ഓർഡർ ചെയ്യാത്ത വിത്ത് പാക്കറ്റുകൾ കമ്മലുകൾ എന്ന പേരിൽ ചൈനയിൽ നിന്നു കൊറിയർ വഴി അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള പല കർഷകർക്കും കിട്ടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു . ആയിരക്കണക്കിന് വിത്ത് പാക്കറ്റുകളാണ് ലോകത്തെല്ലായിടത്തും കർഷകരിലേക്ക് എത്തികൊണ്ടിരിക്കുന്നത് .
ഇത്തരം വിത്ത് പാക്കറ്റുകൾ ഇന്ത്യയിലേക്കും എത്തുമോ എന്ന ഉത്കണ്ഠയിലാണ് കേന്ദ്ര കൃഷിവകുപ്പ്. അമേരിക്ക, കാനഡ, യു.കെ., ന്യൂസീലൻഡ്, ജപ്പാൻ എന്നിവിടങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ആളുകൾക്ക് അവർ ആവശ്യപ്പെടാതെതന്നെ അറിയാത്ത കേന്ദ്രങ്ങളിൽനിന്ന് ‘വിത്തു പാഴ്സലുകൾ’ വന്നതാണ് ആശങ്കയ്ക്കു കാരണം. അമേരിക്കൻ കാർഷിക വകുപ്പ് ഇവയെ വിശേഷിപ്പിക്കുന്നത് ‘ബ്രഷിങ് സ്കാം’, ‘അഗ്രികൾച്ചറൽ സ്മഗ്ലിങ്’ എന്നിങ്ങനെയാണ്.
ഇങ്ങനെ കിട്ടുന്ന വിത്തുകൾ മുളപ്പിച്ചാൽ അത് ചിലപ്പോൾ പടർന്നുപിടിച്ചു അതത് പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങൾക്ക് ഭീഷണിയാകുമെന്നു കൃഷിവകുപ്പ് ഭയപ്പെടുന്നു . ഇവ ഏതെങ്കിലും സസ്യ രോഗങ്ങൾ ഉള്ളവയുമാകാം . സ്രോതസ് അറിയാത്തതും ഓർഡർ ചെയ്യാത്തതുമായ വിത്തുകൾ ആർക്കെങ്കിലും തപാലിലോ കൊറിയറിലോ ലഭിച്ചാൽ മുളപ്പിക്കരുതെന്ന് എഫ്.എസ്.ഐ.ഐ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
സംസ്ഥാനസർക്കാരുകൾ, ഇന്ത്യൻ കാർഷികഗവേഷണ കൗൺസിൽ, കേന്ദ്രത്തിലെ പ്ലാന്റ് പ്രൊട്ടക്‌ഷൻ വിഭാഗം, കാർഷിക സർവകലാശാലകൾ, സംസ്ഥാന സീഡ് കോർപ്പറേഷനുകൾ, സീഡ് സർട്ടിഫിക്കേഷൻ ഏജൻസികൾ, സീഡ് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവർക്ക് കേന്ദ്ര കൃഷിമന്ത്രാലയം ഇതുസംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട് . പരിസ്ഥിതിക്കും കാർഷികവ്യവസ്ഥയ്ക്കും ദേശസുരക്ഷയ്ക്കു തന്നെയും ഭീഷണിയായി അതു മാറിയേക്കാമെന്നതിനാൽ കനത്ത ജാഗ്രത വേണമെന്നാണ് നിർദേശം.
‘‘കാർഷികസസ്യങ്ങൾക്ക് വിത്തുകളിലൂടെ ഉണ്ടായോക്കാവുന്ന രോഗത്തെക്കുറിച്ചുള്ള ജാഗ്രതാ അറിയപ്പു മാത്രമാണ് ഇത്. എങ്കിലും കരുതിയിരിക്കണം. പടർന്നുപിടിക്കുന്ന കളയോ ചെടിവർഗമോ ആകാം ഇത്തരം വിത്തുകളിലൂടെ എത്തുന്നത്. അങ്ങനെ സംഭവിച്ചാൽ ഭാവിയിൽ അവയെ നിയന്ത്രിക്കാൻ വൻ സാമ്പത്തികബാധ്യത വേണ്ടിവരും. അതിനാൽ അത്തരം വിത്തുകൾ രാജ്യത്ത് എത്തുന്നത് തടയുകയാണു വേണ്ടത്. പ്ലാന്റ് ക്വാറന്റീനും കസ്റ്റംസ് പരിശോധനയും തുറമുഖങ്ങളിൽ കർശനമാക്കണം. അറിയപ്പെടാത്ത കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന വിത്തുകൾ നടാൻ പാടില്ല.’’ ഡയറക്ടർ ജനറൽ, ഫെഡറേഷൻ ഓഫ് സീഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ കത്തിലൂടെ വ്യക്തമാക്കി.














































