പാല കോട്ടയം റൂട്ടിൽ മുത്തോലി കഴിഞ്ഞു റോഡിന്റെ ഇരുവശങ്ങളിലും മഞ്ഞ കോളാമ്പി പൂക്കൾ നിരനിരയായി നിൽക്കുന്ന മനോഹര കാഴ്ച ആരെയും ആകർഷിക്കുന്നതാണ് . ഇടയ്ക്ക് പല ആകൃതിയിൽ വെട്ടിനിർത്തിയ കുറ്റിമരങ്ങളും കാണാം.. ചെടികൾക്ക് താഴെ പച്ചപ്പുല്ലു ഒരറ്റം മുതൽ വിതാനിച്ചു കിടക്കുന്നു.
പാല റബർ മാർക്കറ്റിംഗ് സൊസൈറ്റിക്ക് ഇവിടെയൊരു ബ്ലോക്ക് റബർ ഫാക്ടറിയുണ്ട്. ഏതൊരു ഫാക്ടറിയായാലും കുറച്ചൊക്കെ മലിനീകരണം ഉണ്ടാകുമല്ലോ. ഇതിന് പരിഹാരമായി ദീർഘകാലം സംഘം പ്രസിഡന്റായിരുന്ന സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫ. കെ.കെ എബ്രഹാമിന്റെ തലയിൽ ഉദിച്ച പദ്ധതിയായായിരുന്നു മരങ്ങൾ നട്ട് , റോഡിന്റെ ഇരുവശവും കമനീയമാക്കുക എന്നത്. എട്ടുപത്തു വർഷം മുമ്പാണ് കോളാമ്പി ചെടികൾ നടാൻ തുടങ്ങിയത്. കോളാമ്പി പൂത്തു തുടങ്ങിയതോടെ റോഡുവക്കത്തെ വീട്ടുകാർക്കും ഇത് ഇഷ്ടമായി. പലരും ചെടികളുടെ സംരക്ഷകരായി. ഒരു മുഴുവൻ സമയ തോട്ടക്കാരനുണ്ട്. ചെടികൾ പ്രൂൺ ചെയ്യാൻ അയാൾക്ക് ഒരു ചെറുയന്ത്രവും വാങ്ങി കൊടുത്തിട്ടുണ്ട് .
പാല കോട്ടയം റോഡ്
മഞ്ഞകോളാമ്പിപൂക്കൾ ആകർഷകമാണെന്നു മാത്രമല്ല, ധാരാളം ഉണ്ടാവുകയും ചെയ്യും. ഇവയ്ക്ക് വലിയ പരിചരണം ആവശ്യമില്ല. വേനലിൽ വല്ലപ്പോഴുംനനച്ചാൽ മതി. പശു തിന്നുകയുമില്ല. പക്ഷേ ആദ്യവർഷങ്ങളിൽ സാമൂഹ്യവിരുദ്ധർ അത് പറിച്ചു കളയുക പതിവായിരുന്നു. സൊസൈറ്റിക്കാർ നിരാശരാവാതെ വീണ്ടും നട്ടു.
സൊസൈറ്റിക്ക് ഇപ്പോൾ ഇപ്പോൾ നഷ്ടത്തിലാണെങ്കിലും റോഡ് ഉദ്യാനപരിപാലനത്തിൽ വീഴ്ച വരുത്തിയിട്ടില്ല. എന്തെങ്കിലും കുറവുണ്ടായാൽ സഹകരിക്കാൻ വീട്ടുകാരും തയ്യാറാണ്. എത്ര അനുകരണീയമായ മാതൃക. കേരളത്തിലെ എല്ലാ പാതയോരങ്ങളും പാലാ കോട്ടയം റോഡിലെ ഈ കാഴ്ച പോലെ ദൃശ്യഭംഗിയുള്ളതാക്കാൻ നമുക്ക് കഴിയില്ലെ? റോഡരികിലുള്ള വീടുകളെയും സ്ഥാപനങ്ങളേയും ഉൾപ്പെടുത്തി ചെറിയ യൂണിറ്റുകൾ ഉണ്ടാക്കി അവർക്കു പഞ്ചായത്ത് തലത്തിൽ നിർദേശങ്ങളും സാമ്പത്തികസഹായവും നൽകിയാൽ പാതയോരങ്ങൾ മനോഹരമാക്കാനാവില്ലേ ?
”ഇപ്പോള്‍ ഇതുയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരേ വരുന്നവര്‍ നേരത്തേ പറഞ്ഞത് സര്‍ക്കാരിന്റെ പി.ആര്‍ വര്‍ക്ക് കൊണ്ടാണ് ബി.ബി.സി ആദ്യമെഴുതിയത് എന്നാണ്. ഇപ്പോള്‍ കേരളത്തിനെന്തോ തിരിച്ചടി കിട്ടിയെന്ന തരത്തില്‍ അവരുടെ വാര്‍ത്തയെ അതേ ആളുകള്‍ സമീപിക്കുകയാണ്. എന്നാല്‍, ഇപ്പോഴവര്‍ പറയുന്ന പുതിയ വാര്‍ത്തയിലും ബി.ബി.സി പറയുന്നത്, കേരളം ഇതിനെ നന്നായി കൈകാര്യം ചെയ്‌തു എന്നാണ്.” മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ രീതിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. കോവിഡിന്റെ നിര്‍ണായക ഘട്ടത്തില്‍ അതിനെ ഫലപ്രദമായി നേരിടുന്നതില്‍ കേരളം പരാജയപ്പെടുകയാണ് എന്നും ബി.ബി.സി. രണ്ടു മാസം മുമ്പ് കോവിഡ് രോഗത്തിൽ ലോകമാകെ വിയർത്തപ്പോൾ വേറിട്ട് നിന്ന കേരളം വിജയത്തിലേക്ക് അടുക്കുന്നുവെന്ന പ്രതീക്ഷയിലായിരുന്നു . എന്നാൽ, ഏറ്റവും ഒടുവിലെ ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നു. പ്രാദേശിക വ്യാപനം നടന്നുവെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചുവെന്നും, ഇങ്ങനെ സമ്മതിക്കുന്നത് രാജ്യത്ത് ആദ്യമാണെന്നും ബി.ബി.സി ലേഖകൻ സൗത്തിക് ബിശ്വാസ് എഴുതിയ റിപ്പോർട്ടിൽ പറയുന്നു.
‘‘സംസ്ഥാനത്തിന്റെ അതിർത്തികൾ തുറന്നിട്ട ഇപ്പോഴത്തെ അവസ്ഥയിൽ വ്യാപനം സംഭവിക്കുകയാണ്.’’ സാംക്രമിക രോഗവിദഗ്ധൻ ഡോ. ലാൽ സദാശിവനെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിരോധം തീർക്കുന്നതിൽ സർക്കാർ ഇനിയും ഏറെ ദൂരം പിന്നിടാനുണ്ടെന്ന് ബി ബി സി. റിപ്പോർട്ട് ചെയ്യുന്നു .
അതേസമയം കോവിഡിനെതിരായ പോരാട്ടം 100 -200 മീറ്റര്‍ ഓട്ടം പോലെ ഒറ്റയടിക്ക് ഓടി ജയിക്കാവുന്ന ഒന്നല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . കോവിഡ് പ്രതിരോധകാര്യത്തില്‍ കേരളത്തിന്റേത് അപക്വമായ ആഘോഷമായിരുന്നുവെന്നു ബി.ബി.സി. വിമര്‍ശിച്ചല്ലോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതില്‍ ആരോഗ്യ സംവിധാനത്തിന്റെ മാത്രമല്ല, പൊതുസമൂഹത്തിന്റെയും ക്ഷമയും സഹനശക്‌തിയും പരീക്ഷിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം അവസാനം വരെയും പോരാടാനുള്ള മാനസികമായ കരുത്ത് കൂടിയാണ് നമുക്കിപ്പോള്‍ ആവശ്യം. ഇപ്പോള്‍ ഇതുയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരേ വരുന്നവര്‍ നേരത്തേ പറഞ്ഞത് സര്‍ക്കാരിന്റെ പി.ആര്‍ വര്‍ക്ക് കൊണ്ടാണ് ബി.ബി.സി ആദ്യമെഴുതിയത് എന്നാണ്. ഇപ്പോള്‍ കേരളത്തിനെന്തോ തിരിച്ചടി കിട്ടിയെന്ന തരത്തില്‍ അവരുടെ വാര്‍ത്തയെ അതേ ആളുകള്‍ സമീപിക്കുകയാണ്. എന്നാല്‍, ഇപ്പോഴവര്‍ പറയുന്ന പുതിയ വാര്‍ത്തയിലും ബി.ബി.സി പറയുന്നത്, കേരളം ഇതിനെ നന്നായി കൈകാര്യം ചെയ്‌തു എന്നാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലെന്നും നൂറുകണക്കിന് ഗ്രാമങ്ങളിലാണ് ഫസ്‌റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സൗകര്യങ്ങള്‍ ഇവിടെയൊരുക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇതൊന്നും താന്‍ പറയുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ കോവിഡ് കൂടി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ എനിക്ക് മനസ്സിലാകുന്നില്ല. സ്റ്റാറ്റിസ്റ്റിക്‌സ് വെച്ച് അത് വിശദീകരിക്കാം . ടോട്ടൽ കേസിൽ ഇന്ത്യ ഒന്നാമതായാൽ നന്നായി എന്നാണു മനസ്സിലാക്കേണ്ടേത്. മരണ നിരക്കല്ല . ജനസംഖ്യ എടുത്തുനോക്കുക. അപ്പോൾ മനസ്സിലാവും ഇന്ത്യയിൽ രോഗികൾ എത്രയോ കുറവാണെന്ന് . ടെസ്റ്റ് കൂട്ടണമെന്നോ വേണ്ടാ എന്നോ പറയാൻ ഞാൻ ആളല്ല. വൈദ്യശാസ്ത്രം അറിയാവുന്നവർ പറയട്ടെ. ഇനി കണക്കിലേക്കു വരാം.
അമേരിക്കയിലെ ജനസംഖ്യ ആകെ 32.82 കോടി ആണ്. ഇന്നുച്ചവരെയുള്ള കണക്കു പ്രകാരം അവിടെ മൂന്നു ലക്ഷത്തിനടുത്തു ആകെ കേസും മരിച്ചവർ ഒന്നര ലക്ഷത്തിനടുത്തുമാണ് . രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ജനസംഖ്യ 20.95 കോടിയും മരിച്ചവർ എൺപതിനായിരം കടന്നും. ടെസ്റ്റുകൾ വെച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനത്താണ് എന്ന് പറയുന്നത്. ഇന്ത്യയിലെ ജനസംഖ്യ 135 . 26 കോടിയാണ്. ഇവിടെ ആകെ കേസ് 1,156,189.മരിച്ചവർ, 28,099 .
കോവിഡ് മരണനിരക്ക് എടുത്താൽ ഇന്ത്യ വളരെ ഭേദമാണ് . എന്നിട്ടു ഇന്ത്യ മൂന്നാം സ്ഥാനത്തു എന്ന് പറയുമ്പോൾ ചിരിയാണ് വരുന്നത്. വൻകിട രാജ്യങ്ങളുടെ ജനസംഖ്യ നോക്കുക. എന്നിട്ടു മനസ്സിലാക്കുക.
എന്നാൽ ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തേക്കാളോ തൊട്ടടുത്തൊ ജനസംഖ്യയുള്ള ചില രാജ്യങ്ങളിലെ മരണ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ് .കേരളത്തിലെ ജനസംഖ്യ 3 .48 കോടിയാണ് . സ്പെയിനിലോ 4 .69 കോടി . എന്നാൽ സ്പെയിനിൽ മരിച്ചവർ ആകട്ടെ 28422 വും . ഇറ്റലിയിൽ 6.04 കോടിയാണ് ജനസംഖ്യ . മരിച്ചത് 35,058. ഇനി ഇംഗ്ലണ്ട് നോക്കു .അവിടെ ആകെ 6.6 കോടി ജനങ്ങൾ ആണുള്ളത്. മരിച്ചത് 45,312. റഷ്യയിൽ 14.45 കോടി ജനങ്ങൾ. മരിച്ചത് 12,580.
മരണനിരക്ക് എടുത്താൽ ഇന്ത്യ വളരെ ഭേദമാണ് . ഇന്ത്യയിലെ ഏതൊരു സംസ്ഥാനവും ഭേദമാണ് , മഹാരാഷ്ട്ര പോലും . എന്നിട്ടു ഇന്ത്യ മൂന്നാം സ്ഥാനത്തു എന്ന് പറയുമ്പോൾ ചിരിയാണ് വരുന്നത്. വൻകിട രാജ്യങ്ങളുടെ ജനസംഖ്യ നോക്കുക. എന്നിട്ടു മനസ്സിലാക്കുക.
ചൈനയിലെ ജനസംഖ്യ നമ്മുടേതിലും കാര്യമായ വ്യത്യാസമില്ല. 139 . 27 കോടി . പക്ഷെ അവിടെ അസുഖം എത്ര പേർക്ക് വന്നുവെന്നോ എത്ര പേര് മരിച്ചുവെന്നോ കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടു അവിടെ കുറവ് എന്ന് പറയാൻ ആവില്ല.
കോവിഡ് സ്റ്റാറ്റിസ്റ്റിക്സ്
ഇവിടെ ടെസ്റ്റുകൾ കൂടും തോറും ടോട്ടൽ കേസും കൂടും. അതിനിത്ര പരിഭ്രമിക്കാനില്ല. വേണ്ട ടെസ്റ്റുകൾ നടത്താനും ശുശ്രൂഷക്കും ഇപ്പോൾ സൗകര്യം ഉണ്ട്. മാധ്യമങ്ങൾ , പ്രത്യേകിച്ച് ചാനലുകൾ കാണിക്കുന്ന വിവരക്കേട് ഓർക്കുമ്പോൾ ഒരു പഴയ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ചിലപ്പോൾ വിഷമം തോന്നും. അതുകൊണ്ടു എഴുതിയതാണ്. ടെസ്റ്റുകൾ എത്ര വേണമെന്നും ആരെയൊക്കെ ആസ്പത്രിയിൽ കിടത്തണമെന്നും ഒക്കെ അതാതു സർക്കാരുകൾ ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തോടെ നടപ്പാക്കും.
എനിക്കെന്തായാലും ഇതിനെക്കുറിച്ച് ഭയമൊന്നുമില്ല. ആരുമായും നേരിട്ട് ബന്ധപ്പെടുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ ഷമീർ പറഞ്ഞ പോലെ കുറച്ചു കൂടി കഴിയുമ്പോൾ ചികിൽസാ രീതി തന്നെ മാറാം. പെട്ടെന്നു ഭേദമാകാം . വൈറസിന്റെ ശക്തി കുറഞ്ഞുവെന്നും വരാം . അതുകൊണ്ടു കുറച്ചുനാൾ കൂടി അകലം പാലിക്കുക, ശുചിത്വം പാലിക്കുക… നമ്മൾ വളരെ വളരെ ഭേദമാണ് . എഴുതിയത് : രാജേന്ദ്രൻ പുതിയേടത്ത്, മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്റർ (ഫേസ്ബുക്ക് പോസ്റ്റ് )
കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടു വാക്കുകൾ ആണ് സാധാരണ ഉപയോഗിക്കുക. ഒന്ന് വിവാഹം. രണ്ട് ദാമ്പത്യം. വിവാഹം എന്ന വാക്കിന്റെ അർത്ഥം ചക്കാത്തിൽ ചുമക്കാൻ പറ്റാത്തത്, എളുപ്പത്തിൽ എടുക്കാൻ പറ്റാത്തത്, പിള്ളകളിയായി വഹിക്കാൻ പറ്റാത്തത് എന്നൊക്കെയാണ്. എന്നുവച്ചാൽ വിശേഷമായ വിധത്തിൽ വഹിക്കേണ്ടത് വിവാഹം എന്നർത്ഥം.
ഏതു കളിതമാശ പറയുന്ന നടക്കുന്ന പെൺകുട്ടിയും കല്യാണം കഴിഞ്ഞ അഞ്ചാറു മാസം കഴിയുമ്പോൾ ഇരുത്തം വന്ന പെണ്ണായി മാറുന്നു. എത്ര വിളഞ്ഞു നടക്കുന്ന ചെറുപ്പക്കാരനും പെണ്ണുകെട്ടി മൂന്ന് മാസം കഴിയുമ്പോൾ നല്ല പക്വതയും പാകതയും ഉള്ളവനായി മാറും. അതുകൊണ്ടാണ് അപ്പന്മാർ ആൺമക്കളോട് പറയാറുള്ളത് പെണ്ണ് കേട്ടെട്ടെടാ നീ ശരിയായിക്കൊള്ളും എന്ന്. ശരിയാക്കപ്പെട്ട അപ്പൻ അനുഭവിച്ചിട്ട് പറയുന്നതാണ് പെണ്ണ് കേട്ടെട്ടെടാ നീ ശരിയായിക്കൊള്ളും എന്ന്.
അമ്മമാർ പെൺമക്കളോട് പറയും കെട്ടിച്ച് വിടട്ടെടി നീ ഒതുങ്ങി കൊള്ളും എന്ന്. ഒരിക്കൽ ഒരു യുവതി അമ്മയോട് പറഞ്ഞു: അമ്മ പറയുന്ന ചെറുക്കനെ കെട്ടാൻ എനിക്ക് മനസ്സില്ല. അവൻ പറയുവാ സ്വർഗ്ഗവും ഇല്ല നരകവും ഇല്ല , എന്ത് പാപം വേണമെങ്കിലും ചെയ്യാം, പരിക്ക് പറ്റാതെ ഇരുന്നാൽ മതി എന്ന്.
അമ്മ പറഞ്ഞു: ”പൊന്നുമോളെ, നീ ധൈര്യമായിട്ട് അവനെ തന്നെ കെട്ടിക്കോ. നിന്നെ കെട്ടി മൂന്നാഴ്ച കഴിയുമ്പോൾ അവൻ ഉറപ്പായും പറഞ്ഞു കൊള്ളും നരകം ഉണ്ടെന്ന്. അപ്പോൾ അവൻ വിശ്വസിച്ചു കൊള്ളും സ്വർഗ്ഗവും ഉണ്ടെന്ന്.
ഭാര്യഭർത്താക്കന്മാർ സ്വയം മറന്ന് ശരീരവും മനസ്സും ജീവനും സ്വത്തും ഒക്കെ പരസ്പരം ദാനം ചെയ്യണം. ദൈവം തരുന്ന കുരിശ് ഒരുമിച്ച് സഹിക്കണം. വിവാഹത്തിന്റെ ആദ്യനാളുകളിൽ നല്ല ലഹരിയും സന്തോഷവുമൊക്കെയായാണ് കുടുംബജീവിതം. ബസ്സിൽ ആദ്യനാളുകളിൽ മുൻസീറ്റിൽ ഭർത്താവും ഭാര്യയും തട്ടിയും മുട്ടിയും ഉരുമ്മിയും ഉരസിയും ഇരുന്നു യാത്ര ചെയ്യുന്നത് കാണാം. അതുകഴിഞ്ഞ് ഭാര്യ ഗർഭിണിയായാലോ? ഭർത്താവ് പറയും നീ മുമ്പിലിരുന്നോ ഞാൻ പുറകിലിരുന്നുകൊള്ളാം. രണ്ട് മക്കൾ ആയാലോ? നീ ആദ്യത്തെ വണ്ടിക്കു പൊയ്‌ക്കോ, ഞാൻ അടുത്ത വണ്ടിക്ക് വന്നേക്കാം. ആദ്യത്തെ വീര്യം പോയി, ലഹരി പോയി. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം. കൂടുമ്പോൾ ഇമ്പം ഇല്ലാത്തതു ഭൂകമ്പം.
ദമ്പതികൾ പരസ്പരം ആപത്തിൽ ആലംബം ആയിരിക്കണം. എന്താണ് ആപത്തിൽ ആലംബം ? ഉദാഹരണത്തിന് ഭർത്താവിന് തലവേദനയും പനിയും വന്നാൽ ഭാര്യ അടുത്തു ചെന്നിരുന്ന് മരുന്ന് നെറ്റിയിൽ പുരട്ടി കൊടുക്കണം. ഗുളിക വായിൽ ഇട്ടു കൊടുക്കണം. ഇട്ടു കൊടുത്ത ഗുളിക തൊണ്ടയിൽ കുടുങ്ങാതെ വെള്ളം വായിൽ ഒഴിച്ചു കൊടുക്കണം . അവന്റെ തല പൊക്കാവുന്ന ഭാരമേ ഉള്ളൂ എങ്കിൽ പൊക്കിയെടുത്തു സ്വന്തം നെഞ്ചോട് ചേർത്ത് വെച്ച് മെലിഞ്ഞ വിരലുകൾ മുടിയ്ക്ക് ഇടയിൽ കൂടി അമർത്തി തിരുമ്മി ഓടിച്ചിട്ട് ചോദിക്കണം ഇനി എന്തെങ്കിലും ചെയ്യണോ ചേട്ടാ എന്ന്. അതാണ് ഭാര്യ ഭർത്താവിന് കൊടുക്കുന്ന ആപത്തിൽ ആലംബം. അതുപോലെ ഭാര്യ ക്ഷീണം വന്നു കിടക്കുമ്പോൾ ക്ഷീണം മാറുന്നതുവരെ ഭർത്താവ് നിഴലുപോലെ കൂടെ നിൽക്കണം. അതായത് ശരീരിക ലോകത്തിൽ പരസ്പരം കൊടുക്കേണ്ട കരുതൽ .
ഭാര്യഭർത്താക്കന്മാർ സ്വയം മറന്ന് ശരീരവും മനസ്സും ജീവനും സ്വത്തും ഒക്കെ പരസ്പരം ദാനം ചെയ്യണം. ദൈവം തരുന്ന കുരിശ് ഒരുമിച്ച് സഹിക്കണം. വിവാഹത്തിന്റെ ആദ്യനാളുകളിൽ നല്ല ലഹരിയും സന്തോഷവുമൊക്കെയായാണ് കുടുംബജീവിതം തുടങ്ങുക. ബസ്സിൽ ആദ്യനാളുകളിൽ മുൻസീറ്റിൽ ഭർത്താവും ഭാര്യയും തട്ടിയും മുട്ടിയും ഉരുമ്മിയും ഉരസിയും ഇരുന്നു യാത്ര ചെയ്യുന്നത് കാണാം. അതുകഴിഞ്ഞ് ഭാര്യ ഗർഭിണിയായാലോ? ഭർത്താവ് പറയും നീ മുമ്പിലിരുന്നോ ഞാൻ പുറകിലിരുന്നുകൊള്ളാം. രണ്ട് മക്കൾ ആയാലോ? നീ ആദ്യത്തെ വണ്ടിക്കു പൊയ്‌ക്കോ, ഞാൻ അടുത്ത വണ്ടിക്ക് വന്നേക്കാം. ആദ്യത്തെ വീര്യം പോയി, ലഹരി പോയി. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം. കൂടുമ്പോൾ ഇമ്പം ഇല്ലാത്തതു ഭൂകമ്പം.
ഭർത്താവിന് മനപ്രയാസം വരുമ്പോൾ ഭാര്യ കൂടെ നിന്ന് ഭർത്താവിനെ ധൈര്യപ്പെടുത്തണം. അതുപോലെ ഭാര്യക്ക് മനപ്രയാസം വരുമ്പോൾ ഭർത്താവ് കൂടെ നിന്ന് ഭാര്യയെ ധൈര്യപ്പെടുത്തണം. മാനസിക തകർച്ചയിൽ ഒപ്പംനിൽക്കുക. ഭാര്യക്കു ഒരു മനപ്രയാസം വരുമ്പോൾ ഭർത്താവ് ഒരിക്കലും പറഞ്ഞേക്കരുത് നീറട്ടങ്ങനെ നീറട്ടെ നീറ്റുകക്ക പോലെ നീറട്ടെ. എന്നെ നാറ്റിയതല്ലേ നിന്നെ നീറ്റാനുള്ള സമയം ഇതാ വന്നിരിക്കുന്നു എന്ന്.
ഒരിക്കൽ ഉച്ചക്ക് ഞാൻ പാലായിലൂടെ നടന്നു പോകുകയായിരുന്നു. എതിരെ ബൈക്കിൽ ഒരു ചെറുപ്പക്കാരൻ ഭാര്യയെ പിന്നിലിരുത്തി, ലൈറ്റിട്ടു വരുന്നത് കണ്ടു. അറിയാതെ ലൈറ്റ് ഓൺ ആയി കിടക്കുന്നതാണെന്നു വിചാരിച്ചു ഞാൻ ലൈറ്റ് ഓണ്‍ ആണെന്ന് കാണിക്കാൻ വേണ്ടി സാധാരണ ആളുകൾ കൈകൊണ്ടു കാണിക്കാറുള്ള ഒരു സിഗ്നൽ ഞാൻ കാണിച്ചു. അയാൾ വണ്ടി നിറുത്തിയിട്ടു രോഷത്തോടെ എന്റെയടുത്തേക്ക് പാഞ്ഞുവന്നു . പിന്നെ എന്തു സംഭവിച്ചു ?
ദാമ്പത്യ ജീവിതത്തിലെ പിണക്കങ്ങളെയും ഇണക്കങ്ങളെയും പറ്റി ഫാ ജോസഫ് പുത്തൻ പുരക്കലിന്റെ നർമ്മ പ്രഭാഷണം കേൾക്കുക. കളിയിൽ അൽപ്പം കാര്യം – വീഡിയോ കാണുക
”ഉള്ളതു പറഞ്ഞാൽ, ഇന്നത്തെ ഏഷ്യാനെറ്റ് 9 മണി ചർച്ച കാണാൻ സുഖമുണ്ടായിരുന്നു…രാഷ്ട്രീയക്കാർ ആരും ഉണ്ടായിരുന്നില്ല…അഡ്വ. അനിൽ തോമസ്, ധനകാര്യ വിദഗ്ധൻ എസ്. ആദികേശൻ, മുൻ അംബാസഡർ ശങ്കർ അയ്യർ എന്നിവരോടൊപ്പം കാരശേരി മാഷും കൂടിയായപ്പോൾ ചർച്ച ഉഷാറായി. വരട്ടു തത്വവാദങ്ങളോ വെല്ലുവിളികളോ ഇല്ലാത്ത നിലവാരം ഉള്ള ചർച്ച…മറ്റു ചാനലുകൾക്കും ഈ മാതൃക പിന്തുടരാവുന്നതാണ്. അല്ലാത്ത പക്ഷം ഏഷ്യാനെറ്റ് റേറ്റിംഗ് ഉയർന്നേക്കാം…അത്രയ്ക്കു വെറുപ്പിക്കലാണ് ഈ രാഷ്ട്രീയ ചർച്ചകൾ…….” ഷാജി ജേക്കബ് ( സീനിയർ ജേണലിസ്റ്റ് )
”വെളുപ്പാന്‍ കാലത്തെ ചിന്നം പിന്നം മഴയില്‍ ഒരുകുടക്കീഴില്‍ മുട്ടിയുരുമ്മി പള്ളിയില്‍ പോകുമ്പോള്‍ ജീവിതപങ്കാളിക്ക് കിട്ടുന്ന സന്തോഷം ചുട്ടുപൊള്ളുന്ന വെയിലില്‍ ഒട്ടിച്ചേര്‍ന്നു പോകുമ്പോള്‍ കിട്ടുമോ?”
മനസു കുളിർപ്പിച്ച് , മണ്ണ് നനയിച്ച് മധ്യവേനലിലെ സായാഹ്നത്തില്‍ പെയ്തിറങ്ങുന്ന മഴയെ പ്രണയിക്കാത്തവരായി ആരുണ്ട്? കാത്തിരുന്ന അതിഥി ആകാശത്തു നിന്നു പളുങ്കുമുത്തുകളായി ചിതറിവീഴുമ്പോള്‍, വരാന്തയിലെ ചാരു കസേരയിൽ മഴയുടെ സംഗീതം അസ്വദിച്ച് തുടയിൽ താളം പിടിച്ച് ഇരുന്നിട്ടില്ലേ നമ്മൾ ?
മഴ കുളിരായും പ്രണയമായും വന്നെത്തും. കുടക്കീഴിലേക്ക് നനഞ്ഞോടിയെത്തുന്ന പ്രിയപ്പെട്ടവളെ അല്ലെങ്കില്‍ പ്രിയപ്പെട്ടവനെ ദേഹത്തോട് ചേര്‍ത്തു പിടിക്കുമ്പോള്‍ കിട്ടുന്ന സുഖവും ലഹരിയും കൊടുചൂടിൽ ചേർത്തുപിടിക്കുമ്പോൾ കിട്ടുമോ? വെളുപ്പാന്‍ കാലത്തെ ചിന്നം പിന്നം മഴയില്‍ ഒരുകുടക്കീഴില്‍ മുട്ടിയുരുമ്മി പള്ളിയില്‍ പോകുമ്പോള്‍ ജീവിതപങ്കാളിക്ക് കിട്ടുന്ന സന്തോഷം ചുട്ടുപൊള്ളുന്ന വെയിലില്‍ ഒട്ടിച്ചേര്‍ന്നു പോകുമ്പോള്‍ കിട്ടുമോ?
പുതുമഴയില്‍ ആകാശത്തു നിന്ന് ആലിപ്പഴം വീഴുന്നതു കാണാന്‍ മുറ്റത്തേക്ക് കണ്ണും നട്ടിരുന്ന ഒരു ബാല്യമില്ലായിരുന്നോ നമുക്ക്.? ഓര്‍ക്കുന്നില്ലേ, നനഞ്ഞ് കുളിച്ചു കൈമരവിക്കുവോളം ആലിപ്പഴം പെറുക്കി ഇറയത്തേക്കു കയറുമ്പോള്‍ അമ്മയുടെ സ്നേഹത്തോടെയുള്ള ശാസന . ”പനിപിടിക്കും, പോയി തലതുവര്‍ത്ത് മക്കളേ “. എന്നാലും മഴയത്തു നിന്ന് നന്നായി ഒന്ന് കുളിച്ചിട്ടേ നമ്മള്‍ ഇറയത്തേക്കു കയറൂ. മഴപെയ്യും നേരത്തു വെയിലെങ്ങാനും തെളിഞ്ഞാലോ? പിന്നെ ആകാശത്തേക്ക് കണ്ണും നട്ടിരിപ്പായി, മഴവില്ലിന്‍റെ ഏഴഴക് കണ്ടു മനം കുളിര്‍പ്പിക്കാന്‍. വെയിലും കാറ്റും മഴയും ഒന്നിച്ചു വന്നാല്‍ അന്ന് കുറുക്കന്‍റെ കല്യണം എന്നായിരുന്നു കുട്ടിക്കാലത്തെ പൊട്ടവിശ്വാസം. തുള്ളിക്കൊരുകുടം പെയ്യുന്ന മഴനനഞ്ഞ് അമ്മ പറമ്പില്‍ പശുവിനു പുല്ലുവെട്ടുന്നതും അപ്പന്‍ തോട്ടിലെ വെള്ളം തിരിച്ചുവിട്ടു വയൽ കാക്കുന്നതും പഴയ കാലത്തെ കുളിരുള്ള കാഴ്ചകളായിരുന്നില്ലേ?
മലയാളനാട് പണ്ട് മഴനാടായിരുന്നു എന്നുപറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ജൂണ്‍ ജൂലായ് മാസങ്ങളില്‍ ഇവിടെ പെയ്തിറങ്ങിയ മഴയ്ക്ക് കയ്യും കണക്കുമുണ്ടായിരുന്നോ. മഴത്തുള്ളികളുടെ സംഗീതം കേട്ടല്ലായിരുന്നോ അന്ന് കുട്ടികള്‍ രാത്രി ഉറങ്ങിയിരുന്നതും രാവിലെ ഉണര്‍ന്നിരുന്നതും. സ്കൂള്‍ തുറക്കുന്ന ദിവസം രാവിലെ മുതല്‍ നിറുത്താതെയുള്ള മഴയായിരിക്കും.
മഴ കനക്കുമ്പോള്‍ പറമ്പില്‍ പൊട്ടുന്ന ഉറവകള്‍, പുതുതായി രൂപം കൊള്ളുന്ന വരളികള്‍, കര കവിഞ്ഞൊഴുകുന്ന പുഴയും തോടും, എത്ര ചേതോഹരമായിരുന്നു പണ്ടത്തെ ഇടവപ്പാതി.
ഇടതു കൈയില്‍ പുസ്തകക്കെട്ടും വലതുകൈയ്യില്‍ പുത്തന്‍ കുടയുമായി കൂട്ടുകാരോടൊപ്പം രണ്ടും മൂന്നും കിലോമീറ്റര്‍ നടന്നു സ്കൂളിലേക്ക് പോകുമ്പോള്‍ എത്ര ശ്രദ്ധിച്ചാലും നിക്കറും ഷര്‍ട്ടും കുറച്ചെങ്കിലും നനയും. നനഞ്ഞു വിറച്ച് , ഓടിക്കിതച്ചു ചെന്നു ക്ലാസ് മുറിയിയിലെ തടി ബെഞ്ചിലിരിക്കുമ്പോള്‍ കേള്‍ക്കാം പുറത്തു കാറ്റിന്‍റെ ഹുങ്കാരം! വീശിയടിച്ച കാറ്റില്‍ സ്കൂള്‍ മുറ്റത്തെ വാകമരം മറിഞ്ഞുവീണതും ചെവിപൊട്ടുമാറ് ഉച്ചത്തില്‍ ഇടിവെട്ടിയപ്പോള്‍ ഞെട്ടി അടുത്തിരുന്ന കുട്ടിയെ വട്ടം പിടിച്ചതുമൊക്കെ മനസ്സില്‍നിന്ന് മായ്ക്കാന്‍ കഴിയുന്ന ഓര്‍മ്മകളാണോ കൂട്ടുകാരെ ?
സ്കൂള്‍ വിട്ടു വീട്ടിലേക്കു നടക്കുമ്പോള്‍ അപ്രതീക്ഷിതമായായിരിക്കും മഴ വരിക . ദൂരെ മഴയുടെ ഇരമ്പല്‍ കേട്ടാല്‍ ഉടന്‍ കാലുകള്‍ നീട്ടി ഓടാന്‍ തുടങ്ങും . പിന്നാലെ പാഞ്ഞെത്തുന്ന മഴയെ തോല്‍പിച്ചു വീട്ടിലെത്താന്‍ മഴയുമായി ഓട്ടമല്‍സരം നടത്തിയ എത്രയോ പേരുണ്ട് ?. പക്ഷേ പാതി വഴിയില്‍ മഴ നമ്മളെ തോല്‍പ്പിച്ച് ഓവര്‍ടേക്ക് ചെയ്തങ്ങു പോകും. കുട കയ്യിലുണ്ടായിട്ടും മഴനനഞ്ഞ് വീട്ടിലെത്തിയ എത്രയോ ദിവസങ്ങള്‍, അല്ലേ ?
മഴ കനക്കുമ്പോള്‍ പറമ്പില്‍ പൊട്ടുന്ന ഉറവകള്‍, പുതുതായി രൂപം കൊള്ളുന്ന വരളികള്‍, കര കവിഞ്ഞൊഴുകുന്ന പുഴയും തോടും, വെള്ളം നിറഞ്ഞു നില്‍ക്കുന്ന കിണര്‍. ഓര്‍ത്തുനോക്കൂ, എത്ര ചേതോഹരമായിരുന്നു പണ്ടത്തെ ആ ഇടവപ്പാതി. രാത്രിയില്‍ ജനാലപ്പഴുതിലൂടെ വരുന്ന മഴയുടെ സംഗീതം കേട്ട് തറയില്‍ വിരിച്ച തഴപ്പായില്‍ മൂടിപ്പുതച്ചു കിടക്കുമ്പോള്‍ കൂട്ടായി ഉള്ളത് കീറിപ്പറിഞ്ഞ പരുത്തി പുതപ്പ് മാത്രം.
മഴയുടെ കൂട്ടുപിടിച്ച് , ക്ഷണിക്കാതെ വീട്ടിലേക്കു കയറിവരുന്ന ചില അതിഥികളുമുണ്ട്. അതിലൊന്നാണ് പനി. ജലദോഷ പനി മുതല്‍ ഡെങ്കിപ്പനിവരെ വിളിക്കാതെ കയറിവന്നു നമ്മുടെ സ്വൈരം കെടുത്തുന്നു. മഴക്കാലത്തെ ആശുപത്രികളുടെ ചാകരക്കാലം എന്നാണ് ചില രസികര്‍ വിശേഷിപ്പിക്കുന്നത്. വ്യാജവൈദ്യډാര്‍ക്കു പോലും വിശ്രമമില്ലാത്ത കാലം! വയസ്സുചെന്നവര്‍ ഉള്‍പ്പെടെ ഏറെപ്പേരും നമ്മളോട് സലാം പറയുന്നതും മഴക്കാലത്തു തന്നെ. അതുകൊണ്ടാണ് മഴ കനിവായും കണ്ണീരായും വരും എന്ന് പഴമക്കാര്‍ പറയുന്നത് .
പുതു മഴയെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന നമ്മള്‍ പക്ഷേ പെരുമഴയെ മനസ്സുരുകി ശപിക്കുന്നു. പെരുമഴയുടെ താണ്ഡവം ചിലപ്പോഴൊക്കെ നമ്മളെ ഞെട്ടിപ്പിച്ചിട്ടുണ്ട്, വേദനിപ്പിച്ചിട്ടുണ്ട്, കരയിപ്പിച്ചിട്ടുമുണ്ട്. പെരുമഴയുടെ ശ്രുതിയും താളവും പുതുമഴയുടേതില്‍ നിന്ന് വ്യത്യസ്തമാണ്. കാറ്റിനെകൂട്ടുപിടിച്ച് ആടിത്തിമിര്‍ത്ത്, അലറിവിളിച്ചാവും അവന്‍ വരിക . വരുന്ന വരവില്‍ കയ്യില്‍ കിട്ടുന്നതെന്തും എടുത്തു കൊണ്ടു ഒറ്റപ്പോക്കാണ്. കെട്ടിയുയര്‍ത്തിയ പുരകളും നട്ടുവളര്‍ത്തിയ വിളകളുമെല്ലാം അവന്‍ പൊക്കിയെടുത്തുകൊണ്ടു പോകുന്നത് നിറകണ്ണുകളോടെ നോക്കിനില്‍ക്കാനേ നമുക്ക് കഴിയൂ. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് അവൻ പകരം വീട്ടുന്നത് അന്നാണ് .
മഴ കുറവുള്ള അയല്‍ സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോഴാണ് മഴ സമൃദ്ധമായി കിട്ടുന്ന ഈ മാവേലി നാട് എത്ര ഭാഗ്യവതിയാണ് എന്ന് നാം തിരിച്ചറിയുന്നത്. മഴ സമ്മാനിച്ച പച്ചപ്പും വെള്ളച്ചാട്ടവും അരുവിയും കുളവും തോടുമൊക്കെയല്ലേ ഈ നാടിനെ ഇത്ര സുന്ദരിയാക്കിയത്?
കണ്ണീര്‍ ഒഴുക്കുന്ന എത്രയോ ഓര്‍മ്മകൾ മഴ നമുക്ക് നൽകിയിട്ടുണ്ട് . . സഹപാഠിയായ സഹദേവന്‍ ഇടിമിന്നലേറ്റ് നിന്നനില്പില്‍ മരിച്ചു വീണത്. പൊട്ടി വീണ വൈദ്യുതിക്കമ്പിയില്‍ തട്ടി വടക്കേതിലെ ദേവകിയമ്മ മരിച്ചത്. പെരുവെള്ളപ്പാച്ചിലില്‍ തോട്ടിലൂടെ അരകിലോമീറ്റര്‍ ഒഴുകിപ്പോയ മുത്തശ്ശി ആറ്റുവഞ്ചിയില്‍ പിടിച്ചുനിന്നു ജീവന്‍ നിലനിറുത്തിയത്. പുഴയില്‍ കുളിക്കാന്‍ പോയ സുലൈമാന്‍ നിലയില്ലാകയത്തില്‍ മുങ്ങിത്താഴ്ന്നത്. പണി കഴിഞ്ഞു തിരിച്ചുവരുന്നവഴി മരം ഒടിഞ്ഞു തലയില്‍ വീണു രാജപ്പന്‍ ബോധമില്ലാതെ കിടന്നത്. പൊട്ടിയ ഓട് മാറുന്നതിനിടയില്‍ ബാലന്‍സുതെറ്റി താഴെവീണു തെക്കേവീട്ടിലെ കുഞ്ഞേപ്പച്ചന്‍റെ കാലൊടിഞ്ഞത്. ഇങ്ങനെ കണ്ണീരിന്‍റെ നനവുപറ്റിയ എത്രയെത്ര ഓര്‍മ്മകൾ സമ്മാനിച്ചിട്ടുണ്ട് മഴ നമുക്ക് .
തിമര്‍ത്ത് പെയ്യുന്ന മഴയുടെ കുളിര്‍കാലമായിരുന്നു ഓര്‍മ്മകളിലെ ഇടവപ്പാതി. ഘടികാരം കറങ്ങിത്തിരിഞ്ഞപ്പോള്‍ മഴയുടെ കഥയും ഗതിയും മാറി. ഇന്ന് കാലംതെറ്റിയും കണക്കുതെറ്റിയും പെയ്യുന്ന മഴ തീരവാസികള്‍ക്കും ഹൈറേഞ്ചുകാര്‍ക്കും ചിലപ്പോഴൊക്കെ ഇടനാട്ടു കാര്‍ക്കും ശാപമായി മാറി. ഇപ്രാവശ്യം മഴ തോരാ ദുരിതങ്ങളാണ് മലയാളിക്ക് സമ്മാനിച്ചത്.
എന്തൊക്കെയാണെങ്കിലും മഴയില്ലാത്തൊരു കാലത്തെക്കുറിച്ചു ചിന്തിക്കാനാവുമോ മലയാളിക്ക്? മഴ കുറവുള്ള അയല്‍ സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോഴാണ് മഴ സമൃദ്ധമായി കിട്ടുന്ന ഈ മാവേലി നാട് എത്ര ഭാഗ്യവതിയാണ് എന്ന് നാം തിരിച്ചറിയുന്നത്. മഴ സമ്മാനിച്ച പച്ചപ്പും വെള്ളച്ചാട്ടവും അരുവിയും കുളവും തോടുമൊക്കെയല്ലേ ഈ നാടിനെ ഇത്ര സുന്ദരിയാക്കിയത്? ഈ സൗന്ദര്യം നഷ്ടമാവാതിരിക്കണമെങ്കില്‍ പ്രകൃതിയെ നമ്മള്‍ നോവിക്കാതിരിക്കണം. മണ്ണിനെ പീഡിപ്പിക്കാതിരിക്കണം. സസ്യജാലങ്ങളെ മുറിപ്പെടുത്താതിരിക്കണം. ഇല്ലെങ്കില്‍ ഭാവി തലമുറയിലെ ആളുകള്‍ക്ക് മഴയുടെ സംഗീതവും താളവും സിനിമയില്‍ മാത്രം കണ്ടു നിര്‍വൃതിയടയേണ്ട ദുസ്ഥിതി വരും . കൂട്ടുകാരുമൊത്ത് കൈത്തോട്ടില്‍ തോര്‍ത്ത് കൊണ്ട് മീന്‍ പിടിച്ചതും പള്ളിക്കൂടത്തിലേക്കുള്ള നാട്ടു വഴിയില്‍, ഉറവ പൊട്ടിയ വെള്ളത്തില്‍ കാലുകൊണ്ട് അടിച്ചു കൂട്ടുകാരുടെ ദേഹത്ത് വെള്ളം തെറിപ്പിച്ചതുമൊക്കെ അയവിറക്കാനുള്ള ഒരവസരം കൂടിയാവട്ടെ പഴമക്കാർക്ക് ഈ മഴക്കാലം!
കൊല്ലം : കൊല്ലത്ത് ഞങ്ങളുടെ സഹപ്രവർത്തകരായ രണ്ട് അഭിഭാഷകർ കോവിഡ് പോസിറ്റീവ് ആയി. അവരുടെ ഓഫീസിൽ കക്ഷിയായി വന്ന പരവൂരിലെ ആശാ വർക്കർ കോവിഡ് പോസിറ്റീവായപ്പോൾ ഓഫീസിലെ എല്ലാ അഭിഭാഷകരും ഗുമസ്ഥരും ക്വാറൻ്റയിനിൽ പോവുകയും സ്രവം പരിശോധനയ്ക്ക് നൽകുകയുമാണുണ്ടായത്.
പരിശോധനാ ഫലം വന്നപ്പോൾ മേൽപറഞ്ഞ ആശാ വർക്കറുടെ കേസ് നോക്കുകയും ഇടപെടുകയും അവരോടൊപ്പം കോടതിയിൽ പോവുകയും ചെയ്തതായ നാലുപേർക്ക് നെഗറ്റീവ്. അന്നേ ദിവസം ഓഫീസിൽ വന്നിട്ടേയില്ലാത്ത അഭിഭാഷകനും വന്നെങ്കിലും ആശാവർക്കറുമായി ഇടപെടേണ്ടി വരാതിരുന്ന അഭിഭാഷകയുമാണ് പോസിറ്റീവ് ആയത്.ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിത്.
നാം പ്രതീക്ഷിക്കുന്ന പോലെയല്ല ഇപ്പോൾ രോഗവ്യാപനം നടക്കുന്നതെന്ന് വ്യക്തം. എവിടെ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് നിശ്ചയമില്ലാത്ത അവസ്ഥയുണ്ട്. വളരെയധികം ജാഗ്രത കാണിക്കേണ്ട സമയമായി.
ആളുകളെയും പോലീസിനെയും ബോധ്യപ്പെടുത്താൻ അലക്ഷ്യമായി മാസ്ക് ധരിക്കുന്നവരേ, നിങ്ങൾ കൊലപാതകികളാവുകയാണ്. സാമുഹ്യ അകലം പാലിക്കാത്തവരേ, നിങ്ങൾ കൊലപാതകികളാവുകയാണ്. സാനിറ്റൈസ് ചെയ്ത് ശുചിത്വം പാലിക്കാത്തവരേ, നിങ്ങൾ കൊലപാതകികളാവുകയാണ്.
മാസ്ക്, സാമൂഹ്യ അകലം, സാനിറ്റൈസർ. തൽക്കാലം ഈ പ്രതിരോധമാർഗ്ഗങ്ങളേ നമുക്ക് ലഭ്യമായുള്ളു. അവ പോലും പൂർണ്ണ സംരക്ഷണമൊരുക്കില്ല. അനാവശ്യമായി പുറത്തിറങ്ങാതിരുന്നാൽ അത്രയും നല്ലത്.
ഗുരുതരമായ അഴിമതി ആരോപണത്തെ തുടർന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറുടെ തസ്തികയിൽ ഇരിക്കെ കോടിക്കണക്കിന് രൂപ സ്വന്തം പേരിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചതിന്റെ പേരിൽ ഇവർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ടായിരുന്നു. രണ്ട് മാസം മുൻപ് എടുത്ത നടപടി സർക്കാർ ഇപ്പോഴാണ് വെളിപ്പെടുത്തിയത് . യുപിഎസ്‌സി നടത്തിയ അന്വേഷണത്തിലും ശാരദ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. 91 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥയാണ് ശാരദ സുബ്രഹ്മണ്യം.
കോട്ടയം : ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 57 വയസായിരുന്നു. വൈകീട്ട് ആറ് മണിക്ക് വൈക്കത്തിനടുത്ത് വെള്ളൂരിലെ വീട്ടില്‍ ആയിരുന്നു അന്ത്യം. സുധാകര്‍ പി നായര്‍ എന്നാണ് ഔദ്യോഗിക നാമം .
മലയാള മനോരമ മംഗളം വാരികകൾ ഉൾപ്പെടെ നിരവധി ജനപ്രിയ പ്രസിദ്ധീകരണങ്ങളിൽ നോവലുകൾ രചിച്ചു. നിരവധി നോവലുകൾ പുസ്തകങ്ങളായി.
1985 ൽ മംഗളം നോവൽ അവാർഡ് മത്സരത്തിൽ സമ്മാനാർഹമായ ചുറ്റുവിളക്ക് എന്ന നോവൽ മംഗളത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് സുധാകർ ജനപ്രിയ നോവലിസ്റ്റായി മാറിയത്. അദ്ദേഹത്തിന്റെ സമയം എന്ന നോവലും സൂപ്പർ ഹിറ്റായിരുന്നു .
സുധാകര്‍ മംഗളോദയം : ഒരു പഴയ ചിത്രം
പി.പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന ചലച്ചിത്രത്തിന്റെയും 1985 ൽ പുറത്തിറങ്ങിയ ‘വസന്തസേന’ എന്ന ചലച്ചിത്രത്തിന്റെയും കഥ സുധാകറിന്റേതാണ് .. ‘നന്ദിനി ഓപ്പോൾ’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ‘ഞാൻ ഏകനാണ്’ എന്ന ചലച്ചിത്രത്തിന് തിരക്കഥയും രചിച്ചു .
പാദസ്വരം, നന്ദിനി ഓപ്പോൾ, അവൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാൽ, വസന്തസേന, ഹംസതടാകം, വേനൽവീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങൾ, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവിൽ, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആൾത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.
സുധാകര്‍ മംഗളോദയത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാഹിത്യ ആസ്വാദനത്തിന്‍റെ തലത്തിലേക്ക് വലിയൊരു വിഭാഗം ആളുകളെ ഉയര്‍ത്തിയെടുക്കുന്നതിന് അദ്ദേഹത്തിന്‍റെ രചനകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു