Home Blog Page 33

കുറിയർ വിതരണത്തിന് എത്തിയ യുവാവിനെ ഗുണ്ടസംഘം മർദ്ദിച്ചു; 41000 രൂപ നഷ്ടമായി

0
കുറിയർ വിതരണത്തിന് എത്തിയ യുവാവിനെ ഗുണ്ടസംഘം മർദ്ദിച്ചു

തൊടുപുഴ ∙ കുറിയർ വിതരണത്തിന് എത്തിയ കലയന്താനി സ്വദേശിയായ യുവാവിനെ മൂന്നംഗ സംഘം മർദിച്ച് പരുക്കേൽപിച്ച ശേഷം പണം കവർന്നതായി പരാതി. മർദ്ദനമേറ്റ കുഴിമാക്കൽ ഡാൽവിൻ കെ.ജോസിനെ(20) ആശുപതിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കീരികോട് കുരിശുപള്ളിക്കു സമീപമായിരുന്നു അതിക്രമം. മങ്ങാട്ടുകവലയിലെ കുറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഡാൽവിൻ കീരികോട് സ്വദേശിയുടെ പേരിൽ വന്ന പാഴ്സൽ നൽകുന്നതിനു പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. മേൽവിലാസക്കാരനെ ഫോൺ ചെയ്തപ്പോൾ ഇയാൾ ഇടവെട്ടി ഭാഗത്ത് ഉണ്ടെന്നും അവിടെ പാഴ്സൽ എത്തിക്കാനും ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോൾ തെക്കുംഭാഗത്തേക്കു വരാൻ ആവശ്യപ്പെട്ടു .

അവിടെ എത്തി വിളിച്ചപ്പോൾ കീരികോട് കുരിശുപള്ളിയുടെ അടുക്കൽ എത്താൻ പറഞ്ഞതായി ഡാൽവിൻ പറഞ്ഞു. കൃത്യമായ സ്ഥലം പറയാൻ ഡാൽവിൻ ആവശ്യപ്പെട്ടു. തുടർന്ന് കീരികോട് എത്തിയപ്പോൾ മൂന്നംഗ സംഘം എത്തി ഹെൽമറ്റ് ബലമായി ഊരി ഡാൽവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവത്രേ. ഒരാൾ ചുടുകട്ട കൊണ്ടും ഇടിച്ചതായി ഡാൽവിൻ പറഞ്ഞു.

പരുക്കേറ്റ ഡാൽവിൻ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇതിനിടെ ഡാൽവിന്റെ പഴ്സും കാണാതായി. ഇതിൽ കുറിയർ കലക്‌ഷൻ ആയി ലഭിച്ച 11,000 രൂപയും സ്വന്തമായി ഉണ്ടായിരുന്ന 30,000 രൂപയും നഷ്ടപ്പെട്ടതായി ഡാൽവിൻ പറഞ്ഞു.

ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡാൽവിൻ സ്വകാര്യ ആശുപത്രിയിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയനായി. സംഭവത്തിൽ കിഷോർ എന്നയാളെ പിടികൂടിയതായി പൊലീസ് പറഞ്ഞു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

പ്രാഗിലെ ചരിത്രപ്രസിദ്ധമായ ചാൾസ് പാലം

0
Prague is the capital and largest city in the Czech Republic

പ്രാഗിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് ചാൾസ് ബ്രിഡ്ജ്. മധ്യകാലഘട്ടത്തിലെ അവിശ്വസനീയമായ വാസ്തുവിദ്യയുടെയും നിർമാണ ഘടനയുടെ സമഗ്രതയുടെയും തെളിവായി അവശേഷിക്കുന്ന ചുരുക്കം ചില പാലങ്ങളിൽ ഒന്നാണ് ചാൾസ് പാലം.

ചെക്ക് റിപ്പബ്ലിക്കിൻ്റെ തലസ്ഥാന നഗരിയായ പ്രാഗിലെ വൾട്ടവ (Valtava) നദിക്കു കുറുകെയുള്ള ചരിത്ര പ്രസിദ്ധമായ പാലമാണ് ചാൾസ് ബ്രിഡ്ജ് അഥവാ ചെക്കു ഭാഷയിൽ കാർലോവ് മോസ്റ്റ് (Karluv most ) എന്ന പാലം. ഹോളി റോമൻ സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായിരുന്ന ചാൾസ് നാലാമൻ രാജാവ് തൻ്റെ സ്ഥാനാരോഹണത്തിൻ്റെ രണ്ടാ വർഷം 1357 ൽ ഈ പാലത്തിൻ്റെ നിർമ്മാണത്തിനു ആരംഭം കുറിച്ചു പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മാണം പൂർത്തിയായി. 1870 വരെ ഈ പാലം കല്ലുപാലം (Stone Bridge) അല്ലെങ്കിൽ പ്രാഗ് ബ്രിഡ്ജ് എന്നാണ് അറിയപ്പെട്ടിരുന്നത് പിന്നീട് ഈ പാലത്തിൻ്റെ പേര് ചാൾസ് ബ്രിഡ്ജ് എന്നായി മാറി. 1841 വരെ വൾട്ടാവ നദി മുറിച്ചുകടക്കുന്നതിനുള്ള ഏക മാർഗ്ഗമെന്ന നിലയിൽ, പ്രാഗ് കാസിലും പഴയ നഗരവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട ബന്ധമായിരുന്നു ചാൾസ് ബ്രിഡ്ജ്.

പാലത്തിലെ സംഖ്യാശാസ്ത്രം

ചെക്ക് റിപ്പബ്ലിക്കൻ പാരമ്പര്യമനുസരിച്ചു സംഖ്യാശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ചാൾസ് നാലാമൻ രാജാവ് 1357 ജൂലൈ 9 ന് പുലർച്ചെ 5:31 ന് ഈ പാലത്തിൻ്റെ നിർമ്മാണത്തിനു തറക്കല്ലിട്ടു. 1357 9, 7 5:31 എന്ന സംഖ്യ പാലിൻഡ്രോം ആയതിതിനാൽ പാലത്തിൻ്റെ ഉറപ്പിനെ ബലപ്പെടുത്തും എന്നു ചാൾസ് വിശ്വസിച്ചിരുന്നു. രണ്ടും വശത്തു നിന്നും ഒരു പോലെ വായിക്കാൻ കഴിയുന്ന വാക്കുകൾ സംഖ്യകൾ എന്നിവയ്ക്കാണ് പാലിൻഡ്രോം palindrome എന്നു വിളിക്കുന്നത്. 1357 നിർമ്മാണം ആരംഭിച്ച പാലം 45 വർഷത്തിനുശേഷം 1402 ൽ പൂർത്തീകരിച്ചു.

ചാൾസ് പാലത്തിലെ പ്രതിമകൾ

ചാൾസ് ബ്രിഡ്ജിൻ്റെ ഇരു വശങ്ങളിലുമായി മുപ്പതോളം പ്രതിമകളുണ്ട്. ചെക്ക് റിപ്പബ്ലിലിക്കിലെ വിവിധ സംഘടനകളും പ്രഭുക്കന്മാരും ആണ് 1683 നും 1714 നും ഇടയിൽ ഇവയിൽ ഭൂരിഭാഗം പ്രതിമകളും നിർമ്മിച്ചത്. 1402 പാലത്തിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ, വടക്ക് ഭാഗത്ത് ലളിതമായ ഒരു കുരിശു മാത്രമേ ഉണ്ടായിരുന്നുള്ളു. 1419-ൽ ജോൺ ഹുസ്സിൻ്റെ പ്രൊട്ടസ്റ്റന്റ് അനുയായികൾ കുരിശ് നശിപ്പിച്ചു. 1629 ലാണ് പകരം ഒരു കുരിശു നഗരസഭ വിണ്ടും സ്ഥാപിച്ചത് . പല പ്രതിമകളും യുദ്ധത്തിലോ വെള്ളപ്പൊക്കത്തിലോ നശിപ്പിക്കപ്പെട്ടു. ചെക്ക്-ജർമ്മൻ ശില്പിയായ ഇമ്മാനുവൽ മാക്സ് നിർമ്മിച്ച വിശുദ്ധ കുരിശിൻ്റെയും കാൽവരിയുടെയും ( The Cruifix and Calvary) അനുസ്മരണം പ്രസിദ്ധമാണ്. സ്ലാവു വംശജരുടെ അപ്പസ്തോലന്മാർ എന്നറിയപ്പെടുന്ന വിശുദ്ധ സിറിലിൻ്റെയും വി. മെത്തോഡിയോസിൻ്റെയും പ്രതിമകൾ മറ്റൊരു ആകർഷണമാണ്.

ചാൾസ് ബ്രിഡ്ജിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു ശില്പം കുമ്പസാര രഹസ്യം സൂക്ഷിക്കാനായി ആദ്യമായി രക്തസാക്ഷിയായ നേപ്പോമുക്കിലെ വി. ജോണിൻ്റേതാണ്. ശിരസ്സിനു ചുറ്റും അഞ്ച് സ്വർണ്ണ നക്ഷത്രവുമായി നിൽക്കുന്ന ഈ പ്രതിമ പ്രഷക ശ്രദ്ധ പെട്ടന്നാകർഷിക്കുന്നു. ഈ ശില്പ്പത്തിൻ്റെ അടിഭാഗത്തുള്ള രണ്ടു ഫലകങ്ങൾ നൂറ്റാണ്ടുകളായി എണ്ണമറ്റ ആളുകൾ സ്പർശിക്കുന്നതിനാൽ തിളങ്ങി ശോഭിക്കുന്നു ഒരു ഫലകത്തിൽ നദിയിലേക്കു വീഴുന്ന വി ജോണിനെ ചിത്രീകരിച്ചിരിക്കുന്നു, ഈ ഫലകത്തിൽ സ്പർശിക്കുന്നത് ഭാഗ്യം കൈവരിക്കുകയും പ്രാഗിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കുകയും ചെയ്യും എന്നാണ് വിനോദ സഞ്ചാരികളുടെ വിശ്വാസം. രണ്ടാമത്തെ ഫലകത്തിൽ , ഒരു നായയും സ്ത്രീയുമാണ്.

യഥാർത്ഥ പ്രതിമയ്‌ക്ക് കുറച്ച് മീറ്റർ മുമ്പ് പഴയ ടൗൺ സ്‌ക്വയറിലേക്ക് പോകുമ്പോൾ വൾട്ടവ നദിയിലേക്ക് എറിഞ്ഞ വിശുദ്ധനെ എറിഞ്ഞ സ്ഥലത്തു ഒരു ചെറിയ സ്വർണ്ണ കുരിശു സ്ഥാപിച്ചടുണ്ട്.

ആറു നൂറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന ചാൾസ് പാലം യുനസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന സ്മാരകം കൂടിയാണ്.

എഴുതിയത് ഫാ. ജയ്സൺ കുന്നേൽ mcbs

Read Also യാക്കോബായ സഭയ്ക്ക് പള്ളികൾ ഇല്ലാത്തിടത്ത് മലങ്കര കത്തോലിക്ക സഭയുടെ പള്ളികളും സെമിത്തേരികളും ഉപയോഗിക്കാം

ഓണക്കാലത്ത് മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ നീട്ടാൻ സർക്കാർ തീരുമാനം

0
കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞബന്ധരാണ്എൽ ഡി എഫ്

തിരുവനന്തപുരം : ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ നീട്ടാൻ സർക്കാർ തീരുമാനിച്ചു. ഓണക്കാലത്ത് രാവിലെ 9 മുതൽ രാത്രി 7 മണിവരെ മദ്യശാലകൾ പ്രവർത്തിക്കും. ഇപ്പോള്‍ വൈകിട്ട് 5 മണിവരെയാണ് പ്രവർത്തനം. ബാറുകളുടെ പ്രവർത്തസമയം 5 മണിവരെയായിരിക്കും.

സമയം നീട്ടിയതിലൂടെ ഓരോ മദ്യശാലയിലും 200 ടോക്കണുകൾ അധികം നൽകാനാകുമെന്ന് പറയുന്നു. ബെവ്ക്യൂ ആപ്പിലൂടെ ഓണക്കാലത്ത് എല്ലാദിവസവും ബുക്കിങ് നടത്താനാകും. ഇപ്പോൾ ഒരു തവണ ബുക്കു ചെയ്താൽ മൂന്നാമത്തെ ദിവസമേ അടുത്തത് ബുക്കു ചെയ്യാൻ കഴിയൂ.

ബവ്കോയുടെ 267 ഔട്ട്ലറ്റുകളിൽ ഒരു ദിവസം ശരാശരി 22 കോടി രൂപ മുതൽ 32 കോടി രൂപവരെയുള്ള കച്ചവടമാണ് നടക്കുന്നത്. കൺസ്യൂമർഫെഡിന്റെ വിൽപ്പന ശരാശരി 6 കോടി. സംസ്ഥാനത്ത് 612 ബാർ ഹോട്ടലുകളും 291 ബിയർ വൈൻ ഷോപ്പുകളുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

Read Also മാസ്ക് വച്ച് വ്യായാമം ചെയ്ത വ്യക്തി മരിച്ചെന്ന് കേട്ടല്ലോ?

ഇടുക്കി മെഡിക്കല്‍ കോളേജ് : ഒ.പി വിഭാഗത്തിന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 27 ന്

0
ഇടുക്കി മെഡിക്കല്‍ കോളേജ് : ഒ.പി വിഭാഗത്തിന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 27 ന്

ഇടുക്കി: ഗവ. മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുള്ള ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം 2020 ഓഗസ്റ്റ് 27 വ്യാഴാഴ്ച ഉച്ചക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന ക്യാന്റീനിന്റെ ശിലാസ്ഥാപനം ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിക്കും.

ഉദ്ഘാടനത്തോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ഒ.പി വിഭാഗവും കൂടാതെ സജ്ജീകരണം പൂര്‍ത്തിയായി വരുന്ന അത്യാഹിത വിഭാഗവും കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, ജില്ലയുടെ പ്രത്യേകിച്ച് ഹൈറേഞ്ചിന്റെ ആരോഗ്യമേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കും .

നിർമാണത്തിലിരുന്ന തലശേരി- മാഹി ബൈപ്പാസിലെ പാലത്തിന്റെ നാല് ബീമുകൾ തകർന്നു വീണു.

0
തലശേരി – മാഹി ബൈപാസില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു

കണ്ണൂർ: തലശേരി – മാഹി ബൈപാസില്‍ നിർമാണത്തിലിരുന്ന പാലത്തിന്റെ നാല് ബീമുകൾ തകർന്നു വീണു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബീമുകള്‍ തകര്‍ന്നുവീണത്. നിട്ടൂർ ബാലത്തിലാണ് പാലത്തിന്റെ  ബീമുകൾ തകർന്ന്. കാരണം വ്യക്തമായിട്ടില്ല.

പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകെകെ കണ്‍സ്ട്രക്ഷന്‍സിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല. 2018 ഒക്ടോബര്‍ 30നാണ് ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിക്കുന്നത്. 883 കോടി രൂപയാണ് നിര്‍മാണ ചെലവ്. 30 മാസത്തെ നിര്‍മാണ കാലാവധിയാണ് ഉള്ളത്. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് ബൈപാസ് നിര്‍മിക്കുന്നത്.

എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയല്ല മറിച്ച് ബീമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടായ അപകടമാണ് സംഭവത്തിന് കാരണമെന്ന് സ്ഥലം എംഎൽഎ എ.എൻ ഷംസീർ വ്യക്തമാക്കി.

സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയപാത അതോറിറ്റി റീജനൽ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എല്ലാവരും ഭക്ഷണത്തിനായി മാറിയത് മൂലം ആളപായം ഒഴിവായി. ധർമ്മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

2018 ഒക്ടോബര്‍ 30നാണ് തലശ്ശേരി- മാഹി ബൈപ്പാസിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിച്ചത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ പതിഞ്ചര കിലോമീറ്റര്‍ ദൂരമാണ് പുതിയതായി മാഹി ബൈപാസ് നിര്‍മിക്കുന്നത്.

യാക്കോബായസഭയ്ക്ക് പ്രാർത്ഥനക്കായി മലങ്കര കത്തോലിക്കസഭയുടെ ദേവാലയങ്ങൾ തുറന്നു നൽകാമെന്ന് കർദ്ദിനാൾ മാർ ക്‌ളീമിസ്

0
മലങ്കര കത്തോലിക്ക സഭ മേജർ ആർച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്‌ളീമിസ്

തിരുവനന്തപുരം : യാക്കോബായ വിശ്വാസികൾ സ്വന്തമായി ആരാധനാലയം ഉണ്ടാക്കുന്നത് വരെ അവർക്കു മലങ്കര കത്തോലിക്ക സഭയുടെ ദേവാലയങ്ങൾ പ്രാർത്ഥനക്കായി തുറന്നു നൽകാമെന്ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്‌ളീമിസ് ബാവ പറഞ്ഞു. സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ യാക്കോബായക്കാർക്കു ആരാധന മുടങ്ങാൻ പാടില്ല. ഇതിനു വേണ്ടി എല്ലാ ഭദ്രാസനാധിപന്മാരെയും ബാവ വിവരം അറിയിച്ചിട്ടുണ്ട്.

”സുപ്രീം കോടതി വിധിയെത്തുടർന്ന് യാക്കോബായ സഭക്ക്, മുളന്തുരുത്തി പള്ളി ഉൾപ്പെടെ പല ദേവാലയങ്ങളും ഈ അടുത്ത കാലത്ത് നഷ്ടപ്പെട്ടിരുന്നു. ഇത് വേദനയോടെ കാണുന്നു. മധ്യസ്ഥ ശ്രമങ്ങൾക്ക് ശ്രമിച്ചതാണെങ്കിലും സ്വീകരിക്കപ്പെടാതെപ്പോയി. ” ക്രിസ്തീയ സാക്ഷ്യം ആയ സാഹോദര്യം പൊതു സമൂഹത്തിനു മുമ്പിൽ നഷ്ടപ്പെടുന്നതിൽ ഖേദമുണ്ടെന്നും ബാവ കത്തിൽ സൂചിപ്പിച്ചു.

യാക്കോബായ സഭയും മലങ്കര കത്തോലിക്ക സഭയുമായി ലയന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ മാർ ക്ളീമിസ് സൂചിപ്പിച്ചിരുന്നു . യാക്കോബായ സഭയെ പൂർണമായി ഉൾകൊള്ളാമെന്നും എല്ലാ മെത്രാപ്പോലീത്താമാർക്കും അർഹിക്കുന്ന സ്ഥാനങ്ങൾ കൊടുക്കാമെന്നും ക്ലിമ്മിസ് ബാവ അന്ന് വാഗ്‌ദാനം ചെയ്തിരുന്നു.

പള്ളികൾ ഇല്ലാത്ത സ്ഥലങ്ങളിൽ മലങ്കര കത്തോലിക്ക സഭയുടെ പള്ളികളും സെമിത്തേരികളും ഉപയോഗിക്കാം . മറ്റുള്ള സ്ഥലങ്ങളിൽ കത്തോലിക്ക സഭയുടെ ചിലവിൽ പുതിയ പള്ളികൾ പണിതു നൽകാം . സ്വയം പര്യാപ്തവും സമ്പന്നവുമായ ധാരാളം സന്യാസ സമൂഹങ്ങൾ സഭക്ക് ഉണ്ട് . അവിടെ മെത്രാപ്പോലീത്താമാർക്കു മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുമെന്നും അന്ന് സൂചിപ്പിച്ചിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ചില വെല്ലുവിളികൾ ഉണ്ട് എന്നും ക്ളീമിസ് ബാവ പറഞ്ഞിരുന്നു . കത്തോലിക്ക വൈദികർ വിവാഹിതർ അല്ല . അതേസമയം യാക്കോബായ അച്ചന്മാർ വിവാഹിതർ ആണ് താനും . ഇക്കാര്യത്തിൽ സമവായ സാധ്യതകൾ ഉണ്ടെന്നും, മുൻപ് മാർ ഇവാനിയോസിന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയിൽ ചേർന്നപ്പോൾ ഇതേ പ്രശ്നം ലളിതമായി പരിഹരിച്ചതാണെന്നും ക്ളീമിസ് ബാവ പറഞ്ഞു .

മാത്രവുമല്ല ആഗോള കത്തോലിക്ക സഭ തന്നെ അച്ചന്മാർക്കു വിവാഹിതർ ആകാനുള്ള സാദ്ധ്യതകൾ പരിഗണിക്കുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. അധികം താമസിക്കാതെ കത്തോലിക്ക പുരോഹിതർക്ക് വിവാഹിതർ ആകാനുള്ള അനുവാദം നൽകി ഫ്രാൻസിസ് മാർപാപ്പ യുടെ കല്പന ഉണ്ടാകുവാനുള്ള സാധ്യതയും ഉണ്ട് .

യാക്കോബായ വിഭാഗത്തിലെ ഭൂരിപക്ഷം വിശ്വാസികൾക്കും മലങ്കര കത്തോലിക്ക സഭയോട് ചേരുന്നതിൽ താല്പര്യം ആണുള്ളത് . ബദ്ധശത്രു ആയ ഓർത്തഡോക്സ്‌കാരുമായി അഭിമാനം പണയം വച്ച് യോജിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും അഭികാമ്യം കത്തോലിക്ക സഭയുമായി ചേരുന്നത് ആണെന്ന് അവർ കരുതുന്നു . തങ്ങളെ പെരുവഴിയിൽ ആക്കിയ ഓർത്തഡോക്സ്‌ കാരുമായി ഒരു സമാധാനവും വേണ്ട എന്ന നിലപാട് ആണ് ഭൂരിപക്ഷം പേർക്കും.

Read Also കബറിടത്തിന്റെ അടുത്തെത്തി മരിയുടെ ചിത്രത്തിൽ തലോടി മരിയെ നിന്റെ വാൾട്ടറിതാ വന്നിരിക്കുന്നു എന്നു പറയും. പിന്നിടു മരിച്ച വിശ്വാസികൾക്കുള്ള പ്രാർത്ഥനയും ചൊല്ലി , സുഖമായി ഉറങ്ങി കൊള്ളുക, നാളെ വരാം എന്നു പറഞ്ഞു തിരികെ നടക്കും.

മത്തായിയുടെ മരണത്തിന്റെ അന്വേഷണം വേഗം ഏറ്റെടുക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദ്ദേശം.

0
മത്തായിയുടെ കേസിന്‍റെ അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദ്ദേശം

ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ അടിയന്തരമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസിന്റെ രേഖകള്‍ സിബി ഐക്ക് കൈമാറാന്‍ സംസ്ഥാന പോലിസിന് നിര്‍ദേശം നല്‍കി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആവശ്യമെങ്കില്‍ മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റു മോര്‍ട്ടം ചെയ്യാനും കോടതി സിബി ഐക്ക് അനുമതി നല്‍കി.ഇതിനു ശേഷം മൃതദേഹം സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനും നിർദ്ദേശിച്ചു .മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള നടപടിയാവശ്യപ്പെട്ട നല്‍കിയ പൊതുതാല്‍പര്യ ഹർജി ഇതോടെ ഹൈക്കോടതി തീര്‍പ്പാക്കി.

സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ജൂലൈ 28നാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മരണ വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനപാലകരെ സസ്പെന്‍ഡ് ചെയ്തിരുന്നു.എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ല. മത്തായിക്ക് നീതി കിട്ടുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം

Read Also മലയോരത്തു വീണ കർഷക രക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല.

നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

0
നാടൻ കൂണുകൾ

പണ്ട് കാലത്തു നമ്മുടെ പറമ്പുകളിൽ തനിയെ മുളച്ചു പൊന്തുന്ന കൂണുകൾ ധാരാളമായി ഉണ്ടായിരുന്നു.
പാവക്കൂൺ, കച്ചികൂൺ, അരിക്കൂൺ, ഉപ്പുകൂൺ , പെരുംകൂൺ, വെട്ടിക്കാടൻകൂൺ, പനംകുൺ, എന്നിവയാണ് കേരളത്തിൽ പ്രധാനമായി കാണപ്പെടുന്ന ഭക്ഷ്യയോഗ്യമായ കൂണുകൾ . ഇതിൽ രുചിയിൽ കേമൻ പാവക്കുണാണ് .

പാവക്കൂൺ അടുത്തടുത്ത് രണ്ടോ മൂന്നോ എണ്ണം സാധാരണയായി കാണപ്പെടുന്നു.ഒന്നുമാത്രമായും കാണപ്പെടുന്നു . പെരുംകൂൺ മഴയുള്ളപ്പോൾ വെളുപ്പു നിറത്തിൽ മൊട്ടും വിരിഞ്ഞതുമായി ഒരു പാടെണ്ണം ഉണ്ടാവും. വെട്ടിക്കാടൻ കൂൺ കാടുള്ള സ്ഥലങ്ങളിൽ മരങ്ങളുടെ ചുവട്ടിലായി കാണുന്ന ചിതൽപ്പുററിൽ കുറെയെണ്ണം ഉണ്ടാവും . അല്പം കറുപ്പുനിറം കൂടുതലുണ്ടാവും ഇതിന് . പനങ്കൂൺ പനയുടെ തടിയിലുണ്ടാവുന്നത്. ഏറ്റവും ചെറിയ കൂണാണ് അരികൂൺ . കറിയ്ക്കും സൂപ്പിനും ഇവൻ ഒന്നാന്തരം.

രുചിയിൽ കേമൻ പാവക്കൂൺ

ചെറുതും കൂട്ടമായും ഉണ്ടാകുന്ന ഉപ്പുകൂൺ വിരിഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഉപ്പ് വാരിവിതറിയപോലെ കാണപ്പെടുന്നതുകൊണ്ടാണ് ഉപ്പുകൂൺ എന്ന പേര് വന്നത്. ചിതൽ പുറ്റുകളിലും മറ്റും ഇത് ധാരാളം കണ്ടിരുന്നു . ചെറുതായതിനാൽ വൃത്തിയാക്കി ഒരുക്കി എടുക്കുന്നതിന് സമയം എടുക്കും .

പാടത്തെ കൊയ്ത്ത് കഴിഞ്ഞ് വയ്ക്കോൽ കൂട്ടിയിട്ടു കഴിയുമ്പോൾ അതിൽ ഉണ്ടാകുന്ന വൈക്കോൽ കൂണും ഭക്ഷ്യയോഗ്യമാണ്.

കീടനാശിനികളും കളനാശിനികളും പ്രയോഗിക്കാത്ത, ധാരാളം ഇലകളും മരങ്ങളും, ജൈവവസ്തുക്കളും അലിഞ്ഞു ചേർന്ന മണ്ണിലാണ് സമൃദ്ധമായി കൂണുകളുണ്ടാകുന്നത് . മഴ കഴിഞ്ഞുള്ള പ്രഭാതങ്ങളിൽ പറമ്പിൽ കൂൺ കൂട്ടമായി പൊന്തി വിടർന്നു നില്ക്കുന്നതു കാണാൻ നല്ല ഭംഗിയാണ് . അമ്മച്ചിമാരെ ഹരം കൊള്ളിക്കുന്ന കാഴ്ചയാണത് .

നാട്ടിൻപുറങ്ങളിലെ പറമ്പുകളിൽ പണ്ട് കൂണുകൾ ധാരാളം കണ്ടിരുന്നു. ഇക്കാലത്തു പക്ഷെ കൂണുകൾ കുറവാണ് . മണ്ണിലെ രാസവള പ്രയോഗം ആണ് അതിന് ഒരു കാരണം. പറമ്പുകളെല്ലാം തെളിഞ്ഞതും ജൈവവൈവിധ്യം ഇല്ലാതായതുമൊക്കെ കൂണുകളുടെ വളർച്ചയെ ബാധിച്ചു. മാത്രമല്ല കൂൺ നോക്കി പറമ്പിൽ നടക്കുന്ന ശീലവും നമുക്ക് ഇല്ലാതായി.

പാവക്കൂൺ

മഴക്കാലത്ത് തെളിയുന്ന മാനത്ത് നിന്നും ഇടിശബ്ദം കേൾക്കുമ്പോൾ കൂൺ മുളക്കുമെന്നാണ് പഴമക്കാർ പറയുന്നത് . ഇടിയുടെ ശബ്ദത്തിൽ അനങ്ങുന്ന മേൽമണ്ണിനിടയിലൂടെ കൂൺ വിത്തുകൾ മുളപൊട്ടുമെന്ന പരമ്പരാഗത അറിവാണ് ഇതിനു പിന്നിൽ. ഒരിക്കൽ കൂൺ ഉണ്ടായിടത്ത് അടുത്ത വർഷം വീണ്ടും ഉണ്ടാകാറുണ്ട് . ഒരു ദിവസത്തെ ആയുസ് മാത്രമായിരിക്കും മിക്ക കൂണുകൾക്കും .

പണ്ട് ഇടിയും മഴയും ഉണ്ടായാൽ പിറ്റേന്ന് പറമ്പ് മുഴുവൻ അരിച്ചുപെറുക്കി നോക്കുമായിരുന്നു നമ്മുടെ അമ്മച്ചിമാർ. കൂൺ കിട്ടിയാൽ വലിയ സന്തോഷമാണ് . അത് പറിച്ചുകൊണ്ടുവന്ന് മണിക്കൂറുകളോളം ഇരുന്നു ഒരുക്കിയെടുക്കുന്നതിനു അമ്മച്ചിമാർക്കു ഒരു മടിയുമില്ലായിരുന്നു. ഇന്ന് പുതു തലമുറയ്ക്ക് അതിനൊക്കെ എവിടെ നേരം ? എളുപ്പം നോക്കി എല്ലാവരും ഇന്ന് കൂൺ വാങ്ങിക്കാൻ നേരെ കടയിലേക്കോടും . കൃത്രിമമായി ഉണ്ടാക്കുന്ന ആ കൂണിന്റെയും പറമ്പിലെ നാടൻ കൂണിന്റെയും രുചി തമ്മിൽ കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട് .

പറമ്പിൽ നിന്ന് കിട്ടുന്ന എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല . ചിലതിനു വിഷമുണ്ട് .
വിഷ കൂൺ തിരിച്ചറിയുന്ന വിധം.

  1. വിഷ കൂൺ കളർഫുൾ ആയിരിക്കും.
  2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല.
  3. കൂൺ കുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും.
  4. തടിയിൽ റിംഗ് ഉണ്ടായിരിക്കും.
  5. ദിവസങ്ങളോളം കേട് കൂടാതിരിക്കും.
  6. പൂച്ച, പട്ടി എന്നിവ മണക്കുക പോലുമില്ല.
  7. വിഷ,കൂണിൽ പൊടി ഉണ്ടാകും.
    8. വലപോലുള്ള പുറം ഭാഗമുള്ള കൂണുകൾ .

വിഷക്കൂണുകൾ മരണത്തിനു വരെ കാരണമാകാമെന്നതിനാൽ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പുവരുത്തിയിട്ടേ പയോഗിക്കാവൂ.

കൂണുകളെല്ലാം വിരിഞ്ഞയുടനെ പറിച്ചെടുത്തുപയോഗിക്കുന്നതാണു നല്ലത്. എല്ലാം ഒരുക്കിയെടുത്ത് കുറെ സമയം മഞ്ഞൾ വെള്ളത്തിലിട്ടു കഴുകിയെടുത്തിട്ടു വേണം കറിവയ്ക്കാൻ.

കൂണുകൾ തോരനായും ചാറുകറിയായും വയ്ക്കാം . ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്ത് പാചകം ചെയ്യുന്നതാണുത്തമം.വിഷാംശം ഉണ്ടാകുമെങ്കിൽ അത് ഒഴിവാക്കാനാണ് കൂൺ കറിയിൽ കൂടുതലായി മഞ്ഞൾ ചേർക്കുന്നത്. മാംസ്യം കൂടുതലടങ്ങിയതിനാൽ മല്ലിപ്പൊടി ആവശ്യത്തിന് ചേർക്കുന്നതോടെ ഇറച്ചിക്കറിയുടെ സ്വദാണ് കൂൺകറിക്കും. സ്വതവേ മണ്ണിൽ മുളച്ചു പൊന്തുന്ന കൂണുകൾക്ക് ക്യാൻസർ പോലുള്ള പല അസുഖങ്ങളേയും പ്രതിരോധിക്കുവാനുള്ള കഴിവുണ്ട്‌ എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് .

വറുത്തരച്ച കൂണ്‍ കറി

ആവശ്യമായ സാധനങ്ങള്‍
കൂണ്‍ – 250 ഗ്രാം
മുളക്പൊടി – 4 ടീസ്പൂണ്‍
മല്ലിപ്പൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ, കടുക്, കറിവേപ്പില വറുത്തിടുന്നതിന്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

കൂൺ ചെറിയ കഷ്ണങ്ങളാക്കി വെള്ളമൊഴിച്ച് വേവിക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇടുക. തേങ്ങ ചിരകിയതും മുളക്പൊടി, മല്ലിപ്പൊടി എന്നിവ ഒരുമിച്ചിട്ട് നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് ചൂടാറിയതിന്ശേഷം മിനുസ പരുവത്തില്‍ അരച്ചെടുക്കുക. വേവിച്ച്‌ വച്ച കൂണിലേക്ക് അരവ് ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പിട്ട് തിളപ്പിച്ചെടുക്കുക. കറി അടുപ്പില്‍നിന്ന് വാങ്ങിയതിന്ശേഷം കടുക്, മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയി ല്‍ വറുത്തിടുക

Read Also ”സ്വന്തം അമ്മയുടെ കാലനാണിവന്‍. ഈ ഭൂമിയിലേക്കുവരാന്‍ വേറൊരു നാളും അവന്‍ കണ്ടില്ല. അസത്ത് ! ”

” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് . സാബുസാറ് ഞങ്ങളുടെ ദൈവമാണ് ”

0
സാബു ജേക്കബ് : കിഴക്കമ്പലത്തിന്റെ നവശില്പി

കിഴക്കമ്പലം : ”എന്റെ പേര് എൽസി ദേവസി . ഞാൻ കിഴക്കമ്പലം 11 വാർഡിലാണ് താമസിക്കുന്നത് . ഞാനിവിടെ വന്നിട്ട് മുപ്പതു വർഷത്തോളമായി. അന്ന് ലക്ഷം വീട് കോളനിയിൽ ഒരു ചുമരിന് അപ്പുറവും ഇപ്പുറവുമായിട്ടുള്ള രണ്ടുവീടുകളിൽ ഒന്നിലാണ് ഞങ്ങൾ താമസിച്ചിരുന്നത് . രണ്ടുമുറിയും ചെറിയ ഒരു അടുക്കളയും മാത്രമേ ഉണ്ടായിരുന്നുള്ളു . ഒറ്റവീടാക്കിതരാമെന്നു പറഞ്ഞു രാഷ്ട്രീയക്കാര് വന്നു കാശ് വാങ്ങിച്ചോണ്ട് പോയി. പക്ഷേ ഒന്നും തന്നില്ല . അറ്റകുറ്റപ്പണിക്ക് പോലും ആരും കാശ് തന്നില്ല. ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ ജീവിച്ചിരുന്നത്.

പഞ്ചായത്തിൽ ട്വന്റി20 അധികാരത്തിൽ വന്നതിനുശേഷം ഞങ്ങൾക്ക് കിട്ടിയ ഈ വീടൊന്നു നിങ്ങൾ കാണണം . ഇതുകണ്ടിട്ട് പുറത്തുനിന്ന് ആൾക്കാര് വന്നിട്ട് ചോദിക്കാറുണ്ട് ഇത് വിൽക്കാൻ വേണ്ടി പണിതിട്ടിരിക്കുന്ന വീടാണോന്ന്. ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത വീടാണ് കിട്ടിയിരിക്കുന്നത് . ഇത് പണിയാൻ ഞങ്ങളുടെ കയ്യിൽ നിന്ന് ഒരൊറ്റ പൈസ പോലും ആരും വാങ്ങിച്ചിട്ടില്ല. ദൈവത്തിനു തുല്യമായാണ് ഞങ്ങൾ സാബു സാറിനെ കാണുന്നത് . ഞങ്ങളുടെ മാത്രമല്ല ഞങ്ങളുടെ മക്കളുടെ മക്കളായിട്ടും ട്വൻറി ട്വൻറി നിലനിൽക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം . ആ ഒരു പ്രാർത്ഥനയാണ് ഞങ്ങൾക്ക് എപ്പോഴും.”

എൽസി ദേവസിയുടെ പഴയവീടും പുതിയ വീടും കാണുവാൻ താഴെയുള്ള വീഡിയോ കാണുക

ട്വന്റി20 പോലുള്ള കൂട്ടായ്മകൾ കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ പടർന്നു പന്തലിച്ചാൽ കേരളം കള്ളത്തെമ്മാടികളുടെ പിടിയിൽ നിന്നും രക്ഷ നേടി ദൈവത്തിന്റെ സ്വന്തം നാടാകും. ജനങ്ങൾ സത്യം മനസ്സിലാക്കി തുടങ്ങി. വാഗ്ദാനങ്ങളുടെ പെരുമഴയുമായി വോട്ട് ചോദിച്ചു വരുന്ന കപട രാഷ്ട്രീയക്കാരെ കണ്ടം വഴി ഓടിക്കുക .

Read Also ട്വന്റി20 കിഴമ്പലത്തെ ജനങ്ങൾക്ക് ചെയ്ത് കൊടുക്കുന്ന സേവനങ്ങൾ അടുത്തുള്ള പഞ്ചായത്തുവാസികൾ അസൂയയോടെ നോക്കിക്കാണുന്നു

Read Also കേരളത്തിലെ മുഴുവൻ ജനങ്ങളും ഇതുപോലുള്ള കൂട്ടായ്മകളുടെ പിന്നിൽ അണിനിരന്നാൽ, നമ്മുടെ നാട് മോഹനവാഗ്‌ദാനങ്ങൾ നൽകി പറ്റിക്കുന്ന രാഷ്ട്രിയ തട്ടിപ്പുകാരുടെ പിടിയിൽനിന്നും മോചിതയാകും .

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറിയെന്ന് ചെന്നിത്തലയും സുരേന്ദ്രനും. അന്വേഷണം ഇന്നാരംഭിക്കും.

0

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും ഇന്നാരംഭിക്കും. ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടെന്നാണ് അനേഷണം നടത്തുക. എങ്ങനെ തീപിടുത്തമുണ്ടായെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

പൊളിറ്റിക്കൽ 2 എ വിഭാഗത്തിൽ വിഐപി സന്ദർശനം, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കൽ, മന്ത്രിമാരുടെ ആതിഥേയച്ചെലവുകൾ എന്നിവ സംബന്ധിച്ച ഫയലുകളാണുള്ളത്. പൊളിറ്റിക്കൽ 2 ബി വിഭാഗത്തിൽ സർക്കാരിന്റെ കോൺഫറൻസ് ഹാൾ അലോട്മെന്റ്, സെൻസസ്, ദേശീയ പൗരത്വ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഫയലുകളുണ്ട്. പൊളിറ്റിക്കൽ 5 വിഭാഗത്തിൽ മന്ത്രിമാരുടെ വിദേശയാത്രാവിവരങ്ങൾ, കേരളത്തിലേയ്ക്കുള്ള വിവിഐപി സന്ദർശനങ്ങൾ, പ്രോട്ടോകോൾ അറേഞ്ച്മെന്റ്സ് എന്നിവ സംബന്ധിച്ച ഫയലുകളും കൈകാര്യം ചെയ്യുന്നു. ജോയിന്‍റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫിസര്‍, പ്രോട്ടോക്കോള്‍ ഓഫിസര്‍ എന്നിവരുടെ ഓഫിസുകളും ഇവിടെയാണ്. ഇതില്‍ പൊളിറ്റിക്കല്‍ 5 ലെ ഗസ്ററ്ഹൗസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളാണ് നശിച്ചെതെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപ്പിടുത്തം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു . അന്വേഷണം മുഖ്യമന്ത്രിയിലേക്കും കെ.ടി ജലീലേക്കും വരുമെന്നായപ്പോൾ സർക്കാർ തന്നെ തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഫോറൻസിക് വിദഗ്ധർ അന്വേഷണം നടത്തണം. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. സുരേന്ദ്രൻ പറഞ്ഞു. തീപ്പിടുത്തം സന്ദർശിക്കാനെത്തിയ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകൾ, പൊളിറ്റിക്കൽ ക്ലിയറൻസുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇവിടെയാണ്. കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് . തീപ്പിടുത്തം എന്‍.ഐ.എ അന്വേഷിക്കണം . ചെന്നിത്തല പറഞ്ഞു.

Read Also എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവർ അവിടെയുണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോർത്ത് പറഞ്ഞതാണ്.

അതേസമയം അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനാൽ പ്രതിപക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ കുഴപ്പമുണ്ടാക്കാന്‍ ഓരോ രംഗം സൃഷ്ടിക്കുകയാണ് എന്നാണ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത് .

”തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് അറിഞ്ഞത് . ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നു പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. ” ജയരാജൻ പറഞ്ഞു.
സ്വർണ്ണ കള്ളക്കടത്തിന്‍റെ രേഖകളെല്ലാം സെക്രട്ടേറിയറ്റിലാണോ കസ്റ്റംസുകാര്‍ വച്ചിരിക്കുന്നതെന്നും പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണ്ടേയെന്നും ജയരാജൻ ചോദിക്കുന്നു. പ്രശ്നം വഷളാക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കത്തുന്നതിന് മുമ്പേ ബിജെപി ഓഫീസീന്ന് പത്ര ആഫീസിലേക്ക് വിവരം പോയിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസുകാരും ചേർന്ന് നടത്തുന്ന ഒരു നാടകമാണ്. കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ജനങ്ങളെല്ലാം ഇതിനെ അപലപിച്ചുകൊണ്ട് മുന്നോട്ട് വരണം’. ഇ പി ജയരാജന്‍ പറഞ്ഞു.