നെടുങ്കണ്ടം: രാജമല പെട്ടിമുടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ രണ്ടുവയസുകാരി ധനുഷ്കയുടെ മൃതശരീരം കണ്ടെത്തിയ വളർത്തുനായ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ജില്ലാ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ. അനുമതിക്കായി അജിത് ജില്ല കലക്ടറെ സമീപിച്ചിട്ടുണ്ട്.
ദുരന്ത സ്ഥലത്ത് തിരച്ചിലിനെത്തിയ ജില്ലാ പൊലീസ് സ്ക്വാഡിലെ അംഗമായ അജിത്തുമായി കുവി രണ്ട് ദിവസമായി ചങ്ങാത്തത്തിലാണ്.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അനുമതി കിട്ടിയാൽ കുവിയെ വീട്ടിൽ കൊണ്ടുപോയി സംരക്ഷിക്കാനാണ് അജിത്തിന്റെ ഉദ്ദേശ്യം . ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് സ്റ്റെഫിയുടെ ട്രെയിനറാണ് അജിത്.
കുവി വളർന്നു വന്ന വീട്ടിൽ ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ഇനി ജീവനോടെയുള്ളത്. ധനുഷ്കയോടുള്ള കുവിയുടെ സ്നേഹപ്രകടനം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
അപകടം നടന്ന പെട്ടിമുടിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്. പാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. മണം പിടിച്ചെത്തിയ വളർത്തു നായ രാവിലെ മുതൽ തന്നെ ഈ പ്രദേശത്ത് ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോസ്ഥർ അവിടെ തിരച്ചിൽ നടത്തുമ്പോഴാണ് കുവിയുടെ മൃതദേഹം കണ്ടത് .
Read Also കണ്ണീരൊഴുക്കിയുള്ള അവന്റെ കിടപ്പ് കണ്ടപ്പോൾ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും കണ്ണു നിറഞ്ഞു .