

തൊടുപുഴ : കേരളത്തിനും ഇന്ത്യയ്ക്കും നേതൃത്വം കൊടുക്കാന്‍ കഴിവുള്ളവരാണ് തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെന്ന് ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. പറഞ്ഞു. സിവില്‍ സര്‍വ്വീസ് അടക്കമുള്ള മത്സര പരീക്ഷകളില്‍ മുന്നോട്ടു വരാന്‍ കഴിവുള്ളവരാണ് ഈ പ്രതിഭകള്‍.
ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവരെ ആദരിക്കുന്ന പ്രതിഭാസംഗമത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഭകളെ ആദരിക്കുന്നത് അവര്‍ക്കുള്ള അനുമോദനം മാത്രമല്ല, മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതിന് കൂടി വേണ്ടിയാണ്. പുത്തന്‍ പ്രതീക്ഷകളുമായി ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവര്‍ വീടിനും നാടിനും പ്രയോജനം ചെയ്യുന്നവരായി മാറണം. സമൂഹത്തിന് വലിയ സംഭാവനകള്‍ ചെയ്യാന്‍ ഓരോ വിദ്യാര്‍ത്ഥിയ്ക്കും സാധിക്കട്ടെ എന്നും ജോസഫ് പറഞ്ഞു.
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയ ആറു വിദ്യാര്‍ത്ഥികള്‍ക്ക് ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. ലാപ്‌ടോപ്പും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കുമാരമംഗലം എം.കെ.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഡെല്‍ന വി. ജോണ്‍, മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാനിയ റോസ് ആന്റണി, വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജോണ ജോയി, കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആഷ്‌ലിന്‍ ജെയിംസ്, റ്റീന മരിയ സാജു, അനുഷ ജോര്‍ജ് എന്നിവരാണ് 1200 ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ കുമാരമംഗലം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും പ്രത്യേക സമയം നല്‍കിയാണ് വിളിച്ചു ചേര്‍ക്കുന്നത്.
ഇന്ന് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ അര്‍ഹരായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും.













































