”വെളുപ്പാന്‍ കാലത്തെ ചിന്നം പിന്നം മഴയില്‍ ഒരുകുടക്കീഴില്‍ മുട്ടിയുരുമ്മി പള്ളിയില്‍ പോകുമ്പോള്‍ ജീവിതപങ്കാളിക്ക് കിട്ടുന്ന സന്തോഷം ചുട്ടുപൊള്ളുന്ന വെയിലില്‍ ഒട്ടിച്ചേര്‍ന്നു പോകുമ്പോള്‍ കിട്ടുമോ?”
മനസു കുളിർപ്പിച്ച് , മണ്ണ് നനയിച്ച് മധ്യവേനലിലെ സായാഹ്നത്തില്‍ പെയ്തിറങ്ങുന്ന മഴയെ പ്രണയിക്കാത്തവരായി ആരുണ്ട്? കാത്തിരുന്ന അതിഥി ആകാശത്തു നിന്നു പളുങ്കുമുത്തുകളായി ചിതറിവീഴുമ്പോള്‍, വരാന്തയിലെ ചാരു കസേരയിൽ മഴയുടെ സംഗീതം അസ്വദിച്ച് തുടയിൽ താളം പിടിച്ച് ഇരുന്നിട്ടില്ലേ നമ്മൾ ?
മഴ കുളിരായും പ്രണയമായും വന്നെത്തും. കുടക്കീഴിലേക്ക് നനഞ്ഞോടിയെത്തുന്ന പ്രിയപ്പെട്ടവളെ അല്ലെങ്കില്‍ പ്രിയപ്പെട്ടവനെ ദേഹത്തോട് ചേര്‍ത്തു പിടിക്കുമ്പോള്‍ കിട്ടുന്ന സുഖവും ലഹരിയും കൊടുചൂടിൽ ചേർത്തുപിടിക്കുമ്പോൾ കിട്ടുമോ? വെളുപ്പാന്‍ കാലത്തെ ചിന്നം പിന്നം മഴയില്‍ ഒരുകുടക്കീഴില്‍ മുട്ടിയുരുമ്മി പള്ളിയില്‍ പോകുമ്പോള്‍ ജീവിതപങ്കാളിക്ക് കിട്ടുന്ന സന്തോഷം ചുട്ടുപൊള്ളുന്ന വെയിലില്‍ ഒട്ടിച്ചേര്‍ന്നു പോകുമ്പോള്‍ കിട്ടുമോ?
പുതുമഴയില്‍ ആകാശത്തു നിന്ന് ആലിപ്പഴം വീഴുന്നതു കാണാന്‍ മുറ്റത്തേക്ക് കണ്ണും നട്ടിരുന്ന ഒരു ബാല്യമില്ലായിരുന്നോ നമുക്ക്.? ഓര്‍ക്കുന്നില്ലേ, നനഞ്ഞ് കുളിച്ചു കൈമരവിക്കുവോളം ആലിപ്പഴം പെറുക്കി ഇറയത്തേക്കു കയറുമ്പോള്‍ അമ്മയുടെ സ്നേഹത്തോടെയുള്ള ശാസന . ”പനിപിടിക്കും, പോയി തലതുവര്‍ത്ത് മക്കളേ “. എന്നാലും മഴയത്തു നിന്ന് നന്നായി ഒന്ന് കുളിച്ചിട്ടേ നമ്മള്‍ ഇറയത്തേക്കു കയറൂ. മഴപെയ്യും നേരത്തു വെയിലെങ്ങാനും തെളിഞ്ഞാലോ? പിന്നെ ആകാശത്തേക്ക് കണ്ണും നട്ടിരിപ്പായി, മഴവില്ലിന്‍റെ ഏഴഴക് കണ്ടു മനം കുളിര്‍പ്പിക്കാന്‍. വെയിലും കാറ്റും മഴയും ഒന്നിച്ചു വന്നാല്‍ അന്ന് കുറുക്കന്‍റെ കല്യണം എന്നായിരുന്നു കുട്ടിക്കാലത്തെ പൊട്ടവിശ്വാസം. തുള്ളിക്കൊരുകുടം പെയ്യുന്ന മഴനനഞ്ഞ് അമ്മ പറമ്പില്‍ പശുവിനു പുല്ലുവെട്ടുന്നതും അപ്പന്‍ തോട്ടിലെ വെള്ളം തിരിച്ചുവിട്ടു വയൽ കാക്കുന്നതും പഴയ കാലത്തെ കുളിരുള്ള കാഴ്ചകളായിരുന്നില്ലേ?
മലയാളനാട് പണ്ട് മഴനാടായിരുന്നു എന്നുപറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ജൂണ്‍ ജൂലായ് മാസങ്ങളില്‍ ഇവിടെ പെയ്തിറങ്ങിയ മഴയ്ക്ക് കയ്യും കണക്കുമുണ്ടായിരുന്നോ. മഴത്തുള്ളികളുടെ സംഗീതം കേട്ടല്ലായിരുന്നോ അന്ന് കുട്ടികള്‍ രാത്രി ഉറങ്ങിയിരുന്നതും രാവിലെ ഉണര്‍ന്നിരുന്നതും. സ്കൂള്‍ തുറക്കുന്ന ദിവസം രാവിലെ മുതല്‍ നിറുത്താതെയുള്ള മഴയായിരിക്കും.


ഇടതു കൈയില്‍ പുസ്തകക്കെട്ടും വലതുകൈയ്യില്‍ പുത്തന്‍ കുടയുമായി കൂട്ടുകാരോടൊപ്പം രണ്ടും മൂന്നും കിലോമീറ്റര്‍ നടന്നു സ്കൂളിലേക്ക് പോകുമ്പോള്‍ എത്ര ശ്രദ്ധിച്ചാലും നിക്കറും ഷര്‍ട്ടും കുറച്ചെങ്കിലും നനയും. നനഞ്ഞു വിറച്ച് , ഓടിക്കിതച്ചു ചെന്നു ക്ലാസ് മുറിയിയിലെ തടി ബെഞ്ചിലിരിക്കുമ്പോള്‍ കേള്‍ക്കാം പുറത്തു കാറ്റിന്‍റെ ഹുങ്കാരം! വീശിയടിച്ച കാറ്റില്‍ സ്കൂള്‍ മുറ്റത്തെ വാകമരം മറിഞ്ഞുവീണതും ചെവിപൊട്ടുമാറ് ഉച്ചത്തില്‍ ഇടിവെട്ടിയപ്പോള്‍ ഞെട്ടി അടുത്തിരുന്ന കുട്ടിയെ വട്ടം പിടിച്ചതുമൊക്കെ മനസ്സില്‍നിന്ന് മായ്ക്കാന്‍ കഴിയുന്ന ഓര്‍മ്മകളാണോ കൂട്ടുകാരെ ?
സ്കൂള്‍ വിട്ടു വീട്ടിലേക്കു നടക്കുമ്പോള്‍ അപ്രതീക്ഷിതമായായിരിക്കും മഴ വരിക . ദൂരെ മഴയുടെ ഇരമ്പല്‍ കേട്ടാല്‍ ഉടന്‍ കാലുകള്‍ നീട്ടി ഓടാന്‍ തുടങ്ങും . പിന്നാലെ പാഞ്ഞെത്തുന്ന മഴയെ തോല്‍പിച്ചു വീട്ടിലെത്താന്‍ മഴയുമായി ഓട്ടമല്‍സരം നടത്തിയ എത്രയോ പേരുണ്ട് ?. പക്ഷേ പാതി വഴിയില്‍ മഴ നമ്മളെ തോല്‍പ്പിച്ച് ഓവര്‍ടേക്ക് ചെയ്തങ്ങു പോകും. കുട കയ്യിലുണ്ടായിട്ടും മഴനനഞ്ഞ് വീട്ടിലെത്തിയ എത്രയോ ദിവസങ്ങള്‍, അല്ലേ ?
മഴ കനക്കുമ്പോള്‍ പറമ്പില്‍ പൊട്ടുന്ന ഉറവകള്‍, പുതുതായി രൂപം കൊള്ളുന്ന വരളികള്‍, കര കവിഞ്ഞൊഴുകുന്ന പുഴയും തോടും, വെള്ളം നിറഞ്ഞു നില്‍ക്കുന്ന കിണര്‍. ഓര്‍ത്തുനോക്കൂ, എത്ര ചേതോഹരമായിരുന്നു പണ്ടത്തെ ആ ഇടവപ്പാതി. രാത്രിയില്‍ ജനാലപ്പഴുതിലൂടെ വരുന്ന മഴയുടെ സംഗീതം കേട്ട് തറയില്‍ വിരിച്ച തഴപ്പായില്‍ മൂടിപ്പുതച്ചു കിടക്കുമ്പോള്‍ കൂട്ടായി ഉള്ളത് കീറിപ്പറിഞ്ഞ പരുത്തി പുതപ്പ് മാത്രം.
മഴയുടെ കൂട്ടുപിടിച്ച് , ക്ഷണിക്കാതെ വീട്ടിലേക്കു കയറിവരുന്ന ചില അതിഥികളുമുണ്ട്. അതിലൊന്നാണ് പനി. ജലദോഷ പനി മുതല്‍ ഡെങ്കിപ്പനിവരെ വിളിക്കാതെ കയറിവന്നു നമ്മുടെ സ്വൈരം കെടുത്തുന്നു. മഴക്കാലത്തെ ആശുപത്രികളുടെ ചാകരക്കാലം എന്നാണ് ചില രസികര്‍ വിശേഷിപ്പിക്കുന്നത്. വ്യാജവൈദ്യډാര്‍ക്കു പോലും വിശ്രമമില്ലാത്ത കാലം! വയസ്സുചെന്നവര്‍ ഉള്‍പ്പെടെ ഏറെപ്പേരും നമ്മളോട് സലാം പറയുന്നതും മഴക്കാലത്തു തന്നെ. അതുകൊണ്ടാണ് മഴ കനിവായും കണ്ണീരായും വരും എന്ന് പഴമക്കാര്‍ പറയുന്നത് .
പുതു മഴയെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന നമ്മള്‍ പക്ഷേ പെരുമഴയെ മനസ്സുരുകി ശപിക്കുന്നു. പെരുമഴയുടെ താണ്ഡവം ചിലപ്പോഴൊക്കെ നമ്മളെ ഞെട്ടിപ്പിച്ചിട്ടുണ്ട്, വേദനിപ്പിച്ചിട്ടുണ്ട്, കരയിപ്പിച്ചിട്ടുമുണ്ട്. പെരുമഴയുടെ ശ്രുതിയും താളവും പുതുമഴയുടേതില്‍ നിന്ന് വ്യത്യസ്തമാണ്. കാറ്റിനെകൂട്ടുപിടിച്ച് ആടിത്തിമിര്‍ത്ത്, അലറിവിളിച്ചാവും അവന്‍ വരിക . വരുന്ന വരവില്‍ കയ്യില്‍ കിട്ടുന്നതെന്തും എടുത്തു കൊണ്ടു ഒറ്റപ്പോക്കാണ്. കെട്ടിയുയര്‍ത്തിയ പുരകളും നട്ടുവളര്‍ത്തിയ വിളകളുമെല്ലാം അവന്‍ പൊക്കിയെടുത്തുകൊണ്ടു പോകുന്നത് നിറകണ്ണുകളോടെ നോക്കിനില്‍ക്കാനേ നമുക്ക് കഴിയൂ. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് അവൻ പകരം വീട്ടുന്നത് അന്നാണ് .
മഴ കുറവുള്ള അയല്‍ സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോഴാണ് മഴ സമൃദ്ധമായി കിട്ടുന്ന ഈ മാവേലി നാട് എത്ര ഭാഗ്യവതിയാണ് എന്ന് നാം തിരിച്ചറിയുന്നത്. മഴ സമ്മാനിച്ച പച്ചപ്പും വെള്ളച്ചാട്ടവും അരുവിയും കുളവും തോടുമൊക്കെയല്ലേ ഈ നാടിനെ ഇത്ര സുന്ദരിയാക്കിയത്?
കണ്ണീര്‍ ഒഴുക്കുന്ന എത്രയോ ഓര്‍മ്മകൾ മഴ നമുക്ക് നൽകിയിട്ടുണ്ട് . . സഹപാഠിയായ സഹദേവന്‍ ഇടിമിന്നലേറ്റ് നിന്നനില്പില്‍ മരിച്ചു വീണത്. പൊട്ടി വീണ വൈദ്യുതിക്കമ്പിയില്‍ തട്ടി വടക്കേതിലെ ദേവകിയമ്മ മരിച്ചത്. പെരുവെള്ളപ്പാച്ചിലില്‍ തോട്ടിലൂടെ അരകിലോമീറ്റര്‍ ഒഴുകിപ്പോയ മുത്തശ്ശി ആറ്റുവഞ്ചിയില്‍ പിടിച്ചുനിന്നു ജീവന്‍ നിലനിറുത്തിയത്. പുഴയില്‍ കുളിക്കാന്‍ പോയ സുലൈമാന്‍ നിലയില്ലാകയത്തില്‍ മുങ്ങിത്താഴ്ന്നത്. പണി കഴിഞ്ഞു തിരിച്ചുവരുന്നവഴി മരം ഒടിഞ്ഞു തലയില്‍ വീണു രാജപ്പന്‍ ബോധമില്ലാതെ കിടന്നത്. പൊട്ടിയ ഓട് മാറുന്നതിനിടയില്‍ ബാലന്‍സുതെറ്റി താഴെവീണു തെക്കേവീട്ടിലെ കുഞ്ഞേപ്പച്ചന്‍റെ കാലൊടിഞ്ഞത്. ഇങ്ങനെ കണ്ണീരിന്‍റെ നനവുപറ്റിയ എത്രയെത്ര ഓര്‍മ്മകൾ സമ്മാനിച്ചിട്ടുണ്ട് മഴ നമുക്ക് .
തിമര്‍ത്ത് പെയ്യുന്ന മഴയുടെ കുളിര്‍കാലമായിരുന്നു ഓര്‍മ്മകളിലെ ഇടവപ്പാതി. ഘടികാരം കറങ്ങിത്തിരിഞ്ഞപ്പോള്‍ മഴയുടെ കഥയും ഗതിയും മാറി. ഇന്ന് കാലംതെറ്റിയും കണക്കുതെറ്റിയും പെയ്യുന്ന മഴ തീരവാസികള്‍ക്കും ഹൈറേഞ്ചുകാര്‍ക്കും ചിലപ്പോഴൊക്കെ ഇടനാട്ടു കാര്‍ക്കും ശാപമായി മാറി. ഇപ്രാവശ്യം മഴ തോരാ ദുരിതങ്ങളാണ് മലയാളിക്ക് സമ്മാനിച്ചത്.
എന്തൊക്കെയാണെങ്കിലും മഴയില്ലാത്തൊരു കാലത്തെക്കുറിച്ചു ചിന്തിക്കാനാവുമോ മലയാളിക്ക്? മഴ കുറവുള്ള അയല്‍ സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോഴാണ് മഴ സമൃദ്ധമായി കിട്ടുന്ന ഈ മാവേലി നാട് എത്ര ഭാഗ്യവതിയാണ് എന്ന് നാം തിരിച്ചറിയുന്നത്. മഴ സമ്മാനിച്ച പച്ചപ്പും വെള്ളച്ചാട്ടവും അരുവിയും കുളവും തോടുമൊക്കെയല്ലേ ഈ നാടിനെ ഇത്ര സുന്ദരിയാക്കിയത്? ഈ സൗന്ദര്യം നഷ്ടമാവാതിരിക്കണമെങ്കില്‍ പ്രകൃതിയെ നമ്മള്‍ നോവിക്കാതിരിക്കണം. മണ്ണിനെ പീഡിപ്പിക്കാതിരിക്കണം. സസ്യജാലങ്ങളെ മുറിപ്പെടുത്താതിരിക്കണം. ഇല്ലെങ്കില്‍ ഭാവി തലമുറയിലെ ആളുകള്‍ക്ക് മഴയുടെ സംഗീതവും താളവും സിനിമയില്‍ മാത്രം കണ്ടു നിര്‍വൃതിയടയേണ്ട ദുസ്ഥിതി വരും .
കൂട്ടുകാരുമൊത്ത് കൈത്തോട്ടില്‍ തോര്‍ത്ത് കൊണ്ട് മീന്‍ പിടിച്ചതും പള്ളിക്കൂടത്തിലേക്കുള്ള നാട്ടു വഴിയില്‍, ഉറവ പൊട്ടിയ വെള്ളത്തില്‍ കാലുകൊണ്ട് അടിച്ചു കൂട്ടുകാരുടെ ദേഹത്ത് വെള്ളം തെറിപ്പിച്ചതുമൊക്കെ അയവിറക്കാനുള്ള ഒരവസരം കൂടിയാവട്ടെ പഴമക്കാർക്ക് ഈ മഴക്കാലം!
- എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി