ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 24
“ആരാ അത് ?”
ധൈര്യം സംഭരിച്ച് ജാസ്മിൻ വിളിച്ചു ചോദിച്ചു.
“ഒരു വഴിപോക്കനാണേ. മഴയായതുകൊണ്ട് കേറി നിന്നതാ. ഇത്തിരി വെട്ടം തന്നാല്‍ ഞാനങ്ങോട്ടു പൊക്കോളാമേ .” – പുറത്തുനിന്നയാള്‍ വിളിച്ചു പറഞ്ഞു.
“ഇവിടെ വെട്ടോം വെളിച്ചോം ഒന്നുമില്ല. നിങ്ങളു പോകിന്‍.” ജാസ്മിൻ വാതില്‍ തുറക്കുകയോ മെഴുകുതിരി കത്തിച്ചു കൊടുക്കുകയോ ചെയ്തില്ല. വഴിപോക്കനാണോ കവര്‍ച്ചക്കാരനാണോന്നാര്‍ക്കറിയാം?
“പുതിയ താമസക്കാരാ, അല്ലേ?” അയാൾ പോകാനുള്ള ഭാവമില്ല.
“ഉം..” മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല അവൾ.
“ഞാനിവിടെ അടുത്തു താമസിക്കുന്ന ആളാ, ശേഖരപിള്ള.”
“ഉം …”
“പണി കഴിഞ്ഞു വന്നപ്പം ഇത്തിരി വൈകിപ്പോയി. നല്ല മഴയല്ലായിരുന്നോ.”
ആള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംസാരത്തില്‍ നിന്നു ജാസ്മിന് മനസ്സിലായി. അവൾ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
“മുമ്പെവിടായിരുന്നു താമസം?”
“നിങ്ങളു പോകിന്‍. പരിചയപ്പെടലൊക്കെ പകലാവാം.” മേരിക്കുട്ടി വിളിച്ചു പറഞ്ഞു.
“ഓ…”
നീട്ടിഒന്ന് മൂളിയിട്ട് അയാള്‍ വരാന്തയില്‍നിന്നു മുറ്റത്തേക്കിറങ്ങി.പാദപതന ശബ്‍ദം അകന്നകന്നു പോകുന്നത് കേട്ടപ്പോഴാണ് മേരിക്കുട്ടിയുടെയും ജാസ്മിന്‍റെയും ശ്വാസം നേരേ വീണത്.
“പേടിച്ചിട്ട് എങ്ങനാ അമ്മേ ഈ രാത്രി ഇവിടെ കഴിയുക? ആഞ്ഞൊന്നു ചവിട്ടിയാൽ തുറന്നു പോകുന്ന കതകാ. ആരെങ്കിലും കേറി വന്നു ശ്വാസം മുട്ടിച്ചു കൊന്നിട്ട് സ്വർണവുമെടുത്തുകൊണ്ട് കടന്നു കളഞ്ഞാൽ എന്തുചെയ്യും? ഉറക്കെകരഞ്ഞാൽ പോലും കേൾക്കുന്ന ദൂരത്തിൽ ഒരു വീടില്ല.”
ജാസ്മിന്‍ അമ്മയെ മുറുകെ പിടിച്ചു.
“നല്ലൊന്നാന്തരം വീടും സ്ഥലവും വിറ്റിട്ട് ഈ മലമുകളില്‍ വന്നു പേടിച്ചു ജീവിക്കണോല്ലോ കൊച്ചേ . നീ ചാകാൻ പോയതുകൊണ്ടു മാത്രമാ അതു വിറ്റിട്ടു പോരേണ്ടി വന്നത്.”
മേരിക്കുട്ടി മകളെ കുറ്റപ്പെടുത്തിയപ്പോള്‍ ജാസ്മിന് വല്ലാത്ത പ്രയാസം തോന്നി.
”ഇങ്ങനെയൊരു കുഗ്രാമത്തിലേക്കാ നമ്മള് വരുന്നതെന്ന് ഞാൻ അറിഞ്ഞില്ലല്ലോ അമ്മേ . ചാക്കോ അങ്കിൾ നമ്മളെ പറ്റിച്ചതാ ” അവള്‍ പറഞ്ഞു:
”ഇനി കുഞ്ഞാങ്ങളയെ കുറ്റം പറഞ്ഞോ . കുഞ്ഞാങ്ങള പറഞ്ഞതല്ലായിരുന്നോ വന്നൊന്നു കാണാൻ. എന്നിട്ടു നീ വന്നോ ?”
”അമ്മയും വന്നില്ലല്ലോ ”
” ശരിയാ , ഞാനും വന്നു കണ്ടില്ല. അങ്ങനെയൊരു പാളിച്ച പറ്റിപ്പോയി. ഇനിയിപ്പം വരുന്നതൊക്കെ സഹിക്കുകയല്ലാതെ എന്ത് ചെയ്യാൻ ”
മേരിക്കുട്ടി ഒരു ദീർഘശ്വാസം വിട്ടു .
“എല്ലാം ദൈവത്തിന്‍റെ പരീക്ഷണമായിരിക്കും അമ്മേ. ചിലപ്പം കുറച്ചനാളു കഴിഞ്ഞ് ഉയര്‍ച്ചയായിരിക്കും വരാന്‍ പോകുന്നത്.”
“ഇതില്‍ കൂടുതല്‍ എന്നാ ഉയരാനാ കൊച്ചേ . ഏറ്റവും ഉയര്‍ന്നിടത്തല്ലേ ഇപ്പം താമസിക്കുന്നേ…”- മേരിക്കുട്ടി പരിഹസിച്ചു.
പുറത്തു മഴയുടെ ശക്തി അല്പം കുറഞ്ഞു. ഇടിയും മിന്നലും നിന്നു. പക്ഷേ വൈദ്യുതി അപ്പോഴും തിരികെ എത്തിയില്ല . ജാസ്മിനും മേരിക്കുട്ടിയും ഉറങ്ങാന്‍ കിടന്നു. മെഴുകുതിരി ഊതിക്കെടുത്തിയപ്പോള്‍ ജാസ്മിനു പേടി തോന്നി. രാത്രിയില്‍ ആരെങ്കിലും കയറി വരുമോ? രണ്ടുപെണ്ണുങ്ങള്‍ മാത്രമേ ഇവിടുള്ളൂവെന്ന് ഈ ചുറ്റുവട്ടത്ത് എല്ലാവര്‍ക്കും അറിയാല്ലോ!
വെളിയില്‍ എന്തെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടോയെന്നു കാതോര്‍ത്ത് അവള്‍ ഉറങ്ങാതെ കിടന്നു. ഒരുപാടുനേരം കഴിഞ്ഞാണ് അവൾ മയക്കത്തിലേക്ക് വീണത്.
പാതിരാവ് കഴിഞ്ഞുകാണും. പുറത്ത് വലിയ ഒച്ചയും ബഹളവും കേട്ടാണ് മേരിക്കുട്ടി എണീറ്റത് . ആരാണീ പാതിരാത്രീല്‍ ഒച്ചവയ്ക്കുന്നതെന്ന ഭീതിയോടെ അവര്‍ എണീറ്റ് ജനാല തുറന്നു പുറത്തേക്കു നോക്കി.
ദൂരെ പന്തങ്ങളുടെ പ്രകാശവും ആളുകളുടെ ആരവവും! ആളുകൾ തന്റെ വീട്ടിലേക്കാണല്ലോ വരുന്നതെന്ന് കണ്ടപ്പോൾ മേരിക്കുട്ടി അങ്കലാപ്പോടെ മകളെ വിളിച്ചെഴുന്നേല്പിച്ചു. ചാടിപിടഞ്ഞെണീറ്റ് ജാസ്മിൻ ജനാലയിലൂടെ നോക്കി. ശരിയാണ് . അവർ ഇങ്ങോട്ടാണ് വരുന്നത് . അവളും വല്ലാതെ ഭയന്നുപോയി.
“നമ്മുടെ വീടിന് തീ വയ്ക്കാനാണെന്നു തോന്നുന്നു അമ്മേ. മഴയത്തു വരാന്തേൽ കേറിനിന്ന ആളിനെ നമ്മൾ ഇറക്കി വിട്ടത് ഇഷ്ടപ്പെട്ടു കാണില്ല. അയാൾ ആളേം കൂട്ടി വരുന്നതാകും “
അതു ശരിയായിരിക്കാം എന്നു മേരിക്കുട്ടിയും ചിന്തിച്ചു. രണ്ടുപേരും ഭയന്ന് പരസ്പരം കെട്ടിപ്പിടിച്ചു നിന്നു.
സംഘം വീട്ടുമുറ്റത്തു വന്നു നിന്നു.
“ഹേ, വീട്ടുകാരേ ഒന്നെണീക്കണേ…”
ഒന്നും മിണ്ടാതെ ശ്വാസമടക്കി കെട്ടിപ്പിടിച്ചു നിന്നതേയുള്ളൂ ഇരുവരും.
“അകത്താരുമില്ലേ? വാതിൽ തുറക്ക് .” മുറ്റത്തുനിന്ന് ആരോ വിളിച്ചു പറഞ്ഞു.
“വേണ്ടമ്മേ. തുറക്കണ്ട. തീ വയ്ക്കുന്നെങ്കില്‍ വച്ചിട്ടുപോട്ടെ. നമുക്കു രണ്ടുപേര്‍ക്കും കൂടി ഇതിനകത്തു കിടന്നു മരിക്കാം. “
വാതില്‍ തുറക്കാന്‍ ജാസ്മിന്‍ സമ്മതിച്ചില്ല.
“അകത്താരുമില്ലേ.”
വാതിലില്‍ ശക്തിയായ മുട്ടു കേട്ടപ്പോള്‍ മേരിക്കുട്ടി ഭയന്നു വിറച്ച് ഉറക്കെ പറഞ്ഞു:
“ഞങ്ങളാര്‍ക്കും ഒരുപദ്രവവും ചെയ്തില്ലല്ലോ. പിന്നെന്തിനാ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നേ…”
“ഉപദ്രവിക്കാന്‍ വന്നതല്ല ചേച്ചീ. ആന ഇറങ്ങീട്ടുണ്ട്. വേഗം വാതിലു തുറക്ക്.”
അതു കേട്ടതും മേരിക്കുട്ടി വേഗം വന്നു വാതില്‍ തുറന്നു.
“കാട്ടാന ഇറങ്ങീട്ടുണ്ട്. നിങ്ങള് ആ പള്ളി മുറ്റത്തേക്കു പൊയ്ക്കോ. രാത്രി ഇവിടെ കിടക്കുന്നത് അപകടമാ.”
മേരിക്കുട്ടി ജാസ്മിനെ നോക്കി. എങ്ങനെ തനിച്ചു പള്ളിമുറ്റത്തേക്കു പോകുമെന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ കൂട്ടത്തിലൊരാൾ പറഞ്ഞു:
“പേടിക്കണ്ട. ശിവന്‍കുട്ടി കൊണ്ടാക്കും. വേഗം വീടുപൂട്ടി ഇറങ്ങിക്കോ.”
അതു പറഞ്ഞിട്ടു സംഘം അടുത്ത വീടു ലക്ഷ്യമാക്കി നടന്നു. വീടു പൂട്ടിയിട്ട് മേരിക്കുട്ടിയും ജാസ്മിനും ശിവന്‍കുട്ടിയുടെ കൂടെ നടന്നു, പള്ളിമുറ്റത്തേക്ക്.
“ആന ഇടക്കിടെ ഇങ്ങനെ ഇറങ്ങാറുള്ളതാണോ?” – നടക്കുന്ന വഴി മേരിക്കുട്ടി ശിവന്‍കുട്ടിയോടു ചോദിച്ചു.
“ഈ വര്‍ഷം ഇതിപ്പം രണ്ടാമത്തെ തവണയാ. പണ്ടൊന്നും കുഴപ്പമില്ലായിരുന്നു. തീറ്റ അന്വേഷിച്ചു വരുന്നതാ. കാട്ടിലിപ്പം തിന്നാനൊന്നുമില്ലല്ലോ.” ശിവൻകുട്ടിയുടെ പിന്നാലെ നടന്ന് അവർ പള്ളിമുറ്റത്തെത്തി . പള്ളിമുറ്റത്ത് ഒരുപാട് ആളുകള്‍ കൂടിയിരുന്നു. വലിയ പന്തങ്ങള്‍ കത്തിച്ചുവച്ച് പെരുമ്പറ കൊട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുകയാണവർ.
“പുതിയ താമസക്കാരാ, അല്ലേ?”
മേരിക്കുട്ടിയെ കണ്ടതും ഒരു സ്ത്രീ ചോദിച്ചു.
“അതെ.”
“പേടിക്കാനൊന്നുമില്ല. ഈ ഒച്ചേം വെട്ടോം കാണുമ്പം ആന തിരിച്ചു കാട്ടിലേക്ക് പൊയ്ക്കോളും.”
”ഇവിടെ അടുത്താണോ കാട് ?”
”തൊട്ടടുത്തല്ല . എന്നാലും ചിലപ്പോഴൊക്കെ ആന ഇറങ്ങി വരും . ഈ വർഷം ഇതിപ്പം രണ്ടാമത്തെ തവണയാ ”
മേരിക്കുട്ടി പിന്നെ ഒന്നും ചോദിച്ചില്ല.
പള്ളിമുറ്റത്ത് എല്ലാവരും ഉറങ്ങാതെയിരുന്നു നേരം വെളുപ്പിച്ചു. വെളിച്ചം വീണപ്പോള്‍ ഓരോരുത്തരും അവരവരുടെ വീടുകളിലേക്കു മടങ്ങി.
ഒരു മാസം പിന്നിട്ടു.
മനസിലെ വേദനയും പ്രയാസവും കുറഞ്ഞതുപോലെ ജാസ്മിന് തോന്നി. പുതിയ നാടുമായി ഏറെക്കുറെ അവൾ ഇണങ്ങിക്കഴിഞ്ഞിരുന്നു. അയല്‍ക്കാര്‍ വരുകയും ഓരോരോ സഹായങ്ങള്‍ ചെയ്തുതരികയും ചെയ്യുന്നതു കണ്ടപ്പോള്‍ മേരിക്കുട്ടിക്കും ജാസ്മിനും സന്തോഷമായി. കടയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ വാങ്ങിക്കൊണ്ടുവരാനും അല്ലറ ചില്ലറ പണിക്കുമൊക്കെ ശിവന്‍കുട്ടി സഹായിച്ചു. പറമ്പില്‍ പണിക്കും ആളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
പട്ടണത്തിലെ ആളുകളുടെ കാപട്യമോ വഞ്ചനയോ കാമഭ്രാന്തോ സ്വാർത്ഥതയോ ഇല്ലാത്ത നിഷ്കളങ്കരായ മനുഷ്യരായിരുന്നു ആ നാട്ടിലുണ്ടായിരുന്നവര്‍. ഇപ്പോള്‍ രാത്രിയില്‍ കിടന്നുറങ്ങാന്‍ മേരിക്കുട്ടിക്കും ജാസ്മിനും പേടിയില്ല. അയൽക്കാരെല്ലാം സ്നേഹമുള്ളവരും പരോപകാരികളുമാണെന്നു അവർക്കു മനസിലായി.
ശേഖരപിള്ള സഹായവാഗ്ദാനവുമായി ഇടയ്ക്കിടെ വരും. അയാളുടെ വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളും മറ്റും കൊണ്ടുവന്നു കൊടുക്കും. മേരിക്കുട്ടി ഉണ്ടാക്കുന്നത് ശേഖരപിള്ളയുടെ വീട്ടുകാർക്കും കൊടുക്കും. മദ്യപിക്കുമെങ്കിലും ആള്‍ നല്ലൊരു മനസ്സിന്‍റെ ഉടമയാണെന്നു മേരിക്കുട്ടി തിരിച്ചറിഞ്ഞു . എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ ഉടൻ ഓടിയെത്തും.
അയല്‍വീടുകളിലെ കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട കുഞ്ഞേച്ചിയായി മാറിയിരുന്നു ജാസ്മിന്‍. അവരോടൊപ്പം മിക്കപ്പോഴും അവള്‍ പാറപ്പുറത്തുപോയി ഇരിക്കും. കഥകളും, കളികളും തമാശകളുമായി കുട്ടികളോടൊപ്പമുള്ള ജീവിതം അവൾ നന്നായി ആസ്വദിച്ചു . ചിത്തിരപുരത്തെ വിശേഷങ്ങളൊക്കെ അവള്‍ അവരെ പറഞ്ഞു കേള്‍പ്പിച്ചു.
“ചേച്ചി ഞങ്ങളെ ഒരു ദിവസം ചേച്ചീടെ നാട്ടില്‍ കൊണ്ടുപോക്വോ?” – അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഖിലിന്‍റെ ചോദ്യം.
“എന്‍റെ നാട് ഇതല്ലേടാ കുട്ടാ ഇപ്പം! നിങ്ങളൊക്കെയല്ലേ എന്‍റെ സ്വന്തക്കാരും ബന്ധുക്കാരും ” – ജാസ്മിന്‍ അവനെ തന്നിലേക്കു ചേര്‍ത്തു പിടിച്ചു കവിളില്‍ ഒരുമ്മ കൊടുത്തു.
പട്ടണത്തില്‍നിന്ന് ആളുകള്‍ വന്ന് കുറുക്കന്‍മലയിലെ സാധുക്കള്‍ കൃഷി ചെയ്തുണ്ടാക്കുന്ന കാര്‍ഷികവിളകള്‍ കുറഞ്ഞ വിലയ്ക്കു വാങ്ങിക്കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ ജാസ്മിന് വല്ലാതെ അരിശം വന്നു. പകലന്തിയോളം പണിയെടുത്തുണ്ടാക്കുന്ന ഉല്പന്നങ്ങൾക്ക് അര്‍ഹമായ വില ഈ പാവങ്ങള്‍ക്കു കിട്ടുന്നില്ലോ എന്നവൾ ഓർത്തു . അതെങ്ങനെയാ, പത്രം വായിച്ചെങ്കിലല്ലേ വിവരമുണ്ടാകൂ. കഴുതകളെപ്പോലെ പണിയെടുത്തിട്ട് അല്പം കള്ളും മോന്തി കിടക്കണമെന്നല്ലാതെ പത്രം വായിക്കണമെന്നോ ലോകകാര്യങ്ങൾ അറിയണമെന്നോ ആര്‍ക്കും താത്പര്യമില്ല . കോളജില്‍ പോയിട്ടുള്ളവര്‍ വിരലിലെണ്ണാന്‍ മാത്രം.
ഒരു ദിവസം കുർബാന കഴിഞ്ഞ് അവൾ വികാരിയച്ചനെ കണ്ടു പറഞ്ഞു:
“അച്ചാ ഈ നാട്ടില്‍ ഒരു വായനശാലയില്ലാത്തതിന്‍റെ കുറവ് ഒത്തിരിയുണ്ട്. നമുക്കൊരു വായനശാല ഉണ്ടാക്കി കുറച്ചു പത്രവും മാസികകളുമൊക്കെ വരുത്തിയാലോ?.”
“വായിക്കാനാളെ കിട്ടുമോ മോളെ?”
“കിട്ടും അച്ചോ. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അച്ചന്‍ പള്ളീലൊന്നു പ്രസംഗിച്ചാല്‍ മതി. പത്രം വായിക്കാത്തതിന്റെ ഒരുപാട് കുറവുണ്ട് ഇവിടുള്ളോര്‍ക്ക്.”
“ഒരു കാര്യം ചെയ്യ്. നീയും പുത്തന്‍പുരയ്ക്കലെ ജയിംസും കൂടി അതിനുവേണ്ട പ്രാഥമിക കാര്യങ്ങളൊക്കെ ചെയ്യ്. പള്ളീലെ ഒരു മുറി ഞാന്‍ വിട്ടുതരാം.”
“അച്ചന്‍ ജെയിംസിനോടൊന്നു പറയുവോ?”
“തീര്‍ച്ചയായും. ഒരു നല്ല കാര്യത്തിനല്ലേ. അവന്‍ സഹകരിക്കും. ഈ കരയിലെ ഏറ്റവും നല്ല പയ്യനാ. നീ പരിചയപ്പെട്ടില്ലേ? അവന്‍ വേദപാഠം പഠിപ്പിക്കുന്നുണ്ടല്ലോ?”
“ഉവ്വ്. ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരുപാട് അടുപ്പമില്ലെന്നേയുള്ളൂ.”
“എന്നാ ചെല്ല്. ഞാന്‍ അവനോട് കാര്യങ്ങള്‍ പറയാം കേട്ടോ.”
“ഉം…” – ജാസ്മിന്‍ അച്ചനോട് യാത്ര പറഞ്ഞു പിരിഞ്ഞു. വീട്ടില്‍ വന്ന് അവള്‍ അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ മേരിക്കുട്ടി പറഞ്ഞു.
“എന്റെ കൊച്ചേ വിവരോം വിദ്യാഭ്യോസോം ഒക്കെയായി കഴിയുമ്പം ഇപ്പഴുള്ള ആൾക്കാരുടെ ഈ സ്നേഹവും ആത്മാര്‍ത്ഥയുമൊക്കെയങ്ങുപോകും. പിന്നെ എല്ലാവര്‍ക്കും എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ചിന്തയേ കാണൂ.”
“ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയക്കാരെ ഇങ്ങോട്ടടുപ്പിക്കാതിരുന്നാല്‍ ഈ നാട്ടിലെ ആളുകൾക്ക് ഒരു മാറ്റവും സംഭവിക്കില്ലമ്മേ. എനിക്കുറപ്പാ. ചിത്തിരപുരത്തേക്കാള്‍ എത്രയോ നല്ല മനുഷ്യരാ ഇവടുള്ളോർ ”
അവൾക്കു തികഞ്ഞ ആത്‌മവിശ്വാസമായിരുന്നു.
”നിന്റെ ഇഷ്ടം പോലെ ചെയ്യ് . ഞാൻ ഒന്നും പറയുന്നില്ല ” മേരിക്കുട്ടി പിൻവലിഞ്ഞു .
പിറ്റേ ഞായറാഴ്ച വേദപാഠക്ലാസ് കഴിഞ്ഞ് അച്ചന്‍ ജയിംസിനേയും ജാസ്മിനെയും വിളിച്ചു ഒരുമിച്ചു നിറുത്തി വായനശാലയുടെ കാര്യം സംസാരിച്ചു. എല്ലാ സഹായസഹകരണങ്ങളും ജയിംസ് വാഗ്ദാനം ചെയ്തപ്പോള്‍ ജാസ്മിനു സന്തോഷമായി.
“പള്ളീല് വിളിച്ചുപറഞ്ഞ് ഒരു ഞായറാഴ്ചത്തെ പിരിവു ഞാന്‍ തരാം. പിന്നെ നിങ്ങള്‍ യൂത്തു ലീഗിൻ്റെ നേതൃത്വത്തില്‍ നാട്ടിലിറങ്ങി ഒരു പിരിവു നടത്തുക. ഒന്നു തുടങ്ങിക്കിട്ടിയാല്‍ പിന്നെ അതങ്ങോട്ടു സ്മൂത്തായി പൊക്കോളും.” അച്ചന്‍ എല്ലാ പ്രോത്സാഹനവും പിന്തുണയും നൽകി.
ജയിംസും ജാസ്മിനും കൂടി വായനശാല സംബന്ധിച്ച് ഒരു പ്രാഥമിക ചര്‍ച്ച നടത്തിയ ശേഷം പിരിഞ്ഞു.
വൈകാതെ യുവാക്കളെ സംഘടിപ്പിച്ച് അവര്‍ കര്‍മ്മരംഗത്തിറങ്ങി. ഓരോ വീട്ടിലും കയറിയിറങ്ങി കാര്യങ്ങള്‍ വിശദീകരിക്കുകയും സംഭാവന പിരിക്കുകയും ചെയ്തു. നല്ല പ്രതികരണമായിരുന്നു ആളുകളില്‍നിന്നു കിട്ടിയത്.
ഒരു മാസത്തിനുള്ളില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം തുടങ്ങി. തുടക്കത്തില്‍ പത്രങ്ങളും മാസികകളുമേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം ആളുകള്‍ അവിടെ വന്നിരുന്നു പത്രവും മാസികയും വായിക്കും. പഴയ മാസികകള്‍ വായിക്കാന്‍ വേണ്ടി വീട്ടില്‍ കൊടുത്തുവിടും. ക്രമേണ ലൈബ്രറി വളരുകയും കൂടുതല്‍ പുസ്തകങ്ങള്‍ എത്തിച്ചേരുകയും ചെയ്തു.
കുട്ടികളും യുവാക്കളും ലൈബ്രറി നന്നായി പ്രയോജനപ്പെടുത്തുന്നു എന്നു കണ്ടപ്പോള്‍ ജാസ്മിന് അതിയായ സന്തോഷം തോന്നി. ഒരു ദിവസം അവള്‍ ജയിംസിനോടു പറഞ്ഞു.
“ജയിംസിന്‍റെ സഹായം കിട്ടിയതുകൊണ്ടാ ഇതിത്രയും നന്നായി ഓര്‍ഗനൈസ് ചെയ്യാന്‍ പറ്റീത്.”
അതുകേട്ടപ്പപ്പോൾ ജെയിംസ് ഒരുമുഴം ഉയർന്നു. അവൻ പറഞ്ഞു.
” എനിക്കൊരു സപ്പോര്‍ട്ടു തരാന്‍ നേരത്തെ ആരും ഇവിടെ ഇല്ലായിരുന്നു. ഇതിപ്പം ജാസ്മിന്‍ ഉണ്ടായിരുന്നതുകൊണ്ട് എനിക്കും ഒരാവേശമായി.”
ജയിംസ് ഹൃദ്യമായി ചിരിച്ചു.ആ ചിരിയിൽ ജാസ്മിനും പങ്കുചേർന്നു .
“നമുക്ക് ഇടയ്ക്കിടെ പ്രഗത്ഭരായ വ്യക്തികളെകൊണ്ടുവന്ന് ക്ലാസ് എടുപ്പിക്കണം. ഇവിടുത്തെ മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും അമ്മാര്‍ക്കുമൊക്കെ. ലോകത്തു നടക്കുന്ന കാര്യങ്ങളൊക്കെ ഇവിടുള്ളോരും അറിയട്ടെ. കിണറ്റിലെ തവളകളായി കിടന്നാല്‍ പോരല്ലോ അവര് .” ജാസ്മിൻ പറഞ്ഞു .
”തീര്‍ച്ചയായും. നമ്മുടെ വികാരിയച്ചന്‍ ഇതിലൊക്കെ താല്പര്യം കാണിക്കുന്ന ആളാ. അടുത്ത ഞായറാഴ്ച നമുക്കച്ചനോടു ഈ കാര്യങ്ങളൊക്കെ സംസാരിക്കാം ”
“ഉം. ”
”ചിത്തിരപുരത്തു പൊതുപ്രവർത്തനങ്ങളൊക്കെ ഉണ്ടായിരുന്നോ ജാസ്മിന് ?” ചിരിച്ചുകൊണ്ട് ജെയിംസ് ആരാഞ്ഞു.
” എനിക്കോ ? ഏയ് . അവിടെ പഞ്ചപാവമായ ഒരു മിണ്ടാമൂളിയായിരുന്നു ഞാൻ. വീട്ടീന്ന് നേരെ പള്ളിയിലേക്ക് . പള്ളിയിൽ നിന്ന് നേരെ വീട്ടിലേക്ക്.. ഒരു പരിപാടിക്കും കൂടാറില്ലായിരുന്നു . ഇവിടെ വന്നപ്പോൾ ഈ നാട്ടുകാരുടെ സ്നേഹം കണ്ടപ്പഴാ അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നിയത് ”
” അത് നന്നായി . ഇവിടെ പള്ളീൽ അച്ചൻ എല്ലാകാര്യങ്ങളും എന്നെയാ ഏൽപ്പിച്ചോണ്ടിരുന്നത് . ഓടി നടന്നു ഞാൻ മടുത്തു . ഇനിയിപ്പം സഹായത്തിന് ഒരാളുകൂടിയായല്ലോ. ”
”എനിക്ക് പറ്റുന്നതൊക്കെ ഞാൻ ചെയ്തു തരാം ജയിംസ് ”
”തരണം . എങ്കിലേ നമ്മുടെ പ്രവർത്തനങ്ങൾ ഭംഗിയായി മുൻപോട്ടു കൊണ്ടുപോകാൻ പറ്റൂ . ങ്ഹാ പിന്നെ വേറൊരുകാര്യം ചോദിച്ചോട്ടെ . എന്താ ചിത്തിരപുരത്തുനിന്നു ഈ മലമുകളിലേക്ക് പോരാൻ കാരണം ?
അപ്രതീക്ഷിതമായ ആ ചോദ്യം ജാസ്മിനെ കുഴക്കി . അവൾ പറഞ്ഞു
”ഓരോരുത്തർക്കും ഓരോന്ന് തലയിൽ എഴുതിവച്ചിട്ടുണ്ടല്ലോ ദൈവം. എന്റെ തലയിൽ ഇങ്ങനെയാ എഴുതി വച്ചിരിക്കുന്നത് . അതിനെപ്പറ്റി കൂടുതലൊന്നും ജെയിംസ് എന്നോട് ചോദിക്കരുത് , പ്ലീസ് ”
” സോറി ” ജെയിംസ് വല്ലാതായി .
”ഇറ്റ് സ് ഓകെ. ഭൂതകാലത്തെക്കുറിച്ചു സംസാരിക്കാതെ നമുക്ക് ഭാവിയെപ്പറ്റി സംസാരിക്കാം. അതല്ലേ നല്ലത് ?”
”ഒഫ് കോഴ്സ് ”
”പോട്ടെ ? പിന്നെ കാണാം.”
പുഞ്ചിരിച്ചിട്ട് അവൾ യാത്രപറഞ്ഞു വീട്ടിലേക്കു പോയി.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21