Home Blog Page 30

”ആഹഹാ .. ജെ സി ബി ഉണ്ടാക്കുമോ ഇത്രയും മനോഹരമായ കുഴികൾ!”

0
കണ്ടില്ലേ ഞങ്ങടെ നാട് . കുഴികൾ നിറഞ്ഞ റോഡ്

തൊടുപുഴ : ”നിന്റെ കുഴികളിൽ വീഴാത്ത വണ്ടിയുണ്ടോ.., വീണ വണ്ടിയുടെ പാർട്ട്സ് വല്ലോം ബാക്കിയുണ്ടോ ?” തൊടുപുഴയിലെ റോഡുകൾ കണ്ടിട്ട് ഒരു കവി പാടിയത് ഇങ്ങനെ.

വർഷങ്ങളായി കുണ്ടും കുഴിയുമായി കിടന്ന തൊടുപുഴ നഗരത്തിലെ റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഒരുവിധം ഗതാഗത യോഗ്യമാക്കിയിട്ട് ഒരുവർഷം പോലും ആയില്ല. ഇപ്പോൾ വീണ്ടും മരണക്കുഴികൾ രുപപ്പെട്ടിരിക്കുന്നു നഗരത്തിലെമ്പാടും .

കുഴികൾ ഉണ്ടായിട്ട് മാസങ്ങൾ ആയെങ്കിലും നികത്താൻ അധികൃതർ ഒരു നടപടിയും എടുക്കുന്നില്ല. കാഞ്ഞിരമറ്റം ബൈപാസിൽ കാഞ്ഞിരമറ്റം ജംക്‌ഷനിലാണ് റോഡിലെ ഏറ്റവും വലിയ കുഴി. ഇവിടെയുള്ള ട്രാഫിക് റൗണ്ടിലും കുഴികളുണ്ടായിട്ടു മാസങ്ങളായി. വാഹനയാത്രക്കാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ മാസം കുറച്ച് മെറ്റൽ ഇട്ടെങ്കിലും ഏതാനും ദിവസത്തിനകം പഴയപടിയായി. ഇപ്പോൾ വാഹന യാത്രക്കാരെ കുഴിയിൽ ചാടിക്കുന്ന അഗാധ ഗർത്തമാണ് റൗണ്ടിനു ചുറ്റും. ശരിയായി ടാർ ചേർക്കാതെയും മറ്റുമുള്ള ജോലി ആയതിനാൽ ദിവസങ്ങൾക്കകം വീണ്ടും റോഡ് പഴയ പടിയാകും. ഇത്തരത്തിൽ കുഴിയിൽ ഇടുന്ന മെറ്റൽ സമീപത്ത് ചിതറി കിടക്കുന്നത് ഇരു ചക്ര വാഹന യാത്രക്കാർക്കു ഭീഷണിയായിരിക്കയാണ് .

മുൻപ് റോഡ് അറ്റകുറ്റപ്പണി നടത്തി ടാറിട്ട ഭാഗം ചിലയിടത്തു വള്ളം പോലെയാണ് കിടക്കുന്നത് . പഴയ പുളിമൂട്ടിൽ കവല മുതൽ കാഞ്ഞിരമറ്റം കവല വരെ മെയിൻ റോഡിൽ സഞ്ചരിച്ചാൽ അത് കാണാം . വാട്ടർ അതോറിറ്റി പൈപ്പ് ഇടാൻ എടുത്ത കുഴികൾ മൂടിയിട്ട് ആ മണ്ണുറപ്പിക്കാതെ പുറമെ മെറ്റലിട്ട് ടാർ ചെയ്തതാണ് വിനയായത് . റോഡിനായി അനുവദിക്കുന്ന തുകയുടെ നാലിലൊന്നെങ്കിലും അതിനായി ചെലവഴിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നെന്നു യാത്രക്കാർ പറയുന്നു.

തൊടുപുഴക്കാർക്ക് ഈ കഞ്ഞിയും വറ്റും മതിയെന്നാണ് ഭരണക്കാരുടെയും ജനപ്രതിനിധികളുടെയും തീരുമാനമെങ്കിൽ ആരോട് പരാതി പറയാൻ! സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്ഷമയും സഹനശേഷിയുമുള്ള ജനതയ്ക്കു അവാർഡ് കൊടുക്കുന്നെങ്കിൽ അത് തൊടുപുഴക്കാർക്ക് തന്നെ കൊടുക്കണം !

റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു പ്രതികരിച്ചതിന് കലിപൂണ്ട് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഊച്ചാളി നേതാക്കന്മാരുള്ള നാടാണ് തൊടുപുഴ. മുഖ്യധാരാ പാർട്ടികൾ ആരും തൊടുപുഴ ബസ്റ്റാൻഡിന്റെയും റോഡുകളുടെയും ശോച്യാവസ്ഥയിൽ പ്രതികരിക്കുന്നില്ല എന്നത് സങ്കടകരമാണ്.

ജനരോഷം വർധിച്ചപ്പോൾ കെ എസ് ആർ ടി സി ബസ്റ്റാൻഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജനവിഭാഗം കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴയിൽ ഒരു പ്രകടനം നടത്തി . തൊടുപുഴ ആലക്കോട് റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ മുൻപ് സോഷ്യൽ മീഡിയയിൽ ഒരാൾ പോസ്റ്റിട്ടപ്പോൾ അയാളുടെ വീട്ടിൽ കയറിച്ചെന്നു അയാളെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ലോക്കൽ നേതാവിരുന്നു ആ പ്രകടനത്തെ നയിച്ചത് എന്നതാണ് വിചിത്രവും രസകരവുമായ കാര്യം. ബസ്റ്റാൻഡ് ഉടനെ മാറുമെങ്കിൽ അത് തങ്ങളുടെ പ്രതിഷേധം കണ്ടു ഭയന്ന് മാറ്റിയതാണെന്നു അവകാശപ്പെടാനായിരുന്നു ‌ ഈ ജാഥാ നാടകം . എന്നാൽ ബസ്റ്റാൻഡ് ഇപ്പോഴും പഴയസ്ഥലത്തുതന്നെ .
ഇതുപോലെ എത്രയോ നാടകങ്ങൾ കണ്ടു ചിരിച്ചവരാണ് തൊടുപുഴക്കാർ .

പാർട്ടിയുടെ അടിമയായി പോയതുകൊണ്ട് പ്രതികരിക്കാനാവാതെ, വണ്ടി ഗട്ടറിൽ വീഴുമ്പോൾ വേദന കടിച്ചമർത്തി വൈകുന്നേരം കുഴമ്പിട്ട് ചൂടുവെള്ളത്തിൽ കുളിക്കുന്ന ചിലരെ അറിയാം. വേദന സ്വന്തം നടുവിനാണ് അല്ലാതെ പാർട്ടിക്കോ നേതാവിനോ അല്ല എന്നുമനസ്സിലാക്കി പ്രതികരിക്കാൻ ഇവർക്ക് ധൈര്യം ഇല്ല ! പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് ജനസേവനം ? എന്ത് സാമൂഹ്യ പ്രതിബദ്ധത ?

Read Also നിന്റെ കുഴികളിൽ വീഴാത്ത വണ്ടിയുണ്ടോ വീണ വണ്ടിയുടെ പാർട്ട്സ്‌ വല്ലോം ബാക്കിയുണ്ടോ

രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ

0
പൊപൗലു ഹവായ്‌ ദ്വീപുകളില്‍ വ്യാപകമായി കൃഷിചെയ്‌തുവരുന്ന ഇനമാണ്

കേരളത്തില്‍ എത്തിയ വിദേശിവാഴകളിലെ ഒരു ഇനമാണ്‌ പൊപൗലു (Popoulu) . ഇതിന്റെ കായ്കൾക്ക് കാഴ്ചയില്‍ പൂവന്‍ പഴത്തിനോടു സാമ്യമെങ്കിലും രുചിയിലും മണത്തിലും നേന്ത്രപഴത്തെപ്പോലെയാണ് . കറിക്കും ഉപ്പേരിക്കും പഴത്തിനുമെല്ലാം ബഹുകേമൻ.

ആറുവർഷം മുൻപ് ‌ കേരള കാര്‍ഷികസര്‍വകലാശാലയുടെ തൃശൂര്‍ കണ്ണാറ വാഴഗവേഷണകേന്ദ്രത്തില്‍ നടത്തിയ പരീക്ഷണത്തിൽ കേരളത്തിൽ ഇത് നന്നായി വളരുമെന്ന് കണ്ടത്തി. പൊപൗലു ഹവായ്‌ ദ്വീപുകളില്‍ വ്യാപകമായി കൃഷിചെയ്‌തുവരുന്ന ഇനമാണ് . കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം

നേന്ത്രന്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന വാഴ ഇനമാണ്‌ പൊപൗലു. തൂക്കത്തില്‍ നേന്ത്രനേക്കാൾ മികച്ചുനിൽകും .നേന്ത്രന് 10-12 കിലോഗ്രാം ഉള്ളപ്പോൾ പൊപൗലു ‌ 20-25 കിലോഗ്രാം തൂക്കം ലഭിക്കും. തടിച്ചുരുണ്ട ആകൃതിയാണ്‌ കായ്‌കള്‍ക്ക്‌. നേന്ത്രകായ്‌കളുടെ അത്രയും വലുപ്പമില്ല.

നേന്ത്രന്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന വാഴ ഇനമാണ്‌ പൊപൗലു

ചിപ്‌സ് നിര്‍മാണത്തിന്‌ നേന്ത്രനേക്കാൾ മികച്ചതാണ്‌ പൊപൗലു . നേന്ത്രനെക്കാള്‍ കുടുതല്‍ ചിപ്സ് കിട്ടുമെന്നതിനാല്‍ കായ് വറുക്കുന്നവര്‍ കുടുതല്‍ ഇഷ്ടപ്പെടും. നേന്ത്രന്‍ ഇനങ്ങളെക്കാള്‍ സോഫ്‌റ്റ് ആയ ചിപ്‌സും ലഭിക്കും. നല്ല പൊരിപൊരിപ്പും, രുചിയും. യാതൊരു നിറവും ചേര്‍ക്കാതെ തന്നെ നല്ല മഞ്ഞ നിറമുള്ള ചിപ്സ് ഉണ്ടാക്കാമെന്നതാണ് പൊപൗലുവിന്‍റെ മെച്ചം. നേന്ത്രനുള്ള പോഷകമൂല്യവും ഔഷധഗുണങ്ങളും പൊപൗലു ഇനത്തിനുമുണ്ട്‌. കറിയ്ക്കും പഴമായും ഉപയോഗിക്കാം.

12-14 അടിവരെ ഉയരത്തില്‍ വളരും. ഊന്ന്‌ കൊടുക്കേണ്ടിവരില്ല. ‌ നേന്ത്രന്‍ ഇനങ്ങളില്‍ കുല വന്ന്‌ 90-95 ദിവസങ്ങള്‍ക്കുള്ളില്‍ മൂപ്പെത്തുമ്പോള്‍ പൊപൗലു ഇനം കുലവന്ന്‌ 65-70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന്‌ പാകമാകും. നേന്ത്രന്‍ ഇനങ്ങളില്‍ 5-6 പടലകള്‍ കാണുമ്പോള്‍ ഇതില്‍ 8-9 പടലകള്‍ കാണും. ശരാശരി 70-75 കായ്‌കള്‍.

തൂക്കത്തില്‍ നേന്ത്രനേക്കാൾ മികച്ചുനിൽകും പൊപൗലു

പഴത്തിന്റെ തൊലിക്ക്‌ നേന്ത്രപഴത്തിന്റെ തൊലിയേക്കാള്‍ കട്ടി കുറവാണ്‌. ഭാഗികമായ തണലിലും വളരുമെന്നതിനാല്‍ ഇടവിളയായി കൃഷിചെയ്യാം. രോഗപ്രതിരോധ ശേഷിയും കൂടുതലാണ്‌ . കുറഞ്ഞ ജല ഉപയോഗം അഥവാ ഉയര്‍ന്ന നിരക്കിലുള്ള ജലവിനിയോഗശേഷി ഈ ഇനത്തിന്റെ പ്രത്യേകതയാണ്‌.

ആഗസ്‌റ്റ് ആദ്യം കൃഷിചെയ്‌ത് മെയ്‌ ആദ്യ പകുതിയോടെ വിളവെടുക്കാം. കാര്യമായ രോഗകീടബാധകളൊന്നും ഉണ്ടാകാറില്ല. നേന്ത്രനേപ്പോലെ കന്നു പറിച്ചു നട്ട് കൃഷി ചെയ്യാം. വേണമെങ്കില്‍ അവിടെത്തന്നെ കന്നുകള്‍ വളരാന്‍ അനുവദിച്ചാലും നല്ല വിളവുണ്ടാകും.

Read Also നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

Read Also അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്

Read Also കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം

Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം

പാലായിൽ തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും തൊടുപുഴയിൽ ജോസഫിന് സീറ്റ് കിട്ടിയേതീരൂന്ന് പറഞ്ഞ് യുദ്ധത്തിനിറങ്ങിയ ആളാ മാണിസാർ

0
വളരും തോറും തളരും പാർട്ടി

തൊടുപുഴ: ”കണ്ടിടം നിരങ്ങി കയറിവന്നപ്പോൾ ചായ്‌പിൽ ഒടിച്ചുകുത്താൻ ഇടം തന്നതാ മാണി സാർ . 2011 ൽ തൊടുപുഴ സീറ്റ് വിട്ടുതരില്ലെന്ന് കോർ കോൺഗ്രസ്സുകാർ വാശിപിടിച്ചപ്പോൾ “പാലായിൽ തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും വേണ്ടില്ല, തൊടുപുഴയിൽ ജോസപ്പിന് സീറ്റ് വേണ”മെന്ന് പറഞ്ഞ് യുദ്ധത്തിനിറങ്ങിയ ആളാ മാണിസാർ. എന്നിട്ടിപ്പോ ആ മാണിസാറിന്റെ പുത്രന് ഒരാവശ്യം വന്നപ്പോ കൂടെ നിന്നില്ലെങ്കിൽ അത് മോശമാണ് കേട്ടോ. കുടുംബവാഴ്ച, മക്കൾ രാഷ്ട്രീയം എന്നൊക്കെയാണ് ന്യായീകരണങ്ങൾ എങ്കിൽ അത് ചെയ്യാത്ത ആരുണ്ടിവിടെ? ഭാവിയിൽ നിങ്ങളും ചെയ്യില്ലേ? കുടുംബത്തിന് പുറത്തുള്ള സ്ഥാനാർത്ഥി വന്നിട്ടും ചിഹ്നം വിട്ടുകൊടുക്കാതെ പിടിവാശി കാണിക്കുന്നത് ബാലിശമാണേ..”

2019 ൽ പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയായിരുന്ന ടോം പുലിക്കുന്നേലിന്‌
രണ്ടില ചിഹ്നം നൽകാതെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ പി ജെ ജോസഫിനെപ്പറ്റി ഷോബിൻ അലക്സ് മാളിയേക്കൽ അന്ന് ഫേസ് ബുക്കിൽ കുറിച്ചതാണ് മുകളിലെ വരികൾ. ഇപ്പോൾ രണ്ടില നഷ്ടമായി അണ്ടികളഞ്ഞ അണ്ണാനെപ്പോലെ നിൽക്കുന്ന ഔസേപ്പച്ചനെ നോക്കി ആർത്താർത്ത് ചിരിക്കുകയാണ് ടോം ജോസും ജോസ് കെ മാണിയും.

കയ്യിൽ സ്വന്തമായുണ്ടായിരുന്ന സൈക്കിൾ വലിച്ചെറിഞ്ഞിട്ട് നിരുപാധികം മാണിഗ്രൂപ്പിൽ ലയിച്ച്‌ , മാണിസാറിനെ നേതാവായി സ്വീകരിച്ചു ആ വീട്ടിലെ അല്ലറചില്ലറ പണികൾ ചെയ്ത് അടങ്ങി ഒതുങ്ങി കഴിഞ്ഞതായിരുന്നു ഔസേപ്പച്ചൻ. വീട്ടുടമ മരിച്ചപ്പോഴാണ് ഔസേപ്പച്ചനിലെ അവകാശബോധം സടകുടഞ്ഞ് എഴുന്നേറ്റത് . ഗൃഹനാഥൻ മരിച്ച സ്ഥിതിക്ക് ഇനി വീടിന്റെ അവകാശം ഔസേപ്പച്ചനല്ലിയോ എന്ന് കൂടെനിന്നവർ ചോദിച്ചപ്പോൾ അതുശരിയാണല്ലോ എന്ന് നിഷ്കളങ്കനായ ഔസേപ്പിനും തോന്നിയതിൽ അതിശയിക്കാനില്ല . ഹരീന്ദ്രൻ ഒരു നിഷ്‍കളങ്കൻ എന്നാണല്ലോ ഔസേപ്പിനെപ്പറ്റി പൊതുവെ പറയുന്നത്.

വീടിന്റെ ആധാരം കൈക്കലാക്കി പൊക്കിക്കാണിച്ചിട്ട് മാണികോൺഗ്രസിന്റെ അവകാശി ഇനി താനാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു ഔസേപ്പച്ചൻ. ശക്തിതെളിയിക്കാൻ മുൻപ് പലകാരണങ്ങളാൽ വഴിപിരിഞ്ഞു പോയ നേതാക്കന്മാരെയും തിരിച്ചുവിളിച്ചു മാണി തറവാട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചു . മാണിക്കൊപ്പം നിന്ന ചിലർകൂടി ജോസഫിന്റെ കൂടെവന്നു പിന്തുണച്ചപ്പോൾ ഔസേപ്പച്ചന്റെ വീര്യം കൂടി . ആരെന്തുപറഞ്ഞാലും തറവാടിന്റെ ആധാരം ജോസ്‌കെ മാണിക്ക് വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ അതോടെ ഔസേപ്പ് ഉറച്ചുനിന്നു. യുഡിഎഫ് പിന്തുണയും ഔസേപ്പിനായിരുന്നു. പിന്തുടർച്ചാവകാശ പ്രകാരം തനിക്ക് കിട്ടേണ്ട ആധാരം ജോസഫ് തട്ടിയെടുത്തതിനെതിരെ മാണിയുടെ മകൻ ജോസ് കെ മാണി കേന്ദ്ര ഇലക്ഷൻ കമ്മീഷനെ സമീപിച്ചു . കേരള കോൺഗ്രസ് ഒരു കുടുംബ പാർട്ടിയാണെന്നു മനസിലായതുകൊണ്ടാകാം ഇലക്ഷൻ കമ്മീഷൻ രണ്ടില ചിഹ്നം ( വീടിന്റെ ആധാരം ) ജോസ് കെ മണിക്ക് അവകാശപ്പെട്ടതാണെന്ന് വിധി എഴുതിയത് .

ജോസ് കെ മാണി കൊണ്ടുപോയി രണ്ടില തിരിച്ചുപിടിക്കുമെന്നു വീമ്പിളക്കി ഞെളിഞ്ഞു നിൽക്കുകയാണ് ഔസേപ്പ് ഇപ്പോൾ. പോയ ഇല തിരിച്ചുപിടിക്കാൻ നോക്കാതെ കക്ഷത്തിലിരിക്കുന്ന എം എൽ എ സ്ഥാനം പോകാതെ നോക്ക് മനുഷ്യാ എന്നാണ് ഇപ്പോൾ ജോസഫിന്റെ ഭാര്യപോലും പറയുന്നതെന്നാണ് ജോസ് വിഭാഗം ആളുകൾ പരിഹസിക്കുന്നത് .

ജോസഫിനെ തള്ളി ജോസ് ‌കെ മാണിയെ കൂടെ നിറുത്താൻ യുഡിഎഫിലും നീക്കം തുടങ്ങിയതോടെ പരുങ്ങലിലായിരിക്കയാണ് ജോസഫ് വിഭാഗത്തിലെ നേതാക്കന്മാരുടെ നില. സംഗതി പന്തിയല്ലെന്ന് കണ്ടപ്പോൾ കൂട്ടത്തിൽ നിൽക്കുന്ന പലരും മറുകണ്ടം ചാടാൻ തയ്യാറായി നിൽക്കുന്നു എന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. അല്ലെങ്കിലും കേരള കോൺഗ്രസുകാരുടെ പ്രശ്നം ആശയപരമല്ലല്ലോ ആമാശയപരമല്ലേ . അരനൂറ്റാണ്ടിനുള്ളിൽ 21 പ്രാവശ്യം പ്രസവിച്ച കേരളകോൺഗ്രസിന്റെ അടുത്ത പ്രസവം ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടാകുമോ എന്ന് മാത്രമേ രാഷ്ട്രീയ നിരീക്ഷകർക്ക് ഇപ്പോൾ സംശയമുള്ളൂ .

2019 സെപ്റ്റംബർ 4 ന് ഷോബിൻ അലക്സ് മാളിയേക്കൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ

പാലായിൽ ജോസ് പുലിക്കുന്നേലിനെ എതിർക്കും, കണ്ടത്തിൽ ജോസഫിനുവേണ്ടി പ്രാർത്ഥിക്കും, ജോസ് കെ മാണിയ്ക്കിട്ട് പാരപണിയും, യുഡിഎഫിനുവേണ്ടി പ്രവർത്തിക്കും, രണ്ടില കെട്ടിപ്പിടിച്ച് കിടന്നുറങ്ങും..!

എതെന്നതാ ഔസേപ്പച്ചായോ.. എവിടേലും ഒന്ന് ഉറച്ച് നിൽക്കരുതോ??

കണ്ടിടം നിരങ്ങി കയറിവന്നപ്പോൾ ചായ്‌പിൽ ഒടിച്ചുകുത്താൻ ഇടം തന്നതാ മാണി സാർ . 2011 ൽ തൊടുപുഴ സീറ്റ് വിട്ടുതരില്ലെന്ന് കോർ കോൺഗ്രസ്സുകാർ വാശിപിടിച്ചപ്പോൾ “പാലായിൽ തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും വേണ്ടില്ല, തൊടുപുഴയിൽ ജോസപ്പിന് സീറ്റ് വേണ”മെന്ന് പറഞ്ഞ് യുദ്ധത്തിനിറങ്ങിയ ആളാ മാണിസാർ. എന്നിട്ടിപ്പോ ആ മാണിസാറിന്റെ പുത്രന് ഒരാവശ്യം വന്നപ്പോ കൂടെ നിന്നില്ലെങ്കിൽ അത് മോശമാണ് കേട്ടോ. കുടുംബവാഴ്ച, മക്കൾ രാഷ്ട്രീയം എന്നൊക്കെയാണ് ന്യായീകരണങ്ങൾ എങ്കിൽ അത് ചെയ്യാത്ത ആരുണ്ടിവിടെ? ഭാവിയിൽ നിങ്ങളും ചെയ്യില്ലേ? കുടുംബത്തിന് പുറത്തുള്ള സ്ഥാനാർത്ഥി വന്നിട്ടും ചിഹ്നം വിട്ടുകൊടുക്കാതെ പിടിവാശി കാണിക്കുന്നത് ബാലിശമാണേ..

സ്തുതിപാടകരുടെ വാക്ക് കേട്ടിട്ടാണ് ഈ തോന്നാബുദ്ധി എങ്കിൽ, ഒരാപത്ത് വന്നാൽ ഇവരാരും കൂടെ കാണില്ല.. നിങ്ങൾ ആളൊരു കിടിലമാണ് സമ്മതിച്ചു.. പക്ഷെ ജനത്തെ വെറുപ്പിക്കല്ലേ, അവരാണ് നിങ്ങളെയൊക്കെ വോട്ട് തന്ന് എംഎൽഎയും മന്ത്രിയുമൊക്കെ ആക്കുന്നത്…

ഇതിപ്പോ ഒരു ചിഹ്നത്തിന്റെ വിഷയമല്ലേ… ആ കണ്ടത്തിൽ വിമതനേ ചെവിയേൽ പിടിച്ച് പുറത്തേയ്ക്ക് കളഞ്ഞിട്ട് ആ ചിഹ്നമങ്ങ് വിട്ട് കൊടുക്കന്ന്.. ഒന്നുമല്ലേലും നമ്മുടെ മാണിസാറിന്റെ പയ്യനല്ലേ.

Read Also രണ്ടില തിരിച്ച് പിടിക്കും. ജോസ് വിഭാഗത്തെ യുഡിഎഫിലെടുക്കില്ലെന്നും പി ജെ ജോസഫ്

ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി

0
ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സർക്കാർ സ്ഥാനക്കയറ്റം നല്‍കി

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് എ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സർക്കാർ സ്ഥാനക്കയറ്റം നല്‍കി. എവിടെ നിയമിക്കണം എന്ന് പിന്നീട് തീരുമാനിക്കും. പിണറായിയുടെ ഇഷ്ടക്കാരനായ തച്ചങ്കരിക്ക് പൊലീസ് വിഭാഗത്തിന് പുറത്തു സുപ്രധാനമായ ഏതെങ്കിലും പദവി ലഭിക്കുമെന്നാണ് സൂചന.

റോഡ് സേഫ്റ്റി കമ്മീഷണര്‍ ശേഖര്‍ റെഡ്ഢി ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ടോമിന്‍ ജെ തച്ചങ്കരിയെ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു.

കണ്ണൂര്‍ റേഞ്ച് ഐജി, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷത്തെ സേവന കാലാവധിയാണ് ഇനി ടോമിന്‍ ജെ തച്ചങ്കരിക്ക് ഉള്ളത് . അടുത്ത വര്‍ഷം ജൂണില്‍ ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി. സീനിയർ ഉദ്യോഗസ്ഥനെന്ന നിലയിൽ തച്ചങ്കരി രണ്ടുവർഷം പോലീസ് തലപ്പത്ത് ഇരുന്നു ക്രമസമാധാന ചുമതല നിർവഹിക്കും . ഭരണം മാറിയാലും തച്ചങ്കരിയെ അവഗണിക്കാൻ സാധ്യതയില്ല . ഇരുമുന്നണിയിലെയും ഉന്നത നേതാക്കളിൽ പലരും തച്ചങ്കരിയുടെ അടുത്ത സുഹൃത്തുക്കളാണ് .

രണ്ടില തിരിച്ച് പിടിക്കും. ജോസ് വിഭാഗത്തെ യുഡിഎഫിലെടുക്കില്ലെന്നും പി ജെ ജോസഫ്.

0
രണ്ടില തിരിച്ച് പിടിക്കും. ജോസ് വിഭാഗത്തെ യുഡിഎഫിലെടുക്കില്ലെന്നും പി ജെ ജോസഫ്

തൊടുപുഴ: നഷ്ടപ്പെട്ടുപോയ രണ്ടില തിരിച്ച് പിടിക്കുമെന്നും ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലെടുക്കില്ലെന്ന് പി ജെ ജോസഫ് എം എൽ എ . ജോസ് വിഭാഗം മുന്നണിയിൽ നിന്ന് സ്വമേധയാ പുറത്ത് പോയതാണ്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് വിധി വരുന്നതിനു മുൻപെ യുഡിഎഫ് യോഗം മാറ്റിയത് അറിയിച്ചിരുന്നുവെന്നും പിജെ ജോസഫ് വ്യക്തമാക്കി.

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കൈവശം ഇരുന്ന ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി നിയമപരമല്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇത് സംബന്ധിച്ച കോടതി വിധി പരിഗണിക്കാതെയാണ് തീരുമാനം. നിയമപരമായി നേരിടുമെന്നും ചിഹ്നം തിരിച്ച് പിടിക്കുമെന്നും ജോസഫ് വ്യക്തമാക്കി ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക കാലം എടുക്കില്ലെന്ന മുന്നറിയിപ്പും ജോസ് കെ മാണി വിഭാഗത്തിന് നൽകി.

ജോസ് വിഭാഗത്തെ മുന്നണിയിൽ തിരിച്ചെടുക്കില്ലെന്ന് യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തിൽ ഇനി ഒരു മാറ്റവും ഇല്ലെന്നും പി ജെ പറഞ്ഞു. വിപ്പ് ലംഘനത്തിന് ജോസ് വിഭാഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്നും പി ജെ ജോസഫ് പറഞ്ഞു

Read Also തിരുവോണദിനം ജോസ് കെ മാണിക്ക് പാൽപായസം

നിന്റെ കുഴികളിൽ വീഴാത്ത വണ്ടിയുണ്ടോ വീണ വണ്ടിയുടെ പാർട്ട്സ്‌ വല്ലോം ബാക്കിയുണ്ടോ ?

0
തൊടുപുഴ നഗരസഭയുടെ ലോറി സ്റ്റാൻഡിൽ ചെളിക്കുഴിയിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഡിപ്പോ

തൊടുപുഴ: 90 ശതമാനം പണികളും പൂർത്തിയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉദ്ഘാടനം നടത്താതെ തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ ഇപ്പോഴും അനാഥമായി കിടക്കുന്നു. തൊടുപുഴക്കാരുടെ ഒരു ഗതികേട് നോക്കൂ .

കെഎസ്ആർടിസിയുടെ പുതിയ ഡിപ്പോയുടെ ഉദ്ഘാടനം ഉടൻ നടത്തുമെന്നു പ്രഖ്യാപിച്ച ഡയറക്ടർ ബോർഡ് അംഗവും മറ്റ് അധികൃതരും മുങ്ങാംകുഴിയിട്ടിട്ട് വർഷം മൂന്നായി.

തൊടുപുഴ നഗരസഭയുടെ ലോറി സ്റ്റാൻഡിൽ ചെളിക്കുഴിയിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഡിപ്പോ പഴയ സ്ഥലത്തേക്ക് മാറ്റാൻ സർക്കാർ ഒരു നടപടിയും ഇനിയും സ്വീകരിച്ചിട്ടില്ല. (പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ട് ഉടനെ ഒരു ഉദ്ഘടാനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നേതാക്കന്മാർ പരക്കം പായുന്നു എന്ന് കേൾക്കുന്നു )

രണ്ടുവർഷം മുൻപ് ജൂലൈയിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സി.വി.വർഗീസും, അധികൃതരും പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചതാണ് ആ വർഷം നവംബറിൽ തന്നെ പണികൾ പൂർത്തീകരിച്ച് തൊടുപുഴ ഡിപ്പോ ഉദ്ഘാടനം ചെയ്യുമെന്ന്. എന്നാൽ പ്രഖ്യാപനം നടത്തി രണ്ടു വർഷമായിട്ടും ഡിപ്പോ പ്രവർത്തനം തുടങ്ങിയില്ല.
.
നാല് വർഷം മുൻപ് കരാറുകാർ കെഎസ്ആർടിസിക്ക് കെട്ടിടം പണി പൂർത്തീകരിച്ച്‌ കൈമാറി. പിന്നീട് കെഎസ്ആർടിസി നേരിട്ടാണ് ഡിപ്പോയുടെ ബാക്കി പണികൾ നടത്തിയത് .

ഇപ്പോൾ നഗരസഭയുടെ പഴയ ലോറി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഡിപ്പോയിൽ അസൗകര്യങ്ങൾ മൂലം യാത്രക്കാരും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു. മഴക്കാലത്ത് സ്റ്റാൻഡ് ചെളിക്കുളം ആണ്. യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ പോലും സൗകര്യമില്ല. പുതിയ ഡിപ്പോ പ്രവർത്തന സജ്ജമായാൽ നൂറുകണക്കിനു ബസുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യം ലഭിക്കും. എന്നാൽ ഇതിനൊന്നും ശ്രമിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് തൊടുപുഴയിൽ .

മുൻപ് പി ജെ ജോസഫിനെ തോൽപ്പിച്ചു തൊടുപുഴയിൽ പി ടി തോമസ് എം എൽ എയായി വന്നപ്പോൾ മിനി സിവിൽ സ്റ്റേഷൻ പണിയാൻ പഴയപ്രൈവറ്റ് ബസ്റ്റാൻഡിന്റെ പിൻഭാഗത്ത് പൈൽ അടിച്ചു കമ്പി താഴ്ത്തിയിരുന്നു. മുക്കാൽ കോടി രൂപയാണ് അന്ന് മണ്ണിൽ കുഴിച്ചിട്ടത്. തുടർന്ന് വന്ന ഇലക്ഷനിൽ പി ജെ ജോസഫ് എം എൽ എ യായി വീണ്ടും വന്നപ്പോൾ പി ടി കൊണ്ടുവന്ന പദ്ധതി എന്ന ഒറ്റക്കാരണത്താൽ അത് ഉപേക്ഷിച്ചു വേറെ സ്ഥലത്ത് സിവിൽ സ്റേഷൻ പണിതു. 75 ലക്ഷം രൂപ തുരുമ്പുപിടിച്ചു ഇപ്പോഴും മണ്ണിനടിയിൽ കിടക്കുന്നു. ആ സ്ഥലം വേറെ ആവശ്യത്തിനായി വിട്ടുകൊടുത്തു ഇപ്പോൾ . പൊതുജനങ്ങളുടെ മുക്കാൽ കോടി കണ്ണിൽക്കൂടി പോയി എന്ന് ചുരുക്കം.

രാഷ്ട്രീയ പ്രതിയോഗിയോടുള്ള വൈരാഗ്യത്തിൽ പൊതു ജനങ്ങളുടെ നികുതിപ്പണമാണ് ഇവർ എടുത്തു പാഴാക്കിക്കളയുന്നതെന്ന വസ്തുത ഈ നേതാക്കന്മാർ മനസിലാക്കാഞ്ഞിട്ടാണോ ? അല്ല. പണത്തേക്കാൾ വലുത് പാർട്ടിയുടെ രാഷ്ട്രീയ നേട്ടമാണ് എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. പണം പൊതുജനങ്ങളുടെയല്ലേ . അവർക്കു നഷ്ടമില്ലല്ലോ.

ഇപ്പോൾ തൊടുപുഴ കെ എസ് ആർ ടിസിയുടെ കാര്യവും ഇതുപോലെ തന്നെ . പി ജെ ജോസഫിന് അതിന്റെ രാഷ്ട്രീയനേട്ടം കിട്ടാതിരിക്കാൻ ഭരണകക്ഷിക്കാർ പണി ഉഴപ്പി കയ്യുംകെട്ടി ഇരിക്കുന്നു എന്നാണു പി ജെ വിഭാഗം ആരോപിക്കുന്നത്. ഇവരുടെ ഗുസ്തിയിൽ ദുരിതം അനുഭവിക്കുന്നതോ പൊതുജനങ്ങളും!

രാജമലയിലെ ദുരന്തഭൂമിയിൽ മകന്റെ മൃതദേഹം തപ്പി ഒരു പിതാവ് ഉണ്ണാതെ ഉറങ്ങാതെ ..

0
ദുരന്തഭൂമിയിൽ മകന്റെ മൃതദേഹം തപ്പി ഒരു പിതാവ്

മൂന്നാർ : ” എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എന്റെ രണ്ട് മക്കളെയും മണ്ണ് കൊണ്ടുപോയി. മൂത്തമകന്റെ മൃതദേഹംപോലും തിരിച്ചു തന്നില്ല . അവന്റെ മൃതശരീരം ഒന്ന് കാണാൻ എങ്കിലും പറ്റിയിരുന്നെങ്കിൽ ! അവനെ ഒന്ന് കാണാതെ എനിക്കെങ്ങനെ ഉറങ്ങാനാവും ?” ഒരച്ഛന്റെ കണ്ണീരിൽ കുതിർന്ന ഈ ചോദ്യത്തിൽ ആർക്കു അവരെ അശ്വസിപ്പിക്കാനാവും ?

പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ എന്നും മകന്റെ മൃതദേഹം തപ്പി നടക്കുന്ന ഒരച്ഛന്റെ ദൃശ്യം ആരുടെയും കണ്ണ് നനയിക്കും. രക്ഷാസംഘം തെരച്ചില്‍ അവസാനിപ്പിച്ച് പോയെങ്കിലും ഷണ്മുഖൻ ഇനിയും തിരച്ചിൽ നിറുത്തിയിട്ടില്ല . എന്നും രാവിലെ മുതൽ ഇരുട്ടുവോളം മകന്റെ ശവശരീരം തപ്പിദുരന്തഭൂമിയിൽ ഇറങ്ങും ഈ അച്ഛന്‍.

പെട്ടിമുടി മണ്ണിടിച്ചിലിൽ ഷണ്മുഖന്റെ രണ്ടു മക്കളും കൊല്ലപ്പെട്ടു . ഇളയമകന്റെ മൃതദേഹം കിട്ടി. ഇരുപത്തിരണ്ടുകാരനായ മൂത്തമകന്‍ ദിനേഷ്‌കുമാറിന്റെ മൃതദേഹം തേടിയാണ് ഈ അച്ഛന്‍ ഇപ്പോള്‍ നടക്കുന്നത്. വന്യമൃഗങ്ങൾ ഇറങ്ങുന്ന പൂതക്കുഴിയും കയങ്ങളും പാറകളും നിറഞ്ഞ പെട്ടിമുടിപ്പുഴയും കടന്ന് കാട്ടിനുള്ളിലാണ് ഈ പിതാവ് മൃതദേഹം തപ്പി നടക്കുന്നത് . കൂടെ ചില ബന്ധുക്കളും നാട്ടുകാരും. . മൂന്നാറില്‍ താമസിക്കുന്ന ഷണ്മുഖന്റെ മക്കള്‍ രണ്ടുപേരും വല്യച്ഛന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിന് വന്നപ്പോഴാണ് ദുരന്തമുണ്ടായത്.

പെട്ടിമുടി ദുരന്തത്തിൽ കാണാതായ എഴുപതുപേരിൽ 65 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. ബാക്കിയുള്ളവ കണ്ടെത്താനായില്ല. സർക്കാർ തിരച്ചിൽ അവസാനിപ്പിച്ചു പിൻവാങ്ങി . കഴിഞ്ഞ ഓണത്തിന് ആഘോഷതി മിർപ്പിലായിരുന്ന പെട്ടിമുടി ഇന്ന് ശൂന്യമാണ്, മൂകമാണ് .

Read Also കളിക്കൂട്ടുകാരിയുടെ ശവശരീരം കണ്ടതും ‘കുവി’ തളർന്നു വീണു !

Read Also ധനുഷ്കയുടെ ‘കുവി’യെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഡോഗ് സ്ക്വാഡ് ട്രെയിനർ അജിത് മാധവൻ

ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ ? ആശങ്കയോടെ ലോകം!

0
ലോകാവസാനനിലവറ

ഒരു വശത്ത് കൊറോണ മനുഷ്യരെ വിഴുങ്ങാൻ വായ്‌പൊളിച്ചു നിൽക്കുമ്പോൾ മറുവശത്ത് ആഗോള താപനം മൂലമുള്ള കാലാവസ്ഥ വ്യതിയാനം മനുഷ്യകുലത്തിന് ഭീഷണിയാകുന്നു. കടുത്ത ചൂടിനെ തുടന്നുണ്ടാകുന്ന മഞ്ഞുരുകൽ മൂലം ആഗോള വിത്ത് സംരക്ഷണ കേന്ദ്രമായ ലോകാവസാന നിലവറയുടെ നിലനിൽപ്പ് ഇപ്പോൾ ആശങ്കയിലാക്കുന്നു എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.

ലോകാവസാന നിലവറ സ്ഥിതിചെയ്യുന്ന നോർവേയിലെ സ്വാൽബേർഡ് പ്രവിശ്യയിൽ ജൂലൈ അവസാന ആഴ്ചയിൽ ചൂട് 21.7 മുതൽ 23 ഡിഗ്രി വരെ രേഖപ്പെടുത്തി. മുൻപ് ആ മേഖലയിൽ ജൂലൈ അവസാനം 8 മുതൽ 10 ഡിഗ്രി വരെ മാത്രം ആയിരുന്നു ചൂട്.

ലോകാവസാനനിലവറ : പ്രളയത്തിനുശേഷം ഭൂമിയിൽ പുതുജീവൻ സൃഷ്ടിക്കാൻ മനുഷ്യൻ ഒരുക്കിവച്ചിരിക്കുന്ന ഒരു വിത്തുകേന്ദ്രം

എന്താണ് ലോകാവസാന നിലവറ ?

ഒരു മഹാപ്രളയത്തിൽ ലോകം മുഴുവൻ മുങ്ങി, അതു വരെ ഭൂമിയിൽ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളും നശിച്ചു പോകുന്ന അവസ്ഥയിൽ എത്തിയാൽ, ലോകത്തിലുള്ള എല്ലാ വിത്തിനങ്ങളും സൂക്ഷിച്ചു വച്ച് പ്രളയത്തെ നേരിടാൻ മനുഷ്യർ ഒരുക്കിയ സംവിധാനമാണ് ലോകാവസാന നിലവറ. പ്രളയത്തിനുശേഷം ഭൂമിയിൽ പുതുജീവൻ സൃഷ്ടിക്കാൻ മനുഷ്യൻ ഒരുക്കിവച്ചിരിക്കുന്ന ഒരു വിത്തുകേന്ദ്രം .

നോഹയുടെ പേടകം ഒരു വിത്ത് നിലവറയായി മാറിയത് ബൈബിളിൽ വായിച്ചിട്ടുണ്ട്. പ്രളയം മുന്നിൽകണ്ട് ലോകത്തെ ജീവികളുടെ വിത്തുകൾ, അല്ലെങ്കിൽ സാമ്പിളുകൾ പ്രത്യേകം തയാറാക്കിയ പെട്ടകത്തിൽ കയറ്റി. ലോകത്തെ മൊത്തം നശിപ്പിച്ച പ്രളയം വന്നിട്ടും എല്ലാം വീണ്ടെടുക്കാൻ നോഹയ്ക്ക് സാധിച്ചെന്നാണ് വിശ്വാസം. അതിനു സമാനമാണ് ‘ലോകാവസാന നിലവറ’ (Doomsday vault) എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഗ്ലോബല്‍ സീഡ്‌ വാൾട്ട് ‘ (Global Seed Vault) നു രൂപം കൊടുത്തിട്ടുള്ളത്

ഉത്തര ധ്രുവത്തിലെ സ്വാൽബേർഡ് പ്രവിശ്യയിലെ ലോങ്ഇയർബിനിലെ മലമടക്കുകളിലാണ് വിത്തുകളുടെ ഈ രഹസ്യ കലവറ.

നോർവേയുടെ വടക്കു ഭാഗത്തായി ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വടക്കു ഭാഗത്തു മനുഷ്യവാസമുള്ള, മഞ്ഞുകൊണ്ട് മൂടിയ ദ്വീപ്. നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ നിന്നും മൂന്ന് മണിക്കൂർ പറന്നാൽ , ഉത്തര ധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന ലോങ്ങ്ഇയർ ബിൻ വിമാനത്താവളത്തിൽ എത്താം. വർഷത്തിൽ രണ്ടോ മൂന്നോ മാസം മാത്രം വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന ഒരു വിമാനത്താവളം. ബാക്കിയുള്ള സമയം മുഴുവൻ കനത്ത മഞ്ഞു മൂടി കിടക്കുന്ന സ്ഥലം. മൈനസ് 20 ഡിഗ്രിയിൽ ഊഷ്മാവ് ഉള്ള സ്ഥലം. സൂര്യൻ അസ്തമിക്കാത്ത അല്ലെങ്കിൽ പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഭൂപ്രദേശം.

ആ സ്ഥലമാണ് ജൂലൈ അവസാനം ശരാശരി 21 ഡിഗ്രി താപനില എത്തി നിൽക്കുന്നത് എന്നോർക്കുക . 1986 ലെ മാർച്ചിൽ −46.3 °C രേഖപ്പെടുത്തിയ അവസ്ഥയിൽ നിന്നും കഴിഞ്ഞ ജൂലൈ മാസം 23.0 °C വരെ താപനില ഉയർന്നു എന്നത് ഞെട്ടിക്കുന്നതാണ് . അവിടെയാണ് ലോകാവസാന നിലവറ സജ്ജീകരിച്ചിരിക്കുന്നത് .

വിമാനത്തിൽ മുകളിൽ നിന്ന് നോക്കുമ്പോൾ കാണാം ഒരു വലിയ മലയെ കീറിമുറിച്ച് മതിലു പോലെ തോന്നിക്കുന്ന ഒരു വലിയ കെട്ടിടം . ചുറ്റും മഞ്ഞുമൂടി കിടക്കുന്നു. ഗ്ലോബൽ സീഡ് വോൾട്ട് സ്വാൽ ബേർഡ് എന്നെഴുതിയ ഒരു വലിയ ബോർഡ്‌ അവിടെ കാണാം . അവിടെയാണ് നോഹയുടെ പെട്ടകം പോലെ വിത്തുകളുടെ കലവറ.

ലോകത്തെ ഭൂരിഭാഗം വിത്തിനങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

നോർവേ സർക്കാരിന്റെ സാമ്പത്തിക സഹായത്താൽ ഗ്ലോബല്‍ ക്രോപ്പ്‌ ഡൈവേഴ്‌സിറ്റി ട്രസ്റ്റാണ് (GCDT) ഇത്തരമൊരു നിലവറ ഉണ്ടാക്കിയത് . ഭൂമിയിലെ വിത്തുകളെല്ലാം വർഷങ്ങളോളം കേടുവരാതെ സൂക്ഷിക്കുകയാണ് ‘ലോകാവസാന നിലവറ’യുടെ പ്രധാന ലക്ഷ്യം. ലോകത്തെ ഭൂരിഭാഗം വിത്തിനങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

2008 ലാണ് വിത്തുബാങ്ക് തുടങ്ങിയത് . സ്‌പിറ്റ്‌സ് ‌ബെർജൻ ദ്വീപിലെ കുന്നിനുള്ളിൽ ഏകദേശം 120 മീറ്റര്‍ അകത്തായാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . പ്രളയം, ഭൂകമ്പം, ഉൽക്ക പതനം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തത്തെയും യുദ്ധം , ബോംബ് സ്‌ഫോടനങ്ങൾ തുടങ്ങിയവയെയും പ്രതിരോധിക്കാൻ പറ്റുന്ന രീതിയിലാണ് രൂപകൽപ്പന . ലോകത്തെ ഏറ്റവും നൂതനമായ സുരക്ഷാസംവിധാനങ്ങളാണ് വിത്തുബാങ്കിൽ ഒരുക്കിയിട്ടുള്ളത്. മൂന്നു പാളികളുള്ള ഊർപ്പം തട്ടാത്ത പ്രത്യേക കവറുകളിലാണ് വിത്തുകൾ സൂക്ഷിച്ചിക്കുന്നത്. ഒരു സാംപിളിൽ ഒരിനത്തിന്റെ അഞ്ഞൂറു വിത്തുകൾ വീതമാണ് സൂക്ഷിച്ചിരിക്കുന്നത്. 45 ലക്ഷം വിത്തുകൾ സൂക്ഷിക്കാൻ വിത്തുബാങ്കിന് ശേഷിയുണ്ട്.

മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ചാണ് വിത്തുകൾ സൂക്ഷിച്ചിരിക്കുന്നത്. സമീപപ്രദേശത്തു നിന്നുള്ള കൽക്കരി ഉപയോഗിച്ച് വിത്തു ബാങ്കിന്റെ താപനില സംരക്ഷണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നു .

ഭൂമി തകർന്നാലും ഭാവി ജനതയ്ക്ക് വീണ്ടും കൃഷിതുടരാനുള്ള ലക്ഷ്യമാണ് ഇതിന്റെ ഉദ്ദേശ്യം. 71 രാജ്യങ്ങളിലെ ജീൻ ബാങ്കുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വിത്ത് ബാങ്ക് ഇതിനോടകം 83,393 വിളകളെ സംരക്ഷിച്ചിട്ടുണ്ട്. അതായത് ഗ്ലോബൽ സീഡ് ബാങ്കിൽ ഇടം ലഭിച്ചില്ലായിരുന്നെങ്കിൽ ഈ വിളകൾ അന്യം നിന്നു പോയേനെ എണ്ണുചുരുക്കം . 2017വരെ വിത്തുബാങ്കിൽ 9.30 ലക്ഷം വിത്തിനങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. ഏകദേശം 13,000 വർഷങ്ങളിലെ കാർഷികചരിത്രമാണ് ഈ വിത്തുകളിലുള്ളത്.

നോഹയുടെ പെട്ടകം പോലെ വിത്തുകളുടെ കലവറ

ലോകത്തിലെ മിക്ക രാഷ്ട്രങ്ങൾക്കും അവരവരുടേതായ രഹസ്യ വിത്തു നിലവറകൾ ഉണ്ട്. ഇവരുടെയെല്ലാം സഹായത്തോടെയാണ് ലോകനിലവറയിൽ ഇത്രയും വിത്തുകൾ ശേഖരിച്ചുവച്ചത്. നമ്മുടെ രാജ്യവും ഇതിൽ പങ്കാളിയാണ്. രാജ്യത്തെ വിത്തു സൂക്ഷിക്കുന്ന ഇന്റർ നാഷണൽ ക്രോപ്സ്‌ റിസേര്ച്ച് ഇന്സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ദി സെമി – ആരിഡ്‌ ട്രോപിക്‌സി (ICRISAT) പദ്ധതിയുടെ ഭാഗമായി‌ ഒരു ലക്ഷത്തോളം വിത്തുകളാണ് ഇന്ത്യയിൽ നിന്നു നൽകിയത്.

ഈ നിലവറയിൽ ആരും ജോലി ചെയ്യുന്നില്ല. മോഷന്‍ ഡിറ്റെക്ടറുകളുടെയും കാമറകളുടെയും സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. നാലു വാതിലുകളാണ് ഉള്ളത്. ഓട്ടോമാറ്റിക് ലോക്കിങ് സംവിധാനമുള്ള താക്കോലുകൾ കൊണ്ടാണ് വാതിലുകൾ പൂട്ടിയിരിക്കുന്നത്.

പത്തു മാസത്തോളം ഇവിടെ ശരാശരി മൈനസ് 18 ഡിഗ്രി സെൽഷ്യസ് തണുപ്പാണ്. നിലവറയിൽ താപനില സംരക്ഷണ സംവിധാനങ്ങൾ ഇല്ലാതായാലും 1000 വർഷത്തോളം വിത്തുകൾ കേടുവരാതെ സൂക്ഷിക്കാനാകും. എന്നാൽ 2017 ൽ ഉത്തരധ്രുവത്തിൽ ആദ്യമായി താപനില ഉയർന്നതിനെ തുടർന്ന് മഞ്ഞുരുകി ഗ്ലോബൽ സീഡ് വോൾട്ടിനുള്ളിൽ വെള്ളം കയറി വലിയ നഷ്ടങ്ങൾ ഉണ്ടായി.

‘ലോകാവസാന നിലവറ’ നിർമിച്ചതിനു ശേഷം ആദ്യമായി തുറന്നത് 2015 ൽ ആണ്. 2012 ൽ സിറിയയിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് മറ്റൊരു വിത്ത് നിലവറ കേന്ദ്രമായ ഐസിഎആർഡിഎ ( International Center for Agricultural Research in Dry Areas) അലെപ്പോയിൽ നിന്ന് ബെയ്‌റൂട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ വിലപ്പെട്ട പലവിത്തിനങ്ങളും അവർക്ക് നഷ്ടമായി. നഷ്ടപ്പെട്ട വിത്തുകൾക്കായി ലോകാവസാനനിലവറയുടെ സഹായം തേടി അവർ . ലോകാവസാന നിലവറയിലേക്ക് 325 വിത്തുകളുടെ പെട്ടികളാണ് ഐസിഎആർഡിഎ നൽകിയിരുന്നത്. ഇതിൽ നിന്ന് 130 പെട്ടി കളാണ് അവരുടെ ആവശ്യപ്രകാരം തിരിച്ചു കൊണ്ട് പോയത്.

ഉത്തര ധ്രുവത്തിലെ സ്വാൽബേർഡ് പ്രവിശ്യയിൽ ഓരോ വർഷവും കൂടി കൊണ്ടിരിക്കുന്ന ചൂടിൽ ഈ നിലവറ സുരക്ഷിതമാണോ എന്ന കാര്യം ഇതിന്റെ നിയന്ത്രിതാക്കളെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നുണ്ട് .

Read Also മലകളെ വിഴുങ്ങുന്ന ഭൂതങ്ങൾ; മരിച്ചുകൊണ്ടിരിക്കുന്ന മലനാട്

Read Also ജാതികൃഷിയിൽ അത്ഭുതം സൃഷ്ടിച്ച പുന്നത്താനത്ത് വർക്കി

Read Also മലകളെ വിഴുങ്ങുന്ന ഭൂതങ്ങൾ; മരിച്ചുകൊണ്ടിരിക്കുന്ന മലനാട്

Read Also ഇലഞ്ഞിപ്പൂമണമൊഴുകി വരും

Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം

രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു. അവർ പരസ്പരം കാണുന്ന സമയമാണ് ഉച്ചസമയം.

0

“അത് സെർവെൻറ്സ് ഒന്നും അല്ല. അവർ ഭാര്യഭർത്താക്കന്മാർ ആണ്. അവർക്ക് രണ്ട് പെൺമക്കളാണ്. രണ്ടുമക്കളെയും പഠിപ്പിച്ചു.സർക്കാർ ഉദ്യോഗസ്ഥർ ആക്കി. സ്ഥലവും വീടും കൊടുത്തു. ഓരോ സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് വിവാഹവും കഴിപ്പിച്ചു. രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു. മൂത്ത മകളുടെ കൂടെ അമ്മ, രണ്ടാമത്തെ മകളുടെ കൂടെ അച്ഛൻ. അവർ പരസ്പരം കാണുന്ന സമയമാണ് ഉച്ചസമയം.” അമ്മയുടെ മറുപടി കേട്ട് ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയതു പോലെ ആയി.
മേരി ജോസി മലയിൽ (തിരുവനന്തപുരം) ഫേസ് ബുക്കിൽ പങ്കുവച്ച അനുഭവക്കുറിപ്പ് ഹൃദ്യമായി .

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

47 വർഷം ഒരുമിച്ച് ജീവിച്ച ദമ്പതികളുടെ ബന്ധം പിരിക്കാൻ തുടങ്ങിയ മക്കളെ പേടിച്ച് 77 വയസ്സുകാരനായ ഷംസുദ്ദീൻ മിയയും 65 വയസ്സുകാരിയായ രേഖ ബീഗവും ഒളിച്ചോടിയ വാർത്ത ഇന്ന് ഫേസ്ബുക്കിൽ വായിച്ചപ്പോൾ ഏകദേശം ഇതിനു സമാനമായ ഒരു അനുഭവകഥ എൻറെ ഓർമയിലേക്ക് വന്നു.

എൺപതുകളുടെ അവസാനം. ഞാൻ പ്രസവത്തിനായി തിരുവനന്തപുരത്തെത്തി. അപ്പോഴേക്കും അച്ഛനുമമ്മയും മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. ഉറക്കവും റസ്റ്റ്‌ എടുക്കലും ടീവി കാണലുമൊക്കെയായി സമയം കളയുകയായിരുന്നു ഞാൻ. ടിവിയിൽ ഇന്നത്തെ പോലെ പല ചാനലുകൾ ഒന്നും ഇല്ല. വൈകുന്നേരം മാത്രം ചില ഹിന്ദി സീരിയലുകൾ കാണാം. അങ്ങനെ ഒരു ദിവസം ഉച്ചമയക്കത്തിനിടയിലാണ് വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന രണ്ട് കമിതാക്കളുടെ സ്വരം ഞാൻ കേട്ടത്.

“അംബിക ഇന്ന് രാവിലത്തെ ഭക്ഷണം തന്നില്ല അല്ലേ? ഞാൻ പറഞ്ഞിട്ടില്ലേ, ബ്രഷ് വച്ച് ഒന്നും പല്ലുതേക്കണ്ട, ഉമിക്കരി ആണ് ബെസ്റ്റ് എന്ന്. ഇപ്പോൾ എന്തായി? “

കാമുകൻറെ മറുപടി. “എനിക്ക് കണ്ണ് കാണുമോ, ഞാനെൻറെ ബ്രഷ് എന്ന് കരുതി പല്ലു തേച്ചത് അംബികയുടെ ബ്രഷ് കൊണ്ടായിരുന്നു. അതിൻറെ ശിക്ഷ ആയിട്ടാണ് ഇന്ന് രാവിലത്തെ ഭക്ഷണം കട്ട് ചെയ്തത്. “

കാമുകൻ അന്ധൻ ആണെന്ന് മനസ്സിലായി എനിക്ക്. ബ്രഷ് മുറിയിൽതന്നെ വെച്ചിട്ടു പല്ലുതേക്കുന്ന സമയത്ത് മാത്രം എടുത്തു കൊണ്ടു വന്നാൽ പ്രശ്നം തീരും എന്ന് പറഞ്ഞു കാമുകി ആശ്വസിപ്പിക്കുന്നുണ്ട്. പിന്നെ എന്തൊക്കെയോ കരുതിവെച്ച ഭക്ഷണം കാമുകന് കൊടുക്കുന്നുണ്ട്.

എൻറെ മുറിയുടെ ജനാല ഞാൻ പതുക്കെ തുറന്നു. കാമുകീ കാമുകന്മാരെ ഒന്ന് കാണാനുള്ള ആകാംക്ഷ അത്രയ്ക്കുണ്ടായിരുന്നു എനിക്ക്. അപ്പോഴാണ് മനസ്സിലായത് 2 വൃദ്ധരായ മനുഷ്യരാണെന്ന്. വൃദ്ധൻ കരയുന്നു, വൃദ്ധ ആശ്വസിപ്പിക്കുന്നു. എന്റെ തലവെട്ടം കണ്ടതും രണ്ടുപേരും രണ്ടു വഴിക്ക് പോയി. രണ്ടുപേരും മുഷിഞ്ഞതും പിന്നി തുടങ്ങിയതും ആയ വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്. ഞാൻ വലിയൊരു കണ്ടുപിടുത്തം നടത്തിയതു പോലെ അമ്മയോട് പറഞ്ഞു.

“അമ്മേ, ഇപ്പുറത്തെ വീട്ടിലെ മെയിൽ സെർവെൻറ് നമ്മുടെ വീടിൻറെ മുകളിൽ താമസിക്കുന്ന വീട്ടിലെ ഫീമെയിൽ സർവെവെന്റുമായി പ്രണയത്തിലാണ്. എല്ലാവരും ഉച്ചമയക്കത്തിന് പോകുന്ന സമയം ആണ് അവർ പ്രണയ സല്ലാപത്തിന് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടുപേരും അവരവർ നിൽക്കുന്ന വീടുകളിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ പരസ്പരം പങ്കു വയ്ക്കുന്ന സമയമാണ് അത്.”

“അത് സെർവെൻറ്സ് ഒന്നും അല്ല. അവർ ഭാര്യഭർത്താക്കന്മാർ ആണ്. അവർക്ക് രണ്ട് പെൺമക്കളാണ്. രണ്ടുമക്കളെയും പഠിപ്പിച്ചു.സർക്കാർ ഉദ്യോഗസ്ഥർ ആക്കി. സ്ഥലവും വീടും കൊടുത്തു. ഓരോ സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് വിവാഹവും കഴിപ്പിച്ചു. രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു. മൂത്ത മകളുടെ കൂടെ അമ്മ, രണ്ടാമത്തെ മകളുടെ കൂടെ അച്ഛൻ.അവർ പരസ്പരം കാണുന്ന സമയമാണ് ഉച്ചസമയം”

അമ്മയുടെ മറുപടി കേട്ട് ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയതു പോലെ ആയി.

ഇങ്ങനെ ഒരു അവസ്ഥാവിശേഷം ഉണ്ടായാലോ എന്ന് ഭയന്ന് ആകും ഷംസുദ്ദീനും ബീഗവും കൂടി ഒളിച്ചോടിയത്. ഒരാൾ മറ്റൊരാൾക്ക് താങ്ങും തണലും ആകേണ്ട സമയത്ത് രണ്ടുപേർക്കും മക്കൾ അനുവദിച്ചു തരുന്ന സമയത്തുമാത്രം, ജയിലിൽ സന്ദർശന സമയം അനുവദിച്ചു കിട്ടുന്നതുപോലെ കാണേണ്ട ഗതികേട് വേണ്ടെന്ന് തീരുമാനിച്ചു കാണും ആ ദമ്പതികൾ.

മേരി ജോസി മലയിൽ , തിരുവനന്തപുരം

തിരുവോണദിനം ജോസ് കെ മാണിക്ക് പാൽപായസം. ജോസഫിന് കൈപ്പുനീർ. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ്

0
രണ്ടില ചിഹ്നം കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്

ന്യൂഡൽഹി: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. അതേസമയം രണ്ടുകൂട്ടരെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ ചൂണ്ടിക്കാട്ടി.

ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു . മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെയും പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കുള്ള തിരിച്ചടിയാണ്. ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നും ജോസ് കെ.മാണി പറഞ്ഞു. പാലായിലെ തോല്‍വിക്ക് ചിഹ്നം ലഭിക്കാത്തത് കാരണമായെന്നും ജോസ് കെ.മാണി പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോസ് അറിയിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ നിയമപരമായും വസ്തുതാപരമായും നിരവധി പിശകുകൾ കടന്നു കൂടിയിട്ടുണ്ട് . ഒരു കമ്മീഷനംഗം എതിർപ്പ് രേഖപ്പെടുത്തുകയും പുനർവിചിന്തനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കമ്മീഷൻ്റെ പിഴവ് ചൂണ്ടിക്കാട്ടി അടിയന്തിരമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് പാർട്ടി തീരുമാനമെന്നും പി.ജെ ജോസഫ് പറഞ്ഞു . രണ്ടില ചിഹ്നം സംബന്ധിച്ച ഉത്തരവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പി.ജെ തൊടുപുഴയിൽ പറഞ്ഞു.