കൊല്ലം : കൊല്ലത്ത് ഞങ്ങളുടെ സഹപ്രവർത്തകരായ രണ്ട് അഭിഭാഷകർ കോവിഡ് പോസിറ്റീവ് ആയി. അവരുടെ ഓഫീസിൽ കക്ഷിയായി വന്ന പരവൂരിലെ ആശാ വർക്കർ കോവിഡ് പോസിറ്റീവായപ്പോൾ ഓഫീസിലെ എല്ലാ അഭിഭാഷകരും ഗുമസ്ഥരും ക്വാറൻ്റയിനിൽ പോവുകയും സ്രവം പരിശോധനയ്ക്ക് നൽകുകയുമാണുണ്ടായത്.
പരിശോധനാ ഫലം വന്നപ്പോൾ മേൽപറഞ്ഞ ആശാ വർക്കറുടെ കേസ് നോക്കുകയും ഇടപെടുകയും അവരോടൊപ്പം കോടതിയിൽ പോവുകയും ചെയ്തതായ നാലുപേർക്ക് നെഗറ്റീവ്. അന്നേ ദിവസം ഓഫീസിൽ വന്നിട്ടേയില്ലാത്ത അഭിഭാഷകനും വന്നെങ്കിലും ആശാവർക്കറുമായി ഇടപെടേണ്ടി വരാതിരുന്ന അഭിഭാഷകയുമാണ് പോസിറ്റീവ് ആയത്.ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിത്.
നാം പ്രതീക്ഷിക്കുന്ന പോലെയല്ല ഇപ്പോൾ രോഗവ്യാപനം നടക്കുന്നതെന്ന് വ്യക്തം.
എവിടെ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് നിശ്ചയമില്ലാത്ത അവസ്ഥയുണ്ട്. വളരെയധികം ജാഗ്രത കാണിക്കേണ്ട സമയമായി.
ആളുകളെയും പോലീസിനെയും ബോധ്യപ്പെടുത്താൻ അലക്ഷ്യമായി മാസ്ക് ധരിക്കുന്നവരേ, നിങ്ങൾ കൊലപാതകികളാവുകയാണ്. സാമുഹ്യ അകലം പാലിക്കാത്തവരേ, നിങ്ങൾ കൊലപാതകികളാവുകയാണ്. സാനിറ്റൈസ് ചെയ്ത് ശുചിത്വം പാലിക്കാത്തവരേ, നിങ്ങൾ കൊലപാതകികളാവുകയാണ്.
മാസ്ക്, സാമൂഹ്യ അകലം, സാനിറ്റൈസർ. തൽക്കാലം ഈ പ്രതിരോധമാർഗ്ഗങ്ങളേ നമുക്ക് ലഭ്യമായുള്ളു. അവ പോലും പൂർണ്ണ സംരക്ഷണമൊരുക്കില്ല. അനാവശ്യമായി പുറത്തിറങ്ങാതിരുന്നാൽ അത്രയും നല്ലത്.
എഴുതിയത് – അഡ്വ . ബോറിസ് പോൾ