Home Editor's Choice സംരംഭകരെ തളർത്താനല്ല, വളർത്താനാകണം വ്യവസായ വകുപ്പ് .

സംരംഭകരെ തളർത്താനല്ല, വളർത്താനാകണം വ്യവസായ വകുപ്പ് .

1697
0
തളർത്താനല്ല, വളർത്താനാകണം വ്യവസായ വകുപ്പ് . വ്യവസായവകുപ്പ് മുൻ ഉദ്യോഗസ്ഥനായ ഇ . നാരായണന്റെ അനുഭവക്കുറിപ്പ്.

ഞാൻ തിരൂർ താലൂക്ക് വ്യവസായ ഓഫിസിൽ ജോലി ചെയ്യുന്ന കാലം!
സ്വന്തമായി ഒരു വീട് വച്ചു താമസമാക്കിയതോടെ പോക്കറ്റ് പൂർണ്ണമായും കാലി. ഭാര്യയുടെ സ്വര്ണ്ണാഭരണമെല്ലാം വീടിന്റെ കല്ലും മരവും ഒക്കെയായി രൂപാന്തരം പ്രാപിച്ചു.

പുതിയ വീട്ടിൽ റേഡിയോ,ടിവി ഒന്നും ഇല്ല. ലോകകപ്പ് ഫുട്ബാൾ പടിവാതിക്കലും.
കുടുംബത്തിന് ഒരു TV വേണമെന്ന മോഹം! ഒന്നിച്ചു മുടക്കാൻ പണം ഇല്ല. പരപ്പനങ്ങാടി SBI വായ്പ തരാമെന്ന് പറഞ്ഞു. TV യുടെ കൊട്ടേഷൻ വാങ്ങി ബാങ്കിൽ ചെല്ലണം.

തിരൂർ കിഴക്കേ അങ്ങാടിയിൽ TV വിൽക്കുന്ന രണ്ട് കടകൾ ഉണ്ടായിരിന്നു. CKG agencies എന്നൊരു കടയിൽ ആദ്യം കയറി. അവിടെ മൂന്ന് സുമുഖന്മാരായ സെയിൽസ്മാൻമാർ . വളരെ ചെറുപ്പും. സൗമ്യമായ പെരുമാറ്റം. എനിക്ക് ഇഷ്ടപ്പെട്ടു.

അവർ അവിടെയുള്ള TV കളുടെ മഹാത്മ്യത്തെക്കുറിച്ചൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു. അവർക്ക് എന്നെക്കൊണ്ട് എങ്ങിനെയെങ്കിലും ഒരു TV എടുപ്പിക്കണം. എന്നാലെ അവരുടെ ആ മാസത്തെ ടാർജറ്റ് ആവുള്ളു.

ഞാൻ ഉദ്ദേശിച്ച ബ്രാൻഡ് philivision. (അന്നത്തെ philips ന്റെ TV brand). അത് അവിടെ ഇല്ലായിരുന്നു. എന്നിട്ടും ആ ചെറുപ്പക്കാർ എന്നെ വിടാനുള്ള ഭാവം ഇല്ല.

.ഞാൻ വ്യവസായവകുപ്പ് ഓഫീസിൽ ആണെന്ന് പറഞ്ഞപ്പോൾ സംസാരം നീണ്ട് അവരുടെ തൊഴിൽ പ്രശ്നങ്ങളിലേക്ക് എത്തി.

സംസാരത്തിന്നിടയിൽ, ഇവിടെ നിന്ന് മാസംതോറും എന്ത് ശമ്പളം കിട്ടും എന്ന്‌ സൗഹൃദപൂർവം ചോദിച്ചു.
ആദ്യം പറയാൻ മടിച്ചെങ്കിലും പിന്നെ സത്യം പറഞ്ഞു. വളരെ തുച്ഛമായ സംഖ്യ!

ഞാൻ തമാശയായി ചോദിച്ചു : ” ബസ് സ്റ്റാൻഡിൽ “തരികഞ്ഞി” ഉണ്ടാക്കി വിറ്റാൽ ഇതിനേക്കാൾ കിട്ടില്ലേ.?”
(റവ കൊണ്ട് ഉണ്ടാക്കിയ ഒരു തരം പായസമാണ് “തരികഞ്ഞി”. ആ കാലത്തു മലപ്പുറം ജില്ലയിലെ പല ഭാഗത്തും ഇത്തരം കച്ചവടക്കാരെ കാണാറുണ്ട്. തിരൂർ ബസ്സ്റ്റാൻഡിൽ പണ്ട് തരികഞ്ഞി വിറ്റു നടന്നിരുന്ന “കഞ്ഞി A” എന്ന് വിളി പേരുണ്ടായിരുന്ന ഒരു വ്യക്തി, പിന്നീട് വലിയ വ്യവസായി ആയ ഒരു ചരിത്രവും ഉണ്ടായിരുന്നു.)

” സർ ഞങ്ങൾ എന്തെങ്കിലും തുടങ്ങുകയാണെങ്കിൽ വായ്പ്പ കിട്ടാൻ വഴിയുണ്ടോ? സർക്കാർ സഹായിക്കുമോ? ” അവർ ചോദിച്ചു.
”ആരോടെങ്കിലും ചോദിച്ചിരുന്നോ?” ഞാൻ ആരാഞ്ഞു .
”ഇല്ല”.
”എങ്കിൽ വന്നോളൂ, ഞാൻ ഒരു വഴി കാണിച്ചു തരാം. അതുവഴി മുന്നോട്ടു പോയാൽ മതി. ചെറിയ തടസ്സങ്ങൾ ഉണ്ടായേക്കും. പിന്തിരിഞ്ഞു ഓടരുത്. നിങ്ങൾ പദ്ധതി എന്താണന്ന് തീരുമാനിച്ചു വരു . നമുക്ക് വായ്പക്കുള്ള വഴി അന്വേഷിക്കാം. ” ഒന്നു രണ്ടു പദ്ധതികളെ പറ്റി ഞാൻ സൂചനയും കൊടുത്തു .

അവിടെനിന്ന് ഇറങ്ങി ഞാൻ അടുത്തുള്ള cosmos കടയിലേക്ക് പോയി. അവിടെ നിന്നും philivision TV യുടെ കൊട്ടേഷൻ വാങ്ങിക്കുകയും ചെയ്തു.

പിന്നീട് ഇവർ ഇടക്കിടെ ഓഫീസിൽ വരും . ഓരോ പദ്ധതികളളെ കുറിച്ചും സംസാരിക്കും. ഒന്നും അങ്ങട് റെയിലിന്മേൽ കയറുന്നില്ല.

ഒരു ദിവസം അവർ മൂന്നുപേരും കൂടി ഒരു project മായി ഓഫീൽ വന്നു. നല്ല confidance ഓടെ.

ആ കാലത്തു റെഡിമെയ്ഡ് ചുരിദാറുകൾ പെൺകുട്ടികൾ ധാരാളമായി ഉപയിഗിക്കുന്നതു അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ നാട്ടിൽ വേണ്ടത്ര നിർമ്മിക്കാൻ തുടങ്ങിയിട്ടും ഇല്ല. അതിനാൽ നല്ല സാധ്യതയുണ്ട്. കൂടാതെ അവരുടെ ഒരു സുഹൃത്ത് നല്ല ഒരു തയ്യൽക്കാരനുമാണ് . നല്ല ബിസിനസ്സ് കിട്ടുമെന്ന് അവർക്ക് വിശ്വാസമായിരുന്നു.

തിരൂരിലുള്ളചില റെഡിമെയ്ഡ് കടകളുമായി ബന്ധപ്പെട്ട് അവർ ഇപ്പോൾ ചുരിദാർ എവിടെ നിന്നാണ് വരുത്തുന്നതെന്നും ഏകദേശം എത്ര വില വരുന്ന ചുരിദാറുകൾ ആണ് വിറ്റുവരുന്നതെന്നും വിശദമായി അന്വേഷിച്ചു ചെറിയൊരു മാർക്കറ്റ് സർവേ നടത്തുന്നത് നല്ലതാണെന്നു ഞാൻ പറഞ്ഞു. തീരുമാനം അയാൽ വീണ്ടും വരണമെന്ന് നിർദ്ദേശിച്ചു പറഞ്ഞയച്ചു.

രണ്ട് മൂന്ന് ദിവസം കഴിഞ്ഞു അവർ പദ്ധതിയെപ്പറ്റി നല്ലൊരു ധാരണയുമായി വീണ്ടും എത്തി.

ഞാൻ ഓഫീസറോട് വിവരങ്ങൾ പറഞ്ഞു അവരെ സഹായിക്കാം എന്ന് ഉറപ്പു കൊടുത്തു.

ആ കാലത്തു വനിതാ വ്യവസായങ്ങൾക്ക് 50% സബ്സിഡി കൊടുക്കും. പിന്നെ 4 വർഷം വരെ മറ്റു ചില ആനുകൂല്യങ്ങളും . ഇവർ സ്‌ത്രീകളെ ആണ് കൂടുതൽ ജോലിക്കു നിയമിക്കുക എന്ന് എന്നോട് പറഞ്ഞിരുന്നു . അതിനാൽ അവരുടെ ഭാര്യമാരുടെ പേരിൽ ഒരു പങ്കാളിത്ത സ്ഥാപനം തുടങ്ങാം എന്നൊരു നിർദ്ദേശവും ഞാൻ കൊടുത്തു .

ആ കാലത്തു 25000 രൂപയിൽ അധികം വായ്‌പ കിട്ടണമെങ്കിൽ വസ്തു ഈട് കൊടുക്കണം. അതിനാൽ അവരുമായി സംസാരിച്ചു ഒരു 24000 രൂപ വായ്പ കിട്ടുന്ന തരത്തിലുള്ള ഒരു ചെറിയ project തയ്യാറാക്കി കൊടുത്തു. കൂടുതൽ വായ്പ കിട്ടണമെങ്കിൽ വസ്തു ജാമ്യം കൊടുക്കണം.

എന്റെ പരിമിതമായ അറിവ് വെച്ച് ഞാൻ തയ്യാറാക്കിയ ആദ്യത്തെ project report ആയിരുന്നു അത്.
അപേക്ഷ തിരൂർ SBI യുടെ ശാഖയിലേക്കു ശുപാർശ ചെയ്തു അയച്ചു കൊടുത്തു.

ആഴ്ചകൾ കഴിഞ്ഞിട്ടും വായ്‌പ കിട്ടിയില്ല. അവർ ഒരു ദിവസം ഓഫീസിൽ വന്നു. അന്നു ഉച്ചക്ക് തന്നെ ഞാൻ അടുത്തുള്ള SBI യുടെ field ഓഫീസറെ കണ്ടു അവരുടെ അപേക്ഷയുടെ കാര്യം സംസാരിച്ചു. അവരെ പരിചയപ്പെട്ട സാഹചര്യവും പറഞ്ഞു.

”എങ്ങിനെയെങ്കിലും അവരെ ഒന്ന് സഹായിക്കണം ” ഞാൻ പറഞ്ഞു.

സൗഹൃദപരമായി പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തിൽ ഓഫീസർ എന്നോട് ജാമ്യം നിൽക്കുമോ എന്ന് തമാശ രൂപേണ ചോദിച്ചു.

ഒരു നിമിഷം ആലോചിച്ചശേഷം ഞാൻ പറഞ്ഞു:
”വായ്പ ശുപാർശ ചെയ്ത, വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥർ ജാമ്യം നിൽക്കണമെന്ന ഒരു വ്യവസ്ഥ SBI യിൽ ഉണ്ടെങ്കിൽ ഞാൻ ജാമ്യം നിൽക്കാം ”
അപ്പോൾ ഓഫീസറുടെ മുഖത്തു സൈക്കിളിൽ നിന്നും വീണ ഒരു ചിരി .

എന്തായാലും ആ മൂവർ സംഘത്തെ ബാങ്കിലേക്ക് അയച്ചോളാൻ അദ്ദേഹം പറഞ്ഞു.

ഞാൻ തിരിച്ചുപോന്നു. അവരോട് അടുത്ത ദിവസം തന്നെ ബാങ്കിൽ ചെല്ലാനും ഏർപ്പാടാക്കി.

വൈകാതെ ആ മൂവർ സംഘത്തിന്റെ സംരംഭമായ “Trios’s Garments” ന്ന് വായ്പ റെഡിയായി.
അവർ കഠിനമായി അധ്വാനിച്ചു . ആ സംരംഭം പെട്ടന്ന് ക്ലിക് ആയി. മാസങ്ങൾക്കകം അത് വിപുലീകരിച്ചു .
അവിടെ 60 ഓളം ആളുകൾക്ക് അവർ ജോലിയും കൊടുത്തു. ആ യൂണിറ്റിനു വനിതാ വ്യവസായം എന്ന അംഗീകാരം ഞാൻ വാങ്ങിക്കൊടുത്തു.

തുടർന്ന് വ്യവസായ വകുപ്പിൽ നിന്നും കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും ഞാൻ വാങ്ങിക്കൊടുക്കുകയും ചെയ്തു.

പിന്നീട് ഇതേ ബാങ്ക് ഒരു ശുപാർശയും ഇല്ലാതെ തന്നെ ഇവർക്ക് 10 ലക്ഷത്തിന്റെ CC കൊടുത്തു. ചരക്ക് supply ചെയ്യാൻ ഒരു വണ്ടിക്കും വായ്പ റെഡിയാക്കി കൊടുത്തു.

Trios’s Garments ഗംഭീരമായി. എനിക്കും അഭിമാന നിമിഷം. ഞാൻ ആദ്യം ചെയ്തു കൊടുത്ത project വിജയകരമായതിൽ. ഈ സംഭവം എന്റെ സേവനകാലം മുഴുവൻ എനിക്ക് വലിയ പ്രചോദനം ആയി.
എഴുതിയത് : ഇ. നാരായണൻ ( വ്യവസായവകുപ്പ് മുൻ ഉദ്യോഗസ്ഥൻ )

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here