Home Blog Page 35

പെട്ടിമുടിയോട് വിട. പുതിയ ദൗത്യത്തിനായി കുവി കേരള പോലീസിലേക്ക്.

0
കുവിയുടെ സേവനം ഇനി കേരളപോലീസിന്

മൂന്നാർ : പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്‌നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു ഈ കാഴ്ചകള്‍.

പെട്ടിമുടിയോട് താല്‍ക്കാലികമായി കുവി വിടപറയുകയാണ്; പുതിയ ദൗത്യങ്ങള്‍ക്കായി. ഇനി ഇടുക്കി ഡോഗ് സ്‌ക്വാഡില്‍ കുവിയും ഉണ്ടാകും പുതിയ റോളില്‍.

ദിവസങ്ങളോളം തന്റെ കളികൂട്ടുകാരിയെ നഷ്ടപ്പെട്ട കുവി പെട്ടിമുടിയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു.

ദുരന്തഭൂമിയില്‍ തളര്‍ന്നുറങ്ങുന്ന കുവിയെ ശ്രദ്ധയില്‍പ്പെട്ട ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ കുവിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയും മേല്‍ നടപടികള്‍ക്കായി കാത്തിരിക്കുകയും ചെയ്തുവരികയായിരുന്നു. അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കൂവിയ്ക്ക് ഇനിമുതല്‍ കാക്കിയുടെ കാവല്‍ ഒരുങ്ങുന്നത്.

ദുരന്തത്തില്‍ അകപ്പെട്ട ഉടമസ്ഥതരയും വീട്ടിലെ കളിക്കൂട്ടുകാരിയെയും തിരഞ്ഞു നടന്ന കുവി സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും പര്യായമായി മാറിയിരുന്നു. ഇടുക്കി പി.ആര്‍.ഡി നല്‍കിയ വാര്‍ത്ത മാധ്യമ വാര്‍ത്തകളില്‍ ഇടം നേടിയതോടെ കുവി പെട്ടിമുടിയുടെ മാത്രമല്ല മലയാള മനസ്സാക്ഷിയുടെ ആകെ കണ്ണുനീരായി മാറി. പെട്ടിമുടിയില്‍ നിന്ന് കുവിയ്ക്ക് സ്‌നേഹാര്‍ദ്രമായ യാത്രയയപ്പും പ്രദേശവാസികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നല്‍കി. ആ വിടപറയലിലും കുവി ആ മണ്ണിനെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് വിതുമ്പുന്നുണ്ടായിരുന്നു.

വിവരങ്ങൾക്ക് കടപ്പാട് : ഇടുക്കി ജില്ല കളക്ടർ

എം. ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാഫലം: എടത്വ സെന്റ് അലോഷ്യസ് കോളേജിലെ 11 കുട്ടികൾക്ക് റാങ്ക്

0
എടത്വ സെന്റ് അലോഷ്യസ് കോളേജിലെ 11 കുട്ടികൾക്ക് റാങ്ക്

എടത്വ സെന്റ് അലോഷ്യസ് കോളേജ് 11 റാങ്കുകൾ നേടി കുട്ടനാടിന്റെ അഭിമാനം ഉയർത്തി . കഴിഞ്ഞ വര്‍ഷം നടന്ന എംജി യൂണിവേഴ്‌സിറ്റിയുടെ ബിഎസ്സ്‌സി, ബിഎ പരീക്ഷകളില്‍ ആദ്യ 10 റാങ്കുകൾ ഈ കോളേജിലെ 11 വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിച്ചത്. കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന കുട്ടനാടിന്റെ അഭിമാനമായി നിലകൊള്ളുന്ന സെന്റ് അലോഷ്യസ് കോളേജ് വലിയ മുന്നേറ്റമാണ് കാഴ്ച വച്ചത് .

ബിഎസ്സ്‌സി ഫിസിക്സ് ഇലക്ട്രോണിക് എക്യുപ്മെന്റ് മെയിന്റനന്‍സില്‍ ബനഡിക്റ്റ് മരിയ വര്‍ഗീസ് (ഒന്നാം റാങ്ക്്) ലക്ഷ്മി റാം സി.എസ്. (രണ്ടാം റാങ്ക്), ബിഎസ്സ്‌സി സുവോളജി അക്വാകള്‍ച്ചറില്‍ കാവ്യ സ്വാമിനാഥന്‍ (രണ്ടാം റാങ്ക്) അശ്വതി എം (മൂന്നാം റാങ്ക്), നന്ദിത നരേന്ദ്രന്‍ (നാലാം റാങ്ക്), വിനയ് വി. വര്‍ഗ്ഗീസ് (അഞ്ചാം റാങ്ക്), ദേവിക ഉണ്ണി (അഞ്ചാം റാങ്ക്), മെബി മൈക്കിള്‍ (ആറാം റാങ്ക്), അതുല്യ എ. (ഒന്‍പതാം റാങ്ക്), ബി.എ. ഇംഗ്ലീഷില്‍ കാവ്യ ബാലന്‍ (അഞ്ചാം റാങ്ക്) ബിഎസ്സ്‌സി മാത്തമാറ്റിക്‌സില്‍ ഭവിതാലക്ഷ്മി ആര്‍. (പത്താം റാങ്ക്) എന്നിവരാണ് റാങ്ക് നേടിയത്.

”ഒരു ജീവനക്കാരന്റെ റോളിൽ മംഗളത്തിൽ കയറിപ്പറ്റി ഇത്തിൾകണ്ണിയായി മാറിയ ആ വ്യക്തി ആ പ്രസ്ഥാനത്തെ തന്റെ ഇഷ്ടത്തിനൊത്ത് നിർത്താൻ കഴിയുന്ന വ്യക്തിയായി കരുത്താർജ്ജിച്ചിരുന്നു”

0
മംഗളത്തിന്റെ മുൻ പത്രാധിപർ ശ്രീ അമ്പാട്ട് സുകുമാരൻ നായർ മനസ് തുറക്കുന്നു

”മംഗളം വാരിക മൂന്ന് ലക്ഷത്തോളം കോപ്പികൾ അച്ചടിക്കുന്ന സമയം. ഞാൻ ഒരത്യാവശ്യത്തിനു ഡൽഹിക്കു പോയി. ഒരു മാസം കഴിഞ്ഞാണ് തിരിച്ചു വന്നത്. ഓഫീസിൽ വന്നപ്പോൾ പ്രകടമായ മാറ്റം. സബ് എഡിറ്റർമാർക്കൊക്കെ ഒരു പരുങ്ങൽ. കാരണം അന്വേഷിച്ചപ്പോൾ പ്രസിദ്ധീകരിക്കാനായി ഞാൻ കൊടുത്ത ഒരു മാറ്റർ മാറ്റി വച്ചതായറിഞ്ഞു. എം ഡി യുടെ നിർദേശ പ്രകാരമാണെന്നും അവർ പറഞ്ഞു. വർഷങ്ങൾക്കു മുൻപ് ഞങ്ങൾ തമ്മിലുണ്ടായ ധാരണ ലംഘിക്കപ്പെട്ടു. ഞാൻ ഓഫീസിലിരുന്നില്ല- വീട്ടിലേക്ക് പോന്നു. പിറ്റേന്നും ഓഫീസിൽ പോയില്ല. രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം മാനേജർ എന്നെ ഫോണിൽ വിളിച്ചു. ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും തിരിച്ച് വരണമെന്നും നിർബന്ധമായി പറഞ്ഞു. പക്ഷേ ഞാൻ പോയില്ല. എന്നെ സംബന്ധിച്ച് അതൊരു വലിയ മുറിപ്പാടായിരുന്നു. ആ അധ്യായം അവിടെ അവസാനിച്ചു. ”

എൺപതുകളിൽ 18 ലക്ഷം കോപ്പികളുടെ പ്രചാരവുമായി ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിന്ന മംഗളം വാരികയുടെ വളർച്ചയിൽ നിർണ്ണായക വഹിച്ച മംഗളത്തിന്റെ മുൻ പത്രാധിപർ ശ്രീ അമ്പാട്ട് സുകുമാരൻ നായർ ഫേസ്ബുക്കിൽ എഴുതിയ ഓർമ്മ കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കുക

പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്; ഞാൻ മംഗളത്തിൽ നിന്നും പിരിയാണുണ്ടായ കാരണം. ഞങ്ങളുടെ പൊതു സുഹൃത്തുക്കൾക്ക് അവിശ്വസനീയമായിരുന്നു ആ വേർപിരിയൽ. പക്ഷേ അത് സംഭവിച്ചു. മംഗളത്തിന്റെ പുഷ്കല കാലത്താണ് അതുണ്ടായത് എന്നതാണ് ഏറെ ശ്രദ്ധേയം. അതേക്കുറിച്ച് പറയും മുൻപ് മംഗളത്തിന്റെ തുടക്കത്തെക്കുറിച്ച് പറയേണ്ടതുണ്ട്.

ഞാനും ശ്രീ എം സി വർഗീസും കോട്ടയംകാരാണ്. പക്ഷേ തമ്മിൽ പരിചയമുണ്ടായിരുന്നില്ല. അതിനു നിമിത്തമാകുന്നത് മനോരാജ്യം വാരികയിൽ ആർട്ടിസ്റ്റായിരുന്ന ശ്രീ കെ എസ് രാജനായിരുന്നു. 1977 ആഗസ്റ്റ് മാസത്തിലാണെന്നാണ് ഓർമ. ഒരുദിവസം രാവിലെ ആർട്ടിസ്റ്റ് കെ എസ് രാജൻ എന്റെ വീട്ടിൽ വന്നു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം പാർട്ട് ടൈമായി പത്ര പ്രവർത്തനവും അക്കാലത്ത് ഞാൻ നടത്തിയിരുന്നു. ഡോ. ജോർജ് തോമസിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കേരളധ്വനി ദിനപത്രവും മനോരാജ്യം വാരികയുമായിരുന്നു അന്നത്തെ എന്റെ ലാവണങ്ങൾ. മനോരാജ്യത്തിലെ ചിത്രകാരനായത് കൊണ്ട് ഞാനും കെ എസ് രാജനും അടുത്ത സുഹൃത്തുക്കളുമായിരുന്നു. രാജൻ വന്നത് ഒരു പുതിയ ഓഫറുമായാണ്. എം സി വർഗ്ഗീസ് എന്നൊരാൾ ഒരു ചെറിയ പ്രസ്സും അതിനോടാനുബന്ധിച്ച് ഒരു മാസികയും നടത്തുന്നുണ്ട്. മാസികയ്ക്ക് കാര്യമായ സർക്കുലേഷൻ ഇല്ല. അതൊരു മികച്ച കുടുംബവാരികയായി മാറ്റണം. അതിനൊരു പത്രാധിപർ വേണം. ശ്രീ എം സി വർഗ്ഗീസ് കെ എസ് രാജനെ കണ്ടപ്പോൾ ഈ ആശയം പങ്കുവെച്ചു. രാജന്റെ മനസ്സിൽ പെട്ടെന്ന് വന്നത് എന്റെ മുഖമാണ്. അതാണ് എന്നെ തേടിവരാൻ കാരണം.

ഞാനും രാജനും ശ്രീ എം സി വർഗീസിനെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. കോട്ടയത്തു ബേക്കർ ജംഗ്ഷനടുത്തുള്ളഒരു ചെറിയ മുറിയിലാണ് പ്രസ്സും ഓഫീസും. പഴയൊരു ട്രെഡിൽ പ്രസ്സും അനുബന്ധ സൗകര്യങ്ങളുമാണ് അന്ന് അവിടെയുള്ളത്. നിലവിലെ സാഹചര്യം എം സി വർഗ്ഗീസ് പറഞ്ഞു. പ്രത്യേകം ഓരോഫീസ് എടുക്കാൻ തത്കാലം നിർവാഹമില്ല. ഈ മുറിയുടെ ഒരു ഭാഗം തന്നെ ഓഫീസാക്കാം. ശമ്പളവും തുച്ഛമായൊരു തുകയേ പ്രതീക്ഷിക്കാവൂ. പ്രസിദ്ധീകരണം വളർന്നാൽ അതനുസരിച്ചു സാമ്പത്തികവും മറ്റ് സൗകര്യങ്ങളും നൽകാം. അതെല്ലാം ഞാൻ അംഗീകരിച്ചു. പകരം എനിക്ക് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളു. പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ കാര്യങ്ങളിൽ പൂർണ സ്വാതന്ത്ര്യം വേണം. അത് അദ്ദേഹവും സമ്മതിച്ചു.

പിറ്റേന്ന് തന്നെ ഞാൻ ഓഫീസിൽ പോയി തുടങ്ങി. മംഗളം വാരികയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അക്കാലത്ത് ഭേദപ്പെട്ട പ്രചാരമുള്ള വാരികകൾ മലയാള മനോരമയും മനോരാജ്യവുമായിരുന്നു. സാഹിത്യ താൽപ്പര്യമുള്ള വായനക്കാരെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രസിദ്ധീകരണങ്ങളായിരുന്നു അത്. ഫീച്ചറുകൾ അന്ന് ഒരു വാരികയിലും പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ ഞാൻ ലക്ഷ്യമിട്ടത് സാധാരണക്കാരായ പുതിയ വായനക്കാരെയാണ്. തുച്ഛ വരുമാനക്കാരായ തോട്ടം തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ ഫീച്ചറുകളായി അവതരിപ്പിച്ചതോടെ ഒരു ജനകീയ മുഖം വാരികയ്ക്കുണ്ടായി. കാടിനുള്ളിൽ ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ആദിവാസികളെ കുറിച്ചെഴുതിയത് ഒട്ടേറെ വായനക്കാരെ ആകർഷിച്ചു. നോവലുകളിലും മറ്റ് പംക്തികളിലും പ്രകടമായ മാറ്റങ്ങൾ വരുത്തി. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്കെല്ലാം ശ്രീ എം സി വർഗീസിൽ നിന്നും വലിയ പ്രോത്സാഹനവും സഹകരണവുമാണ് ലഭിച്ചത്. പ്രചാരത്തിൽ മംഗളം ഒരു കുതിച്ചു കയറ്റം തന്നെ നടത്തി.

എം സി വർഗീസിനെ ഞാൻ മാനേജർ എന്നാണ് വിളിച്ചിരുന്നത്. മാനേജർ നേരത്തേ പറഞ്ഞ വാക്ക് പാലിച്ചു. മംഗളം വളർന്നതോടെ ശമ്പളവും ഇതര സൗകര്യങ്ങളും വർധിപ്പിച്ചു. അദ്ദേഹത്തിനു സ്വന്തമായി ക്യാബിൻ ഉണ്ടാക്കുന്നതിന് മുൻപ് തന്നെ എനിക്കുവേണ്ടി ക്യാബിൻ പണിയിച്ചു തന്നു. അന്ന് നല്കാവുന്നതിൽ ഏറ്റവും മികച്ച തുക ശമ്പളമായി നൽകി. ഒരു കാർ വാങ്ങിത്തരാമെന്നു പറഞ്ഞെങ്കിലും ഞാൻ അത് സ്‌നേഹപൂർവം നിരസിച്ചു. മംഗളം വളരുകയായിരുന്നു; ഒപ്പം ഞങ്ങളും. എംസിയുടെ ബിസിനസ്സ്പരമായ പ്രാഗത്ഭ്യം മംഗളത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുന്നതിന് ഏറെ സഹായകമായി.

വർഷങ്ങൾ കടന്നുപോയി. മംഗളം വാരിക മൂന്ന് ലക്ഷത്തോളം കോപ്പികൾ അച്ചടിക്കുന്ന സമയം. ഞാൻ ഒരത്യാവശ്യത്തിനു ഡൽഹിക്കു പോയി. ഒരു മാസം കഴിഞ്ഞാണ് തിരിച്ചു വന്നത്. ഓഫീസിൽ വന്നപ്പോൾ പ്രകടമായ മാറ്റം.സബ് എഡിറ്റർമാർക്കൊക്കെ ഒരു പരുങ്ങൽ. കാരണം അന്വേഷിച്ചപ്പോൾ പ്രസിദ്ധീകരിക്കാനായി ഞാൻ കൊടുത്ത ഒരു മാറ്റർ മാറ്റി വച്ചതായറിഞ്ഞു. എം ഡി യുടെ നിർദേശ പ്രകാരമാണെന്നും അവർ പറഞ്ഞു. വർഷങ്ങൾക്കു മുൻപ് ഞങ്ങൾ തമ്മിലുണ്ടായ ധാരണ ലംഘിക്കപ്പെട്ടു.

ഞാൻ ഓഫീസിലിരുന്നില്ല- വീട്ടിലേക്ക് പോന്നു. പിറ്റേന്നും ഓഫീസിൽ പോയില്ല. രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം മാനേജർ എന്നെ ഫോണിൽ വിളിച്ചു. ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും തിരിച്ച് വരണമെന്നും നിർബന്ധമായി പറഞ്ഞു. പക്ഷേ ഞാൻ പോയില്ല. എന്നെ സംബന്ധിച്ച് അതൊരു വലിയ മുറിപ്പാടായിരുന്നു..ആ അധ്യായം അവിടെ അവസാനിച്ചു. വളരെ ശക്തമായ ഉപജാപങ്ങൾ ഇതിനു പിന്നിൽ നടന്നതായി ഞാൻ പിന്നീടറിഞ്ഞു. എന്നെയും മാനേജരേയും തമ്മിലകറ്റാനുള്ള ചിലരുടെ ശ്രമം വിജയിച്ചു. അഭ്യുദയകാംക്ഷികൾ ചമഞ്ഞ് ചില വിഷ വിത്തുകൾ എനിക്കൊപ്പവും ഉണ്ടായിരുന്നു എന്നതും മറച്ചു വയ്ക്കുന്നില്ല; വളരെ വൈകിയാണ് ഞാനത് തിരിച്ചറിഞ്ഞതെന്നു മാത്രം.

Read Also ”എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലകനു മുന്നിൽ ഉരുകി ഇല്ലാതായി. ”

കാലം കടന്ന് പോയി. പിന്നീട് ഞാൻ മാനേജരെ മുഖാമുഖം കാണുന്നത് ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമാണ്. തൊഴിൽപരമായി വൻ വിജയങ്ങളുണ്ടായെങ്കിലും എന്റെ സ്വന്തം പ്രസിദ്ധീകരണമായ സുനന്ദ ആഴ്ച്ചപ്പതിപ്പ് നിർത്തേണ്ടി വന്നതിനു ശേഷം. മാനസികമായും സാമ്പത്തികമായും ആകെ തകർന്ന് നിൽക്കുന്ന സമയം. ഒരു ദിവസം മാനേജരുടെ കാർ എന്റെ വീട്ടിലെത്തി. ‘കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞ് എംഡി അയച്ചതാണ്’. ഡ്രൈവർ പറഞ്ഞു. ഞാൻ വീണ്ടും മംഗളത്തിലെത്തി. നിമിഷങ്ങളോളം ഞങ്ങൾ മുഖാമുഖം നോക്കിയിരുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ നേരിയ നനവ്. എന്നോട് ഒന്നും ചോദിച്ചില്ല. പകരം മറ്റൊന്ന് പറഞ്ഞു. ‘ഇനിയെങ്ങോട്ടും പോകണ്ട. വീണ്ടും നമുക്കൊന്നിക്കാം’. ഞാൻ നിശബ്ദനായി തല കുലുക്കി. ബിസിനെസ്സിൽ എനിക്കൊപ്പമുണ്ടായിരുന്നവരുടെ ‘സൽഗുണം’ കൊണ്ട് എന്റെ കാർ ഉൾപ്പടെ എല്ലാം നഷ്ടപ്പെട്ടിരുന്നു. അതറിയാവുന്നത് കൊണ്ടാകാം തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.’രാവിലെ വരാൻ ഓട്ടോറിക്ഷയൊന്നും വിളിക്കേണ്ട. ഇവിടുന്ന് കാർ വരും. അതിൽ വന്നാൽ മതി’. ഇവിടെ ധാരാളം സ്റ്റാഫ് ഇപ്പോഴുണ്ട്. എല്ലാവർക്കും വേണ്ട നിർദേശങ്ങൾ നൽകി മേൽനോട്ടക്കാരായി മരണം വരെ നമുക്കിവിടെ കഴിയാം’. എന്റെ എല്ലാ അവസ്ഥയും തിരിച്ചറിഞ്ഞ ജ്യേഷ്ഠ സഹോദരന്റെ വാഗ്ദാനം! കളങ്കമില്ലാത്ത ആ സ്‌നേഹത്തിന്റെ ആഴം ഞാൻ തിരിച്ചറിഞ്ഞ നിമിഷം. ബിസിനസ്സ് ലോകത്ത് വൻ സാമ്രാജ്യങ്ങൾ കീഴടക്കിയ ആ മനുഷ്യന്റെ പൂർവകാല സ്മൃതിയുടേയും കരുതലിന്റെയും കരുണയുടെയും മുൻപിൽ പകരം വയ്ക്കാൻ മറ്റൊന്നുമുണ്ടെന്നു തോന്നുന്നില്ല. അതായിരുന്നു എം സി വർഗ്ഗീസ്.

എന്റെ രണ്ടാം ‘മംഗളകാലം’ അവിടെ തുടങ്ങി. പക്ഷേ വീണ്ടും ഒരു പതിറ്റാണ്ടിനു ശേഷം എനിക്ക് മംഗളത്തിന്റെ പടിയിറങ്ങേണ്ടി വന്നു; മംഗളം മാനേജ്മെന്റുമായുള്ള എല്ലാ സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ. ഉപജാപങ്ങളുടെ തനിയാവർത്തനം. മാനേജരുടെ നിയന്ത്രണങ്ങൾക്കും അപ്പുറമായിരുന്നു പുതു തലമുറയിലെ ഉപജാപക ശക്തി. ഒത്തിരി പേരൊന്നുമില്ല. ഒരാൾ – ഒരാൾ മാത്രം. ഒരു ജീവനക്കാരന്റെ റോളിൽ മംഗളത്തിൽ കയറിപ്പറ്റി ഒരിത്തിൾകണ്ണിയായി മാറിയ വ്യക്തി. ഒരു പ്രസ്ഥാനത്തെ – അതിന്റെ സുദൃഢമായ സംവിധാനത്തെ തന്റെ ഇച്ഛയ്ക്കൊത്ത് നിർത്താൻ കഴിയുന്ന കരുത്ത് അന്നയാൾ ആർജിച്ചിരുന്നു.

(ഉടൻ പ്രസിദ്ധീകരിക്കുന്ന അമ്പാട്ട് സുകുമാരൻ നായരുടെ ആത്മകഥയിൽ നിന്ന്).

ഒരു മഴയും തോരാതിരുന്നിട്ടില്ല.. ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല…

0
കടുത്തുരുത്തി കുന്നശേരി വീട്ടിൽ ജിയോയും ഭാര്യ നാദിയയും എട്ടുമക്കളും പാടി അഭിനയിച്ച ഒരു മഴയും തോരാതിരുന്നിട്ടില്ല എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി.

ദൈവത്തിന്റെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന കുടുംബം ആണ് ജിയോയുടേത് . കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമെന്നു വിശ്വിസിക്കുന്ന ജിയോയും നാദിയായും ദൈവം കൊടുത്ത എട്ടു മക്കളെയും ഹൃദയത്തോട് ചേർത്തു പിടിച്ചു . പൊന്നുപോലെ അവരെ വളർത്തി . ആ മക്കൾ അവരുടെ ജീവിതത്തിൽ നിറച്ചത് അല്ലൽ അല്ല ആനന്ദമാണ് . എട്ടു മക്കളുടെ കളിയിലും ചിരിയിലും മുഖരിതമായ കുന്നശേരി കുടുംബത്തിൽ ഇന്ന് സന്തോഷത്തിന്റെ പൊൻവെളിച്ചം നിറഞ്ഞു നിൽക്കുന്നു.

ഏറ്റുമാനൂർ അടുത്തു കടുത്തുരുത്തിയിലെ കുന്നശേരി വീട്ടിൽ ജിയോയും ഭാര്യ നാദിയയും എട്ടുമക്കളും പാടി അഭിനയിച്ച ഒരു മഴയും തോരാതിരുന്നിട്ടില്ല എന്ന മനോഹര ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. ഈ മാസം ആദ്യമാണ് ഈ ദൃശ്യവിരുന്ന് യുട്യൂബിൽ പോസ്റ്റ് ചെയ്തത്. രാഷ്ട്രം മീഡിയ യൂട്യൂബ് ചാനലിനു വേണ്ടി ചലച്ചിത്ര നിർമ്മാതാവായ അഗസ്റ്റിൻ ഇലഞ്ഞിപിളി സംവിധാനം ചെയ്ത് രൂപപ്പെടുത്തിയതാണ് ഈ ആൽബം . റവ . സാജൻ മാത്യൂ എഴുതി സംഗീത സംവിധാനം നിർവ്വഹിച്ച പ്രശസ്ത ഗാനത്തിൻ്റെ ദൃശ്യാവിഷ്കാരത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ജിബിൻ അഞ്ചെമ്പിലാണ്.

ഈ കോവിഡ് കാലത്ത് മനസിന് ആശ്വാസം നൽകുന്ന മനോഹര വരികളും നല്ല ഈണവും . നിരവധി കാരണങ്ങളാല്‍ തളര്‍ന്നു തുടങ്ങിയ മനസ്സുകളിൽ പ്രത്യാശയുടെ കിരണങ്ങൾ നിറയ്ക്കാന്‍ ഈ ഗാനത്തിന് കഴിയട്ടെ എന്നാണ് ഇതിന്റെ രചയിതാവ് കുറിച്ചത് . വീഡിയോ കാണുക.

ഒരു മഴയും തോരാതിരുന്നിട്ടില്ല..
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല..
ഒരു രാവും പുലരാതിരുന്നിട്ടില്ല..
ഒരു നോവും കുറയാതിരുന്നിട്ടില്ല..
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികേ അവനുള്ളതാല്‍

മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാം
എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
എന്‍പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം

കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോടു കൂടെ നടന്നീടുവാന്‍
എന്‍ പാദമിടറീ ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിച്ചീടുവാന്‍
Lyrics & Music- റവ. സാജൻ പി. മാത്യു

Read Also വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും 

കെ.എസ്.ആർ.ടി.സി വനിത കണ്ടക്​ടറുടെ ബാഗ്​ മോഷണം പോയി

0
കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ്, തൊടുപുഴ

തൊടുപുഴ: ആനവണ്ടിയിൽ നിന്ന് വനിത കണ്ടക്ടറുടെ ബാഗ് മോഷണം പോയതായി പരാതി. കിളിമാനൂർ സ്വദേശിനി എസ്​. രേഖയുടെ ബാഗാണ് മോഷണം പോയത്. കോട്ടയം തൊടുപുഴ ചെയിൻ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് മോഷണം.

ബസിന്​ പിൻഭാഗത്തെ കണ്ടക്ടർ സീറ്റിന്​ താഴെ നിന്നാണ്​ ബാഗ് മോഷ്​ടിച്ചത്. ടിക്കറ്റ് റാക്കും സ്വന്തം പണവും പാൻ കാർഡ് അടങ്ങുന്ന രേഖകളുമാണ് നഷ്​ടപ്പെട്ടത്. തൊടുപുഴയിൽ നിന്ന്​ വൈകീട്ട് ആറരക്ക് സർവിസ് തുടങ്ങാൻ നേരമാണ് മോഷണം ശ്രദ്ധയിൽപെട്ടതെന്ന് കണ്ടക്ടർ രേഖ പറഞ്ഞു. കോട്ടയം ഡിപ്പോയിലെ സ്​റ്റേഷൻ മാസ്​റ്റർക്കും പൊലീസിലും പരാതി നൽകി.

Read Also ഗാന്ധിജി സ്റ്റഡി സെന്റര്‍ പ്രതിഭാസംഗമം: മുഴുവന്‍ മാര്‍ക്കും നേടിയവരെ ആദരിച്ചു

അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം. സോഷ്യൽ മീഡിയയിൽ കേൾക്കുന്നതെല്ലാം സത്യമാണോ?

0
അരിയിൽ ആര്‍സെനിക്ക് വിഷം ; കപ്പയിൽ സയനൈഡ് വിഷം ; കേൾക്കുന്നതെല്ലാം സത്യമോ?

അരിയിൽ ആര്‍സെനിക്ക് വിഷം . കപ്പയിൽ സയനൈഡ് വിഷം. പച്ചക്കറികളിലോ കീടനാശിനി വിഷം. സോഷ്യൽ മീഡിയയിൽ പേടിപ്പിക്കുന്ന വിഡിയോകളും കുറിപ്പുകളുമാണ് ദിവസവും ! വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന ചൊല്ല് പോലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നവരെല്ലാം ഇപ്പോൾ ശാസ്ത്രജ്ഞന്മാരും ഡോക്കിട്ടർമാരും ഗവേഷകന്മാരുമൊക്കെയാണ്. വരുന്ന വാർത്തകളിൽ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാതെ സാധാരണക്കാരും . കാണുന്ന പോസ്റ്റുകളെല്ലാം ഷെയർ ചെയ്യുകയും സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്യുകയും ചെയ്യുന്നവർ പലപ്പോഴും അറിയുന്നില്ല തങ്ങൾ കൈമാറുന്നത് പച്ചനുണകളോ അർത്ഥസത്യങ്ങളോ ആണെന്ന് .

നാം നിത്യേന കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി ഉണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. വാണിജ്യടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന പച്ചക്കറികളിൽ കർഷകർ അത് അടിച്ചു കയറ്റി നിറയ്ക്കുന്നതാണ് . പ്രകൃതി നിറച്ചു വച്ചതല്ല എന്ന് ചുരുക്കം. അതവിടെ നിൽക്കട്ടെ. അരിയിലും കപ്പയിലും പ്രകൃതി തന്നെ വിഷം നിറച്ചു വച്ചിട്ടുണ്ടോ ? ഇതിന്റെ ശാസ്ത്രീയ വശം ഒന്ന് പരിശോധിക്കാം .

അരിയിൽ ആർസനിക് വിഷം ഉണ്ടോ ?

പ്രകൃതിദത്ത മൂലകങ്ങളില്‍ ഒന്നാണ് ആര്‍സെനിക്ക് 92. അത് ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും ഉള്ളിൽ ചെന്നാല്‍ അപകടകാരിയാണ് . ചില സ്ഥലങ്ങളിൽ ആര്‍സെനിക് വിഷത്തിന്റെ പ്രശ്‌നമുണ്ട് എന്നത് സത്യവുമാണ്. മുഖ്യമായും ഭൂഗര്‍ഭജലം കൃഷിക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളിലാണ് ആര്‍സെനിക് കാണുന്നത്. ഈ വെള്ളം കുടിക്കുമ്പോഴും വിഷം ഉള്ളിൽചെല്ലും .

ഇന്ത്യയില്‍ ബംഗ്‌ളാദേശിനോടടുത്തുള്ള വെസ്റ്റ് ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പ്രശ്‌നം ഉള്ളത് . കേരളത്തിലെ മണ്ണിലോ വെള്ളത്തിലോ ആര്‍സെനിക്, അപകടകാരിയാകുന്ന അളവിൽ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അരി ധാരാളം ഉല്പാദിപ്പിക്കുന്ന ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിലും ഈ പ്രശ്‌നമില്ല .

FAO കോഡെക്‌സ് പ്രകാരം വെള്ള അരിയിൽ ആർസനിക്കിന്റെ അനുവദനീയ തോത് 0.2mg/kg (200 ppb) ആണ്. ചുവന്ന അരിയുടേത് 0.35 mg/kg (350 ppb) . കേരളത്തിലെ മാര്‍ക്കറ്റില്‍ കിട്ടുന്ന അരിസാമ്പിളുകളിലെല്ലാം അനുവദനീയ പരിധിയേക്കാള്‍ താഴെയായിരുന്നു ആര്‍സെനിക്കിന്റെ അളവ്. പോരെങ്കില്‍ കേരളത്തില്‍ പിന്തുടരുന്ന, ഇരുപുഴുക്ക് (parboiling), ധാരാളംവെള്ളം ഉപയോഗിച്ചുള്ള അരി കഴുകല്‍, കൂടുതല്‍ വെള്ളത്തില്‍ വേവിച്ചു വെള്ളം ഊറ്റുന്നത് തുടങ്ങിയവയൊക്കെ ആര്‍സെനിക് അരിയില്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ പോകുന്നതിനുള്ള മാർഗങ്ങളാണ് .

എന്തായാലും കേരളത്തില്‍ ഉൽപ്പാദിപ്പിക്കുന്ന അരി കഴിച്ച് ആര്‍ക്കെങ്കിലും ആര്‍സെനിക് വിഷബാധ ഉണ്ടായാതായി റിപ്പോർട്ടില്ല. കുത്തരിക്കഞ്ഞിയും കഞ്ഞിവെള്ളവും കഴിക്കുന്നവര്‍ക്ക് പേടി കൂടാതെ അതു തുടരാം എന്ന് ചരുക്കം .

കപ്പയിൽ സയനൈഡ് വിഷം ഉണ്ടോ ?

ഇനി കപ്പയിലെ ( മരച്ചീനി ) സയനൈഡ് വിഷത്തെകുറിച്ചു പരിശോധിക്കാം . മരച്ചീനി ഇലയിലും കിഴങ്ങിലും ‘ലിനാമാരിന്‍ ‘, ‘ലോട്ടോസ്ട്രാലിന്‍ !’ എന്നിങ്ങനെ വിഷാംശമുള്ള രണ്ടു ഗ്ലൂക്കോസൈഡുകളുണ്ട്. ഇവ മരച്ചീനിയില്‍ തന്നെയുള്ള ‘ലിനാ മരേസ്’ എന്ന എന്‍സൈമുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വിഘടിച്ച് മാരകമായ ‘ഹൈഡ്രജന്‍ സയനൈഡ്’ ഉണ്ടാകുന്നു. ഒരു കിലോ ഗ്രാം പച്ചക്കപ്പയില്‍15 മുതല്‍ 400 മില്ലിഗ്രാം വരെ ഇത്തരം വിഷവസ്തുവുണ്ട്. ഇനം, പ്രായം, പ്രദേശം, കാലാവസ്ഥ, വളപ്രയോഗം ഇവയനുസരിച്ച് അളവില്‍ മാറ്റം ഉണ്ടാകാം . കട്ടുള്ള കപ്പകളിലെല്ലാം വിഷാംശം കൂടുതലായിരിക്കും. മരച്ചീനിയുടെ പുറന്തൊലിയിലാണ് ഇത് അധികമുണ്ടാവുക. തൊലി നീക്കംചെയ്ത ശേഷം തിളപ്പിക്കുന്നതും ആവര്‍ത്തിച്ച് കഴുകുന്നതും ‘കട്ട്’ പോകാന്‍ സഹായിക്കും.

ഗോയിറ്റര്‍ രോഗത്തിനു വഴിതെളിക്കുന്നവൻ കൂടിയാണ് ഈ വിഷവസ്തു. ശരീരത്തിലെത്തിയാൽ ഈ വിഷവസ്തു നിര്‍വീര്യമാക്കപ്പെടുന്നത് മനുഷ്യശരീരത്തിലുള്ള ‘റോഡനേസ്’ എന്ന സള്‍ഫര്‍ അടങ്ങിയ എന്‍സൈമിന്റെ സാന്നിധ്യ ത്തിലാണ്. റോഡനേസിന്റെ സാന്നിധ്യത്തില്‍ സയനൈഡ്, തയോ സൈനേറ്റ് ആകുകയും മൂത്രത്തില്‍ കൂടി വിസര്‍ജിക്കപ്പെടുകയും ചെയ്യും.

കപ്പ കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ റോഡനേസ് ആവശ്യമായി വരും. ഒരു മില്ലിഗ്രാം ഹൈഡ്രജന്‍ സയനൈഡ് നിര്‍വീര്യമാക്കുന്നതിന് 1.2 മില്ലിഗ്രാം ഭക്ഷ്യ സള്‍ഫര്‍ വേണം. അതായത് സിസ്റ്റിന്‍, സിസ്‌റ്റൈന്‍, മെതിയോനൈന്‍ എന്നീ സള്‍ഫര്‍ അമിനോ അമ്ലങ്ങള്‍ ശരീരത്തിലുണ്ടാവണം. ചുരുക്കത്തില്‍ കപ്പയോടൊപ്പം കുറച്ചെങ്കിലും മത്സ്യം, മാംസം എന്നിവ കൂടി ഉള്ളില്‍ ചെല്ലുന്നില്ലെങ്കില്‍ പ്രശനമുണ്ടാകാന്‍ സാധ്യതയുണ്ട്.

50- 60 മില്ലിഗ്രാം വരെ ഹൈഡ്രജന്‍ സയനൈഡ് പ്രതിദിനം ഉള്ളില്‍ ചെന്നാല്‍ ശരീരത്തിന് ഹാനികരമാവില്ല. പക്ഷേ, ഒട്ടും മാംസ്യം ഇല്ലാതെ കപ്പമാത്രമായ ഒരു ആഹാരക്രമം സ്വീകരിച്ചാൽ പ്രശ്‌നമുണ്ടാകും . ഒരു കിലോഗ്രാം കപ്പയോടൊപ്പം 50 ഗ്രാം പ്രോട്ടീന്‍ കൂടി അകത്തു ചെല്ലണമെന്നാണ് കണക്ക്.

മലയാളികള്‍ക്ക് ഈ ദോഷങ്ങൾ പൊതുവെ കാണാത്തത് മത്സ്യ, മാംസാദികള്‍ കഴിക്കുന്ന തുകൊണ്ടാണ് . കപ്പയും മീനും സാധാരണക്കാരന്റെ പോഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുകുന്നു .മത്തി പോലുള്ള ചെറുമീനുകൾ ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക . മീൻ വറുത്തു കഴിക്കുന്നതിനേക്കാൾ നല്ലത് കറിവച്ചു കഴിക്കുന്നതാണ് . മത്സ്യ, മാംസാദികള്‍ ചേര്‍ന്ന ഒരു ഭക്ഷണക്രമം അനുവര്‍ത്തിച്ചാൽ കപ്പയിലെ വിഷത്തെ നിർവീര്യമാക്കാൻ സാധിക്കും .

( വിവരങ്ങൾക്ക് കടപ്പാട് : ഡോ. സി. ജോര്‍ജ് തോമസ്
മുന്‍ പ്രഫസര്‍ ആന്‍ഡ് ഡീന്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജ്, കേരള കാര്‍ഷിക സര്‍വകലാശാല. )

Read Also ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുളസിച്ചെടി ഏഴിക്കരയിൽ. വീഡിയോ കാണാം 

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് 35 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

0

ഇടുക്കി: ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 4 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1 & 2. ഏലപ്പാറ സ്വദേശികളായ അച്ഛനും മകനും (45, 20)

3. ഏലപ്പാറ സ്വദേശി (59)

4, 5 & 6. കട്ടപ്പന സ്വദേശിനികൾ (65, 52, 20)

7. കട്ടപ്പന സ്വദേശി (48)

8, 9 & 10. കുമളി സ്വദേശിനികൾ (65, 55, 3)

11 & 12. കുമളി സ്വദേശികൾ (56, 26)

13. പെരുവന്താനം സ്വദേശി (24)

14 & 15. തൊടുപുഴ കീരിക്കോട് സ്വദേശിനികൾ (19, 33)

16. ഉടുമ്പൻചോല ആറ്റുപാറ സ്വദേശി (25)

17. ഉടുമ്പൻചോല ഏഴിമലക്കുടി സ്വദേശിനി (18)

18. ഉടുമ്പൻചോല ഏഴിമലക്കുടി സ്വദേശി (15)

19. ഉടുമ്പൻചോല കാരിത്തോട് സ്വദേശിനി (38)

20. ഉടുമ്പൻചോല കാരിത്തോട് സ്വദേശി (10)

21. ഉടുമ്പൻചോല പാറത്തോട് സ്വദേശി (33)

22. വണ്ടൻമേട് സ്വദേശിനി (24)

23. വണ്ടൻമേട് സ്വദേശി (37)

24. ഉടുമ്പന്നൂർ സ്വദേശിനി (58)

25. ഉടുമ്പന്നൂർ സ്വദേശി (38)

⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:

1. ചക്കുപള്ളം സുൽത്താൻകട സ്വദേശി (48)

2. ചക്കുപള്ളം സ്വദേശി (32)

3. ഏലപ്പാറ സ്വദേശിനി (23)

4. കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (49)

🔵 വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. കരിങ്കുന്നം സ്വദേശി (31)

🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (20)

2. മണക്കാട് സ്വദേശിനി (27)

3, 4 & 5. ഉടുമ്പൻചോല സ്വദേശിനികൾ (59, 24, 25)

✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവർ:

1. ഇളംദേശം വെട്ടിമറ്റം സ്വദേശിനി (57)

2. ഇളംദേശം വെട്ടിമറ്റം സ്വദേശി (62)

3. തൊടുപുഴ സ്വദേശി (39)

4, 5 & 6. കരുണാപുരം തൊണ്ടിക്കുഴ സ്വദേശിനികൾ (11, 39, 16)

7. കുടയത്തൂർ സ്വദേശി (23)

8. മടക്കത്താനം സ്വദേശിനി (27)

9. തൊടുപുഴ സ്വദേശിനി (29)

ഇതോടെ ഇടുക്കി സ്വദേശികളായ 337 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്

പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം? എന്ത് ചെയ്യരുത് ? ആശുപത്രികൾ ഏതെല്ലാം ?

0
മൂർഖൻ, അണലി , വെള്ളിക്കെട്ടൻ , ചുരുട്ട എന്നീ നാലു പാമ്പുകളാണ് പ്രധാനമായും കേരളത്തിൽ

പാമ്പു കടിയേറ്റാൽ പ്രഥമ ശുശ്രൂഷയാണ് ഏറ്റവും പ്രധാനം. ശരീരം ഇളകാതെ നോക്കണം. അധികം നടക്കാനും ഓടാനും പാടില്ല. കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് നല്ലത്.

കടിച്ചത് ഏതു പാമ്പാണ് എന്നു അറിഞ്ഞാൽ ചികിൽസ വേഗത്തിലാക്കാം. പാമ്പിന്റെ ഒരു ഫോട്ടോ എടുക്കാൻ പറ്റിയാൽ പാമ്പിനെ തിരിച്ചറിയാൻ ചികിത്സകന് പറ്റും. ലക്ഷണങ്ങൾ നോക്കിയും കടിച്ച പാമ്പിനെ തിരിച്ചറിയാൻ സാധിക്കും.

മൂർഖൻ, അണലി അഥവാ മണ്ഡലി, വെള്ളിക്കെട്ടൻ അഥവാ വളവളപ്പൻ, ചുരുട്ട അഥവാ ചേനതണ്ടൻ ഈ നാലു പാമ്പുകളാണ് പ്രധാനമായും കേരളത്തിൽ ഉള്ളത് . \

വിഷം ഏറ്റതിന്റെ ലക്ഷണങ്ങൾ

ഛർദിയാണ് വിഷബാധയേൽക്കുന്നതിന്‍റെ ആദ്യ ലക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവയുടെ വിഷമേറ്റാൽ മങ്ങിയ കാഴ്ച , കൺപോളകൾ തൂങ്ങുക, പേശികളും കഴുത്തും ക്ഷീണിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കടിയേറ്റ് മൂന്നു മണിക്കൂറിനുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം .

പ്രഥമ ശുശ്രൂഷ പ്രധാനം

കടിയേറ്റ സ്‌ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. രക്തം ഞെക്കിക്കളയുക. മുറിവു കീറാൻ പാടില്ല. വിഷം ഊതിവലിച്ചെടുക്കരുത്. (വിഷം അത്തരത്തിൽ നീക്കം ചെയ്യാൻ പറ്റില്ല .) മുറിവിൽ ഐസ്, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവ പുരട്ടുന്നതും ഇലക്ട്രിക് ഷോക്കോ, പൊള്ളലോ ഏൽപ്പിക്കുന്നതും നന്നല്ല.

കടിയേറ്റതിന്‍റെ രണ്ടോ മൂന്നോ സെന്‍റി മീറ്റർ മുകൾ ഭാഗത്തായി കെട്ടുക . കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കെട്ടിനിടയിൽകൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കിൽ രക്‌തയോട്ടം നിലയ്‌ക്കും. പത്തു മിനിറ്റിനുള്ളിൽ അഴിച്ചു കെട്ടുകയും വേണം. ഒരു മണിക്കൂറിലേറെ കെട്ട് നിലനിറുത്തരുത് . പേശികൾക്കു നശിക്കാതിരിക്കാനാണ് ഇത് . ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ ധാരാളം കുടിക്കുക .

വിഷം വ്യാപിക്കാതിരിക്കാൻ ചില കാര്യങ്ങൾ

കടിയേറ്റ ഭാഗം ഹൃദയത്തിനു താഴെവരുന്ന രീതിയിൽ പിടിക്കുക. കാലോ കയ്യോ താഴ്ത്തിയിട്ടാൽ മതി. ഇത് വിഷം പടരുന്നത് കുറയ്ക്കാൻ സഹായകമാവും. ആഭരണങ്ങളും ഇറുകിയ വസ്ത്രവും അവിടെ നിന്ന് അഴിച്ചുമാറ്റണം.

പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രധാനം. ആൾ പരിഭ്രാന്തനാകാനും പാടില്ല. രക്തയോട്ടം വർദ്ധിക്കുന്നത് വിഷം വ്യാപിക്കാനിടയാക്കും. രോഗിയെ സമാധാനിപ്പിച്ചു നിറുത്തുക എന്നത് പ്രധാനമാണ്.

ലക്ഷണം നോക്കി പാമ്പിനെ തിരിച്ചറിയാം

വെള്ളിക്കെട്ടന്‍റെ കടിയേറ്റാൽ

വേദന ഉണ്ടാവില്ല. കടിച്ച പാടും പ്രകടമാവില്ല . ചോര പൊടിയുന്നതുംവിരളം . ഉമിനീരിറക്കാൻ പ്രയാസം. തളർച്ച, തൊണ്ടയിൽ അസ്വസ്‌ഥത , അറിയാതെ കണ്ണ് അടഞ്ഞു പോകുന്നു, നാവ് വഴുതിപ്പോകുന്നു, സംസാരിക്കാൻ പറ്റാതാവുന്നു, ശ്വസിക്കാൻ വിഷമം നേരിടുന്നു, എന്നിവ പൊതു ലക്ഷണങ്ങൾ . ശ്വാസ തടസം മൂലം മരണം സംഭവിക്കുന്നു.

മൂർഖന്‍റെ കടിയേറ്റാൽ

കടിച്ചിടത്തു കറുപ്പു കലർന്ന നീല നിറത്തിൽ പാടു കാണും. ആ ഭാഗത്ത് വീക്കം ഉണ്ടാകും. മറ്റു ശരീരഭാഗങ്ങളിലും വീക്കം പടരും . പല്ലിന്റെ വ്യക്‌തമായ രണ്ടു പാടുകൾ ഉണ്ടാകും. ശരീരത്തിന്‍റെ ബാലൻസ് തെറ്റി ശക്തമായ ക്ഷീണവും വിറയലും ഉണ്ടാകുന്നു. വിഷം വ്യാപിക്കുമ്പോൾ ആൾ മോഹാലസ്യപ്പെടുന്നു. മറ്റു ലക്ഷണങ്ങൾ വെള്ളിക്കെട്ടന്‍റേതിനു സമാനം.

അണലിയുടെ കടിയേറ്റാൽ

കടിച്ച സ്‌ഥലത്തു കറുപ്പു കലർന്ന നീല നിറം കാണപ്പെടും. പല്ലിന്റെ പാടുണ്ടാകും. അസഹനീയ നെഞ്ചുവേദന , വൻ തോതിൽ രക്‌തസ്രവം എന്നിവ ഉണ്ടാകും. വയറിന്റെ ഭാഗത്തു നിന്നും വായിൽ നിന്നും രോമകൂപങ്ങളിൽ നിന്നും രക്‌തം വരും. മൂത്രത്തിലൂടെയും ചോര വരും. രക്തം കട്ടപിടിക്കില്ല. കടുത്ത നടുവേദന, ഛർദ്ദിൽ, വയറ്റിൽ വേദന, ചെവിവേദന, കണ്ണു വേദന എന്നിവയുമുണ്ടാകും. മണക്കാനുള്ള കഴിവും കാഴ്‌ചശക്‌തിയും കുറയും. കഴുത്ത് ഒടിഞ്ഞതുപോലെ ശിരസ് തൂങ്ങിയിരിക്കും. ലക്ഷണങ്ങൾ മൂന്നു നാലു മണിക്കൂറിനുള്ളിൽ പ്രത്യക്ഷപ്പെടും.

ചുരുട്ട അഥവാ ചേനതണ്ടന്റെ കടി ഏറ്റാൽ

വിഷം പതുക്കെയെ പ്രവർത്തിച്ചു തുടങ്ങൂ. വേദന ഉണ്ടാവില്ല. കടിച്ച പാടും പലപ്പോഴും ഉണ്ടാവില്ല. ചോര പൊടിയുന്നതും വിരളമാണ്. ആ ഭാഗത്ത് നീര് വയ്ക്കും . വ്രണം വന്നു പഴുത്ത് പൊട്ടി ഒലിക്കും
ഇതിന്റെ വിഷം വൃക്കകളെയാണ് തകരാറിലാക്കുക.

ആന്റിവെനം കുത്തിവയ്പ് ആരംഭിച്ചതോടെ ലോകത്തു പാമ്പുകടിയേറ്റുള്ള മരണനിരക്ക് 50 ശതമാനത്തിൽ നിന്ന് 5% വരെയായി കുറഞ്ഞിട്ടുണ്ട് .

പാമ്പ് വിഷത്തിനുള്ള ചികിത്സ ലഭ്യമായ ആശുപത്രികൾ

A. തിരുവനന്തപുരം ജില്ല:

1- തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ്.
2- SAT തിരുവനന്തപുരം.
3 -ജനറല്‍ ആശുപത്രി, തിരുവനന്തപുരം
4- ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര.
5-PRS ഹോസ്പിറ്റല്‍, കിള്ളിപ്പാലം
6- സി എസ് ഐ മെഡിക്കല്‍ കോളേജ്, കാരക്കോണം.
7- ഗോകുലം മെഡിക്കല്‍ കോളേജ്, വെഞ്ഞാറമൂട്
8-KIMS ആശുപത്രി

B. കൊല്ലം ജില്ല :

1- ജില്ലാ ആശുപത്രി, കൊല്ലം.
2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂര്‍ .
4- താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട.
5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
6- സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി.
7- ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി.
8- സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, അഞ്ചല്‍
9- ഉപാസന ഹോസ്പിറ്റല്‍, കൊല്ലം.
10- ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം.
11- സര്‍ക്കാര്‍ ജില്ലാ ആശുപത്രി, കൊല്ലം.
12- ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം.

പത്തനംതിട്ട ജില്ലയിൽ പാമ്പ് വിഷത്തിനു ചികിത്സ ലഭ്യമായ ആശുപത്രികൾ

C പത്തനംതിട്ട ജില്ല:

1). ജനറല്‍ ആശുപത്രി, പത്തനംതിട്ട
2). ജനറല്‍ ആശുപത്രി, അടൂര്‍
3). ജനറല്‍ ആശുപത്രി, തിരുവല്ല
4). ജില്ലാ ആശുപത്രി, കോഴഞ്ചേരി
5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
6). താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി
7). പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല .
8.)ഹോളിക്രോസ് ആശുപത്രി, അടൂര്‍
9). തിരുവല്ല മെഡിക്കല്‍ മിഷന്‍

D ആലപ്പുഴ ജില്ല :

1). ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
2). ജില്ലാ ആശുപത്രി, മാവേലിക്കര
3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേര്‍ത്തല
4). താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂര്‍
5). കെ സി എം ആശുപത്രി, നൂറനാട്

E. കോട്ടയം ജില്ല :

1- കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
2- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം.
3- ജനറല്‍ ആശുപത്രി, കോട്ടയം.
4- ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി.
5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
7- കാരിത്താസ് ആശുപത്രി
8- ഭാരത് ഹോസ്പിറ്റല്‍

F ഇടുക്കി ജില്ല :

1-ജില്ലാ ആശുപത്രി, പൈനാവ്
2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുങ്കണ്ടം
4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
5-താലൂക്ക് ആശുപത്രി, അടിമാലി
6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

G എറണാകുളം ജില്ല :

1- സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊച്ചി.
2- ജനറല്‍ ആശുപത്രി, എറണാകുളം.
3- കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി.
4- മാര്‍ ബസേലിയോസ് ആശുപത്രി, കോതമംഗലം
5- ചാരിസ് ഹോസ്പിറ്റല്‍, മൂവാറ്റുപുഴ.
6- ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി, അങ്കമാലി.
8- മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
9- ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം.
10- അമൃത മെഡിക്കല്‍ കോളേജ്, എറണാകുളം.
11- ലേക് ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം.
12- സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, വാഴക്കുളം.
13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂര്‍

H. തൃശ്ശൂര്‍ ജില്ല :

1- തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
2- ജൂബിലി മെഡിക്കല്‍ മിഷന്‍, തൃശൂര്‍.
3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
4- മലങ്കര ആശുപത്രി, കുന്നംകുളം.
5- എലൈറ്റ് ഹോസ്പിറ്റല്‍, കൂര്‍ക്കഞ്ചേരി.
6- അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍.
7-ജനറല്‍ ആശുപത്രി, തൃശ്ശൂര്‍.
8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂര്‍.
10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

I. പാലക്കാട് ജില്ല :

1-സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
2- പാലന ആശുപത്രി.
3- വള്ളുവനാട് ഹോസ്പിറ്റല്‍, ഒറ്റപ്പാലം.
4- പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.
5- സര്‍ക്കാര്‍ ജില്ലാ ആശുപത്രി, പാലക്കാട്.
6- സേവന ഹോസ്പിറ്റല്‍, പട്ടാമ്പി.
7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂര്‍.
8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.

J. മലപ്പുറം ജില്ല :

1- മഞ്ചേരി മെഡിക്കല്‍ കോളേജ്.
2- അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍.
3- കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
4- മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
5- മിഷന്‍ ഹോസ്പിറ്റല്‍, കോടക്കല്‍.
6- അല്‍ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
7- ഇ എം എസ് ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
8- ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.
9- ജില്ലാആശുപത്രി, തിരൂര്‍.
10- ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.

K. വയനാട് ജില്ല

1-ജില്ലാ ആശുപത്രി, മാനന്തവാടി
2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
3-താലൂക്ക് ഹോസ്പിറ്റല്‍ ,വൈത്തിരി
4-ഡി എം വിംസ് ഹോസ്പിറ്റല്‍ ,മേപ്പാടി

L. കോഴിക്കോട് ജില്ല

1-സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്,കോഴിക്കോട്
2-ആസ്റ്റര്‍ മിംസ് ആശുപത്രി, കോഴിക്കോട്
3-ബേബി മെമ്മോറിയല്‍ ആശുപത്രി
4-ആശ ഹോസ്പിറ്റല്‍,വടകര
5-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേര്‍നല്‍ & ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട്
6-ജനറല്‍ ആശുപത്രി, കോഴിക്കോട്
7-ജില്ലാ ആശുപത്രി, വടകര
8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

M. കണ്ണൂര്‍ ജില്ല

1-പരിയാരം മെഡിക്കല്‍ കോളേജ്
2-സഹകരണ ആശുപത്രി, തലശേരി
3-എകെജി മെമ്മോറിയല്‍ ആശുപത്രി
4-ജനറല്‍ ആശുപത്രി, തലശേരി
5-ജില്ലാ ആശുപത്രി, കണ്ണൂര്‍

N. കാസര്‍ഗോഡ് ജില്ല

1-ജനറല്‍ ആശുപത്രി, കാസര്‍ഗോഡ്
2-ജില്ലാ ആശുപത്രി, കാനങ്ങാട്
3-ഹരിദാസ് ക്ലിനിക്, നീലേശ്വരം

പാമ്പ് കടിച്ചാൽ എന്ത്ചെയ്യണം? എന്ത് ചെയ്യരുത്? വീഡിയോ കാണുക

സിസ്‌റ്റര്‍ ഇന്‍ഫന്റ്‌ ട്രീസ : യോഗയെ സ്നേഹിച്ച ക്രിസ്തുവിന്റെ മണവാട്ടി

0
കോട്ടയം മൂന്നിലവ്‌ സ്വദേശിയായ സിസ്‌റ്റര്‍ ട്രീസ ക്ലാരമഠാഗംമാണ്‌

നടുവ് വേദന അകറ്റി ആരോഗ്യം വീണ്ടെടുക്കാനാണ് സിസ്‌റ്റര്‍ ഇന്‍ഫന്റ്‌ ട്രീസ യോഗ പരിശീലിച്ചത് . അത് ഫലപ്രദമായി എന്നു കണ്ടപ്പോൾ പരിശീലന ക്ലാസ് ആരംഭിച്ചു. മുവാറ്റുപുഴ നിർമ്മല മെഡിക്കല്‍ യോഗ സെന്ററിലും തൊടുപുഴ സെന്റ്‌ അല്‍ഫോന്‍സ യോഗ സെന്ററിലുമായി ആയിരത്തിലേറെ പേര്‍ സിസ്റ്ററുടെ ശിക്ഷണത്തില്‍ യോഗ അഭ്യസിച്ചു . അപ്പോഴാണ്‌ ചിലര്‍ ഒരു വിശ്വാസപ്രശ്നവുമായി സിസ്റ്ററിന്റെ സിസ്റ്ററിന്റെ അടുത്ത് എത്തിയത്

യോഗയിലെ പ്രധാന വ്യായാമമുറയായ സൂര്യനമസ്‌കാരം നടത്താന്‍ പാടില്ലത്രേ. സൂര്യനമസ്‌കാരത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ച സിസ്റ്റര്‍ പക്ഷേ തോറ്റു കൊടുത്തില്ല. സൂര്യനമസ്‌കാരം അടിച്ചു മാറ്റി സിസ്‌റ്റര്‍ യേശു നമസ്‌കാരം ഉണ്ടാക്കി. ബൈബിള്‍ ഭാഗമാണ്‌ അതിനായി ഉപയോഗിക്കുന്നത്‌.

ബെനഡിക്ട്‌ ആശ്രമത്തിലെ സ്വാമി ദേവപ്രസാദിനൊപ്പം ചേര്‍ന്നാണ്‌ സൂര്യനമസ്‌കാരത്തിലെ പ്രാര്‍ത്ഥനകള്‍ക്ക്‌ ക്രീസ്‌തീയ ചായ്‌വ് നൽകി യേശു നമസ്‌കാരമാക്കി മാറ്റിയത്‌. ആരുടെയും മതവികാരം വൃണപ്പെട്ടു വിവാദം വേണ്ട എന്ന തീരുമാനത്തില്‍ നിന്നായിരുന്നു ഇത്‌. യേശു നമസ്‌കാരം വേണ്ടങ്കില്‍ എന്തു പേരിട്ടും സൂര്യനമസ്‌കാരം അനുഷ്‌ഠിക്കാം. പക്ഷേ യോഗ ശീലമാക്കണമെന്നാണ്‌ സിസ്‌റ്ററിന്റെ പക്ഷം.

Read Also നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

നേഴ്‌സിങ്ങ പഠനം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയില്‍ പ്രവേശിച്ച ചുരുക്കം ചില കന്യാസ്‌ത്രീകളില്‍ ഒരാളാണ്‌. മെഡിക്കല്‍ കോളേജില്‍ നിന്ന്‌ വിരമിച്ച സിസ്‌റ്റര്‍ ശ്വാസം മുട്ടലിനെയും
നടുവേദനയെയും തുടര്‍ന്നാണ്‌ യോഗ പഠനത്തിലേക്ക്‌ തിരിഞ്ഞത്‌. രോഗം മാറിയതോടെയാണ്‌ സിസ്‌റ്റര്‍ യോഗ പഠിപ്പിക്കാന്‍ തുടങ്ങിയത്‌. ഇപ്പോള്‍ നാലായിരത്തിലേറെ പേരാണ് സിസ്റ്ററിന്റെ കീഴില്‍ യോഗ പഠിച്ചത്‌. കോട്ടയം മൂന്നിലവ്‌ സ്വദേശിയായ സിസ്‌റ്റര്‍ ട്രീസ ക്ലാരമഠത്തിലെ അംഗമാണ് . വീഡിയോ കാണുക.

നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

0
നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഒരുപാട് ആളുകൾ . പ്രായമായവരിൽ മാത്രമല്ല യുവാക്കളിലും ഇപ്പോൾ നടുവേദന കണ്ടുവരുന്നു. നടുവേദന വരാൻ പല കാരണങ്ങളുണ്ട് .

ശരീരഭാരം കൂടുന്നത്, വ്യായാമമില്ലായ്ക, അമിതാധ്വാനം, അധികനേരം നിൽക്കുന്നത്, വളഞ്ഞിരിക്കുന്നത്, ഭാരിച്ച ജോലികൾ ചെയ്യുന്നത് ഇങ്ങനെ നടുവേദനയ്ക്ക് കാരണങ്ങൾ ഒരുപാടുണ്ട്. ഇക്കാരണങ്ങളാലുണ്ടാകുന്ന നടുവേദനയെ (lower back pain) അകറ്റാനുള്ള ചില ലഘു വ്യായാമങ്ങളാണ് ഇതോടൊപ്പമുള്ള ഈ വീഡിയോയിൽ കാണിക്കുന്നത് .

ഏറെനേരം ഇരുന്നോ നിന്നോ ജോലി ചെയ്യുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കുമൊക്കെ നടുവേദന വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. നട്ടെല്ലിന് തേയ്മാനം സംഭവിക്കുന്നതും നടുവേദനയ്ക്ക് കാരണമാകാം. സ്ത്രീകളിലാണ് നടുവേദന കൂടുതലായി കണ്ടുവരുന്നത്

read Also ഫാറ്റി ലിവര്‍, ലിവര്‍സിറോസിസ്‌ (LIVER CIRRHOSIS) ആകുമോ?

വാർധക്യത്തിൽ ഉണ്ടാകുന്ന എല്ലിന്റെ തേയ്മാനം, സ്‌പോണ്‍ഡിലോസിസ്, സന്ധിവാതം, ഡിസ്കിന്റെ സ്ഥാനചലനം തുടങ്ങി നടുവേദനയുടെ കാരണങ്ങൾ നിരവധിയാണ്. നടുവേദന ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്.

ശരിയായ വിശ്രമം ലഭിച്ചാല്‍ നടുവേദനയ്ക്ക് ഒരുപരിധിവരെ പരിഹാരം ഉണ്ടാകും . അതുപോലെ കൃത്യമായി ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കി നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാൻ സാധിക്കും. കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങള്‍ ദിവസവും കൃത്യമായി ചെയ്യുക.(കൂടുതൽ വിവരങ്ങൾക്ക് . ഡോ . ജെന്നി കളത്തിൽ ; ജീവനം പ്രകൃതി ചികിത്സാലയം ; ഏങ്ങണ്ടിയൂർ , തൃശൂർ – ഫോൺ . 9745570374 ). നടുവേദന (lower back Pain) അകറ്റാനുള്ള വ്യായാമങ്ങൾ. വീഡിയോ കാണുക .