തൊടുപുഴ: 90 ശതമാനം പണികളും പൂർത്തിയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉദ്ഘാടനം നടത്താതെ തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ ഇപ്പോഴും അനാഥമായി കിടക്കുന്നു. തൊടുപുഴക്കാരുടെ ഒരു ഗതികേട് നോക്കൂ .
കെഎസ്ആർടിസിയുടെ പുതിയ ഡിപ്പോയുടെ ഉദ്ഘാടനം ഉടൻ നടത്തുമെന്നു പ്രഖ്യാപിച്ച ഡയറക്ടർ ബോർഡ് അംഗവും മറ്റ് അധികൃതരും മുങ്ങാംകുഴിയിട്ടിട്ട് വർഷം മൂന്നായി.
തൊടുപുഴ നഗരസഭയുടെ ലോറി സ്റ്റാൻഡിൽ ചെളിക്കുഴിയിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഡിപ്പോ പഴയ സ്ഥലത്തേക്ക് മാറ്റാൻ സർക്കാർ ഒരു നടപടിയും ഇനിയും സ്വീകരിച്ചിട്ടില്ല. (പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ട് ഉടനെ ഒരു ഉദ്ഘടാനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നേതാക്കന്മാർ പരക്കം പായുന്നു എന്ന് കേൾക്കുന്നു )
രണ്ടുവർഷം മുൻപ് ജൂലൈയിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സി.വി.വർഗീസും, അധികൃതരും പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചതാണ് ആ വർഷം നവംബറിൽ തന്നെ പണികൾ പൂർത്തീകരിച്ച് തൊടുപുഴ ഡിപ്പോ ഉദ്ഘാടനം ചെയ്യുമെന്ന്. എന്നാൽ പ്രഖ്യാപനം നടത്തി രണ്ടു വർഷമായിട്ടും ഡിപ്പോ പ്രവർത്തനം തുടങ്ങിയില്ല.
.
നാല് വർഷം മുൻപ് കരാറുകാർ കെഎസ്ആർടിസിക്ക് കെട്ടിടം പണി പൂർത്തീകരിച്ച് കൈമാറി. പിന്നീട് കെഎസ്ആർടിസി നേരിട്ടാണ് ഡിപ്പോയുടെ ബാക്കി പണികൾ നടത്തിയത് .
ഇപ്പോൾ നഗരസഭയുടെ പഴയ ലോറി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഡിപ്പോയിൽ അസൗകര്യങ്ങൾ മൂലം യാത്രക്കാരും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു. മഴക്കാലത്ത് സ്റ്റാൻഡ് ചെളിക്കുളം ആണ്. യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ പോലും സൗകര്യമില്ല. പുതിയ ഡിപ്പോ പ്രവർത്തന സജ്ജമായാൽ നൂറുകണക്കിനു ബസുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യം ലഭിക്കും. എന്നാൽ ഇതിനൊന്നും ശ്രമിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് തൊടുപുഴയിൽ .
മുൻപ് പി ജെ ജോസഫിനെ തോൽപ്പിച്ചു തൊടുപുഴയിൽ പി ടി തോമസ് എം എൽ എയായി വന്നപ്പോൾ മിനി സിവിൽ സ്റ്റേഷൻ പണിയാൻ പഴയപ്രൈവറ്റ് ബസ്റ്റാൻഡിന്റെ പിൻഭാഗത്ത് പൈൽ അടിച്ചു കമ്പി താഴ്ത്തിയിരുന്നു. മുക്കാൽ കോടി രൂപയാണ് അന്ന് മണ്ണിൽ കുഴിച്ചിട്ടത്. തുടർന്ന് വന്ന ഇലക്ഷനിൽ പി ജെ ജോസഫ് എം എൽ എ യായി വീണ്ടും വന്നപ്പോൾ പി ടി കൊണ്ടുവന്ന പദ്ധതി എന്ന ഒറ്റക്കാരണത്താൽ അത് ഉപേക്ഷിച്ചു വേറെ സ്ഥലത്ത് സിവിൽ സ്റേഷൻ പണിതു. 75 ലക്ഷം രൂപ തുരുമ്പുപിടിച്ചു ഇപ്പോഴും മണ്ണിനടിയിൽ കിടക്കുന്നു. ആ സ്ഥലം വേറെ ആവശ്യത്തിനായി വിട്ടുകൊടുത്തു ഇപ്പോൾ . പൊതുജനങ്ങളുടെ മുക്കാൽ കോടി കണ്ണിൽക്കൂടി പോയി എന്ന് ചുരുക്കം.
രാഷ്ട്രീയ പ്രതിയോഗിയോടുള്ള വൈരാഗ്യത്തിൽ പൊതു ജനങ്ങളുടെ നികുതിപ്പണമാണ് ഇവർ എടുത്തു പാഴാക്കിക്കളയുന്നതെന്ന വസ്തുത ഈ നേതാക്കന്മാർ മനസിലാക്കാഞ്ഞിട്ടാണോ ? അല്ല. പണത്തേക്കാൾ വലുത് പാർട്ടിയുടെ രാഷ്ട്രീയ നേട്ടമാണ് എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. പണം പൊതുജനങ്ങളുടെയല്ലേ . അവർക്കു നഷ്ടമില്ലല്ലോ.
ഇപ്പോൾ തൊടുപുഴ കെ എസ് ആർ ടിസിയുടെ കാര്യവും ഇതുപോലെ തന്നെ . പി ജെ ജോസഫിന് അതിന്റെ രാഷ്ട്രീയനേട്ടം കിട്ടാതിരിക്കാൻ ഭരണകക്ഷിക്കാർ പണി ഉഴപ്പി കയ്യുംകെട്ടി ഇരിക്കുന്നു എന്നാണു പി ജെ വിഭാഗം ആരോപിക്കുന്നത്. ഇവരുടെ ഗുസ്തിയിൽ ദുരിതം അനുഭവിക്കുന്നതോ പൊതുജനങ്ങളും!














































