തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും ഇന്നാരംഭിക്കും. ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടെന്നാണ് അനേഷണം നടത്തുക. എങ്ങനെ തീപിടുത്തമുണ്ടായെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
പൊളിറ്റിക്കൽ 2 എ വിഭാഗത്തിൽ വിഐപി സന്ദർശനം, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കൽ, മന്ത്രിമാരുടെ ആതിഥേയച്ചെലവുകൾ എന്നിവ സംബന്ധിച്ച ഫയലുകളാണുള്ളത്. പൊളിറ്റിക്കൽ 2 ബി വിഭാഗത്തിൽ സർക്കാരിന്റെ കോൺഫറൻസ് ഹാൾ അലോട്മെന്റ്, സെൻസസ്, ദേശീയ പൗരത്വ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഫയലുകളുണ്ട്. പൊളിറ്റിക്കൽ 5 വിഭാഗത്തിൽ മന്ത്രിമാരുടെ വിദേശയാത്രാവിവരങ്ങൾ, കേരളത്തിലേയ്ക്കുള്ള വിവിഐപി സന്ദർശനങ്ങൾ, പ്രോട്ടോകോൾ അറേഞ്ച്മെന്റ്സ് എന്നിവ സംബന്ധിച്ച ഫയലുകളും കൈകാര്യം ചെയ്യുന്നു. ജോയിന്‍റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫിസര്‍, പ്രോട്ടോക്കോള്‍ ഓഫിസര്‍ എന്നിവരുടെ ഓഫിസുകളും ഇവിടെയാണ്. ഇതില്‍ പൊളിറ്റിക്കല്‍ 5 ലെ ഗസ്ററ്ഹൗസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളാണ് നശിച്ചെതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപ്പിടുത്തം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു . അന്വേഷണം മുഖ്യമന്ത്രിയിലേക്കും കെ.ടി ജലീലേക്കും വരുമെന്നായപ്പോൾ സർക്കാർ തന്നെ തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഫോറൻസിക് വിദഗ്ധർ അന്വേഷണം നടത്തണം. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. സുരേന്ദ്രൻ പറഞ്ഞു. തീപ്പിടുത്തം സന്ദർശിക്കാനെത്തിയ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകൾ, പൊളിറ്റിക്കൽ ക്ലിയറൻസുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇവിടെയാണ്. കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് . തീപ്പിടുത്തം എന്‍.ഐ.എ അന്വേഷിക്കണം . ചെന്നിത്തല പറഞ്ഞു.
Read Also എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവർ അവിടെയുണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോർത്ത് പറഞ്ഞതാണ്.
അതേസമയം അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനാൽ പ്രതിപക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ കുഴപ്പമുണ്ടാക്കാന്‍ ഓരോ രംഗം സൃഷ്ടിക്കുകയാണ് എന്നാണ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത് .
”തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് അറിഞ്ഞത് . ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നു പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. ” ജയരാജൻ പറഞ്ഞു.
സ്വർണ്ണ കള്ളക്കടത്തിന്‍റെ രേഖകളെല്ലാം സെക്രട്ടേറിയറ്റിലാണോ കസ്റ്റംസുകാര്‍ വച്ചിരിക്കുന്നതെന്നും പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണ്ടേയെന്നും ജയരാജൻ ചോദിക്കുന്നു. പ്രശ്നം വഷളാക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കത്തുന്നതിന് മുമ്പേ ബിജെപി ഓഫീസീന്ന് പത്ര ആഫീസിലേക്ക് വിവരം പോയിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസുകാരും ചേർന്ന് നടത്തുന്ന ഒരു നാടകമാണ്. കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ജനങ്ങളെല്ലാം ഇതിനെ അപലപിച്ചുകൊണ്ട് മുന്നോട്ട് വരണം’. ഇ പി ജയരാജന്‍ പറഞ്ഞു.