Home Blog Page 17

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് ഹരിയിൽ നിന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളിയിൽ നഷ്ടം വന്നു സാമ്പത്തിക പ്രതിസന്ധിയിലായ റോയി ഗർഭഛിദ്രം നടത്താൻ അനിതയെ നിർബന്ധിച്ചു. അവൾ സമ്മതിച്ചില്ല. ഹരിയും അനിതയും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടോ എന്ന് സംശയിച്ചു റോയി ആ വീട് ഒഴിയാൻ തീരുമാനിച്ചു. (തുടർന്ന് വായിക്കുക )

റോയി വീട് ഒഴിയുവാണെന്നു കേട്ടപ്പോൾ നീരജമോള്‍ക്കും മിനിക്കും വലിയ സങ്കടമായി. അനിത ആന്റിയെ ഇനി കാണാന്‍ പറ്റില്ലല്ലോ എന്ന ദുഃഖമായിരുന്നു നീരജയ്ക്ക്. കുശുമ്പും കുന്നായ്മയുമില്ലാത്ത ഒരു കൂട്ടുകാരിയെ നഷ്ടപ്പെടുന്ന വിഷമം മിനിക്കും. അവൾ ഭര്‍ത്താവിനോടു പറഞ്ഞു:
“ആ പെണ്ണിനെ ആ മനുഷ്യന്‍ കൊണ്ടുപോയി കൊന്നുകളയുമോന്നാ എന്റെ പേടി. അച്ഛനും അമ്മയുമില്ലാത്ത ആ കൊച്ചിന്റെ ഒരു കഷ്ടകാലമേ. ദൈവം എന്തിനാ അതിനെ ഇങ്ങനെ വേദനിപ്പിക്കുന്നേ?”
“പാവം! ജീവിതകാലം മുഴുവൻ കണ്ണീരുകുടിക്കാനായിരിക്കും അതിന്റെ വിധി. ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ടല്ലോ. അതിന്റെ കരച്ചിൽ ഓർത്ത് ഒരുമാസത്തെ വാടക ഞാൻ വേണ്ടാന്നു വച്ചു. ”
“അതു നന്നായി ചേട്ടാ. പോരെങ്കില്‍ അതിപ്പം ഗര്‍ഭിണിയുമല്ലേ. ആശുപത്രിയിൽ പോകാനും മറ്റും എന്തോരം കാശുവേണം. അവനാണെങ്കിൽ ചീട്ടുകളിച്ചു നടക്കുകയല്ലാതെ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കുന്നില്ല. നല്ല ഭക്ഷണം പോലും കഴിക്കുന്നുണ്ടാവില്ല ആ പാവം. കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ അമ്മയോ ബന്ധുക്കളോ ആരുമില്ലല്ലോ. അതിന്റെ ഒരു ഗതികേടെ! ”
”വല്യവീട്ടിലെ കൊച്ചനാ അവളെ കല്യാണം കഴിച്ചതെന്ന് പറഞ്ഞിട്ട് വല്യ കാര്യവുമുണ്ടോ? ഈ വെള്ളമടിക്കുന്നവന്മാര് ഒരുകാലത്തും ഗതിപിടിക്കില്ലെന്നു പറയുന്നത് ചുമ്മാതല്ല.”
” ഹരിയേട്ടൻ കുടിക്കാത്തത് എന്റെ ഭാഗ്യം. “
” അവസരമില്ലാഞ്ഞിട്ടല്ല. വേണ്ടാന്നു വച്ചിട്ടാ . പലപ്പോഴും സുഹൃത്തുക്കളുടെ പാർട്ടിയിൽ മദ്യപിക്കാൻ എന്നെ ഒരുപാട് നിർബന്ധിച്ചിട്ടുണ്ട്. പക്ഷെ ഞാൻ തൊട്ടിട്ടില്ല. അതിന്റെ പേരിൽ പെങ്കോന്തനെന്ന പേരും കിട്ടീട്ടുണ്ട് . കിട്ടിക്കോട്ടെ . നമുക്ക് നമ്മുടെ കുടുംബജീവിതമല്ലേ വലുത്.?”
” പിന്നല്ലേ! ഇങ്ങനെ ഒരു ഹസ്ബന്റിനെ കിട്ടിയത് എന്റെ ഭാഗ്യം.”
സ്വീകരണമുറിയിൽ അവർ സംസാരിച്ചിരിക്കുമ്പോൾ അനിത അങ്ങോട്ടു കയറി വന്നു. യാത്ര പറയാന്‍ വന്നതാണ്. ചെയ്ത ഉപകാരങ്ങള്‍ക്കും സഹായങ്ങള്‍ക്കും അവള്‍ മനസുതുറന്നു നന്ദി പറഞ്ഞു. അത് കേട്ടപ്പോൾ മിനിയുടെ കണ്ണു നിറഞ്ഞു പോയി.
” എനിക്കും എന്റെ ഹസ്ബന്റിനും വേണ്ടി പ്രാർത്ഥിക്കണം കേട്ടോ.”
ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
”തീർച്ചയായും. ”
അനിതയുടെ ശബ്ദം കേട്ടപ്പോള്‍ കിടപ്പുമുറിയിലിരുന്നു പടം വരച്ചുകൊണ്ടിരിക്കുകയായിരുന്ന നീരജമോള്‍ ചാടി എണീറ്റ് അനിത ആന്‍റീ എന്നു വിളിച്ചുകൊണ്ടു സ്വീകരണമുറിയിലേക്ക് ഓടി വന്നു.
മോളെ വാരിയെടുത്ത് അനിത ഉമ്മ വച്ചു.
“ആന്‍റി പോകണ്ടാട്ടോ.”
മോളുടെ സ്നേഹപ്രകടനം കണ്ടപ്പോള്‍ അനിതയുടെ കണ്ണുനിറഞ്ഞു.
” നീരജമോളെ വിട്ടു പോകുന്ന കാര്യം ഓർക്കാനേ വയ്യ ചേച്ചി” അനിതയുടെ കണ്ണുകൾ പൊട്ടിയൊഴുകി.
” കുറച്ചുമുമ്പ് റോയി പുറത്തേക്കു പോകുന്നതു കണ്ടു?” ഹരി ചോദിച്ചു
” സാധനങ്ങള് കേറ്റിക്കൊണ്ടുപോകാൻ വണ്ടി വിളിക്കാൻ പോയതാ.”
” എവിടാ വീടെടുത്തിരിക്കുന്നേ ?”
” എനിക്കറിയില്ല . ചോദിച്ചിട്ടൊന്നും പറഞ്ഞില്ല . എവിടാണെങ്കിലും പോയല്ലേ പറ്റൂ”
“പ്രഗ്നന്റ് ആയിരിക്കുന്ന ഈ അവസ്ഥയിൽ നീ നന്നായിട്ടു ശ്രദ്ധിക്കണം കേട്ടോ. നേരം ഇരുട്ടുന്നേനു മുമ്പ് വീട്ടില്‍ വരാന്‍ റോയിയോടു പറയണം. ഇനി ചെല്ലുന്ന സ്ഥലം എങ്ങനുള്ളതാണെന്ന് ആർക്കറിയാം .” മിനി ഓർമ്മിപ്പിച്ചു .
അനിത ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകളിൽ നിന്ന് കുടുകുടെ മിഴിനീർ ഒഴുകുന്നത് മിനി ശ്രദ്ധിച്ചു.
“ഒരയല്‍ക്കാരിയെപ്പോലെയല്ല, എന്റെ അനിയത്തിയെപ്പോലെയാ ഞാൻ നിന്നെ കണ്ടിരുന്നത് . ഞങ്ങൾ എന്നും നിന്റെ കാര്യം പറയുമായിരുന്നു ”
“എനിക്കറിയാം ചേച്ചി. നിങ്ങളെ വിട്ടുപോകാന്‍ എനിക്കൊരുപാടു വിഷമമുണ്ട്. വല്ലപ്പോഴും വിളിക്കണം ട്ടോ. മോളുടെ ശബ്ദം കേള്‍ക്കാന്‍ കൊതിയാകും. ” നീരജയുടെ മുഖത്തേക്ക് നോക്കി തുടർന്ന്: ”ഈ ആന്റിയെ മറക്കരുത് കേട്ടോ മോളെ? ഭാഗ്യം ഉണ്ടെങ്കിൽ ഇനിയും എവിടെയെങ്കിലുമൊക്കെ വച്ച് നമുക്ക് കാണാം ”
നിറകണ്ണുകളോടെ എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവള്‍ പുറത്തേക്കിറങ്ങി. അനിത പടികള്‍ കയറി മുകളിലേക്കു പോകുന്നതു ഹരിയും മിനിയും നീരജയും വാതില്‍ക്കല്‍ നോക്കിനിന്നു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു മിനി ലോറി മുറ്റത്തു വന്നുനിന്നു. റോയിയും ഒരു ചുമട്ടുതൊഴിലാളിയും ലോറിയിൽ നിന്നിറങ്ങി മുകളിലേക്കു കയറിപ്പോയി.
രണ്ടുപേരും കൂടി കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ലോറിയില്‍ കയറ്റി.
വീടുപൂട്ടിയിട്ട് റോയി താക്കോലുമായി ഹരിയുടെ അടുത്തേക്കു ചെന്നു.
“എവിടെയാ വീട് എടുത്തിരിക്കുന്നേ?”
ഹരി ചോദിച്ചു.
“കുറച്ചു ദൂരെയാ.” സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത മട്ടിലാണ് റോയിയുടെ മറുപടി എന്നു മനസ്സിലായപ്പോള്‍ ഹരി കൂടുതലൊന്നും ചോദിച്ചില്ല.
മിനി അനിതയുടെ അടുത്തേക്കു വന്നു കരം പുണര്‍ന്നുകൊണ്ടു ചോദിച്ചു:
“ഇനി എന്നെങ്കിലും കാണാന്‍ പറ്റുമോ?”
ഒരു വിങ്ങിപ്പൊട്ടലായിരുന്നു മറുപടി.
“കരയണ്ട. നിനക്കു നല്ലതു വരും. ഞാന്‍ പ്രാര്‍ത്ഥിക്കാം.” – മിനി ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.
നീരജമോളെ എടുത്ത് ഒരിക്കല്‍ക്കൂടി ഉമ്മവച്ചിട്ട് അനിത റോയിയുടെ പിന്നാലെ ലോറിയുടെ അടുത്തേക്കു നടന്നു. മുന്‍സീറ്റില്‍ അനിതയെ കയറ്റിയിരുത്തിയിട്ട് തൊട്ടടുത്തു റോയിയും കയറി ഇരുന്നു.
ലോറി ഗേറ്റുകടന്നു പോകുന്നതു നിറകണ്ണുകളോടെ നോക്കി നിന്നു മിനിയും നീരജയും .
” കൊല്ലാൻ കൊണ്ടുപോകുന്നതുപോലെയാ ” സങ്കടം അടക്കാനാവാതെ മിനി കരഞ്ഞു പോയി .
ലോറിയിലിരിക്കുമ്പോൾ അനിതയുടെ നെഞ്ചകം പിടയുകയായിരുന്നു. ഇനി ഏതു ദുനിയാവിലാണോ താമസം ?
കുറേദൂരം ഓടിയിട്ട് ലോറി ഒരു പോക്കറ്റ് റോഡിലേക്കു തിരിഞ്ഞു. ആ വഴി കുറെ പോയിട്ട് ഒരു റബര്‍ തോട്ടത്തിലേക്കു കയറി . തോട്ടത്തിലെ ചെമ്മണ്‍റോഡിലൂടെയായിരുന്നു പിന്നീടുള്ള യാത്ര.
വിസ്തൃതമായ റബര്‍തോട്ടത്തിന്‍റെ നടുവില്‍ വിജനമായ സ്ഥലത്ത് പ്രേതാലയംപോലെ ഒരു പഴയ വീട്! വീടിന്‍റെ മുറ്റത്ത് വണ്ടി വന്നു നിന്നു. റോയി പറഞ്ഞു:
“ഇതാ വീട്.”
അനിത അന്തം വിട്ടിരുന്നുപോയി. ഈ ഭാര്‍ഗവീനിലയത്തിലാണോ ഇനിയുള്ള താമസം? അടുത്തെങ്ങും ഒരു മനുഷ്യജീവിയെപ്പോലും കാണാനില്ലല്ലോ?
” ചത്തപോലെ ഇരിക്കാതെ ഇറങ്ങ്. ”
റോയി അവളുടെ കൈ പിടിച്ചു ലോറിയിൽ നിന്നിറക്കി.
“തൊട്ടടുത്ത് താമസക്കാരൊന്നുമില്ലേ ?”
ചുറ്റും നോക്കിയിട്ട് അവള്‍ ചോദിച്ചു.
“ഒരുപാട് താമസക്കാരില്ലാത്തതാ നല്ലത്.”
റോയിയുടെ സംസാരത്തിലെ ദുരര്‍ത്ഥം അവള്‍ക്കു പിടികിട്ടി. പിന്നെ ഒന്നും ചോദിച്ചില്ല.
ഭയാശങ്കയോടെയാണ് അവൾ വീടിനുള്ളിലേക്കു കാലെടുത്തുവച്ചത് . പൊടിയും മാറാലയും പിടിച്ച് വൃത്തിഹീനമായി കിടക്കുകയാണ് മുറികളെല്ലാം. മച്ചില്‍ ചിതല്‍ കയറിയിരിക്കുന്നു. കുറേനാളായി ആൾ താമസമില്ലാതെ കിടക്കുന്ന വീടാണെന്ന് ഒറ്റനോട്ടത്തിലേ അറിയാം.
റോയി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ തറയില്‍നിന്ന് ഒരു അരണ ഇഴഞ്ഞ് അനിതയുടെ കാല്‍ക്കലേക്കു വന്നു. അവള്‍ ഞെട്ടി പിന്നാക്കം മാറി.
“ഹൊ! പേടിച്ചുപോയി. ഇവിടെങ്ങനെ താമസിക്കും റോയിച്ചാ?”
“ആദ്യം കുറച്ചു ദിവസത്തെ ബുദ്ധിമുട്ടേ ഉണ്ടാകൂ. അതു കഴിയുമ്പം എല്ലാം ഓക്കെയാകും.”
ഒരു മുറിയില്‍ പഴയ ഒരു കട്ടിലും മറ്റൊരുമുറിയില്‍ ഒരു മേശയും കസേരയുമുണ്ടായിരുന്നു.
ലോറിയില്‍നിന്നു ചുമട്ടുകാരന്‍ സാധനങ്ങളെല്ലാം ഇറക്കി മുറിക്കുള്ളിൽ കൊണ്ടുവന്നു വച്ചു.
റോയി വാതിലും ജനാലകളുമെല്ലാം തുറന്നിട്ടു. തറ വൃത്തിയാക്കാനും ചുമരിലെ ചിലന്തിവല തൂത്തുകളയാനും അനിതയെ റോയിയും സഹായിച്ചു. ചുമട്ടുകാരൻ കൂലിവാങ്ങിയിട്ടു അതേ ലോറിയിൽ തിരിച്ചുപോയി.
അടുപ്പില്‍ തീ കൂട്ടി അനിത ചായ ഉണ്ടാക്കി. ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ അനിത പറഞ്ഞു:
“ഈ പ്രേതാലയത്തിൽ എന്നെ തനിച്ചാക്കിയിട്ടു റോയിച്ചന്‍ എങ്ങും പോകരുതു കേട്ടോ. എനിക്കു തന്നെയിരിക്കാൻ പേടിയാ ”
“ഞാനിവിടെ കൂട്ടിരുന്നാൽ തിന്നാനുള്ളത് ആരു കൊണ്ടുവന്നു തരും?”
റോയി ചോദിച്ചു.
അനിത ഒന്നും മിണ്ടിയില്ല. അവളാകെ തളർന്നിരിക്കുകയായിരുന്നു.
കട്ടിലിൽ കയറി അവൾ കുറേനേരം ഓരോന്നോർത്തു വിഷമിച്ചു കിടന്നു
സന്ധ്യയായി.
രാത്രിയായി.
ലൈറ്റണച്ചിട്ടു ഉറങ്ങാൻ കിടന്നപ്പോൾ അനിതയ്ക്കു ഭയം തോന്നി. റോയി നേരത്തേ ഉറക്കം പിടിച്ചിരുന്നു. അനിതയ്ക്കുറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോള്‍ മുമ്പില്‍ പ്രേതങ്ങള്‍ ഓടി നടക്കുന്നതുപോലൊരു തോന്നല്‍. ദൈവമേ ! എങ്ങനെ ഇരുട്ടി വെളുപ്പിക്കും ഈ പ്രേതാലയത്തിൽ?

*****

ചീട്ടുകളികേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനും തരികിടപ്പണികളുടെ ആശാനുമായ ഷമീറാണ് ഇപ്പോള്‍ റോയിയുടെ അടുത്ത സുഹൃത്ത്. ഷമീറിന് ഇല്ലാത്ത ഊടായിപ്പുബിസിനസുകളൊന്നുമില്ല.
ചീട്ടുകളിയില്‍ പണനഷ്ടമുണ്ടായപ്പോള്‍ റോയിക്കു കാശു കടം കൊടുത്തു സഹായിച്ചത് അയാളായിരുന്നു. ഒന്നു കൊടുത്താല്‍ നാലുവാങ്ങിക്കാമെന്ന് അയാള്‍ക്കറിയാം. വാചകത്തിലൂടെ ആരെയും കറക്കി വീഴിക്കാന്‍ അതി സമര്‍ത്ഥന്‍. കാഴ്ചയില്‍ മാന്യനും മനുഷ്യസ്നേഹിയും. നിരവധി കേസുകളില്‍ പ്രതിയായ ഷമീര്‍ പോലീസിന്‍റെയും രാഷ്ട്രീയക്കാരുടെയും പിന്‍ബലത്തില്‍ തട്ടിപ്പും തരികിടപ്പണികളും നിർബാധം തുടര്‍ന്നുകൊണ്ടിരുന്നു. ഇതൊന്നും പക്ഷേ റോയിക്ക് അറിയില്ലായിരുന്നു .
റോയിക്ക് പുതിയ വീടു വാടകയ്ക്ക് എടുത്തു കൊടുത്തതു ഷമീറായിരുന്നു. കുറഞ്ഞ വാടക മാത്രം. അയാളുടെ കപട സ്നേഹത്തില്‍ റോയി വീണുപോയി. ശുദ്ധഹൃദയനായ റോയിയെ ഉപയോഗിച്ച് കൂടുതല്‍ തട്ടിപ്പു നടത്തുക എന്നതായിരുന്നു ഷമീറിന്‍റെ ലക്ഷ്യം.
ഒരു ദിവസം ഷമീര്‍ റോയിയോടു പറഞ്ഞു:
“നീ താമസിക്കുന്ന വീടിന്‍റെ വടക്കുവശത്തെ ആ ഒറ്റപ്പെട്ട മുറിയുണ്ടല്ലോ, അതെനിക്കു വിട്ടുതന്നാല്‍ മാസംതോറും അന്പതിനായിരം രൂപ വീതം ഞാന്‍ നിനക്കു തരാം.”
റോയി അതിശയത്തോടെ വാ പൊളിച്ചിരുന്നുപോയി.
“എന്തിനാ അത് ?”
“പറയുമ്പം നീ തെറ്റിദ്ധരിക്കരുത്. കള്ളനോട്ടു കച്ചവടത്തിനാ. പാക്കിസ്ഥാനീന്നു വരുന്ന കള്ളനോട്ടില്‍ കുറച്ച് ഇവിടെ കൊണ്ടുവന്നു സൂക്ഷിക്കും. അതിവിടെ വിതരണം ചെയ്യുവൊന്നുമില്ല. ബംഗാളികളായ കുറെ ഏജന്‍റമാരുണ്ട്. അവരുവഴി അതു നോര്‍ത്ത് ഇന്ത്യയിലേക്കു കടത്തും. അതുകൊണ്ട് നമുക്കിവിടെ ഒരു റിസ്കുമില്ല. ഇതൊരു ഗോഡൗൺ മാത്രം . നിനക്കു തരുന്ന കാശ് കള്ളനോട്ടല്ല ഒറിജിനല്‍ കറന്‍സി ആയിരിക്കും. അതുകൊണ്ടു നിനക്കൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ”
“അയ്യോ. ഞാനില്ല.” റോയി കേട്ടപാടെ നിരസിച്ചു.
“പേടിക്കാനൊന്നുമില്ലെന്നേ. കള്ളനോട്ടുകച്ചവടം അത്ര തരം താഴ്ന്ന ബിസിനസൊന്നുമല്ല. പിടിക്കപ്പെടുമെന്നുള്ള പേടീം വേണ്ട. പോലീസുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ ഞാന്‍ മാസാമാസം തുട്ടെണ്ണിക്കൊടുക്കുന്നുണ്ട്. അതുകൊണ്ടു അവരാരും നമ്മളെ തൊടില്ല.
“എന്തൊക്കെയായാലും ഈ പണിക്കു ഞാനില്ല “
“ബിസിനസു പച്ചപിടിച്ചാല്‍ അന്പതിനായിരമെന്നത് ഞാന്‍ വീണ്ടും കൂട്ടിത്തരും. നിന്നെ ഒരു അനിയനെപ്പോലെയാ ഞാന്‍ കാണുന്നത്. ചീട്ടുകളിച്ചു നഷ്ടം വന്നപ്പം കാശുതന്നു സഹായിച്ചതു ഞാനല്ലേ?”
“അതു പലിശയ്ക്കല്ലേ?”
“അതെ. ഒരു സെക്യൂരിറ്റീം വാങ്ങാതെ ചോദിച്ച കാശു ഞാന്‍ തന്നില്ലേ? നീയൊന്നാലോചിച്ചു നോക്ക്. ഒരു മുടക്കുമില്ലാതെ ഒരുവര്‍ഷം നിനക്കു കിട്ടാന്‍ പോകുന്നത് ആറു ലക്ഷം ഇന്ത്യന്‍ റുപ്പിയാ. ഒരു കാറൊക്കെ വാങ്ങി വീട്ടില്‍ചെന്ന് അപ്പന്‍റെ മുമ്പില്‍ ഞെളിഞ്ഞു നിന്നു രണ്ടു വര്‍ത്തമാനം പറയണ്ടേ? അടിച്ചിറക്കി വിട്ടതല്ലേ നിന്നെ അയാള് ?”
വിദഗ്ധമായി ബ്രെയിന്‍ വാഷ് ചെയ്തു റോയിയെ വീഴ്ത്താൻ ഷമീറിന് കഴിഞ്ഞു . അയാള്‍ ചതിക്കില്ലെന്നു റോയി വിശ്വസിച്ചു. വാചകത്തിലൂടെയും പെരുമാറ്റത്തിലൂടെയും അങ്ങനെ വിശ്വസിപ്പിക്കാന്‍ ഷമീറിനു കഴിഞ്ഞു എന്നതാണ് സത്യം .
ഒറ്റാലില്‍ വീണ മീന്‍ ചാടിപ്പോകാതിരിക്കാന്‍ ഷമീര്‍ അപ്പോള്‍ത്തന്നെ അയാള്‍ക്ക് 25000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു.

************

വീടിന്‍റെ വടക്കുവശത്തെ മുറിയില്‍ പുറത്തുനിന്ന് ആളുകള്‍ വരികയും പോകുകയും ചെയ്യുന്നതുകണ്ടപ്പോള്‍ അനിതയ്ക്കു സംശയമായി. അവള്‍ റോയിയോട് അക്കാര്യം സൂചിപ്പിച്ചപ്പോൾ . റോയി പറഞ്ഞു:
“അതു വീട്ടുടമസ്ഥന്‍റെ എന്തോ കച്ചവടസാധനങ്ങളു സൂക്ഷിക്കുന്ന ഗോഡൗണാ. നമ്മളങ്ങോട്ടു ശ്രദ്ധിക്കണ്ട.”
അനിത അതു വിശ്വസിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ റോയി കൂടുതല്‍ സന്തോഷവാനായി കാണപ്പെട്ടു. ഭാര്യയോടുള്ള സ്നേഹം കൂടി. പണയം വച്ച താലിമാല തിരിച്ചെടുത്തു കൊടുത്തു. അലമാരയും ഫ്രിഡ്ജുമുള്‍പ്പെടെ വീട്ടിലേക്ക് ഒരുപാടു സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു. യാത്ര ചെയ്യാന്‍ ഒരു പുതിയ ബൈക്കും വാങ്ങി. ആർഭാടം നിറഞ്ഞ ജീവിതം കണ്ടപ്പോള്‍ അനിതയ്ക്കു സംശയം തോന്നി. ഇതിനുവേണ്ട പണമെല്ലാം എങ്ങനെ സംഘടിപ്പിച്ചു? ഒരു ദിവസം അവളതു തുറന്നു ചോദിച്ചു. റോയി പറഞ്ഞു:
“ഞാന്‍ മൂന്നു ലക്ഷം രൂപ ലോണെടുത്തു. എന്‍റെ കൂടെ പഠിച്ച ഒരുത്തന്‍ ഇപ്പം സ്റ്റേറ്റ് ബാങ്കിലെ ബ്രാഞ്ചുമാനേജരാ. ഒരു മാസം മുമ്പ് ഞാനവനെ കണ്ടു. എന്‍റെ പ്രയാസങ്ങളു കേട്ടപ്പം അവനെനിക്കൊരു ലോണ്‍ ശരിയാക്കിത്തന്നു. രണ്ടുവർഷം കഴിഞ്ഞു കുറേശ്ശെ തിരിച്ചടച്ചാല്‍ മതി.”
റോയി പറഞ്ഞ നുണ പൂർണ്ണമായും അവൾ വിശ്വസിച്ചു.

********

റോയിയും അനിതയും തുണിക്കടയില്‍ നില്‍ക്കുകയാണ്. അനിതയ്ക്കു പുതിയ കുറെ ഡ്രസുകള്‍ വാങ്ങണം. ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊള്ളാൻ റോയിയുടെ അനുമതി കിട്ടിയപ്പോൾ അവൾക്കു സന്തോഷമായി. ഏറെ നേരം നോക്കി നടന്നു ഇഷ്ടപ്പെട്ട കുറെ ചുരിദാറുവുകൾ തിരഞ്ഞെടുത്തു വച്ചു .
” കഴിഞ്ഞോ?” റോയി ചോദിച്ചു
” ഉം ”
ബില്ലു പേ ചെയ്യാനായി റോയി പോക്കറ്റില്‍ നിന്ന് അഞ്ഞൂറിന്റെ കുറെ നോട്ടുകളെടുത്തു കാഷ്യറുടെ നേരെ നീട്ടി
കാഷ്യര്‍ അത് വാങ്ങി നോക്കിയപ്പോൾ എല്ലാം കള്ളനോട്ട്. റോയിയെ അക്കാര്യം അറിയിക്കാതെ കാഷ്യര്‍ ചെന്നു മാനേജരോടു വിവരം പറഞ്ഞു.
ഇത്തിരിനേരം വെയ്റ്റു ചെയ്യാന്‍ കാഷ്യര്‍ വന്നു പറഞ്ഞപ്പോഴും റോയിക്കു സംശയം ഒന്നും തോന്നിയില്ല .
പത്തു മിനിറ്റിനുള്ളിൽ സ്ഥലം എസ്ഐയും നാലഞ്ചു പോലീസുകാരും തുണിക്കടയിൽ പാഞ്ഞെത്തി. മാനേ ജരോട് സംസാരിച്ചിട്ട് അവർ നേരെ റോയിയുടെ അടുത്തേക്കു വന്നു.
” നിന്റെ പേരെന്താടാ ?” എസ് ഐ ചോദിച്ചു.
റോയി പേര് പറഞ്ഞു
” നീയാണോ ഈ കാശ് ഇവിടെ കൊടുത്തത് ?”
കുറെ അഞ്ഞൂറ് രൂപാ നോട്ടുകൾ കാണിച്ചുകൊണ്ട് എസ് ഐ ചോദിച്ചു.
” അതെ !”
” വേറെ കാശുണ്ടോ കയ്യിൽ ?”
” ഉവ്വ് ”
”കാണട്ടെ ”
റോയി പോക്കറ്റിൽ നിന്ന് കുറെ അഞ്ഞൂറ് രൂപാ നോട്ടുകൾ കൂടി എടുത്തു കാണിച്ചു .
അത് വാങ്ങി സൂക്ഷ്മമായി പരിശോധിച്ചിട്ടു എസ് ഐ ചോദിച്ചു .
” എത്ര കാലമായി ഈ ബിസിനസ് തുടങ്ങിയിട്ട് ?”
” എന്ത് ബിസിനസ് ?”
” നിനക്കൊന്നും അറിയില്ല അല്ലേ ? മനസിലാക്കി തരാം ! കേറെടാ വണ്ടീല്‍..”
റോയിയെ പോലീസുകാര്‍ ബലമായി പിടിച്ചുകൊണ്ടു പോയി ജീപ്പിൽ കയറ്റുന്നത് കണ്ടപ്പോള്‍ അനിത വാവിട്ടു കരഞ്ഞു.
(തുടരും.അടുത്തഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് ഹരിയിൽ നിന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി.
ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളിയിൽ നഷ്ടം വന്നു സാമ്പത്തിക പ്രതിസന്ധിയിലായ റോയി ഗർഭഛിദ്രം നടത്താൻ അനിതയെ നിർബന്ധിച്ചു. അവൾ സമ്മതിച്ചില്ല. അനിത ഓർഫനേജിൽ പോയി പഴയ കുട്ടികളെ കണ്ടു . വികാരിയചന്റെ നിർബന്ധപ്രകാരം അവൾ ഇലഞ്ഞിക്കൽ തറവാട്ടിൽ പോയെങ്കിലും സഖറിയാസ് അവളെ ആട്ടിപ്പായിച്ചു. അവിടെ പോയതിനു റോയി അവളോട് പൊട്ടിത്തെറിച്ചു . ബഹളം കേട്ട് ഹരിയും മിനിയും താഴെനിന്ന് മുകളിലേക്ക് ഓടിക്കയറി വന്നു. (തുടർന്ന് വായിക്കുക )

ഹരിയെയും മിനിയെയും കണ്ടപ്പോൾ റോയിക്കു ജാള്യം തോന്നി. അനിത കരച്ചിൽ അടക്കാൻ പാടുപെട്ടു.
“എന്താ ഇവിടെ ഒരു ബഹളം?” ഉല്കണ്ഠയോടെ ഹരി ആരാഞ്ഞു.
“ഞങ്ങളു കുടുംബകാര്യങ്ങളു സംസാരിച്ചതാ. പ്രശ്നമൊന്നുമില്ല. നിങ്ങള് പൊയ്‌ക്കോ ” മദ്യലഹരിയില്‍ കാലു നിലത്തുറയ്ക്കുന്നില്ലായിരുന്നു റോയിക്ക്.
“താഴെ ഒരു കുടുംബം താമസിക്കുന്നുണ്ടെന്ന വിചാരം വേണം.”
അല്പം ഗൗരവത്തിലായിരുന്നു ഹരി.
“ചട്ടീം കലോം ആയാല്‍ തട്ടീംമുട്ടീം ഇരിക്കും. ഇയാൾക്ക് ബുദ്ധിമുട്ടാണെങ്കില്‍ പറഞ്ഞേരെ, ഞാന്‍ വേറെ വീടു നോക്കിക്കോളാം.”
“ദയവു ചെയ്ത് ഒച്ച ഇത്തിരി കുറയ്ക്കണം. മോള് അവിടെ പഠിച്ചോണ്ടിരിക്ക്വാ. സഹികെട്ടിട്ടാ ഞങ്ങളു കേറി വന്നത്.”
“ഓ… ഉത്തരവ്. ”
കൈകൂപ്പി പരിഹാസരൂപേണ റോയി പറഞ്ഞു.
ഹരി അനിതയെ നോക്കി. ഒന്നും പറയരുതേ എന്ന് അപേക്ഷാഭാവത്തില്‍ ദൈന്യതയോടെയുള്ള അവളുടെ നില്പു കണ്ടപ്പോള്‍ അയാള്‍ക്കു സഹതാപം തോന്നി. മിനിക്കും വിഷമമായി. കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ മിനി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടു താഴേക്കു പോയി.
റോയിയുടെ കോപം തെല്ല് അടങ്ങി. തലയിൽ ചൊറിഞ്ഞുകൊണ്ടു അയാള്‍ വന്നു കസേരയിലിരുന്നു. ദൂരേക്കു നോക്കി ചിന്താമൂകനായി ഇരിക്കുന്നത് കണ്ടപ്പോൾ അനിതക്ക് മനസിലായി എന്തോ വലിയ മാനസിക പ്രയാസം റോയിയെ അലട്ടുന്നുണ്ടെന്ന് .
പണത്തിന്‍റെ ദൗര്‍ലഭ്യം റോയിയെ അങ്ങേയറ്റം നിരാശനും ദുഃഖിതനുമാക്കിയിരുന്നു. ചീട്ടുകളിയിലൂടെ ഉണ്ടാക്കിയതെല്ലാം ചീട്ടുകളിയിലൂടെ തന്നെ നഷ്ടമായി. അന്‍പതിനായിരം രൂപയാണ് ഇപ്പോള്‍ കടം. അതെങ്ങനെ വീട്ടും? ഒരു ജോലിയുണ്ടായിരുന്നെങ്കില്‍ ആഹാരത്തിനുള്ള വരുമാനമെങ്കിലും ആയേനെ. ചീട്ടുകളിക്കാനും വീട്ടുചെലവിനും ഇനി ആരോടാണു കടം ചോദിക്കുക? കടം തന്നവരൊക്കെ തിരിച്ചു ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. കടം വാങ്ങിയ കാശ് എങ്ങനെയുണ്ടാക്കിക്കൊടുക്കും?
റോയി എണീറ്റ് അലമാരയില്‍നിന്നു മദ്യക്കുപ്പി എടുത്തു തുറന്ന് അല്പം മദ്യം ഗ്ലാസിലേക്കു പകര്‍ന്നു. അനിത അത് കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. ഇഷ്ടംപോലെ കുടിച്ചോട്ടെ എന്നവള്‍ വിചാരിച്ചു. എതിര്‍ത്താല്‍ പ്രശ്നം വഷളാകുകയേയുള്ളൂ ! ഒരടിയോ തൊഴിയോ തന്നാല്‍ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിന്‍റെ ജീവനാണ് അപകടത്തിലാവുന്നത്. മദ്യപിച്ചു ഭ്രാന്തുപിടിച്ചു നിൽക്കുന്ന ഈ അവസ്ഥയിൽ ഇനിയും പ്രകോപിപ്പിക്കേണ്ട ! ഭൂമിയോളം ക്ഷമിക്കുക; സഹിക്കുക! വേലയും കൂലിയുമില്ലാത്ത ഒരു ഭാര്യക്ക് അതല്ലേ പറ്റൂ?
അന്ന്, പിന്നീടൊരക്ഷരം മിണ്ടിയില്ല റോയി ഭാര്യയോട്. അനിതയും മിണ്ടാന്‍ പോയില്ല.
രാത്രി അത്താഴം കഴിച്ചില്ല രണ്ടുപേരും.
മദ്യം കഴിച്ചിട്ട് റോയി വേഗം പോയി കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദമാണ് കേട്ടത്.
കുളിയും പ്രാര്‍ത്ഥനയും കഴിഞ്ഞ് അനിതയും വന്നു കിടന്നു; റോയിയുടെ സമീപം എതിർദിശയിലേക്കു ചെരിഞ്ഞ് നിർവികാരയായി. മനസിൽ അപ്പോൾ, ഒരിക്കലും കാണാത്ത അവളുടെ പപ്പയുടെയും അമ്മയുടെയും മുഖങ്ങളായിരുന്നു തെളിഞ്ഞു വന്നത് . എന്തിനാണ് പപ്പയും അമ്മയും തന്നെ ഉപേക്ഷിച്ചിട്ട് പോയികളഞ്ഞത് ? പപ്പയും അമ്മയും ഉണ്ടായിരുന്നെങ്കിൽ തന്റെ വിഷമങ്ങളും വേദനകളും അവരുടെ മുൻപിൽ ഇറക്കി വച്ച് ആശ്വാസം കണ്ടെത്താമായിരുന്നു . ഇതിപ്പോൾ ആരോടാണ് ഒന്ന് പറയുക ? ഏങ്ങലടിച്ചു കിടന്ന് എപ്പോഴോ മയങ്ങി.
രാവിലെ എണീറ്റപ്പോഴും റോയി മൗനത്തിലായിരുന്നു. തന്നോടൊന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോള്‍ അനിത തന്നെ മൗനം ഭേദിച്ചു:
“റോയിച്ചനെന്താ പറ്റീത്? ഞാൻ ഓര്‍ഫനേജില്‍ പോയിട്ടു വന്നപ്പം മുതല്‍ ശ്രദ്ധിക്കുവാ, റോയിച്ചനെ എന്തോ വലിയ ദുഃഖം അലട്ടുന്നുണ്ട്. എന്താ റോയിച്ചാ? ഇന്നലെ പതിവിലേറെ കുടിക്കുകയും ചെയ്തല്ലോ? എന്താ വിഷമമെന്ന് എന്നോട് തുറന്നു പറ ”
ഭാര്യയുടെ സ്നേഹാർദ്രമായ ആ ചോദ്യത്തിനു മുമ്പിൽ റോയിയുടെ ഹൃദയം ഐസുപോലെ അലിഞ്ഞു. കുറ്റബോധംകൊണ്ട് അയാളുടെ കണ്ണുകള്‍ നിറഞ്ഞു. മിഴിനീര്‍ കവിളിലൂടെ ഒഴുകുന്നതുകണ്ടപ്പോള്‍ അനിതയ്ക്ക് ഉത്കണ്ഠയായി.
“ആദ്യമായിട്ടാണല്ലോ റോയിച്ചന്‍ കരഞ്ഞു കാണുന്നത്? എന്താ പറ്റിയതെന്ന് എന്നോടു പറ. ഞാൻ റോയിച്ചന്റെ ഭാര്യയല്ലേ ? എന്ത് വിഷമമുണ്ടെങ്കിലും എന്നോട് പറ ”
അനിത ഭര്‍ത്താവിനെ തന്നിലേക്കു ചേർത്തുപിടിച്ച് കണ്ണുനീര്‍ ഒപ്പി.എന്നിട്ട് ആ കവിളിൽ ഒരു ചുംബനം നൽകി . റോയിക്കു നെഞ്ചുപൊട്ടുന്ന വിഷമം തോന്നി. ഭാര്യയെ കെട്ടിപ്പിടിച്ചുകൊണ്ട് അയാള്‍ എല്ലാം തുറന്നു പറഞ്ഞു. ചീട്ടുകളിയില്‍ നഷ്ടം വന്നതും കടം കയറി നില്‍ക്കക്കള്ളിയില്ലാതായതുമെല്ലാം. അനിത ആശ്വസിപ്പിച്ചുകൊണ്ടുപറഞ്ഞു:
“സാരമില്ല റോയിച്ചാ. എല്ലാം ശരിയാകും. കടം വീട്ടാനുള്ള വഴി ഞാന്‍ പറഞ്ഞുതരാം. എന്‍റെ ഈ താലിമാല കൊണ്ടുപോയി പണയം വച്ചോ. ഇത് അഞ്ചു പവനുണ്ടല്ലോ. കടം വീട്ടാനും അത്യാവശ്യം നിത്യച്ചെലവിനുള്ളതും കിട്ടും. എനിക്കൊരു വരവുമാല വാങ്ങിച്ചുതന്നാല്‍ മതി. ഈ താലിയിടാൻവേണ്ടി മാത്രം.”
റോയി വിടർന്ന കണ്ണുകളോടെ തെല്ലുനേരം അവളെ നോക്കിനിന്നുപോയി. ഇത്രയും വിശാല ഹൃദയായ ഒരു മാലാഖയാണ് തന്‍റെ മുൻപിൽ ഇരിക്കുന്നതെന്ന് അയാൾ ഒരിക്കലും വിചാരിച്ചില്ല. ഈ സ്നേഹത്തിന് എന്തു പ്രതിഫലമാണു താന്‍ കൊടുക്കുക?
അവളെ ഗാഢമായി പുണർന്നു സ്നേഹവായ്പോടെ പലതവണ ചുംബിച്ചു റോയി . ആ സ്നേഹലഹരിയിൽ എല്ലാ ദുഃഖങ്ങളും മറന്ന് അനിത ഭര്‍ത്താവിന്‍റെ നെഞ്ചിലേക്കു പറ്റിച്ചേര്‍ന്നിരുന്നു; ഒരു കൊച്ചുകുട്ടിയെപ്പോലെ.
“കടങ്ങളെല്ലാം വീട്ടീട്ട് റോയിച്ചന്‍ ഇനി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണം. അപ്പം മനസ്സമാധാനവും കുടുംബത്തില്‍ ഐശ്വര്യവും ഉണ്ടാകും. ചീട്ടുകളിച്ചും ചൂതുകളിച്ചും മറ്റുള്ളവരുടെ കണ്ണീരുകൊണ്ട് ഉണ്ടാക്കുന്ന പണം ശ്വാശ്വതമാകില്ല റോയിച്ചാ ”
റോയി ഒന്നും പറഞ്ഞില്ല.
അയാൾ എണീറ്റുപോയി കണ്ണും മുഖവും കഴുകി.

*********

ഒരു ബുധനാഴ്ച!
ഉച്ചയ്ക്ക് ഊണുകഴിച്ചിട്ട് മുറിയില്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അനിത. കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ ചെന്നു വാതില്‍ തുറന്നു.
ഹരികൃഷ്ണന്റെ ഭാര്യ മിനിയായിരുന്നു വാതിൽക്കൽ.
ചിരിച്ചുകൊണ്ട് അവരെ അകത്തേക്കു സ്വാഗതം ചെയ്തു.
“ഇന്നു നൈറ്റാ ഡ്യൂട്ടി. വെറുതെ ഇരുന്നപ്പം വന്നെന്നേയുള്ളൂ. തിരക്കിലായിരുന്നോ?”
“ഏയ്.. എനിക്കെന്തു തിരക്ക്.”
മിനി അകത്തുകയറി കസേരയിൽ ഇരുന്നു.
രണ്ടുപേരും കുറേനേരം വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു . അനിത ചായയുണ്ടാക്കിക്കൊണ്ടുവന്നു കൊടുത്തു. ചായ കുടിക്കുന്നതിനിടയില്‍ മിനി പറഞ്ഞു:
“കഴിഞ്ഞ ദിവസം ഞങ്ങള്‍ അനിതേടെ കാര്യം പറഞ്ഞു. സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത അവസ്ഥ എത്ര കഷ്ടമാ അല്ലേ?”
“ഓരോരുത്തര്‍ക്കും ഓരോന്നു വിധിച്ചിട്ടുണ്ടല്ലോ ചേച്ചീ”
അനിതയുടെ കണ്ണുകള്‍ നിറയുന്നതു മിനി ശ്രദ്ധിച്ചു.
“ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. ഇതുവരെ ഞങ്ങളു തമ്മില്‍ ഒരു വഴക്കുണ്ടാക്കീട്ടില്ല. ഞാനിതു പറയുമ്പം കൂടെയുള്ള നഴ്സുമാരു പറയും ചുമ്മാ നുണ പറയുന്നതാന്ന്. ആർക്കും അത് അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല . നുണയല്ല കേട്ടോ. ഹരിയേട്ടനാണെങ്കില്‍ ഒരു കാര്യത്തിലും ദേഷ്യമോ പിടിവാശിയോ ഇല്ല. ആരേം സഹായിക്കുന്നതിനും മടിയില്ല. അതെന്റെ ഒരു വല്യ ഭാഗ്യമായി “
“നിങ്ങടെ ചിരിയും വര്‍ത്തമാനവുമൊക്കെ കേള്‍ക്കുമ്പം ഞാന്‍ ഓര്‍ക്കാറുണ്ട് എത്ര ഭാഗ്യമുള്ള ദമ്പതികളാണെന്ന്.”
”എല്ലാം ഈശ്വരാനുഗ്രഹം . ങ്ഹാ .., ഞാനിപ്പം വന്നത് വീടിന്‍റെ താക്കോലു തരാനും കൂടിയാ.” കയ്യിലിരുന്ന താക്കോല്‍ അനിതയ്ക്കു നീട്ടിക്കൊണ്ടു മിനി തുടര്‍ന്നു: “ഹരിയേട്ടന്‍ ഇന്നു താക്കോലെടുക്കാന്‍ മറന്നു. ഓഫീസില്‍ ഒരുപാടു ജോലിയുള്ളതുകൊണ്ട് ഇന്നിത്തിരി വൈകിയേ വരൂന്നു വിളിച്ചു പറഞ്ഞു. അതിനു മുമ്പ് എനിക്കു ഡ്യൂട്ടിക്കു കേറണം.”
“അപ്പം മോള്?”
“അവളു സ്കൂളീന്നു പിക്നിക് പോയിരിക്കുവാ. രാത്രിയേ വരൂ. ഹരിയേട്ടന്‍ പോയി കൂട്ടിക്കൊണ്ടു വന്നോളും.”
അനിത താക്കോല്‍ വാങ്ങി. മിനി യാത്ര പറഞ്ഞിട്ട് എണീറ്റു പുറത്തേക്കിറങ്ങി.
വൈകുന്നേരം ഏഴു മണിയായപ്പോഴാണ് ഹരികൃഷ്ണന്‍ എത്തിയത്. താക്കോല്‍ വാങ്ങാനായി പടികള്‍ കയറി നേരേ അനിതയുടെ വീട്ടിലേക്കാണ് അയാൾ വന്നത്. അനിത ഹരിയെ വിളിച്ച് അകത്തു കയറ്റി ഇരുത്തി.
“റോയി വന്നില്ലേ?”
ഹരി ആരാഞ്ഞു.
“ഇല്ല.”
“ഇപ്പഴും കുടി ഉണ്ടോ?”
“ഉം. “
“ഇങ്ങനെ പോയാല്‍ എങ്ങനെ മുമ്പോട്ടു പോകും? കഴിഞ്ഞ മാസത്തെ വാടക തന്നില്ല. ഞാന്‍ ചോദിക്കാനും പോയില്ല കേട്ടോ. സാമ്പത്തികബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഈ കുടി നിറുത്താതെ നയാ പൈസ മിച്ചം വയ്ക്കാന്‍ പറ്റില്ലാട്ടോ. എന്‍റെ ഓഫീസിലെ ഒരു പ്യൂണ് ഇതുപോലെ കുടിച്ചു നശിപ്പിച്ചു എല്ലാം. ഒടുവില്‍ അയാള് നിൽക്കക്കള്ളിയില്ലാതെ ഒരു മുഴം കയറിൽ ജീവൻ ഒടുക്കി.”
“എനിക്ക് അപേക്ഷിക്കാനല്ലേ പറ്റൂ.”
അനിതയുടെ ശബ്ദം ഇടറി.
”അനിതയുടെ ബുദ്ധിമുട്ട് എനിക്ക് മനസിലാകും. ഞാനൊന്നു പറഞ്ഞെന്നു മാത്രമേയുള്ളൂ. അനിത കാര്യങ്ങളൊക്കെ പറഞ്ഞു അവനെ ബോധ്യപ്പെടുത്താൻ നോക്ക് . ആദ്യം എവിടെങ്കിലും ഒരു ജോലി സംഘടിപ്പിക്കാൻ പറ. ”
അവൾ തലകുലുക്കി.
കുറെ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയിട്ട് ഹരി എണീറ്റു. അനിതയുടെ കൈയില്‍നിന്നു താക്കോല്‍ വാങ്ങിയിട്ട് അയാള്‍ പുറത്തേക്കിറങ്ങി. നേരം ഇരുട്ടിയിരുന്നു. ഹരി സ്റ്റെയര്‍കേസിറങ്ങി മുറ്റത്തേക്കു കാലെടുത്തുവച്ചതും മുന്‍പില്‍ റോയി. അയാള്‍ മുകളിലോട്ടു കയറാന്‍ തുടങ്ങുകയായിരുന്നു.
“ഇന്നെന്താ നേരത്തെ എത്തിയോ ?”
ചിരിച്ചുകൊണ്ട് ഹരി ആരാഞ്ഞു.
”നേരത്തെ വന്നത് ഇഷ്ടപ്പെട്ടില്ലേ?”
”അയ്യോ ആ അർത്ഥത്തിലല്ല ചോദിച്ചത് ”
“ഉം .” റോയി നീട്ടി ഒന്ന് മൂളിയതേയുള്ളു .
തന്നെ ഒരു വിധത്തിലും സംശയിക്കരുതെന്നു കരുതി ഹരി പറഞ്ഞു:
“വീടിന്‍റെ താക്കോല്‍ അവിടെയാ കൊടുത്തിരുന്നത്. അതു വാങ്ങിക്കാന്‍ പോയതാ.”
“ഞാന്‍ ചോദിച്ചില്ലല്ലോ?”
ഹരി ഇളിഭ്യനായി.
സൂക്ഷിച്ചൊന്നു നോക്കിയിട്ട് റോയി സ്റ്റെയര്‍കേസ് കയറി വേഗം മുകളിലേക്കു ചെന്നു. ഭര്‍ത്താവിനെ കണ്ടതും അനിത പറഞ്ഞു:
“ഹരി താക്കോല്‍ വാങ്ങിക്കാന്‍ ഇപ്പം ഇവിടെ വന്നിരുന്നു. കണ്ടായിരുന്നോ?”
“കണ്ടു. എന്നു മുതലാ ആ നാറി ഇവിടെ താക്കോല്‍ ഏല്‍പ്പിക്കാന്‍ തുടങ്ങിയത്?”
“ഹരിയല്ല; മിനിയാ ഇവിടെക്കൊണ്ടു തന്നിട്ടുപോയത്.”
നടന്ന കാര്യങ്ങള്‍ വള്ളി പുള്ളി തെറ്റാതെ അവള്‍ പറഞ്ഞു. എല്ലാം കേട്ട ശേഷം റോയി പറഞ്ഞു:
“നീ പറയാറില്ലേ, നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളുമൊക്കെയാ നമ്മളെ നന്നാക്കുന്നതും ചീത്തയാക്കുന്നതുമെന്നുമൊക്കെ. ഇവിടുത്തെ ചുറ്റുപാടുകള്‍ ഇപ്പം അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല.”
“ഇവിടിപ്പം എന്താ ഉണ്ടായേ?”
“ഒന്നും ഉണ്ടായില്ല. ഉണ്ടാകാതിരിക്കാന്‍ നമ്മളു മുൻകരുതലെടുക്കണമല്ലോ. അതുകൊണ്ട് ഞാനൊരു കാര്യം തീരുമാനിച്ചു. ഈ വീട് ഒഴിയുവാ. ഐശ്വര്യം കെട്ട വീടാ ഇത്. നമുക്കു വേറൊരു വീടു സംഘടിപ്പിച്ച് അങ്ങോട്ടു മാറാം.”
“റോയിച്ചന്‍ എന്നെ സംശയിക്കുന്നുണ്ടോ?”
“നിന്നെ സംശയമില്ല. പക്ഷേ അവനെ എനിക്കത്ര വിശ്വാസമില്ല. കള്ളനാ അവൻ ; മുഖം കണ്ടാലറിയാം. തനി കള്ളൻ “
“എനിക്കങ്ങനെ തോന്നിയിട്ടില്ല.”
“തോന്നില്ല. അതാണല്ലോ അവന്‍റെ കഴിവ്. സ്ത്രീലമ്പടൻമാരായ എല്ലാ ആണുങ്ങളും ആദ്യം വളരെ ഡീസന്‍റായിട്ടായിരിക്കും പെരുമാറുക. പെണ്ണിന്‍റെ ഇഷ്ടം പിടിച്ചുപറ്റാനുള്ള ഏറ്റവും വല്യ തന്ത്രം. അതുകൊണ്ടാണ് നിന്നെ സിനിമക്ക് കൊണ്ടുപോകണമെന്ന് അവനു തോന്നിയത് . ഇപ്പം താക്കോൽ ഇവിടെ കൊണ്ടുവന്നു തന്നു . നാളെ അവൻ കിടപ്പും ഇവിടെയാക്കും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതല്ലേ? അതുകൊണ്ടു നമുക്കിവിടെനിന്നു മാറാം “
അനിത ഒന്നും മിണ്ടിയില്ല. കൂടുതല്‍ എന്തെങ്കിലും പറഞ്ഞ് പ്രശ്നം വഷളാക്കേണ്ടെന്നു അവൾ ചിന്തിച്ചു . തന്നെ സംശയിക്കുന്നതിനുള്ള ഒരു സാഹചര്യവും താൻ ഉണ്ടാക്കാൻ പാടില്ല . റോയി എന്തെങ്കിലും ചെയ്യട്ടെ. എവിടെങ്കിലും പോയി ജീവിക്കട്ടെ ! കൂടെപ്പോകാതിരിക്കാനാവില്ലല്ലോ തനിക്ക് . ഭാര്യയായി പോയില്ലേ ..
ഒന്ന് നെടുവീർപ്പിട്ടു ചായ എടുക്കാന്‍ അവള്‍ കിച്ചണിലേക്കു പോയി.
(തുടരും.അടുത്ത ഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും
അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. ഭാര്യയുടെ വിഷമങ്ങൾ അകറ്റാൻ അവളുടെ ആഗ്രഹപ്രകാരം കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റ് ബംഗ്ളാവിൽ പോയി ഒരാഴ്ചക്കാലം റോയിയും അനിതയും താമസിച്ചു. അവളുടെ വിവാഹാനന്തര ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു അത്. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ മാതാപിതാക്കളെ ശകാരിച്ചു റോയി . അതോടെ അനിതയോടുള്ള പപ്പയുടെ ദേഷ്യം പകയായി മാറി . ഒരു രാത്രി മദ്യപിച്ചു വന്ന റോയി അനിതയെ ചൊല്ലി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി ലോഡ്ജിൽ പോയി താമസിച്ചു . പിന്നീട് വാടകവീട്ടിലേക്കു താമസം മാറ്റി. ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു എന്നും രാവിലെ റോയി പോകും . അനിത വീട്ടിൽ തനിച്ചാകും . റോയി മദ്യപാനം തുടർന്നു. ജോലിക്കുപോകാതെ റോയി പെട്ടെന്ന് പണമുണ്ടാക്കാനായി ചീട്ടുകളി തുടങ്ങി. ഇതറിഞ്ഞ അനിത ഒരുദിവസം രാവിലെ ഇതിന്റെ പേരിൽ റോയിയോട് വഴക്കിട്ടു. അനിതയോടു പിണങ്ങി ബ്രേക്ഫാസ്റ് പോലും കഴിക്കാതെ റോയി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. തിരിച്ചുവന്നപ്പോൾ അനിത പൊട്ടിക്കരഞ്ഞു ക്ഷമചോദിച്ചു. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ റോയി അനിതയെ നിർബന്ധിച്ചു. അവൾ പൊട്ടിത്തെറിച്ചു. (തുടർന്ന് വായിക്കുക )

ഒരു കുഞ്ഞിനെ താലോലിക്കാനും കൊഞ്ചിക്കാനും ആറ്റുനോറ്റിരുന്നപ്പോൾ ദൈവം കൊണ്ടു തന്ന പൊന്നുണ്ണിയെ വെട്ടി നുറുക്കി ദൂരെ എറിയാൻ പറയാൻ എങ്ങനെ തോന്നി ഈ മനുഷ്യന് ?
” നിങ്ങൾ ഒരു ക്രിസ്ത്യാനിയാണോ?” അനിത കൈചൂണ്ടി രോഷം കൊണ്ട് വിറച്ചു : ” വയറ്റിൽ കിടക്കുന്ന ഈ കുരുന്നിനെ കൊന്നാൽ പിന്നെ ഒരു ദിവസമെങ്കിലും മനസമധാനത്തോടെ നമുക്കൊന്നുറങ്ങാൻ പറ്റുമോ ? ഈശോയുടെ സാന്നിധ്യം പിന്നെ എന്നെങ്കിലും ഈ വീട്ടിലുണ്ടാവുമോ ? പരിശുധാത്മാവിന്റെ അരൂപി നമ്മുടെ ഹൃദയത്തിൽ ഉണ്ടാവുമോ? ”
” നാട്ടിൽ നടക്കുന്ന അബോർഷനുകളുടെ കണക്കൊന്നു നീ എടുത്തു നോക്ക് . ഇപ്പഴത്തെ കാലത്തു ഇതൊന്നും ഒരു പാപമായി ഒരു പെണ്ണും കണക്കാക്കുന്നില്ല. നീ കന്യാസ്ത്രീ മഠത്തിൽ വളർന്ന പെണ്ണായതുകൊണ്ടാ ഇത്രയും വികാരവിക്ഷോഭം! വല്ലപ്പഴും പത്രമൊക്കെ ഒന്ന് വായിക്കണം. ”
” എന്റെ പപ്പയും അമ്മയും ക്രിസ്ത്യാനിയായിരുന്നോ എന്ന് എനിക്കറിയില്ല . ഞാനവരെ കണ്ടിട്ടില്ലല്ലോ . പക്ഷെ ഓർമ്മവച്ചനാൾ മുതൽ ബൈബിൾ വചനങ്ങൾ കേട്ടും ധ്യാനം കൂടിയുമൊക്കെയാ ഞാൻ വളർന്നത്‌ . അതുകൊണ്ടു കർത്താവിന്റെ വഴിയിൽ നിന്ന് വ്യതിചലിക്കാതെ എനിക്ക് ജീവിക്കാൻ പറ്റി. ഇനിയും അങ്ങനെ തന്നെ ജീവിക്കും. ആര് എന്തൊക്കെ പറഞ്ഞാലും എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഞാൻ കൊല്ലില്ല. റോയിച്ചൻ എന്നെ ഉപേക്ഷിക്കുമെന്നു പറഞ്ഞാൽപോലും.”
പാറപോലെ ഉറച്ചതായിരുന്നു അവളുടെ തീരുമാനം. ആ തീരുമാനത്തിന് മുൻപിൽ റോയി മുട്ടുമടക്കി.
പിന്നെ അയാൾ നിർബന്ധിച്ചില്ല. ദീർഘമായി ഒന്ന് നിശ്വസിച്ചിട്ട് അയാൾ പറഞ്ഞു :
”നിന്റെ ഇഷ്ടം പോലെ നടക്കട്ടെ. ഇനി ഇതിന്റെ പേരിൽ നമ്മൾ തമ്മിൽ ഒരു വഴക്കു വേണ്ട. നീ പോയി ഒരു ചായ ഇട്ടോണ്ട് വാ. ”
തുറിച്ചൊന്നു നോക്കിയിട്ടു അനിത കിച്ചണിലേക്കു പോയി.

****

നാലു ചുവരുകൾക്കുള്ളിലെ ബന്ധനവും ഏകാന്തതയും അനിതയെ വല്ലാതെ വീർപ്പു മുട്ടിച്ചു. ഒരു ജോലിയുണ്ടായിരുന്നെങ്കിൽ എന്നവളാശിച്ചു. പക്ഷെ ആശിക്കാനല്ലേ കഴിയൂ. ആര് ജോലി തരാൻ !.
എത്ര സന്തോഷകരമാണ് ഹരിയുടെയും മിനിയുടെയും ദാമ്പത്യ ജീവിതം! മാതൃകാ ദമ്പതികൾ ! അതുപോലൊരു കുടുംബ ജീവിതം തന്നില്ലല്ലോ ദൈവം തനിക്ക് ! ഇങ്ങനെ ശിക്ഷിക്കാൻ മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത് ?
” ആന്റീ ”
പുറത്തു നീരജമോളുടെ വിളികേട്ട് അവൾ ചെന്ന് വാതിൽ തുറന്നു.
” കേറിവാ മോളെ ” അനിത അവളെ ഹാർദ്ദമായി അകത്തേക്ക് ക്ഷണിച്ചു.
” മമ്മി പറഞ്ഞു സിനിമക്ക് പോകാൻ ആന്റിയെ വിളിച്ചോണ്ട് ചെല്ലാൻ . ആന്റിയെ വിളിക്കാൻ വന്നതാ ഞാൻ ”
” ആന്റി വരുന്നില്ല മോളെ.. ”
”അതെന്നാ ?”
”ആന്റിക്ക് നല്ല സുഖമില്ല. ” റോയിക്ക് അത് ഇഷ്ടമാവില്ലെന്ന് അവൾക്കറിയാമായിരുന്നു. അതുകൊണ്ടു അവൾ ഒരു കള്ളം പറഞ്ഞു .
” ആന്റിയില്ലാതെ ഞാൻ പോകൂല്ല.. ” നീരാജ ഇരുകൈകൾ കൊണ്ടും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു
” ആന്റിക്ക് തലവേദനയാ മോളെ.. ” ഒഴിവാകാൻ അവൾ ഒരു സൂത്രം പ്രയോഗിച്ചു.
” നുണ ! ആന്റി നുണപറയുവാ.. വാ ആന്റി… പ്ലീസ് … ഈ നീരജമോളോട് ഇഷ്ട്ടമുണ്ടെങ്കിൽ വാ.. ”
അനിത ധർമ്മ സങ്കടത്തിലായി. എന്ത് ചെയ്യണം? മോളുടെ സ്നേഹം കാണുമ്പോൾ നിരസിക്കാൻ കഴിയുന്നില്ല.
” വാ ആന്റീ . പ്ലീസ് ”
അവളുടെ നിർബന്ധം മുറുകിയപ്പോൾ അനിത റോയിയെ ഫോൺ ചെയ്തു അനുവാദം ചോദിച്ചു. റോയി എതിർപ്പൊന്നും കൂടാതെ അനുമതി നൽകിയപ്പോൾ സന്തോഷമായി. വേഗം ഡ്രസ്സ് മാറിയിട്ട് അവൾ നീരജയോടൊപ്പം താഴേക്കു ചെന്നു. ഹരിയും മിനിയും വേഷം മാറി പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു.
” ഇന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ഓഫാ. അതുകൊണ്ടു ഒരു സിനിമ കണ്ടേക്കാമെന്നു വച്ചു. വല്ലപ്പോഴും ഒരു റിലാക്സ് വേണ്ടേ .” മിനി പറഞ്ഞു .
” തീർച്ചയായും. ഇതൊക്കെയല്ലേ ജീവിതത്തിലെ സന്തോഷം! ”
” റോയിക്കു സിനിമയൊന്നും ഇഷ്ടമല്ലേ? ”
”ഇഷ്ടമാണ് .. പക്ഷേ അതിനൊന്നും സമയം കിട്ടാറില്ല. ”
ഹരി കാറിന്റെ ഡോർ തുറന്നു കൊടുത്തു. പിൻസീറ്റിൽ അനിതയും നീരജയും കയറി. മുൻപിൽ ഹരിയും മിനിയും. ഹരിയാണ് ഡ്രൈവ് ചെയ്തത് .
നീരജമോൾ അനിതയുടെ മടിയിലേക്കു ചാഞ്ഞു കിടക്കുകയായിരുന്നു.
” ഇവൾക്കിപ്പം എന്നെക്കാൾ ഇഷ്ടം അനിതയോടാ. ” തിരിഞ്ഞു അനിതയെ നോക്കി മിനി പറഞ്ഞു.
” കഴിഞ്ഞ ജന്മത്തിൽ ഞങ്ങള് അമ്മയും മോളുമായിരുന്നു. അല്ലേ മുത്തേ? ” അനിത നീരജയുടെ മുടിയിൽ സ്നേഹത്തോടെ തലോടിക്കൊണ്ടിരുന്നു .
തീയേറ്ററിൽ അനിതയുടെ തൊട്ടടുത്താണ് നീരജ ഇരുന്നത്.
ഒരു നല്ല കോമഡി ചിത്രം. രണ്ടു മണിക്കൂർ നേരം അനിത എല്ലാം മറന്നിരുന്നു ഒരുപാട് ചിരിച്ചു. സമയം പോയത് അറിഞ്ഞതേയില്ല.
സിനിമ കഴിഞ്ഞു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ടേബിളിൽ ഒരുപാട് വിഭവങ്ങൾ നിരന്നപ്പോൾ എന്ത് എടുക്കണമെന്നറിയാതെ അനിത വിഷമിച്ചു. മിനി അവളുടെ പ്ളേറ്റിലേക്കു എല്ലാം കുറെശ്ശെ വിളമ്പി.
തമാശകൾ പറഞ്ഞും ചിരിച്ചും സന്തോഷത്തോടെ അവർ ഭക്ഷണം കഴിച്ചു. നീരജമോൾക്ക് അനിതയാണ് ഭക്ഷണം വാരിക്കൊടുത്തത്.
എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോൾ മണി ആറര .
മിനിയോട് നന്ദി പറഞ്ഞിട്ട് അവൾ സ്റ്റെയർകെയ്‌സ് കയറി വേഗം മുകളിലേക്ക് ചെന്നു . വാതിൽ അകത്തുനിന്നു ലോക്ക് ചെയ്തിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ മനസിലായി റോയി വന്നിട്ടുണ്ടെന്ന്.
ഇന്ന് നേരത്തെ എത്തിയല്ലോ ആള്?
കാളിംഗ് ബില്ലിൽ വിരലമർത്തി കാത്തു നിന്നപ്പോൾ റോയി വന്നു വാതിൽ തുറന്നു.
” ഇതെപ്പ വന്നു? ഇന്നെന്തേ നേരത്തെ ?”
അകത്തേക്ക് കയറുന്നതിനിടയിൽ ചിരിച്ചുകൊണ്ട് അനിത ചോദിച്ചു.
” നേരത്തെ വന്നത് ഇഷ്ടപ്പെട്ടില്ലേ ?”
” പതിവില്ലാത്തതുകൊണ്ടു ചോദിച്ചെന്നേയുള്ളൂ. ”
” പതിവില്ലാത്തതാണല്ലോ ഇപ്പം ഇവിടെ നടക്കുന്നത്. ആട്ടെ , സിനിമ എങ്ങനെയുണ്ടായിരുന്നു?”
” നല്ല കോമഡി പടമായിരുന്നു. റോയിച്ചനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനോർത്തു. ”
” ഞാനുണ്ടായിരുന്നെങ്കിൽ അത്രക്കങ്ങു ആസ്വദിക്കാൻ പറ്റുമായിരുന്നോ ?”
” അതെന്താ റോയിച്ചൻ അങ്ങനെ പറഞ്ഞത്?”
അനിതയുടെ നെറ്റി ചുളിഞ്ഞു .
” നിന്നെ സിനിമക്ക് കൊണ്ടുപോകണമെന്ന് ഹരിക്കെന്തേ ഇപ്പം ആഗ്രഹം തോന്നിയത്.?”
അടികിട്ടിയതു പോലെ ഒരു നിമിഷം അനിത ഒന്ന് പിടഞ്ഞു.
” നീരജ മോള് നിർബന്ധിച്ചത് കൊണ്ട് മാത്രമാ ഞാൻ പോയത്. അതിനു വേറെ അർത്ഥമൊന്നും കാണണ്ടാ. റോയിച്ചനോട് അനുവാദം വാങ്ങിയിട്ടല്ലേ പോയത് ? ഒളിച്ചും പാത്തുമൊന്നുമല്ലല്ലോ?”
വല്ലാതെ ദേഷ്യം വന്നു അവൾക്ക്.
”ആരുടെ അടുത്തിരുന്നാ സിനിമ കണ്ടത് ?”
”എന്റെ അടുത്ത് നീരജമോൾ . അവളുടെ അടുത്ത് മിനി . അതിനപ്പുറം ഹരി . ഞാൻ ഒരു നിരയുടെ ഇങ്ങേ അറ്റത്തായിരുന്നു . എന്നെ ആരും തട്ടുകയോ മുട്ടുകയോ ഒന്നും ചെയ്തില്ല . പോരെ ?”
” ഇനി സിനിമ കാണണമെന്ന് ആഗ്രഹം തോന്നിയാൽ എന്നോട് പറഞ്ഞാൽ മതി . ഞാൻ കൊണ്ടുപോയി കാണിക്കാം. അയൽക്കാരന്റെ കൂടെ പോയി കാണണ്ട. ”
”അതിനിപ്പം എന്താ ഉണ്ടായത് ?’
” ഒന്നും ഉണ്ടാകാതിരിക്കാൻ പറഞ്ഞതാ. ”
പിന്നെ അവൾ ഒന്നും മിണ്ടിയില്ല. റോയിയുടെ മനസിൽ സംശയത്തിന്റെ മുള പൊട്ടിയിരിക്കുന്നു എന്നവൾക്കു മനസിലായി. കള്ളുകുടിക്കുന്നവന്റെയും ചീട്ടുകളിക്കുന്നവന്റെയും ഹൃദയം ചെകുത്താന്റെ വാസസ്ഥലമായിരിക്കുമെന്നു ഒരിക്കൽ ധ്യാനിപ്പിച്ച അച്ചൻ പറഞ്ഞത് എത്രയോ ശരിയാണ് എന്നവൾ ഓർത്തു. റോയിയുടെ ഹൃദയത്തിൽ ഇപ്പോൾ ചെകുത്താൻ കുടിയേറി പാർത്തിരിക്കുകയാണ്. അതപകടമാണ് . എന്ത് ചെയ്യാം . അനുഭവിക്കുകയല്ലാതെ മറ്റൊരു മാർഗവും മുൻപിലില്ലല്ലോ!
ഈ വീട്ടിൽ നിന്ന് കുറച്ചു ദിവസം മാറി നിൽക്കണമെന്ന് അനിതക്ക് തോന്നി. ഓർഫനേജിൽ പോയി കുട്ടികളെ ഒന്ന് കാണണം . അവരോടൊപ്പം കുറച്ചുദിവസം താമസിക്കണം . റോയിച്ചൻ സമ്മതിക്കുമോ?
അത്താഴം കഴിക്കാനിരുന്നപ്പോൾ മടിച്ചു മടിച്ചാണ് അവൾ ആഗ്രഹം പറഞ്ഞത് . അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് റോയി അപ്പോഴേ സമ്മതം മൂളി .
കുറച്ചു ദിവസം അനിതയെ അകറ്റി നിറുത്തി ഇഷ്ടംപോലെ മദ്യപിക്കാമല്ലോ എന്ന സന്തോഷമായിരുന്നു റോയിക്ക് .
ചീട്ടുകളിയിൽ നിന്നുള്ള വരുമാനം ഇല്ലാതായി. കഴിഞ്ഞ കുറെ ദിവസങ്ങളായിട്ടു നഷ്ടത്തിലാണ് കളി . പലരിൽ നിന്നും കടം വാങ്ങി കൂടുതൽ കാശിറക്കിയപ്പോൾ നഷ്ടം പെരുകി. അതുകൊണ്ടു ആകെ നിരാശയിലും മനോവിഷമത്തിലുമായിരുന്നു അയാൾ.
പലവ്യഞ്ജനങ്ങൾ വാങ്ങാൻ പോലും പണം ഇല്ലാത്ത അവസ്ഥ. റോയി ഓർത്തു. കടത്തിൽ മുങ്ങി കൈകാലിട്ടടിച്ചു എത്രകാലം മുൻപോട്ടു പോകാനാവാവും ? പോരെങ്കിൽ അനിത ഗർഭിണിയും . അവൾക്കു മരുന്നുവാങ്ങാൻ പോലും കയ്യിൽ കാശില്ല. ചെരുപ്പുകമ്പനിയിൽ ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു ചീട്ടുകളിക്കാൻ പോയതിന്റെ ദൈവശിക്ഷയായിരിക്കാം .
റോയി താടിക്കു കൈയും കൊടുത്തു വിഷണ്ണനായി ഇരുന്നു .
അടുത്ത ദിവസം രാവിലെ അനിത കോൺവെന്റിലേക്കു പുറപ്പെട്ടു. കന്യാസ്ത്രീകൾ അവളെ ഹൃദ്യമായി സ്വീകരിച്ചു വിശേഷങ്ങൾ തിരക്കി. റോയിയെക്കുറിച്ചു നല്ലതുമാത്രമേ അവൾ എല്ലാവരോടും പറഞ്ഞുള്ളൂ. മഠത്തിൽ നിന്ന് ഊണു കഴിച്ചിട്ട് , ഉച്ചകഴിഞ്ഞു അവൾ ഓർഫനേജിൽ പോയി കുട്ടികളെ കണ്ടു. കുഞ്ഞേച്ചിയെ കണ്ടപ്പോൾ എല്ലാവരും ആഹ്ലാദത്തോടെ ചുറ്റും കൂടി. അവരോടൊപ്പം ഒരാഴ്ച അവൾ അവിടെ താമസിക്കുകയാണെന്നു കേട്ടപ്പോൾ കുട്ടികൾ സന്തോഷാതിരേകത്താൽ തുള്ളിച്ചാടി. കുട്ടികളോട് കഥകൾ പറഞ്ഞും പാട്ടുപാടിയും കൊച്ചുവർത്തമാനം പറഞ്ഞും അന്ന് രാത്രി അവരോടൊപ്പം ഏറെനേരം അവൾ ചിലവഴിച്ചു .
പിറ്റേന്ന് രാവിലെ കുർബാന കഴിഞ്ഞു അവൾ പള്ളിമേടയിൽ ചെന്ന് വികാരിയച്ചനെ കണ്ടു. അച്ചന് സന്തോഷമായി. അടുത്ത് പിടിച്ചിരുത്തിഅച്ചൻ വിശേഷങ്ങൾ തിരക്കി .
വീട്ടിൽ നിന്ന് പിണങ്ങിപ്പോയതിന് അച്ചൻ അവളെ ശകാരിച്ചു. എന്നിട്ടു പറഞ്ഞു :
” ഇന്നുതന്നെ ഇലഞ്ഞിക്കൽ പോയി പപ്പയെയും അമ്മയെയും കണ്ടു നീ മാപ്പുചോദിക്കണം. എന്നിട്ടു പോയി റോയിയെയും കൂട്ടി തിരിച്ചങ്ങോട്ടു ചെല്ലണം. ഭാവിയിൽ ആ സ്വത്തനുഭവിക്കേണ്ടത് നീയും നിന്റെ മക്കളുമാണെന്ന് ഓർമ്മവേണം. അത് നഷ്ടപ്പെടുത്തീട്ടു തെണ്ടിത്തിരിഞ്ഞു നടക്കുന്നത് ബുദ്ധിമോശമാ .”
റോയിക്കു ഇഷ്ടമാവില്ലെന്നു പറഞ്ഞിട്ടും അച്ചൻ സമ്മതിച്ചില്ല. ഒടുവിൽ അച്ചന്റെ നിർബന്ധത്തിന് വഴങ്ങി അവൾ ഇലഞ്ഞിക്കൽ തറവാട്ടിലേക്ക് പോയി.
ഗേറ്റുകടന്നു മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോൾ വീടിന്റെ ബാൽക്കണിയിൽ നിന്നൊരു ശബ്ദം.
” നിൽക്കവിടെ. ”
അനിത ഞെട്ടി മുഖമുയർത്തി നോക്കിയപ്പോൾ കയ്യിൽ പത്രവുമായി ബാൽക്കണിയിൽ സഖറിയാസ് .
” എന്റെ മുറ്റത്തു കാലുകുത്തിപ്പോകരുത്‌ .”
അനിത സഡൻ ബ്രേക്കിട്ടപോലെ നിന്നു .
” ഇറക്കിവിട്ടു ഗേറ്റ് അടക്കെടാ ”
പൂന്തോട്ടത്തിൽ പുല്ലുപറിക്കുകയായിരുന്ന ജോലിക്കാരനോടായിരുന്നു സഖറിയാസിന്റെ ആജ്ഞ . അയാൾ ഓടിവന്നു അനിതയോട് പുറത്തെക്കിറങ്ങാൻ പറഞ്ഞു . പിന്നെ ഒരു നിമിഷം പോലും അവൾ അവിടെ നിന്നില്ല. തിരിഞ്ഞു നടന്നു.
ഓർഫനേജിലേക്കു മടങ്ങുമ്പോൾ വഴിയിൽ വച്ച് സരസ്വതിയെ കണ്ടു. ഇലഞ്ഞിക്കലെ അടുക്കള ജോ ലിക്കാരിയാണ് സരസ്വതി. അനിത അവരോടു വിശേഷങ്ങൾ തിരക്കി.
” മേരിക്കുട്ടി ആശുപത്രീലാ . ” സരസ്വതി തുടർന്നു : ” റോയിമോൻ പോയതിനിശേഷം അവരാകെ മനഃപ്രയാസത്തിലായിരുന്നു. ആരോടും അധികം സംസാരമില്ല. ഇടയ്ക്കിടെ തന്നത്താൻ ഓരോന്ന് പറഞ്ഞോണ്ടിരിക്കും . മരുന്ന് കഴിക്കുന്നുണ്ടായിരുന്നു . കുറവില്ലെന്നു കണ്ടപ്പം കഴിഞ്ഞ ദിവസം ആശുപത്രിയിലാക്കി. ”
നെഞ്ചു വിങ്ങി കഴക്കുന്നതുപോലെ തോന്നി അനിതക്ക്. എന്തിനാ കർത്താവേ റോയിച്ചന് തന്നോട് ഇഷ്ടം തോന്നാൻ അങ്ങ് പ്രേരിപ്പിച്ചത് എന്നവൾ മനസിൽ ചോദിച്ചു.
കൂടുതൽ കേൾക്കാൻ ശക്തിയില്ലാത്തതിനാൽ അവൾ വേഗം മുൻപോട്ടു നടന്നു.

******

ഒരാഴ്ച പെട്ടെന്ന് കടന്നുപോയി.
ഇനി തിരിച്ചു വീട്ടിലേക്ക് .
കുട്ടികളെ വിട്ടു പോകാനേ മനസ്സനുവദിക്കുന്നില്ല. പക്ഷെ പോയല്ലേ പറ്റൂ !
എല്ലാവരോടും യാത്ര പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് കണ്ടപ്പോൾ കുട്ടികളും കരഞ്ഞു. മരിയയെയും അപ്പൂസിനെയും മഞ്ജുഷയെയും അരികിൽ ചേർത്ത് നിറുത്തി ശിരസിൽ തലോടിക്കൊണ്ട് പറഞ്ഞു. :
” വല്ലപ്പോഴും ഈ കുഞ്ഞേച്ചിയെ ഓർക്കണം കേട്ടോ . കുഞ്ഞേച്ചിക്കുവേണ്ടി എന്നും പ്രാർത്ഥിക്കുകയും ചെയ്യണം .”
അതു കേട്ടപ്പോൾ അവർ അനിതയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
” കുഞ്ഞേച്ചി പോകണ്ടാ.. ”
” ഇടയ്ക്കിടെ ഇനിം വരാം ഈ കുഞ്ഞേച്ചി. എന്റെ കുഞ്ഞുങ്ങൾ എപ്പഴും എന്റെ മനസ്സിൽ ഉണ്ടായിരിക്കും”
അനിത ഓരോരുത്തരെയും മാറിമാറി ഉമ്മവച്ചു. എന്നിട്ടു കൈവീശി റ്റാറ്റാ പറഞ്ഞിട്ട് സാവധാനം റോഡിലേക്ക് നടന്നു.
സന്ധ്യക്കു മുന്പേ അവൾ വീട്ടിലെത്തി .
അനിത ഇലഞ്ഞിക്കൽ തറവാട്ടിൽ പോയി എന്നും സഖറിയാസ് ആട്ടിപ്പായിച്ചുവെന്നും കേട്ടപ്പോൾ റോയി പൊട്ടിത്തെറിച്ചു.
” എന്റനുവാദം കൂടാതെ അവിടെ പോകാൻ ആര് പറഞ്ഞു നിന്നോട് ?”
” ദേഷ്യപ്പെടണ്ട . വികാരിയച്ചൻ നിർബന്ധിച്ചിട്ടാ ഞാൻ പോയത്.”
”ബ് ഭാ! വികാരിയച്ചൻ. അയാളാണോ നിനക്ക് ചിലവിനു തരുന്നത്?”
”റോയിച്ചൻ ഒരുപാട് കുടിച്ചിട്ടുണ്ടല്ലേ?”
” എന്റെ തന്തയെന്നു പറയുന്ന ആ ചെറ്റയെപ്പോയി കണ്ട് ആട്ടും തുപ്പും വാങ്ങിക്കൊണ്ടു വരാൻ ലജ്ജയില്ലായിരുന്നല്ലോടി നിനക്ക് ?”
റോയിയുടെ നിയന്ത്രണം കെട്ടഴിഞ്ഞു. വായിൽ വന്നതൊക്കെ അയാൾ വിളിച്ചു കൂവി.
സഹികെട്ടപ്പോൾ അനിത അടുക്കളയിൽ ചെന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്നു റോയിയുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു
” ഇന്നാ, കൊല്ല് ! കൊന്നു കുഴിച്ചുമൂട് ! മതിയായി ഈ ജീവിതം എനിക്ക്.”
പൊടുന്നനെ റോയി ശാന്തനായി.
കത്തി നിലത്തേക്ക് വലിച്ചെറിഞ്ഞിട്ടു അനിത പൊട്ടിക്കരഞ്ഞു. കൈചുരുട്ടി ചുമരിലിടിക്കുകയും പതം പെറുക്കി കരയുകയും ചെയ്തു.
ബഹളം കേട്ട് താഴെ നിന്ന് ഹരിയും മിനിയും മുകളിലേക്ക് ഓടിക്കയറിവന്നു.
(തുടരും . അടുത്തഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!

0
ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്

കിഴക്കമ്പലം : നന്മ നിറഞ്ഞ ഒരുകൂട്ടം ആളുകൾ ഒരു ഗ്രാമത്തിൽ ഒരുമിച്ചുനിന്ന് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചപ്പോൾ ഒരു നാടിന്റെ മുഖച്ഛായ തന്നെ പാടെ മാറി.

എറണാകുളം ജില്ലയിലെ കിഴമ്പലത്തെ ട്വന്റി20 എന്ന കൂട്ടായ്മ കേരളത്തിന് മാത്രമല്ല ലോകത്തിനു തന്നെ മാതൃകയായിരിക്കയാണ് . കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് പഞ്ചായത്തിന്റെ ഭരണം കൊടുക്കാതെ, ജനനന്മ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ഒരു കൂട്ടായ്മയെ ഭരണം ഏൽപ്പിച്ചപ്പോൾ ആരും വിചാരിച്ചിരുന്നിരിക്കില്ല ഇത്രയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന്. ആ അത്ഭുതത്തിൽ വായ്‌പൊളിച്ചുനിന്ന മൂന്ന് അയൽ പഞ്ചായത്തുകളും ഇപ്പോൾ ഭരണം ട്വൻറി20 യെ ഏല്പിച്ചിരിക്കയാണ് .

നാടിന്റെ വികസനത്തിനായി സർക്കാർ മാറ്റിവയ്ക്കുന്ന പണം വെട്ടിച്ചും തട്ടിച്ചും സ്വന്തം കീശയിലാക്കിയിട്ട് ”ഇപ്പ ശര്യാക്കി തരാം” എന്ന് പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ പഞ്ചായത്ത് ഭരണത്തിൽ നിന്ന് മാറ്റി നിറുത്തിയപ്പോൾ അതിശയിപ്പിക്കുന്ന വികസനമാണ് കിഴക്കമ്പലത്തിനു കൈവരിക്കാനായത് . എല്ലാറ്റിനും ചുക്കാൻ പിടിക്കാൻ മനുഷ്യസ്നേഹിയായ ഒരു വ്യവസായികൂടി ഒപ്പം ചേർന്നപ്പോൾ കിഴക്കമ്പലം കേരളത്തിന്റെ പൊന്നമ്പലം ആയി.

ഹൈടെക് സ്കൂളുകൾ , റോഡ് വികസനം, സ്ഥലമേറ്റെടുത്ത് വീതി വർധിപ്പിക്കൽ , കാനനിർമ്മാണം, പാലം പുതുക്കി പണിയൽ , ഇലക്ട്രിക് പോസ്റ്റുകളുടെ പുനക്രമീകരണം, BM BC ടാറിങ് റോഡുകൾ, ഗോഡ്സ് വില്ലകൾ ഞാറള്ളൂർ ഗോഡ്സ് വില്ല , വിലങ്ങ് ഗോഡ്സ് വില്ല , മാക്കി നിക്കര ഗോഡ്സ് വില്ല , കാനാംപുറം ഗോഡ്സ് വില്ല , ഭവനനിർമ്മാണം, ഭവന പുനരുദ്ധാരണം , സ്ഥലം ഇല്ലാത്തവർക്ക് സ്ഥലവും വീടും , കക്കൂസ് നിർമ്മാണം, വൈദ്യുതി കണക്ഷനുകൾ , ഭക്ഷ്യസുരക്ഷ ,സൗജന്യ ഭക്ഷണവിതരണം, ഭക്ഷ്യസുരക്ഷാ മാർക്കറ്റ് , മെഡിക്കൽ ക്യാമ്പുകൾ , ആരോഗ്യമേള, നേത്ര ദന്ത ആരോഗ്യമേള, ക്യാൻസർ മെഡിക്കൽ ക്യാമ്പ് .

മരുന്നു വിതരണം, ഡയാലിസിസ് സഹായങ്ങൾ , ഹൃദയശസ്ത്രക്രിയയ്ക്ക് ഉള്ള സഹായം , കിഡ്നി ശസ്ത്രക്രിയയ്ക്കുള്ള സഹായം, കരൾ രോഗ ചികിത്സാ സഹായം , പ്രമേഹ രോഗ ചികിത്സാ സഹായം, ശ്രവണ വൈകല്യം പരിഹാരം , അംഗപരിമിതർക്കുള്ള സഹായം , കണ്ണട വിതരണം , ആംബുലൻസ് സഹായങ്ങൾ, മരണാനന്തര സഹായം , ക്ലീൻ കിഴക്കമ്പലം പദ്ധതി , കൊതുക് നിർമാർജനം, പ്ലാസ്റ്റിക് നിർമാർജനം.

സ്ട്രീറ്റ് ലൈറ്റുകൾ , സ്ട്രീറ്റ് ലൈറ്റുകളുടെ വിപുലീകരണം , എൽഇഡി ലൈറ്റുകൾ, ട്യൂബ് ലൈറ്റുകൾ.

സുരക്ഷാ ക്യാമറകൾ , കുടിവെള്ള പദ്ധതികൾ , വാട്ടർ ടാങ്ക് നിർമ്മാണം, പൈപ്പ് കണക്ഷനുകൾ , കുടിവെള്ളവിതരണം , കിണർ നിർമ്മാണം, കിണർ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ നവീകരണവും സംരക്ഷണവും , തോട് നവീകരണം- സംരക്ഷണം , തടയണ നിർമ്മാണം , കുളം നവീകരണം , നെൽകൃഷി , പാടശേഖര സമിതി രൂപീകരണം, വിത്ത് വളം വിതരണം , കൊയ്ത്ത് , പച്ചക്കറി കൃഷി, ഹരിതകർമ്മസേന , വാഴ വിതരണം , വിത്ത് വളം വിതരണം, തെങ്ങ് വിതരണം , ജാതി വിതരണം, മാവ് വിതരണം, പ്ലാവ് വിതരണം, റംബൂട്ടാൻ വിതരണം, മാങ്കോസ്റ്റീൻ വിതരണം, സപ്പോർട്ട വിതരണം , പേര വിതരണം.

മത്സ്യകൃഷി , കരിമ്പ് കൃഷിയും ശർക്കര നിർമ്മാണവും , തീറ്റപ്പുൽ കൃഷിയും വിപണനവും , കൃഷിനാശം സഹായം.

ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ ,സ്കൂട്ടർ വിതരണം , ടി വി വിതരണം, ഫ്രിഡ്ജ് വിതരണം ,വാഷിംഗ് മെഷീൻ വിതരണം, മൊബൈൽഫോൺ വിതരണം , അയൺ ബോക്സ് വിതരണം, ബെഡ് വിതരണം, മിക്സി വിതരണം, എൽഇഡി ബൾബ് വിതരണം, ഗ്യാസ് വിതരണം, ഗ്യാസ് സ്റ്റൗ വിതരണം.

കുട വിതരണം, റെയിൻകോട്ട് വിതരണം , വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം, അംഗന വാടികളിൽ പോഷകാഹാര വിതരണം , സ്കൂളുകളിലെ പോഷകാഹാര വിതരണം , വിദ്യാർഥികൾക്ക് ടി വി വിതരണം ,വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം, വിദ്യാർഥികൾക്ക് ബാഗ് വിതരണം, വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണം, പഠന മികവിനുള്ള അംഗീകാര സഹായം, പെൺകുട്ടികളുടെ വിവാഹ ധനസഹായം , വയോജനങ്ങൾക്കുള്ള കട്ടിൽവിതരണം, സ്ത്രീശാക്തീകരണം , ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മുട്ടയും പാലും വിതരണം, ആരാധനാലയങ്ങളുടെ പുനർനിർമ്മാണം, പ്രളയദുരിതാശ്വാസം , കുടിവെള്ളവും ഭക്ഷണവും വിതരണം , വീടുകളുടെ ശുചീകരണം, പ്രളയ ദുരിതാശ്വാസ ക്യാമ്പ് , പ്രളയ ദുരിതാശ്വാസ സഹായം , കോവി ഡ് ദുരിതാശ്വാസം, പ്രതിരോധ മരുന്നു വിതരണം, മാസ്ക് വിതരണം .

കോഴി താറാവ് വിതരണം, കോഴി ഗ്രാമം പദ്ധതി , കോഴിയും കൂടും പദ്ധതി, ആട് ഗ്രാമം പദ്ധതി, ക്ഷീര ഗ്രാമം പദ്ധതി ,കുളമ്പുരോഗ സഹായങ്ങൾ, കാലിത്തീറ്റ വിതരണം.

ആധുനിക നിലവാരത്തിലുള്ള ബസ്സ്റ്റാൻഡ് നിർമാണം, വെയിറ്റിംഗ് ഷെഡ് നിർമ്മാണം, ആധുനിക നിലവാരത്തിലുള്ള പുതിയ കെഎസ്ഇബി ഓഫീസ് നിർമ്മാണം , ഹോമിയോ ഡിസ്പെൻസറി നവീകരണം, സ്വയംതൊഴിൽ സഹായം, മലയിടംതുരുത്ത് CHC നവീകരണം.

സി എച്ച് സി സൗജന്യ ലഘു ഭക്ഷണ വിതരണം, അമ്പുന്നാട് മിൽമ നവീകരണം, അമ്പു നാട് പകൽ വീട് നവീകരണം, പഞ്ചായത്ത് ഓഫീസ് നവീകരണം, പഞ്ചായത്ത് ഓഫീസ് സൗജന്യ ഭക്ഷണ വിതരണം, പഞ്ചായത്തിൽസൗജന്യ ഫോട്ടോസ്റ്റാറ്റ് സൗകര്യം , പോസ്റ്റ് ഓഫീസ് നവീകരണം, വാട്ടർ ടാങ്ക് വിതരണം, സൗജന്യ വിഷുക്കണി കിറ്റ് വിതരണം, ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ ഡെവലപ്മെൻറ് , യൂണിഫോം വിതരണം , ടയർ വി തരണം , സൗജന്യ ഫുഡ് കിറ്റ് വിതരണം. ഇങ്ങനെ എണ്ണിയാൽ തീരാത്തതാണ്‌ കിഴക്കമ്പലത്തെ വികസനം.

കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിൽ ഒരാവശ്യവുമായി ഒരാൾ വന്നാൽ, അപ്പോൾ തന്നെ വന്ന കാര്യം നടത്തിയിട്ടേ അയാൾ മടങ്ങുകയുള്ളൂ എന്ന പോളിസിയാണ് അവർ സ്വീകരിച്ചത്. ഇനി അഥവാ, വന്ന ദിവസം അത് നടന്നില്ലെങ്കിൽ പിറ്റേന്നോ അതിനടുത്ത ദിവസമോ ആ വ്യക്തിയുടെ വാർഡ് മെമ്പർ, സർട്ടിഫിക്കറ്റോ മറ്റു ആനുകൂല്യങ്ങളോ, എന്താണ് അയാളുടെ ആവശ്യമെങ്കിൽ അത് ആ വ്യക്തിയുടെ വീട്ടിൽ എത്തിക്കണം. അതായത് ഒരാവശ്യത്തിന് ഒരു വ്യക്തിക്ക് രണ്ടാമത് ആ പഞ്ചായത്ത്‌ ഓഫീസിൽ കയറി ഇറങ്ങേണ്ട ഗതികേടില്ല. എത്ര മനോഹരമായ ജനാധിപത്യ സങ്കല്പം! ഒരു ചെറിയ കാര്യത്തിനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി ചെരുപ്പ് തേയുന്ന സദാ മലയാളി ഓർക്കണം, കിഴക്കമ്പലം കേരളത്തിലാണെന്നത് .

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപെടുത്താൻ സഹായിക്കുന്ന ആരെയും ജനം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും എന്നതിന് തെളിവാണ് ട്വൻറി20. കിറ്റെക്സ് ആയാലും റിലയൻസ് ആയാലും അംബാനിയായാലും ജനങ്ങൾക്ക് നന്മചെയ്താൽ ജനം അത് സ്വീകരിക്കും. ദ്രോഹം ചെയ്താൽ അതേ ജനം അവരെ അട്ടിപ്പായിക്കുകയും ചെയ്യും. വോട്ട് എന്ന ആയുധം എപ്പോഴും അവരുടെ കയ്യിലുണ്ടെന്നു ഓർക്കുക.

രവിപിള്ളയെയും യൂസഫലിയെയും രാഷ്ട്രീയപാർട്ടികൾ കോർപ്പറേറ്റിന്റെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് അവർ നേതാക്കന്മാർക്ക് നക്കിത്തിന്നാൻ കോടികൾ കൊടുക്കുന്നതുകൊണ്ടല്ലേ? അവരുടെ വ്യവസായങ്ങൾ പ്രകൃതിക്ക് ഒരു ദ്രോഹവും ചെയ്യാത്തതു ഭരിക്കുന്നവർക്ക് അവർ കീശനിറയെ കോഴകൊടുക്കുന്നതുകൊണ്ടല്ലേ? അതേസമയം കിറ്റെക്സ് സാബു രാഷ്ട്രീയക്കാർക്ക് ഒന്നും കൊടുക്കാതെ ആ പണം ജനങ്ങൾക്കു കൊടുക്കുന്നു. അതുകൊണ്ട് അയാളുടെ വ്യവസായം പരിസരം മലിനപ്പെടുത്തുന്നു. ഈ ഇരട്ടത്താപ്പ് കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്.

രാഷ്ട്രീയ അടിമത്തം വെടിഞ്ഞ് കേരള ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് കിഴക്കമ്പലം നമുക്ക് പഠിപ്പിച്ചു തരുന്ന പാഠം. ഇത്തരം കൂട്ടായ്‌മ കേരളം മുഴുവൻ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ് . വോട്ടുകുത്തുമ്പോൾ തീരുന്ന ജനാധിപത്യമല്ല നമുക്കു വേണ്ടത് . ദൈനം ദിന ഭരണകാര്യങ്ങളിലും നാടിന്റെ വികസനത്തിലും ജനങ്ങളുടെ ഇഷ്ടവും താൽപര്യവും നടക്കണം. പോൾ ചെയ്യുന്ന 70 ശതമാനം വോട്ടിൽ 35% വാങ്ങി ഭരഅധികാരത്തിൽ കയറി സകല തോന്ന്യാസങ്ങളും കാണിച്ചിട്ട് ഞങ്ങൾ ജനവിധിയനുസരിച്ചാണ് ഭരിക്കുന്നതെന്നു വീമ്പിളക്കുന്നവർ കിഴക്കമ്പലത്തെ പഞ്ചായത്ത് ഭരണസമിതിയെ കണ്ടു പഠിക്കണം .

പത്തു പൈസയ്ക്ക് പണിക്കു പോകാതെ പൊതുപ്രവർത്തനം എന്നു പറഞ്ഞു പൊതുഫണ്ട് അടിച്ചുമാറ്റി കൊട്ടാരവീടുകൾ കെട്ടിപ്പൊക്കി നാട്ടുകരെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരെ കേരളത്തിൽ നിന്ന് തല്ലി ഓടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കിഴക്കമ്പലം നമുക്ക് പഠിപ്പിച്ചുതരുന്ന പാഠം. സ്വപ്നമാർക്കും ശങ്കരന്മാർക്കും രവീന്ദ്രന്മാർക്കും വെട്ടിവിഴുങ്ങാനാണ് നികുതിപ്പണമെങ്കിൽ സംശയമില്ല രാഷ്ട്രീയക്കാരേ , വൈകാതെ നിങ്ങളുടെ സ്ഥാനം കക്കൂസ്‍ കുഴിയിലാവും.

കേരളത്തിലെ എല്ലാപഞ്ചായത്തുകളിലും ട്വന്റി20 കൂട്ടായ്മകൾ ഉണ്ടാവേണ്ടത് അത്യാവശ്യമായിരിക്കുന്നു . ഇതാണ് യഥാർത്ഥ ജനാധിപത്യം . ട്വന്റി20 കിഴമ്പലത്തെ ജനങ്ങൾക്ക് ചെയ്ത് കൊടുക്കുന്ന സേവനങ്ങൾ കേരളജനത അസൂയയോടെയാണ് നോക്കിക്കാണുന്നത്. കേരളത്തിലെ മുഴുവൻ ജനങ്ങളും ഇതുപോലുള്ള കൂട്ടായ്മകളുടെ പിന്നിൽ അണിനിരന്നാൽ, നമ്മുടെ നാട് മോഹനവാഗ്‌ദാനങ്ങൾ നൽകി പറ്റിക്കുന്ന രാഷ്ട്രിയ തട്ടിപ്പുകാരുടെ പിടിയിൽനിന്നും മോചിതയാകും .

Also Read ”കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ?”

Also Read Also Read ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!

Also Read  കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്

Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ മാതാപിതാക്കളെ ശകാരിച്ചു റോയി . അതോടെ അനിതയോടുള്ള പപ്പയുടെ ദേഷ്യം പകയായി മാറി . ഒരു രാത്രി മദ്യപിച്ചു വന്ന റോയി അനിതയെ ചൊല്ലി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി ലോഡ്ജിൽ പോയി താമസിച്ചു . പിന്നീട് വാടകവീട്ടിലേക്കു താമസം മാറ്റി. ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു എന്നും രാവിലെ റോയി പോകും . അനിത വീട്ടിൽ തനിച്ചാകും . റോയി മദ്യപാനം തുടർന്നു. ഒരുദിവസം രാവിലെ ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. അനിതയോടു പിണങ്ങി ബ്രേക്ഫാസ്റ് പോലും കഴിക്കാതെ റോയി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. (തുടർന്ന് വായിക്കുക)

അനിത മൊബൈൽ ഫോണ്‍ എടുത്തു റോയിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഫോണ്‍ സ്വിച്ച് ഓഫ്.
റോയിച്ചൻ തന്നെ ഉപേക്ഷിച്ചിട്ടു പോയോ? തീ പടർന്ന മനസ്സുമായി അവള്‍ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നീട് പല തവണ വിളിച്ചപ്പോഴും ഫോൺ സ്വിച്ചോഫ് തന്നെ! ആരോടാണ് താന്‍ സഹായം അഭ്യര്‍ത്ഥിക്കുക? ഹരിയോട് പോയി പറയണോ? വേണ്ട .., റോയിച്ചൻ തന്നെ സംശയിച്ചാലോ.
മാതാവിനോട്, ജപമാല ചൊല്ലി അവള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; റോയി തന്നിൽ നിന്ന് അകലരുതേ അമ്മേ എന്ന്.
റോയി വിളിക്കുമെന്ന് അവൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
നേരം ഉച്ചയായി.. നാലുമണിയായി.. സന്ധ്യയായി!
ആഹാരം പോലും കഴിക്കാതെ കർത്താവിന്റെ തിരുസ്വരൂപത്തിനു മുൻപിൽ നിന്നവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. റോയിച്ചൻ എത്രയും വേഗം മടങ്ങിവരണേയെന്ന് .
ഇരുട്ട് വീണപ്പോൾ അവൾക്കു ഭയം വർധിച്ചു! റോയി വന്നില്ലെങ്കിൽ താൻ എന്ത് ചെയ്യും? രാത്രി ഹരിയുടെ വീട്ടിൽ ചെന്ന് അഭയം ചോദിക്കണോ? അതോ പേടിച്ചു വിറച്ചു തനിയെ ഈ മുറിയിൽ കഴിയണോ?
അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പുറത്തു പാദപതന ശബ്ദം കേട്ടു. പ്രതീക്ഷയോടെ ഓടിച്ചെന്നു അവൾ വാതില്‍ തുറന്നു.
പ്രതീക്ഷ തെറ്റിയില്ല. സ്റ്റെപ്പുകൾ കയറി റോയി സാവധാനം നടന്നു വരുകയാണ്. അയാളുടെ മുഖത്ത് അപ്പോഴും ദേഷ്യഭാവമായിരുന്നു. അനിതയുടെ മുഖത്തേക്ക് നോക്കാൻ പോലും കൂട്ടാക്കിയില്ല ആ മനുഷ്യൻ.
റോയി മുറിയിലേക്ക് കയറിയ ഉടനെ അനിത വാതിൽ അടച്ചിട്ട് ഭര്‍ത്താവിന്‍റെ കരം പുണര്‍ന്നുകൊണ്ട് തളർന്ന സ്വരത്തില്‍ പറഞ്ഞു:
“എന്‍റെ അറിവില്ലായ്മകൊണ്ടു ഞാനെന്തോ പറഞ്ഞുപോയി റോയിച്ചാ. എന്നോട് ക്ഷമിക്കണം.., പ്ലീസ് . ഇനി ഞാനൊന്നും പറയില്ല. കുടിച്ചാലും എനിക്ക് സങ്കടമില്ല. റോയിച്ചന്‍ എന്നോടു പിണങ്ങി ഇരിക്കരുത്. ഈ അനാഥപ്പെണ്ണിന് റോയിച്ചനല്ലാതെ വേറാരാ ഉള്ളത് ?”
ഭര്‍ത്താവിനെ നെഞ്ചിൽ മുഖം അമർത്തി, കെട്ടിപ്പിടിച്ചു അവൾ പൊട്ടിക്കരഞ്ഞു. ദേഹത്ത് കണ്ണീരിന്‍റെ നനവു പറ്റിയപ്പോള്‍ റോയിയുടെ മനസ്സിലെ ദേഷ്യം അലിഞ്ഞലിഞ്ഞു ഇല്ലാതായി. ഭാര്യയെ ആലിംഗനം ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു:
“സോറി. നിനക്ക് ഇത്രയും വിഷമമുണ്ടെന്നു ഞാന്‍ കരുതിയില്ല. നീ പേടിക്കുവൊന്നും വേണ്ട. ഞാന്‍ നിന്നെ കൈയൊഴിയുവൊന്നുമില്ല.”
“അതു പോരാ. റോയിച്ചന്‍ എന്നെ സ്നേഹിക്കണം. ഹൃദയം നിറയെ സ്നേഹം തരണം. കൊച്ചുന്നാളില്‍പ്പോലും അപ്പന്‍റേം അമ്മേടേം സ്നേഹം കിട്ടാതെ വളര്‍ന്ന പെണ്ണല്ലേ റോയിച്ചാ ഞാന്‍. എന്‍റെ പപ്പയും അമ്മയും എന്നെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചുപോയി. എത്രയോ രാത്രികളില്‍ ഞാന്‍ ഉണര്‍ന്നിരുന്നു കരഞ്ഞിട്ടുണ്ടെന്നു റോയിച്ചനറിയാമോ? ഇനിയും എന്നെ കരയിക്കല്ലേ റോയിച്ചാ. പ്ലീസ് .. റോയിച്ചനല്ലാതെ ഇനി എനിക്കാരാ ഉള്ളത് ” അവൾ ഏങ്ങലടിച്ചു കരഞ്ഞു.
റോയി അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുനീർ തുടച്ചുകൊണ്ടു പറഞ്ഞു .
” സാരമില്ല. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ ഞാനങ്ങു ഇറങ്ങിപ്പോയി. ഇനി അങ്ങനെ ഉണ്ടാവില്ല . ”
”ഒന്ന് വിളിക്കപോലും ചെയ്യാഞ്ഞപ്പോൾ എനിക്ക് ഒരുപാട് വിഷമമായി റോയിച്ചാ..ഞാൻ മരിച്ചുപോയിരുന്നെങ്കിൽ എന്നുപോലും ഞാൻ ആഗ്രഹിച്ചുപോയി.”
”ഇത്രയും വിഷമം ഉണ്ടെന്നു ഞാൻ കരുതിയില്ലെന്നു പറഞ്ഞല്ലോ . ” കവിളിൽ ഒരു മുത്തം നൽകിയിട്ട് റോയി ചോദിച്ചു :
”നീ വല്ലതും കഴിച്ചോ ”
” ഇല്ല . പ്രാർത്ഥിച്ചുകൊണ്ടിരിക്കുവായിരുന്നു ഈ നേരമത്രയും. ”
റോയി നല്ല വാക്കുകള്‍ പറഞ്ഞു അവളെ സമാധാനിപ്പിച്ചു. എന്നിട്ടു പറഞ്ഞു.
” നമുക്ക് ഇന്ന് വെളിയിൽ നിന്ന് ഭക്ഷണം കഴിക്കാം. നീ ഡ്രസ് മാറ് ”
അനിതയുടെ ഹൃദയത്തിലെ തീക്കനല്‍ മെല്ലെ അണഞ്ഞു.
ചുട്ടുപൊള്ളിയ മനസ്സില്‍ തണുത്ത വെള്ളം വീണതുപോലെ അവള്‍ക്ക് വലിയ ആശ്വാസം തോന്നി.

******

റോയി ജോലിക്കു പോയിക്കഴിഞ്ഞാല്‍ പിന്നെ അനിത മുറിയില്‍ തനിച്ചാണ്. മിനിക്ക് ഓഫുള്ളപ്പോള്‍ ഇടയ്ക്കിടെ അവള്‍ താഴെ ചെന്ന് അവരുമായി വിശേഷങ്ങള്‍ പങ്കുവച്ചിരിക്കും. നീരജമോളുമായി അവള്‍ കൂടുതല്‍ അടുത്തു. സ്കൂള്‍ വിട്ടുവന്നാല്‍ മിക്കപ്പോഴും അവള്‍ മുകളിലേക്ക് കയറിവന്ന് അനിതയുടെ അടുത്തു കുഞ്ഞുവര്‍ത്തമാനം പറഞ്ഞിരിക്കും. ഹോംവര്‍ക്കു ചെയ്യാനും പിറ്റേന്നു പഠിച്ചുകൊണ്ടു ചെല്ലേണ്ട പാഠഭാഗങ്ങള്‍ പഠിക്കാനും അനിത അവളെ സഹായിച്ചു.
മോളെ പഠിപ്പിക്കാനും നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും ഒരു ടീച്ചറെ കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു മിനിക്കും ഹരിക്കും. കൊച്ചുവർത്തമാനം പറയാൻ ഒരു കുഞ്ഞുമോളെ കിട്ടിയ സന്തോഷം അനിതക്കും.
ഒരു ദിവസം വൈകുന്നേരം അനിത നീരജമോളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മിനിയും ഹരിയും മുകളിലത്തെ നിലയിലേക്കു കയറി വന്നു. അവരെ കണ്ടതും അനിത എഴുന്നേറ്റു ഭവ്യതയോടെ ഒതുങ്ങി നിന്നു.
“മോള് എങ്ങനെയുണ്ട് പഠിക്കാന്‍?”
ഹരി ആരാഞ്ഞു.
“മിടുക്കിയല്ലേ. ഒരു പ്രാവശ്യം പറഞ്ഞു കൊടുത്താല്‍ മതി. മനഃപാഠമാക്കിക്കൊള്ളും.”
കേട്ടപ്പോൾ ഹരിക്കും മിനിക്കും വലിയ സന്തോഷം!
“ഞാന്‍ ചോദിച്ചപ്പം ഡോക്ടറാകാനാ ആഗ്രഹമെന്നു പറഞ്ഞു.”- അനിത അവളെ തന്റെ ദേഹത്തോട് ചേര്‍ത്തു പിടിച്ചു തലോടി.
“ക്ലാസിലെ ഫസ്റ്റാ.”
മിനി അഭിമാനത്തോടെ പറഞ്ഞു.
കുറെനേരം അവര്‍ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അനിത പോയി ചായ ഉണ്ടാക്കിക്കൊണ്ടുവന്ന് രണ്ടുപേര്‍ക്കും കൊടുത്തു.
“റോയി എന്നും മദ്യപിച്ചിട്ടാണോ വരുന്നത്?” ചായ ഒരു കവിൾ കുടിച്ചതിനു ശേഷം ഹരി ചോദിച്ചു.
“ഉം.”
അനിതയ്ക്കു ജാള്യം തോന്നി.
“എവിടാ ജോലീന്നാ പറഞ്ഞേ?”
“ഒരു ചെരിപ്പുകമ്പനീലാ. സൂപ്പർവൈസറായിട്ട് ”
ഹരിയും മിനിയും പരസ്പരം നോക്കി. എന്നിട്ടു അനിതയെ നോക്കി സ്വരം താഴ്ത്തി ഹരി പറഞ്ഞു:
“അവന്‍ പറഞ്ഞതു നുണയാ. ഒരു ചീട്ടുകളിസങ്കേതത്തില്‍ പണം വച്ചുള്ള ചീട്ടുകളിയാ അവന്‍റെ തൊഴില്. കഴിഞ്ഞ ദിവസം ആരോ ആയിട്ട് വഴക്കുണ്ടാക്കീന്നും കേട്ടു. ഈ പോക്കുപോയാൽ അപകടമാ ”
അനിത സ്തബ്ധയായി നിന്നു പോയി.
“ഇതിന്‍റെ പേരില്‍ അനിത ഇനി വഴക്കുകൂടാനൊന്നും പോകണ്ട. വരുമ്പം സൂത്രത്തിലൊന്നു ചോദിച്ചുനോക്ക്. ഞങ്ങളാ ഇതു പറഞ്ഞതെന്നു പറഞ്ഞേക്കല്ലേ.” മിനി പറഞ്ഞു.
ദുർബലമായി അനിത തലയാട്ടി.
“പോലീസ് വന്നു പിടിച്ചോണ്ടുപോയാല്‍ ആരും സഹായിക്കാന്‍ കാണുകേല. അതുമാത്രമല്ല, ചീട്ടുകളിയല്ലേ. ചിലപ്പം അടിപിടീം കത്തിക്കുത്തും ഒക്കെ ഉണ്ടാകും. അനിത നയത്തിലൊന്നു പറഞ്ഞു പിന്തിരിപ്പിക്കാന്‍ നോക്ക്. ഈ ചീട്ടുകളിയും കള്ളുകുടിയുമൊക്കെ അഡിക്റ്റായിപ്പോയാൽ മാറ്റാൻ ബുദ്ധിമുട്ടാ ”
അനിതയുടെ കണ്ണുകള്‍ നിറയുന്നതും മുഖം സങ്കടഭാരത്താൽ ചുവക്കുന്നതും ഹരിയും മിനിയും കണ്ടു.
”അനിതയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഞങ്ങൾക്ക് അനിതയോട് പ്രത്യേക സ്നേഹം ഉള്ളതുകൊണ്ട് ഒന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.” മിനി പറഞ്ഞു.
”അത് എനിക്കറിയാം ചേച്ചി.” കരയാതിരിക്കാൻ അവൾ പാടുപെട്ടു.
ഓരോന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചിട്ട് മോളെയും കൂട്ടിക്കൊണ്ട് അവര്‍ താഴേക്കു പോയി.
ഒരു പാവകണക്കെ അനിത കുറെ നേരം ചുമരിൽ ചാരി നിന്നു. പിന്നെ പോയി കൂജയില്‍ നിന്ന് രണ്ടു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു.
സന്ധ്യ മയങ്ങിയപ്പോൾ റോയി വന്നു. ഭാര്യയുടെ മുഖം കടന്നൽ കുത്തിയതുപോലെ ഇരിക്കുന്നതു കണ്ടപ്പോള്‍ മനസ്സിലായി എന്തോ പ്രശ്നമുണ്ടെന്ന്.
“എന്തു പറ്റി ഒരു മ്ലാനത?”
” ഒന്നുമില്ല.”
ചായ എടുക്കാനായി അവള്‍ അടുക്കളയിലേക്കു പോയി. റോയി ബാത് റൂമിലേക്കും.
ചായ തയ്യാറാക്കിക്കൊണ്ടുവന്നപ്പോള്‍ റോയി കുളികഴിഞ്ഞു വന്നു മുടി ചീകിക്കൊണ്ടിരിക്കുകയായിരുന്നു.
“ഏതു ചെരിപ്പുകമ്പനീലാ റോയിച്ചനു ജോലി?”
അപ്രതീക്ഷിതമായുള്ള ആ ചോദ്യം കേട്ടു റോയി ഞെട്ടിത്തിരിഞ്ഞു. മുഖത്തു ഭാവമാറ്റം വരുത്താതെ റോയി ഒരു ചെരിപ്പു കമ്പനിയുടെ പേരു പറഞ്ഞു.
“എന്നോടു കള്ളംപറയാനും തുടങ്ങി അല്ലേ?”-അനിത അയാളുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി കൊണ്ടു കുറച്ചുനേരം നിന്നു.
കുറ്റബോധത്താൽ റോയിയുടെ മുഖം കുനിഞ്ഞുപോയി.
“പ്ലീസ് റോയിച്ചാ. എന്നോട് ഇഷ്ടമുണ്ടെങ്കില്‍ ചീട്ടുകളിക്കാന്‍ പോകരുത്. മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കുന്ന ഒരു കാശും നമുക്കു വേണ്ട റോയിച്ചാ. അതനുഭവിക്കാന്‍ കര്‍ത്താവ് നമ്മളെ അനുവദിക്കില്ല. റോയിച്ചന് ആരോഗ്യമുണ്ടല്ലോ. പണിയെടുത്തു ജീവിച്ചാല്‍ പോരേ? അല്ലെങ്കില്‍ നമുക്കു വീട്ടിലേക്കു തിരിച്ചുപോകാം.” – അനിത യാചിച്ചു.
“ഹരിയാണോ ഇവിടെ വന്ന് ഇതു കൊളുത്തീത്?”
“അല്ല. ദൈവം എന്നോടു പറഞ്ഞതാ.”
“ദൈവം! അവനാ പറഞ്ഞതെന്ന് എനിക്കറിയാം. ആരു പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല. ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് ഞാന്‍ തീരുമാനിക്കും. നിനക്കറിയാമോ. ഇന്ന് അയ്യായിരം രൂപയാ ചീട്ടുകളിയിയിൽ നിന്ന് എനിക്കു ലാഭം കിട്ടീത്. ഇന്നലെ നാലായിരത്തി അഞ്ഞൂറ്. ഇത്രയും വരുമാനം വേറെ എന്തു ബിസിനസീന്നു കിട്ടും?”
“മറ്റൊരാളുടെ കണ്ണീരല്ലേ റോയിച്ചാ ഈ സമ്പാദ്യം?”
“ഞാനാരുടേയും പിടിച്ചുപറിക്കുന്നൊന്നുമില്ലല്ലോ? കളിച്ചു കിട്ടുന്ന കാശാ. അതു ദൈവം തരുന്നതു തന്നെയാ. അതിലൊരു തെറ്റുമില്ല. ”
“ചീട്ടുകളീം ചൂതുകളീം നടത്തി പെട്ടെന്നു പണമുണ്ടാക്കിയാല്‍ അതു പെട്ടെന്നു തന്നെ പോകുവേം ചെയ്യും. അദ്ധ്വാനിച്ചു ജീവിക്കാനുള്ള ആരോഗ്യം തന്നിട്ടുണ്ടല്ലോ ദൈവം റോയിച്ചന്. “
“നിന്നെപ്പോലെ പ്രാര്‍ത്ഥനേം കുര്‍ബാനേം ആയിട്ടു മാത്രം നടന്നാല്‍ അവസാനം പട്ടിണി കിടന്നു ചാകേണ്ടി വരും. എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും എനിക്കറിയാം. എന്നെ പഠിപ്പിക്കാൻ നീ വരണ്ട. മനസിലായോ ?”
ഉറച്ച നിലപാടിലായിരുന്നു റോയി. അനിത എത്ര ശ്രമിച്ചിട്ടും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. പരാജിതയായി അവള്‍ നിസ്സഹായതയോടെ താടിക്കു കൈയും കൊടുത്ത് ഇരുന്നു. എന്തോ വലിയ ദുരന്തം സംഭവിക്കാന്‍ പോകുന്നതായി അവളുടെ മനസ്സ് പിറുപിറുത്തു. പിന്നെ അവൾ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ട് പ്രയോജനമില്ലെന്നു മനസിലായി. ഇഷ്ടം പോലെ ചെയ്യട്ടെ !
പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ അനിതയ്ക്ക് ഒരു മനംപിരട്ടൽ, ഓക്കാനം!
വയറ്റില്‍ ഒരു ജീവന്‍ നാമ്പിട്ടോ എന്ന് സംശയം! എങ്കിലും റോയിയോട് ഒന്നും പറഞ്ഞില്ല.
റോയി പുറത്തേക്കു പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ മിനിയെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. ആശുപത്രിയില്‍ പോയി ടെസ്റ്റു ചെയ്യാമെന്നു മിനി നിർബന്ധിച്ചു.
തൽക്കാലം ഈ വിവരം റോയിയെ അറിയിക്കേണ്ടെന്ന് അനിത തീരുമാനിച്ചു. സംശയം ദൂരീകരിച്ചിട്ടു കാര്യം വെളിപ്പെടുത്തിയാല്‍ മതിയല്ലോ! ഇനി അതല്ലെങ്കിൽ വെറുതെ മോഹിപ്പിക്കേണ്ട കാര്യമില്ലല്ലോ!
മിനിയോടൊപ്പം രാവിലെ തന്നെ അവള്‍ ആശുപത്രിയില്‍പോയി ഗൈനക്കോളജിസ്റ്റിനെ കണ്ടു. പ്രഗ്നൻസി ടെസ്റ്റിന്റെ റിസല്‍റ്റു കിട്ടിയപ്പോള്‍ അനിത സന്തോഷംകൊണ്ടു തുള്ളിച്ചാടി. താന്‍ ഒരമ്മയാകാന്‍ പോകുന്നു! ഓമനിക്കാനും താലോലിക്കാനും തനിക്കൊരു കുഞ്ഞിനെ ദൈവം തന്നിരിക്കുന്നു. തന്റെ പ്രാർത്ഥന കർത്താവ് കേട്ടിരിക്കുന്നു. വാര്‍ത്ത കേട്ടപ്പോള്‍ മിനിക്കും സന്തോഷമായി.
“ഹസ്ബന്‍റിനെ വിളിച്ചു വേഗം പറ, സന്തോഷവാർത്ത! ”
മിനി പറഞ്ഞു.
“വൈകിട്ട് വരുമ്പം പറഞ്ഞോളാം. അതാവുമ്പം ഒരു സർപ്രൈസ് ആകുമല്ലോ. ആ മുഖത്തെ സന്തോഷമെനിക്ക് നേരിട്ട് കാണുകയും ചെയ്യാം.”
” അത് നേരാ. കെട്ടിപ്പിടിച്ചൊരു നൂറുമ്മ തരും. എന്റെ ഹസ്ബന്റിനു എന്തുസന്തോഷമായിരുന്നെന്നോ. സ്നേഹം കൊണ്ട് എന്നെ വീർപ്പുമുട്ടിച്ചു ” മിനി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒരു ഓട്ടോയില്‍ കയറ്റി മിനി അനിതയെ വീട്ടിലേക്കു യാത്രയാക്കി.
ആരോഗ്യമുള്ള കുഞ്ഞു ജനിക്കണമെങ്കില്‍ മനസു സന്തോഷപ്രദവും ശരീരം ആരോഗ്യമുള്ളതുമായിരിക്കണമെന്ന് അവള്‍ ഒരു മാസികയില്‍ വായിച്ചതോര്‍ത്തു. മനസിനു പ്രയാസമുണ്ടാകാതിരിക്കാന്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം. റോയിയോട് വഴക്കുണ്ടാക്കാതിരിക്കാൻ നോക്കണം.
സന്ധ്യയ്ക്ക് റോയി വന്നപ്പോള്‍ അനിത സന്തോഷവാര്‍ത്ത പറഞ്ഞു. പക്ഷേ, റോയിയുടെ മുഖം തെളിയുന്നതിനു പകരം ഇരുളുകയാണുണ്ടായത് .
“റോയിച്ചനെന്താ ഇതു കേട്ടപ്പം ഒരു സന്തോഷമില്ലാത്തേ?”
“ഇപ്പം ഒരു കുഞ്ഞു വേണ്ടായിരുന്നു.”
“അതെന്താ ? കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ സമ്മാനമല്ലേ റോയിച്ചാ. അതു കിട്ടുമ്പോള്‍ നമ്മള്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയല്ലേ വേണ്ടത്.”
“ഇപ്പഴത്തെ നമ്മുടെ സാഹചര്യത്തിൽ ഒരു കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തുകാന്നു പറഞ്ഞാല്‍ എളുപ്പമാണോ? അതും ഈ വാടകവീട്ടിൽ നമ്മൾ ഒറ്റയ്ക്ക് കഴിയുമ്പം. ഒന്ന് നേരേ നിന്നിട്ടു മതിയായിരുന്നു എല്ലാം. ”
” ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ചു തരും റോയിച്ചാ.”
“എന്തു വഴി? സഹായത്തിന് ആരുമില്ല. സാമ്പത്തികശേഷിയുമില്ല ” ഒന്നു നിറുത്തിയിട്ട് മടിച്ചു മടിച്ചു റോയി പറഞ്ഞു: “ഞാനൊരു കാര്യം പറഞ്ഞാല്‍ നീ അനുസരിക്കുമോ?”
“എന്താ?”
“ഈ കുഞ്ഞിനെ നമുക്കു വേണ്ടെന്നു വയ്ക്കാം.”
അനിത ഒരു നിമിഷം ശ്വാസം നിലച്ച് വായ്പൊളിച്ചു നിന്നുപോയി.
“കുഞ്ഞ് ഇനിയുമുണ്ടാകും. നിനക്ക് അധികം പ്രായമൊന്നും ആയില്ലല്ലോ. ഇപ്പഴാകുമ്പം ഒരബോർഷനു വല്യ ചിലവൊന്നുമില്ല.”
കൈ നിവര്‍ത്തി ഭര്‍ത്താവിന്‍റെ കരണത്തൊന്നു കൊടുക്കാനാണ് അവൾക്കു തോന്നിയത്! ഒരു കുഞ്ഞിക്കാലു കാണാന്‍ എത്രയോ ഭാര്യാഭർത്താക്കന്മാരാണ് നേര്‍ച്ചയും ചികിത്സയുമായി കണ്ണീരൊഴുക്കിക്കഴിയുന്നത്. അപ്പോള്‍ ഇവിടൊരാള്‍ പറയുന്നു ദൈവം തന്ന തങ്കക്കുടത്തിനെ വയറ്റിൽ വച്ചുതന്നെ കൊന്നുകളയാമെന്ന്! ഈ മനുഷ്യനു ഭ്രാന്തു പിടിച്ചോ?
(തുടരും …അടുത്ത അധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
കാഞ്ഞിരപ്പള്ളിയില്‍ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. ഭാര്യയുടെ വിഷമങ്ങൾ അകറ്റാൻ അവളുടെ ആഗ്രഹപ്രകാരം കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റ് ബംഗ്ളാവിൽ പോയി ഒരാഴ്ചക്കാലം റോയിയും അനിതയും താമസിച്ചു. അതോടെ ഭർത്താവുമായി ശാരീരികവും മാനസികവുമായി അവൾ കൂടുതൽ അടുത്തു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ മാതാപിതാക്കളെ ശകാരിച്ചു റോയി . അതോടെ അനിതയോടുള്ള സഖറിയാസിന്റെ ദേഷ്യം പകയായി മാറി . ഒരു രാത്രി മദ്യപിച്ചു വന്ന റോയി അനിതയെ ചൊല്ലി പപ്പയുമായി
വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി ലോഡ്ജിൽ പോയി താമസിച്ചു . പിന്നീട് വാടകവീട്ടിലേക്കു താമസം മാറ്റി. ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. (തുടർന്ന് വായിക്കുക )

ടർക്കി ടവ്വലെടുത്തു കണ്ണും മുഖവും തുടച്ചിട്ട് അനിത വേഗം ചെന്നു വാതിൽ തുറന്നു.
ഹരികൃഷ്ണനും ഭാര്യയും നീരജമോളുമായിരുന്നു വാതിൽക്കൽ. ഹൃദ്യമായി ചിരിച്ചുകൊണ്ട് അനിത അവരെ അകത്തേക്കു ക്ഷണിച്ചു കസേരയിൽ ഇരുത്തി .
“ഹസ്ബെന്റ് എവിടെ?”
ചുറ്റും നോക്കിയിട്ടു ഹരി ചോദിച്ചു.
“പുറത്തേക്കു പോയതാ.”
“സൗകര്യങ്ങളൊക്കെ എങ്ങനെ?”
മിനി ആരാഞ്ഞു.
“ഞങ്ങളു രണ്ടു പേരല്ലേയുള്ളൂ. ഇതു ധാരാളമാ.”
”റോയിയെ എനിക്ക് നേരത്തെ അറിയാം . അതുകൊണ്ടാ വീട്ടീന്ന് പിണങ്ങിപോന്നതാന്ന് പറഞ്ഞിട്ടും ഞാനീ വീട് തന്നത് ”
” വല്യ ഉപകാരമായി. ഇവിടാകുമ്പം താഴെ നിങ്ങളൊള്ളതുകൊണ്ടു ഞങ്ങൾക്കൊരു സഹായമായി ”
”എന്താവശ്യമുണ്ടെങ്കിലും ചോദിച്ചാൽ മതി. പറ്റുന്നതൊക്കെ ചെയ്തുതരാം. റോയി വരുമ്പം ഗ്യാസ് സിലിണ്ടറു വന്ന് എടുത്തോളാന്‍ പറ. ഒരെണ്ണം സ്‌പെയറുണ്ട് .” ഹരി പറഞ്ഞു
” വളരെ നന്ദി ”
കുറേനേരം വിശേഷങ്ങൾ പറഞ്ഞ് അവർ ഇരുന്നു.
“മോളിങ്ങു വന്നേ…”
അനിത നീരജമോളെ അടുത്തേക്കു വിളിച്ചു. എന്നിട്ട് അവളുടെ കൈപിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു. കബോര്‍ഡില്‍നിന്ന് ഒരു ടിന്നെടുത്തു തുറന്ന് അതിനകത്തുനിന്ന് ഒരുപിടി മിഠായി വാരി അവളുടെ കൈയില്‍ കൊടുത്തു. നീരജയ്ക്കു ഒരുപാട് സന്തോഷമായി.
തിരിച്ചു സ്വീകരണമുറിയലേക്കു വന്നപ്പോള്‍ മിനിഅവളെ നോക്കി ചിരിച്ചുകൊണ്ടു ചോദിച്ചു: “വന്നതേ സമ്മാനവും കിട്ടിയോ?” അനിതയെ നോക്കി അവർ തുടർന്നു: ” ആള് വല്യ മിഠായി കൊതിച്ചിയാ.”
“കുട്ടികൾക്ക് ഇതൊക്കെയല്ലേ സന്തോഷം. അല്ലേ മോളെ ” കുനിഞ്ഞു അവളുടെ കുഞ്ഞികവിളില്‍ ഒരു മുത്തം നല്‍കി അനിത.
പോകാനായി എണീറ്റപ്പോൾ മിനി പറഞ്ഞു:
“സമയം കിട്ടുമ്പം താഴേക്കു വരണേ. എനിക്കു മിണ്ടീം പറഞ്ഞുമിരിക്കാന്‍ ഇനി ഒരാളായല്ലോ.”
അനിത ചിരിച്ചുകൊണ്ട് തലകുലുക്കി.
അവർ പോയിക്കഴിഞ്ഞപ്പോൾ അനിത ഓര്‍ത്തു. എത്ര സ്നേഹമുള്ള അയല്‍ക്കാര്‍. ഈ വീടുകിട്ടിയതു ഭാഗ്യമായി. റോയി വരാൻ താമസി ച്ചാലും പേടിക്കാതെ കഴിയാല്ലോ .
ഇരുട്ടു വീണപ്പോഴാണു റോയി തിരിച്ചുവന്നത്. വന്നു കയറിയതേ അനിതയ്ക്കു മനസ്സിലായി കുടിച്ചിട്ടുണ്ടെന്ന്.
“കുടിച്ചു അല്ലേ?”
“പുതിയൊരു ജീവിതം തുടങ്ങ്വല്ലേ. അതിന്‍റെ ഒരു സന്തോഷത്തിന് ഒരല്‍പ്പം.” റോയി ഒരു വളിച്ച ചിരി ചിരിച്ചു.
” ങ്ഹും! സന്തോഷം വന്നാലും സങ്കടം വന്നാലും നിങ്ങൾ ആണുങ്ങൾക്ക് കുടി. വിഷം വലിച്ചുകേറ്റിയാണോ റോയിച്ചാ സന്തോഷിക്കുന്നത്?”
“ഞാന്‍ ഫുഡ് വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്. ചപ്പാത്തിയും ചിക്കൻ കറിയും . നീ പോയി പ്ലേറ്റു കഴുകിവയ്ക്ക്.”
വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ റോയി പറഞ്ഞു.
തുറിച്ചൊന്നു നോക്കിയിട്ട് അനിത അടുക്കളയിലേക്കു പോയി.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അനിത ചോദിച്ചു:
“വീട്ടീന്ന് ആരെങ്കിലും വിളിച്ചിരുന്നോ?”
“അമ്മ പല പ്രാവശ്യം വിളിച്ചു. ഞാന്‍ എടുത്തില്ല.”
“സംസാരിക്കായിരുന്നില്ലേ?”
“എന്തു സംസാരിക്കാന്‍? എനിക്കിനി അമ്മേം ഇല്ല, അപ്പനുമില്ല, പെങ്ങളുമില്ല . ഉള്ളത് നീ മാത്രം . അത് മതി . നമുക്ക് പണിയെടുത്തു അന്തസായിട്ടു ജീവിക്കാന്നേ ”
“ഒരത്യാവശ്യം വന്നാല്‍ സഹായത്തിന് ആരാ ഉള്ളത്? എനിക്കോ ആരും ഇല്ല. റോയിച്ചനും ഇല്ലെന്നു വന്നാല്‍?”
“കാശു കൊടുത്താല്‍ കിട്ടാത്ത എന്താ ഈ ലോകത്തിൽ ഇല്ലാത്തത്? പെട്ടെന്നു കുറച്ചു കാശൊണ്ടാക്കണം. അതിനുള്ള വഴിയാ ഞാന്‍ ഇപ്പം നോക്കുന്നത്.”
“വളഞ്ഞ വഴിയൊന്നും നോക്കണ്ടാട്ടോ. കാശിനേക്കാള്‍ വലുത് മനസ്സമാധാനമാ.”
റോയി മറുപടി ഒന്നും പറഞ്ഞില്ല.
ഭക്ഷണം കഴിച്ചിട്ട് റോയി താഴെ ചെന്ന് ഗ്യാസ് സിലിണ്ടര്‍ എടുത്തുകൊണ്ടു വന്നു ഫിറ്റു ചെയ്തു.
കിടക്കാൻ നേരമായപ്പോൾ അനിത ബെഡിൽ ഷീറ്റു വിരിച്ചിട്ടു റോയിയോടു പറഞ്ഞു:
“നമുക്കൊന്നു പ്രാർത്ഥിച്ചിട്ടു കിടക്കാം. പ്രാർത്ഥനേടെ കുറവുകൊണ്ടാ റോയിച്ചനു കുടിക്കാനും ദേഷ്യപ്പെടാനുമൊക്കെ തോന്നുന്നത്.”
ഭർത്താവിനെ അടുത്തു പിടിച്ചുനിറുത്തി കർത്താവിന്‍റെ രൂപത്തിന്‍റെ മുമ്പില്‍നിന്ന് അനിത കുറേനേരം പ്രാര്‍ത്ഥിച്ചു. പിന്നെ റോയിക്കു സ്തുതി ചൊല്ലിയിട്ട് ഒരുമ്മയും കൊടുത്തു . റോയി തിരിച്ചും ഒരുമ്മ കൊടുത്തു .
”പ്രാർത്ഥന കഴിഞ്ഞപ്പം മനസിന്‌ ഒരു സന്തോഷമില്ലേ? ” അവൾ ചോദിച്ചു.
”പിന്നില്ലേ. നീ മുൻപിൽ നിൽക്കുമ്പോൾ തന്നെ മനസിന് വല്ലാത്തൊരു സന്തോഷമല്ലേ. വാ കിടക്കാം ”
അവളെ കൈപിടിച്ച് അയാൾ കട്ടിലിനടുത്തേക്കു നടന്നു.
പിന്നെ രണ്ടുപേരും സാവധാനം കിടക്കയിലേക്കു ചാഞ്ഞു.
”റോയിച്ചാ .. ” ഭർത്താവിന്റെ രോമാവൃതമായ മാറിൽ വിരലുകൾ ഓടിച്ചുകൊണ്ടു അവൾ സ്നേഹാർദ്രമായി വിളിച്ചു
” ഉം ”
”എന്നോട് ഇഷ്ടമുണ്ടെങ്കിൽ ഇനി കുടിക്കരുത് കേട്ടോ ”
” നിറുത്താൻ നോക്കിയതാ . പറ്റുന്നില്ല. നീ ക്ഷമിക്ക് ”
റോയി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
റോയിയുടെ സിരകൾക്കു ചൂടുപിടിക്കുമെന്നും നിർവൃതിയുടെ അനന്ത വിഹായസിലേക്കു തന്നെ സാവധാനം കൂട്ടിക്കൊണ്ടുപോകുമെന്നും അവൾ പ്രതീക്ഷിച്ചു. പക്ഷേ ആ കൈകൾ ചലനമില്ലാതെ തന്റെ നൈറ്റ് ഡ്രസിന്റെ പുറത്തുമാത്രം ഇരിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു അവൾക്ക് . തെല്ലുനേരം അനക്കമൊന്നും ഉണ്ടാകാതിരുന്നപ്പോൾ അവൾ പതിയെ വിളിച്ചു.
”റോയിച്ചാ ”
മറുപടി ഉണ്ടായില്ല . മദ്യത്തിന്റെ ലഹരിയിൽ റോയി വേഗം ഉറങ്ങിപ്പോയിരുന്നു . കരച്ചിലും ദേഷ്യവും വന്നു അവൾക്ക് . ഭര്‍ത്താവിന്‍റെ കൂര്‍ക്കംവലി കേട്ടപ്പോള്‍ അവൾ ഒന്നു ദീർഘമായി നിശ്വസിച്ചിട്ടു തിരിഞ്ഞു കിടന്നു.
മദ്യപനായ ഒരു ഭർത്താവില്‍നിന്നു ഭാര്യയ്ക്കു ശാരീരികമോ മാനസികമോ ആയ സുഖം കിട്ടില്ലെന്ന് ധ്യാനിപ്പിച്ച അച്ചൻ ഒരിക്കൽ പറഞ്ഞത് എത്രയോ ശരിയാണ് എന്നവൾ ഓർത്തു. മദ്യത്തില്‍ സുഖം കണ്ടെത്തുന്നവർക്കു മറ്റെന്തു സുഖമാണു വേണ്ടത്? ചത്ത മനുഷ്യനെപ്പോലെ കിടക്കുന്നതു കണ്ടില്ലേ ? മനസിൽ നിറഞ്ഞ വേദന അവള്‍ ചുണ്ടുകൾ കടിച്ചമർത്തി ഒതുക്കി.
പിറ്റേന്ന് രാവിലെ ബ്രേക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അനിത ചോദിച്ചു:
“ഇനി എന്താ പ്ലാന്‍? എത്ര കാലം ഇവിടെ താമസിക്കാനാ? ഒരു വരുമാനോം ഇല്ലാതെ…?”
“ഒരു ചെരിപ്പുകമ്പനീല്‍ സൂപ്പര്‍വൈസറായിട്ട് ഒരു ജോലി തരപ്പെടുത്തീട്ടുണ്ട്. ഇന്നങ്ങോട്ടു പോക്വാ.”
“എന്നാ കിട്ടും ശമ്പളം?”
“പത്തു പതിനായിരം കിട്ടും. തല്‍ക്കാലം അതു മതീല്ലോ. ഒന്നു സ്റ്റെഡിയായികഴിഞ്ഞിട്ട് നമുക്കെന്തെങ്കിലും ബിസിനസ് തുടങ്ങാം. അപ്പോ പെട്ടെന്ന് കാശൊണ്ടാകും”
“കുടി നിറുത്താതെ എന്തു തുടങ്ങിയാലും രക്ഷപെടില്ല. ”
അതു പറഞ്ഞിട്ട് അവള്‍ എണീറ്റു കൈ കഴുകി.
ഭക്ഷണം കഴിച്ചിട്ടു റോയി വേഷം മാറി പുറത്തേക്കു പോയി. അനിത തനിച്ചായി ആ വീട്ടില്‍.
രാത്രി എട്ടു മണികഴിപ്പോഴാണ് റോയി തിരിച്ചു വന്നത്. അന്നും മദ്യപിച്ചിരുന്നു.
അവള്‍ക്കു വല്ലാതെ സങ്കടവും ദേഷ്യവും വന്നു. എങ്കിലും കണ്ണു തുറിച്ചു കുറെനേരം നോക്കിനിന്നതല്ലാതെ ഒന്നും ചോദിച്ചില്ല.
“നീയാ ബഡ് ഷീറ്റ് വിരിക്ക്. എനിക്കൊന്നു കിടക്കണം. നല്ല ക്ഷീണം.”
“ഭക്ഷണം കഴിച്ചോ?” നിർവികാരയായി അവള്‍ ചോദിച്ചു.
“ഉം.”
അനിത കിടക്കയില്‍ ബഡ്ഷീറ്റ് വിരിച്ചുകൊടുത്തു. വേഷം മാറിയിട്ടു റോയി വന്നു കിടന്നു. അപ്പോഴേ ഉറങ്ങിപ്പോയി.
സങ്കടം ഒതുക്കാന്‍ അനിത ചുണ്ടുകള്‍ കടിച്ചമര്‍ത്തി.
താഴെ നിന്ന് നീരജമോളുടെ വർത്തമാനവും ചിരിയുമൊക്കെ കേട്ടപ്പോള്‍ അവള്‍ ഓര്‍ത്തു: തനിക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ ഈ വിരസതയും വിഷമങ്ങളുമൊക്കെ കുറഞ്ഞേനെ. കുഞ്ഞിനെ ലാളിക്കുമ്പോഴും പാലൂട്ടുമ്പോഴും ഒരമ്മയ്ക്കു കിട്ടുന്ന സന്തോഷം എത്രയധികമാണ്! അതൊന്നും റോയിച്ചനോടു പറഞ്ഞാൽ മനസിലാവില്ലല്ലോ. ചത്ത ആളിനെപ്പോലെ അനക്കമില്ലാതെ കിടക്കുകയല്ലേ ഈ മനുഷ്യൻ!
ഭാര്യയുടെ വികാരങ്ങളും സ്വപ്നങ്ങളും മനസിലാക്കാൻ കഴിവില്ലാത്ത ഒരു ഭർത്താവ് ! ഇങ്ങനെയാണോ വെള്ളമടിക്കുന്ന ഭർത്താക്കന്മാരെല്ലാം ?
അന്ന് അനിത അത്താഴം കഴിച്ചില്ല. കൂജയില്‍നിന്ന് ഒരു ഗ്ലാസ് വെള്ളെമെടുത്തു കുടിച്ചിട്ട് ഭര്‍ത്താവിന്‍റെ സമീപം അവളും കിടന്നു. ഒരു മരപ്പാവയെപ്പോലെ നിർവ്വികാരയായി, മിഴിനീർ തൂവി.
പിറ്റേന്നു രാവിലെ വൈകിയാണ് റോയി ഉണര്‍ന്നത്. അനിത മുഖം വീർപ്പിച്ചിരിക്കുന്നതുകണ്ടപ്പോള്‍ റോയി സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് അടുത്തുചെന്നു. ഈർഷ്യയോടെ മുഖം തിരിച്ചിട്ട് അവള്‍ പറഞ്ഞു:
“കുടിച്ചിട്ടു വന്നു ചത്തപോലെ കിടന്നുറങ്ങുന്നതല്ല ഒരു ഭർത്താവിന്‍റെ ധര്‍മ്മം.”
“നീ പറയുന്നത് എനിക്ക് മനസിലാവുന്നില്ല ?”
”മനസ്സിലാവണമെങ്കിൽ ഭാര്യയോട് സ്നേഹമുള്ള ഒരു ഭർത്താവായിരിക്കണം ?”
”ഞാനെന്തു സ്നേഹക്കുറവാ കാണിച്ചത് ?”
“എനിക്കൊരു കുഞ്ഞുവേണം. കല്യാണം കഴിഞ്ഞ ഏതൊരു പെണ്ണിന്‍റേയും ആഗ്രഹമാണത്”
“ഓ അതാണോ കാര്യം ! ഇപ്പം ഒരു കുഞ്ഞുണ്ടായാല്‍ അതിനെ നേരാംവണ്ണം നോക്കാന്‍ പറ്റുമോ നമുക്ക്? ആദ്യം ഒന്നു നേരേ നില്‍ക്കട്ടെ. എന്നിട്ടാലോചിക്കാം കുഞ്ഞിനെക്കുറിച്ച്.”
“റോയിച്ചന്‍റെ ഇഷ്ടം മാത്രം നടന്നാ മതീല്ലോ.”
കലിതുള്ളി അവള്‍ എണീറ്റ് അടുക്കളയിലേക്കു പോയി. റോയി പിന്നാലെ ചെന്നു സമാധാനിപ്പിക്കാൻ നോക്കി. അവൾ പക്ഷേ മിണ്ടിയില്ല.
”സാരമില്ലെന്നേ . നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം ”
വെട്ടി തിരിഞ്ഞിട്ടു അനിത പറഞ്ഞു :
“ഈ ഏകാന്തതയും വിഷമങ്ങളുമൊക്കെ മാറ്റാന്‍ എനിക്കൊരു കുഞ്ഞുവേണം റോയിച്ചാ. ഒരു പെണ്ണിന്‍റെ വികാരവിചാരങ്ങള്‍ റോയിച്ചനു മനസ്സിലാവില്ല.” – അനിതയുടെ ശബ്ദം ഉയർന്നു.
“കൂള്‍ഡൗണ്‍ കൂള്‍ ഡൗണ്‍. നമുക്കാലോചിക്കാം.”
റോയി അടുപ്പിന്‍റെ സമീപം അനിതയോടു മുട്ടിച്ചേര്‍ന്ന് നിന്നിട്ട് ഇരു കൈകൾ കൊണ്ടും അവളെ ചുറ്റിപ്പിടിച്ചു പ്രണയചാപല്യത്തോടെ കവിളിൽ ഒരു മുത്തം നൽകി .
“ഇപ്പഴല്ല സ്നേഹം കാണിക്കേണ്ട സമയം. ഞാനതൊക്കെ പറഞ്ഞു തരണോ ? രാത്രി മൂക്കുമുട്ടെ കുടിച്ചിട്ട് വന്നു പോത്തിനെപ്പോലെ കിടന്നുറങ്ങും .”
”കുഞ്ഞിന്റെ കാര്യമല്ലേ . ഇന്ന് രാത്രി നമുക്ക് അതിനു പരിഹാരം ഉണ്ടാക്കാം “
”ഒന്ന് പോകുന്നുണ്ടോ എന്റെ മുൻപീന്ന് ”
തിരിഞ്ഞു ഭര്‍ത്താവിന്‍റെ നെഞ്ചില്‍ മൃദുവായി ഒരിടി കൊടുത്തിട്ട് ദോശക്കല്ലിലേക്കു മാവു കോരിയൊഴിച്ചു അവൾ.
“ഇന്നലെമുതല്‍ ഞാൻ ജോലിക്കു കയറി.” റോയി പറഞ്ഞു.
“ഇനിയെങ്കിലും അമ്മയെ വിളിച്ചൊന്നു പറയരുതോ, മകൻ സുരക്ഷിതമായി ഇവിടുണ്ടെന്ന്.”
“അതിനു റോയി വേറെ ജനിക്കണം.”
“ഇനി കുടിച്ചിട്ടു വരരുതു കേട്ടോ. എനിക്കിഷ്ടമല്ല നാലുകാലിൽ വരുന്നത്”
“ഞാനൊരു കാര്യം തുറന്നു ചോദിക്കട്ടെ. ഞാന്‍ കുടിക്കുന്ന ആളാന്നറിഞ്ഞിരുന്നെങ്കില്‍ ഈ കല്യാണത്തിനു നീ സമ്മതിക്ക്വായിരുന്നോ?”
കള്ളം പറയാൻ അവളുടെ മനസ് അനുവദിച്ചില്ല.
“ഞാന്‍ സമ്മതിക്കില്ലായിരുന്നു. കുടിക്കുന്നവരെ എനിക്കു പണ്ടേ ഇഷ്ടമല്ല.” അവൾ വെട്ടി തുറന്നു പറഞ്ഞു.
പെട്ടെന്ന് റോയിയുടെ മുഖഭാവം മാറിയത് അവള്‍ ശ്രദ്ധിച്ചു.
“എന്നു വച്ച് എനിക്കിപ്പം റോയിച്ചനോട് ഇഷ്ടക്കുറവൊന്നുമില്ല, കേട്ടോ?”
“തന്തേം തള്ളേം ഇല്ലാത്ത ഒരു പെണ്ണിന് എന്നേക്കാൾ മിടുക്കനായ ഒരാളെ വേറെ എവിടുന്നു കിട്ടാനാടി ?”
കരണത്തൊന്നു കിട്ടിയപോലെ അനിത ഒരു നിമിഷം നിശ്ചലയായി നിന്നുപോയി. തന്റെ മറുപടിക്ക് അങ്ങനെയൊരു തിരിച്ചടി അവള്‍ പ്രതീക്ഷിച്ചില്ലായിരുന്നു.
“ഞാൻ പറഞ്ഞത് റോയിച്ചനെ വേദനിപ്പിച്ചോ?”
“മദ്യപിക്കുന്ന ഭർത്താവിനോടൊപ്പം ജീവിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ നിനക്കു പിരിഞ്ഞു പോകാം.” റോയിയുടെ ശബ്ദവും ഭാവവും മാറിയത് കണ്ടപ്പോൾ അനിത ഭയന്നു .
“എന്താ റോയിച്ചാ ഈ പറയുന്നേ?”
അമ്പരപ്പോടെ അവൾ നോക്കിനിന്നു.
“അപ്പനും അമ്മയും ആരാണെന്നറിയാത്ത ഒരു തെണ്ടിപെണ്ണിനെ നയാ പൈസ സ്ത്രീധനം വാങ്ങിക്കാതെ കെട്ടിക്കൊണ്ടുവന്നതാണോടീ ഞാൻ ചെയ്ത തെറ്റ് ? വേറെ ഏതു തെണ്ടി വന്നു കെട്ടും നിന്നെ ?”
ശിരസിൽ ചുറ്റികകൊണ്ട് ഒരിടി കിട്ടിയതുപോലെ അനിത അസ്ത്രപ്രജ്ഞയായി നിന്നുപോയി. ദോശക്കല്ലിൽ കിടന്ന് ദോശ കരിയുന്നതു കണ്ടിട്ടും അതു മറിച്ചിടാൻ അവളുടെ കൈകൾ പൊങ്ങിയില്ല. കണ്ണുകളിൽ നിന്നു മിഴിനീര്‍ ധാരയായി ഒഴുകി.
“ഇത്തിരി വെള്ളമടിക്കൂന്നുള്ള ദോഷമല്ലേ എനിക്കുള്ളൂ ? പെണ്ണു പിടിക്കാനും അടിപിടി കൂടാനുമൊന്നും പോകുന്നില്ലല്ലോ? നിനക്കുവേണ്ടി എന്‍റെ അപ്പനേം അമ്മേം പെങ്ങളെയും ഞാന്‍ ഉപേക്ഷിച്ചു. എന്നിട്ടും എന്നോടിതു നീ പറഞ്ഞല്ലോ ?”
“സോറി റോയിച്ചാ..ഐ ആം വെരി സോറി. റോയിച്ചൻ കുടിക്കുന്നൂന്ന് വച്ച് എനിക്കൊരിഷ്ടക്കുറവുമില്ല .ഇനി അങ്ങനെയൊന്നും പറയില്ല . എന്റെ ചക്കരയല്ലേ റോയിച്ചൻ. ”
അനിത ഭർത്താവിനെ കെട്ടിപ്പിടിച്ചു സ്നേഹവായ്‌പോടെ പലതവണ ഉമ്മ വച്ചു .എന്നിട്ടും റോയിയുടെ രോഷം അടങ്ങിയില്ല . അയാൾ പറഞ്ഞു
“വരാനുള്ളത് വഴീല്‍ തങ്ങുകേലെന്നു പറയുന്നത് നേരാ. എന്റെ തലേൽ കേറിപ്പോയില്ലേ. ഇനി ചുമന്നല്ലേ പറ്റൂ ”
അങ്ങനെ പറഞ്ഞിട്ട് റോയി വേഗം കിടപ്പുമുറയിലേക്കു പോയി.
അനിത തളർന്ന് , ശിരസൊടിഞ്ഞപോലെ അടുക്കളയിലെ ചുമരിൽ ചാരി നിന്നു..
റോയിക്ക് ഇത്രയേറെ മനോവേദനയുണ്ടാക്കാൻ എന്തു തെറ്റാ താൻ ചെയ്തത്? കുടിക്കുന്ന ആളിനെ ഇഷ്ടമില്ലെന്നു പറഞ്ഞതോ? അതു തെറ്റാണോ?
അനിത കിടപ്പുമുറിയിലേക്കു ചെന്നപ്പോൾ റോയി അവിടെ ഉണ്ടായിരുന്നില്ല. വേഷംമാറി അയാൾ വെളിയിലേക്കു പോയിരുന്നു.
ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ, തന്നോട് ഒരു വാക്കുപോലും പറയാതെ റോയിച്ചന്‍ പോയല്ലോ എന്നാര്‍ത്തപ്പോള്‍ ഹൃദയംപൊട്ടുന്ന വേദന തോന്നി അവൾക്ക്
(തുടരും…അടുത്തഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ –
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ ഇടവകയിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ആ കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ പപ്പയും അമ്മയും അനിതയെ മാനസികമായി നിരന്തരം പീഡിപ്പിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു.
അനിതയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ റോയി മാതാപിതാക്കളുമായി വഴക്കിട്ടു. കലിപൂണ്ട റോയിയുടെ പപ്പ സക്കറിയാസ് ഒരപകട മരണത്തിലൂടെ അനിതയെ കൊന്നുകളയാൻ രഹസ്യമായി പദ്ധതി തയ്യാറാക്കി.
ഒരുദിവസം അവളുടെ ആഗ്രഹപ്രകാരം കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റിൽ പോയി ഒരാഴ്ചക്കാലം ഭർത്താവിനോടൊപ്പം അനിത അവിടെ താമസിച്ചു. അവളുടെ വിവാഹാനന്തര ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു അത്. ഭർത്താവുമായുള്ള ശാരീരികവും മാനസികവുമായ ബന്ധം അതോടെ ശക്തിപ്പെട്ടു. റോയിക്കും ഭാര്യയെ കൂടുതൽ ഇഷ്ടമായി. ഇതിനിടയിൽ അനിതയെ ജീപ്പിടിച്ചു കൊല്ലാൻ സഖറിയാസ് ഒരാളെ ഏർപ്പാട് ചെയ്തു. എന്നാൽ അനിതയുടെ ഭാഗ്യത്തിന് ആ ഓപ്പറേഷൻ പാളി . അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി പപ്പയുമായി വഴക്കിട്ടു റോയി ഭാര്യയെയും വിളിച്ചു വീടുവിട്ടിറങ്ങി .(തുടർന്ന് വായിക്കുക )

ടൗണിൽ വന്ന് ഒരു ടൂറിസ്റ്റുഹോമിൽ റൂം എടുത്തു റോയി.
കിടക്കയിൽ ബെഡ് ഷീറ്റു വിരിച്ചിട്ട് റൂംബോയി പോയികഴിഞ്ഞപ്പോൾ അനിത ചോദിച്ചു:
“ഇനിയുള്ള കാലം ഈ ലോഡ്ജിൽ കഴിയാനാണോ ഉദ്ദേശം ?”
“നാളെ എവിടെയെങ്കിലും ഒരു വീട് വാടകയ്ക്കു സംഘടിപ്പിക്കണം.”
പാന്‍റ്സ് മാറ്റി ലുങ്കി ഉടുക്കുന്നതിനിടയിൽ റോയി പറഞ്ഞു.
കസേരയിൽ വന്നിരുന്നിട്ട് മേശയിൽ കൈമുട്ടുകളൂന്നി താടിക്കു കൈയും കൊടുത്ത് ചിന്താവിഷ്ടയായി ദൂരേക്കു നോക്കിയിരിക്കയായിരുന്നു അനിത. ഒരുപാട് പ്രതീക്ഷകളോടെ കൊട്ടാരത്തിലേക്കു വന്നു കയറിയ തനിക്ക് ഒടുവിൽ കിട്ടിയത് ലോഡ്ജിലെ ഒരു മുറി.
റോയി ബാത്റൂമിൽ പോയിട്ടു മടങ്ങിവന്നപ്പോൾ കണ്ടത് നിശ്ശബ്ദമായി ഇരുന്നു കരയുന്ന ഭാര്യയെയാണ്‌ .
ടർക്കിടവ്വല്‍കൊണ്ടു മുഖം തുടച്ചിട്ടു റോയി പറഞ്ഞു:
“നിനക്കു വിഷമമുണ്ടെന്നറിയാം. പക്ഷേ എന്തു ചെയ്യാം. നമുക്കു വേറെ വഴിയൊന്നുമില്ല.”
“അമ്മേടെ കരച്ചിൽ ഇപ്പോഴും എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട് .”
ദുഃഖം കടിച്ചമർത്തിക്കൊണ്ട് അനിത പറഞ്ഞു.
“ഇനി ആ വീട്ടില്‍ താമസിച്ചാൽ നിന്‍റെ ജീവന്‍ പോലും ചിലപ്പം അപകടത്തികും . എന്തിനും മടിക്കാത്ത ആളാ എന്റെ പപ്പ.”
റോയി വന്ന് ഭാര്യയെ തന്നിലേക്കു ചേർത്തുപിടിച്ചുകൊണ്ടു തുടർന്നു :
“പേടിക്കണ്ട. നിന്നെ ഞാൻ പട്ടിണിക്കിടുവൊന്നുമില്ല. എനിക്ക് ജീവനുള്ളിടത്തോളം ഒരുതരത്തിലും വേദനിപ്പിക്കില്ല നിന്നെ ഞാൻ ”
“പപ്പയ്ക്കും അമ്മയ്ക്കും ഈ കല്യാണത്തിന് ഇഷ്ടമില്ലായിരുന്നു; അല്ലേ റോയിച്ചാ?”
“സത്യം പറഞ്ഞാൽ ഇഷ്ടമില്ലായിരുന്നു. എന്‍റെ പിടിവാശികൊണ്ട് അവരു സമ്മതിച്ചതാ.”
“എന്നെ കാണാൻ വന്നപ്പം എല്ലാർക്കും ഇഷ്ടമാണെന്നല്ലേ റോയിച്ചൻ എന്നോടു പറഞ്ഞത്?”
“അതെ. എനിക്കു നിന്നെ വേണമായിരുന്നു. അതുകൊണ്ട് അങ്ങനെ പറഞ്ഞു.”
ആ സമയം റോയിയുടെ മൊബൈൽ ഫോൺ ശബ്ദിച്ചു. റോയിഎടുത്തു നമ്പർ നോക്കി. വീട്ടിൽ നിന്ന് അമ്മയാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടു മേശപ്പുറത്തു വച്ചു.
”ആരാ ?” അനിത ആരാഞ്ഞു.
”അമ്മയാ ”
”എന്നിട്ടെന്തേ സംസാരിക്കാതിരുന്നത് ?”
”അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല ”
”വാശീടെ കാര്യത്തിൽ അപ്പനും മകനും ഒരുപോലെയാ. ”
” ആ രക്തത്തിൽ പിറന്നതല്ലേ ഞാൻ.അത് കാണാണ്ടിരിക്കില്ലല്ലോ.ങ്ഹാ .., എണീറ്റു ഡ്രസ് ചേഞ്ച് ചെയ്യ് . നമുക്കു കിടക്കാം.” റോയി പറഞ്ഞു
“റോയിച്ചൻ കിടന്നോ. എനിക്കുറക്കം വരുന്നില്ല ”
“ഈ വിഷമമൊക്കെ രണ്ടു ദിവസം കഴിയുമ്പം മാറൂന്നേ.. എണീക്ക് .”
റോയി അവളെ പിടിച്ചെഴുന്നേല്പിച്ചു.
വേഷം മാറിയിട്ട് അവൾ വന്നു കട്ടിലിൽ ഇരുന്നു. ബെഡ്ഡില്‍ കൈയൂന്നി ചിന്താമൂകയായി കീഴ്‌പോട്ട് നോക്കി.
“കിടക്ക്.”
റോയി അവളെ മെല്ലെ കിടക്കയിലേക്കു ചായ്‌ച്ചു.
ലൈറ്റ് ഓഫ് ചെയ്തപ്പോൾ അനിതയ്ക്കു ഭയം തോന്നി. രാത്രി ആരെങ്കിലും വന്ന് കത്തികാട്ടി കഴുത്തിൽ കിടക്കുന്ന മാലയും പറിച്ചുകൊണ്ട് ഓടിയാൽ ?
റോയി കൂർക്കം വലിക്കുന്നതു കേട്ടപ്പോൾ ഭയം ഇരട്ടിച്ചു. മദ്യം കഴിച്ചു ബോധമില്ലാതെ ഉറങ്ങുന്ന ഭർത്താവിന് എങ്ങനെയാണ് ഒരു ഭാര്യയെ സംരക്ഷിക്കാനാവുക ? ആ രാത്രി അവള്‍ക്ക് ഉറക്കമേ വന്നില്ല.
രാവിലെ എണീറ്റ് അവൾ ബാത്റൂമിൽ പോയിട്ടു തിരിച്ചുവന്നപ്പോൾ റോയി പത്രം വായിച്ചുകൊണ്ടു കസേരയിൽ ഇരിപ്പുണ്ടായിരുന്നു. അവള്‍ പറഞ്ഞു:
“ഇത്രേം വാശിവേണോ റോയിച്ചാ? നമുക്കു വീട്ടിലേക്കു തിരിച്ചു പോയാലോ ?.”
“തിരിച്ചു ചെന്നാൽ ഒരു പക്ഷേ പപ്പ എന്നെ സ്വീകരിക്കുമായിരിക്കും. പക്ഷേ, നിന്നെ സ്വീകരിക്കുമെന്നു കരുതുന്നുണ്ടോ? സ്വീകരിച്ചാൽ തന്നെ പിന്നീട് ഒരപകടമരണം ഉണ്ടാക്കി നിന്നെകൊല്ലാൻ ഒരു ബുദ്ധിമുട്ടുമില്ല ആ മനുഷ്യന്. കൊടുക്കണോ നിന്നെ കൊണ്ടുപോയി ഞാൻ കൊലക്ക് ?”
അവൾ മിണ്ടിയില്ല ! അവളുടെ ഉള്ളില്‍ ഭയം കൂടുകൂട്ടി. റോയി പറഞ്ഞതിൽ കാര്യമുണ്ട്. തന്നോട് അടങ്ങാത്ത പകയായിരിക്കും പപ്പയ്ക്ക്! താനാണല്ലോ അവരുടെ മനസ്സമാധാനം തകർത്തത്. അവരുടെ മകനെ അവരിൽ നിന്ന് അകറ്റിയത് . ആ ദേഷ്യം എന്നെങ്കിലും മാറുമോ ?
” നീ എന്റെയാ , എന്റെമാത്രം ” അവളെ ചേർത്തുപിടിച്ചു കവിളിൽ സ്നേഹത്തോടെ ഒരു ചുംബനം നൽകിയിട്ട് റോയി തുടർന്നു : ” ഇനി നമ്മൾ രണ്ടുപേരും മാത്രമുള്ള ഒരു വീട്ടിൽ സന്തോഷത്തോടെ നമുക്ക് ജീവിക്കാം. ”
അനിതക്കു തെല്ല് ആശ്വാസം തോന്നി.
പ്രഭാതഭക്ഷണം റൂംബോയി മുറിയിൽ കൊണ്ടുവന്നു കൊടുത്തു. രണ്ടുപേരും ഒരുമിച്ചിരുന്നു അത് കഴിച്ചു.
ഭക്ഷണം കഴിച്ചിട്ട് വീട് അന്വേഷിക്കാനാണെന്നു പറഞ്ഞു റോയി പുറത്തേക്കു പോയി. മുറിയില്‍ അനിത തനിച്ചായി.
വാതില്‍ അടച്ചു കുറ്റി ഇട്ടിട്ടു അവൾ ഓരോന്നോർത്തു നെടുവീർപ്പിട്ടിരുന്നു. ജപമാലചൊല്ലി മാതാവിനോട് അനുഗ്രഹങ്ങൾ യാചിച്ചു.
ഉച്ചയായപ്പോൾ റോയി തിരിച്ചെത്തി. വന്നു കയറിയതേ അവൾ ചോദിച്ചു:
“വീടു കിട്ടിയോ?”
“കിട്ടി. നാളെത്തന്നെ അങ്ങോട്ടു മാറാം.” അനിതയുടെ സമീപം വന്ന് ഇരുന്നിട്ട് റോയി തുടർന്നു: ” മോള് തനിച്ചിരുന്നു മടുത്തായിരുന്നോ?”
“ഉം…”
“സാരമില്ല. ഞാനീ കഷ്ടപ്പെടുന്നതൊക്കെ നിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയല്ലേ? എന്നോട് ദേഷ്യമൊന്നും തോന്നരുത് കേട്ടോ “
” അങ്ങനെ പറയല്ലേ റോയിച്ചാ . എനിക്ക് റോയിച്ചനോട് ദേഷ്യപ്പെടാൻ പറ്റുമോ ? ”
ആ സമയം വാതിലിൽ മുട്ടു കേട്ടു. റോയി ചെന്നു വാതിൽ തുറന്നു. ഭക്ഷണവുമായി റൂംബോയി വന്നതാണ്.
രണ്ടുപേരും ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.
അടുത്ത ദിവസം രാവിലെ അവർ വാടകവീട്ടിലേക്കു താമസം മാറ്റി.
ഒരു രണ്ടു നിലക്കെട്ടിടം.
മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും. താഴെ വീട്ടുടമയായ ഹരികൃഷ്ണനും കുടുംബവും.
ഹരിക്കു ബാങ്കിലാണു ജോലി. ഭാര്യ മിനി സ്വകാര്യആശുപത്രിയിൽ നേഴ്സ്. ഏകമകൾ നീരജ യുകെജി വിദ്യാര്‍ത്ഥിനി.
പുതിയ വീട് അനിതയ്ക്കിഷ്ടമായി. രണ്ടുമുറിയും അടുക്കളയും ടോയ്ലറ്റും. അത്യാവശ്യം വേണ്ട ഫര്‍ണിച്ചറുകളും അടുക്കളയുപകരണങ്ങളുമുണ്ട്. മുമ്പ് താമസിച്ചിരുന്നവർ വീടൊഴിഞ്ഞപ്പോൾ ഹരിക്കു വിറ്റിട്ടു പോയതാണ് എല്ലാം.
“സൗകര്യങ്ങളെല്ലാം ഉണ്ട്. പക്ഷേ, അടുപ്പുകത്തിക്കാനാ ഇപ്പം മാർഗ്ഗമില്ലാത്തത്.”
അടുക്കളയിലെ മാറാല തൂത്തു വൃത്തിയാക്കുന്നതിനിടയിൽ അനിത പറഞ്ഞു.
“ഹരീടെ അടുത്ത് ഗ്യാസ് സിലിണ്ടർ സ്പെയർ ഉണ്ടോന്ന് ഒന്നു ചോദിച്ചുനോക്കാം.”
റോയി ഹരിക്കു ഫോണ്‍ ചെയ്തു. ഭാഗ്യം! ഒരെണ്ണം ഉണ്ട്. വൈകിട്ടു വരുമ്പോൾ തരാമെന്നു ഹരി പറഞ്ഞു.
“അച്ചനെ വിളിച്ച് ഈ വീടൊന്നു വെഞ്ചരിക്കണ്ടേ റോയിച്ചാ…?”
“അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ ! നീ ഡ്രസു മാറ്. പുറത്തുപോയി ഭക്ഷണം കഴിച്ചിട്ട് അത്യാവശ്യം വേണ്ട വീട്ടുസാധനങ്ങളൊക്കെ വാങ്ങിച്ചോണ്ടു വരാം.”
അനിത വേഷം മാറിയിട്ടു റോയിയുടെ അടുത്തേക്കു വന്നു.
“കാശുണ്ടോ കൈയില്‍?”
“അതോർത്തു വിഷമിക്കണ്ട. കുറച്ചു ദിവസത്തേക്കു പിടിച്ചു നിൽ ക്കാനുള്ള കാശൊക്കെ എന്‍റെ അക്കൗണ്ടിലുണ്ട്. ഒന്നും ഇല്ലാതെയാ ഇറങ്ങിപ്പോന്നതെന്നാണോ നീ വിചാരിച്ചത് ? ”
” ഞാനൊന്നും വിചാരിച്ചില്ലേ ” അനിത മന്ദഹസിച്ചു.
അനിതയെ കൂട്ടിക്കൊണ്ടു റോയി പുറത്തേക്കിറങ്ങി . വീടുപൂട്ടിയിട്ടു പടികളിറങ്ങി മുറ്റത്തേക്കും അവിടെനിന്നും റോഡിലേക്കും നടന്നു . ഒരു ഓട്ടോയിൽ കയറി നേരെ ടൗണിലേക്ക് പുറപ്പെട്ടു .
ടൗണിലെ നല്ലൊരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. പിന്നെ കടകൾ കയറിയിറങ്ങി അത്യാവശ്യം വേണ്ട പാത്രങ്ങളും പലവ്യഞ്ജനങ്ങളും വാങ്ങി. കൂടെ തിരുഹൃദയത്തിന്‍റെയും തിരുക്കുടുംബത്തിന്‍റെയും രണ്ടു കലണ്ടറുകളും.
വീട്ടില്‍ വന്ന് സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി അതതിന്‍റെ സ്ഥാനത്തു വച്ചു.
“ഇതെവിടെയാ തുക്കേണ്ടത് റോയിച്ചാ ?”
കലണ്ടർ പൊക്കിപ്പിടിച്ചുകൊണ്ട് അവള്‍ റോയിയുടെ അടുത്തുവന്നു.
കിടപ്പുമുറിയിലെ ചുമരിൽ രണ്ട് ആണിയടിച്ചുറപ്പിച്ച് കലണ്ടറുകൾ റോയി അതില്‍ തൂക്കിയിട്ടു .
“പുതിയ ജീവിതം തുടങ്ങുവല്ലേ . നമുക്കൊന്നു പ്രാർത്ഥിക്കാം റോയിച്ചാ.”
“ആയിക്കോട്ടെ.”
തിരുഹൃദയത്തിന്‍റെയും തിരുക്കുടുംബത്തിന്‍റെയും രൂപത്തിന്‍റെ മുന്‍പില്‍ മെഴുകുതിരി കത്തിച്ചു വച്ചിട്ട് കൈകൂപ്പി നിന്ന് അനിത പ്രാര്‍ത്ഥിച്ചു. ഈ കുടുംബത്തെ അനുഗ്രഹിക്കണമെന്നും ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം തരണമേയെന്നുമൊക്കെ. അവളുടെ വായിൽ നിന്ന് നിന്ന് ബൈബിൾ വാക്യങ്ങളും സ്വയംപ്രേരിത പ്രാർത്ഥനകളും നിർഗ്ഗളം ഒഴുകുന്നതു കേട്ടപ്പോൾ റോയി അദ്ഭുതം കൂറി.
പ്രാർത്ഥന കഴിഞ്ഞതും റോയി ചോദിച്ചു :
“ഇങ്ങനെയൊക്കെ പ്രാര്‍ത്ഥിക്കാൻ എങ്ങനാ പഠിച്ചേ?”
“കന്യാസ്ത്രീകളുടെ കൂടെ വളർന്ന പെണ്ണല്ലേ റോയിച്ചാ ഞാൻ . മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്നാണല്ലോ ചൊല്ല്.”
ചിരിച്ചുകൊണ്ടു അവൾ തുടര്‍ന്നു:
“എന്‍റെ പ്രാര്‍ത്ഥന നല്ലതാണെന്ന് സിസ്റ്റേഴ്സ് എന്നോടു പറയാറുണ്ടായിരുന്നു.”
”ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാ ഇങ്ങനെയൊക്കെ പ്രാർത്ഥിയ്‌ക്കാൻ പറ്റുന്നത് ”
”റോയിച്ചന് കുറച്ചുകൂടിയൊക്കെ ദൈവവിശ്വാസം വേണം കേട്ടോ ”
”ആവശ്യത്തിനില്ലേ ?”
”പോരാ . നന്നായിട്ടു പ്രാർത്ഥിക്കണം . എങ്കിലേ ഈ കുടുംബത്തിൽ സന്തോഷം ഉണ്ടാവൂ ”
”നിന്നെപ്പോലൊരു മിടുക്കി പെണ്ണിനെ കിട്ടിയതാ എന്റെ ഏറ്റവും വലിയ ഭാഗ്യം ”
റോയി അവളെ മാറോട് ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു:
“ഇന്നു മുതൽ നമ്മൾ പുതിയ ഒരു ജീവിതം തുടങ്ങ്വാ. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമൊക്കെയുണ്ടാവും. പക്ഷേ മോളെനിക്ക് ധൈര്യവും ശക്തിയും പകർന്ന് എപ്പഴും കൂടെയുണ്ടാവണം. ഉണ്ടാവില്ലേ?”
“പിന്നില്ലേ? എന്‍റെ ശക്തിയും സ്നേഹവും ഇനി റോയിച്ചനല്ലാതെ വേറെയാർക്കാ ?”
ഭർത്താവിനെ കെട്ടിപ്പിടിച്ച് ആ നെഞ്ചിലേക്കു മുഖംചേർത്ത് നിർവൃതിപൂണ്ട് അവള്‍ നിന്നു. റോയി അവളുടെ മുടിയിഴകളില്‍ സ്നേഹവായ്പോടെ തഴുകി.
ഒരു തേങ്ങൽ ശബ്ദം കേട്ടപ്പോൾ റോയി അവളുടെ മുഖം പിടിച്ചുയർത്തി.
“കരയ്വാണോ?”
“അമ്മ ഒരുപാട് വേദനിക്കുന്നുണ്ടാവില്ലേ ഇപ്പം? ഒന്നു വിളിക്കരുതോ?”
“കുറച്ചു വേദനിക്കട്ടെ. നിന്നേം ഒരുപാടു വേദനിപ്പിച്ചതല്ലേ? അനുഭവിക്കട്ടെ അതിന്‍റെ ശിക്ഷ! ഉപ്പുതിന്നുന്നവർ വെള്ളം കുടിക്കണം.”
“വാശി ഒട്ടും കുറഞ്ഞില്ല അല്ലേ?”
“അതു കുറയാന്‍ പോണില്ല. നീ വാ. നമുക്കു കുറച്ചുനേരം കിടക്കാം .”
അനിതയെ പിടിച്ചു കട്ടിലില്‍ കിടത്തിയിട്ട് റോയിയും അവളുടെ അരികിൽ കിടന്നു. ഇരുവരും കെട്ടിപ്പിടിച്ചു കിടന്നു ഒന്ന് മയങ്ങി .
നാലരയായപ്പോൾ റോയി എണീറ്റു. പിന്നാലെ അനിതയും. മുടി കെട്ടിയൊതുക്കി വച്ചിട്ട് അവൾ പോയി കണ്ണും മുഖവും കഴുകി.
റോയി എങ്ങോട്ടോ പോകാനായി വേഷം മാറുന്നതുകണ്ടപ്പോൾ അവൾ ചോദിച്ചു:
“എങ്ങോട്ടാ ഈ നേരത്ത്?”
“ഒരു ജോലി അന്വേഷിക്കണം. വേലേം കൂലീം ഇല്ലാതെ ഒരുപാടുകാലം ഇങ്ങനെ പോകാൻ പറ്റില്ലല്ലോ.”
“കുടിച്ചിട്ടു വരരുത് കേട്ടോ? നമ്മൾ ഇന്ന് ഒരു പുതിയ ജീവിതം തുടങ്ങിയിരിക്ക്വാണെന്ന ഓർമ്മ വേണം.”
റോയി ചിരിച്ചതേയുള്ളൂ. അയാൾ വാതിൽ തുറന്നിട്ട് മുറിയിൽ നിന്നിറങ്ങി.
അനിത വാതിൽ അടച്ചിട്ടു കസേരയിൽ വന്നിരുന്നു . മുറിയിൽ ഒറ്റയ്ക്കായപ്പോൾ അവളുടെ ചിന്തകൾ ഓര്‍ഫനേജിലേക്കു പറന്നു. മദറിനോടും അച്ചനോടും പപ്പ സംഭവങ്ങളൊക്കെ ഇപ്പോൾ പറഞ്ഞു കാണുമോ? താൻ ഭയങ്കരിയാണെന്ന് അവരൊക്കെ വിചാരിക്കില്ലേ? എന്തൊക്കെയായിരിക്കും പറഞ്ഞു കേൾപ്പിച്ചിരിക്കുക?
കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.
(തുടരും. അടുത്ത ഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

”കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ?”

0
കിഴക്കമ്പലത്തെ നിർധനർക്ക് സാബു ജേക്കബ് പണിതുകൊടുത്ത ഒരു ഹൗസിങ് കോളനി. ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഈ ചിത്രം

”ട്വന്റി20യുടെ സാരഥി സാബുജേക്കബ് പറഞ്ഞതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിൽ ഒരാവശ്യവുമായി ഒരാൾ വന്നാൽ, അപ്പോൾ തന്നെ വന്ന കാര്യം നടത്തിയിട്ടേ അയാൾ മടങ്ങുകയുള്ളൂ എന്ന പോളിസിയാണ്. ഇനി അഥവാ, വന്ന ദിവസം അത് നടന്നില്ലെങ്കിൽ പിറ്റേന്നോ, അതിനടുത്ത ദിവസമോ, ആ വ്യക്തിയുടെ വാർഡ് മെമ്പർ, സർട്ടിഫിക്കറ്റോ, മറ്റു ആനുകൂല്യങ്ങളോ, എന്താണ് അയാളുടെ ആവശ്യമെങ്കിൽ അത് ആ വ്യക്തിയുടെ വീട്ടിൽ എത്തിക്കണം. അതായത് ഒരാവശ്യത്തിന് ഒരു വ്യക്തിക്ക് രണ്ടാമത് ആ പഞ്ചായത്ത്‌ ഓഫീസിൽ കയറി ഇറങ്ങേണ്ട ഗതികേടില്ല എന്ന് . എത്ര മനോഹരമായ ജനാധിപത്യ സങ്കല്പം. വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയക്കാർക്ക് സാധിക്കാത്തത്, ഒരു കോർപ്പറേറ്റ് മുതലാളി മേൽനോട്ടം വഹിക്കുന്ന പഞ്ചായത്തിൽ നടപ്പിൽ വരുന്നു. ഒരു ചെറിയ കാര്യത്തിനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി ചെരുപ്പ് തേയുന്ന സദാ മലയാളി, കിഴക്കമ്പലം കേരളത്തിലാണെന്നത് ഓർക്കണം. രാഷ്ട്രീയക്കാർക്കില്ലാത്ത, പല മന്ത്രിമാർക്കും ഇല്ലാത്ത ഒരു കഴിവ് സാബുച്ചായന്‌ ഉണ്ട്. അതാണ് മാനേജ്‌മെന്റ് മികവ്. ആ മാനേജ്മെന്റ് മികവ് ഉള്ളതുകൊണ്ടാണ് അദ്ദേഹം വലിയ കോർപ്പറേറ്റ് വ്യവസായിയായി വിജയിച്ചു നിൽക്കുന്നത് ”

കിഴക്കമ്പലം പഞ്ചായത്തിലെ വികസനത്തെപ്പറ്റി രാജീവ് മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പ് വായിക്കാം :

Also Read ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയായിരുന്നതിനാൽ മനുഷ്യനെ മൊത്തത്തിൽ പിടിച്ചു തിന്നാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു ഭീകരനാണ് കോർപ്പറേറ്റ് എന്ന് ഇത് എഴുതുന്നയാൾക്ക് തോന്നിയിട്ടുമില്ല. നാട്ടിൽ വല്ല പാരലൽ കോളേജിൽ പഠിപ്പിച്ചോ, ഓട്ടോ റിക്ഷ ഓടിക്കോ ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്ന കേവലമൊരു സാദാ ബിരുദദാരിയായ എനിക്ക് കോർപ്പറേറ്റ് ചങ്ങാത്തത്തിലൂടെ അന്തസ്സുള്ള ഒരു ജീവിതമുണ്ടായി എന്നല്ലാതെ, എന്റെ ചോരയൊന്നും അവർ ഊറ്റിക്കുടിച്ചിട്ടില്ല. എന്ന് മാത്രമല്ല, എന്റെ ഒരു വിദ്യാഭ്യാസയോഗ്യതയ്ക്ക് കിട്ടാവുന്നതിന്റെ എത്രയോ മടങ്ങ് ശമ്പളവും സൗകര്യവും അവർ എനിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

പറഞ്ഞു വരുന്നത് എന്നെക്കുറിച്ചുള്ള ഒരു പൊങ്ങച്ചക്കഥയല്ല. കിഴക്കമ്പലം 2020 പഞ്ചായത്തത്തിലെ 2020 യുടെ ജയത്തെക്കുറിച്ചാണ്. ആ ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ല, കിഴക്കമ്പലത്തെ ജനങ്ങൾ അനുഭവിക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഒരുപാട് വീഡിയോകൾ നിങ്ങളും കണ്ടിട്ടുണ്ടാകും. പത്തു രൂപയ്ക്കു ഒരു കിലോ പഞ്ചസാരയും, 44 രൂപയ്ക്ക് ഒരുകിലോ വെളിച്ചെണ്ണയും ഇക്കാലത്ത് വാങ്ങാൻ ഭാഗ്യം ചെയ്ത ആ ജനങ്ങളെ വിഡിയോകളിലും മറ്റും നമ്മൾ കാണുകയുണ്ടായി.

ഇന്നലെ വൈകുന്നേരം ഏഷ്യാനെറ്റ് വാർത്തയിലെ ചർച്ചയിൽ കിഴക്കമ്പലം മോഡലിന്റെ ഉപജ്ഞാതാവായ സാബു ജേക്കബുമുണ്ടായിരുന്നു. മുപ്പത്തിയഞ്ചു ലക്ഷം കടബാധ്യതയുണ്ടായിരുന്ന ഒരു പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുള്ള ഒരു പഞ്ചായത്താക്കി മാറ്റിയതിന്റെ പുറകിലെ രഹസ്യങ്ങൾ അദ്ദേഹം ആ ചർച്ചയിൽ വിവരിക്കുകയുണ്ടായി. അതിൽ പ്രധാനമായി അദ്ദേഹം പറഞ്ഞത്, ഭരണതലത്തിലെ അഴിമതി ഒഴിവാക്കി, പല കാര്യങ്ങൾക്കും ഇടനിലക്കാരെ ഒഴിവാക്കി,അതിൽ നിന്ന് തന്നെ വലിയൊരു തുക മിച്ചം വയ്ക്കാനായി എന്നാണ്. നൂറു രൂപ ചെലവ് കാണിക്കുന്ന പലതിനും വെറും നാൽപ്പതു രൂപ മാത്രമേ ആവശ്യമുള്ളൂ, ബാക്കിയുള്ള അറുപത്, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കട്ടെടുക്കുന്നു എന്നത് സാബുച്ചായൻ പറയാതെ തന്നെ കേരളത്തിലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.അൻപത്തിയേഴു കോടി ചിലവാക്കി പണിത പാലാരിവട്ടം പാലം ഇ ശ്രീധരൻ സാർ പുതുക്കിപ്പണിയുമ്പോൾ ചിലവ് വെറും 17 കോടി എന്ന വൈചിത്ര്യം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ?

ഒരു മന്ത്രിയും ഒരു രാഷ്ട്രീയക്കാരനും, ഒരു അക്കാദമിഷ്യനും, പിന്നെ 2020 പഞ്ചായത്തിലെ സാബുച്ചായനുമായിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നത്. അവിടെ കണ്ട ഒരു തമാശ എന്തെന്നാൽ, പഞ്ചായത്തിൽ ചിലവു ചെയ്യുന്ന പണമൊക്കെ സാബുച്ചായൻ എന്ന കോർപ്പറേറ്റ് ഭീമൻ തന്റെ പോക്കറ്റിൽ നിന്ന് എടുത്തു ചിലവാക്കുന്നു, (സി എസ് ആർ ഫണ്ടിനെക്കുറിച്ചാണ് പരാമർശം, അതായത് വർഷത്തിൽ 500 കോടി രൂപയിൽ കൂടുതൽ ആദായമുണ്ടാക്കുന്ന കമ്പനികൾ അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം പൊതുനന്മക്കായി ഉപയോഗിക്കണം എന്നൊരു നിയമമുണ്ട്, അതിനെക്കുറിച്ചാണ് മന്ത്രിയുടെ സൂചന, പക്ഷെ പതിമൂന്നരക്കോടി മിച്ചം ഉണ്ടാക്കിയ ഒരു പഞ്ചായത്തിൽ, ഒരു കോർപ്പറേറ്റ് അങ്ങനെ കയ്യിൽ നിന്ന് കാശിറക്കേണ്ട കാര്യമെന്ത് എന്നൊരു ചോദ്യം അവശേഷിക്കുന്നു. ) കോർപ്പറേറ്റുകളുടെ ഈ രീതി കേരളം എന്ന സംസ്ഥാനത്ത് വിശാലാടിസ്ഥാനത്തിൽ വിജയിക്കില്ല, എന്നൊക്കെ സ്ഥാപിക്കാനുള്ള ഒരുതരം രാഷ്ട്രീയ അസഹിഷ്ണുതയായിരുന്നു പിന്നെ കണ്ടത്. കിറ്റെക്‌സും, അന്നാ അലുമിനിയവും നടത്തി ഉണ്ടാക്കുന്ന ലാഭമൊക്കെ നാട്ടിൽ റോഡുപണിഞ്ഞും, തൊടുവെട്ടിയും ജനങ്ങൾക്ക് വേണ്ടി ചിലവാക്കാനും മാത്രം വട്ടുള്ള ഒരാളല്ല സാബുച്ചായൻ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. കാരണം അങ്ങനെ തലയ്ക്ക് ഓളമുള്ള ഒരാൾക്ക് ഇത്രയും വിജയിയായ ഒരു ബിസിനസ്സുകാരനാകാൻ സാധിക്കുകയില്ല.

എന്നാൽ രാഷ്ട്രീയക്കാർക്കില്ലാത്ത, പല മന്ത്രിമാർക്കും ഇല്ലാത്ത ഒരു കഴിവ് സാബുച്ചായന്‌ ഉണ്ട് എന്നത് പകൽ പോലെ വ്യക്തം. അതാണ് മാനേജ്‌മെന്റ് മികവ്. ആ മാനേജ്മെന്റ് മികവ് ഉള്ളതുകൊണ്ടാണ് അദ്ദേഹം വലിയ കോർപ്പറേറ്റ് വ്യവസായിയായി വിജയിച്ചു നിൽക്കുന്നത്. ഞാനും, നിങ്ങളുമൊക്കെ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരായി തുടരുന്നതും ആ കഴിവില്ലായ്മ കൊണ്ടാണ്. അദ്ദേഹത്തിൻറെ ബിസിനസ്സ് മാനേജ്‌മെന്റ് സ്‌കിൽസ്, അദ്ദേഹം ഒരു പഞ്ചായത്തിൻറെ അഡ്മിനിസ്ട്രേഷനിൽ ഭംഗിയായി ഉപയോഗിച്ചു. അത് വിജയം കണ്ടു. ജനങ്ങൾ സംതൃപ്തരായതുകൊണ്ട്, കിഴക്കമ്പലം പഞ്ചായത്ത് നിലനിർത്തി, അടുത്തുള്ള മൂന്നു പഞ്ചായത്ത് പിടിച്ചെടുക്കുകയും ചെയ്തു. പ്രത്യേകിച്ച് ഒരു ചിഹ്നവും, തത്വ സംഹിതയും, പ്രവർത്തകരൊന്നുമില്ലത്ത 2020 യെ മൂന്നു അയൽപഞ്ചായത്തുകൾ കൈ നീട്ടി സ്വീകരിച്ചു എങ്കിൽ, അഥവാ, നമ്മുടെ നാട്ടിലെ മാഫിയാ സ്വഭാവമുള്ള രാഷ്ട്രീയപ്രാട്ടികളെ എല്ലാവരെയും തോൽപ്പിച്ച്, ആ പഞ്ചായത്തുകളിൽ 2020 വിജയം കണ്ടുവെങ്കിൽ, അദ്ദേഹം കിഴക്കമ്പലത്ത് നടത്തിയ മാജിക്ക് എത്ര വലുതായിരിക്കും എന്ന് വെറുതെ ഒന്നാലോചിച്ചാൽ മതി.

എനിക്ക് അദ്ദേഹം പറഞ്ഞതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിൽ ഒരാവശ്യവുമായി ഒരാൾ വന്നാൽ, അപ്പോൾ തന്നെ വന്ന കാര്യം നടത്തിയിട്ടേ അയാൾ മടങ്ങുകയുള്ളൂ എന്ന പോളിസിയാണ്. ഇനി അഥവാ, വന്ന ദിവസം അത് നടന്നില്ലെങ്കിൽ പിറ്റേന്നോ, അതിനടുത്ത ദിവസമോ, ആ വ്യക്തിയുടെ വാർഡ് മെമ്പർ, സർട്ടിഫിക്കറ്റോ, മറ്റു ആനുകൂല്യങ്ങളോ, എന്താണ് അയാളുടെ ആവശ്യമെങ്കിൽ അത് ആ വ്യക്തിയുടെ വീട്ടിൽ എത്തിക്കണം. അതായത് ഒരാവശ്യത്തിന് ഒരു വ്യക്തിക്ക് രണ്ടാമത് ആ പഞ്ചായത്ത്‌ ഓഫീസിൽ കയറി ഇറങ്ങേണ്ട ഗതികേടില്ല. എത്ര മനോഹരമായ ജനാധിപത്യ സങ്കല്പം. വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയക്കാർക്ക് സാധിക്കാത്തത്, ഒരു കോർപ്പറേറ്റ് മുതലാളി മേൽനോട്ടം വഹിക്കുന്ന പഞ്ചായത്തിൽ നടപ്പിൽ വരുന്നു. ഒരു ചെറിയ കാര്യത്തിനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി ചെരുപ്പ് തേയുന്ന സദാ മലയാളി, കിഴക്കമ്പലം കേരളത്തിലാണെന്നത് ഓർക്കണം.

മറ്റൊരു കാര്യം, സ്വന്തമായി ഫയർ ഫോഴ്‌സ് ഉള്ള ഒരേ ഒരു പഞ്ചായത്താണ് കിഴക്കമ്പലം, കൂടാതെ കൃഷിക്കുള്ള ഉപകരണങ്ങൾ, ട്രാക്ടർ തുടങ്ങിയവ കർഷകനു ഫ്രീയായി ഉപയോഗിക്കാം, സാബു ജേക്കബ് പറയുന്നത് 2020 അധികാരത്തിൽ എത്തുമ്പോൾ പതിമൂന്നു ട്രാക്ടറുകൾ ഉപയോഗശൂന്യമായി കട്ടപ്പുറത്ത് ഇരുന്നിരുന്നു എന്നാണ്, എല്ലാം മെയിന്റൈൻ ചെയ്യ്ത് ആളുകൾക്ക് വിധത്തിൽ ഉഅപകരപ്രദമാക്കിയെങ്കിൽ, അത് അഞ്ചുകൊല്ലമായി തുടരുന്നുവെങ്കിൽ അത് മാനേജ്‌മെന്റ് വൈദഗ്ദ്യം അല്ലാതെ മറ്റെന്താണ് അതിനു പുറകിൽ? കോടാനുകോടി വിലയുള്ള സ്കാനിങ് മെഷിൻ മുതൽ വോൾവോ ബസ്സുകൾ വരെ ഇതുപോലെ മെയിന്റൈൻ ചെയ്യാതെ നശിച്ചു പോകുന്ന എത്രയോ വാർത്തകൾ നാം കേൾക്കുന്നു.

കിഴക്കമ്പലത്തെ പാടശേഖരങ്ങളിൽ ഇപ്പോൾ, ലാഭകരമായി നെല്ല് വിളയുന്നു. അധികം വൈകാതെ കേരളത്തിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പഞ്ചായത്തായി കിഴക്കമ്പലം മാറും എന്ന വസ്തുതയും സാബു ജേക്കബ് പങ്കുവച്ചു. കേരളത്തിലെ മറ്റു പഞ്ചായത്ത് അംഗങ്ങൾ 7500 രൂപ ശമ്പളം വാങ്ങുമ്പോൾ മാസം 25000 രൂപ പെറ്റി കാഷ് പോലെ കിഴക്കമ്പലത്തെ വാർഡ് മെമ്പര്മാര്ക്ക് ലഭിക്കുന്നു. ആശുപത്രിയിൽ പോകാനോ മറ്റോ പണമില്ലാതെ ആരെങ്കിലും സമീപിച്ചാൽ ഈ പണത്തിൽ നിന്ന് അവർക്ക് ആവശ്യമുള്ളത് കൊടുക്കേണ്ടത് വാർഡ് മെമ്പറുടെ കടമയാണ്. ഇതിലും നന്നായി ജനാധിപത്യത്തെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുക?

ഇനി പറയാൻ പോകുന്നത് രാഷ്ട്രീയക്കാരന്റെ അസഹിഷ്ണുതയുടെയും അസൂയയുടെയും മൂർദ്ധന്യാവസ്ഥയാണ്, പതിനാലു കൊല്ലമായി വയനാട്ടിൽ ജോലിയെടുക്കുന്ന ദമ്പതികൾ കിഴക്കമ്പലത്ത് വോട്ടുചെയ്യാൻ വന്നപ്പോൾ, വരെ പാർട്ടിഭേദമന്യേ രാഷ്ട്രീയക്കാർ ശാരീരികമായി കൈകാര്യം ചെയ്യുന്ന വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? ആ ദമ്പതികളുടെ വോട്ടവകാശത്തെക്കുറിച്ച് സംസാരിക്കേണ്ടത് ഇലക്ഷൻ കമ്മീഷനല്ലേ? അമേഠിയിൽ നിന്നൊരാൾക്ക് വയനാട്ടിൽ മത്സരിക്കാമെങ്കിൽ വയനാട്ടിൽ ഉള്ള ഒരാൾക്ക് കിഴക്കമ്പലത്തുള്ള അയാളുടെ വോട്ടവകാശം വിനിയോഗിക്കാൻ എന്താണ് തടസ്സം? ശാരീരിക താഡനങ്ങൾ ഏറ്റിട്ടും വോട്ടു ചെയ്ത അവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി സാബു ജേക്കബ് നൽകിയത് രാഷ്ട്രീയ മാഫിയയുടെ മുഖത്തേറ്റ അടിയാണ്.

അവസാനമായി, ജനാധിപത്യം കയ്യാളേണ്ടത് രാഷ്ട്രീയപ്പാർട്ടികൾ മാത്രമാണെന്ന് ഒരു തെറ്റിദ്ധാരണാജനകമായ പ്രസ്താവന രാഷ്ട്രീയപ്പാർട്ടികൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. അത് ആ ചർച്ചയിലും കണ്ടു. അതിനു കാരണം ഇതുപോലെ കഴിവുള്ള ആളുകൾ രംഗത്തു വന്നാൽ, രാഷ്ട്രീയം കൊണ്ട് ഉപജീവനം കഴിക്കുന്ന ഇവന്മാരുടെ കൊഴുത്തു മുഴുത്ത ജീവിതം അവസാനിക്കും എന്ന് അവർക്കറിയാം. ജനാധിപത്യത്തിൽ എന്ത് വേണം എന്ന ഗൈഡ് ലൈനുകൾ ഭരണഘടനയിൽ ഉണ്ട്, അത് പാലിക്കുകയും, ജനങ്ങൾക്ക് കൃത്യമായി സേവനങ്ങൾ എത്തിക്കുകയും ചെയ്യുന്ന ആർക്കും പങ്കാളികളാകാം. കോർപ്പറേറ്റ് സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആൾ വൃത്തികെട്ടവനും, പാർട്ടിയുടെ ശാസനങ്ങൾ കേട്ട് അതിനനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന രാഷ്ട്രീയക്കാരൻ വിരേചിക്കുന്നതു മാത്രം സുഗന്ധ ദ്രവ്യവും എന്നമട്ടിൽ പൊലിപ്പിച്ചു കാണിക്കുന്നതൊക്കെ, രാഷ്ട്രീയക്കാരന്റെ വയറ്റിപ്പിഴപ്പിനുള്ള അഭ്യാസം മാത്രം.

സ്വീഡൻ, നോർവേ, തുടങ്ങിയ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച്, ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള നാട് എന്ന് അസൂയപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവർ കിഴക്കമ്പലത്തുകൂടി ഒന്ന് പോകണം, ഏറ്റവും സന്തുഷ്ടരല്ലെങ്കിലും 2020 അവർക്ക് സന്തുഷ്ടി നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. മന്ത്രിമാരും രാഷ്ട്രീയക്കാരും, അവരുടെ കഴിവില്ലായ്‍മ സ്വയം മനസ്സിലാക്കി സാബു ജേക്കബിനെപ്പോലുള്ള മഹത്തുക്കളെയാണ് ഉപദേശികളും, കണ്സള്ട്ടന്റുമാരുമൊക്കെയായി അവരോധിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ഒരു വിദേശ സന്ദർശനം ഒഴിവാക്കി, കിഴക്കമ്പലത്തു പോയി അവർ എന്താണ് അവിടെ നടക്കുന്നത് എന്ന് നോക്കി പഠിക്കുകയെങ്കിലും ചെയ്യട്ടെ.

(ട്വന്റി20 കിഴക്കമ്പലത്തെ നിർദ്ധനർക്ക് പണിതുകൊടുത്ത ഒരു കോളനിയാണ് ചിത്രത്തിൽ . ചിലപ്പോൾ ആയിരം വാക്കുകളേക്കാൾ ശക്തമാണ് ആ ചിത്രം )
എഴുതിയത്: രാജീവ് മേനോൻ

Also Read  കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്

Also Read  ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്

Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ –
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ ഇടവകയിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ആ കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ പപ്പയും അമ്മയും അനിതയെ മാനസികമായി നിരന്തരം പീഡിപ്പിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ ഒരു രാത്രി റോയി മാതാപിതാക്കളുമായി വഴക്കിട്ടു. കലിപൂണ്ട റോയിയുടെ പപ്പ സക്കറിയാസ് ഒരപകട മരണത്തിലൂടെ അനിതയെ കൊന്നുകളയാൻ രഹസ്യമായി പദ്ധതി തയ്യാറാക്കി. ഒരുദിവസം അനിതയുടെ ആഗ്രഹപ്രകാരം കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റിൽ പോയി ഒരാഴ്ചക്കാലം ഭർത്താവിനോടൊപ്പം അനിത അവിടെ താമസിച്ചു. അവളുടെ വിവാഹാനന്തര ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു അത്. ഭർത്താവുമായി ശാരീരികവും മാനസികവുമായ അവളുടെ ബന്ധം അതോടെ കൂടുതൽ ശക്തിപ്പെട്ടു. റോയിക്കും ഭാര്യയെ കൂടുതൽ ഇഷ്ടമായി. എന്നാൽ ഇതിനിടയിൽ അനിതയെ ജീപ്പിടിച്ചു കൊല്ലാൻ സഖറിയാസ് ഒരാളെ ഏർപ്പാട് ചെയ്തു. (തുടർന്ന് വായിക്കുക. )

കുർബാന കഴിഞ്ഞ് വിശുദ്ധ അൽഫോന്‍സാമ്മയുടെ തിരുസ്വരൂപത്തിന്‍റെ മുമ്പില്‍ കൈകൂപ്പി നിന്നു കുറേനേരം പ്രാർത്ഥിച്ചു അനിത. അൽഫോന്‍സാമ്മ സഹിച്ച വേദനകളുടെയും യാതനകളുടെയും മുമ്പിൽ തന്റെ നൊമ്പരങ്ങളും പ്രയാസങ്ങളും എത്രയോ നിസാരം എന്ന് അവള്‍ഓര്‍ത്തു.
പ്രാർത്ഥന കഴിഞ്ഞു നോക്കിയപ്പോൾ എല്ലാവരും പള്ളിക്കു പുറത്തിറങ്ങിയിരുന്നു. എല്ലാ വിശുദ്ധന്മാരെയും വണങ്ങിയിട്ട് അവളും സാവധാനം പള്ളിയിൽ നിന്ന് സാവധാനം പുറത്തേക്കിറങ്ങി. ചെരിപ്പിട്ടിട്ടു തിരിഞ്ഞപ്പോൾ കണ്ടു: തന്നെയും കാത്ത് കാറില്‍ചാരി പള്ളിമുറ്റത്ത് റോയി നില്‍ക്കുന്നു. സന്തോഷത്തോടെ വേഗം അവള്‍ അടുത്തെത്തി.
” ഇതെപ്പ വന്നു? ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ, എന്നെ കൂട്ടിക്കൊണ്ടുപോകാന്‍വരുമെന്ന്.” അവളുടെ കണ്ണുകളിൽ സന്തോഷവും സ്നേഹവും.
“വക്കീലിനെ കണ്ടിട്ടു തിരിച്ചുവന്നപ്പം നിന്നെക്കൂടി കൂട്ടിക്കൊണ്ടുപോകാമെന്നു വച്ചു. അങ്ങനെയല്ലേ സ്നേഹമുള്ള ഒരു ഭർത്താവ് ചെയ്യേണ്ടത്?”
”പിന്നല്ലേ. എനിക്കൊരുപാട് സന്തോഷായി ട്ടോ ”
ചിരിച്ചുകൊണ്ട് റോയി കാറിന്റെ ഡോർ തുറന്നുകൊടുത്തു. അകത്തേക്ക് കയറി അനിത സീറ്റിൽ ഇരുന്നു.
ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് റോയി കാർ സ്റ്റാർട്ട് ചെയ്തു. വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ അവൾ പറഞ്ഞു:
“കണ്ടോ, എന്‍റെ പ്രാർത്ഥന കർത്താവ് കേൾക്കാൻ തുടങ്ങി. ഇപ്പം എന്തു സ്നേഹമാ റോയിച്ചന് എന്നോട്.”
”ഇഷ്ടപ്പെട്ടു കൂടെ കൂട്ടിയതല്ലേ . സ്നേഹിക്കാതിരിക്കാൻ പറ്റുമോ മോളെ ” :
“ഇനി പപ്പേടേം അമ്മേടേം കൂടി സ്നേഹം കിട്ടിയാൽ എനിക്കു തൃപ്തിയായി.”
“പപ്പ അടുക്കുമെന്നു തോന്നുന്നില്ല. അങ്ങേരുടെ സ്വഭാവം അങ്ങനെയാ ”
” ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് റോയിച്ചാ ; എല്ലാവരും എന്നോട് സ്നേഹത്തോടെ പെരുമാറണമെന്ന് ! ദൈവം എന്റെ പ്രാർത്ഥന കേൾക്കാതിരിക്കുമോ? ”
” പിന്നെ , എല്ലാവരുടെയും പ്രാർത്ഥന കേട്ട് അതേപടി അനുഗ്രഹിക്കാനല്ലേ ദൈവം അവിടെ ഇരിക്കുന്നത് . അങ്ങേർക്കവിടെ നൂറുകൂട്ടം പണിയുണ്ട് കൊച്ചേ ”
” റോയിച്ചന് വിശ്വാസമില്ലാത്തതുകൊണ്ടാ അങ്ങനൊക്കെ പറയുന്നത് . അല്ല , വിശ്വാസം വരണമെങ്കിൽ ജീവിതത്തിൽ പ്രയാസങ്ങളുണ്ടാകണം . റോയിച്ചന് ഇതുവരെ പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ. ജനിച്ചപ്പം മുതൽ ഇന്നേവരെ ദുഃഖം എന്തെന്ന് അറിഞ്ഞിട്ടില്ല ”
” ശരിയാ , ഇതുവരെ വല്യ ദുഖങ്ങളൊന്നും ഉണ്ടായിട്ടില്ല ”
” ഭാഗ്യം കിട്ടിയ ജന്മം ”
വർത്തമാനം പറഞ്ഞും വിശേഷങ്ങൾ പങ്കുവച്ചും അവർ വീട്ടിലെത്തി.
റോയിയുടെ പിന്നാലെ അനിതയും കാറിൽ നിന്നിറങ്ങുന്നതു കണ്ടപ്പോൾ സഖറിയാസിന്റെ മുഖം വല്ലാതായി.
“നീ വക്കീലിനെ കാണാൻ പോയില്ലേ?” സഖറിയാസ് നെറ്റിചുളിച്ചുകൊണ്ട് ആരാഞ്ഞു.
“പോയി. കാശു വാങ്ങിക്കുകയും ചെയ്തു.”
”ഓ ഞാൻ വിചാരിച്ചു പോയില്ലാന്ന് ”
”പപ്പ പറഞ്ഞാൽ പിന്നെ ഞാൻ പോകണ്ടിരിക്കുവോ ?”
തന്റെ പദ്ധതി പാളിപ്പോയതിൽ സഖറിയാസിന് ഇച്ഛാഭംഗം തോന്നി.
സാരമില്ല. ഇനിയും അവസരം കിട്ടും. അയാൾ സമാധാനിച്ചു.

*****

ഒരു ദിവസം എസ്റ്റേറ്റിൽ പോയിട്ടു റോയി മടങ്ങി വന്നപ്പോൾ അനിത മുറിയിലിരുന്നു കരയുകയായിരുന്നു. ഒരു സുഹൃത്തിന്റെ ബർത് ഡേ പാര്‍ട്ടിയില്‍പങ്കെടുത്ത് മദ്യപിച്ചിട്ടായിരുന്നു റോയിയുടെ വരവ്.
ഭാര്യ കിടക്കയിൽ ചെരിഞ്ഞു കിടന്ന് ഏങ്ങിയേങ്ങി കരയുന്നതു കണ്ടപ്പോൾ റോയി അടുത്തു വന്നിരുന്ന് അവളുടെചുമലിൽ കൈ വച്ചു .
“എന്തു പറ്റി?”
എണീട്ടിരുന്നിട്ട് , ഭർത്താവിന്റെ നെഞ്ചിലേക്ക് ശിരസുചേർത്തു കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു:
“വയ്യ റോയിച്ചാ ഈ വീട്ടിൽ താമസിക്കാൻ . ഇങ്ങനെപോയാൽ ഞാൻ മരിച്ചുപോകും.”
“എന്താ ഉണ്ടായേ?”
ഭാര്യയെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു സ്നേഹവായ്പോടെ റോയി ആരാഞ്ഞു.
“കോണ്‍വെന്റീന്ന് മദറും മരിയാ സിസ്റ്ററും ഇന്നെന്നെ കാണാൻ ഇവിടെ വന്നിരുന്നു. ഞാൻ ബാത്റൂമിലായിരുന്നു ആ സമയം. അപ്പം സിസ്റ്ററിനോട് അമ്മ എന്തൊക്കെയാ പറഞ്ഞു കേൾപ്പിച്ചതെന്നറിയ്വോ? ഞാൻ അഹങ്കാരിയാണ്, ധിക്കാരിയാണ്, മദ്യപാനിയാണ് എന്നൊക്കെ. ഞാൻ വന്നു കേറീതേ ഈ കുടുംബത്തിലെ സമാധാനം പോയീത്രേ . സിസ്റ്റർ എന്നോടിതു പറഞ്ഞപ്പം എന്റെ ചങ്കു തകർന്നുപോയി റോയിച്ചാ . ജീവിക്കണമെന്നുള്ള ആഗ്രഹം പോലും എനിക്കിപ്പം ഇല്ല. അവരൊക്കെ എന്നെക്കുറിച്ചു എന്തുവിചാരിക്കും ?” ഗദ് ഗദം അടക്കാൻ അവള്‍ പാടുപെട്ടു.
“അങ്ങനെ പറഞ്ഞോ? അത് മോശമായി പോയല്ലോ . ഞാനിപ്പത്തന്നെ അമ്മയോടു ചോദിക്കാം.”
“വേണ്ട.” അനിത തടഞ്ഞു: “അമ്മയോട് ഇപ്പം ഒന്നും ചോദിക്കണ്ട. അതു കൂടുതല്‍പ്രശ്നമുണ്ടാക്കുകയേയുള്ളൂ. ഞാനും പോരുകാ, റോയിച്ചന്‍റെ കൂടെ എസ്റ്റേറ്റിലേക്ക്. നമുക്കവിടെ താമസിക്കാം . നമ്മൾ രണ്ടുപേരും മാത്രമുള്ള ഒരു ലോകത്ത് . കൊട്ടാരമൊന്നും വേണ്ട എനിക്ക് . ഒരു ചെറിയ വീട് മതി ”
”ചോദിക്കാതിരുന്നാൽ ശരിയാവില്ല . ഇല്ലെങ്കിൽ ഇനിയും അവര് നിന്റെ തലേൽ കേറി നിരങ്ങും ”
അനിതയുടെ പിടി വിടുവിച്ച് റോയി മുറിവിട്ടിറങ്ങി താഴേക്കു പാഞ്ഞു ചെന്നു.
മേരിക്കുട്ടി സ്വീകരണമുറിയിൽ സീരിയൽ കണ്ടുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. നേരേ ചെന്നു ടി.വി. ഓഫു ചെയ്തിട്ട് റോയി അമ്മയുടെ നേരേ തിരിഞ്ഞു:
“അമ്മ എന്തൊക്കെയാ ഇന്നു മഠത്തീന്നു സിസ്റ്റർമാരു വന്നപ്പം അവരോട് പറഞ്ഞുകേൾപ്പിച്ചത്?”
“ഓ… വന്നു കേറിയതേ അവളു എല്ലാം വിളമ്പിയോ? ഞാൻ ഇല്ലാത്തതൊന്നും പറഞ്ഞില്ല. ഒള്ള കാര്യമേ പറഞ്ഞിട്ടുള്ളു “
“അവളെ ഈ വീട്ടീന്നു പുകച്ചു ചാടിക്കാനാണുദ്ദേശമെങ്കിൽ അതു നടക്കിയേല. അമ്മയോടുള്ളതിനേക്കാൾ കൂടുതൽ സ്നേഹം എനിക്കവളോടുണ്ട്.”
“അതെനിക്കറിയാടാ. തൊലിവെളുപ്പുള്ള ഒരു പെണ്ണിനെ കണ്ടപ്പം നിനക്ക് അമ്മേം വേണ്ട അപ്പനും വേണ്ട.”
“ഞാൻ ചുമ്മാ വിളിച്ചിറക്കിക്കൊണ്ടുവന്നതല്ലല്ലോ അവളെ? നിങ്ങടെയൊക്കെ സാന്നിദ്ധ്യത്തിൽ പള്ളീല്‍വച്ച് താലികെട്ടി കൂട്ടി ക്കൊണ്ടുവന്നതല്ലേ?” ഒന്നു നിറുത്തിയിട്ട് കൈചൂണ്ടി ആജ്ഞാസ്വരത്തിൽ റോയി തുടർന്നു: “ഒരു കാര്യം പറഞ്ഞേക്കാം. ഇനി അവളെ വല്ലതും പറഞ്ഞു വേദനിപ്പിച്ചാൽ ഇപ്പഴത്തെ ഈ റോയിയെയായിരിക്കില്ല പിന്നെ നിങ്ങൾ കാണുക.”
” നിങ്ങളോ ? നീ വല്ലാതെ മാറിപ്പോയല്ലോടാ കൊച്ചേ ”
” മാറേണ്ട സാഹചര്യം വന്നാൽ മാറും . അങ്ങനെയൊരുസാഹചര്യം ഉണ്ടാക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലത് ”
സംസാരംകേട്ട് സഖറിയാസ് കിടപ്പുമുറിയിൽ നിന്ന് ഒരു ഈറ്റപ്പുലിയെപ്പോലെ ചാടിയെണീറ്റു സ്വീകരണ മുറിയിലേക്കു വന്നു.
“ആരോടാടാ നിന്റെ ഭീഷണി?” പല്ലു ഞെരിച്ചുകൊണ്ടു സഖറിയാസ് തുടര്‍ന്നു: “ഒരു പെഴച്ചപെണ്ണിനെ കിട്ടിയപ്പം നിനക്ക് അമ്മേം വേണ്ട അപ്പനും വേണ്ട ! നിന്‍റെ ഭാര്യയ്ക്കു സഹിക്കാൻ പറ്റാത്തത് എന്തെങ്കിലും ഈ വീട്ടിലുണ്ടെങ്കിൽ ഇറങ്ങിക്കോ അവളേം വിളിച്ച് എങ്ങോട്ടെങ്കിലും ഈ നിമിഷം . നീ സമ്പാദിച്ച നയാ പൈസ ഈ വീട്ടിലില്ല. ഇത് എന്റെയും എന്‍റെ ഭാര്യയുടേയും വീടാ.”
“പപ്പാ ഞാന്‍പറഞ്ഞത്…”
“നീയൊന്നും പറയണ്ടടാ. നിന്റെ ഭാര്യയെന്നു പറയുന്ന ആ ജന്തുവുണ്ടല്ലോ, ആ പിശാച് ; അതീവീട്ടിൽ കാലുകുത്തിയപ്പം തുടങ്ങിയതാ ഈ വീടിന്റെ കഷ്ടകാലം.”
“ചുമ്മാ കിടന്നു കുരച്ചിട്ടു കാര്യമില്ല. അവളെന്തു തെറ്റാ ചെയ്തതെന്നു പറ?”
“നീയെന്താ പറഞ്ഞേ? കുരച്ചിട്ടു കാര്യമില്ലെന്നോ?” റോയിയുടെ കരണത്തൊന്നു പൊട്ടിച്ചിട്ട് സഖറിയാസ് ചീറി. “സ്വന്തം അപ്പനെ പട്ടിയായി കാണുന്ന നീയൊക്കെ ഒരു മനുഷ്യനാണോടാ? തീർന്നു; നീയും ഞങ്ങളും തമ്മിലുള്ള ബന്ധം ഈ നിമിഷം തീർന്നു. ഇനി മുതൽ നീ എന്റെ മകനല്ല. ഇവള്‍ നിന്റെ അമ്മേം അല്ല. ആ യക്ഷിയേം വിളിച്ചോണ്ട് ഇറങ്ങിക്കോ ഈ നിമിഷം ഈ വീട്ടീന്ന്. ഇനി കാണണ്ട രണ്ടിന്റേം മുഖം എനിക്ക് ”
മേരിക്കുട്ടി ഭര്‍ത്താവിനെ ശാന്തനാക്കാന്‍ നോക്കിയെങ്കിലും സഖറിയാസിന്‍റെ കലി അടങ്ങിയില്ല.
“പുകഞ്ഞകൊള്ളി പുറത്ത്. അവന് അവന്‍റെ വഴി. നമുക്ക് നമ്മുടെ വഴി.”
കവിളിൽ തടവിക്കൊണ്ട് റോയി ദേഷ്യത്തോടെ പപ്പയെ നോക്കി പറഞ്ഞു:
“ഇയാളെന്നെ ഇറക്കിവിട്ടാൽ ഞങ്ങളു പട്ടിണി കിടന്നു ചാകുമെന്നു താൻ കരുതിയോ? ഇയാളു സമ്പാദിച്ച നയാപൈസ എനിക്കു വേണ്ട. ദൈവം എനിക്ക് ആരോഗ്യം തന്നിട്ടുണ്ട്. ഈ കൈകൊണ്ട് അദ്ധ്വാനിച്ചു ഞാന്‍ ജീവിക്കും. ഈ മകനെ ഇയാൾക്കു വേണ്ടെങ്കിൽ ഇങ്ങനെയൊരു തന്തയെ എനിക്കും വേണ്ട.”
മേരിക്കുട്ടി ഓടി വന്നു മകനെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും റോയിയുടെ രോഷം അടങ്ങിയില്ല.
“എന്‍റെ ഭാര്യയെ പിഴച്ചവളായി കാണുന്ന ഒരു മനുഷ്യനെ എനിക്കെങ്ങനെ അപ്പനായി കാണാന്‍പറ്റും അമ്മേ? ഇയാൾ എന്റെ അപ്പനല്ല. “
“നീയൊരു പുല്ലും കാണണ്ടടാ ചെറ്റേ! അന്തസ്സുണ്ടെങ്കില്‍ ഇറങ്ങ്. ഈ നിമിഷം ഈ വീട്ടീന്ന്.”
സഖറിയാസ് ദേഷ്യംകൊണ്ട് വിറച്ചു.
“നിങ്ങളൊന്നു മിണ്ടാതിരി മനുഷ്യാ.” മേരിക്കുട്ടി ഭർത്താവിനെ ശാസിച്ചു.
“നീ പോടീ അകത്ത്.” സഖറിയാസ് മേരിക്കുട്ടിയെ പിടിച്ച് ഒരു തള്ളു കൊടുത്തു.
പപ്പയെ തുറിച്ചൊന്നു നോക്കിയിട്ട് റോയി തിരിഞ്ഞു ധൃതിയിൽ പടികൾ കയറി മുകളിലേക്കു പോയി.
വഴക്കു കേട്ടു കൊണ്ടു മുകളിൾ ഗോവണിപ്പടികള്‍ക്കു സമീപം അനിത നില്പുണ്ടായിരുന്നു. റോയി പറഞ്ഞു:
“വേഗം ഡ്രസുമാറ്. ഈ നിമിഷം നമുക്കീ വീട്ടീന്നിറങ്ങണം. “
“എങ്ങോട്ട്.”
“എങ്ങോട്ടെങ്കിലും. ഇനി ഇവിടെ താമസിക്കാൻ എന്റെ അഭിമാനം സമ്മതിക്കില്ല .നീ വേഷം മാറ്.”
“റോയിച്ചന്‍കുടിച്ചിട്ടുണ്ടല്ലേ?”
“ഉം. നീ ഡ്രസ് മാറ്.”
“നേരം വെളുത്തിട്ട് നമുക്ക് എല്ലാം പറഞ്ഞു തീർക്കാം. ഇപ്പം റോയിച്ചന്‍വന്നു കിടക്ക്.” – അനിത ഭര്‍ത്താവിനെ പിടിച്ചു മുറിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചു.
“എന്തുവന്നാലും ഇനി ഈ വീട്ടിൽ താമസിക്കുന്ന പ്രശ്നമേയില്ല. നീ വരുന്നില്ലെങ്കിൽ ഞാനെന്‍റെ വഴിക്കുപോകും. വരുന്നോ?”
” ഈ രാത്രീല്‍എങ്ങോട്ടു പോകാനാ? റോയിച്ചനല്ല, റോയിച്ചന്‍റെ വയറ്റില്‍കിടക്കുന്ന മദ്യമാ ഇപ്പം സംസാരിക്കുന്നത്. അതുകൊണ്ടാ ഞാൻ പറഞ്ഞത് നേരം വെളുത്തിട്ട് നമുക്ക് എന്തെങ്കിലും ചെയ്യാമെന്ന് “
“ഞാന്‍പറയുന്നതനുസരിക്കാൻ നിനക്കു പറ്റില്ലേ? നിനക്കുവേണ്ടിയാ ഞാനിപ്പം വഴക്കുണ്ടാക്കീയതും പപ്പേടെ അടിമേടിച്ചതും ”
”ഒന്നും ചോദിക്കേണ്ടെന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോ ?”
”പിന്നെന്തിനാ എന്നോട് പരാതി പറഞ്ഞത്? ”
”ഞാനെന്റെ സങ്കടം പറഞ്ഞെന്നേയുള്ളൂ. ഒന്നും ചോദിയ്ക്കാൻ പോകേണ്ടെന്നു ഞാൻ പറഞ്ഞതല്ലായിരുന്നോ ?”
”ഇപ്പം കുറ്റം എന്റെ തലയിലായി അല്ലേ ?”
” എന്ന് ഞാൻ പറഞ്ഞില്ലല്ലോ ”
”എന്നാ ഡ്രസ് മാറ് . നമുക്ക് ഉടനെ പോണം ”
അനിത ധർമ്മസങ്കടത്തിലായി. പോകേണ്ടെന്ന് അവൾ എത്ര പറഞ്ഞിട്ടും ആ രാത്രിയിൽത്തന്നെ പോയേ പറ്റൂ എന്നു റോയി വാശിപിടിച്ചു. കൂടുതൽ പറഞ്ഞിട്ടു പ്രയോജനമില്ലെന്നു തോന്നിയപ്പോൾ അവൾ വേഷം മാറി. വസ്ത്രങ്ങൾ എടുത്തു ബാഗിൽ അടുക്കി വച്ചു. സ്വർണ്ണാഭരണങ്ങൾ എടുത്തു ബാഗിൽ വയ്ക്കാൻ ഒരുങ്ങിയപ്പോൾ റോയി തടഞ്ഞു:
“താലിമാലയും കമ്മലും മോതിരവുമൊഴിച്ച് ഒന്നും എടുക്കണ്ട. എല്ലാം അപ്പന്റെ സമ്പാദ്യമല്ലേ. അയാളുകൊണ്ടെ പുഴുങ്ങിത്തിന്നട്ടെ.”
അനിതയ്ക്കു കരച്ചിൽ വന്നു. വെറും കൈയോടെ ഇറങ്ങിപ്പോയാൽ എങ്ങനെ ജീവിക്കും? കള്ളുകുടിച്ചു ലക്കുകെട്ട ഈ മനുഷ്യനോട് ഇതൊന്നും പറഞ്ഞാൽ തലയിലേക്കു കയറില്ലല്ലോ.
ബാഗെടുത്തു റോയിയുടെ പിന്നാലെ അവൾ സ്റ്റെയര്‍കെയ്സിറങ്ങി.
മേരിക്കുട്ടിയും ജിഷയും ഓടിവന്ന് റോയിയുടെ കൈപിടിച്ചു കരഞ്ഞുകൊണ്ടു പറഞ്ഞു, പോകരുതേയെന്ന്. റോയി കൈ തട്ടിമാറ്റിയിട്ട് പുറത്തേക്കുള്ള വാതിൽ തുറന്നു.
“പോകരുതെന്നു പറ മോളേ”
മേരിക്കുട്ടി വന്ന് അനിതയുടെ കൈ പിടിച്ചു യാചിച്ചു.
“ഞാന്‍ ഒരുപാടു പറഞ്ഞതാ അമ്മേ.”
അനിത നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു.
“അവൻ പോകെട്ടെടീ . പോയി ചാകട്ടെ .. നീ ഇങ്ങോട്ടു വാ ”
കിടപ്പുമുറിയിൽ നിന്നു സഖറിയാസിന്റെ ശബ്ദം.
റോയിയും അനിതയും പുറത്തേക്കിറങ്ങി. ഗേറ്റിനരികിലേക്കു നടക്കുമ്പോൾ സിറ്റൗട്ടിൽ മേരിക്കുട്ടിയുടെ നിലവിളി ഉയർന്നു. അനിതയ്ക്കു സങ്കടം വന്നു.
“അമ്മേടെ കരച്ചിൽ കേട്ടില്ലേ റോയിച്ചാ. നമുക്കു തിരിച്ചുപോകാം.”
“നിനക്കത്ര സഹതാപമാണെങ്കിൽ നീ പൊയ്ക്കോ! ഞാന്‍എന്‍റെ വഴി നോക്കിക്കോളാം .”
പിന്നെ ഒന്നും മിണ്ടിയില്ല അവള്‍.
റോഡില്‍വന്നുനിന്നിട്ട് റോയി ആരെയോ ഫോണ്‍ചെയ്തു. അല്പനേരം കഴിഞ്ഞപ്പോൾ ഒരു ഓട്ടോ അവരുടെ അരികിൽ വന്നു നിന്നു. ആദ്യം അനിതയെ കയറ്റിയിരുത്തിയിട്ട് പിന്നാലെ റോയിയും കയറി. ഓട്ടോ മുമ്പോട്ടു നീങ്ങി.
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ ഇടവകയിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ആ കല്യാണം നടത്തിക്കൊടുത്തു. ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി. കാഞ്ഞിരപ്പള്ളിയില്‍ 25 ഏക്കർ റബര്‍ത്തോട്ടമുണ്ട് സഖറിയാസിന്. അതു നോക്കി നടത്തി ആദായമെടുക്കുന്ന ചുമതല റോയിയെയാണ് ഏല്പിച്ചിരുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം റോയി അവിടെപ്പോകും. റോയിയുടെ അഭാവത്തിൽ പപ്പയും അമ്മയും അനിതയെ മാനസികമായി നിരന്തരം പീഡിപ്പിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ ഒരു രാത്രി റോയി മാതാപിതാക്കളുമായി വഴക്കിട്ടു. കലിപൂണ്ട റോയിയുടെ പപ്പ സക്കറിയാസ് ഒരപകട മരണത്തിലൂടെ അനിതയെ കൊന്നുകളയാൻ രഹസ്യമായി പദ്ധതി തയ്യാറാക്കി. ഒരുദിവസം അനിത അനാഥാലയത്തിൽ പോയി അവളുടെ പഴയ കുട്ടികളോടൊപ്പം അവിടെ താമസിച്ചു. അനിത അനാഥാലയത്തിൽ കിടന്നതു റോയ്ക്കിഷ്ടപ്പെട്ടില്ല . അതയാൾ തുറന്നു പറഞ്ഞു . (തുടർന്ന് വായിക്കുക )

ഒരു ശിലാബിംബംപോലെ കുറേനേരം അനിത മരവിച്ചിരുന്നു പോയി. പിന്നെ മുഖം ഉയർത്തി റോയിയെ നോക്കി. പത്രത്തില്‍ മിഴികളൂന്നി ഇരിക്കുകയാണ് ആ മനുഷ്യൻ.
ഇടയ്ക്ക് ഒളികണ്ണിട്ടു റോയി ഭാര്യയെ നോക്കി. നിശബ്ദമായി അവള്‍ മുഖം കുമ്പിട്ട് ഇരിക്കുന്നതു കണ്ടപ്പോള്‍ റോയി ആരോടെന്നില്ലാതെ പത്രത്തിലേക്കു നോക്കി പറഞ്ഞു:
“കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ ഇഷ്ടത്തിനനുസരിച്ചുവേണം ഭാര്യ ജീവിക്കാന്‍. ഒരു നല്ല ഭാര്യ അങ്ങനെയാ ചെയ്യേണ്ടത്.”
അതിനു മറുപടി ഒന്നും പറഞ്ഞില്ല അനിത. കീഴ്‌പോട്ടു നോക്കി ഇരുന്നതേയുള്ളൂ. കണ്ണുകളിൽ നിന്ന് കുടുകുടെ കണ്ണീർ ഒഴുകി.
പത്രം മടക്കി വച്ചിട്ട് റോയി എണീറ്റ് ബാത്റൂമിലേക്കു പോയി. കുളി കഴിഞ്ഞു വന്നപ്പോള്‍ അയാള്‍ കണ്ടത് കിടക്കയില്‍ ചെരിഞ്ഞു കിടന്നു തേങ്ങിക്കരയുന്ന അനിതയെയാണ്.
“കരയാന്‍ മാത്രം ഇവിടാരും ഒന്നും പറഞ്ഞില്ലല്ലോ.” റോയി വന്നു അവളുടെ സമീപം കിടക്കയില്‍ ഇരുന്നു.
പൊടുന്നനെ എണീറ്റിട്ടു റോയിയെ നോക്കി അനിത രോഷത്തോടെ ചോദിച്ചു:
“ഞാനൊരനാഥയാണെന്നറിഞ്ഞുകൊണ്ടല്ലേ റോയിച്ചന്‍ എന്നെ കെട്ടിയത്?”
“അതിനിപ്പം എന്താ ഉണ്ടായേ? ഓര്‍ഫനേജില്‍ പോയി അവിടെ കിടക്കുന്നത് എനിക്കിഷ്ടമില്ലെന്നു പറഞ്ഞതാണോ എന്റെ കുറ്റം ? അവിടെ പോകണ്ടാന്നോ ആരേം കാണണ്ടാന്നോ പറഞ്ഞില്ലല്ലോ?”
“എന്‍റെ കൂടപ്പിറപ്പിനെപ്പോലുള്ള കുറെ കുഞ്ഞുങ്ങളുണ്ട് റോയിച്ചാ അവിടെ. സ്വന്തക്കാരും ബന്ധുക്കളുമില്ലാത്ത കുട്ടികള്. എന്നെ ചേച്ചിയെപ്പോലെയാ അവരു കാണുന്നത്. അവരു നിർബന്ധിച്ചിട്ടാ ഞാൻ അവിടെ കിടന്നത്. ഇനി അങ്ങനുണ്ടാവില്ല. പോരെ?”
“മതി. അതേ ഞാനും പറഞ്ഞുള്ളൂ. ഇലഞ്ഞിക്കലെ പെണ്ണ് ഇനി അനാഥാലയത്തില്‍ കിടക്കേണ്ടവളല്ല.”
അതു പറഞ്ഞിട്ട് റോയി എണീറ്റ് വേഷം മാറി, കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ പള്ളിയിലേക്കു പുറപ്പെട്ടു.
കുറേനേരം മുറിയിലിരുന്ന് വിതുമ്പിയിട്ടു അനിത താഴെ, ഡൈനിംഗ് റൂമില്‍ ചെന്നു ഭക്ഷണം കഴിച്ചു . എന്നിട്ടു വീണ്ടും മുറിയില്‍ വന്നു ചടഞ്ഞുകൂടിയിരുന്നു.
താഴെ, സ്വീകരണമുറിയില്‍ സഖറിയാസും മേരിക്കുട്ടിയും ജിഷയും തമാശകള്‍ പറഞ്ഞു ചിരിക്കുന്നതുകേട്ടപ്പോള്‍ അനിതയുടെ ഹൃദയം വിങ്ങി. തനിക്ക് പപ്പയും അമ്മയും ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ ചിരിയും കളിയുമായി എത്ര സന്തോഷകരമായിരുന്നേനെ ജീവിതം!. എന്നെങ്കിലുമൊരിക്കല്‍ പപ്പയേയും അമ്മയെയും കാണാന്‍ പറ്റുമോ തനിക്ക്?
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അനിത ഭര്‍ത്താവിനോടു പറഞ്ഞു:
“മടുത്തു റോയിച്ചാ, ഈ ജയിലിലെ ജീവിതം! നമുക്കു കുറച്ചു ദിവസം വേറെവിടെങ്കിലും പോയി തനിയെ താമസിക്കാം. ഒരു ചെയ്ഞ്ചിനുവേണ്ടി. കല്യാണം കഴിഞ്ഞിട്ട് നമ്മൾ എങ്ങും പോയില്ലല്ലോ.”
“ഒരു കാര്യം ചെയ്യാം. കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റില്‍ പോയി നമുക്കു കുറച്ചുദിവസം താമസിക്കാം. അവിടൊരു വീടുണ്ട്; താമസിക്കാന്‍ പറ്റീത്.”
“എവിടാണെങ്കിലും വേണ്ടില്ല. ഈ ജയിലീന്ന് ഒരു മോചനം കിട്ടിയാ മതി എനിക്ക്.”
“എന്നാ നാളെത്തന്നെ പുറപ്പെട്ടേക്കാം.”
“ഉം” അനിതയ്ക്കു സന്തോഷമായി.
ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് അവള്‍ ഒരു ചുംബനം സമ്മാനിച്ചു.

******

വിസ്തൃതമായ റബര്‍തോട്ടം!
നിരനിരയായി നില്‍ക്കുന്ന റബ്ബർ മരങ്ങള്‍ കാണാന്‍ എന്തു ഭംഗി.
റോയി അവളെ തോട്ടം മുഴുവന്‍ ചുറ്റി നടന്നു കാണിക്കുകയും തൊഴിലാളികള്‍ക്കു പരിചയപ്പെടുത്തുകയും ചെയ്തു.
ഉച്ചയ്ക്ക് തൊഴിലാളികളോടൊപ്പമിരുന്നാണ് ഊണു കഴിച്ചത്. ഭക്ഷണം കഴിഞ്ഞു റോയിയുടെ കൂടെ കൃഷിപ്പണികള്‍ നടക്കുന്ന സ്ഥലത്തു പോയി അവൾ എല്ലാം കണ്ടു നിന്നു.
വൈകുന്നേരം എസ്റ്റേറ്റ് ബംഗ്ലാവില്‍ തിരിച്ചെത്തി.
താമസിക്കാന്‍ എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീട്. കിടക്കാന്‍ കട്ടിലും ബെഡുമെല്ലാം ഉണ്ട്. അനിതയ്ക്കു നന്നേ ഇഷ്ടമായി വീടും പരിസരവും .
സന്ധ്യയായപ്പോള്‍ ദൂരെ, ടൗണിലുള്ള ഹോട്ടലില്‍ പോയി അവര്‍ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് തമാശകള്‍ പറഞ്ഞ്, ചിരിച്ചും കളിച്ചുമാണ് കാറില്‍ ബംഗ്ലാവിലേക്കു മടങ്ങിയത്.
രാത്രി കിടക്കയില്‍ ബഡ്ഷീറ്റു വിരിച്ച് കിടന്നു. അനിതയുടെ വിവാഹാനന്തരജീവിതത്തിലെ ഏറ്റവും സുന്ദരരാത്രിയായിരുന്നു അത്. ഭര്‍ത്താവിന്‍റെ സ്നേഹവും സ്പര്‍ശനവും ലാളനയും മതിയാവോളം കിട്ടിയ മധുവിധു രാത്രി. റോയിയുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് വികാരതരളിതയായി കിടക്കുമ്പോള്‍ അവള്‍ പാടി.
“ഈ രാത്രി പുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കിൽ “
റോയി ബാക്കി പാടി: “ഇന്ദുലേഖ പൊലിയാതെ ഇരുന്നെങ്കിൽ…”
ഏറെ നേരം അവര്‍ വര്‍ത്തമാനം പറഞ്ഞും, ഹൃദയവികാരങ്ങള്‍ കൈമാറിയും കിടന്നു. ഭര്‍ത്താവിന്‍റെ കരലാളനയിൽ എല്ലാ വിഷമങ്ങളും മറന്ന് അവള്‍ ആനന്ദസാഗരത്തിലാറാടി.
പിറ്റേന്നു രാവിലെ അടുത്തുള്ള ഒരു ഹോട്ടലില്‍ പോയി അവര്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തിരിച്ചു ബംഗ്ലാവില്‍ വന്നപ്പോള്‍ അനിത പറഞ്ഞു:
“ഇവിടുന്നു തിരിച്ചു പോകാനേ എനിക്കിപ്പം തോന്നുന്നില്ല. ഒരാറുമാസം നമുക്കിവിടെ അടിച്ചുപൊളിച്ചു കഴിഞ്ഞാലോ റോയിച്ചാ? എന്തു രസാ ഇവിടത്തെ താമസം! നല്ല വീടും പരിസരവും “
“ഇടയ്ക്കിടെ നമുക്കിവിടെ വന്നു താമസിക്കാന്നേ…”
“മാസത്തില്‍ ഒന്നെങ്കിലും വരണം. വരുവോ ?”
“ഉം.”
“കല്യാണത്തിനു ശേഷം ഏറ്റവും കൂടുതല്‍ സന്തോഷം തോന്നുന്നത് ഇപ്പഴാ.”
റോയിയുടെ ഇരുകവിളുകളിലും കൈകള്‍ ചേര്‍ത്തുകൊണ്ട് അനിത തുടര്‍ന്നു:
“കള്ളു കുടിക്കാത്തവരുടെ ഹൃദയത്തില്‍ ഈശോയുടെ അരൂപി ഉണ്ടായിരിക്കുമെന്ന് ഒരിക്കല്‍ വികാരിയച്ചന്‍ പ്രസംഗിച്ചതു നേരാ. ഇപ്പം റോയിച്ചന്‍റെ മുഖത്ത് എന്തൊരു തെളിച്ചമാ.”
റോയി ചിരിച്ചതേയുള്ളൂ.
“ഇന്ന് എങ്ങോട്ടാ നമ്മൾ യാത്ര?”
“ഇവിടെ ഒരുപാട് ബ്യൂട്ടിഫുള്‍ പ്ലെയ്സസുണ്ട് കാണാന്‍. എല്ലാം കാണിച്ചിട്ടേ തിരിച്ചു വീട്ടിലേക്കുള്ളൂ. ഇടയ്ക്കൊരു സിനിമേം കാണാം. ആരുടേയും ശല്യമില്ലാതെ ഒരാഴ്ച്ച നമുക്കടിച്ചു പൊളിച്ചു ജീവിക്കാന്നെ ”
“ഇപ്പഴാ റോയിച്ചൻ ഒരു ഭർത്താവായത് ! ഇതുപോലൊരു ഭര്‍ത്താവിനെയാ ഞാന്‍ കൊതിച്ചതും.”
അനിത റോയിയുടെ കവിളില്‍ സ്നേഹവായ്പോടെ ഒരു മുത്തം നല്‍കി.

*********

ആറു പകലും അഞ്ചു രാത്രിയും കണ്ണടച്ചു തുറന്നതുപോലെ കടന്നുപോയി. ഇനി മടക്കയാത്ര.
അനിതയ്ക്കു സങ്കടമായി. ഈ വീടും ഇവിടുത്തെ മനുഷ്യരും മതി തനിക്ക്. തൊഴിലാളികള്‍ക്ക് എന്തൊരു സ്നേഹവും ആദരവുമാണ് തന്നോട്! ഇലഞ്ഞിക്കലെ മഹാറാണിയല്ലേ താൻ !
തിരിച്ചുപോകാനായി കാറില്‍ കയറിയപ്പോള്‍ സ്ത്രീത്തൊഴിലാളികള്‍ അടുത്തുവന്നു കൈകൂപ്പി യാത്രാമംഗളം നേര്‍ന്നു.
കാര്‍ മുമ്പോട്ടു നീങ്ങിയപ്പോള്‍ അനിത പറഞ്ഞു: “ഇതുപോലുള്ള ഒരു സാധാരണ വീട്. സ്നേഹിക്കാന്‍ റോയിച്ചന്‍. ഓമനിക്കാനും താലോലിക്കാനും രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍. അത്രയും മതി എനിക്ക്. വേറൊരാഗ്രഹവുമില്ല റോയിച്ചാ “
“എല്ലാം ശരിയാകും. നീ സമാധാനമായിട്ടിരിക്ക് ”
റോയി ആശ്വസിപ്പിച്ചു .

ഈ സമയം ഇലഞ്ഞിക്കല്‍ വീട്ടില്‍ സഖറിയാസും ക്വട്ടേഷന്‍ സംഘത്തലവന്‍ വിശ്വംഭരനും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തുകയായിരുന്നു. സഖറിയാസ് പറഞ്ഞു: “അവളു ഞായറാഴ്ച പള്ളിയില്‍ പോകുമ്പം ജീപ്പുമായി പിന്നാലെ ചെന്ന് ഒറ്റ ഇടി. സ്പോട്ടില്‍ ആളു മരിക്കണം. അതുറപ്പുവരുത്തണം ”
“അതു ഞാനേറ്റു. ഈ വിശ്വംഭരന്‍ ഇതുപോലെ എത്രയോ ഓപ്പറേഷന്‍ നടത്തീട്ടുള്ളതാ. ഇതൊക്കെ ചെറിയ കേസല്ലേ ”
“നമ്മള്‍ രണ്ടുപേരുമല്ലാതെ ഒരീച്ചപോലും അറിയരുത്.”
“ഒരിക്കലുമില്ല. പിന്നെ, കേസു വന്നാല്‍ മുതലാളി നോക്കിക്കോണം.”
“എന്തു കേസ്? തന്തേം തള്ളേം ഇല്ലാത്ത അവള്‍ക്കുവേണ്ടി ആരു കേസു കൊടുക്കാനാ? ഇനി അഥവാ ആരെങ്കിലും കൊടുത്താല്‍ ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം. ഒന്നുകൊണ്ടും പേടിക്കണ്ട ”
“എന്നാ പതിനായിരം ഇപ്പം അഡ്വാന്‍സ് താ. ബാക്കി ഓപ്പറേഷന്‍ കഴിഞ്ഞിട്ട്.”
സഖറിയാസ് അലമാരയില്‍നിന്നു പണമെടുത്തുകൊണ്ടു വന്നു കൊടുത്തു.
“ഞായറാഴ്ച ആ പെണ്ണ് ഇവിടെനിന്നിറങ്ങുമ്പം മുതലാളി ഫോണ്‍ ചെയ്തു ഒന്ന് പറഞ്ഞേക്കണം.”
“ഷുവർ .”
വിശ്വംഭരന്‍ ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞു.
ഞായറാഴ്ച!
രാവിലെ എണീറ്റപ്പോള്‍ അനിത ഭര്‍ത്താവിനോടു പറഞ്ഞു:
“ഇന്നു നമുക്കു രണ്ടു പേര്‍ക്കും കൂടി ഒരുമിച്ചു കുര്‍ബാനയ്ക്കു പോകാം. കേട്ടോ?”
“ആയിക്കോട്ടെ…”
രണ്ടുപേരും വേഷം മാറി പള്ളിയില്‍ പോകാനായി ഇറങ്ങിയപ്പോള്‍ സഖറിയാസ് റോയിയോടു ചോദിച്ചു:
“നീയെങ്ങോട്ടാ..?”
“പള്ളീലേക്ക്…”
“തോമസ് വക്കീലിനു നമ്മള്‍ കുറച്ചു കാശു കൊടുത്തില്ലായിരുന്നോ. രാവിലെ പോയി നീയതു വാങ്ങിച്ചോണ്ടു വാ. ഇപ്പഴാണേല്‍ അയാളു വീട്ടിലുണ്ട്.”
“പള്ളീല്‍ കഴിഞ്ഞു പോയി വാങ്ങിച്ചാ പോരേ പപ്പാ?”
“പള്ളീല്‍ കഴിഞ്ഞു ചെല്ലുമ്പം അയാളു വല്ലിടത്തും പോയാലോ? നിനക്കു പത്തു മണിക്കത്തെ കുര്‍ബാനയ്ക്കു പോകാല്ലോ? അങ്ങനാണല്ലോ പതിവും? ഇന്നെന്താ പ്രത്യേകത?”
റോയി അനിതയെ നോക്കി. പപ്പയുടെ ഇഷ്ടം നടക്കട്ടെ എന്ന അര്‍ത്ഥത്തില്‍ അവള്‍ സങ്കടത്തോടെ കണ്ണു കാണിച്ചു.
“എന്നാ വാ… നിന്നെ പള്ളീലിറക്കി വിട്ടിട്ടു ഞാൻ പൊക്കോളാം.”
അതു പ്രതീക്ഷിച്ചില്ലായിരുന്നു സഖറിയാസ്. അതിനെ എതിര്‍ക്കാന്‍ പോയില്ല അയാള്‍. റോയിക്ക് ഒരു വിധത്തിലും സംശയം തോന്നാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
അനിതയെയും കൂട്ടിക്കൊണ്ട് റോയി ചെന്നു കാറില്‍ കയറി. കാര്‍ ഗേറ്റു കടന്ന് പോയപ്പോള്‍ സഖറിയാസ് വിശ്വംഭരന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.
കാര്യങ്ങള്‍ വിശദീകരിച്ചിട്ടു സഖറിയാസ് പറഞ്ഞു:
“അവളു പള്ളീല്‍ കഴിഞ്ഞു മടങ്ങി വരുമ്പം മതി നമ്മുടെ ഓപ്പറേഷന്‍. അപ്പം നടന്നായിരിക്കും അവളു വരിക. ആര്‍ക്കും സംശയം ഉണ്ടാകാത്ത രീതിയില്‍ ഒരിടി. സ്പോട്ടില്‍ ആളു തട്ടിപ്പോകണം. ട്ടോ ? അതുറപ്പുവരുത്തണം ”
“ഓക്കെ. എല്ലാം ഞാനേറ്റു . സാറ് ധൈര്യായിട്ടിരിക്ക് .”
സഖറിയാസ് ഫോണ്‍ കട്ടു ചെയ്തിട്ട് ഒരു ദീർഘനിശ്വാസം വിട്ടു.
(തുടരും. അടുത്ത അദ്ധ്യായം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7