തിരുവനന്തപുരം : യാക്കോബായ വിശ്വാസികൾ സ്വന്തമായി ആരാധനാലയം ഉണ്ടാക്കുന്നത് വരെ അവർക്കു മലങ്കര കത്തോലിക്ക സഭയുടെ ദേവാലയങ്ങൾ പ്രാർത്ഥനക്കായി തുറന്നു നൽകാമെന്ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്‌ളീമിസ് ബാവ പറഞ്ഞു. സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ യാക്കോബായക്കാർക്കു ആരാധന മുടങ്ങാൻ പാടില്ല. ഇതിനു വേണ്ടി എല്ലാ ഭദ്രാസനാധിപന്മാരെയും ബാവ വിവരം അറിയിച്ചിട്ടുണ്ട്.
”സുപ്രീം കോടതി വിധിയെത്തുടർന്ന് യാക്കോബായ സഭക്ക്, മുളന്തുരുത്തി പള്ളി ഉൾപ്പെടെ പല ദേവാലയങ്ങളും ഈ അടുത്ത കാലത്ത് നഷ്ടപ്പെട്ടിരുന്നു. ഇത് വേദനയോടെ കാണുന്നു. മധ്യസ്ഥ ശ്രമങ്ങൾക്ക് ശ്രമിച്ചതാണെങ്കിലും സ്വീകരിക്കപ്പെടാതെപ്പോയി. ” ക്രിസ്തീയ സാക്ഷ്യം ആയ സാഹോദര്യം പൊതു സമൂഹത്തിനു മുമ്പിൽ നഷ്ടപ്പെടുന്നതിൽ ഖേദമുണ്ടെന്നും ബാവ കത്തിൽ സൂചിപ്പിച്ചു.
യാക്കോബായ സഭയും മലങ്കര കത്തോലിക്ക സഭയുമായി ലയന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ മാർ ക്ളീമിസ് സൂചിപ്പിച്ചിരുന്നു . യാക്കോബായ സഭയെ പൂർണമായി ഉൾകൊള്ളാമെന്നും എല്ലാ മെത്രാപ്പോലീത്താമാർക്കും അർഹിക്കുന്ന സ്ഥാനങ്ങൾ കൊടുക്കാമെന്നും ക്ലിമ്മിസ് ബാവ അന്ന് വാഗ്‌ദാനം ചെയ്തിരുന്നു.
പള്ളികൾ ഇല്ലാത്ത സ്ഥലങ്ങളിൽ മലങ്കര കത്തോലിക്ക സഭയുടെ പള്ളികളും സെമിത്തേരികളും ഉപയോഗിക്കാം . മറ്റുള്ള സ്ഥലങ്ങളിൽ കത്തോലിക്ക സഭയുടെ ചിലവിൽ പുതിയ പള്ളികൾ പണിതു നൽകാം . സ്വയം പര്യാപ്തവും സമ്പന്നവുമായ ധാരാളം സന്യാസ സമൂഹങ്ങൾ സഭക്ക് ഉണ്ട് . അവിടെ മെത്രാപ്പോലീത്താമാർക്കു മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുമെന്നും അന്ന് സൂചിപ്പിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ചില വെല്ലുവിളികൾ ഉണ്ട് എന്നും ക്ളീമിസ് ബാവ പറഞ്ഞിരുന്നു . കത്തോലിക്ക വൈദികർ വിവാഹിതർ അല്ല . അതേസമയം യാക്കോബായ അച്ചന്മാർ വിവാഹിതർ ആണ് താനും . ഇക്കാര്യത്തിൽ സമവായ സാധ്യതകൾ ഉണ്ടെന്നും, മുൻപ് മാർ ഇവാനിയോസിന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയിൽ ചേർന്നപ്പോൾ ഇതേ പ്രശ്നം ലളിതമായി പരിഹരിച്ചതാണെന്നും ക്ളീമിസ് ബാവ പറഞ്ഞു .
മാത്രവുമല്ല ആഗോള കത്തോലിക്ക സഭ തന്നെ അച്ചന്മാർക്കു വിവാഹിതർ ആകാനുള്ള സാദ്ധ്യതകൾ പരിഗണിക്കുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. അധികം താമസിക്കാതെ കത്തോലിക്ക പുരോഹിതർക്ക് വിവാഹിതർ ആകാനുള്ള അനുവാദം നൽകി ഫ്രാൻസിസ് മാർപാപ്പ യുടെ കല്പന ഉണ്ടാകുവാനുള്ള സാധ്യതയും ഉണ്ട് .
യാക്കോബായ വിഭാഗത്തിലെ ഭൂരിപക്ഷം വിശ്വാസികൾക്കും മലങ്കര കത്തോലിക്ക സഭയോട് ചേരുന്നതിൽ താല്പര്യം ആണുള്ളത് . ബദ്ധശത്രു ആയ ഓർത്തഡോക്സ്‌കാരുമായി അഭിമാനം പണയം വച്ച് യോജിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും അഭികാമ്യം കത്തോലിക്ക സഭയുമായി ചേരുന്നത് ആണെന്ന് അവർ കരുതുന്നു . തങ്ങളെ പെരുവഴിയിൽ ആക്കിയ ഓർത്തഡോക്സ് കാരുമായി ഒരു സമാധാനവും വേണ്ട എന്ന നിലപാട് ആണ് ഭൂരിപക്ഷം പേർക്കും.