മഴയിങ്ങനെ ആർത്തിരമ്പി പെയ്ത് വീണ്ടുമത് നേർത്ത് വാശിപിടിച്ച് കരയുന്ന കുഞ്ഞിനെ’പ്പോലെ
ചിണുങ്ങി ചിണുങ്ങി പെയ്യുന്നത് കാണുമ്പോൾ ഓർമ്മ വരുന്നത് പണ്ട് നനത്തൊട്ടി തണുത്ത് വിറച്ചു കലപില ശബ്ദമുണ്ടാക്കി യു.പി ക്ലാസിലിരുന്നതാണ് .
ജൂൺ മാസം .
പുത്തനുടുപ്പിന്റെയും പുത്തൻ പുസ്തകത്തിന്റെയും മണമുള്ള ക്ലാസ് റൂം . എല്ലാവർക്കും പുതിയ നോട്ട്ബുക്കുകൾ . എനിക്ക് ഒന്നോ രണ്ടോ മാത്രം. ബാക്കി ബുക്കുകൾ തലേ വർഷത്തെ നോട്ടുബുക്കിൽ എഴുതാതെ ബാക്കിയായ കടലാസുകൾ പറിച്ചെടുത്ത് സൂചി കൊണ്ട് നൂലിൽ കോർത്ത് കെട്ടിവെച്ച നോട്ട്ബുക്കാണ് .
പുത്തൻ പുസ്തകങ്ങളുടെ മണം! അതൊരു മണം തന്നെയാണ് . പുതിയ പുസ്തകം കിട്ടിയാൽ ഇന്നും അതൊന്ന് മണത്ത് നോക്കിയാൽ കുട്ടിക്കാലത്തിലേക്ക് പായുന്ന മനസ്സുള്ളവരാണ് നമ്മൾ .
ഓരോ അധ്യയന വർഷത്തിലും പുതിയ കുട്ടികളും പഴയ അധ്യാപകരും ക്ലാസിൽ പരിചയപ്പെടുന്ന ഒരു രംഗം ഉണ്ട്. ആ രംഗം ഇന്നും മനസിൽ മായാതെ നിൽക്കുന്നു .
ക്‌ളാസ് ടീച്ചർ സ്വയം പരിചയപ്പെടുത്തിയ ശേഷം കുട്ടികളോട് ഓരോരുത്തരായി എഴുന്നേറ്റ് നിന്ന് പേര് പറയാൻ പറഞ്ഞു .
എല്ലാവരും പേര് പറഞ്ഞ ശേഷം ഭാവിയിൽ നിങ്ങൾക്ക് എന്താവണം എന്ന് ചോദിച്ചു. അധികം പേർക്കും ഈ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ .
ഡോക്ടർ, എഞ്ചിനീയർ . വക്കീൽ. ഏതോ ഒരു വിരുതർ പൈലറ്റ് എന്ന് പറഞ്ഞു. അതിൽ കുറഞ്ഞ ആഗ്രഹം ആർക്കുമുണ്ടായില്ല.
ബാക്ക് ബെഞ്ചിലെ മൂലക്ക് , എന്നോടൊന്നും ചോദിക്കരുതേ ദൈവമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
ജംഗിൾ ബുക്ക് എന്ന കഥയിൽ .ഷേർഖാനെ കണ്ട മൗഗ്ലിയെപ്പോലെ പതുങ്ങിയിരിക്കുന്ന എന്റെ നേർക്കും ടീച്ചർ കൈകാണിച്ചു.
സ്വതവേ മണ്ടനായ ഞാനെന്ത് പറയാൻ. എന്റെ വായിൽ തോന്നിയത് അപ്പോൾ ഡ്രൈവർ എന്നായിരുന്നു.
ഞാനെഴുന്നേറ്റ് നിന്ന് ഡ്രൈവർ എന്ന് പറഞ്ഞു. ക്ലാസിലതൊരു ചിരിയ്ക്ക് വകയായി .ടീച്ചറും ചിരിച്ചു.
ക്ലാസിലെ ഭാവി എഞ്ചിനീയർമാരും ഡോക്ടർമാരും വക്കീലൻമാരും എന്നെ നോക്കി പരിഹാസത്തോടെ ചിരിച്ചു.
എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോൾ ടീച്ചർ വീണ്ടും അടുത്ത ചോദ്യത്തിലേക്ക് കടന്നു.
ഉയരം കൂടിയ പർവ്വതം … നീളം കൂടിയ നദി .. ജനസംഖ്യയുള്ള രാജ്യം അതങ്ങനെ നീണ്ടു പോയി … പലരും ഉത്തരങ്ങൾ കൊണ്ടമ്മാനമാടി –
പിന്നെയും ചോദ്യം എന്റെ നേർക്ക് നീണ്ടു ..
” ഏറ്റവും ആസ്വാദ്യകരമായ ഗന്ധം ഏതാണ് .? ”
ഞാനൊന്നു പകച്ചു….എന്താണുത്തരം പറയുക. ക്ലാസിലെ എല്ലാവരുടെ നോട്ടം എന്റെ മുഖത്തായിരുന്നു….
രാവിലെ വീട്ടിൽ നിന്നും ഒരു കട്ടൻ ചായയും കുറച്ച് അവലും തിന്ന് ക്ലാസിൽ വരുന്ന ഞാൻ സ്കൂളിൽ വരുന്നത് തന്നെ ഉച്ചക്ക് സ്കൂളിൽ നിന്നു കിട്ടുന്ന ഉപ്പുമാവ് തിന്നാനായിരുന്നു.
കഞ്ഞിപ്പുരയിൽ നിന്നും മഞ്ഞ നിറത്തിലുള്ള ഉപ്പുമാവ് വേവുന്ന മണം അനർഗ്ഗനിർഗ്ഗളമായി ക്ലാസിലേക്കൊഴുകി വരുന്നുണ്ടായിരുന്നു. ഞാനത് മൂക്കിലേക്ക് ആവാഹിച്ച് .. ഒന്നാഞ്ഞു വലിച്ചിട്ട് ടീച്ചറോട് പറഞ്ഞു.
“കഞ്ഞിപ്പുരയിൽ ഉപ്പ്മാവ് വേവുമ്പോഴുണ്ടാവുന്ന മണം. അതിനേക്കാൾ വല്യ മണമൊന്നും ഭൂമിയിൽ വേറെയില്ല ടീച്ചറേ”
ക്ലാസ്സിലത് കൂട്ടച്ചിരിയായി. ടീച്ചറും ചിരിച്ചു. അപ്പോഴേക്കും ഉച്ചഭക്ഷണം കഴിക്കാനുള്ള ബെൽ അടി ബെൽ അടിച്ചു.
നിക്കറിന്റെ പോക്കറ്റിൽ ഭദ്രമായി, നാലായി മടക്കി വെച്ച വാട്ടിയ വാഴയില പുറത്തെടുത്ത് സ്കൂൾ വരാന്തയിൽ കത്തിക്കാളുന്ന വയറുമായി ഉപ്പുമാവിന് ഊഴം കാത്തിരുന്നു. വലിയ വട്ട പാത്രത്തിൽ ഉപ്പുമായി വരുന്ന സ്കൂളിലെ മുതിർന്ന ചേട്ടൻമാര് ഉപ്പുമാവ് ഇലയിലേക്ക് വിളമ്പുമ്പോൾ അടുത്തിരുന്ന കൂട്ടുകാരൻ മനോജ് പറഞ്ഞ് ഇപ്പഴും ഓർക്കുന്നു..
“നീ പറഞ്ഞത് സത്യമാണ് . ഇതിനേക്കാൾ നല്ല മണം ഭൂമിയിൽ വേറെയില്ല .” അതും പറഞ്ഞവൻ ചിരിച്ചു.
വർഷങ്ങൾ ഓടിയൊളിച്ചു ..
ഡോക്ടറാവാൻ ആഗ്രഹിച്ചവൻ കഴിഞ്ഞ ദിവസം സൊസൈറ്റിയിൽ പാലും കൊണ്ട് പോവുന്നത് കണ്ടു…
എഞ്ചിനീയറാവേണമെന്ന് പറഞ്ഞവൻ ഇഞ്ചിക്ക് തടമെടുക്കുന്നു.
അന്നത്തെ പൈലറ്റ് M-എയിറ്റിയിൽ മീൻ വിൽക്കുന്നതും കണ്ടു. ടീച്ചറാവണംന്ന് പറഞ്ഞവൾ ഏതോ തുണിക്കടയുടെ അകത്തെ കുടുസ്സു മുറിയിലിരുന്ന് ബ്ലൗസ് തുന്നുന്നു . :-
വർഷങ്ങൾക്കിപ്പുറം, അന്ന് ക്ലാസിൽ പറഞ്ഞത് പോലെ ഞാൻ ഡ്രൈവറായി ..
പടച്ചോനങ്ങനെയാണ് . ചിലപ്പോൾ നമ്മളറിയാതെ തന്നെ നമ്മുടെ വാക്കുകൾ, ആഗ്രഹങ്ങൾ സാധിച്ച് തരും ..
ചിലപ്പോൾ നമ്മൾക്ക് അത് ആഗ്രഹമില്ലെങ്കിൽ കൂടി .
എഴുതിയത് : ✍️ഷിജിത് നാനോ🌹
വാൽകഷ്ണം :
1960-കളിലെയും 1970-കളിലെയും വറുതിക്കാലത്ത്, അമേരിക്ക നൽകിയിരുന്ന ഗോതമ്പ് പൊടിയും പാലും എണ്ണയുമെല്ലാം കേരളത്തിലെ സ്‌കൂൾ കുട്ടികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ഓർമ്മകളായിരുന്നു സമ്മാനിച്ചത്. ‘കെയർ’ പദ്ധതി പ്രകാരം പ്രൈമറി സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിക്ക് പകരം നൽകിയിരുന്നത് അമേരിക്കൻ ഉപ്പുമാവും പാലുമായിരുന്നു. ആ ഉപ്പുമാവ് ഉള്ളതുകൊണ്ടാണ് പലരും അന്ന് സ്കൂളില് പോയിരുന്നതു തന്നെ.
സ്കൂളിനു പിന്നിലെ പാചക പുരയിൽ നിന്ന് പൊങ്ങുന്ന ഉപ്പുമാവിന്‍റെ കൊതിപ്പിക്കുന്ന ഗന്ധം. ഉള്ളിയും മുളകും വഴറ്റിയ എണ്ണയിലേക്ക് മെയ്‌സ് പൊടി ഇട്ട് , തവി കൊണ്ടു ഇളക്കി, വെന്തു കഴിയുമ്പോൾ അമർത്തി പൊത്തി വയ്ക്കും. പാചകക്കാർ ചെമ്പു കുട്ടകം താഴെ ഇറക്കും. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ കൊതിപ്പിക്കുന്ന മണം പരക്കും. ആഹാരത്തിനു വകയില്ലാത്ത പാവങ്ങളുടെ വീട്ടിൽ മാത്രമല്ല നാലുനേരം വെട്ടിവിഴുങ്ങുന്ന പണക്കാരന്റെ വായിലും വെള്ളം ഊറുമായിരുന്നു.
സ്‌കൂളിലെ മുതിർന്ന കുട്ടികൾക്കാണ് ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചുമതല. ഇവർ സ്കൂളിലെ ‘സൂപ്പർ സ്റ്റാർസ്’ ആണ് . ഉപ്പുമാവ് ഉണ്ടാക്കുന്നവർ തന്നെയാണ് വിളമ്പുന്നതും .
ജാതിമത വ്യത്യാസമില്ലാതെ ദരിദ്രരായ എല്ലാ കുട്ടികൾക്കും അത് കഴിയ്ക്കാമായിരുന്നു. എങ്കിലും ദുരഭിമാനം മൂലം ചില രക്ഷിതാക്കൾ കുട്ടികളെ ഇതു കഴിയ്ക്കാനനുവദിച്ചിരുന്നില്ല .വിശന്ന വയറിന് അത് കിട്ടുമ്പോളുള്ള ആശ്വാസം പറഞ്ഞറിയിക്ക വയ്യ.
ഉപ്പുമാവുണ്ടാക്കുന്ന മെയ്‌സ് പൊടി വരുന്നത് 5 ലെയർ ഉള്ള ഒരു പാക്കറ്റിലായിരുന്നു . ബ്രൗൺ കളറിലുള്ള പേപ്പർ ബാഗ്. പുസ്തകം പൊതിയാൻ ആ കടലാസ് ബെസ്റ്റായിരുന്നു. എണ്ണ വരുന്ന പാട്ടയും മറ്റ് ഉപയോഗങ്ങൾക്ക് ബെസ്റ്റ് ആയിരുന്നു.
അരനൂറ്റാണ്ട് മുൻപത്തെ ആ ഉപ്പുമാവ് ആയിരുന്നു ശരിക്കും ഉള്ള ഉപ്പുമാവ് . നല്ല മഞ്ഞ നിറം. കൊതിപ്പിക്കുന്ന മണം.പാവങ്ങൾക്കായി സ്‌കൂളുകളിൽ പാകം ചെയ്തു വിളമ്പിക്കൊടുത്തിരുന്ന, അമേരിക്കയിൽ നിന്ന് വന്ന ആ ഉപ്പുമാവും പാൽപ്പൊടി കലക്കി ഉണ്ടാക്കിയ പാലും കഴിക്കാൻ പാവങ്ങൾ മാത്രമല്ല പണക്കാരനും ആഗ്രഹിച്ചിരുന്നു . ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളം ഊറും. അതുപോലൊന്നു പിന്നീട് കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല. ചിലർ സ്കൂളിൽ നിന്നു കിട്ടുന്ന ഉപ്പുമാവ് കഴിക്കാൻ വേണ്ടി വീട്ടിൽനിന്നു കൊണ്ടുവരുന്ന ചോറ് ആരും കാണാതെ കൊണ്ടെ കളയുമായിരുന്നു. കൂട്ടുകാരിയുടെ പാത്രത്തിന്റെ അടപ്പുവാങ്ങി, ഉപ്പുമാവുമേടിച്ച് ചൂടോടെ അകത്താക്കിയാണ് വീട്ടിലേക്ക് ഉച്ചയൂണിന് പോവുക. വീട്ടിൽ അറിഞ്ഞാൽ വഴക്ക് ഉറപ്പാണ്. അധ്യാപകരാരെങ്കിലും വീട്ടിൽ പറഞ്ഞു കൊടുക്കുമോ എന്നൊരു ഭയവും.
സ്‌കൂളിനെക്കുറിച്ചുള്ള ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മയ്ക്ക് ആ ഉപ്പുമാവിന്റെ മണമാണ്. ഇപ്പോൾ ഉപ്പുമാവ് കഴിക്കുമ്പോഴെല്ലാം തിരഞ്ഞു കൊണ്ടിരുന്നത് അന്നത്തെ രുചിയും ആ ഗന്ധവുമാണ്.
Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്
Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.
Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും
Also Read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു!
Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം
Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ