Home Blog Page 11

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 10.

0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 10

കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി. ഇടയ്ക്കിടെ അവർ കൂടിക്കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്തു. ക്രമേണ രേവതിക്ക് ടോണിയോട് പ്രണയം തോന്നി. യാദൃച്ഛികമായി അതറിഞ്ഞ ജാസ്മിൻ അകെ തളർന്നു .. (തുടര്‍ന്നു വായിക്കുക)

ജാസ്മിന്‍ ഒരു പ്രതിമ കണക്കെ ചലനമറ്റു നില്‍ക്കുന്നതു കണ്ടപ്പോള്‍ രേവതി ചോദിച്ചു:
“താനെന്താ അന്തം വിട്ടു കുന്തം വിഴുങ്ങിയ മാതിരി നില്‍ക്കുന്നേ? താന്‍ അയാളുടെ വീട്ടില്‍ ചെന്നു പറഞ്ഞു ഇത് കൊളവാക്കിയേക്കരുതേ .”
സമനില വീണ്ടെടുത്ത് ജാസ്മിൻ പറഞ്ഞു :
“എന്‍റെ ചേച്ചീ, ഞാനൊരു സത്യം പറയട്ടെ. അയാളു ചേച്ചിയെ പൊട്ടൻ കളിപ്പിക്കുവാ. നാട്ടിലൊരാളുമായിട്ട് അയാളുടെ കല്യാണം ഉറപ്പിച്ചിട്ട് നാളു കുറെയായി.”
“നേരോ?” രേവതി ഉത്കണ്ഠയോടെ ആരാഞ്ഞു.
” സത്യം. ചേച്ചിക്കു വേറാരേം കിട്ടിയില്ലേ കമ്പനി കൂടാന്‍? അയാള് പറ്റിക്കുവാ ചേച്ചിയെ ”
രേവതി ഒരു നിമിഷനേരം ആലോചിച്ചു നിന്നു.
”സത്യമാണോ നീ പറഞ്ഞത് ?”
”സത്യം . പഠിത്തം കഴിഞ്ഞാൽ ഉടനെ കല്യാണമാ ”
അത് പറഞ്ഞിട്ട് അവൾ വേഷം മാറാൻ പോയി . വേഷം മാറിയിട്ട് നേരേ ബാത്റൂമിലേക്കു പോയി. ബാത്റൂമില്‍ കയറി വാതിലടച്ചിട്ട് കണ്ണും മുഖവും നന്നായി കഴുകി .
രേവതി പറഞ്ഞതു സത്യമാണോ? ഒരുപാടു പ്രതീക്ഷകളും മോഹങ്ങളും സമ്മാനിച്ചിട്ട് ടോണി തന്നെ കൈ ഒഴിയുമോ? ഏയ് ഇല്ല. രേവതി നുണ പറഞ്ഞതാണ്. തന്നെ പറ്റിക്കാൻ . അങ്ങനെ വിശ്വസിക്കാനായിരുന്നു അവള്‍ക്കിഷ്ടം.
ടവ്വലെടുത്തു മുഖം തുടച്ചിട്ട് പുറത്തിറങ്ങിയപ്പോൾ മുറിയില്‍ രേവതിയും ചിഞ്ചുവും ഉണ്ടായിരുന്നില്ല.
തളര്‍ന്ന മനസ്സോടെ അവള്‍ കട്ടിലിലിൽ വന്നിരുന്നു . മനസ്സു നീറുകയാണ്.
കഴിഞ്ഞ തവണ കണ്ടപ്പോള്‍ ടോണി രേവതിയെക്കുറിച്ച് അഭിപ്രായം ചോദിച്ചത് എന്തിനാണ്? സുഹൃത്തിന് കല്യാണം ആലോചിക്കാനാണെന്നു പറഞ്ഞതു നുണയല്ലേ? തന്നെ വഞ്ചിക്കുകയായിരുന്നോ ടോണി ?
ശരീരം വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഫാനിട്ടു. കുറേനേരം ഓരോന്നാലോച്ചിരുന്നിട്ട് അവള്‍ എണീറ്റു പുസ്തകമെടുത്തു തുറന്നു. ഒന്നും വായിക്കാന്‍ പറ്റുന്നില്ല. മനസ്സു നേരേ നിന്നെങ്കിലല്ലേ തലയിലേക്ക് വല്ലതും കയറൂ. പുസ്തകം അടച്ചു വച്ചിട്ട് അവള്‍ മേശയില്‍ മുഖം ചായ്ചു കിടന്നു.
ഈ സമയം രാജിയുടെ റൂമില്‍ ചിഞ്ചുവും രേവതിയും ഊര്‍മ്മിളയും ഗൗരവമായ ചര്‍ച്ചയായിരുന്നു.
“എന്റെ ബലമായ വിശ്വാസം അവരു തമ്മില്‍ ലവ് ആണെന്നാ” – ചിഞ്ചു പറഞ്ഞു.
“ഏയ് . അങ്ങനെയായിരുന്നെങ്കില്‍ ആദ്യം കണ്ടപ്പഴേ ടോണി എന്നെ ഒഴിവാക്കില്ലായിരുന്നോ? ഫോണ്‍ വിളിക്കുമ്പം എടുക്കാതിരിക്കില്ലായിരുന്നോ?” ഒന്നു നിറുത്തിയിട്ട് രേവതി തുടര്‍ന്നു: “അവന്‍റെ കല്യാണം നിശ്ചയിച്ചൂന്ന് അവളു പറഞ്ഞത് നുണയാ. അവളുടെ മുഖം കണ്ടാലറിയാം അത് ”
“ഒരു പക്ഷേ അവള്‍ക്ക് അയാളോടു പ്രേമമായിരിക്കും. തിരിച്ചിങ്ങോട്ടില്ലായിരിക്കും. ” രാജി പറഞ്ഞു.
“അത് നേരാ . എന്തായാലും എനിക്കിപ്പം ഇതൊരു വാശിയായി. ” – രേവതി ഉറച്ച തീരുമാനത്തിലായിരുന്നു .
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ജാസ്മിന്‍റെയും രേവതിയുടെയും മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ടോണിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു ഇരുവരുടെയും മനസിൽ.
ഒരു ഫ്രണ്ട്ഷിപ്പാണെങ്കില്‍പ്പോലും രേവതിയുമായി ടോണി അടുക്കുന്നത് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല ജാസ്മിന്. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞു കിടന്ന്, ഏറെ വൈകിയാണവള്‍ ഉറങ്ങിയത്.

രേവതിയും ടോണിയും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത ഹോസ്റ്റലില്‍ പാട്ടായി. കൂട്ടുകാരികള്‍ ടോണിയുടെ പേരു പറഞ്ഞു രേവതിയെ കളിയാക്കുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍റെ നെഞ്ചുവിങ്ങി കഴച്ചു.
“രേവതി നന്ദി പറയേണ്ടത് ഇവളോടാ. ഇവളു കാരണമല്ലേ ടോണിയെ കാണാനും പരിചയപ്പെടാനും ഇട വന്നത് .”
ജാസ്മിനെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു രേവതിയെ നോക്കി ഊര്‍മ്മിള പറഞ്ഞു.
“കല്യാണം കഴിയുമ്പം ഞാനിവള്‍ക്കു ഗംഭീരമായിഒരു ട്രീറ്റു കൊടുക്കുന്നുണ്ട്.”
രേവതി അത് പറഞ്ഞപ്പോൾ ദേഹത്തു തീ കോരിയിട്ടതുപോലെ തോന്നി ജാസ്മിന്.
”ചേച്ചിയെ അയാള് പറ്റിക്കുവാ ” ജാസ്മിൻ പറഞ്ഞു.
”ഏയ് . അത്രക്കും ദുഷ്ടനൊന്നുമല്ല ടോണി. കുറെ നാളായില്ലേ ഞാൻ കാണാൻ തുടങ്ങിയിട്ട് ” രേവതി പറഞ്ഞു.

അന്നു വൈകിട്ട് ജാസ്മിന്‍ ടോണിക്കു ഫോണ്‍ ചെയ്തു. ശനിയാഴ്ച അത്യാവശ്യമായി വീട്ടില്‍ വരണമെന്നു പറഞ്ഞപ്പോള്‍ അവനുല്‍ക്കണ്ഠയായി.
“എന്താ ഇത്ര അത്യാവശ്യം?”
“വരുമ്പം പറയാം. വരാതിരിക്കരുത്. വന്നില്ലേല്‍ ഞാന്‍ പിണങ്ങും”
ടോണി എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ കാര്യം വെളിപ്പെടുത്തിയില്ല.

അന്നു രാത്രിയില്‍ അവള്‍ ഒരുപാടു ദുസ്സ്വപ്നങ്ങള്‍ കണ്ടു. പേടിപ്പെടുത്തുന്ന ഭീകര സ്വപ്നങ്ങൾ .
ശനിയാഴ്ച വീട്ടില്‍ ചെന്നപ്പോള്‍ ടോണി എത്തിയിട്ടുണ്ടായിരുന്നു. വടക്കേപ്പറമ്പിലെ നാട്ടുമാവിന്‍റെ ചുവട്ടിലിരുന്ന്, ഇരുവരും വിശേഷങ്ങള്‍ പങ്കുവച്ചു.
“പറ, എന്തിനാ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്?” ടോണിക്ക് ജിജ്ഞാസ കൂടി .
“ഞാനൊരു കാര്യം ചോദിച്ചാല്‍ ടോണി സത്യം പറയുവോ?”
“ഞാനിന്നുവരെ നിന്നോടു കള്ളം പറഞ്ഞിട്ടുണ്ടോ ?”
“അല്ല… അതല്ല…” ജാസ്മിന്‍ തപ്പിത്തടഞ്ഞു. എങ്ങനെ ചോദിക്കണമെന്ന് അവള്‍ക്കൊരു രൂപം കിട്ടിയില്ല.
“ഏതല്ല? ഇയാളെന്താ ഇങ്ങനെ കിടന്നു പരുങ്ങുന്നത്? എന്താന്ന് വച്ചാൽ ചോദിക്ക് “
“രേവതിച്ചേച്ചി ടോണിയെ കാണാന്‍ വന്നിട്ടുണ്ടോ?” അപ്രതീക്ഷിതമായ ആ ചോദ്യം ടോണിയെ കുഴക്കി . എന്തു മറുപടി പറയണമെന്ന് പെട്ടെന്ന് ഒരു രൂപം കിട്ടിയില്ല.
“വന്നിട്ടുണ്ടോന്ന്?”
“ഒരിക്കല്‍.”
“എന്തിന്?”
“എങ്ങോ പോയിട്ടു വന്നപ്പം വഴീല്‍ വച്ചു കണ്ടു. കണ്ടപ്പം സംസാരിച്ചു. അത്രേയുള്ളൂ.”
“അവളു ഫോണ്‍ ചെയ്യാറില്ലേ?”
“ചിലപ്പഴൊക്കെ. ഞാനധികം സംസാരിക്കാറില്ല. വെറുതെ നേരമ്പോക്കിന് അവൾ ഓരോന്ന് പറയും. അത്രേയുള്ളൂ ”
പ്രശ്നം നിസ്സാരവല്കരിക്കാൻ ഒരു ശ്രമം നടത്തി ടോണി.
“ടോണിക്കറിയുവോ , ഹോസ്റ്റലിലിപ്പം ഇതു പാട്ടായിരിക്ക്വാ. നിങ്ങളു തമ്മില്‍ ലവ് ആണെന്ന് ! അവള് തന്നെയാ ഇത് പറഞ്ഞു പരത്തീത്. കേട്ടപ്പം എന്റെ ചങ്കു തകർന്നു പോയി ”-ജാസ്മിന്‍റെ വാക്കുകളില്‍ സങ്കടവും രോഷവും.
“ഓഹോ. അവളങ്ങനെ പറഞ്ഞു പരത്തിയോ? ആളു കൊള്ളാല്ലോ. ഞാൻ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല ”
“അവളു വെറും ചീപ്പാ ടോണീ. ഇല്ലാത്ത ദുശ്ശീലങ്ങളൊന്നുമില്ല. കോളജിലെ മുഴുവന്‍ ആമ്പിള്ളേരുമായിട്ടു അവള് ലൈനാ. എന്തൊക്കെയാ അവിടുള്ളോരു പറയുന്നേന്നറിയാമോ?” ടോണിയുടെ മുഖത്തേക്കു മുഖം അടുപ്പിച്ചിട്ട് സ്വരം താഴ്ത്തി അവള്‍ തുടര്‍ന്നു: “അവള്‍ക്ക് എയ്ഡ്സ് ഉണ്ടെന്നുവരെയാ അവിടെ ഓരോരുത്തര് പറയുന്നത്. അത്രയ്ക്ക് ചീപ്പാ”
“എന്നിട്ടു ഞാന്‍ നിന്നോടു ചോദിച്ചപ്പം നല്ല സ്വഭാവമാണെന്നാണല്ലോ നീ പറഞ്ഞത്?” – ടോണിയുടെ നെറ്റി ചുളിഞ്ഞു.
“എന്തിനാ എന്‍റെ റൂംമേറ്റിനെക്കുറിച്ചു മോശമായി പറയുന്നേന്നോര്‍ത്തു പറഞ്ഞതാ.”
“നിന്‍റെ വാക്കു വിശ്വസിച്ച് എന്‍റെ സുഹൃത്തിന് അവളെ കല്യാണം ആലോചിച്ചിരുന്നെങ്കിൽ അവന്‍റെ ജീവിതം തുലഞ്ഞേനേല്ലോ?”
അതിനു മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല അവൾക്ക് .
“ഇങ്ങനെ എന്തുമാത്രം കള്ളം നീ എന്നോടു പറഞ്ഞിട്ടുണ്ടാവും?” – ടോണി അവളെ തുറിച്ചു നോക്കി.
“ഞാന്‍ വേറൊരു കള്ളോം പറഞ്ഞിട്ടില്ല.”
“പിഴച്ച പെണ്ണിന്‍റെ കൂടെയാണോ നീ ഇത്രകാലവും താമസിച്ചുകൊണ്ടിരുന്നത്?”
“എനിക്കെന്തു ചെയ്യാന്‍ പറ്റും? ചെന്നപ്പം കിട്ടിയത് ആ മുറിയാ. മാറ്റിത്തരാന്‍ പറഞ്ഞിട്ടു വാർഡൻ തന്നില്ല. “
“അവളുടെകൂടെക്കൂടി നീയും വല്ല ചതിയിലും വീണോ?”
“അങ്ങനെ വീഴുമെന്നു ടോണി വിചാരിക്കുന്നുണ്ടോ? ടോണി എന്നെ കൊച്ചുന്നാള്‍ മുതല്‍ അറിയുന്നതല്ലേ?”
“അവളു മയക്കുമരുന്നും മദ്യവുമൊക്കെ ഉപയോഗിക്കാറുണ്ടോ?”
“എല്ലാം ഉണ്ട്. അതിനോട് സംസാരിക്കാൻ പോലും കൊള്ളില്ല . ടോണി ഇനി അവളെ കാണാനോ ഫോണ്‍ ചെയ്യാനോ ഒന്നും പോകരുത്. അവളു വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും ചെയ്യരുത്.”
“ഇതു നേരത്തേ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവളെ മൈന്‍ഡു ചെയ്യുകയേയില്ലായിരുന്നു.” അവളുടെ ഇരു കരങ്ങളും കൂട്ടി പിടിച്ചിട്ടു ടോണി തുടര്‍ന്നു: “താന്‍ വിചാരിക്കുന്നതുപോലുള്ള ബന്ധമൊന്നും ഞാനും അവളും തമ്മിലില്ല. ഒരു ഫ്രണ്ട് ഷിപ്പുമാത്രം .”
“എന്ത് ഷിപ്പായാലും അവളുമായിട്ടൊരടുപ്പം വേണ്ട ടോണി. “
“നിറുത്തി. ഈ നിമിഷം എല്ലാം നിറുത്തി. നീ വിഷമിക്കാതിരിക്ക്. ഞാന്‍ നിന്നെ ഉപേക്ഷിച്ചിട്ട് അവളുടെ പിറകേ പോകുവൊന്നുമില്ല.”
ജാസ്മിന്‍റെ ചുട്ടുപഴുത്ത മനസില്‍ മഴത്തുള്ളി വീണ ഒരു അനുഭൂതി തോന്നി . മാവിലകളെ തഴുകി ഒരു തണുത്ത കാറ്റു വീശിയപ്പോള്‍ ജാസ്മിന്‍ പറഞ്ഞു:
“മഴയ്ക്കുള്ള കോളാന്നു തോന്നുന്നു. നമുക്ക് പോകാം.”
” നീ പേടിക്കണ്ട ട്ടോ . ഞാൻ ഇനി അവളുമായിട്ടു ഒരു ഫ്രണ്ട് ഷിപ്പുമില്ല ”
” ഇത് കേൾക്കാനാ ഞാൻ ഓടിക്കിതച്ചു വന്നത് ” ജാസ്മിന്റെ മുഖത്ത് ഒരു മന്ദഹാസം . അവൾതുടർന്നു ”എന്നും എന്നെ വിളിക്കണം ട്ടോ ?”
”ഉം ”
ജാസ്മിനും ടോണിയും എണീറ്റ് ഇരു വഴിക്കായി പിരിഞ്ഞു.
വീട്ടിലേക്കു നടക്കുമ്പോള്‍ ടോണി മനസ്സില്‍ ഒരു തീരുമാനമെടുത്തിരുന്നു. രേവതിയുമായുള്ള സൗഹൃദം ഇനി വേണ്ട. ജാസ്മിന്‍ പാവമാണ്. അവളുടെ മനസ്സു വേദനിക്കുന്ന ഒരു പ്രവൃത്തിയും തന്നിൽ നിന്ന് ഉണ്ടാവാൻ പാടില്ല . തന്നെ മാത്രം മനസ്സില്‍ പൂജിക്കുന്ന ആ പെണ്‍കൊച്ചിന്‍റെ ഹൃദയത്തില്‍ ഒരു പോറല്‍പോലും ഏല്‍ക്കാന്‍ പാടില്ല. താന്‍ അതിന് വഴിയൊരുക്കിക്കൂടാ.

അടുത്ത ദിവസം രേവതി ഫോണ്‍ ചെയ്തപ്പോള്‍ ടോണി പറഞ്ഞു:
“ഇനി എന്നെ വിളിച്ചു ശല്യം ചെയ്യരുത്. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്.”
അതു കേട്ടതും അവളുടെ മനസ് ഒന്ന് പിടഞ്ഞു .
“ഞാനൊരു ശല്യമാണെന്ന് ടോണിക്കു തോന്നിത്തുടങ്ങിയോ?”
“നമ്മളു തമ്മില്‍ പ്രേമമാണെന്ന് ഇയാള് ഹോസ്റ്റലിലും കോളജിലുമൊക്കെ പാട്ടാക്കി, അല്ലെ ? എനിക്ക് ഇയാളോടു പ്രേമമൊന്നുമില്ലെന്ന് പണ്ടേ ഞാൻ പറഞ്ഞതല്ലേ. ? പിന്നെന്തിനാ അങ്ങനൊക്കെ പറഞ്ഞു പരത്തിയെ ?”
“ആരാ ഇതു പറഞ്ഞേ? ഓ…. ജാസായിരിക്കും അല്ലേ?”
“ആരു പറഞ്ഞാലും താന്‍ കാണിച്ചതു മോശമായിപ്പോയി. ഇയാള്‍ക്കു കുറച്ചു വിവരോം പക്വതേം ഒക്കെ ഉണ്ടെന്നാ ഞാന്‍ കരുതിയത്. ഇപ്പം മനസിലായി വെറും ചീപ്പാണെന്ന് . എനിക്കിയാളോട് സംസാരിക്കാൻ ഇഷ്ടമില്ല. ഇനി എന്നെ വിളിക്കുകയും ചെയ്യരുത് ”
പൊട്ടിത്തെറിച്ചിട്ട് ടോണി ഫോൺ കട്ട് ചെയ്തു.
രേവതി വല്ലാതെ അസ്വസ്ഥയായി. ജാസ്മിൻ തന്നെ ചതിച്ചല്ലോ ! വൃത്തികെട്ടവൾ ! ജാസ്മിനോടു കടുത്ത പക തോന്നി അവൾക്ക് .
തിങ്കളാഴ്ച ജാസ്മിന്‍ റൂമില്‍ വന്നപ്പോള്‍ ഒരു ഈറ്റപ്പുലിയെപ്പോലെ അവളുടെ നേരേ അവള്‍ ചീറി.
“ഞാനും ടോണിയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന് ഇയാള്‍ക്കെന്താ ഇത്ര കണ്ണിക്കടി?” അവളുടെ നേരേ വിരല്‍ ചൂണ്ടി രേവതി അലറി:
“ദേ ഒരു കാര്യം പറഞ്ഞേക്കാം. പൂച്ചപോലിരുന്നേച്ചു മറ്റേപ്പണി കാണിച്ചാല്‍ എന്റെ തനിസ്വഭാവം നീ കാണും. നന്ദിയില്ലാത്ത മൃഗം. നിന്നോട് സ്നേഹം കാണിച്ചത് എനിക്ക് പറ്റിയ തെറ്റ് ”
ജാസ്മിന്‍ കരഞ്ഞുപോയി.
“ഞാന്‍ ചിലപ്പം അയാളെ പ്രേമിക്കും, കല്യാണം കഴിച്ചെന്നുമിരിക്കും. ഇയാള്‍ക്കു നഷ്ടമൊന്നുമില്ലല്ലോ? നിന്‍റെ അയല്‍ക്കാരനാന്നുള്ള ബന്ധമല്ലേയുള്ളൂ, നീയും അയാളും തമ്മില്‍? പിന്നെന്തിനാ നിനക്കിത്ര കണ്ണിക്കടി ?”
രേവതിയുടെ ഉച്ചത്തിലുള്ള സംസാരംകേട്ട് അടുത്ത മുറികളിലെ താമസക്കാര്‍ അങ്ങോട്ടു വന്നു നോക്കി.
സമനിലതെറ്റിയപോലെ രേവതി ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു . വായില്‍ വന്നതൊക്കെ വിളിച്ചു പറഞ്ഞിട്ട് രേവതി ചവിട്ടി ത്തുള്ളി ഊര്‍മ്മിളയുടെ റൂമിലേക്കു പോയി. മുറിവേറ്റ സിംഹത്തെപ്പോലെ അവള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എത്ര ശ്രമിച്ചിട്ടും രോഷം അടക്കാന്‍ കഴിയുന്നില്ല. പല്ലു ഞെരിച്ചുകൊണ്ടവള്‍ പറഞ്ഞു:
“ആ പെണ്ണിനെ നാണം കെടുത്തി തൊലി ഉരിച്ച് ഈ ഹോസ്റ്റലീന്ന് ഇറക്കിവിട്ടില്ലെങ്കില്‍ ഈ രേവതീവര്‍മ്മയുടെ പേര് പട്ടിക്കിട്ടോ “
രാജിയും ഊര്‍മ്മിളയും സ്തംഭിച്ചു നിന്നുപോയി. രേവതി ഒന്ന് തീരുമാനിച്ചാൽ .അത് നടത്തുമെന്ന് അവർക്കറിയാം.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved)

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

വിഭജനം ഉണ്ടാക്കിയ മുറിവുകളിൽ പുരട്ടേണ്ടത് ലേപനമാണ്, നീറ്റുമരുന്നല്ല.

0
ഇന്ത്യാ -പാകിസ്ഥാൻ വിഭജനം ഇന്ത്യൻ മനസ്സുകളിൽ ഉണ്ടാക്കിയ മുറിവുകളിൽ നമ്മൾ പുരട്ടേണ്ടത് ലേപനമാണ്, അല്ലാതെ നീറ്റുമരുന്നല്ല

ഇനിമുതൽ ആഗസ്റ്റ് 14 Partition Horrors Remembrance Day ആയി അറിയപ്പെടും. പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന ദിവസമാണ് ആഗസ്ത് 14.

”വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവുന്നതല്ല. വെറുപ്പിലും ആക്രമണത്തിലും അനേകം സഹോദരീ സഹോദരന്മാർക്ക് അവരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ കഷ്ടപാടുകളുടെയും ത്യാഗങ്ങളുടെയും ഓർമ്മകൾ നിലനിർത്തുവാൻ വേണ്ടിയാണ് ഈ തീരുമാനം ” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. .

യുദ്ധത്തിലോ ദുരിതങ്ങളിലോ ജീവൻ വെടിഞ്ഞവരെ ഓർക്കുന്നത് നല്ലതുതന്നെയാണ്. പക്ഷെ അത് വെറുപ്പും വിദ്വേഷവും പകയും ഊതിക്കത്തിക്കുന്ന ഒരു ഓർമപ്പെടുത്തൽ ആവരുത്.

ഇന്ത്യാ -പാകിസ്ഥാൻ വിഭജനം ഇന്ത്യൻ മനസ്സുകളിൽ ഉണ്ടാക്കിയ മുറിവുകളിൽ നമ്മൾ പുരട്ടേണ്ടത് ലേപനമാണ്, അല്ലാതെ നീറ്റുമരുന്നല്ല. ഭൂപടത്തിൻ കോറിയിട്ട പാഴ് വരകളിൽന്മേൽ മനുഷ്യൻ തമ്മിൽതല്ലുമ്പോൾ എന്നും നഷ്ടം പലായനം ചെയ്യപ്പെടാൻ വിധിക്കപ്പെട്ട പാവം ചില മനുഷ്യർക്ക് മാത്രമാണല്ലോ. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും, പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും ആട്ടിപായിക്കപ്പെട്ടവർ അനുഭവിച്ച വിഷമതകൾ എന്താണെന്ന് നമുക്കെല്ലാം അറിയാം. ചില കാര്യങ്ങൾ നമ്മൾ മറക്കുക തന്നെ വേണം. ഓർത്തു വച്ചിട്ട് ആർക്ക് എന്ത് പ്രയോജനം? ചരിത്രബോധവും മാനുഷിക വികാരങ്ങളുമുള്ള ആധുനിക സമൂഹത്തിന്റെ പൊതു ലക്ഷണം അതൊക്കെയാണ്.

‘കുടിയിറക്കപ്പെട്ടവരുടെ രാജ്യം’ ഒന്നാണെന്ന് ഇടശ്ശേരി മാഷ് കവിതയിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. മഹത്തായ നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുടെ തത്വചിന്ത നമ്മെ പഠിപ്പിക്കുന്നതും സഹിഷ്ണുതയാണ്. നമ്മുടെ ഭരണഘടന നടപ്പിലാക്കുന്നതും സഹിഷ്ണുതയാണ്.

മഹാമാരികളിലും, വിലക്കയറ്റത്തിലും, ഭീകരമായ തൊഴിലില്ലായ്മയിലും, അരക്ഷിതത്വത്തിലും കഴിയുന്ന ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് അതിനൊക്കെ എതിരെയുള്ള സത്വരമായ പരിഹാര മാർഗ്ഗങ്ങളാണ്. കായിക പുരസ്കാരത്തിന്റെ പേര് മാറ്റിയതുകൊണ്ടോ, വിഭജന വിഷയത്തിലെ ചേതനാ വികാരങ്ങളെ ഉണർത്തി വിടുന്നതുകൊണ്ടോ ആർക്കും ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല. ചുരുക്കം ചിലർക്ക് അവർ ഉദ്ദേശിക്കുന്ന രാഷ്ട്രീയ ഗുണങ്ങൾ കിട്ടിയേക്കും. അതുപക്ഷേ വെറുപ്പിന്റെ രാഷ്ട്രീയമാണ്.. 😔

ആഗസ്ത് 14 അല്ല, ആഗസ്ത് 15 ആണ് ശരി, പ്രതീക്ഷാജനകം, ശുഭദായകം..

എഴുതിയത് : ഷോബിൻ അലക്സ് മാളിയേക്കൽ

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 9

0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 9

കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ അവർ അത് രഹസ്യമായി സൂക്ഷിച്ചു. ടോണിയുടെ പപ്പയുടെ മരണത്തോടെ ആ കുടുംബത്തെ സംരക്ഷിച്ചുപോന്നത് ജാസ്മിന്റെ പപ്പയായിരുന്നു . ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ രേവതിയും ചിഞ്ചുവുമായിരുന്നു ജാസ്മിന്‍റെ റൂംമേറ്റ്സ്. ഇരുവരും പണക്കാരുടെ മക്കള്‍. മൂല്യങ്ങൾക്കു വില കൽപ്പിക്കാതെ , അടിച്ചുപൊളിച്ചുള്ള ജീവിതമായിരുന്നു അവരുടേത്. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള അവളുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെ സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചു വരുത്തി. രാത്രി അയാള്‍ ജാസ്മിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അയാൾ പിന്‍വാങ്ങി. മികച്ച അഭിനയത്തിലൂടെ രേവതി, ഈ സംഭവത്തിൽ താന്‍ നിരപരാധിയാണെന്ന് ജാസ്മിനെ വിശ്വസിപ്പിച്ചു. സതീഷുമായുള്ള ജാസ്മിന്‍റെ ഇടപെടലുകളെല്ലാം രഹസ്യമായി രേവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഹോസ്റ്റലില്‍ ജാസ്മിനെ കാണാനെത്തിയ ടോണിയുമായി രേവതി പരിചയപ്പെട്ടു. രേവതിക്ക് ടോണിയെ ഇഷ്ടമായി. ടോണിയും ജാസ്മിനും തമ്മില്‍ പ്രണയമാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. രേവതി ടോണിയുമായി ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാൻ തീരുമാനമെടുത്തു. (തുടര്‍ന്നു വായിക്കുക)


കോളജ് ഹോസ്റ്റലില്‍ ടോണിയുടെ റൂം പാര്‍ട്ട്ണറായിരുന്നു അരുണ്‍ രാധാകൃഷ്ണന്‍. എപ്പോഴും വിഷാദമൂകനായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍. ആ വിഷാദത്തിനു പിന്നില്‍ ശോകാര്‍ദ്രമായ ഒരു കഥയുണ്ട്.
പ്ലസ്ടുവിനു പഠിക്കുമ്പോള്‍ അരുണ്‍ കൂടെ പഠിച്ചിരുന്ന മീര എന്ന പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു. മെഡിസിന് അഡ്മിഷന്‍ കിട്ടിയപ്പോഴും ആ ബന്ധം തുടര്‍ന്നു. പഠനം കഴിഞ്ഞാല്‍ ഉടനെ വിവാഹം എന്ന പരസ്പര ധാരണയില്‍ ആ പ്രണയം വളര്‍ന്നു പന്തലിച്ചു.

അങ്ങനെയിരിക്കെ അരുണിന് ഒരുനാള്‍ മീരയുടെ ഒരു ഫോണ്‍ വന്നു. അവളുടെ വിവാഹം നിശ്ചയിച്ചുവത്രേ. അച്ഛന്‍റെ നിര്‍ബന്ധത്തിനു മുമ്പില്‍ കീഴടങ്ങേണ്ടി വന്നു എന്ന ന്യായീകരണവും കുറെ ക്ഷമാപണവും. പിന്നെ കുറെ കരച്ചിലും കണ്ണീരും. വരന്‍ വിദേശത്ത് എന്‍ജിനീയര്‍. പ്രതിമാസം നാല് ലക്ഷം രൂപ ശമ്പളം. അന്നു മുതല്‍ അരുണിന് പെണ്‍വര്‍ഗ്ഗത്തോടു പകയാണ്, ദേഷ്യമാണ്.
“നീ സ്നേഹിക്കുന്നുണ്ടല്ലോ ഒരാളെ. നീ നോക്കിക്കോ. അവളു നിന്നെ ചതിക്കും”- ഒരിക്കല്‍ ടോണിയോട് അരുൺ പറഞ്ഞു.
അതുകേട്ട് ടോണി ചിരിച്ചു.
“നിന്‍റെ മീരയെപ്പോലല്ലടാ എന്‍റെ ജാസ്മിൻ . ഓര്‍മ്മ വച്ചനാള്‍ മുതല്‍ കാണുന്നതാ ഞാനവളുടെ ഹൃദയം. അതില്‍ നിറയെ സ്നേഹം മാത്രമേയുള്ളൂ.”
“പണത്തിന്റെ പിറകെ പോകാത്ത ഏതു പെണ്ണാടാ ഈ ലോകത്തുള്ളത് ? എല്ലാ പെണ്ണുങ്ങളും വഞ്ചകികളാ.”
ടോണി അവന്റെ തോളിൽ തട്ടിയിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു
”നിന്നെ ഒരു പെണ്ണ് തേച്ചിട്ടുപോയി എന്നു വച്ചു എല്ലാപെണ്ണുങ്ങളും അങ്ങനെയാണെന്ന് വിചാരിക്കരുത് . ”
അരുൺ കൂടുതലൊന്നും പറഞ്ഞില്ല.

അടുത്ത തവണ ജാസ്മിനെ കണ്ടപ്പോള്‍ ടോണി അരുണിന്റെ കാമുകി അവനെ തേച്ചിട്ടു പോയ കഥ അവളോട് പറഞ്ഞു. അതു കേട്ടപ്പോള്‍ ജാസ്മിന്‍ ചോദിച്ചു:
“ഞാന്‍ ടോണിയെ തേച്ചിട്ടു പോയി വേറൊരാളെ കല്യാണം കഴിക്കുമെന്നു ടോണി വിചാരിക്കുന്നുണ്ടോ?”
“ഒരിക്കലുമില്ല.”
“എനിക്കതു കേട്ടാല്‍ മതി.” ഒന്ന് നിറുത്തിയിട്ട് അവൾ തുടർന്നു ”എന്റെ ഈ ശരീരവും മനസ്സും ടോണിക്കു മാത്രമുള്ളതാ. അതിനു കഴിയാതെ വന്നാല്‍ ഞാൻ കല്യാണം കഴിക്കാതെ ജീവിക്കുകയേയുള്ളൂ .”
“എനിക്കതറിയാം . ഞാന്‍ നിന്നെ സംശയിച്ചിട്ടൊന്നുമല്ല ഈ കഥ പറഞ്ഞത്. അവന്‍റെ പെണ്ണ് അവനെ തേച്ചിട്ടു പോയ ഒരു കഥ പറഞ്ഞെന്നേയുള്ളൂ.”
” അങ്ങനെ തേയ്ക്കുന്ന പെണ്ണുങ്ങള് ഒരുപാടുണ്ടാകും . എന്നെ അക്കൂട്ടത്തിൽ പെടുത്തേണ്ട ”
” ഇല്ല പൊന്നേ ”
ജാസ്മിന് ആശ്വാസമായി.
വിശേഷങ്ങളും ഹൃദയവികാരങ്ങളും പങ്കുവച്ചു കുറേനേരം ഇരുന്നു അവർ . പിരിയാൻ നേരം ജാസ്മിന്‍ ഓര്‍മ്മിപ്പിച്ചു:
“ആ കൂട്ടുകാരനോടു പറഞ്ഞേക്ക്. മീരേം ജാസ്മിനും തമ്മില്‍ ഒരുപാട് വിത്യാസം ഉണ്ടെന്ന്.”
ടോണി ചിരിച്ചതേയുള്ളൂ.


ഒരു ശനിയാഴ്ച.
സന്ധ്യാനേരത്ത് ടോണി ഹോസ്റ്റല്‍ മുറിയിലിരുന്നു വായിക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. എടുത്തുനോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പര്‍. അക്സപ്റ്റു ചെയ്തിട്ടു ഫോണ്‍ കാതോടു ചേര്‍ത്തു:
ഹലോ…”
“ഹലോ…” അപരിചിതമായ ഒരു സ്ത്രീശബ്ദം
“ആരാ?”
“ഈ ശബ്ദം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?”
ടോണി ഓര്‍ക്കാന്‍ ശ്രമിച്ചു.
“ഓര്‍മ്മ വരുന്നില്ല.”
” ശരിക്കും ഒന്നോർത്തുനോക്കിക്കേ ”
”പിടികിട്ടുന്നില്ലല്ലോ ”
”നമ്മൾ തമ്മിൽ ഒരുപാടുനേരം സംസാരിച്ചിട്ടുണ്ട് ”
”രേവതി….?”
” യെസ് . രേവതിവർമ്മ . ജാസിന്റെ റൂം മേറ്റ് ”
“എന്തേ ?”
“എനിക്കു ടോണിയെ നേരിട്ടൊന്നു കാണണമല്ലോ?”
“എന്താ വിശേഷം?”
“അതു നേരിട്ടു കാണുമ്പം പറയാം. ഞാനൊരു സ്ഥലം പറയാം. നാളെ ഉച്ചയ്ക്കു പന്ത്രണ്ടുമണിക്ക് ടോണി അവിടെ വന്നു നില്‍ക്കാമോ? ഞാനങ്ങോട്ടു വന്നു കണ്ടോളാം .”
“എവിടാ വരേണ്ടത്?”
അവള്‍ കൃത്യമായ സ്ഥാനം പറഞ്ഞു. വരാമെന്ന് ടോണി പറഞ്ഞപ്പോൾ കൂടുതലൊന്നും പറയാതെ അവള്‍ ഫോണ്‍ കട്ടു ചെയ്തു.
ടോണിക്ക് ഉത്കണ്ഠയായി. എന്തായിരിക്കും രേവതിക്കു പറയാനുള്ളത്? ജാസ്മിന്‍റെ കാര്യം വല്ലതുമായിരിക്കുമോ? ഹോസ്റ്റലിലെ അവളുടെ വല്ല പെരുമാറ്റ ദൂഷ്യവും ? ആ രാത്രി അയാള്‍ക്കുറക്കം വന്നതേയില്ല .

പിറ്റേന്നു നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്തു വന്നു ടോണി കാത്തുനിന്നു. കൃത്യം പന്ത്രണ്ടുമണിക്ക് ഒരു ഹ്യൂണ്ടായ് കാറില്‍ രേവതി അവിടെ വന്നിറങ്ങി. മോഡേണ്‍ വേഷം ധരിച്ചു ആരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ മേയ്ക്കപ്പിട്ട് സുസ്മേരവദയായിരുന്നു അവളുടെ വരവ്. ടോണിയെ കണ്ടതും അവള്‍ വശ്യമായി ചിരിച്ചു. ഷേക് ഹാൻഡ് കൊടുത്തിട്ടു ചോദിച്ചു .
“ഒരുപാടു നേരമായോ വന്നിട്ട്?”
“ഇല്ല .. ഇപ്പ വന്നതേയുള്ളൂ.”
“നമുക്ക് എവിടെയെങ്കിലും പോയി സ്വസ്ഥമായി ഇരുന്നു സംസാരിക്കാം. ടോണി കാറില്‍ കേറ്.”
അവള്‍ വാതില്‍ തുറന്നു പിടിച്ചു. ടോണി മുൻ സീറ്റിൽ കയറി. ഡ്രൈവര്‍ സീറ്റില്‍ രേവതിയും കയറി ഇരുന്നു.
“നമുക്കു ഹോട്ടല്‍ മൈമൂണിലേക്കു പോകാം. ലഞ്ച് എന്‍റെ വകയായിക്കോട്ടോ. എന്താ?”
“ആയിക്കോട്ടെ.”
കാര്‍ മുമ്പോട്ടു നീങ്ങിയപ്പോള്‍ രേവതി ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു. ടോണിയും ഓരോ കാര്യങ്ങള്‍ ചോദിച്ചു.
ഹോട്ടല്‍ മൈമൂണിലെ ഫാമിലി റൂമില്‍ രണ്ടുപേരും അടുത്തടുത്ത് ഇരിക്കുമ്പോൾ ടോണിക്കു തെല്ലു ഭയം തോന്നി. പരിചയക്കാരാരെങ്കിലും കണ്ടാല്‍? ജാസ്മിന്‍റെ ചെവിയില്‍ ഇതെങ്ങാനും എത്തിയാൽ ?
“ടോണിക്കെന്താ വേണ്ടത്?”
മെനു നോക്കിയിട്ട് രേവതി ചോദിച്ചു.
“എന്തായാലും വിരോധമില്ല.”
“ചിക്കന്‍ ബിരിയാണിയായാലോ?”
“ഓക്കെ.”
ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് രേവതി ടോണിയുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു കുറേനേരം. ടോണി വല്ലാതായി. എന്തേ ഈ നോട്ടത്തിന്‍റെ അര്‍ത്ഥം? അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ രേവതിയുടെ ചോദ്യം:
“ടോണി ഇപ്പം എന്താ വിചാരിക്കുന്നതെന്നു ഞാൻ പറയട്ടെ?”
” ഉം ”
”എന്തിനാ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് എന്നല്ലേ?”
“സത്യം .”
“ഹോസ്റ്റലില്‍ വച്ചു എന്നെ പരിചയപ്പെട്ടപ്പം ടോണിക്ക് എന്നെക്കുറിച്ച് എന്താ തോന്നിയത്?”
“നല്ല കുട്ടിയാണെന്നു തോന്നി.”
“ജാസ്മിന്‍ എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?”
“നല്ല അഭിപ്രായമാ പറഞ്ഞത്. സ്വന്തം അനിയത്തിയേപ്പോലെയാ നിങ്ങള്‍ രണ്ടുപേരും അവളെ കാണുന്നതെന്നു പറഞ്ഞു.”
“ഞാനൊരു വായാടിയാണെന്നു പറഞ്ഞില്ലേ?”
“ഇല്ല. മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല. ങ്ഹ… കാണണമെന്നു പറഞ്ഞത്?…”
“അതാ പറഞ്ഞു വരുന്നത്. ടോണിക്കെന്‍റെ ഫാമിലി ഡീറ്റെയില്‍സ് അറിയാമോ?”
“എറണാകുളത്താ വീടെന്നും വലിയ കാശുകാരിയാന്നും അറിയാം. മറ്റൊന്നും അറിയില്ല.”
“പണമുണ്ടെന്നതു നേരാ. പക്ഷേ, ജീവിതത്തില്‍ സന്തോഷമോ സമാധാനമോ കിട്ടാത്ത ഒരു പെണ്ണാ ടോണി ഞാന്‍. സ്നേഹമെന്താണെന്നു ഞാനിതുവരെ അറിഞ്ഞിട്ടില്ല.” രേവതിയുടെ മിഴികള്‍ നിറയുകയും ശബ്ദം പതറുകയും ചെയ്തു. “ഓര്‍മ്മവച്ചനാളിലേ എന്റെ അച്ഛന്‍ എന്നെ ഉപേക്ഷിച്ചു പോയി വേറെ കല്യാണം കഴിച്ചു. അമ്മയ്ക്കെന്നെ സ്നേഹിക്കാന്‍ ഒട്ടും നേരമില്ലായിരുന്നു. റസിഡന്‍ഷ്യല്‍ സ്കൂളില്‍ വളര്‍ന്ന എനിക്ക് ആരില്‍ നിന്നും സ്നേഹം കിട്ടിയില്ല. കോളജില്‍ചേര്‍ന്നു കഴിഞ്ഞപ്പഴാ വിലക്കുകളും വിലങ്ങുകളുമില്ലാത്ത സ്വതന്ത്ര ലോകം എന്‍റെ മുമ്പില്‍ തുറന്നു കിട്ടിയത്. പക്ഷേ അപ്പോഴും എന്നെ സ്നേഹിക്കാന്‍ ആരുമില്ലെന്ന തോന്നല്‍ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു . ഒരുപാടു രാത്രികളില്‍ ഞാനുണര്‍ന്നിരുന്നു കരഞ്ഞിട്ടുണ്ട്.” കണ്ണുകൾ തുടച്ചിട്ട് ഏങ്ങലടിച്ചുകൊണ്ട് അവള്‍ തുടര്‍ന്നു: “ഞാനീ തമാശപറയുന്നതും ചിരിക്കുന്നതുമൊക്കെ ഒരുപാടു വേദനകള്‍ ഉള്ളിലൊതുക്കിക്കൊണ്ടാണ് ടോണീ.”
അവളുടെ മിഴികള്‍ പൊട്ടി ഒഴുകുന്നതു കണ്ടപ്പോള്‍ ടോണിക്കു സഹതാപം തോന്നി. പാവം പെണ്ണ്.
“കണ്ണീരു തുടച്ചു കളയ്. ആരെങ്കിലും കാണും.” പരിസരത്തു ആരെങ്കിലും ഉണ്ടോന്ന് ടോണി ആശങ്കയോടെ നാലുചുറ്റും നോക്കി.
തിടുക്കത്തില്‍ ടൗവ്വലെടുത്തു കണ്ണുകള്‍ തുടച്ചിട്ട് അവള്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി, തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോന്ന് .
“സോറി. എന്‍റെ വിഷമംകൊണ്ടു പറഞ്ഞുപോയതാ. ടോണിയെ ഞാൻ ബോറടിപ്പിച്ചോ?” -വിളറിയ മന്ദഹാസത്തോടെ അവള്‍ ചോദിച്ചു.
“ഹേയ്…”
“ഞാനെന്തിനാ ഇതൊക്കെ ടോണിയോടു പറയുന്നതെന്ന് അദ്ഭുതപ്പെടുന്നുണ്ടാവും അല്ലേ?” ടോണിയുടെ കണ്ണുകളിലേക്കു നോക്കി അനുരാഗപാരവശ്യത്തോടെ അവള്‍ തുടര്‍ന്നു: “അച്ഛന്‍റെയും അമ്മയുടെയും സ്നേഹമറിയാതെ വളര്‍ന്ന എനിക്ക് ജീവിതത്തോടു തന്നെ വിരക്തിയായിരുന്നു .ഒരിടയ്ക്ക് എല്ലാവരോടും ദേഷ്യായിരുന്നു. പക്ഷേ ടോണിയെ പരിചയപ്പെട്ടതിനുശേഷം നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയതുപോലെ എനിക്കൊരു തോന്നല്‍. ഒരുപക്ഷേ ഈശ്വരനായിരിക്കാം ടോണിയെ എനിക്കു കാണിച്ചു തന്നത്.”
ടോണി ആശങ്കയോടെ അവളെ നോക്കി. ഇവൾ എന്താണ് പറഞ്ഞു വരുന്നത് ? എന്തിനുള്ള പുറപ്പാടാണ് ഈ പെണ്ണ്? പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങളാണോ? എങ്കില്‍ അത് അപകടമാണ്. മുളയിലെ നുള്ളിക്കളയണം.
“രേവതി വല്ലാതെ ഇമോഷണല്‍ ആണല്ലോ?”
“സോറി.”
കണ്ണുകള്‍ തുടച്ചിട്ട് അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.
“മനസിലെ പ്രയാസംകൊണ്ട് എന്തൊക്കെയോ പറഞ്ഞുപോയി. ഇഷ്ടമുള്ളവരോടല്ലേ ഹൃദയം തുറന്നു സംസാരിക്കാൻ പറ്റൂ.”
അപ്പോഴേക്കും വെയിറ്റര്‍ ഫുഡുമായി എത്തി. ഭക്ഷണം കഴിക്കുന്നതിനിടയിലും അവള്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അവളുടെ സ്നേഹവും ബഹുമാനവും കണ്ടപ്പോള്‍ ടോണിക്കു സന്തോഷം തോന്നി. ഒറ്റനോട്ടത്തിലേ ഇഷ്ടപ്പെടാന്‍ മാത്രം തനിക്ക് ആകര്‍ഷണീയത ഉണ്ടെന്ന് അവൾ പറഞ്ഞത് കേട്ടപ്പോൾ ഉള്ളില്‍ അഭിമാനവും ആവേശവും തോന്നി.
ഭക്ഷണം കഴിഞ്ഞു കൈകഴുകുമ്പോള്‍ രേവതി പറഞ്ഞു:
“ഇടയ്ക്കിടെ ഞാന്‍ ഫോണിൽ വിളിക്കും. മനസിനു പ്രയാസം തോന്നുമ്പം ഇത്തിരിനേരം സംസാരിക്കാന്‍. ടോണിയോട് സംസാരിക്കുമ്പോൾ മനസിന് ഒരു സന്തോഷം കിട്ടും . ടോണിക്കതു ബുദ്ധിമുട്ടാകില്ലല്ലോ?”
“ഒരു ഫ്രണ്ട്ഷിപ്പാണുദ്ദേശിക്കുന്നതെങ്കില്‍ ഓക്കെ.”
“ഫ്രണ്ട്ഷിപ്പ് മതിയെങ്കില്‍ അങ്ങനെ. ഇഷ്ടമുള്ളവരോടു കുറച്ചുനേരം സംസാരിച്ചിരിക്കുന്നത് ഏതൊരു പെണ്ണിനും സന്തോഷമുള്ള കാര്യല്ലേ? ഫ്രണ്ട്ഷിപ്പായാലും ലവ് ആയാലും .”
ബില്ലു പേ ചെയ്തിട്ടു രേവതി പുറത്തേക്കിറങ്ങി. ഒപ്പം ടോണിയും. രണ്ടുപേരും ചെന്നു കാറില്‍ കയറി. കാര്‍ ഓടിക്കൊണ്ടിരുന്നപ്പോഴും രേവതി അവനോട് വായ് തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
ടോണിയെ ബസ്സ്റ്റോപ്പില്‍ ഡ്രോപ്ചെയ്തിട്ട് രേവതി കൈവീശി റ്റാറ്റാ പറഞ്ഞു . ടോണിയും കൈവീശി . കാര്‍ അകന്നു പോകുന്നതു നോക്കി ടോണി കുറേനേരം നിന്നു.
എന്തിനുള്ള പുറപ്പാടാണ് ഈ പെണ്ണ്?
ഹോസ്റ്റല്‍ മുറിയില്‍ വന്നിരുന്നിട്ട് ടോണി ആലോചിച്ചു. ഇതൊരു പരീക്ഷണമാണോ? തന്‍റെ മനസ്സിളകുമോ എന്നറിയാന്‍ ജാസ്മിന്‍ പറഞ്ഞുവിട്ടതാണോ അവളെ? ഏയ് ,അങ്ങനെ ആയിരിക്കില്ല. രേവതിക്ക് തന്നോട് ഒരു പ്രണയം തോന്നിക്കാണും . അത്ര തന്നെ !

പിറ്റേന്ന് രേവതി ടോണിയെ ഫോണിൽ വിളിച്ചു . കുറേനേരം അവള്‍ സംസാരിച്ചു. ടോണി അങ്ങോട്ടൊന്നും ചോദിച്ചില്ല. ഫോണ്‍ കട്ടു ചെയ്തപ്പോള്‍ അയാള്‍ ആലോചിച്ചു:
ഈ സൗഹൃദം അപകടത്തിലേക്കു നീങ്ങുമോ? ഏയ് ഇല്ല. ഇത് ഒരു ഫ്രണ്ട്ഷിപ് മാത്രമല്ലേ. അതിലെന്താണ് തെറ്റ് ? കിടക്കട്ടെ ഒരു പെണ്ണ് സഹൃദവലയത്തിൽ. വല്ലപ്പോഴും ആ കിളിശബ്ദം ഒന്ന് കേൾക്കാല്ലോ . ജാസ്മിന്‍ ഒന്നും അറിയണ്ട.

പിന്നീട് എല്ലാ ദിവസവും രേവതി ടോണിക്കു ഫോണ്‍ ചെയ്തുകൊണ്ടിരുന്നു.
എന്തൊക്കെയാണവള്‍ക്കറിയേണ്ടത്. നന്നായി പഠിക്കുന്നുണ്ടോ? കൂട്ടുകാരൊക്കെ എങ്ങനെ? എന്താണിന്നു കഴിച്ചത്? എന്നാണ് വീട്ടില്‍ പോകുന്നത്? അമ്മയോട് എന്റെ അന്വേഷണം പറയുമോ? അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍. ജാസ്മിനുപോലും ഇത്രയും സ്നേഹവും ആരാധനയും തന്നോട് ഇല്ലെന്നു ടോണിക്കു തോന്നിപ്പോയി.
അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ ടോണി ജാസ്മിനോടു രേവതിയെക്കുറിച്ചു തിരക്കി.
“നല്ല സ്വഭാവക്കാരിയാ. എന്തേ ചോദിച്ചേ?” – ജാസ്മിന്‍ ആകാംക്ഷയോടെ ടോണിയെ നോക്കി.
“എന്‍റെ ഫ്രണ്ടിന് അവളെ കല്യാണം ആലോചിക്കാനാ. എങ്ങനാ ഞാന്‍ നല്ല അഭിപ്രായം പറഞ്ഞേക്കട്ടെ ?”
” ഇത്തിരി നാക്കു കൂടുതലാന്നേയുള്ളൂ. പിന്നെ അല്പം മോഡേണുമാ. വേറെ കുഴപ്പമൊന്നുമില്ല. “
“ഇക്കാര്യം അവളോട് പറയണ്ടാട്ടോ.”
” ഒരിക്കലുമില്ല . പിന്നെ . രേവതിക്ക് എപ്പഴും ടോണീടെ കാര്യം പറയാനെ നേരമുള്ളൂ . അത് കേൾക്കുമ്പം എനിക്ക് ദേഷ്യം വരും . നമ്മളു തമ്മിലുള്ള അടുപ്പമൊന്നും ഞാനവളോടു പറഞ്ഞിട്ടില്ല.”
“പറയണ്ട. പറഞ്ഞാൽ അത് കൊളമാകും. പപ്പേടെ ചെവീലെങ്ങാനും എത്തിയാൽ പ്രശ്നമാകും.”
“എനിക്കതറിയാം. അതുകൊണ്ടാ ആരോടും പറയാത്തത്. കല്യാണത്തിന്‍റെ സമയമാകുമ്പം ഒരു സര്‍പ്രയിസായി നമുക്ക് പപ്പയോട് പറഞ്ഞാൽ മതി.”
“അതെ അതെ .” ടോണി തലകുലുക്കി.


രേവതിയും ടോണിയും തമ്മില്‍ പിന്നീട് പലതവണ കണ്ടുമുട്ടി. ആ സൗഹൃദം വളര്‍ന്നു.

ഒരു ദിവസം വൈകുന്നേരം കോളജില്‍നിന്നു ജാസ്മിന്‍ ഹോസ്റ്റലിൽ വന്നപ്പോള്‍, മുറിക്കകത്തുനിന്ന് രേവതിയും ചിഞ്ചുവും ടോണിയെക്കുറിച്ചു സംസാരിക്കുന്നതു കേട്ടു. പുറത്തുനിന്ന് അവള്‍ ചെവിയോര്‍ത്തു. രേവതി പറയുകയാണ്:
“വെറുതെ ഒരു ഫ്രണ്ട്ഷിപ്പിനു തുടങ്ങിയതാ. ഇപ്പം അതു ഒരു ലവ് ആയി മാറി. ”
”നീ ഭാഗ്യവതിയാ . ഒന്നാം തരം ഒരു ഡോക്ടറെയല്ലേ അടിച്ചെടുത്തത് ” ചിഞ്ചു അസൂയയോടെ പറഞ്ഞു .
ജാസ്മിന്‍ ഞെട്ടിപ്പോയി . ഉത്കണ്ഠയോടെയാണവള്‍ അകത്തേക്കു കയറിച്ചെന്നത്.
“നിങ്ങളേതു ടോണീടെ കാര്യമാ പറഞ്ഞത്?” ബാഗു മേശപ്പുറത്തേക്കു വയ്ക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
“താനതു കേട്ടോ?” ചിഞ്ചു ചിരിച്ചുകൊണ്ടു തുടര്‍ന്നു:
“ഇവള്‍ക്ക് തന്‍റെ അയല്‍ക്കാരനുമായി ചെറിയൊരു പ്രേമം . അതിപ്പം മുറുകിയിരിക്ക്വാ. വൈകാതെ നമുക്കൊരു കല്യാണം കൂടാം.”
ഭൂമി പിളര്‍ന്നു താഴേക്കു പോകുന്നതുപോലെ തോന്നി ജാസ്മിന്.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 8

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 8

കഥ ഇതുവരെ
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാര്‍ക്ക് അതറിയില്ല. ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ടോണിക്കു പപ്പയില്ല. അമ്മയും പെങ്ങളും മാത്രം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ജാസ്മിനെ ഹോസ്റ്റലിലാക്കി പപ്പ. മൂല്യങ്ങള്‍ക്കു വില കല്പിക്കാത്ത പുരോഗമനവാദികളായ രേവതിയും ചിഞ്ചുവുമായിരുന്നു അവളുടെ റൂംമേറ്റ്സ്. ഇരുവരും പണക്കാര്‍. ഒരു നാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള തന്‍റെ വീട്ടില്‍ കൊണ്ടുപോയി രാത്രി താമസിപ്പിച്ചു. സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചുവരുത്തി ജാസ്മിനെ പരിചയപ്പെടുത്തി. സതീഷ് മാന്യനാണെന്നു തോന്നിയതിനാൽ അയാളോട് അവൾ കുശലം പറയുകയും തമാശകൾ പറയുകയും ചെയ്തു. . പാതിരാത്രിയില്‍ ജാസ്മിന്‍ ഉറങ്ങുമ്പോള്‍ സതീഷ് അവളുടെ കിടക്കയില്‍ വന്നു കിടന്ന് അവളെ തഴുകി. ഞെട്ടി എണീറ്റ അവള്‍ ഉച്ചത്തില്‍ കരഞ്ഞു ബഹളം വച്ചു. ജാസ്മിനെ പ്രലോഭിപ്പിച്ചു വശത്താക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സതീഷ് മുറിവിട്ട് ഇറങ്ങിപ്പോയി. രേവതി തന്നെ ചതിക്കുകയായിരുന്നു എന്ന സത്യം ജാസ്മിന്‍ പക്ഷേ മനസ്സിലാക്കിയില്ല. മികച്ച അഭിനയത്തിലൂടെ താന്‍ നിരപരാധിയാണെന്ന് രേവതി അവളെ വിശ്വസിപ്പിച്ചു .(തുടര്‍ന്നു വായിക്കുക)

രേവതിയുടെ വീട്ടിൽ വച്ച് ഉണ്ടായ ദുരനുഭവം ജാസ്മിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. മനസു വല്ലാതെ നീറിക്കൊണ്ടിരുന്നു . പപ്പയോട് പറയണോ, ടോണിയോടു പറയണോ എന്നൊക്കെ അവള്‍ പലവട്ടം ആലോചിച്ചു . ഒടുവില്‍ തീരുമാനിച്ചു, ആരോടും പറയേണ്ട . പറഞ്ഞാല്‍ ചിലപ്പോള്‍ പപ്പ ചൂടാകും. പോലീസിൽ പരാതിപ്പെടണമെന്ന് നിര്‍ബബന്ധിച്ചെന്നിരിക്കും . പരാതികൊടുത്താൽ മറ്റുള്ളവരറിയും . വെറുത്ത കഥകളുണ്ടാക്കി അപവാദം പറഞ്ഞുപരത്തും. രേവതിക്കും അത് ദോഷം ചെയ്യും . അതു വേണ്ട. അവളുടെ മനസറിവോടെയല്ലല്ലോ ഒന്നും നടന്നത് . കഴിഞ്ഞതൊക്കെ ഒരു ദുസ്സ്വപ്നമായി കണ്ടു തള്ളിക്കളയാം . ഇനി ഒരിക്കലും ആരുടെയും വീട്ടില്‍പോയി അന്തിയുറങ്ങുന്ന പ്രശ്നമേയില്ല. അവള്‍ ഒരു തീരുമാനമെടുത്തു.

രണ്ടുമൂന്നാഴ്ച വേണ്ടി വന്നു ജാസ്മിന്‍റെ മനസ്സിലെ വേദനയും വിഷമവും കുറയാൻ. പഴയ പ്രസരിപ്പും ഉത്സാഹവും സാവധാനം തിരിച്ചു വന്നതു കണ്ടപ്പോള്‍ രേവതിയ്ക്ക് ആശ്വാസമായി. അവള്‍ ഊര്‍മ്മിളയോടു പറഞ്ഞു:
“ഹൊ. എനിക്ക് ഇപ്പഴാ ഒരു സമാധാനമായത് . അവള്‍ ആരോടെങ്കിലും പറഞ്ഞു പ്രശ്നം ഉണ്ടാക്കുമോന്നായിരുന്നു പേടി . എന്തായാലും ഇനി പേടിക്കാനില്ല.”
“സൂക്ഷിച്ചോണം. അവളുടെ വീഡിയോ നിന്റെ കയ്യിലുണ്ടെന്നറിഞ്ഞാൽ പ്രശ്നം ഗുരുതരമാകും. ഒരു കാരണവശാലും അവളതറിയരുത്. “
“നമ്മള്‍ മൂന്നു പേരുമല്ലാതെ വേറൊരു കുഞ്ഞും അറിയില്ല. നിങ്ങളാരും അതിനേക്കുറിച്ചു അവളോട് വിളമ്പാതിരുന്നാൽ മതി .”
” ഞങ്ങൾ ഒന്നും പറയില്ല ”
ഈ സമയം റൂമിലിരുന്ന് ജാസ്മിന്‍ ടോണിയുമായി മൊബൈലില്‍ സംസാരിക്കുകയായിരുന്നു. അടുത്ത ശനിയാഴ്ച ടോണി ജാസ്മിനെ കാണാന്‍ ഹോസ്റ്റലില്‍ വരുന്നുണ്ടെന്നു അറിയിച്ചപ്പോൾ അവള്‍ക്ക് സന്തോഷമായി .
”കാണാൻ ഒരുപാട് കൊതിയായി ട്ടോ . വെള്ളിയാഴ്ച്ച രാത്രി എനിക്കുറക്കമേ വരില്ല ”
”എനിക്കും ഉണ്ടെടോ തന്നെക്കാണാൻ ഒരുപാട് ആഗ്രഹം. അതുകൊണ്ടല്ലേ ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ അങ്ങോട്ട് വരുന്നത് ”
”വാക്ക് പറഞ്ഞിട്ട് വരാണ്ടിരിക്കരുത് ”
”വരും . വരാതിരിക്കില്ല ”
മൊബൈലിലൂടെ ഒരു ഫ്ളയിങ് കിസ് കൊടുത്തിട്ട് ടോണി കോൾ കട്ട് ചെയ്തു .
ശനിയാഴ്ച രാവിലെ എണീറ്റ ഉടനെ അവള്‍ ടോണിക്കു ഫോണ്‍ ചെയ്തു. അവൻ പുറപ്പെടാൻ തയ്യാറാകുന്നു എന്ന് കേട്ടപ്പോൾ സന്തോഷം ഇരട്ടിച്ചു. പത്തര കഴിഞ്ഞപ്പോൾ ടോണി ഹോസ്റ്റലിലെത്തി. രേവതിയോടും ചിഞ്ചുവിനോടും ഒരു വിസിറ്ററുണ്ടെന്ന് പറഞ്ഞിട്ട് അവൾ ധൃതിയില്‍ വിസിറ്റേഴ്സ് റൂമിലേക്കു നടന്നു. ടോണിയെ കണ്ടതേ ഹൃദ്യമായി ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു .
“രാവിലെ മുതല്‍ ഞാന്‍ കണ്ണില്‍ എണ്ണ ഒഴിച്ചു നോക്കിയിരിക്ക്വായിരുന്നു. ഇന്നലെ രാത്രി ഞാന്‍ സ്വപ്നം കൂടി കണ്ടു.”
“അപ്പം ഈ രൂപം മനസ്സില്‍ തന്നെയുണ്ട്.”
“അതെങ്ങോട്ടു പോകാനാ. മരിക്കുന്നതുവരെ അതവിടെത്തന്നെയുണ്ടാകും.”
ജാസ്മിന്‍ അവന്റെ സമീപം ഇരുന്നിട്ട് മുഖത്തേക്കു സൂക്ഷിച്ചു നോക്കി: “ആളിത്തിരി മെഴുത്തിട്ടുണ്ടല്ലോ. മുന്‍പത്തേക്കാളും കുറച്ചു കൂടി സുന്ദരനായിട്ടുണ്ട് കേട്ടോ. “
“ഉവ്വോ? പക്ഷേ താനൊത്തിരി ക്ഷീണിച്ചു പോയി. മുഖമൊക്കെ വല്ലാണ്ടിരിക്കുന്നു.”
“ഇവിടുത്തെ ഭക്ഷണം ഒരു വകയ്ക്കും കൊള്ളുകേല ടോണി. വായ്ക്കു രുചിയുള്ളത് ഒന്നുമില്ല. ജീവന്‍ നിലനിറുത്താന്‍ ഇത്തിരി കഴിക്കുന്നെന്ന് മാത്രമേയുള്ളൂ ”
“അപ്പം ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കാന്‍ പപ്പാ കണ്ടെത്തിയ സ്ഥലം പാളിപ്പോയോ?”
“എനിക്ക് ഒട്ടും ഇഷ്ടമില്ല ഇവിടെ. ജയിലില്‍ കിടക്കുന്നതുപോലെയല്ലേ. എത്രയും പെട്ടെന്ന് കോഴ്സൊന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍ വീട്ടില്‍പോയി സന്തോഷായിട്ടു കഴിയായിരുന്നു .”
“കാത്തിരുന്നു മടുത്തു. ഈ കഴുത്തില്‍ എന്നത്തേക്ക് കെട്ടാനാവും ഒരു താലി?”
“ചേച്ചിയുടെ കല്യാണം കഴിയാതെ ഒന്നും ആലോചിക്കുകയേ വേണ്ട. അതു വേഗം നടക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്ക്.”
“എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്. ങ്ഹ. ഞാന്‍ നിനക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്.”
ടോണി പോക്കറ്റില്‍നിന്ന് ഒരു പേനയെടുത്ത് അവളുടെ നേരേ നീട്ടി. അതു വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് സന്തോഷത്തോടെ അവള്‍ പറഞ്ഞു:
“നല്ല പേനയാ ട്ടോ . എവിടുന്നു കിട്ടി?”
“എന്‍റെ ഒരു ഫ്രണ്ട് തന്നതാ. ഫോറിനാ . അതു നിനക്കിരിക്കട്ടേന്നു വച്ചു. എനിക്കുള്ളതെല്ലാം നിനക്കുള്ളതല്ലേ .”
പേനയുടെ ക്യാപ് ഊരിയിട്ട് അവള്‍ എഴുതി നോക്കി. നല്ല സ്മൂത്ത്നസ്
“ഇഷ്ടായീട്ടോ. ഈ സ്നേഹത്തിനു ഞാനെന്താ തിരിച്ചങ്ങോട്ടു തരുക?”
“ഒരു കിസ് തന്നാ മതി.”
പെട്ടെന്നു വന്നു ടോണിയുടെ മറുപടി.
ജാസ്മിന്‍ നാലുപാടും നോക്കി. ആരും കാണില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ടോണിയുടെ കൈത്തലം പിടിച്ചുയര്‍ത്തി പുറം കൈയില്‍ ഒരു ചുംബനം നല്‍കി അവള്‍.
“പോരേ?”
“പോരാ. ഇങ്ങനെയൊരു കിസ്സല്ല ഞാനുദ്ദേശിച്ചത്.”
“ഉദ്ദേശിച്ചതൊക്കെ കല്യാണം കഴിഞ്ഞിട്ട് തരാം .” അവള്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു: ” അതുവരെ ഒന്ന് ക്ഷമിക്ക് ടോണിക്കുട്ടാ . നമ്മളൊക്കെ കത്തോലിക്കരല്ലേ. സഭയുടെ വിശ്വാസ പ്രമാണങ്ങളിൽ നിന്നൊന്നും വഴിമാറി സഞ്ചരിച്ചുകൂടാ.”
“ഈ പ്രസംഗം കേള്‍ക്കാനല്ല ഞാന്‍ വന്നത്.”
“സോറി. ങ്ഹാ വിശേഷങ്ങള് പറ . ടോണീടെ കോളേജിൽ എന്തൊക്കെയുണ്ട് വാർത്തകൾ ”
”അവിടെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല . ഇവിടുത്തെ വിശേഷം പറ ”
”ഇവിടെയും പ്രത്യകിച്ചൊന്നുമില്ല ടോണി ”
” നിന്റെ റൂം മേറ്റ്സിനെ വിളിച്ചൊന്നു പരിചയപ്പെടുത്താൻ മേലായിരുന്നോ ?”
”അവരവിടെ തിരക്കിലാ . പിന്നൊരിക്കലാവട്ടെ . ങ്ഹാ , പിന്നേയ് ഈ പേനകൊണ്ട് എഴുതുമ്പോഴൊക്കെ ഞാന്‍ ടോണിയെക്കുറിച്ചോര്‍ക്കും കേട്ടോ.”
“ഓര്‍ക്കണം. അതിനല്ലേ ഇതു കൊണ്ടു തന്നത്.”
“ഓര്‍ക്കാത്ത ഒരു ദിവസംപോലുമില്ല ടോണി. ഒരു ശക്തിക്കും ഈ രൂപം ഇനി എന്‍റെ മനസ്സീന്നു പിഴുതെറിയാന്‍ കഴിയില്ല. അത്രയ്ക്കിഷ്ടാ എനിക്കിയാളെ.”
“എനിക്കും. അതുകൊണ്ടല്ലേ ഞാനിപ്പം ഓടിക്കിതച്ചു വന്നത്.”
ഏറെനേരം അവര്‍ വിശേഷങ്ങളും ഹൃദയവികാരങ്ങളും പങ്കിട്ടിരുന്നു. കുശലം പറഞ്ഞു ചിരിച്ചു രസിച്ചിരിക്കുമ്പോള്‍ രേവതിയും ചിഞ്ചുവും അങ്ങോട്ടു വന്നു.
“നിങ്ങള്‍ക്കു നൂറായുസാ. ഞങ്ങളിപ്പം നിങ്ങടെ കാര്യം സംസാരിച്ചു നിറുത്തിയതേയുള്ളൂ.”- ജാസ്മിന്‍ പറഞ്ഞു.
“ഇതാരാ…? ടോണിയെ ചൂണ്ടി രേവതി ചോദിച്ചു.
“ഇതു ടോണി. എന്‍റ തൊട്ടയല്‍ക്കാരനാ. കൊച്ചുന്നാള്‍ മുതല്‍ ഞങ്ങള്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കളിച്ചു വളര്‍ന്നവരാ . ഇപ്പം മെഡിസിനു പഠിക്കുന്നു. ഈ വഴി പോയപ്പം എന്നെ കാണാൻ കേറീതാ ”
രണ്ടുപേരും ടോണിയെ നോക്കി ഹൃദ്യമായി ചിരിച്ചു. രേവതി അവരുടെ സമീപം ഇരുന്നു ടോണിയോട് സംസാരിച്ചു. അവൾ വായ് തോരാതെ സംസാരിക്കുന്നത് കണ്ടപ്പോൾ ടോണി ഓർത്തു . മിടുക്കിയാണല്ലോ ഇവൾ ! ഒരുപാടു കാലം ഒന്നിച്ചു കഴിഞ്ഞ സുഹൃത്തിനോടെന്നപോലെയായിരുന്നു അവളുടെ സംസാരം .
ജാസ്മിനു കിട്ടിയ റൂംമേറ്റ്സ് കൊള്ളാം. അവൻ മനസിൽ പറഞ്ഞു .
“കത്തി വച്ചു ഞാന്‍ ബോറടിപ്പിച്ചു അല്ലേ. ഞാനങ്ങനെയാ. ഇഷ്ടമുള്ളവരോട് നിറുത്താതെ സംസാരിക്കും.” രേവതി പറഞ്ഞു.
“ബോറടിയായിട്ട് എനിക്കു തോന്നിയില്ല ട്ടോ . പ്രത്യേകിച്ചു കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരാകുമ്പം…” അതു പറഞ്ഞിട്ട് അവന്‍ ചിരിച്ചു.
അതുകേട്ട് രേവതിയും ചിഞ്ചുവും പൊട്ടിച്ചിരിച്ചു.
”അപ്പം കാണാൻ കൊള്ളാമെന്നു സമ്മതിച്ചു ”
”ഷുവർ ”
”ഇതൊക്കെ കേൾക്കുന്നതാ ഞങ്ങൾക്കും ഒരു സന്തോഷം ”
ജാസ്മിനു പക്ഷേ അവരുടെ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല. അവള്‍ കണ്ണുരുട്ടി ടോണിയെ നോക്കി. അവൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് കണ്ടപ്പോൾ ടോണി സംസാരം നിറുത്തി.
“അപ്പം ഞങ്ങളു വരട്ടെ. നിങ്ങളു സംസാരിച്ചിരിക്ക് .” രേവതിയും ചിഞ്ചുവും ഗുഡ്ബൈ പറഞ്ഞ് റൂമിലേക്കു തിരിച്ചുപോയി.
“അമ്പടാ കള്ളാ … കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേര്! ഇങ്ങനാണോ കാണുന്ന പെമ്പിള്ളേരോടൊക്കെ പറയുന്നത്? അതുവേണ്ടാ ട്ടോ.”
– കണ്ണുരുട്ടിയിട്ട് അവന്‍റെ കൈതണ്ടയിൽ ഒരു നുള്ളു കൊടുത്തു ജാസ്മിൻ.
“ഞാനവരെ സന്തോഷിപ്പിക്കാന്‍ വെറുതെ ഒരു നുണ പറഞ്ഞതല്ലേ? നിന്‍റെ ഏഴയലത്തു വരില്ല ആ സാധനങ്ങള്. എന്നാ കോലമാ.”
“കേട്ടപ്പം എനിക്കു ശരിക്കും ദേഷ്യം വന്നു ട്ടോ .”
മുഷ്ടി ചുരുട്ടി അവള്‍ ടോണിയുടെ മുതുകിന് മൃദുവായി ഒരിടി കൊടുത്തു.
”അങ്ങനൊക്കെ ദേഷ്യം വരാൻ തുടങ്ങിയാൽ തുടങ്ങിയാൽ എങ്ങനാ ”
”അതേയ് … ഒരു പെണ്ണിന്റെ വികാരങ്ങളും വിചാരങ്ങളും ടോണിക്കറിഞ്ഞൂടാത്തതുകൊണ്ടാ . വേറൊരു പെണ്ണിനെ പൊക്കി പറയുന്നത് ഒരു പെണ്ണിനും ഇഷ്ടമല്ല . മനസിലായോ ”
”മനസിലായി . ഇനി ആരേം അങ്ങനെ പൊക്കൂലാ , പോരേ ?”
” മതി”
പിന്നെയും കുറേനേരം സംസാരിച്ചിരുന്നു അവര്‍.
യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ ഗേറ്റുവരെ ജാസ്മിന്‍ അവനെ അനുഗമിച്ചു. റ്റാറ്റാ കൊടുത്തിട്ടു തിരിഞ്ഞപ്പോള്‍ സങ്കടം വന്നു അവൾക്ക് . ഇനി കുറേനാളു കഴിഞ്ഞിട്ടേ കാണാന്‍ പറ്റുകയുള്ളല്ലോ !
തിരിച്ചു റൂമില്‍ വന്നപ്പോള്‍ രേവതി ജാസ്മിനോടു ചോദിച്ചു:
”ഞാനൊരു കാര്യം ചോദിച്ചാല്‍ ജാസ് സത്യം പറയുമോ?”
“ഉം ?”
“നിങ്ങളു തമ്മില്‍ ലവ് ആണോ?”
പൊടുന്നനെ അങ്ങനെ ഒരു ചോദ്യം വന്നപ്പോൾ ഒരുനിമിഷം പരുങ്ങി അവൾ . അടുത്തക്ഷണം നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കിയിട്ട് അവള്‍ പറഞ്ഞു:
‘അയ്യോ അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല ഞങ്ങള് . എന്‍റെ ബ്രദറിനേപ്പോലെയാ ഞാന്‍ ടോണിയെ കാണുന്നത്. തിരിച്ചിങ്ങോട്ടും അങ്ങനെയാ. കൊച്ചുന്നാള്‍ മുതല്‍ ഞങ്ങള്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവരാ. ഈ വഴി പോയപ്പം വിശേഷങ്ങളറിയാന്‍ വേണ്ടി ഒന്നു കേറിന്നേയുള്ളൂ. അതിനു വേറെ അർത്ഥമൊന്നും കാണണ്ടാട്ടോ ?”
”അടുപ്പം കണ്ടപ്പം അങ്ങനെ ഒരു സംശയം തോന്നിപ്പോയി . അതുകൊണ്ടു ചോദിച്ചെന്നേയുള്ളൂ. “
“അങ്ങനൊന്നുമില്ലാട്ടോ. അതൊരു കഥയാക്കി ഇനി ഇവിടെ പ്രചരിപ്പിക്കണ്ട.”
“ഏയ്.”
പിന്നെ ആ വിഷയത്തെപ്പറ്റി സംസാരിച്ചില്ല ആരും .
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രേവതിയുടെ മനസ്സില്‍ ടോണിയുടെ രൂപമായിരുന്നു.
ടോണി സുന്ദരനാണ്. നല്ല പെരുമാറ്റവും സംസാരവും. ആ ചിരി കാണാൻ തന്നെ എന്തൊരു രസം . മനസ്സിന്‍റെ ഭിത്തിയില്‍ എവിടെയോ അയാള്‍ ഉടക്കിയോ? മറ്റൊരാണിനോടും തോന്നാത്ത സ്നേഹം ഇപ്പോള്‍ എന്തേ അയാളോട് തോന്നുന്നു? അവളുടെ മനസ് പിടയാൻ തുടങ്ങി .
പിറ്റേന്ന്, ഊര്‍മ്മിളയോടും രാജിയോടും ടോണിയെ പരിചയപ്പെട്ട കാര്യം രേവതി പറഞ്ഞു. അവള്‍ അയാളെ പുകഴ്ത്തിപ്പറയുന്നതു കേട്ടപ്പോള്‍ രാജി സംശയത്തോടെ ചോദിച്ചു:
“നിന്‍റെ മനസിലയാളുടക്കീന്നു തോന്നുന്നല്ലോ?”
“സത്യം. നല്ല സ്മാര്‍ട്ടു പയ്യനാ. അയാളുമായി ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയാല്‍ കൊള്ളാമെന്നുണ്ട്. വെറുതെ കമ്പനി കൂടി ഒന്നു ചുറ്റിയടിക്കാന്‍.”
“അതിന് അയാള്‍ക്കു കൂടി തോന്നണ്ടേ?”
“തോന്നണം. തോന്നിപ്പിക്കണം. ഈ രേവതി വര്‍മ്മ വിചാരിച്ചാൽ അത് നടക്കാതിരിക്കുമോ ?.”
“ഇതു നടക്കുമെന്നു തോന്നുന്നില്ല. മെഡിസിനു പഠിക്കുന്ന ആളല്ലേ. അയാള്‍ക്കു വേറെ ലൈന്‍ കാണും.”
“അങ്ങനെ ലൈൻ ഉണ്ടെങ്കിൽ ആ ലൈന്‍ പൊട്ടിച്ചിട്ട് ഈ ലൈന്‍ കൊടുക്കണം. അതല്ലേ അതിന്റെ ഒരു ത്രില്ല്. ”
“നിന്‍റെ പ്രണാഭ്യര്‍ത്ഥനയുമായിട്ടങ്ങു ചെല്ലുമ്പഴേ അയാള്‍ക്കു കാര്യം പിടികിട്ടും. നാണം കെടാതെ വേറെവല്ല പണിയുമുണ്ടെങ്കില്‍ നോക്ക് പെണ്ണേ.”
രാജിയുടെ വാക്കുകള്‍ രേവതിയുടെ വാശി വര്‍ദ്ധിപ്പിക്കുകയായിരുന്നു. അവള്‍ പറഞ്ഞു:
“നീ നോക്കിക്കോ. ഞാന്‍ രേവതിവർമ്മയാണെങ്കിൽ അയാളെ വീഴിക്കും . വീഴിച്ചില്ലെങ്കില്‍ എന്‍റെ പേര് നീ പട്ടിക്കിട്ടോ.”
“വേണ്ട മോളേ, വെല്ലുവിളി വേണ്ട . ചിലപ്പം അയാളും ജാസ്മിനും തമ്മില്‍ പ്രേമമായിരിക്കും . നീ അറിയണ്ടാന്നു കരുതി ഒരു ബന്ധവുമില്ലെന്ന് അവളു വെറുതെ പറഞ്ഞതാകും.”
“ഏയ്, അതുണ്ടാവില്ല. ഉണ്ടെങ്കില്‍ അതെന്നോട് തുറന്നു പറയാന്‍ അവള്‍ എന്തിനാ മടിക്കുന്നേ? ഞാന്‍ പല പ്രാവശ്യം തിരിച്ചും മറിച്ചും ചോദിച്ചു. ഒരു ബന്ധവുമില്ലെന്നാ അവളു പറഞ്ഞത്. ഒരു ബ്രദര്‍ സിസ്റ്റര്‍ റിലേഷന്‍ഷിപ്പു മാത്രം.”
“അങ്ങനെയെങ്കിൽ നിന്റെ ആഗ്രഹം പോലെ കാര്യങ്ങൾ നടക്കട്ടെ . ”
”നടക്കട്ടെ എന്നല്ല . ഈ രേവതിവർമ്മ അത് നടത്തിയിരിക്കും ”
അതുപറഞ്ഞിട്ട് രേവതി എണീറ്റു തന്‍റെ മുറിയിലേക്കു പോയി.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyrightreserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഭാര്യ ജോലിചെയ്തു മടുത്തു നിൽക്കുമ്പോൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തുനോക്കൂ. അവളുടെ ദേഷ്യം പമ്പ കടക്കും!

0
ഭാര്യയുടെ ശിരസാണ് ഭർത്താവ്! ഭർത്താവിന്റെ ശിരസാണ് കർത്താവ്

”ഭാര്യ ജോലിചെയ്ത് മടുക്കുമ്പോൾ പിറകിലൂടെ വന്ന് തോളിൽ ഒന്ന് തട്ടി , ആരും കേൾക്കാതെ അവളുടെ ചെവിയിലൊന്നു ചോദിക്ക് : ”സഹായിക്കണോ ?” അപ്പോൾ അവൾ പറയും . ”വേണ്ടെന്നേ.., പോക്കൊന്നേ ” പിന്നെ അവൾ സന്തോഷത്തോടെ ഇരട്ടിപ്പണിചെയ്യും . ചിലപ്പോൾ അയൽപക്കത്തെ പണികൂടി ചെയ്തുകൊടുക്കും . അതാണ് സ്ത്രീകൾ . അതുകൊണ്ട് ആണുങ്ങളോട് ഞാൻ പറയുന്നു . നിങ്ങൾ സ്നേഹം ഒന്ന് പ്രകടിപ്പിക്ക് . എന്തിനാണ് മസിലുപിടിച്ചു നടക്കുന്നത് ? ഭാര്യയുടെ മുൻപിൽ നിങ്ങൾ സ്നേഹം ഒന്ന് എക്സ് പ്രസ് ചെയ്യ് . എന്തിനാണ് പിശുക്കു കാണിക്കുന്നത് ? ”

”ദാമ്പത്യത്തില്‍ സ്‌നേഹം പങ്കിടുന്നതില്‍ ഒരു മാറ്റം വേണം. ഭാര്യക്ക് ഭർത്താവിന്റെ സ്നേഹം പ്രകടമായി തന്നെ കിട്ടണം. പക്ഷേ , ഇന്നു ദാമ്പത്യമെന്നത്‌ പലപ്പോഴും ശാരീരിക ബന്ധം മാത്രമായി മാറുന്നു. അവിടെയാണ് പ്രശ്നം. ഭർത്താവ് ശാരീരികബന്ധത്തിനു ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ ഭാര്യ അതിനു രണ്ടാംസ്ഥാനമേ കൊടുക്കുന്നുള്ളൂ. മാനസിക സന്തോഷത്തിനാണ് അവൾ ഒന്നാം സ്ഥാനം കൊടുക്കുന്നത് . അത് മനസിലാക്കാതെ , സ്‌നേഹം പ്രകടിപ്പിക്കാതെ, ലൈംഗിക സംതൃപ്തിക്കുള്ള ഒരു ഉപകരണമായി മാത്രം ഭാര്യയെ കണ്ടാൽ അവൾ കേവലം ഒരു യന്ത്രമായി മാത്രം കിടപ്പു മുറിയിൽ മരവിച്ചു കിടക്കും . ”

ഭാര്യാഭർത്താക്കന്മാരുടെ സ്നേഹം പങ്കുവയ്ക്കൽ എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി പ്രശസ്ത ഫാമിലി കൗൺസിലർ ഗ്രേസ് ലാൽ പറയുന്നത് കേൾക്കൂ

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 7

0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 7

കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാർ അറിയാതെ അവര്‍ അതു രഹസ്യമായി സൂക്ഷിച്ചു. ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ടോണിക്കു പപ്പയില്ല. അമ്മയും പെങ്ങളും മാത്രം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ജാസ്മിനെ ഹോസ്റ്റലിലാക്കി പപ്പ. മൂല്യങ്ങള്‍ക്കു വിലകല്പിക്കാത്ത, പുരോഗമനവാദികളായ രേവതിയും ചിഞ്ചുവുമായിരുന്നു അവളുടെ റൂംമേറ്റ്സ്. ഇരുവരും പണക്കാര്‍. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള തന്‍റെ വീട്ടില്‍ കൊണ്ടുപോയി. രേവതിയുടേത് കപടസ്നേഹമാണെന്ന സത്യം ജാസ്മിന്‍ തിരിച്ചറിഞ്ഞില്ല. രാത്രി സതീഷ് എന്ന ചെറുപ്പക്കാരനെ വീട്ടില്‍ വിളിച്ചുവരുത്തി രേവതി ജാസ്മിനെ പരിചയപ്പെടുത്തി. സതീഷിന്‍റെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ ആള്‍ മാന്യനാണെന്നു ജാസ്മിന് തോന്നി . അയാള്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ച് അവളെക്കൊണ്ട് ഒരു ഗ്ളാസ് ബിയര്‍ കഴിപ്പിച്ചു. പാതിരാത്രിയില്‍ ആരുടെയോ കൈകള്‍ തന്‍റെ ദേഹത്തു സ്പര്‍ശിക്കുന്നു എന്നു തോന്നിയപ്പോള്‍ , കിടക്കയില്‍നിന്നു ചാടി എഴുന്നേറ്റ് അവള്‍ ലൈറ്റിട്ടു. വിളറിയ ചിരിയുമായി കിടക്കയില്‍ സതീഷ് കുത്തിയിരിക്കുന്നു ! അവള്‍ നിലവിളിച്ചു . സതീഷ് ചാടിവീണ് അവളുടെ വായ്പൊത്തി. (തുടര്‍ന്നു വായിക്കുക)


“പ്ലീസ് ജാസ്മിന്‍… ഒച്ചവയ്ക്കരുത്. എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാ. പുറത്താരും ഇതറിയില്ല. ആരും അറിയാതെയാ ഞാന്‍ കേറി വന്നത്. പ്ലീസ് സഹകരിക്ക്. കൈനിറയെ കാശ് തരാം. ജോലി വേണമെങ്കില്‍ ജോലി. സര്‍ക്കാര്‍ ജോലി ഞാന്‍ വാങ്ങി തരാം . അതല്ല സിനിമേൽ ചാൻസ് വേണമെങ്കിൽ അതും തരാം. ഒരുപാട് ഹോൾഡുള്ള ആളാ ഞാൻ . ഒച്ചവയ്ക്കരുത്. പ്ലീസ്.. ”
ജാസ്മിന്‍റെ മറുപടി കേള്‍ക്കാന്‍ സതീഷ്, അവളുടെ വായ് പൊത്തിയ കൈ അല്പം അയച്ചു. പൊടുന്നനെ അയാളുടെ കൈത്തണ്ടയില്‍ അവള്‍ ആഞ്ഞ് ഒരു കടികൊടുത്തു.
“ആ…” പിടിവിട്ടുപോയി സതീഷ് .
ഓടിച്ചെന്നു വാതില്‍ തുറക്കാന്‍ അവള്‍ ഒരു ശ്രമം നടത്തിയെങ്കിലും അതിനുമുമ്പേ സതീഷ് പാഞ്ഞു ചെന്ന് അവളെ വട്ടം കടന്നു പിടിച്ചു. നനഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെ കിലുകിലെ വിറച്ചുകൊണ്ട് അവള്‍ സതീഷിന്‍റെ നേരേ കൈകൂപ്പി.
“പ്ലീസ് എന്നെ ഒന്നും ചെയ്യരുതേ. ഞാൻ ഒരാളെ സ്നേഹിക്കുന്നുണ്ട് . എന്റെ ശരീരം കളങ്കപ്പെട്ടാല്‍ പിന്നെ ഞാന്‍ ജീവനോടെയിരിക്കില്ല. പ്ലീസ്… ഞാന്‍ കാലുപിടിക്കാം. എന്നെ ഉപദ്രവിക്കരുത് .., പ്ലീസ് സാർ “
“കരഞ്ഞു ബഹളം വയ്ക്കരുത്. ബഹളം വച്ചാല്‍ കൊന്നുകളയും ഞാൻ .” ഭീഷണിയുടെ സ്വരം ഉയര്‍ന്നപ്പോള്‍ അവള്‍ ബദ്ധപ്പെട്ട് കരച്ചില്‍ ഒതുക്കി. സിംഹത്തിന്‍റെ മുമ്പിലകപ്പെട്ട മാന്‍പേടയെപ്പോലെ പേടിച്ചരണ്ടു അവള്‍.

വാഗ്‌ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചു വശത്താക്കാനുള്ള സതീഷിന്‍റെ ശ്രമങ്ങളൊക്കെ വിഫലമായപ്പോൾ അയാൾ പരാജയം സമ്മതിച്ചു.
“ഇതുപോലൊരു പെണ്ണിനെ ഞാനാദ്യായിട്ടു കാണുവാ.” അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയിട്ടു സതീഷ് തുടര്‍ന്നു:
“നീ ഈ കാലഘട്ടത്തില്‍ ജനിക്കേണ്ട പെണ്ണല്ലായിരുന്നു . ഇനി കരഞ്ഞു സീനുണ്ടാക്കണ്ട ” അയാള്‍ വന്നു കസേരയില്‍ ഇരുന്നു.
താന്‍ പല പെണ്‍കുട്ടികളെയും വീഴിച്ചിട്ടുണ്ട്. വഴങ്ങില്ലെന്നു ശാഠ്യം പിടിച്ച ചിലരെ വാക്സാമര്‍ത്ഥ്യത്തിലൂടെയും സ്നേഹവായ്പിലൂടെയും കീഴടക്കി ആഗ്രഹം സാധിച്ചിട്ടുമുണ്ട്. പക്ഷേ ഇത്; ഇത് വല്ലാത്തൊരു സാധനം തന്നെ. തോറ്റുപോയി ഇവള്‍ക്കു മുമ്പില്‍ താൻ.
സതീഷ് നോക്കിയപ്പോള്‍ ജാസ്മിന്‍ ചുമരിനോട് ചേർന്നു നിന്നു ആലിലപോലെ വിറയ്ക്കുകയാണ്. ഇരു കവിളുകളിലും മിഴിനീര്‍ചാലുകള്‍ കീറിയിരിക്കുന്നു. ഏങ്ങിയേണ്ടി കരയുന്നുമുണ്ട് . കണ്ടപ്പോൾ സഹതാപം തോന്നി അയാൾക്ക് .
അയാള്‍ കസേരയിൽ നിന്ന് എണീറ്റു. അരയില്‍നിന്ന് ഊര്‍ന്നുവീഴാന്‍ തുടങ്ങിയ ലുങ്കി മുറുകെ ഉടുത്തു. എന്നിട്ടു വന്നു വാതില്‍ തുറന്നു. പുറത്തേക്കിറങ്ങുന്നതിനുമുമ്പ് അയാള്‍ തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു:
“പേടിക്കണ്ട. കിടന്നോ. ഞാനിനി വരില്ല ”
പുറത്തേക്കിറങ്ങിയിട്ടു അയാള്‍ വാതില്‍ വലിച്ചടച്ചു .
ജാസ്മിന്‍റെ വിറയല്‍ എന്നിട്ടും മാറിയില്ല.
അവൾ ഓർത്തു : ഒമ്പതുമണിവരെ എന്തൊരു മാന്യനായിരുന്നു അയാള്‍! സ്നേഹം കൊണ്ടു തന്നെ കീഴ്പ്പെടുത്താമെന്നയാള്‍ തെറ്റിദ്ധരിച്ചു കാണും. സബ്കളക്ടറാണത്രേ. ദുഷ്ടന്‍! നീചൻ !
ബിയറില്‍ മയക്കു മരുന്നു ചേര്‍ത്തു തന്നെ ബോധംകെടുത്തി അയാള്‍ വല്ലതും ചെയ്തിട്ടുപോയിരുന്നെങ്കില്‍! ഹൊ! ഓര്‍ക്കാന്‍ കൂടി വയ്യ! ഈ വീട്ടിൽ താമസിച്ചത് തന്റെ ബുദ്ധിമോശം !
ജാസ്മിന്‍ ആധിയോടെ തന്റെ ദേഹത്തേക്കു നോക്കി. എന്തൊക്കെ ചെയ്തു കാണും അയാള്‍ ? താന്‍ നല്ല ഉറക്കത്തിലായിരുന്നല്ലോ. സങ്കടം ഒതുക്കാനാവാതെ അവള്‍ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു. വിറയൽ അപ്പോഴും മാറിയിരുന്നില്ല .
“ജാസേ…” പുറത്തു വിളിയൊച്ച. രേവതിയാണ്. ജാസ്മിന്‍ ചെന്നു വാതില്‍ തുറക്കുന്നതിനുമുമ്പേ രേവതി വാതില്‍ തുറന്ന് അകത്തു പ്രവേശിച്ചു .
“എന്തു പറ്റി മോളേ…?”
ഒന്നുമറിയാത്ത മട്ടിലായിരുന്നു രേവതിയുടെ ചോദ്യം. മറുപടി പറയാതെ അവള്‍ തുറിച്ചു നോക്കി നില്‍ക്കുന്നതുകണ്ടപ്പോൾ രേവതി സ്വരം താഴ്ത്തി ചോദിച്ചു:
“സതീഷ് ഈ മുറീല്‍ കേറി വന്നോ?”
“ഉം…”ഗദ് ഗദത്തോടെ അവൾ തലകുലുക്കി.
“ആ ചെറ്റയെ ഇന്നു ഞാന്‍…”
പല്ലു ഞെരിച്ച്, ഈറ്റപ്പുലിയെപ്പോലെ രേവതി മുറിയില്‍നിന്നു വെളിയിലേക്കു പാഞ്ഞു. തെല്ലുനേരം കഴിഞ്ഞപ്പോള്‍ അവള്‍ സതീഷിനെ പിടിച്ചു വലിച്ചു കൊണ്ടു മുറിയിലേക്കു തിരികെ വന്നു. ജാസ്മിന്‍റെ മുമ്പിലേക്ക് അയാളെ വലിച്ചു തള്ളിയിട്ടിട്ട് അവള്‍ പല്ലുഞെരിച്ചുകൊണ്ടു അലറി:
“മാപ്പു ചോദിക്കെടാ ചെറ്റേ അവളോട്.”
സതീഷ് അവളോട് മാപ്പു ചോദിച്ചു.
ജാസ്മിന്‍ കേള്‍ക്കെ രേവതി അയാളെ ഒരുപാടു ചീത്തപറയുകയും ശകാരിക്കുകയും അവജ്ഞയോടെ നിലത്തേക്ക് തുപ്പുകയും ചെയ്തു.
“ഇനി ഒരു നിമിഷം നീ ഈ വീട്ടില്‍ നിന്നുകൂടാ. ഇപ്പം ഇറങ്ങണം ഇവിടുന്ന് . ഈ രാത്രീല്‍ത്തന്നെ സ്ഥലം വിട്ടോ..വൃത്തികെട്ടവൻ .., നാറി. ഇറങ്ങിപ്പോടാ “
സതീഷിനെ പിടിച്ചു വെളിയിലേക്ക് ആഞ്ഞുതള്ളിയിട്ട് അവള്‍ വാതില്‍ ബന്ധിച്ചു. എന്നിട്ടു ജാസ്മിന്‍റെ അടുത്തു വന്നു ചുമലില്‍ കൈവച്ച് ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു:
“കുടിച്ചു വെളിവുകെട്ട് അയാള്‍ക്ക് അമ്മേം പെങ്ങളേം തിരിച്ചറിയാന്‍ പറ്റാതെ പോയി മോളെ. താഴത്തെ മുറീലായിരുന്നു അയാള്‍ക്കു ബെഡ് വിരിച്ചു കൊടുത്തത്. ആ ചെറ്റ ഇങ്ങോട്ടു കേറിവരുമെന്ന് ഞാന്‍ വിചാരിച്ചില്ല.” രേവതി അവളെ തന്നിലേക്കു ചേര്‍ത്തു നിറുത്തി ചുമലില്‍ തലോടികൊണ്ടു തുടർന്നു .
” കഴിഞ്ഞതൊക്കെ ഒരു സ്വപ്നമായിട്ടു കണ്ടാ മതി. ആരോടും ഇതു പറയണ്ട. പറഞ്ഞാല്‍ നിന്നെയേ പഴിക്കൂ എല്ലാവരും. കേട്ടോ “
ജാസ്മിൻ മറുപടി ഒന്നും പറഞ്ഞില്ല
രേവതി കുറെ ഉപദേശങ്ങള്‍ നല്‍കുകയും നല്ല വാക്കുകള്‍ പറഞ്ഞ് അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ചിഞ്ചുവും ഊര്‍മ്മിളയും മുറിയിലേക്കു വന്നിരുന്നു . ജാസ്മിന്‍ കാണാതെ രേവതി അവരെ കണ്ണിറുക്കി കാണിച്ചു. എന്നിട്ടു ചോദിച്ചു.
“ആ നാറി പോയോ?”
“ഉം. വണ്ടി എടുത്തോണ്ട് സ്ഥലം വിട്ടു ” ചിഞ്ചുവും സങ്കടഭാവത്തിലായിരുന്നു.
രേവതി ജാസ്മിനെ പിടിച്ചുകൊണ്ടു വന്നു കട്ടിലില്‍ ഇരുത്തി . എന്നിട്ടു സാവധാനം കിടക്കയിലേക്കു ചായിച്ചു . ജാസ്മിൻ അപ്പോഴും ഏങ്ങലടിക്കുകയായിരുന്നു. ആശ്വാസവാക്കുകള്‍ പറഞ്ഞു അവളെ സമാധാനിപ്പിച്ചിട്ട് രേവതി പുതപ്പെടുത്ത് പുതപ്പിച്ചു. എന്നിട്ടു സ്നേഹവായ്പോടെ കുറേനേരം അവളുടെ ദേഹത്ത് തലോടിക്കൊണ്ടിരുന്നു.
രേവതിയുടെ മനസ്സറിവോടെയാണ് അയാള്‍ തന്നെ ഉപദ്രവിച്ചതെന്ന് താന്‍ തെറ്റിദ്ധരിച്ചല്ലോയെന്ന് ഓർത്തു ജാസ്മിനു പശ്ചാത്താപം തോന്നി.
“മോള്‍ക്കു പേടിയുണ്ടോ തന്നെ കിടക്കാൻ ? പേടിയുണ്ടെങ്കില്‍ ഞാനും കൂടി ഇവിടെ കിടക്കാം.”
“വേണ്ട. ഇപ്പം പേടിയൊക്കെ പോയി. കര്‍ത്താവ് എന്‍റെ കൂടെയുണ്ട്. ചേച്ചി പോയി കിടന്നോ.”
“വാതിലടച്ചു കുറ്റിയിട്ടിട്ടു കിടന്നോട്ടോ. ഇനി ആരും ഉപദ്രവിക്കാന്‍ വരില്ല. സമാധാനമായിട്ടു കിടന്നുറങ്ങിക്കോ.”
“ഉം. നേരമെന്തായി ചേച്ചി?”
“പന്ത്രണ്ടു മണികഴിഞ്ഞു .”
അവളുടെ മുടിയിഴകളില്‍ നാലഞ്ചു തവണ തഴുകിയിട്ട് രേവതി എണീറ്റു. ചിഞ്ചുവിനെയും ഊര്‍മ്മിളയെയും വിളിച്ച് അവള്‍ മുറിവിട്ടിറങ്ങി.
സ്റ്റെപ്പുകള്‍ ഇറങ്ങുന്നതിനിടയില്‍ രേവതി ചോദിച്ചു.
“എങ്ങനെയുണ്ടായിരുന്നു എന്‍റെ പെര്‍ഫോമന്‍സ്?”
“കലക്കി.” ചിഞ്ചു തുടർന്നു : ” ഞങ്ങള്‍ എല്ലാം കണ്ടു കൊണ്ട് പുറത്തു നിൽപ്പുൽണ്ടായിരുന്നു . ബസ്റ്റ് അഭിനയമായിരുന്നു. സിനിമയിൽ കേറിയാൽ താന്‍ ശരിക്കും ശോഭിക്കും. സതീഷിനെ പിടിച്ചൊരു തള്ളുകൊടുത്തത് കണ്ടപ്പം ഞാനോര്‍ത്തു അവന്‍ മൂക്കുകുത്തി വീണുപോകുമെന്ന് .”
“എന്തായാലും ജാസ്മിന്‍ ഇനി നമ്മളെ സംശയിക്കില്ലല്ലോ.” ഒന്നു നിറുത്തിയിട്ട് രേവതി തുടര്‍ന്നു: “ഞാന്‍ വിചാരിച്ചത് അവന്‍ അവളെ പറഞ്ഞു മയക്കി സാവധാനം വീഴിക്കുമെന്നാ. അതെങ്ങനാ, കള്ളുമൂത്തപ്പം ആര്‍ത്തി കൂടിക്കാണും. “
“എന്തായാലൂം നമ്മുടെ ഉറക്കം കളഞ്ഞു.” ഊര്‍മ്മിള ആരോടെന്നില്ലാതെ പറഞ്ഞു.
മൂന്നുപേരും വാതില്‍ തുറന്ന് അവരുടെ കിടപ്പുമുറിയിലേക്കു പ്രവേശിച്ചു.
പിറ്റേന്ന് പ്രഭാതം.
പകല്‍വെട്ടം ജനാലച്ചില്ലിലൂടെ മുറിയിലേക്കു തലനീട്ടിയപ്പോഴാണ് ജാസ്മിന്‍ ഉണര്‍ന്നത്. എണീറ്റിട്ട് അവള്‍ ക്ലോക്കിലേക്കു നോക്കി. മണി എഴര.
തലേരാത്രിയിലെ സംഭവം മനസ്സില്‍ തെളിഞ്ഞപ്പോൾ ഉള്ളിൽ ഒരു നടുക്കം ഉണ്ടായി . കരഞ്ഞുകരഞ്ഞ് എപ്പോഴാണ് താന്‍ ഉറങ്ങിപ്പോയത്? മുടി ഒതുക്കി കെട്ടിവച്ചിട്ട് അവള്‍ എണീറ്റു വന്നു കണ്ണാടിയില്‍ നോക്കി. മുഖത്തു നല്ല ക്ഷീണമുണ്ട്. ബാത്റൂമില്‍ പോയി തിരികെ വന്നപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു. അവള്‍ ചെന്നു വാതില്‍ തുറന്നു. രേവതിയാണ്.
“വാ… താഴെ കാപ്പി എടുത്തു വച്ചിട്ടുണ്ട്.”
“എനിക്കു വീട്ടില്‍ പോകണം ചേച്ചീ .” ജാസ്മിന്‍ വിഷമത്തോടെ പറഞ്ഞു.
“ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ടു ഞാന്‍ കൊണ്ടെ ബസുകേറ്റി വിടാം. വാ… വന്ന് ആദ്യം ഒരു ഗ്ലാസ് കോഫി കഴിക്ക്.”
രേവതിയുടെ പിന്നാലെ അവള്‍ താഴേക്കുള്ള പടികള്‍ ഇറങ്ങി.
“മമ്മി വരുമെന്നോര്‍ത്താ അയാളെ ഇവിടെ കിടക്കാന്‍ അനുവദിച്ചത്. മമ്മി വരില്ലാന്നു പിന്നെ വിളിച്ചു പറഞ്ഞു. അതാ പറ്റീത് . ”
ജാസ്മിന്‍ മിണ്ടിയില്ല.
“അവൻ ആളു മാന്യനായിരുന്നു. വെള്ളം അകത്തു ചെന്നപ്പം പിശാചു കേറീതാ. സാരമില്ല. ഒന്നും നഷ്ടപ്പെട്ടില്ലല്ലോ. ആരോടും ഇതു പറയണ്ടാട്ടോ.” രേവതി പ്രശ്നം ലഘൂകരിക്കാന്‍ ഒരു ശ്രമം നടത്തി .
കോഫി കുടിച്ചിട്ട് ജാസ്മിന്‍ ബാത്റൂമില്‍ പോയി നന്നായി കുളിച്ചു. ശരീരത്ത് സോപ്പു തേയ്ക്കുമ്പോള്‍ ഓര്‍ത്തു: അവന്‍റെ കൈകള്‍ എവിടെയൊക്കെ ഇഴഞ്ഞു നടന്നു കാണും? ഓര്‍ത്തപ്പോള്‍ കരച്ചിലും ദേഷ്യവും വന്നു.
കുളി കഴിഞ്ഞു വന്നപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് റഡി.
എല്ലാവരും ഒരുമിച്ചിരുന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്. ജാസ്മിന്‍ അപ്പോഴും മൗനിയായിരുന്നു. ഓരോന്നു പറഞ്ഞ് അവളെ സന്തോഷിപ്പിക്കാന്‍ രേവതിയും ചിഞ്ചുവും ഊര്‍മ്മിളയും കിണഞ്ഞു ശ്രമിച്ചെങ്കിലും അവളുടെ മുഖം തെളിഞ്ഞില്ല. മനസിലെ വേദന മാറിയില്ല .
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ജാസ്മിന്‍ വേഷം മാറി പോകാന്‍ റെഡിയായി. ബസ്സ്റ്റോപ്പില്‍ കൊണ്ടുവന്ന് അവളെ ബസ് കയറ്റി വിടാന്‍ രേവതിയോടൊപ്പം ചിഞ്ചുവും ഊർമ്മിളയും എത്തിയിരുന്നു.
യാത്ര അയച്ചശേഷം തിരിച്ചുപോരുമ്പോള്‍ രേവതി ചിഞ്ചുവിനോടു പറഞ്ഞു:
“ആളു തനി കണ്‍ട്രിയാണെന്ന് ഇപ്പം മനസ്സിലായില്ലേ? നമ്മുടെ കൂടെ കൂട്ടാന്‍ കൊള്ളില്ല ആ സാധനത്തിന്റെ . കൊണ്ടുവരണ്ടായിരുന്നൂന്ന് ഇപ്പം തോന്നുന്നു.”
“ജീവിതം ഒന്നേയുള്ളൂന്നും അത് സുഖിക്കാനുള്ളതാണെന്നും ആ കഴുതയ്ക്കറിയില്ല. വളരെ സേഫായ സ്ഥലമല്ലായിരുന്നോ? കൈനിറയെ കാശും കിട്ടുമായിരുന്നു.”
”തലക്കകത്തു കളിമണ്ണാണെന്നു തോന്നുന്നു ” ഊർമിള പറഞ്ഞു
“സതീഷ് അവളുടെ കൂടെ കിടക്കുന്നത് നീ മൊബൈലില്‍ പിടിച്ചിട്ടില്ലേ? നമുക്കതു വച്ച് ഒരു കളി കളിച്ചാലോ? അവളെ വീഴിക്കാന്‍ പറ്റിയ ആയുധമാ.” ചിഞ്ചു ചോദിച്ചു
“വേണ്ടെടോ. വിട്ടേക്ക് ആ പുണ്യാളത്തിയെ. അത് അതിന്റെ വഴിക്കു പോട്ടെ . ഇനി അതിനെ കണ്ണീരു കുടിപ്പിക്കണ്ട . പോയി വല്ല കന്യാസ്ത്രീം ആകട്ടെ ആ കൊച്ച് ” രേവതി പറഞ്ഞു
“അവളു വീട്ടില്‍പോയി പറഞ്ഞു പോലീസില്‍ വല്ല കംപ്ലയിന്‍റും കൊടുക്കുമോ?”
ഊര്‍മ്മിളയ്ക്കു ഭയം.
“അങ്ങനെ ചെയ്താല്‍ അവളുടെ ജീവിതം തകര്‍ത്തു തരിപ്പണമാക്കും ഞാന്‍. അതിനുള്ള വെടിമരുന്നാ എന്‍റെ മൊബൈലില്‍ കിടക്കുന്നത്. അതിനുവേണ്ടി തന്നെയാ അത് പിടിച്ചതും ” -രേവതി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“അതു സൂക്ഷിച്ചു വച്ചേക്കണെ. എപ്പഴാ ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല.”
“അതൊക്കെ ഭദ്രമായി ഞാൻ സൂക്ഷിച്ചോളാം. അവളു പരാതിപ്പെട്ടാല്‍ അവളുടെ ജീവിതം തകർത്ത് തരിപ്പണമാക്കും ഞാൻ .”
“എല്ലാം മുന്‍കൂട്ടി കണ്ട് വേണ്ട രീതിയില്‍ കാര്യങ്ങൾ ചെയ്യാൻ നീ മിടുക്കിയാ ”
ചിഞ്ചു അവളെ അഭിനന്ദിച്ചു.
” അതൊക്കെ നേരാ . പക്ഷേ ജാസിന്റെ മുൻപിൽ പരാജയപ്പെട്ടു പോയില്ലേ ” ഊർമ്മിള പറഞ്ഞു
” പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാ . നീ നോക്കിക്കോ ” രേവതി പല്ലു ഞെരിച്ചു
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( Ignatious Kalayanthani ) copyright reserved

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

മൂന്നര പതിറ്റാണ്ടിന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ദൈവം ആന്റണി-സെസി ദമ്പതികൾക്ക് കൊടുത്തത് മൂന്ന് കൺമണികൾ

0
മൂന്നര പതിറ്റാണ്ടിന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ദൈവം ആന്റണി-സെസി ദമ്പതികൾക്ക് കൊടുത്തത് മൂന്ന് കൺമണികൾ

വിവാഹം കഴിഞ്ഞു കുഞ്ഞുണ്ടാകാത്ത സങ്കടത്തിൽ കഴിയുമ്പോഴാണ് സെസി 1993ൽ ഭർത്താവിനൊപ്പം ഒരു ധ്യാനത്തിൽ പങ്കെടുത്തത്. ആ ധ്യാനത്തിൽ ദൈവത്തിന്റെ ഉറപ്പ് ലഭിച്ചു . ‘അബ്രഹാം കാത്തിരുന്നതു പോലെ നിങ്ങളും കാത്തിരുന്നാൽ മക്കളെ ലഭിക്കും.’

കാലം ഒരുപാട് കടന്നു പോയപ്പോഴും സെസിക്കും ഭർത്താവ് ആന്റണിക്കും വിശ്വാസമുണ്ടായിരുന്നു ഉറപ്പുതന്ന ദൈവം തങ്ങളുടെ ആഗ്രഹം നിറവേറ്റുമെന്ന് . മൂന്നരപതിറ്റാണ്ടിനിപ്പുറം അമ്പത്തഞ്ചാം വയസിൽ അവരുടെ ആഗ്രഹം മൂവാറ്റുപുഴയിലെ ഡോക്ടർ സബൈൻ ശിവദാസിലൂടെ ദൈവം നിറവേറ്റി. ഒന്നല്ല , മൂന്നു കുഞ്ഞുങ്ങളെയാണ് ദൈവം അവർക്ക് ഒരുമിച്ചു കൊടുത്ത് അനുഗ്രഹിച്ചത്. രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും. ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ വീട്ടിൽ ജോർജ് ആന്റണിയും ഭാര്യ സെസിയുമാണ് വിവാഹം കഴിഞ്ഞ് 34 വർഷത്തിനു ശേഷം മൂന്നു കുട്ടികളെ ഒരുമിച്ചു തന്നതിൽ ദൈവത്തിനും ചികിൽസിച്ച ഡോക്ടറിനും നന്ദി പറയുന്നത്.

കഴിഞ്ഞ ജൂലൈ 22നാണ് സെസി മൂന്നു കുഞ്ഞുങ്ങൾക്കു ജൻമം നൽകിയത് . ആന്റണി പോൾ ജോർജ്, ബേബി പോൾ ജോർജ് എന്നിവർക്ക് ഒരു കുഞ്ഞു പെങ്ങളായി എൽസ മരിയ ജോർജ്ജും .

കഴിഞ്ഞ 34 വർഷവും നിരവധി ആശുപത്രികളിൽ ചികിത്സ നടത്തിയിട്ടുണ്ട് ഈ ദമ്പതികൾ . ജോർജ്ജിന് പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലയിരുന്നു . കഴിഞ്ഞ വർഷം ജൂലൈയിൽ സെസിക്ക് രക്തസ്രാവമുണ്ടായി . എറണാകുളം രാജഗിരിയിൽ ചികിത്സയ്ക്കു പോയപ്പോഴാണ് മുവാറ്റുപുഴയിലെ സബെയിൻ ഡോക്ടറെപ്പറ്റി അറിഞ്ഞത് . ജൂനിയർ ഡോക്ടർമാർ ഗർഭപാത്രം എടുത്തു കളയേണ്ടി വരുമെന്നു പറഞ്ഞ സ്ഥാനത്ത് അവിടുത്തെ മുതിർന്ന ഡോക്ടർ പൈലി ആണ് മുവാറ്റുപുഴയിൽ പോയി സബൈൻ ഡോക്ടറെ കാണാൻ പറഞ്ഞത് .

കട്ടി കൂടിയ യൂട്രസ് ആവരണമായിരുന്നു ഗർഭധാരണത്തിനു തടസം നിന്നതെന്നു ഡോക്ടർ സബൈൻ ശിവദാസൻ പറഞ്ഞു . ആദ്യത്തെ നാലു മാസം പ്രാഥമിക ചികിത്സകൾ. തുടർന്ന് കൃത്രിമ മാർഗങ്ങളിലൂടെ ഗർഭധാരണം.

സ്കാൻ ചെയ്യുമ്പോൾ മൂന്നു കുട്ടികൾ. ഈ പ്രായത്തിൽ മൂന്നു കുഞ്ഞുങ്ങൾ പതിവാണെങ്കിലും അവരെ കിട്ടാറില്ല. പ്രായം തന്നെയാണ് പ്രശ്നം . മാസം തികയാതെ പ്രസവിക്കാനും സാധ്യത ഏറെ. ഗർഭം അലസിപ്പിക്കാമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും വിട്ടുകൊടുക്കാൻ സെസി തയാറായില്ല. ഈ പ്രായത്തിൽ ഗർഭം ധരിച്ചെങ്കിൽ ബാക്കി കാര്യവും ദൈവം നോക്കിക്കൊള്ളുമെന്ന ഉറപ്പായിരുന്നു കത്തോലിക്ക വിശ്വാസികളായ ഈ ദമ്പതികൾക്ക് . മൂന്നു നാലു ഡോക്ടർമാർ പറഞ്ഞിട്ടും ഒരേ നിലപാടിലായിരുന്നു.ദൈവം തരും എന്ന ഉറച്ച ആത്മവിശ്വാസം . ഗർഭപാത്രം ഡബിൾ സ്റ്റിച്ചിട്ടു മുന്നോട്ടു പോയി. 33 ആഴ്ച ആയപ്പോഴേക്ക് സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ എടുക്കുകയായിരുന്നു. മൂന്നു പേർക്കും ശരീരഭാരം ഒന്നര കിലോഗ്രാമിനു മുകളിൽ.

അണ്ഡത്തിലേക്ക് ബീജം ഇൻജെക്ട് ചെയ്ത് ഭ്രൂണം ഉണ്ടാക്കി അതിനെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന പുതിയ രീതിയാണ് ഡോക്ടർ സബൈൻ അവലംബിച്ചത്. ഇതിനു വിജയ നിരക്കു കൂടുതലാണെന്നും ഡോക്ടർ പറയുന്നു . നിരവധിപേർക്ക് ഈ ആധുനിക ചികിത്സയിലൂടെ കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു . 2015ൽ അൻപതാം വയസിൽ ആണ് തൃപ്പൂണിത്തുറ സ്വദേശിനി സുജാതക്ക് മൂന്നു കുഞ്ഞുങ്ങൾ ജനിച്ചത്. ആ കുരുന്നുകൾ വളർന്നു സ്കൂളിൽ പോകാറായ ദിവസം യൂണിഫോം ധരിച്ച ചിത്രം അയച്ചു കിട്ടിയത് ഡോക്ടർക്ക് ഏറെ സന്തോഷം നൽകിയെന്ന് പറഞ്ഞു .

Also Read : ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും: ഡോ ഫിന്റോ ഫ്രാൻസിസ്

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

Also Read ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ:

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: ഡോ. ഫിന്റോ ഫ്രാൻസിസ്

Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ? ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ് പറയുന്നത് കേൾക്കൂ

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also Read പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് പ്രസവവേദനയാണോ എന്ന് തിരിച്ചറിയുക?

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

“ഈശോ” യുടെ കാര്യത്തിൽ ആക്രോശങ്ങളല്ല വിവേകവും ബുദ്ധിയും വിനിയോഗിച്ചുള്ള ക്രിസ്തീയശൈലി പ്രതികരണമാണ് വേണ്ടതെന്ന് ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി

0
"ഈശോ" സിനിമയുടെ കാര്യത്തിൽ ആക്രോശങ്ങളല്ല വിവേകവും ബുദ്ധിയും വിനിയോഗിച്ചുള്ള ക്രിസ്തീയ ശൈലി പ്രതികരണമാണ് വേണ്ടതെന്ന് ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി

“ഈശോ” എന്ന സിനിമയുടെ ഉള്ളടക്കത്തിൽ ക്രൈസ്തവ വിരുദ്ധമായ ആശയങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ട കാര്യമില്ല. സോഷ്യൽമീഡിയയിലും സമൂഹത്തിലും ചില പ്രത്യേക വിഭാഗങ്ങൾ അക്രമസ്വഭാവത്തോടെ പ്രതികരിക്കുന്നു എന്നതിനാൽ, ആ രീതി ക്രൈസ്തവർ സ്വീകരിക്കുന്നത് ആശാസ്യമല്ല. ക്രൈസ്തവ പ്രതികരണങ്ങൾ ക്രിസ്തീയവും മാതൃകാപരവുമായിരിക്കണം . രൂക്ഷപ്രതികരണങ്ങളുമായി രംഗപ്രവേശംചെയ്ത ചിലരുടെയെങ്കിലും ഉദ്ദേശ്യശുദ്ധി നല്ലതാണെന്ന് കരുതാനാവില്ല. പ്രശസ്‌തിക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ ഇത്തരം അവസരങ്ങളെ ഉപയോഗിക്കാൻ കരുതിയിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും തിരിച്ചറിഞ്ഞ് മാറ്റിനിർത്താനുള്ള ഉത്തരവാദിത്തവും എല്ലാവർക്കുമുണ്ട്. അതോടൊപ്പം, ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങൾ വിപരീതമായ ഫലങ്ങൾ ഉളവാക്കുന്ന അവസ്ഥ സംജാതമാകുന്നതിനെക്കുറിച്ചും നാം ജാഗരൂകരാകണം. അമിത വൈകാരികത പ്രകടിപ്പിക്കുന്ന ചർച്ചകൾ തീവ്രവാദപരമായി മാറുന്നത് ക്രൈസ്തവ സമൂഹത്തിന്റെ പൊതുവായ സൽപ്പേരിനും സാമാന്യ ജനതയ്ക്കിടയിലുള്ള സ്വീകാര്യതയ്ക്കും കോട്ടം വരുത്തിയേക്കാം എന്നുള്ള അപകടമുണ്ട്. തങ്ങൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന വിധത്തിലുള്ള ചിന്തകളുടെ പ്രാമുഖ്യം സോഷ്യൽമീഡിയയുടെ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിൽ നമുക്കിടയിൽ വളർന്നുവരുന്നുണ്ട്. ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കപ്പുറം വിവേകവും ബുദ്ധിയും വിനിയോഗിച്ചുകൊണ്ടുള്ള ക്രിസ്തീയമായ ഇടപെടലുകളിലേയ്ക്ക് സമുദായബോധവും പ്രതികരണ ശൈലിയും മാറ്റപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്.

കെ.സി.ബി.സി.ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി കെ.സി.ബി.സിന്യൂസ് എന്ന ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗം ആണ് മുകളിൽ കൊടുത്തത് . ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ :

കഴിഞ്ഞ ചില ദിവസങ്ങൾക്കിടയിൽ സോഷ്യൽമീഡിയയിലെ ചില പ്രതികരണങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പലയിടങ്ങളിലായി കാണുന്നുണ്ട്. ക്രൈസ്തവരുടെ പ്രതികരണരീതികളെപ്പറ്റി ആശങ്കയോടെ പ്രതികരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഏറെ വിഷയത്തിലുള്ള ഭിന്നാഭിപ്രായങ്ങൾ നമുക്കിടയിൽ വിഭാഗീയതയ്ക്ക് കാരണമാകുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത. നമുക്ക് ഹിതകരമല്ലാത്ത ഒന്ന് സംഭവിച്ചാൽ പ്രതികരിക്കേണ്ടതില്ലേ ?പ്രതികരിക്കേണ്ടതുണ്ടെങ്കിൽ എപ്രകാരമാണ് പ്രതികരിക്കേണ്ടത് ?ഈ രണ്ടു ചോദ്യങ്ങൾക്കുള്ള വ്യത്യസ്ത ഉത്തരങ്ങളാണ് നമുക്കിടയിൽ പലപ്പോഴും പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. അത്തരം ഏറ്റുമുട്ടലുകൾ ചിലപ്പോഴെങ്കിലും കൂടുതൽ ദോഷകരമാണ് എന്നുള്ള കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്.

“ഈശോ” എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ ചർച്ചകളിലേയ്ക്ക് വഴിമാറിയിരിക്കുന്നു. ഈ വിഷയം പലകാരണങ്ങൾക്കൊണ്ടും നമുക്കിടയിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നു എന്നുള്ളത് നിസ്തർക്കമാണ്. ക്രൈസ്തവരുടെ വിശ്വാസത്തിന്റെ ഭാഗമായത് എന്ന നിലയിൽ മാത്രമല്ല, ഒരു മതത്തിൽ പെട്ടവരുടെയും നിഷ്കളങ്കമായ വിശ്വാസ വിഷയങ്ങളിൽ അവർക്ക് അസ്വസ്ഥത തോന്നുന്ന രീതിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ കൈകടത്തുന്നത് നല്ലതല്ല. കല ആത്യന്തികമായി മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതായിരിക്കണം, അസ്വസ്ഥതകൾക്ക് അത് ഇടയാക്കിക്കൂടാ. മതങ്ങളുടെ ഭാഗമായ യാതൊന്നും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ് എന്നല്ല ഈ പറഞ്ഞതിന്റെ അർഥം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്റെതായ പ്രസക്തി ഇവിടെയുണ്ട്. എന്നാൽ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ, ശ്രദ്ധ കിട്ടാനോ വേണ്ടി ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്.

കേവലം പൊതുജന ശ്രദ്ധ ലഭിക്കുന്നതിനായി “ഈശോ” എന്ന പേര് ഒരു സിനിമയിലെ നായകനും, ആ സിനിമയ്ക്കും നൽകിയിരിക്കുന്നു എന്നുള്ളതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മനസിലാക്കാൻ സാധിച്ചതനുസരിച്ച്, ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന പ്രസ്തുത ചലച്ചിത്രത്തിനും അതിലെ നായകനും “ഈശോ” എന്ന പേര് നൽകിയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതേസമയം, സിനിമയുടെ ഉള്ളടക്കത്തിൽ ക്രൈസ്തവ വിരുദ്ധമായ ആശയങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ട കാര്യവുമില്ല.

മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത

മലയാള സിനിമയിൽ ക്രൈസ്തവ വിരുദ്ധത ചിത്രീകരിക്കപ്പെടുന്നത് അപൂർവമല്ല എന്നുള്ളത് ഏവരും മനസിലാക്കിയിരിക്കുന്ന ഒരു കാര്യമാണ്. ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്തീയതയ്ക്ക് തികച്ചും വ്യാജമായ മറ്റൊരു ഭാഷ്യം നൽകുന്ന സിനിമകൾ പോലും ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമ ഒരു ഉദാഹരണമാണ്. ക്രൈസ്തവർ അമൂല്യമായ കരുതുന്ന പലതിനെയും വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കുന്നതിനായി പിച്ചിച്ചീന്തുന്ന രീതിയും സമീപകാലങ്ങളിലായി പതിവായി കാണപ്പെടുന്നുണ്ട്. അത്തരം പ്രവണതകൾ തികച്ചും പ്രതിഷേധാർഹവും ഒഴിവാക്കപ്പെടേണ്ടതുമാണ്.

ഇത്തരത്തിലുള്ള പ്രവണതകൾ വർദ്ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ക്രൈസ്തവ സമുദായത്തിൽ പലകോണുകളിലായി പുകഞ്ഞുകൊണ്ടിരിക്കുകയും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ചില ആസൂത്രിത ശ്രമങ്ങൾ ഉണ്ടെന്ന ആരോപണങ്ങൾ ശക്തിപ്പെടുകയും ചെയ്തിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ഒരേ സംവിധായകന്റെ രണ്ടു സിനിമകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. ആ രണ്ടു സിനിമകളുടെയും പേരുകൾക്ക് ക്രൈസ്തവ വിശ്വാസവുമായി ബന്ധമുണ്ടായിരുന്നു എന്നുള്ളത് കുറേപ്പേരെ പ്രകോപിതരാക്കുകയും പതിവിലേറെ പ്രതിഷേധം ആ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഉയരുകയും ചെയ്തു.

ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടതേയില്ല എന്ന വാദഗതി യുക്തമല്ല. എന്നാൽ, ക്രൈസ്തവ പ്രതികരണങ്ങൾ ക്രിസ്തീയവും മാതൃകാപരവുമായിരിക്കണം എന്നുള്ളതിൽ സംശയമില്ലതാനും. സോഷ്യൽമീഡിയയിലും സമൂഹത്തിലും ചില പ്രത്യേക വിഭാഗങ്ങൾ അക്രമസ്വഭാവത്തോടെ പ്രതികരിക്കുന്നു എന്നതിനാൽ, ആ രീതി ക്രൈസ്തവർ സ്വീകരിക്കുന്നത് ആശാസ്യമല്ല. ശത്രുക്കളായി കണ്ട് യുദ്ധം ചെയ്ത് തോൽപ്പിക്കാനല്ല, വിവേകത്തോടെ പ്രതികരിച്ച് ശാശ്വത പരിഹാരം നേടാനാണ് നാം പരിശ്രമിക്കേണ്ടത്. പ്രതികരണങ്ങൾക്കൊണ്ട് ശത്രുക്കളെ സൃഷ്ടിക്കുന്ന രീതി ക്രിസ്തീയമാണെന്ന് കരുതാനാവില്ല.

ബാഹ്യ ഇടപെടലുകളെ സൂക്ഷിക്കണം

ഇത്തരം വിഷയങ്ങളിൽ അതിവൈകാരികത സൃഷ്ടിച്ച് വർഗീയ വിദ്വേഷം വിതയ്ക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടലുകളുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. രൂക്ഷപ്രതികരണങ്ങളുമായി രംഗപ്രവേശംചെയ്ത ചിലരുടെയെങ്കിലും ഉദ്ദേശ്യശുദ്ധി നല്ലതാണെന്ന് കരുതാനാവില്ല. പ്രശസ്‌തിക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ ഇത്തരം അവസരങ്ങളെ ഉപയോഗിക്കാൻ കരുതിയിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും തിരിച്ചറിഞ്ഞ് മാറ്റിനിർത്താനുള്ള ഉത്തരവാദിത്തവും എല്ലാവർക്കുമുണ്ട്. അതോടൊപ്പം, ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങൾ വിപരീതമായ ഫലങ്ങൾ ഉളവാക്കുന്ന അവസ്ഥ സംജാതമാകുന്നതിനെക്കുറിച്ചും നാം ജാഗരൂകരാകണം. സിനിമയുടെ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഏതുതരത്തിലുള്ള വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതും, അത് സിനിമയുടെ റിലീസിന് തടസമായി മാറുന്നില്ലെങ്കിൽ പ്രചാരണത്തിന് നല്ലതാണ്. അത്തരത്തിൽ അനർഹമായ നെഗറ്റിവ്‌ പബ്ലിസിറ്റി സമ്പാദിച്ചുകൊടുക്കുവാൻ അതിരുവിട്ട ചർച്ചകൾ കാരണമായേക്കാം. അമിതവൈകാരികത പ്രകടിപ്പിക്കുന്ന ചർച്ചകൾ തീവ്രവാദപരമായി മാറുന്നത് ക്രൈസ്തവ സമൂഹത്തിന്റെ പൊതുവായ സൽപ്പേരിനും സാമാന്യ ജനതയ്ക്കിടയിലുള്ള സ്വീകാര്യതയ്ക്കും കോട്ടം വരുത്തിയേക്കാം എന്നുള്ള അപകടവുമുണ്ട്.

പ്രതികരണങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ

ഇത്തരം പ്രതികരണങ്ങൾക്കുമേലുള്ള തുടർചർച്ചകൾ കൂടുതൽ രൂക്ഷമായി മാറുന്നതാണ് സോഷ്യൽമീഡിയയിലെ മറ്റൊരു പ്രതിഭാസം. വിഭാഗീയതയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയുള്ള യാഥാർഥ്യബോധത്തോടെയുള്ള സമീപനം പലപ്പോഴും നമുക്ക് കൈമോശം വന്നുപോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികരണത്തിന്റെ ശൈലിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസം ശത്രുതയിലേക്കല്ല, സംവാദത്തിലേയ്ക്കും സമവായത്തിലേയ്ക്കുമാണ് നമ്മെ നയിക്കേണ്ടത്. തങ്ങൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന വിധത്തിലുള്ള ചിന്തകളുടെ പ്രാമുഖ്യം സോഷ്യൽമീഡിയയുടെ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിൽ നമുക്കിടയിൽ വളർന്നുവരുന്നുണ്ട്. ഒരു വിഷയത്തിന്റെ വിവിധ വശങ്ങൾ വിവേകപൂർവ്വം വിശകലനം ചെയ്ത് സന്തുലിതവും സ്വീകാര്യവുമായ നിലപാടുകൾ സ്വീകരിക്കാനാണ് എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ടത്.

ക്രൈസ്തവ സമൂഹത്തിൽ സമീപകാലങ്ങളായി വളർന്നുവന്ന സമുദായബോധത്തിന് ഒട്ടേറെ സത്ഗുണങ്ങളുണ്ട്. ഒരുമിച്ചു മുന്നേറണമെന്നും അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും ഒരുമിച്ചുനിന്ന് പ്രതിരോധിക്കണമെന്നുമുള്ള തിരിച്ചറിവ് മോശമല്ലാത്ത ഒരു വിഭാഗം ക്രൈസ്തവരിൽ രൂപപ്പെട്ടിരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. അത്തരം കാഴ്ചപ്പാടുകളുടെ നന്മയും കാലികപ്രസക്തിയും മനസിലാക്കി പ്രതികരിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതോടൊപ്പം, ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കപ്പുറം വിവേകവും ബുദ്ധിയും വിനിയോഗിച്ചുകൊണ്ടുള്ള ക്രിസ്തീയമായ ഇടപെടലുകളിലേയ്ക്ക് സമുദായബോധവും പ്രതികരണ ശൈലിയും മാറ്റപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്.

ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഒ.സി
.

Also Read ”കഞ്ഞിപ്പുരയിൽ ഉപ്പ്മാവ് വേവുമ്പോഴുണ്ടാവുന്ന മണം; അതിനേക്കാൾ വല്യ മണമൊന്നും ഭൂമിയിൽ ഇല്ല ടീച്ചറേ..”

Also Read പുരോഹിതൻ പരാജയപ്പെട്ട ആ രാത്രിയിൽ…

Also Read സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം!

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

Also Read 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

Read also ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം

Read also കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 6

0
ഒടുവിൽ ഒരുദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 6

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാര്‍ അറിയാതെ ആ പ്രണയം അവര്‍ മനസ്സില്‍ സൂക്ഷിച്ചു. ടോണിക്കു പപ്പയില്ല. അമ്മയും ഒരു പെങ്ങളും മാത്രം. ടോണി എംബിബിഎസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ജാസ്മിന്‍റെ ചേച്ചി അലീനയുടെ വിവാഹം നടക്കാത്തതില്‍ ദുഃഖിതരായിരുന്നു മാതാപിതാക്കള്‍. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ജാസ്മിനെ കോളജ്ഹോസ്റ്റലിലാക്കി അവളുടെ പപ്പ . രേവതി വര്‍മ്മയും ചിഞ്ചു അലക്സുമായിരുന്നു അവളുടെ റൂംമേറ്റ്സ്. മൂല്യങ്ങള്‍ക്കു വിലകല്പിക്കാതെ, ജീവിതം പരമാവധി ആസ്വദിക്കണമെന്ന ചിന്താഗതിക്കാരായ രണ്ടു പെൺകുട്ടികൾ . ഒരു നാള്‍ രേവതി എറണാകുളത്തുള്ള തന്‍റെ വീട്ടില്‍ ജാസ്മിനെ കൂട്ടി കൊണ്ടുപോയി. തന്‍റെ സുഹൃത്തായ സതീഷിന് അവളെ കാഴ്ച വയ്ക്കുക എന്നതായിരുന്നു അവളുടെ ഉദ്ദേശ്യം . രേവതിയുടേത് കപടസ്നേഹമാണെന്ന സത്യം ജാസ്മിന്‍ തിരിച്ചറിഞ്ഞില്ല (തുടര്‍ന്നു വായിക്കുക)

ഉച്ചയ്ക്കു വിഭവസമൃദ്ധമായ ഊണാണ് രേവതി എല്ലാവർക്കും ഒരുക്കിയത്. നഗരത്തിലെ പ്രമുഖ ഹോട്ടലില്‍നിന്നു വരുത്തിയ ഭക്ഷണം. ജാസ്മിന്‍റെ പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പുന്നതിനിടയിൽ രേവതി പറഞ്ഞു:
“ഫോര്‍മാലിറ്റിയൊന്നും നോക്കണ്ടാട്ടോ . വയറു നിറച്ചു കഴിച്ചോണം . ഞങ്ങടെ ചീഫ് ഗസ്റ്റാ താന്‍.”
പണക്കാരുടെ മക്കള്‍ക്ക് ഇത്രയും സ്നേഹമോ എന്ന് ജാസ്മിന്‍ അദ്ഭുതപ്പെട്ടു.
ഭക്ഷണം കഴിച്ച് എഴുന്നേറ്റു കൈകഴുകിയിട്ടു ജാസ്മിന്‍ തിരിഞ്ഞു രേവതിയെ നോക്കി പറഞ്ഞു:
“എനിക്കിന്നു തന്നെ വീട്ടില്‍ പോകണം.”
“ങ്ഹ. അതു പറയാന്‍ വിട്ടു പോയി . മമ്മി ഇത്തിരി വൈകിയേ വരൂന്നു കുറച്ചു മുമ്പ് വിളിച്ചു പറഞ്ഞു. ജാസിനെ കാണണമെന്ന് മമ്മിക്കു വല്യ ആഗ്രഹമുണ്ട്. അതുകൊണ്ട് നാളെ പോയാ മതീന്ന് പ്രത്യേകം പറയണമെന്ന് മമ്മി പറഞ്ഞു.”
“അയ്യോ… അതു ശരിയാവില്ല. പപ്പ വഴക്കു പറയും. എനിക്കിന്നു തന്നെ പോകണം.”
“പപ്പയോടു ഞാന്‍ സംസാരിക്കാം. ആ നമ്പര്‍ ഡയല്‍ ചെയ്ത് മൊബൈല്‍ ഇങ്ങു താ.” – രേവതി മൊബൈലിനായി കൈനീട്ടി.
“അല്ല.., അത്… അതു ശരിയാവില്ല.”
“എന്തു ശരിയാവില്ലെന്ന്? എന്‍റെ മമ്മിയെ കാണണമെന്ന് ജാസിനാഗ്രഹമില്ലേ? മമ്മിക്കാണേല്‍ ജാസിനെ കണ്ടേ പറ്റൂന്നാ! പ്ലീസ്, മമ്മീടെ ആഗ്രഹമൊന്നു സാധിച്ചുകൊടുക്ക്. തന്നെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ മമ്മി നിര്‍ബന്ധിച്ചത്?”
ജാസ്മിന്‍ ധര്‍മ്മസങ്കടത്തിലായി. എന്തു പറയണമെന്നറിയാതെ അവള്‍ വിഷമിക്കുന്നതു കണ്ടപ്പോള്‍ രേവതി തുടര്‍ന്നു:
“നീ തനിച്ചല്ലല്ലോ ഇവിടെ ; ഞങ്ങളെല്ലാരുമില്ലേ ? നമുക്ക് അടിച്ചു പൊളിച്ചു ഇന്നിവിടെ കഴിയാന്നേ . ഇതൊക്കെയല്ലേ മോളെ ജീവിതത്തിലെ ഒരു സന്തോഷം.”
“ഞാന്‍ പപ്പയോടൊന്നു ചോദിക്കട്ടെ.”
ജാസ്മിന്‍ മൊബൈല്‍ എടുത്തു നമ്പര്‍ ഞെക്കിയപ്പോള്‍ രേവതി പറഞ്ഞു:
“പപ്പ സമ്മതിച്ചില്ലെങ്കില്‍ ഫോണിങ്ങു തരണേ. ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചോളാം.”
ജാസ്മിന്‍ തലയാട്ടിയിട്ട് ഫോണ്‍ കാതോടു ചേര്‍ത്തു. പപ്പയെ ലൈനില്‍ കിട്ടി. ജാസ്മിന്‍ കാര്യം പറഞ്ഞെങ്കിലും പപ്പ സമ്മതിച്ചില്ല. ഒടുവില്‍ ഫോണ്‍ രേവതിക്കു കൈമാറി. അവളുടെ സ്നേഹമസൃണമായ സംസാരത്തില്‍ തോമസിന്‍റെ മനസ്സു മാറി. അനുമതി കിട്ടിയപ്പോള്‍ ജാസ്മിനും സന്തോഷമായി.
“ഇപ്പം സമാധാനമായില്ലേ?” – രേവതി ചോദിച്ചു.
“ഉം” -പുഞ്ചിരിച്ചുകൊണ്ടു അവൾ തലയാട്ടി.
ഭക്ഷണം കഴിച്ചിട്ട് എല്ലാവരും മുകളിലത്തെ നിലയിലേക്കു പോയി.

നഗരത്തിന്‍റെ തിരക്കില്‍നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്തായിരുന്നു ആ വീട്. ബാല്‍ക്കണിയില്‍ വന്നുനിന്നു ജാസ്മിന്‍ നാലുപാടും നോക്കി. എത്ര മനോഹരമായ കാഴ്ചകള്‍. ദൂരെ ബഹുനിലക്കെട്ടിടങ്ങള്‍. ഇതുപോലൊരു വീട് തനിക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അവൾ ആശിച്ചു പോയി.

ദൂരേക്കു മിഴികള്‍ നട്ടു നില്‍ക്കുമ്പോള്‍ അവള്‍ ടോണിയെക്കുറിച്ചോര്‍ത്തു:
ടോണി ഡോക്ടറായി കഴിയുമ്പോള്‍ ഏതെങ്കിലും വലിയ ആശുപത്രിയില്‍ ജോലി കിട്ടും. നല്ല ശമ്പളവും കിട്ടും. ആ കാശുകൊണ്ട് ഇതുപോലൊരു വീടുവച്ച് സുഖമായി കഴിയണം. ഒരു ഡോക്ടറുടെ ഭാര്യയായി അഭിമാനത്തോടെയും ആഹ്ലാദത്തോടെയും ജീവിക്കണം. ഓര്‍ത്തപ്പോള്‍ അവളുടെ ഹൃദയം പൂത്തു തളിര്‍ത്തു.
“ജാസെന്താ ഇവിടെ വന്നു തനിച്ചു നില്‍ക്കുന്നേ?” – പിന്നില്‍ രേവതിയുടെ ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു ജാസ്മിന്‍ .
“ഞാനിങ്ങനെ ഓരോ കാഴ്ച കണ്ട്…”
“റൂമിലേക്കു വാ. നമുക്കവിടെ വര്‍ത്തമാനം പറഞ്ഞിരിക്കാം.”
രേവതിയുടെ പിന്നാലെ ജാസ്മിന്‍ മുറിയിലേക്കു ചുവടുകള്‍ വച്ചു. വിശാലമായ കിടപ്പുമുറിയിലേക്കു പ്രവേശിച്ചപ്പോള്‍ രേവതി പറഞ്ഞു.
“ഇതെന്‍റെ ബെഡ് റൂമാ ട്ടോ .”
അവൾ ചുറ്റും കണ്ണോടിച്ചു. എത്ര മനോഹരമായ റൂം. വലിയൊരു ടിവി ചുമരിനോടു ചേര്‍ത്തു വച്ചിട്ടുണ്ട്.
ചിഞ്ചു റിമോട്ടെടുത്ത് ടിവി ഓണ്‍ ചെയ്തു. എന്നിട്ട് അവരുടെ സമീപം മറ്റൊരു കസേരയില്‍ വന്നിരുന്നു. റിമോട്ടില്‍ ടിവി മോഡ് മാറ്റിയപ്പോള്‍ സ്ക്രീനില്‍ സിനിമ തെളിഞ്ഞു. ഒരു ഇംഗ്ലീഷ് മൂവിയാണ്. ജാസ്മിനു താത്പര്യം തോന്നിയില്ലെങ്കിലും വെറുതെ സ്ക്രീനിലേക്ക് നോക്കിയിരുന്നു.

തെല്ലു കഴിഞ്ഞപ്പോള്‍ മനസ്സിലായി അത് കാണാൻ കൊള്ളില്ലാത്ത ഒരു സിനിമയാണെന്ന്. ജാസ്മിനു വേവലാതിയായി. പാപമല്ലേ താന്‍ ചെയ്യുന്നത്? ആരെങ്കിലും ഈ സമയത്ത് ഇങ്ങോട്ടു കയറി വന്നാല്‍ തന്നെപ്പറ്റി എന്തു വിചാരിക്കും? ഈ പെണ്ണുങ്ങള്‍ക്ക് ഇതൊക്കെ കാണാന്‍ ഒരു മടിയുമില്ലേ ! കഷ്ടം! .
“ഞാന്‍ ബാല്‍ക്കണിയില്‍ കണ്ടേക്കാം. സിനിമ കഴിയുമ്പം വന്നു വിളിച്ചേരെ.”
ജാസ്മിന്‍ എണീറ്റു.
“സിനിമ ഇഷ്ടപ്പെട്ടില്ല ?” ചിഞ്ചു ചോദിച്ചു.
“ഇതുപോലുള്ള സിനിമ കാണുന്നതു പാപമാ.”
അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
“നീ വല്ല കന്യാസ്ത്രീം ആകേണ്ട പെണ്ണാ.”
ഊര്‍മ്മിള അവളെ കണക്കിന് കളിയാക്കി.
“അവിടിരുന്നു കാണ് കൊച്ചേ.” – ചിഞ്ചു അവളെ ബലമായി പിടിച്ച് അരികിൽ ഇരുത്തി.
ടിവി സ്ക്രീനിലേക്കു നോക്കാതെ അവള്‍ കീഴ്പ്പോട്ടു നോക്കിയിരുന്നതേയുള്ളൂ . ചങ്കിടിപ്പ് അങ്ങേയറ്റം കൂടിയിരുന്നു. മുഖം വിയര്‍ത്തൊഴുകി. സിനിമാ തീര്‍ന്നപ്പോഴാണ് അവളുടെ ശ്വാസം നേരേ വീണത്. ചിഞ്ചുവും ഊര്‍മ്മിളയും ഓരോന്ന് പറഞ്ഞു അവളെ ഒരുപാട് കളിയാക്കി.
“നമുക്കൊരു ജീവിതമല്ലേയുള്ളൂ കൊച്ചേ . അത് പരമാവധി ആസ്വദിച്ചു ജീവിക്കണം. ഇല്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതം ” ഊര്‍മ്മിള അവളുടെ തോളിൽ തട്ടിയിട്ട് പറഞ്ഞു.
“അതൊക്കെ വലിയ വീട്ടിലെ ആളുകളുടെ ആഗ്രഹങ്ങളല്ലേ. ഞാന്‍ ഒരു കൊച്ചുവീട്ടില്‍ ജനിച്ച ഒരു പാവം പെണ്ണാ. ദൈവത്തിന്റെ പാതയില്‍നിന്നു മാറി ഇതുവരെ സഞ്ചരിച്ചിട്ടില്ല. ഇനിയൊട്ടു സഞ്ചരിക്കാനും ആഗ്രഹമില്ല.” തെല്ലു നീരസത്തോടെയാണ് അവൾ അങ്ങനെ പറഞ്ഞത് .
“ചത്തുകഴിഞ്ഞാല്‍ ചീഞ്ഞു പോകുന്ന ബോഡിയല്ലേ ? സൂക്ഷിച്ചുവയ്ക്കാനൊന്നും കൊള്ളില്ലല്ലോ . .” ഊർമ്മിള അവളുടെ കവിളിൽ നുള്ളിക്കൊണ്ടു പറഞ്ഞു .
അത് കേട്ടപ്പോൾ അവൾക്കു ദേഷ്യമാണ് തോന്നിയത് . എങ്കിലും ഒന്നും മിണ്ടിയില്ല.

നേരം സന്ധ്യയായി.
രേവതിയുടെ അമ്മയെ കാണാഞ്ഞപ്പോള്‍ ജാസ്മിന്‍ ചോദിച്ചു:
“മമ്മി ഇനിയും വന്നില്ലല്ലോ രേവു ചേച്ചി .”
“ഓ … അതു പറയാന്‍ വിട്ടുപോയി. മമ്മി രാത്രി വൈകിയേ എത്തൂന്നു കുറച്ചു മുമ്പ് വിളിച്ചു പറഞ്ഞിരുന്നു . സാരമില്ല. നമുക്കിവിടെ അടിച്ചുപൊളിച്ചു കഴിയാന്നേ.” – രേവതി പറഞ്ഞു.
ജാസ്മിനു ഭയം തോന്നി! രാത്രിയില്‍ പെണ്ണുങ്ങള്‍ തനിയെ ഈ വീട്ടില്‍ കഴിയാനോ? ഇവര്‍ക്കൊന്നും ഒരു പേടിയുമില്ലേ? ഇന്നുതന്നെ വീട്ടിലേക്കു മടങ്ങിയേക്കാമായിരുന്നു. കഷ്ടമായിപ്പോയി .

അവൾ വല്ലാതെ അസ്വസ്ഥയായി കാണപ്പെട്ടു. അവളുടെ വിഷമം കണ്ടപ്പോൾ രേവതി പറഞ്ഞു
”നീ വല്ലാതെ വിഷമിക്കുന്നല്ലോ കൊച്ചേ ? ആദ്യമായിട്ടാണോ വേറൊരു വീട്ടിൽ പോയി താമസിക്കുന്നേ ?”
”ഉം . ഒറ്റയ്ക്ക് ഇതുവരെ പരിചയമില്ലാത്ത ഒരു വീട്ടിൽ പോയി കിടന്നിട്ടില്ല ”
” ഇത് പരിചയമില്ലാത്ത വീടല്ലല്ലോ . എന്റെ സ്വന്തം വീടല്ലേ . നിന്റെ വീട്ടിൽ കിടക്കുന്നപോലെ നിനക്കിവിടെ കിടക്കാം ” രേവതി അവളെ ചേർത്ത് പിടിച്ചു കവിളിൽ ഒരു മുത്തം നൽകി . ജാസ്മിന് തെല്ല് ആശ്വാസം തോന്നി .

രാത്രി ഏഴരയായപ്പോള്‍ മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. കാറില്‍നിന്നിറങ്ങിയത് സുമുഖനായ ഒരു ചെറുപ്പക്കാരന്‍. പാന്‍റ്സും ഫുള്‍സ്ലീവ് ഷര്‍ട്ടുമായിരുന്നു അയാളുടെ വേഷം. രേവതി ചെന്നു വാതില്‍ തുറന്ന് അയാളെ അകത്തേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു.
“ആളെവിടെ?”- വന്നപാടെ അയാള്‍ തിരക്കിയത് ജാസ്മിനെയാണ്.
“ആർത്തി പിടിക്കണ്ട . കക്ഷി മുകളിലുണ്ട്.”
ആ സമയം ചിഞ്ചു അങ്ങോട്ടു വന്നു.
“ഓര്‍മ്മയുണ്ടോ ഈ മുഖം?” പുഞ്ചിരിച്ചുകൊണ്ടു ചിഞ്ചു ചോദിച്ചു.
“ചിഞ്ചു അലക്സ്. മറക്കാന്‍ പറ്റില്ലല്ലോ ഈ മുഖം.” ചിഞ്ചുവിനെ നോക്കി അയാൾ ചിരിച്ചു.
“നിങ്ങളു വർത്തമാനം പറഞ്ഞിരിക്ക് . ഞാന്‍ അവളെ വിളിച്ചോണ്ടു വരാം.”- അങ്ങനെ പറഞ്ഞിട്ട് രേവതി മുകളിലേക്കുള്ള പടികൾ കയറി.
കിടപ്പുമുറിയില്‍ ഊര്‍മ്മിളയുമായി സംസാരിച്ചിരിക്കുകയായിരുന്നു ജാസ്മിന്‍ . രേവതി പറഞ്ഞു:
“എന്‍റെ ഒരു കസിന്‍ വന്നിട്ടുണ്ട്. സതീഷ്. സബ്കളക്ടറാ. ജാസ് വാ. ഞാന്‍ പരിചയപ്പെടുത്താം.”
“യ്യോ വേണ്ട. ഞാന്‍ വരുന്നില്ല.” അവൾ കൈ ഉയർത്തി ക്ഷണം നിരസിച്ചു
“പേടിയാണോ? അങ്ങേരു നിന്നെ പിടിച്ചു വിഴുങ്ങുവൊന്നുമില്ല. വാ… വന്നു പരിചയപ്പെട്. പഠിത്തം കഴിയുമ്പം ഒരു ജോലി കിട്ടാന്‍ അങ്ങേരു വിചാരിച്ചാല്‍ എളുപ്പമാ.”
” ഞാൻ വരുന്നില്ല . എനിക്ക് പേടിയാ ”
”എന്തിനാ പേടിക്കണേ ?. അയാള് നിന്നെ പിടിച്ചു വിഴുങ്ങുവൊന്നുമില്ല ”
ജാസ്മിന്‍റെ കൈയില്‍ പിടിച്ചു വലിച്ച് അവള്‍ താഴേക്കുകൊണ്ടുപോയി.
ജാസ്മിനെ കണ്ടതും സതീഷിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ മുമ്പു കണ്ടിട്ടേയില്ല. സിനിമാനടി തോറ്റുപോകും! രേവതി വര്‍മ്മയ്ക്ക് ഒരായിരം നന്ദി!
“ഇതു സതീഷ് കുമാർ ഐ.എ.എസ്. സബ് കളക് ടറാ . ജാസിന് എന്താഗ്രഹമുണ്ടെങ്കിലും ഇദ്ദേഹം സാധിച്ചുതരും. അത്രയ്ക്കു പിടിപാടുള്ള ആളാ.”
ജാസ്മിന്‍ തെല്ലുഭയത്തോടെ ആ മുഖത്തേക്കു ഒന്നു നോക്കിയിട്ട് വിമ്മിട്ടത്തോടെ നിന്നു.
“ഇതു ജാസ്മിന്‍. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ഹോസ്റ്റലിലെ എന്‍റെ റൂം മേറ്റ്.”
“ഹായ്” ഷെയ്ക്ഹാന്‍ഡിനായി സതീഷ് കൈ നീട്ടിയെങ്കിലും ജാസ്മിന്‍ കൈകൊടുത്തില്ല. അയാള്‍ ഒന്നു ചമ്മി. ആ ചമ്മല്‍ കണ്ടപ്പോൾ രേവതി പറഞ്ഞു:
“ഇവളൊരു പഴഞ്ചന്‍ രീതിക്കാരിയാ. നാട്ടിന്‍പുറത്തു വളര്‍ന്ന ഒരു നാടന്‍ പെണ്ണ്. പുതിയ രീതികളൊന്നും അവൾക്കു പരിചയമില്ല.”
“നിങ്ങടെ കൂടെയല്ലേ താമസം. പുതിയ രീതികളൊക്കെ സാവധാനം പഠിച്ചോളും.”
അതു പറഞ്ഞിട്ട് അയാള്‍ അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.

ജാസ്മിനോടു കുറേനേരം വര്‍ത്തമാനം പറഞ്ഞിരുന്നു സതീഷ് . അദ്ദേഹത്തിന്‍റെ മാന്യമായ പെരുമാറ്റവും സൗമ്യമായ സംസാരവും കണ്ടപ്പോള്‍ അവളുടെ ഉള്ളിലെ ഭീതി വിട്ടുമാറി. തലക്കനമോ ജാടയോ ഇല്ലാത്ത ഒരു സാദാ മനുഷ്യനാണ് അയാൾ എന്ന് മനസിലായപ്പോൾ ബഹുമാനം തോന്നി. ഇടയ്ക്ക് സതീഷ് തമാശ പറഞ്ഞപ്പോള്‍ ജാസ്മിന്‍ അറിയാതെ ചിരിച്ചുപോയി.

വളരെപ്പെട്ടെന്നുതന്നെ ജാസ്മിന്‍റെ മനസ്സ് കീഴടക്കാൻ സതീഷിനു കഴിഞ്ഞു. അയാളുടെ ഓരോ ചലനവും സംസാരവും അത്ര സൂക്ഷ്മതയോടെയും സംശയത്തിന്‍റെ കണികപോലും ഇല്ലാത്ത രീതിയിലുമായിരുന്നു. രേവതി അവരുടെ സംസാരവും തമാശകളും മൊബൈലിൽ പകര്‍ത്തിക്കൊണ്ടിരുന്നു. മനസ്സിലെ ആശങ്കയും ഭീതിയും മാറിയപ്പോള്‍ ജാസ്മിന്‍ സതീഷിനോട് കൂടുതൽ അടുപ്പം കാണിക്കുകയും ഫ്രീയായി സംസാരിക്കുകയും ചെയ്തു.

ചിരിയും താമാശയുമായി നേരം പോയത് അറിഞ്ഞതേയില്ല .
ഒൻപതുമണിയായപ്പോൾ അത്താഴം റെഡി.
എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത് . ആ സമയമൊക്കെ ജാസ്മിനോടു സംസാരിക്കാനായിരുന്നു സതീഷിനു കൂടുതല്‍ താത്പര്യം. അതുകണ്ടപ്പോള്‍ ചിഞ്ചു പറഞ്ഞു:
“ഞാനൊരു കാര്യം പറയട്ടെ. നമുക്കു ജാസിനെ സതീഷിനു കല്യാണം ആലോചിച്ചാലോ?”
അതു കേട്ടതും ജാസ്മിന്‍ വല്ലാതായി.
“എനിക്കു നൂറുവട്ടം ഇഷ്ടമാ.” – സതീഷ് വെട്ടിത്തുറന്നു പറഞ്ഞു.
“നമുക്കു വേറെന്തെങ്കിലും സംസാരിക്കാം.”
ആ സംസാരം തുടരാൻ ജാസ്മിൻ താത്പര്യം കാണിച്ചില്ല.
“ഞാനൊരു തമാശ പറഞ്ഞതല്ലേ കൊച്ചെ . ഇതുപോലൊരു തൊട്ടാവാടി പെണ്ണിനെ ഞാൻ ആദ്യായിട്ട് കാണുവാ ” ചിഞ്ചു അവളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു .
പിന്നെ ആരും അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല . ആ സമയം രേവതി ഫ്രിഡ്ജുതുറന്നു നാലഞ്ചുകുപ്പി ബിയര്‍ എടുത്തു മേശപ്പുറത്തു വച്ചു. സതീഷ് അതു പൊട്ടിച്ചു ഗ്ലാസിലേക്കു പകര്‍ന്നു. ഒരു ഗ്ലാസെടുത്തു ജാസ്മിനു നീട്ടി.
“യ്യോ… എനിക്കു വേണ്ട. ഞാന്‍ കഴിക്കുകേല.”
“ഇതു മദ്യമൊന്നുമല്ല. ബീയറാ. സോഡ കുടിക്കുന്ന എഫക്ടേയുള്ളൂ. ചുമ്മാ കളിക്കാതെ അങ്ങോട്ടു പിടിക്കു കൊച്ചേ.” സതീഷ് നിര്‍ബന്ധിച്ചപ്പോള്‍ ജാസ്മിന്‍ ധര്‍മ്മസങ്കടത്തിലായി. അവൾ വിഷമിച്ചിരിക്കുന്നതു കണ്ടപ്പോൾ സതീഷ് പറഞ്ഞു .
“ചെവിക്കു പിടിച്ചു ഞാനൊരു കിഴുക്കു തരും ട്ടോ. ഇതങ്ങു പിടിച്ചേ .” -സതീഷിന്‍റെ സ്നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് അറിയാതെ വഴങ്ങിപ്പോയി അവള്‍. ഗ്ലാസ് വാങ്ങി കയ്യിൽ പിടിച്ചുകൊണ്ടു അവൾ ഇരുന്നു .
ചിയേഴ്സ് പറഞ്ഞു മറ്റുള്ളവരെല്ലാം ഗ്ളാസ് കാലിയാക്കിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഗ്ളാസ് കയ്യിൽ പിടിച്ചു വെറുതെ ഇരുന്നതേയുള്ളൂ ജാസ്മിൻ
” അങ്ങോട്ട് കഴിക്കു മോളെ ” സതീഷ് അവളുടെ കൈ പിടിച്ചു ഗ്ളാസ് ചുണ്ടോടു ചേർത്തു . മനസില്ലാ മനസോടെ അവൾ അതു കുടിച്ചു. ചുണ്ടു തുടച്ചിട്ട് അവള്‍ പറഞ്ഞു:
“ഇനി എനിക്ക് വേണ്ടാട്ടോ.”
“വേണ്ട.. ഇനി ആരും നിർബന്ധിക്കില്ല ”
പിന്നെ ആരും നിര്‍ബന്ധിച്ചില്ല അവളെ .

രേവതിയും ഊർമ്മിളയുമൊക്കെ കുപ്പിക്കണക്കിനു ബിയര്‍ അകത്താക്കുന്നതു കണ്ടപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടുപോയി. ഇങ്ങനെയുമുണ്ടല്ലോ പെണ്ണുങ്ങൾ!
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഉറക്കം വന്നു അവള്‍ക്ക്. കണ്ണുകള്‍ അടഞ്ഞുപോകുന്നതു കണ്ടപ്പോള്‍ രേവതി പറഞ്ഞു:
“ജാസിനുറക്കം വരുന്നുണ്ടല്ലേ. വാ…. ഞാന്‍ ബെഡ് വിരിച്ചു തരാം. സുഖായിട്ടു കിടന്നൊന്നുറങ്ങ് “
അവളെ കൂട്ടിക്കൊണ്ട് രേവതി മുകളിലത്തെ നിലയിലേക്കു പോയി.
ജാസ്മിൻ പോയിക്കഴിഞ്ഞപ്പോള്‍ ചിഞ്ചു സതീഷിനോടു പറഞ്ഞു:
“സബ്കളക്ടറാന്നു പറഞ്ഞത് ആ മണ്ടിപ്പെണ്ണു വിശ്വസിച്ചിരിക്ക്വാ. അതാ ഇത്രയ്ക്കു സ്നേഹവും ബഹുമാനവും .”
“അവസരത്തിനൊത്തു ഉയരാൻ രേവതിക്കറിയാം. കുറേനാളായില്ലേ അവളെ ഞാൻ പരിചയപ്പെട്ടിട്ട്.”- ചിരിച്ചുകൊണ്ടു സതീഷ് പറഞ്ഞു.
”എന്തൊരു പഞ്ചാര വർത്തമാനമായിരുന്നു. ഒരു മണിക്കൂർ കൊണ്ട് ആളെ വീഴിച്ചില്ലേ . സമ്മതിച്ചിരിക്കുന്നു ”
” ഈ സതീഷ് ഇതുപോലെ എത്രയോ പെണ്ണുങ്ങളെ വീഴിച്ചിട്ടുള്ളതാ ” അയാൾ സ്വയം അഭിമാനം കൊണ്ടു.

ജാസ്മിനെ കിടക്കയില്‍ കിടത്തി ഫാന്‍ ഓണ്‍ ചെയ്തിട്ടു രേവതി പുറത്തിറങ്ങി വാതില്‍ ചാരി. പെട്ടെന്നു തന്നെ ജാസ്മിന്‍ ഉറക്കത്തിലേക്കു വീണു.
രാത്രിയില്‍ എപ്പോഴോ ഉണര്‍ന്നപ്പോള്‍ ആരുടെയോ കൈകള്‍ ദേഹത്ത് സ്പർശിക്കുന്നതുപോലെ അവള്‍ക്കു തോന്നി. രേവതിയാണോ എന്ന് ഒരുനിമിഷം സംശയിച്ചു. മുറിയില്‍ കനത്ത ഇരുട്ടായിരുന്നു.
സ്പര്‍ശനം വഴി തെറ്റുന്നു എന്നു മനസിലായപ്പോള്‍ അവള്‍ കൈ എടുത്തു മാറ്റി.
“മോളേ…” സൗമ്യമായ ഒരു പുരുഷശബ്ദം.
ജാസ്മിന്‍ ചാടിപ്പിടഞ്ഞെണീറ്റ് ലൈറ്റിടാന്‍ സ്വിച്ച് പരതി. കണ്ടില്ല.
“മോളേ പേടിക്കണ്ട. ഞാനാ..,സതീഷ്.”
ഇരുട്ടില്‍ ആ ശബ്ദം കേട്ടതും അവള്‍ പരിഭ്രാന്തിയോടെ പിടഞ്ഞെണീറ്റ് കട്ടിലില്‍നിന്നു താഴേക്ക് ചാടി . തപ്പിത്തടഞ്ഞു സ്വിച്ച് കണ്ടുപിടിച്ചു ലൈറ്റ് ഓണ്‍ ചെയ്തു.
വളിച്ച ചിരിയുമായി സതീഷ് കട്ടിലില്‍ കുത്തിയിരിക്കുന്നു! അവൾ ഉറക്കെ കരഞ്ഞു. അടുത്ത നിമിഷം അയാള്‍ ചാടിയിറങ്ങി വന്ന് അവളെ വട്ടം പിടിച്ച് വായ് പൊത്തി
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി Ignatious Kalayanthani (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരുദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 5

0
ഒടുവിൽ ഒരുദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 5

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാരെ അറിയിക്കാതെ ആ പ്രണയം അവര്‍ മനസ്സില്‍ സൂക്ഷിച്ചു. ടോണി എംബിബിഎസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ടോണിക്കു പപ്പയില്ല. അമ്മയും ഒരു പെങ്ങളും മാത്രം. ജാസ്മിന്‍റെ ചേച്ചി അലീനയുടെ വിവാഹം നടക്കാത്തതില്‍ ദുഃഖിതരായിരുന്നു മാതാപിതാക്കള്‍. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ജാസ്മിനെ കോളജ് ഹോസ്റ്റലിലാക്കി പപ്പ . രേവതിവര്‍മ്മയും ചിഞ്ചു അലക്സുമായിരുന്നു ഹോസ്റ്റലില്‍ അവളുടെ റൂംമേറ്റ്സ്. ധാർമ്മികമൂല്യങ്ങള്‍ക്കു യാതൊരു വിലയും കല്പിക്കാതെ, ജീവിതം പരമാവധി ആസ്വദിക്കണമെന്ന പുരോഗമനചിന്താഗതിക്കാരായിരുന്നു ഇരുവരും. എല്ലാ ദുശ്ശീലങ്ങളുമുള്ള രണ്ടു പെണ്‍കുട്ടികള്‍. ജാസ്മിനെ വശത്താക്കി നിര്‍ബന്ധിച്ച് അവര്‍ മദ്യം കുടിപ്പിച്ചു . (തുടര്‍ന്നു വായിക്കുക)


“ഏയ്, ജാസ്…. എണീറ്റേ.”
ചിഞ്ചു കുലുക്കിവിളിച്ചപ്പോഴാണ് ജാസ്മിന്‍ കണ്ണുതുറന്നത്.
“മണി എട്ടാകുന്നു. കോളജില്‍ പോകണ്ടേ?”
ചാടിയെണീറ്റ് അവള്‍ വാച്ചില്‍ നോക്കി. ശരിയാണ്. എട്ടാകാന്‍ പത്തുമിനിറ്റു കൂടി മാത്രം. തിടുക്കത്തിൽ മുടി ഒതുക്കിക്കെട്ടിവച്ചിട്ട് അവള്‍ വേഗം എണീറ്റ് ബാത്ത്റൂമിലേക്കു ഓടി.
ഷവറില്‍നിന്നു തണുത്ത ജലം ദേഹത്തു വീണപ്പോള്‍ തലേരാത്രിയിലെ സംഭവം ഓര്‍മ്മയില്‍ തെളിഞ്ഞു.
ദൈവമേ! തെറ്റല്ലേ താന്‍ ചെയ്തത്? ആരൊക്കെ നിര്‍ബന്ധിച്ചാലും മദ്യം കഴിക്കരുതായിരുന്നു . പപ്പയോ അമ്മയോ അറിഞ്ഞാല്‍? ടോണി അറിഞ്ഞാല്‍? ആരും അറിയാതിരിക്കണേ കര്‍ത്താവേ എന്ന് അവള്‍ മനസ്സിൽ പ്രാര്‍ത്ഥിച്ചു. ചെയ്ത തെറ്റിന് അവള്‍ മനസ്സുരുകി കര്‍ത്താവനോടു മാപ്പു ചോദിച്ചു. ഇനി ഒരിക്കലും മദ്യം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്തു.
കുളി കഴിഞ്ഞു വന്നപ്പോള്‍ രേവതി ചോദിച്ചു:
“എങ്ങനുണ്ടായിരുന്നു ഇന്നലത്തെ സാധനം? സുഖായിട്ടുറങ്ങാന്‍ പറ്റിയില്ലേ?”
“പ്ലീസ് ..,ഇനി എന്നെ അതിനു നിര്‍ബന്ധിക്കരുത് ട്ടോ ” ദയനീയഭാവത്തില്‍ അവള്‍ കെഞ്ചി.
“ഇല്ല. ഇന്നലെ ആദ്യായതുകൊണ്ട് നിര്‍ബന്ധിച്ചതാ. ഇഷ്ടമില്ലെങ്കില്‍ ഇനി ഞങ്ങടെ കൂടെ കൂടണ്ട.”
ജാസ്മിന് ആശ്വാസമായി.
“പിന്നെ… ഇതാരോടും പറഞ്ഞേക്കരുത്. മേട്രന്‍ അറിഞ്ഞാല്‍ നമ്മളെ എല്ലാവരെയും ഇവിടുന്നു പറപറപ്പിക്കും . ” – ചിഞ്ചു പറഞ്ഞു.
“എന്റെ വീട്ടിലറിഞ്ഞാല്‍ പപ്പ എന്നെ തല്ലിക്കൊല്ലും.” – ജാസ്മിന്‍റെ ഭയം വിട്ടു മാറിയിരുന്നില്ല.
“നമ്മള്‍ അഞ്ചുപേരുമല്ലാതെ പുറത്ത് ഒരു കുഞ്ഞുപോലും അറിയില്ല. ധൈര്യായിട്ടിരിക്ക്.”
രേവതി ധൈര്യം പകര്‍ന്നു.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ഡ്രസുമാറി അവര്‍ കോളജിലേക്കു പുറപ്പെട്ടു. അന്നു മുഴുവന്‍ ജാസ്മിന്‍ മൂഡോഫ് ആയിരുന്നു. താന്‍ വലിയൊരു പാപം ചെയ്തു എന്ന തോന്നല്‍ അവളുടെ മനസിനെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു.
അന്നു രാത്രിയില്‍ വീണ്ടും രേവതിയും ചിഞ്ചുവും ഊര്‍മ്മിളയും രാജിയും സമ്മേളിച്ചു. ഇത്തവണ ജാസ്മിന്‍റെ മുറിയിലായിരുന്നു ആഘോഷം. ജാസ്മിനെ ക്ഷണിച്ചെങ്കിലും അവള്‍ ക്ഷണം നിരസിച്ചു.
എല്ലാവരും ആവശ്യത്തിലേറെ മദ്യം അകത്താക്കി. ലഹരി മൂത്തപ്പോള്‍ പിന്നെ പാട്ടും നൃത്തവുമായി. ജാസ്മിനു ദേഷ്യം വന്നു. ഒന്നും വായിക്കാന്‍ പറ്റുന്നില്ല. പുസ്തകം അടച്ചുവച്ചിട്ട് അവള്‍ കട്ടിലില്‍ വന്നിരുന്നു. മദ്യലഹരിയില്‍ പെണ്ണുങ്ങള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ടപ്പോള്‍ സങ്കടം വന്നു അവള്‍ക്ക്‌ . ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കാന്‍ പപ്പ കണ്ടെത്തിയ സ്ഥലം കേമം തന്നെ.
മെല്ലെ അവള്‍ കിടക്കയിലേക്കു ചാഞ്ഞു. വൈകാതെ ഉറക്കത്തിലേക്കു വീണു.


വെള്ളിയാഴ്ച വൈകുന്നേരം ജാസ്മിന്‍ വീട്ടില്‍ വന്നു. മേരിക്കുട്ടിയും അലീനയും ഹോസ്റ്റലിലെ വിശേഷങ്ങള്‍ തിരക്കി. എല്ലാവരോടും നല്ല അഭിപ്രായമാണവള്‍ പറഞ്ഞത്.
“നിന്റെ റൂംമേറ്റ്സൊക്കെ എങ്ങനെ?” – അലീന ആരാഞ്ഞു.
“പീജിയ്ക്കു പഠിക്കുന്ന രണ്ടു ചേച്ചിമാരാ. എന്നെ ഒരനിയത്തിയെപ്പോലെയാ അവരു കാണുന്നത്.”
“അപ്പം നിന്‍റെ ജീവിതത്തിന് ഇനി ഒരു അടുക്കും ചിട്ടയും ഒക്കെ ഉണ്ടായിക്കോളും അല്ലേ?”
“ഇവിടെന്താ എനിക്ക് അടുക്കും ചിട്ടയുമില്ലായിരുന്നോ? ഒന്നു പോ ചേച്ചി.”
ജാസ്മിന്‍ എണീറ്റ് അവളുടെ മുറിയിലേക്കു പോയി.
പിറ്റേന്നു രാവിലെ അവള്‍ ആഗ്നസ് ആന്‍റിയെ കാണാന്‍ അവരുടെ വീട്ടിൽ പോയി. അപ്പോള്‍ ടോണി വീട്ടിലുണ്ടായിരുന്നു. ജാസ്മിന്‍ അദ്ഭുതം കൂറി.
“ടോണി എപ്പ വന്നു?”
“ഇന്നലെ രാത്രി.”
“വരുമെന്ന് എന്നോട് പറഞ്ഞില്ലല്ലോ? ”
”താനും പറഞ്ഞില്ലല്ലോ. ”
”എനിക്കു ഭാഗ്യം ഒണ്ട്. കാണാനൊത്തല്ലോ.”
“ഹോസ്റ്റല്‍ജീവിതം എങ്ങനെ?”
“കുഴപ്പമില്ല. എല്ലാരും നല്ല സ്നേഹമുള്ളവരാ. ഫോണ്‍ ചെയ്തപ്പം ഞാന്‍ പറഞ്ഞിരുന്നല്ലോ.”
“അവിടെ മദ്യോം മയക്കുമരുന്നുമുണ്ടെന്നു കേട്ടല്ലോ? നേരാണോ?”
ജാസ്മിന്‍ ഒന്നു ഞെട്ടി. ടോണി എല്ലാം അറിഞ്ഞോ? ഉള്ളിലെ അങ്കലാപ്പ് പുറത്തു പ്രകടിപ്പിക്കാതെ അവള്‍ പറഞ്ഞു:
“കുന്തമാ. ആരാ ഈ പച്ചക്കള്ളം പറഞ്ഞേ ? വളരെ സ്ട്രിക്റ്റാ അവിടെ. സംശയമുണ്ടെങ്കില്‍ ടോണി വന്നു നോക്ക്.”
“അല്ല ഞാന്‍ വെറുതെ ഒരു പടക്കം പൊട്ടിച്ചതാ . ഇപ്പം മിക്ക ഹോസ്റ്റലുകളിലും ഇതൊക്കെയുണ്ടേ . കാശൊള്ള വീട്ടിലെ പെമ്പിള്ളേര്‍ക്കും ആമ്പിള്ളേർക്കും ജീവിതം ആസ്വദിക്കാൻ ഇതൊക്കെ വേണമല്ലോ.”
“അങ്ങനെയുള്ള പെണ്ണുങ്ങളൊന്നും അവിടെയില്ല. എല്ലാരും പാവങ്ങളാ.”
“എങ്കില്‍ നല്ലത്. ഞങ്ങടെ കോളജിലെ ചില പെണ്ണുങ്ങൾ ശരീരം വരെ വിൽക്കുന്നുണ്ടെന്നാ ഓരോരുത്തര് പറയുന്നത്. ”
“കഷ്ടം! പ്രാര്‍ത്ഥനയും കുർബാനയുമൊന്നും ഇല്ലാത്തതുകൊണ്ടാ അങ്ങനൊക്കെ ചെയ്യാന്‍ തോന്നുന്നത്. ടോണി അങ്ങനെയുള്ള പെമ്പിള്ളേരുടെ പിറകെയൊന്നും പോയേക്കരുത് കേട്ടോ ? പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതെന്ന്‌ എന്നും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥിച്ചിട്ടേ കിടക്കാവൂ. രാവിലെ എണീക്കുമ്പഴും പ്രാര്‍ത്ഥിക്കണം. ആട്ടെ, ഞായറാഴ്ച പള്ളീല്‍ പോകാറുണ്ടോ?”
“വല്ലപ്പഴും.”
“വല്ലപ്പഴും പോരാ. എല്ലാ ഞായറാഴ്ചയും പോകണം. അതൊരു നാണക്കേടായിട്ടു കാണണ്ട ടോണി . കൂട്ടുകാരാരും ഇല്ലെങ്കിലും ടോണി തനിച്ചെങ്കിലും പോകണം . പോക്വോ?”
“ഉം . ” ചിരിച്ചുകൊണ്ട് അവൻ തലകുലുക്കി.
കുറേനേരം അവര്‍ പരസ്പരം വിശേഷങ്ങള്‍ പറഞ്ഞിരുന്നു. പിന്നെ എണീറ്റുപോയി ആഗ്നസിനോടും അനുവിനോടും കുശലം പറഞ്ഞു. ഹോസ്റ്റലിലെ വിശേഷങ്ങളൊക്കെ അവരെ പറഞ്ഞു കേള്‍പ്പിച്ചു. അവിടെനിന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടാണവള്‍ വീട്ടിലേക്കു മടങ്ങിയത്.

രണ്ടുദിവസം വീട്ടില്‍ താമസിച്ചപ്പോള്‍ പിന്നെ ഹോസ്റ്റലിലേക്കു പോകാന്‍ മടിയായി. മനസ്സില്ലാമനസ്സോടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അവള്‍ ഹോസ്റ്റലിലേക്കു മടങ്ങിയത് .
മേരിക്കുട്ടി കൊടുത്തുവിട്ട പലഹാരങ്ങള്‍ രേവതിക്കും ചിഞ്ചുവിനും അവള്‍ പങ്കുവച്ചു.
“ജാസിന്‍റെ വീട്ടില്‍ ഒരു ദിവസം ഞങ്ങളെ ഒന്ന് കൊണ്ടുപോക്വോ?” – പലഹാരം കഴിക്കുന്നതിനിടയില്‍ ചിഞ്ചു ചോദിച്ചു.
“ഷുവര്‍. അടുത്ത തവണ പോകുമ്പം ഞാന്‍ കൊണ്ടുപോകാം.”
“നിങ്ങടെ നാടും നാട്ടുകാരെയുമൊക്കെ എനിക്കൊന്നു കാണണം. ആ പ്രദേശത്തേക്കൊന്നും ഞാൻ വന്നിട്ടില്ല “
“ഞങ്ങളൊന്നും വലിയ പണക്കാരല്ല. വീടൊക്കെ ചെറുതാ.” – ജാസ്മിന്‍ പറഞ്ഞു.
“ചെറിയ വീടാ എനിക്കിഷ്ടം. എന്തായാലും ഒരു ദിവസം അവിടെ കിടന്നിട്ടേ ഞങ്ങളു പോരൂ ട്ടോ .”
”അത് സന്തോഷമുള്ള കാര്യമല്ലേ ”
അടുത്ത ആഴ്ച അവള്‍ വീട്ടില്‍ പോയപ്പോള്‍ ചിഞ്ചുവും രേവതിയും ഒപ്പമുണ്ടായിരുന്നു. ജാസ്മിന്‍റെ പുരയിടവും പറമ്പിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പുഴയുമൊക്കെ അവര്‍ ചുറ്റി നടന്നു കണ്ടു. രണ്ടുപേരും നല്ല അടക്കവും ഒതുക്കവും സ്നേഹവുമുള്ളവരാണെന്നു മേരിക്കുട്ടിക്കു തോന്നി. രാത്രി ഏറെ നേരം അവര്‍ വിശേഷങ്ങള്‍ പറഞ്ഞിരുന്നു.
“ജാസ് ഞങ്ങള്‍ക്ക് സ്വന്തം അനിയത്തിയേപ്പോലെയാ. ഇത്രേം നല്ലൊരു കൊച്ചിനെ ഞങ്ങള്‍ കണ്ടിട്ടേയില്ല.”
രേവതിയുടെ പ്രശംസകേട്ട് ജാസ്മിന്‍ ഒരുമുഴം ഉയര്‍ന്നു. മേരിക്കുട്ടിക്കും അലീനയ്ക്കും ഒരുപാട് സന്തോഷമായി.
അടുത്തദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് ചിഞ്ചുവും രേവതിയും യാത്രപറഞ്ഞു ഹോസ്റ്റലിലേക്കു മടങ്ങി.


ഹോസ്റ്റലിലെ താമസം ക്രമേണ ജാസ്മിന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. ചിഞ്ചുവിന്‍റെയും രേവതിയുടെയും നിര്‍ബന്ധത്തിനു വഴങ്ങി കുറച്ചൊക്കെ മോഡേണ്‍ ആവാന്‍ അവള്‍ ശ്രമിച്ചു. ഇടയ്ക്ക് അവരോടൊപ്പം പുറത്തുപോയി ഐസ്ക്രീമോ ബര്‍ഗറോ ഒക്കെ കഴിക്കും. ആ സ്നേഹബന്ധം കൂടുതല്‍ ദൃഢതരമായി. ഒരു ദിവസം രേവതി പറഞ്ഞു:
“ജാസിന്‍റെ വീട്ടില്‍ ഞങ്ങളു വന്നു. ഇനി ജാസിനെ എന്റെ വീട്ടിലേക്കു ഞാന്‍ ക്ഷണിക്ക്വാ. അടുത്ത ശനിയാഴ്ച നമുക്കു പോകാംട്ടോ.”
“ഞാന്‍ പപ്പയോടൊന്നു ചോദിച്ചിട്ട്….”
“പപ്പ ഒന്നും പറയില്ലെന്നേ. പപ്പയ്ക്ക് ഞങ്ങളെ അറിയാവുന്നതല്ലേ.”
“എന്നാലും ചോദിക്കാതെ…”
“ജാസ് തനിച്ചല്ല. ചിഞ്ചുവും ഊര്‍മ്മിളയുമുണ്ട്. പിന്നെന്താ പേടിക്കാന്‍.”
“പേടിയായിട്ടല്ല. പപ്പയോടു ചോദിക്കാതെ ഞാനൊരിടത്തും പോകാറില്ല.”
”ഓക്കെ . പപ്പ സമ്മതിച്ചില്ലെങ്കിൽ ഫോൺ എനിക്ക് തരണേ . ഞാൻ സമ്മതിപ്പിച്ചോളാം”
”ഉം” അവൾ തലകുലുക്കി.
പിറ്റേന്ന് അവള്‍ ഫോണ്‍ ചെയ്തു പപ്പയോടു കാര്യം പറഞ്ഞു. തോമസ് ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ ജാസ്മിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അനുമതി നല്‍കി.
ശനിയാഴ്ച രാവിലെ അവര്‍ രേവതിയുടെ വീട്ടിലേക്കു പുറപ്പെട്ടു. ബസിലിരിക്കുമ്പോള്‍ ജാസ്മിന്‍ രേവതിയോടു പറഞ്ഞു.
“ഇന്നു തന്നെ എനിക്കു തിരിച്ചു പോകണം.”
“ബസ്റ്റോപ്പിൽ വന്നു ബസുകേറ്റി വിട്ടേക്കാം. പോരേ?”
“മതി”
ഉച്ചയ്ക്കു മുമ്പേ അവര്‍ വീട്ടിലെത്തി. വലിയൊരു ഇരുനില കെട്ടിടം . കൂറ്റന്‍ ഗേറ്റു കടന്നു മുറ്റത്തേക്കു കയറിയപ്പോള്‍ അതിശയിച്ചുപോയി ജാസ്മിന്‍! എത്ര മനോഹരമായ വീട്. തന്റെ വീടിന്റെ നാലിരട്ടിവലിപ്പമുണ്ട് . “നമ്മളിതാ സ്വര്‍ഗ്ഗത്തിന്‍റെ കവാടത്തിലെത്തിയിരിക്കുന്നു. എല്ലാ മഹതികള്‍ക്കും സ്വര്‍ഗ്ഗത്തിലേക്കു സ്വാഗതം.” – രേവതി ബാഗില്‍നിന്നു താക്കോലെടുത്തു വാതില്‍ തുറന്നിട്ട് അകത്തേക്കു ക്ഷണിച്ചു.
“ഇവിടെ വേറാരുമില്ലേ?”
അകത്തേക്കു കയറി ചുറ്റും നോക്കിയിട്ട് ജാസ്മിന്‍ ചോദിച്ചു.
“വേറാരാ? ഞാനും മമ്മിയുമല്ലേയുള്ളൂ. മമ്മി പുറത്തേക്കുപോയതാ. ഞാൻ വിളിച്ചായിരുന്നു. ഉടനെ വരൂന്നു പറഞ്ഞു.”
ചിഞ്ചു രേവതിയുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു ചിരിച്ചു.
മനോഹരമായ ടൈൽസ് വിരിച്ച തറയില്‍ ചവിട്ടാന്‍പോലും ജാസ്മിനു ഭയമായിരുന്നു. എത്ര ഭംഗിയുള്ള സ്വീകരണമുറി. സോഫയിലിരുന്നപ്പോള്‍ അതങ്ങു താഴ്ന്നുപോയി.
“എങ്ങനുണ്ട് എന്‍റെ വീട്?” -രേവതി വന്നു ജാസ്മിന്‍റെ സമീപം ഇരുന്നിട്ട് തോളില്‍ കൈവച്ചുകൊണ്ട് ചോദിച്ചു.
“അടിപൊളി. എനിക്കൊരുപാടിഷ്ടായി.”
രേവതി എണീറ്റിട്ട് എല്ലാവരോടുമായി ചോദിച്ചു:
“കുടിക്കാന്‍ എന്താ വേണ്ടത്? ഹോട്ടോ കോള്‍ഡോ?”
“ഇപ്പം കോള്‍ഡുമതി. ഹോട്ട് പിന്നെയാകാം.”
ചിഞ്ചുവാണ് മറുപടി പറഞ്ഞത്.
“നിങ്ങളിവിടിരുന്ന് കാറ്റു കൊള്ള്. ഞങ്ങള്‍ പോയി എടുത്തോണ്ടു വരാം.”
ഫാനിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് രേവതി ഊര്‍മ്മിളയെയും വിളിച്ചുകൊണ്ട് അടുക്കളയിലേക്കു പോയി. ഫ്രിഡ്ജ് തുറന്ന് ഫ്രൂട്ട്സ് എടുക്കുന്നതിനിടയില്‍ രേവതി ഊര്‍മ്മിളയോടു പറഞ്ഞു:
“അവള്‍ ഇന്നുതന്നെ പോകണമെന്നു പറഞ്ഞു ബഹളം വയ്ക്കുമോ, ആവോ “
“എന്നാ ബഹളം വച്ചാലും വിടരുത്. എന്തെങ്കിലും സൂത്രം പറഞ്ഞ് ഇവിടെ പിടിച്ചു നിറുത്തണം. പറഞ്ഞു മയക്കാന്‍ നീ മിടുക്കിയാണല്ലോ.”
“മെരുങ്ങാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള ഇനമാ. നാട്ടിന്‍പുറത്തുകാരിയായതുകൊണ്ട് ജീവിതമൂല്യങ്ങളെക്കുറിച്ചൊക്കെ വലിയ കാഴ്ചപ്പാടാ കക്ഷിക്ക്. ബോയ്ഫ്രണ്ടിനോടൊപ്പം ചുറ്റിക്കറങ്ങി നടക്കുന്നതൊക്കെ പാപമാണെന്നു വിചാരിക്കുന്ന ഒരു മണ്ടിപ്പെണ്ണ് . ഒരാണിനു ഷേക്ക്ഹാന്‍ഡു കൊടുക്കാന്‍പോലും പേടിയാ. ഒരിക്കല്‍ എന്‍റെ ഒരു ഫ്രണ്ടിനെ പരിചയപ്പെടുത്തിയപ്പം അവന്‍ ഷേക്ഹാന്‍ഡുകൊടുക്കാന്‍ കൈ നീട്ടിയിട്ട് ഇവളു കൊടുത്തില്ല. അല്ല , പച്ചക്കറി മാത്രം തിന്നു ജീവിക്കുന്ന ആളിനോട് ചിക്കന്‍കറീടെ രുചി പറഞ്ഞാല്‍ മനസ്സിലാകുമോ?”
“അപ്പം ഇന്നു രാത്രി അവളു ചിക്കന്‍കറി കൂട്ടുമോ?” – ചിരിച്ചു കൊണ്ട് ഊര്‍മ്മിള ചോദിച്ചു.
“അതൊക്കെ സതീഷിന്‍റെ സാമര്‍ത്ഥ്യംപോലെയിരിക്കും. അവനിതാദ്യത്തെ പെണ്ണൊന്നുമല്ലല്ലോ. ആരെയും വാചകമടിച്ചു വീഴിക്കാൻ അവന്‍ മിടുക്കനല്ലേ.”
“രാത്രി കരച്ചിലും പിഴിച്ചിലുമൊന്നും ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു.”
“ഒന്നും ഉണ്ടാകില്ല. നീ ധൈര്യമായിട്ടിരിക്ക്.”
ഫ്രൂട്ട് ജ്യൂസ് ഉണ്ടാക്കി ഗ്ലാസുകളില്‍ നിറച്ച് രണ്ടുപേരും തിരികെ സ്വീകരണമുറിയിലേക്കു വന്നു.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4