തൊടുപുഴ : ”നിന്റെ കുഴികളിൽ വീഴാത്ത വണ്ടിയുണ്ടോ.., വീണ വണ്ടിയുടെ പാർട്ട്സ് വല്ലോം ബാക്കിയുണ്ടോ ?” തൊടുപുഴയിലെ റോഡുകൾ കണ്ടിട്ട് ഒരു കവി പാടിയത് ഇങ്ങനെ.
വർഷങ്ങളായി കുണ്ടും കുഴിയുമായി കിടന്ന തൊടുപുഴ നഗരത്തിലെ റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഒരുവിധം ഗതാഗത യോഗ്യമാക്കിയിട്ട് ഒരുവർഷം പോലും ആയില്ല. ഇപ്പോൾ വീണ്ടും മരണക്കുഴികൾ രുപപ്പെട്ടിരിക്കുന്നു നഗരത്തിലെമ്പാടും .
കുഴികൾ ഉണ്ടായിട്ട് മാസങ്ങൾ ആയെങ്കിലും നികത്താൻ അധികൃതർ ഒരു നടപടിയും എടുക്കുന്നില്ല. കാഞ്ഞിരമറ്റം ബൈപാസിൽ കാഞ്ഞിരമറ്റം ജംക്‌ഷനിലാണ് റോഡിലെ ഏറ്റവും വലിയ കുഴി. ഇവിടെയുള്ള ട്രാഫിക് റൗണ്ടിലും കുഴികളുണ്ടായിട്ടു മാസങ്ങളായി. വാഹനയാത്രക്കാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ മാസം കുറച്ച് മെറ്റൽ ഇട്ടെങ്കിലും ഏതാനും ദിവസത്തിനകം പഴയപടിയായി. ഇപ്പോൾ വാഹന യാത്രക്കാരെ കുഴിയിൽ ചാടിക്കുന്ന അഗാധ ഗർത്തമാണ് റൗണ്ടിനു ചുറ്റും. ശരിയായി ടാർ ചേർക്കാതെയും മറ്റുമുള്ള ജോലി ആയതിനാൽ ദിവസങ്ങൾക്കകം വീണ്ടും റോഡ് പഴയ പടിയാകും. ഇത്തരത്തിൽ കുഴിയിൽ ഇടുന്ന മെറ്റൽ സമീപത്ത് ചിതറി കിടക്കുന്നത് ഇരു ചക്ര വാഹന യാത്രക്കാർക്കു ഭീഷണിയായിരിക്കയാണ് .
മുൻപ് റോഡ് അറ്റകുറ്റപ്പണി നടത്തി ടാറിട്ട ഭാഗം ചിലയിടത്തു വള്ളം പോലെയാണ് കിടക്കുന്നത് . പഴയ പുളിമൂട്ടിൽ കവല മുതൽ കാഞ്ഞിരമറ്റം കവല വരെ മെയിൻ റോഡിൽ സഞ്ചരിച്ചാൽ അത് കാണാം . വാട്ടർ അതോറിറ്റി പൈപ്പ് ഇടാൻ എടുത്ത കുഴികൾ മൂടിയിട്ട് ആ മണ്ണുറപ്പിക്കാതെ പുറമെ മെറ്റലിട്ട് ടാർ ചെയ്തതാണ് വിനയായത് . റോഡിനായി അനുവദിക്കുന്ന തുകയുടെ നാലിലൊന്നെങ്കിലും അതിനായി ചെലവഴിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നെന്നു യാത്രക്കാർ പറയുന്നു.
തൊടുപുഴക്കാർക്ക് ഈ കഞ്ഞിയും വറ്റും മതിയെന്നാണ് ഭരണക്കാരുടെയും ജനപ്രതിനിധികളുടെയും തീരുമാനമെങ്കിൽ ആരോട് പരാതി പറയാൻ! സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്ഷമയും സഹനശേഷിയുമുള്ള ജനതയ്ക്കു അവാർഡ് കൊടുക്കുന്നെങ്കിൽ അത് തൊടുപുഴക്കാർക്ക് തന്നെ കൊടുക്കണം !
റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു പ്രതികരിച്ചതിന് കലിപൂണ്ട് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഊച്ചാളി നേതാക്കന്മാരുള്ള നാടാണ് തൊടുപുഴ. മുഖ്യധാരാ പാർട്ടികൾ ആരും തൊടുപുഴ ബസ്റ്റാൻഡിന്റെയും റോഡുകളുടെയും ശോച്യാവസ്ഥയിൽ പ്രതികരിക്കുന്നില്ല എന്നത് സങ്കടകരമാണ്.
ജനരോഷം വർധിച്ചപ്പോൾ കെ എസ് ആർ ടി സി ബസ്റ്റാൻഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജനവിഭാഗം കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴയിൽ ഒരു പ്രകടനം നടത്തി . തൊടുപുഴ ആലക്കോട് റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ മുൻപ് സോഷ്യൽ മീഡിയയിൽ ഒരാൾ പോസ്റ്റിട്ടപ്പോൾ അയാളുടെ വീട്ടിൽ കയറിച്ചെന്നു അയാളെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ലോക്കൽ നേതാവിരുന്നു ആ പ്രകടനത്തെ നയിച്ചത് എന്നതാണ് വിചിത്രവും രസകരവുമായ കാര്യം. ബസ്റ്റാൻഡ് ഉടനെ മാറുമെങ്കിൽ അത് തങ്ങളുടെ പ്രതിഷേധം കണ്ടു ഭയന്ന് മാറ്റിയതാണെന്നു അവകാശപ്പെടാനായിരുന്നു ഈ ജാഥാ നാടകം . എന്നാൽ ബസ്റ്റാൻഡ് ഇപ്പോഴും പഴയസ്ഥലത്തുതന്നെ .
ഇതുപോലെ എത്രയോ നാടകങ്ങൾ കണ്ടു ചിരിച്ചവരാണ് തൊടുപുഴക്കാർ .
പാർട്ടിയുടെ അടിമയായി പോയതുകൊണ്ട് പ്രതികരിക്കാനാവാതെ, വണ്ടി ഗട്ടറിൽ വീഴുമ്പോൾ വേദന കടിച്ചമർത്തി വൈകുന്നേരം കുഴമ്പിട്ട് ചൂടുവെള്ളത്തിൽ കുളിക്കുന്ന ചിലരെ അറിയാം. വേദന സ്വന്തം നടുവിനാണ് അല്ലാതെ പാർട്ടിക്കോ നേതാവിനോ അല്ല എന്നുമനസ്സിലാക്കി പ്രതികരിക്കാൻ ഇവർക്ക് ധൈര്യം ഇല്ല ! പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് ജനസേവനം ? എന്ത് സാമൂഹ്യ പ്രതിബദ്ധത ?
Read Also നിന്റെ കുഴികളിൽ വീഴാത്ത വണ്ടിയുണ്ടോ വീണ വണ്ടിയുടെ പാർട്ട്സ് വല്ലോം ബാക്കിയുണ്ടോ