തൊടുപുഴ ∙ കുറിയർ വിതരണത്തിന് എത്തിയ കലയന്താനി സ്വദേശിയായ യുവാവിനെ മൂന്നംഗ സംഘം മർദിച്ച് പരുക്കേൽപിച്ച ശേഷം പണം കവർന്നതായി പരാതി. മർദ്ദനമേറ്റ കുഴിമാക്കൽ ഡാൽവിൻ കെ.ജോസിനെ(20) ആശുപതിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കീരികോട് കുരിശുപള്ളിക്കു സമീപമായിരുന്നു അതിക്രമം. മങ്ങാട്ടുകവലയിലെ കുറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഡാൽവിൻ കീരികോട് സ്വദേശിയുടെ പേരിൽ വന്ന പാഴ്സൽ നൽകുന്നതിനു പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. മേൽവിലാസക്കാരനെ ഫോൺ ചെയ്തപ്പോൾ ഇയാൾ ഇടവെട്ടി ഭാഗത്ത് ഉണ്ടെന്നും അവിടെ പാഴ്സൽ എത്തിക്കാനും ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോൾ തെക്കുംഭാഗത്തേക്കു വരാൻ ആവശ്യപ്പെട്ടു .
അവിടെ എത്തി വിളിച്ചപ്പോൾ കീരികോട് കുരിശുപള്ളിയുടെ അടുക്കൽ എത്താൻ പറഞ്ഞതായി ഡാൽവിൻ പറഞ്ഞു. കൃത്യമായ സ്ഥലം പറയാൻ ഡാൽവിൻ ആവശ്യപ്പെട്ടു. തുടർന്ന് കീരികോട് എത്തിയപ്പോൾ മൂന്നംഗ സംഘം എത്തി ഹെൽമറ്റ് ബലമായി ഊരി ഡാൽവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവത്രേ. ഒരാൾ ചുടുകട്ട കൊണ്ടും ഇടിച്ചതായി ഡാൽവിൻ പറഞ്ഞു.
പരുക്കേറ്റ ഡാൽവിൻ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇതിനിടെ ഡാൽവിന്റെ പഴ്സും കാണാതായി. ഇതിൽ കുറിയർ കലക്‌ഷൻ ആയി ലഭിച്ച 11,000 രൂപയും സ്വന്തമായി ഉണ്ടായിരുന്ന 30,000 രൂപയും നഷ്ടപ്പെട്ടതായി ഡാൽവിൻ പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡാൽവിൻ സ്വകാര്യ ആശുപത്രിയിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയനായി. സംഭവത്തിൽ കിഷോർ എന്നയാളെ പിടികൂടിയതായി പൊലീസ് പറഞ്ഞു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.