തിരുവനന്തപുരം : കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയിലൂടെ കാര്‍ഷികയന്ത്രങ്ങളും ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷക ഗ്രൂപ്പുകള്‍ക്കും, സംരംഭകര്‍ക്കും, കര്‍ഷകര്‍ക്കും അപേക്ഷിക്കാം.
പദ്ധതിയിലൂടെ കാട് വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുളള കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും, ഭക്ഷ്യസംസ്‌ക്കരണയന്ത്രങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്സിഡിയോടെ സ്വന്തമാക്കാം. ഈ പദ്ധതിപ്രകാരം നിങ്ങൾക്ക് ലഭിക്കേണ്ടതായ സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കൈമാറുന്നതാണ്.
വിവിധയിനം ട്രാക്റ്ററുകൾ, കൊയ്ത്തു മെതി യന്ത്രങ്ങൾ, എല്ലാവിധ ആവി പുക ഉണക്കൽ യന്ത്രങ്ങൾ, നടീൽ യന്ത്രങ്ങൾ, കഴുകൽ യന്ത്രങ്ങൾ, അലുമിനിയം കോവണികൾ, ഇലക്ട്രോണിക് സോളാർ കാർഷിക യന്ത്രങ്ങൾ, കാർഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങൾ തുടങ്ങിയവയും, പുൽവെട്ടു യന്ത്രമടക്കമുള്ള കാർഷിക ഉപകരണങ്ങളും, പൊടിക്കൽ അരയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും ഇത്തരത്തിൽ കർഷകർക്ക് വാങ്ങാവുന്നതാണ്.
രജിസ്ട്രേഷന്‍, പ്രൊജക്ട് സമര്‍പ്പിക്കല്‍, അപേക്ഷയുടെ നിജസ്ഥിതി അറിയല്‍, സബ്സിഡി ലഭിക്കല്‍ തുടങ്ങി പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈനായിരിക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നും താല്‍പ്പര്യമുളള യന്ത്രം സ്വന്തമാക്കുവാനും ഇതുവഴി സാധിക്കും.
കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും 40 ശതമാനം വരെ സബ്സിഡിയോടെ 60 ലക്ഷം രൂപ വരെ വിലയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാകുന്നതാണ്. കര്‍ഷക ഗ്രൂപ്പുകള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും 10 ലക്ഷം രൂപ വരെ വിലവരുന്ന യന്ത്രങ്ങള്‍ 80 ശതമാനം വരെ സബ്സിഡി നിരക്കില്‍ ലഭിക്കും. എട്ടില്‍ കുറയാതെ അംഗങ്ങളുള്ള, നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത, സ്വന്തമായി ബാങ്ക് അക്കൗണ്ടും പാന്‍കാര്‍ഡും ഉള്ള ഗ്രൂപ്പുകള്‍ക്കും സംഘങ്ങള്‍ക്കും മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഭക്ഷ്യസംസ്‌ക്കരണ യന്ത്രങ്ങള്‍ (പരമാവധി രണ്ട് എണ്ണം) എന്നിവ 40 മുതല്‍ 60 ശതമാനം വരെ സബ്സിഡിയില്‍ വാങ്ങാം.
എസ് സി, എസ് ടി, വനിത, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണു സഹായം ലഭ്യമാക്കുന്നത്. രജിസ്‌ട്രേഷന് ആധാര്‍കാര്‍ഡ്, ഫോട്ടോ, 2020-21 വര്‍ഷത്തെ നികുതി രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ ആവശ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.agrimachinery.nic.in എന്ന വെബ്സൈറ്റിലോ ജില്ലയിലെ കൃഷി ഓഫീസുകളിലോ ബന്ധപ്പെടാം.
Read also ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം