ന്യൂഡൽഹി: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. അതേസമയം രണ്ടുകൂട്ടരെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ ചൂണ്ടിക്കാട്ടി.
ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു . മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെയും പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കുള്ള തിരിച്ചടിയാണ്. ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നും ജോസ് കെ.മാണി പറഞ്ഞു. പാലായിലെ തോല്‍വിക്ക് ചിഹ്നം ലഭിക്കാത്തത് കാരണമായെന്നും ജോസ് കെ.മാണി പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോസ് അറിയിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ നിയമപരമായും വസ്തുതാപരമായും നിരവധി പിശകുകൾ കടന്നു കൂടിയിട്ടുണ്ട് . ഒരു കമ്മീഷനംഗം എതിർപ്പ് രേഖപ്പെടുത്തുകയും പുനർവിചിന്തനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കമ്മീഷൻ്റെ പിഴവ് ചൂണ്ടിക്കാട്ടി അടിയന്തിരമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് പാർട്ടി തീരുമാനമെന്നും പി.ജെ ജോസഫ് പറഞ്ഞു . രണ്ടില ചിഹ്നം സംബന്ധിച്ച ഉത്തരവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പി.ജെ തൊടുപുഴയിൽ പറഞ്ഞു.