പാല കോട്ടയം റൂട്ടിൽ മുത്തോലി കഴിഞ്ഞു റോഡിന്റെ ഇരുവശങ്ങളിലും മഞ്ഞ കോളാമ്പി പൂക്കൾ നിരനിരയായി നിൽക്കുന്ന മനോഹര കാഴ്ച ആരെയും ആകർഷിക്കുന്നതാണ് . ഇടയ്ക്ക് പല ആകൃതിയിൽ വെട്ടിനിർത്തിയ കുറ്റിമരങ്ങളും കാണാം.. ചെടികൾക്ക് താഴെ പച്ചപ്പുല്ലു ഒരറ്റം മുതൽ വിതാനിച്ചു കിടക്കുന്നു.


പാല റബർ മാർക്കറ്റിംഗ് സൊസൈറ്റിക്ക് ഇവിടെയൊരു ബ്ലോക്ക് റബർ ഫാക്ടറിയുണ്ട്. ഏതൊരു ഫാക്ടറിയായാലും കുറച്ചൊക്കെ മലിനീകരണം ഉണ്ടാകുമല്ലോ. ഇതിന് പരിഹാരമായി ദീർഘകാലം സംഘം പ്രസിഡന്റായിരുന്ന സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫ. കെ.കെ എബ്രഹാമിന്റെ തലയിൽ ഉദിച്ച പദ്ധതിയായായിരുന്നു മരങ്ങൾ നട്ട് , റോഡിന്റെ ഇരുവശവും കമനീയമാക്കുക എന്നത്. എട്ടുപത്തു വർഷം മുമ്പാണ് കോളാമ്പി ചെടികൾ നടാൻ തുടങ്ങിയത്. കോളാമ്പി പൂത്തു തുടങ്ങിയതോടെ റോഡുവക്കത്തെ വീട്ടുകാർക്കും ഇത് ഇഷ്ടമായി. പലരും ചെടികളുടെ സംരക്ഷകരായി. ഒരു മുഴുവൻ സമയ തോട്ടക്കാരനുണ്ട്. ചെടികൾ പ്രൂൺ ചെയ്യാൻ അയാൾക്ക് ഒരു ചെറുയന്ത്രവും വാങ്ങി കൊടുത്തിട്ടുണ്ട് .


മഞ്ഞകോളാമ്പിപൂക്കൾ ആകർഷകമാണെന്നു മാത്രമല്ല, ധാരാളം ഉണ്ടാവുകയും ചെയ്യും. ഇവയ്ക്ക് വലിയ പരിചരണം ആവശ്യമില്ല. വേനലിൽ വല്ലപ്പോഴുംനനച്ചാൽ മതി. പശു തിന്നുകയുമില്ല. പക്ഷേ ആദ്യവർഷങ്ങളിൽ സാമൂഹ്യവിരുദ്ധർ അത് പറിച്ചു കളയുക പതിവായിരുന്നു. സൊസൈറ്റിക്കാർ നിരാശരാവാതെ വീണ്ടും നട്ടു.
സൊസൈറ്റിക്ക് ഇപ്പോൾ ഇപ്പോൾ നഷ്ടത്തിലാണെങ്കിലും റോഡ് ഉദ്യാനപരിപാലനത്തിൽ വീഴ്ച വരുത്തിയിട്ടില്ല. എന്തെങ്കിലും കുറവുണ്ടായാൽ സഹകരിക്കാൻ വീട്ടുകാരും തയ്യാറാണ്. എത്ര അനുകരണീയമായ മാതൃക.
കേരളത്തിലെ എല്ലാ പാതയോരങ്ങളും പാലാ കോട്ടയം റോഡിലെ ഈ കാഴ്ച പോലെ ദൃശ്യഭംഗിയുള്ളതാക്കാൻ നമുക്ക് കഴിയില്ലെ? റോഡരികിലുള്ള വീടുകളെയും സ്ഥാപനങ്ങളേയും ഉൾപ്പെടുത്തി ചെറിയ യൂണിറ്റുകൾ ഉണ്ടാക്കി അവർക്കു പഞ്ചായത്ത് തലത്തിൽ നിർദേശങ്ങളും സാമ്പത്തികസഹായവും നൽകിയാൽ പാതയോരങ്ങൾ മനോഹരമാക്കാനാവില്ലേ ?


















































