന്ന് പട്ടിണിയും പരിവട്ടവും തുടച്ചു നീക്കിയാൽ സിന്ദാബാദ് വിളിക്കാൻ പാർട്ടിക്ക് എവിടെനിന്നു ആളിനെ കിട്ടും?
സാബു ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കയാണെന്നു പ്രചരിപ്പിക്കുന്നവർ ഒരുകാര്യം മനസിലാക്കുക . ജനങ്ങൾക്ക് ആരും ദ്രോഹം ചെയ്താലും അവരെ വെട്ടിവീഴ്ത്താനുള്ള വോട്ട് എന്ന ആയുധം ജനങ്ങളുടെ കയ്യിൽ ഇപ്പോൾ ഉണ്ട്. നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവും ഇന്നാട്ടിലെ ജനങ്ങൾക്കുണ്ട് .
Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്
കിഴക്കമ്പലത്ത് ട്വന്റി20 പിടിമുറുക്കിയതോടെ ജനങ്ങളെ ചൂഷണം ചെയ്തു ജീവിച്ചിരുന്ന അവിടുത്തെ രാഷ്ട്രീയ നേതാക്കന്മാർ കാശ് അടിച്ചുമാറ്റാൻ വഴികാണാതെ, ഒരുഗതിയും പരഗതിയുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് ഇപ്പോൾ . പത്തു പൈസയ്ക്ക്ക്കുള്ള പണിപോലും ചെയ്യാതെ പൊതുപ്രവർത്തനം എന്നു പറഞ്ഞു പൊതുഫണ്ട് അടിച്ചുമാറ്റി കൊട്ടാരവീടുകൾ കെട്ടിപ്പൊക്കി നാട്ടുകരെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരെ കേരളത്തിൽ നിന്ന് തല്ലി ഓടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വൽകഷ്ണം : പാർട്ടിയോട് ഒട്ടി നിന്ന് കോടികൾ ഉണ്ടാക്കി കീശ വീർപ്പിക്കുന്ന വ്യവസായികൾ മഹാന്മാർ .
പാർട്ടിയിൽ നിന്ന് അകന്നു നിന്നു കോടികൾ മുടക്കി നാട് നന്നാക്കുന്ന വ്യവസായികൾ മ്ലേച്ചന്മാർ.
എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി
Also Read അവൾ അനാഥയല്ല- നോവൽ- രചന: ഇഗ്‌നേഷ്യസ് കലയന്താനി (മുഴുവൻ അധ്യായങ്ങളും വായിക്കുക)
Also Read ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി
Also Read ജിമ്മി ജോർജ്ജ്: ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം
Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ