ഇലഞ്ഞിപ്പൂമണമൊഴുകി വരും.. ഇന്ദ്രിയങ്ങളിലതുപകരും..


വേനലിന്റെ തുടക്കത്തിൽ നിറയെ പൂക്കുകയും കാറ്റ് വീശി എത്തുന്ന സ്ഥലങ്ങളിലെല്ലാം സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു പൂമരം ഉണ്ടായിരുന്നു പണ്ട് മിക്ക പറമ്പുകളിലും. അവൾ പൂമണങ്ങളുടെ റാണിയായിരുന്നു. ഓർമ്മയിൽ വന്നില്ലേ പറമ്പിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആ പൂമരത്തിന്റെ പേര് ?
ഇല്ലെങ്കിൽ ബാല്യത്തിലേക്ക് മനസിനെ ഒന്ന് കൂട്ടി കൊണ്ട് പോകൂ. ബാല്യത്തിൽ കണ്ടുമറന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം ഹൃദയത്തിലേക്ക് സാവധാനം കടന്നു വരുന്നില്ലേ ?
ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം ആസ്വദിക്കാത്ത ബാല്യങ്ങൾ ഉണ്ടായിരുന്നില്ല പണ്ട് . ഇന്നത്ത തലമുറയ്ക്ക് അന്യമായ സുഗന്ധം . പ്രഭാതത്തിൽ പൊഴിയുന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം വാടും തോറും വർദ്ധിച്ചു വരും. ഇലഞ്ഞിപ്പൂവിന് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഇത് .
കുഞ്ഞു കമ്മലുകൾ പോലെ നിലത്ത് പരന്നുകിടന്ന ഇലഞ്ഞിപൂക്കൾ കുത്തിയിരുന്ന് പെറുക്കികൂട്ടി മാല ഉണ്ടാക്കി മുടിയിൽ ചൂടിയ ഒരു ബാല്യം ഉണ്ടായിരുന്നു നമുക്ക് . വാഴനാരിൽ കോർത്ത മനോഹരമായ ഇലഞ്ഞിപ്പൂമാലകൾ സ്‌കൂളിൽ കൊണ്ടുവരുന്നതും കുട്ടികൾക്ക് ഒരു ഹരമായിരുന്നു. ഏറെ ക്ഷമ വേണ്ട ഒരു ജോലിയാണ് ഇലഞ്ഞിപ്പൂമാല കൊരുക്കൽ.
അന്ന് മിക്ക സ്കൂൾ മുറ്റത്തും ഇലഞ്ഞിമരം ഉണ്ടായിരുന്നു . അതിൽ നിറയെ പൂക്കളും . പെൺകുട്ടികൾ പൂക്കൾ പെറുക്കി മാലയുണ്ടാക്കി ടീച്ചറിനും കൊടുക്കുമായിരുന്നു.




ഇലഞ്ഞിപ്പൂക്കളെക്കുറിച്ചു കുസുമം ജോസഫ് ഫേസ്ബുക്കിൽ പങ്കു വച്ച ഓർമ്മ ഇങ്ങനെ :
കുട്ടിക്കാലത്തെ മോഹങ്ങളിലൊന്നായിരുന്നു ഒരുകൈകുമ്പിൾ നിറയെ ഇലഞ്ഞിപ്പൂക്കൾ. ആറാം ക്ലാസിൽ ചേർന്നപ്പോഴാണ് കരുവാരക്കുണ്ടിലെ ഇലഞ്ഞിയും പൂമണവും അറിയുന്നത്. വീട്ടിൽ നിന്നിറങ്ങി തോട് കടന്നു് പാടവരമ്പത്തുകൂടി നടന്നാൽ ഒലിപ്പുഴയായി. അതും കടന്നാൽ അകലെ മൗലവിയുടെ വലിയ മാളിക വീട്. അവിടുന്നങ്ങോട്ട് ചെറിയ കയറ്റമാണ്.വീട്ടുപടിക്കൽ എത്തുമ്പോഴേ ഹൃദയഹാരിയായ ഒരു സുഗന്ധം നമ്മളെ ചിറകുള്ളവരാക്കും. കയറ്റംകഴിഞ്ഞാൽ ടാർചെയ്യാത്ത റോഡിലേക്ക് നക്ഷത്രങ്ങൾ ചിതറി വീണിട്ടുണ്ടാവും. ഈ കുഞ്ഞു നക്ഷത്രങ്ങളുടെ മാസ്മര ഗന്ധത്തിലാണ് കുട്ടികൾ ഓടിക്കയറുന്നത്. റോഡിന്റെ ഇടതു വശത്ത് മുളവേലിക്കുള്ളിൽ മൗലവിയുടെ തൊടിയിൽ വലിയൊരു ഇലഞ്ഞി. എന്റെ ആദ്യത്തെ ഇലഞ്ഞിയും ആദ്യത്തെ പൂ മണവും. വലതു വശത്ത് മൂന്നു വീടുകൾ അടുത്തടുത്ത് ഉള്ളതിൽ ധാരാളം കുട്ടികൾ . ചിലരെങ്കിലും സ്കൂളിൽ പോകാത്തവർ. മദിപ്പിക്കുന്ന മണത്തിലലിഞ്ഞ് ഞാനെത്തുമ്പോഴേക്ക് അവർ പൂപെറുക്കി മാലകോർത്ത് കൈയ്യിൽ ചുറ്റി നില്ക്കും. ഇലഞ്ഞിക്കു ചുറ്റും തേനിച്ച പറക്കുന്നുണ്ടാവും. നാലഞ്ച് താരകക്കുഞ്ഞുങ്ങളെ കിട്ടും .അത് മണപ്പിച്ച് മണപ്പിച്ച് സ്കൂളിലെത്തിയാൽ ആവശ്യക്കാർ പലരുണ്ടു്. ഒരു മാല കൊരുക്കാനുള്ള പൂവ്… വലിയ ഒരു മോഹമായിരുന്നു.
നാലു കൊല്ലം മുമ്പ് മേലൂരിലെ വീട് വാങ്ങുമ്പോൾ കിഴക്കുവശത്ത് നേരെ മുന്നിൽ നിന്നിരുന്ന ചെറിയ ഇലഞ്ഞി പലതും ഓർമ്മിപ്പിച്ചു. അന്നത് പൂത്തിരുന്നില്ല. വടക്കു പുറത്ത് വീണ്ടും രണ്ടിലഞ്ഞികൾ .ദൈവമേ . കഴിഞ്ഞ കൊല്ലം മുതൽ അവർ നിറഞ്ഞ് പൂക്കുകയാണ്. എനിക്കു ചുറ്റും വീടിനു ചുറ്റും ഇലഞ്ഞിപ്പൂമണം പരക്കുന്നു. രാവിലെ ചെന്നു നില്ക്കുമ്പോൾ ഒച്ചയുണ്ടാക്കാതെ ദേഹത്തേക്ക്, മുടിയിലേക്ക് കൊഴിഞ്ഞു വീണു കൊണ്ടേയിരിക്കും. ഒരു കൈക്കുടന്ന പെറുക്കിയെടുക്കാതിരിക്കാനാവുമോ? കുഞ്ഞു പൂക്കളിലെ ദിവ്യ ഗന്ധം നാളുകളോളം അവയിലുണ്ടാകും, ജീവിതം മുഴുവൻ നമ്മളിലും .




രാജേശ്വരികൃഷ്ണൻ കളപ്പുരയ്ക്കൽ പങ്കുവച്ച ഇലഞ്ഞിപ്പൂ അനുഭവം ഇങ്ങനെ :
കുട്ടിക്കാലത്ത് ഓടിൽ വാർത്ത ലോട്ടയുമായി അടുത്ത വീട്ടിലേക്കു പാലു വാങ്ങാനൊരു പോക്കുണ്ട്. പോകുന്ന വഴിയിലുള്ള സകല ചെടികളേയും തൊട്ടുരുമ്മി ഉറുമ്പരിക്കുന്ന പോലെ ഒരു നടപ്പ്. അവിടെ ചെന്ന് ലോട്ട ഏല്പിച്ചു കഴിഞ്ഞാൽ നേരെ അവരുടെ ഇലഞ്ഞിമരച്ചോട്ടിലെത്തും. നിറയെ ഇലഞ്ഞിപ്പൂക്കൾ പെറുക്കി ഹാഫ് പാവാട ത്തുമ്പിലോ, ഷിമ്മീസിലോ (ഇന്നത്തെ പെറ്റിക്കോട്ട് ) നിറയ്ക്കും. അപ്പോഴേക്കും, പാൽ തരുന്ന വീട്ടിലെ ചേച്ചി അന്വേഷിക്കും പാലെടുത്തില്ലേ ഇതുവരെ എന്ന്. മടങ്ങുമ്പോൾ കേൾക്കാം അമ്മയുടെ നീട്ടിയുള്ള വിളി. ചെറിയ ശകാരത്തോടെയാവും പലപ്പോഴും എതിരേൽപ്പ്. കൂടെ ഒരു വാക്യത്തിൽ പ്രയോഗവും വരും ഭൂമിക്കുവേദനിച്ചാലോ എന്നു വിചാരിച്ചിട്ടാണോ ഇവൾ ഇത്ര പതുക്കെ നടക്കുന്നതെന്ന്.
ഇലഞ്ഞിപ്പൂക്കൾ നൂലിൽ കോർത്ത് കുളിപ്പിന്നൽ ഇട്ട മുടിയിൽ ചൂടി പോകുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ, അതൊന്നു വേറെയാണ്. ആ ഓർമ്മകളുടെ സുഗന്ധം വീണ്ടും നുകരാൻ വേണ്ടി തന്നെയാണ് വീടുവച്ചപ്പോൾ ഇലഞ്ഞിയേയും കൂടെ കൂട്ടിയത്. പൂക്കൾ പെറുക്കി വച്ചു. മാല കെട്ടി ചൂടാനുള്ള ആൾ എത്തുന്നതും കാത്തിരിപ്പാണ്. വരും, വരാതിരിക്കില്ല, അധികം വൈകാതെ തന്നെ, എൻ്റെ ചിരിക്കുടുക്ക.
ഓരോ സുഗന്ധവും നമ്മളെ ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോകും. എങ്കിലും ബാല്യത്തിൽ കണ്ടുമറന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമാണ് നഷ്ട ബാല്യത്തിന്റെ സുഗന്ധം .
ചില സങ്കടങ്ങളും സന്തോഷങ്ങളും ഇലഞ്ഞിപ്പൂക്കൾ പോലെയാണ്. പഴക്കമേറും തോറും തീക്ഷ്ണത വർദ്ധിച്ചു കൊണ്ടിരിക്കും. ഉണങ്ങിക്കരിഞ്ഞ് പൊടിഞ്ഞ് പോയാലും വിട്ടുമാറാത്ത ഇലഞ്ഞി സുഗന്ധം പോലെ ഇവയും നമ്മെ വിട്ടു മാറില്ല.
മങ്ങിയ വർണ്ണത്തിൻ അഴകുമായ് വിടരുന്ന
ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധത്തിൽ
അടർന്നു വീഴുന്ന പുലരികൾ പോയ് മറഞ്ഞെങ്കിലും
വിടരുന്നു പുലരികൾ ഇലഞ്ഞിപ്പൂക്കളുടെ
ഓർമ്മകൾതൻ സൗരഭ്യവുമായ്..
Read Also ഉള്ളിലെ എരിച്ചിലിന്റെ പുക ഒരു ബീഡിയിൽ പുറത്തേക്കുവിട്ട് അച്ഛൻ ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നു.
Read Also തളര്‍ന്നു തുടങ്ങിയ മനസ്സുകളിൽ പ്രത്യാശയുടെ കിരണങ്ങൾ നിറയ്ക്കാന്‍ ഈ ഗാനത്തിന് കഴിയട്ടെ
Read Also ഇദ്ദേഹത്തിന്റെ പ്രവൃത്തികൾ അറിയുമ്പോഴാണ് ഇപ്പോഴത്തെ നേതാക്കന്മാരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്