”ഇപ്പോള്‍ ഇതുയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരേ വരുന്നവര്‍ നേരത്തേ പറഞ്ഞത് സര്‍ക്കാരിന്റെ പി.ആര് വര്‍ക്ക് കൊണ്ടാണ് ബി.ബി.സി ആദ്യമെഴുതിയത് എന്നാണ്. ഇപ്പോള്‍ കേരളത്തിനെന്തോ തിരിച്ചടി കിട്ടിയെന്ന തരത്തില്‍ അവരുടെ വാര്‍ത്തയെ അതേ ആളുകള്‍ സമീപിക്കുകയാണ്. എന്നാല്‍, ഇപ്പോഴവര്‍ പറയുന്ന പുതിയ വാര്‍ത്തയിലും ബി.ബി.സി പറയുന്നത്, കേരളം ഇതിനെ നന്നായി കൈകാര്യം ചെയ്തു എന്നാണ്.” മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ രീതിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. കോവിഡിന്റെ നിര്‍ണായക ഘട്ടത്തില്‍ അതിനെ ഫലപ്രദമായി നേരിടുന്നതില്‍ കേരളം പരാജയപ്പെടുകയാണ് എന്നും ബി.ബി.സി. രണ്ടു മാസം മുമ്പ് കോവിഡ് രോഗത്തിൽ ലോകമാകെ വിയർത്തപ്പോൾ വേറിട്ട് നിന്ന കേരളം വിജയത്തിലേക്ക് അടുക്കുന്നുവെന്ന പ്രതീക്ഷയിലായിരുന്നു . എന്നാൽ, ഏറ്റവും ഒടുവിലെ ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നു. പ്രാദേശിക വ്യാപനം നടന്നുവെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചുവെന്നും, ഇങ്ങനെ സമ്മതിക്കുന്നത് രാജ്യത്ത് ആദ്യമാണെന്നും ബി.ബി.സി ലേഖകൻ സൗത്തിക് ബിശ്വാസ് എഴുതിയ റിപ്പോർട്ടിൽ പറയുന്നു.
‘‘സംസ്ഥാനത്തിന്റെ അതിർത്തികൾ തുറന്നിട്ട ഇപ്പോഴത്തെ അവസ്ഥയിൽ വ്യാപനം സംഭവിക്കുകയാണ്.’’ സാംക്രമിക രോഗവിദഗ്ധൻ ഡോ. ലാൽ സദാശിവനെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിരോധം തീർക്കുന്നതിൽ സർക്കാർ ഇനിയും ഏറെ ദൂരം പിന്നിടാനുണ്ടെന്ന് ബി ബി സി. റിപ്പോർട്ട് ചെയ്യുന്നു .
രാജ്യത്തെ ആറു സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കേരളം രോഗബാധിതരുടെ എണ്ണം അതിശയകരമാംവിധം താഴേക്ക് കൊണ്ടുവന്നിരുന്നു. മേയ് മാസത്തോടെ, വ്യവസ്ഥാപിത രീതിയിൽ പരിശോധനയും ക്വാറൻറീനും ഉറവിടം കണ്ടെത്തലും നടത്തി എണ്ണം പൂജ്യത്തിലേക്കു കൊണ്ടുവന്നു. എന്നാൽ, ഇതൊരു അകാലത്തിലുള്ള ആഹ്ലാദമായിരുന്നുവെന്നാണ് പിന്നീടുള്ള വ്യാപനം തെളിയിച്ചതെന്നും ബി.ബി.സി അഭിപ്രായപ്പെടുന്നു. രോഗബാധിതരുടെ എണ്ണം 1000ത്തിൽ എത്താൻ 110 ദിവസമെടുത്തപ്പോൾ ജൂലൈ പകുതിയോടെ ഒറ്റ ദിവസം 800 കേസുകൾ എന്ന നിലയിൽ എത്തി. ജൂലൈ 20ഓടെ ആകെ രോഗബാധിതർ 12000 കടന്നു. 43 മരണവുമുണ്ടായി. 170,000 പേർ ക്വാറൻറീനിലുമുണ്ട്. മലയാളികളുടെ മടക്കവും കാരണം. കേരളത്തിലെ പരിശോധനകളുടെ എണ്ണം താരതമ്യേന വളരെ കുറവാണെന്ന ആരോപണം ഉയരുന്നതായും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു.
ഇതൊക്കെയാണെങ്കിലും കേരളം ഏറ്റവും നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്നാണ് ഭൂരിഭാഗം പകർച്ചവ്യാധി വിദഗ്ധരും വിലയിരുത്തുന്നതെന്നും ലേഖകൻ സമ്മതിക്കുന്നുണ്ട്. കോവിഡ് മരണങ്ങളിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സംസ്ഥാനത്തിന്റേത് . ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിട്ടില്ല. നൂറുകണക്കിന് ഗ്രാമങ്ങളിൽ വ്യവസ്ഥാപിതമായ രീതിയിൽ ഫസ്റ്റ്ലൈൻ കോവിഡ് ചികിത്സകേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു .
അതേസമയം കോവിഡിനെതിരായ പോരാട്ടം 100 -200 മീറ്റര്‍ ഓട്ടം പോലെ ഒറ്റയടിക്ക് ഓടി ജയിക്കാവുന്ന ഒന്നല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . കോവിഡ് പ്രതിരോധകാര്യത്തില്‍ കേരളത്തിന്റേത് അപക്വമായ ആഘോഷമായിരുന്നുവെന്നു ബി.ബി.സി. വിമര്ശിച്ചല്ലോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതില്‍ ആരോഗ്യ സംവിധാനത്തിന്റെ മാത്രമല്ല, പൊതുസമൂഹത്തിന്റെയും ക്ഷമയും സഹനശക്തിയും പരീക്ഷിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം അവസാനം വരെയും പോരാടാനുള്ള മാനസികമായ കരുത്ത് കൂടിയാണ് നമുക്കിപ്പോള്‍ ആവശ്യം. ഇപ്പോള്‍ ഇതുയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരേ വരുന്നവര്‍ നേരത്തേ പറഞ്ഞത് സര്‍ക്കാരിന്റെ പി.ആര് വര്‍ക്ക് കൊണ്ടാണ് ബി.ബി.സി ആദ്യമെഴുതിയത് എന്നാണ്. ഇപ്പോള്‍ കേരളത്തിനെന്തോ തിരിച്ചടി കിട്ടിയെന്ന തരത്തില്‍ അവരുടെ വാര്‍ത്തയെ അതേ ആളുകള്‍ സമീപിക്കുകയാണ്. എന്നാല്‍, ഇപ്പോഴവര്‍ പറയുന്ന പുതിയ വാര്‍ത്തയിലും ബി.ബി.സി പറയുന്നത്, കേരളം ഇതിനെ നന്നായി കൈകാര്യം ചെയ്തു എന്നാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലെന്നും നൂറുകണക്കിന് ഗ്രാമങ്ങളിലാണ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സൗകര്യങ്ങള്‍ ഇവിടെയൊരുക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇതൊന്നും താന്‍ പറയുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.