”മംഗളം വാരിക മൂന്ന് ലക്ഷത്തോളം കോപ്പികൾ അച്ചടിക്കുന്ന സമയം. ഞാൻ ഒരത്യാവശ്യത്തിനു ഡൽഹിക്കു പോയി. ഒരു മാസം കഴിഞ്ഞാണ് തിരിച്ചു വന്നത്. ഓഫീസിൽ വന്നപ്പോൾ പ്രകടമായ മാറ്റം. സബ് എഡിറ്റർമാർക്കൊക്കെ ഒരു പരുങ്ങൽ. കാരണം അന്വേഷിച്ചപ്പോൾ പ്രസിദ്ധീകരിക്കാനായി ഞാൻ കൊടുത്ത ഒരു മാറ്റർ മാറ്റി വച്ചതായറിഞ്ഞു. എം ഡി യുടെ നിർദേശ പ്രകാരമാണെന്നും അവർ പറഞ്ഞു. വർഷങ്ങൾക്കു മുൻപ് ഞങ്ങൾ തമ്മിലുണ്ടായ ധാരണ ലംഘിക്കപ്പെട്ടു. ഞാൻ ഓഫീസിലിരുന്നില്ല- വീട്ടിലേക്ക് പോന്നു. പിറ്റേന്നും ഓഫീസിൽ പോയില്ല. രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം മാനേജർ എന്നെ ഫോണിൽ വിളിച്ചു. ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും തിരിച്ച് വരണമെന്നും നിർബന്ധമായി പറഞ്ഞു. പക്ഷേ ഞാൻ പോയില്ല. എന്നെ സംബന്ധിച്ച് അതൊരു വലിയ മുറിപ്പാടായിരുന്നു. ആ അധ്യായം അവിടെ അവസാനിച്ചു. ”
എൺപതുകളിൽ 18 ലക്ഷം കോപ്പികളുടെ പ്രചാരവുമായി ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിന്ന മംഗളം വാരികയുടെ വളർച്ചയിൽ നിർണ്ണായക വഹിച്ച മംഗളത്തിന്റെ മുൻ പത്രാധിപർ ശ്രീ അമ്പാട്ട് സുകുമാരൻ നായർ ഫേസ്ബുക്കിൽ എഴുതിയ ഓർമ്മ കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കുക
പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്; ഞാൻ മംഗളത്തിൽ നിന്നും പിരിയാണുണ്ടായ കാരണം. ഞങ്ങളുടെ പൊതു സുഹൃത്തുക്കൾക്ക് അവിശ്വസനീയമായിരുന്നു ആ വേർപിരിയൽ. പക്ഷേ അത് സംഭവിച്ചു. മംഗളത്തിന്റെ പുഷ്കല കാലത്താണ് അതുണ്ടായത് എന്നതാണ് ഏറെ ശ്രദ്ധേയം. അതേക്കുറിച്ച് പറയും മുൻപ് മംഗളത്തിന്റെ തുടക്കത്തെക്കുറിച്ച് പറയേണ്ടതുണ്ട്.
ഞാനും ശ്രീ എം സി വർഗീസും കോട്ടയംകാരാണ്. പക്ഷേ തമ്മിൽ പരിചയമുണ്ടായിരുന്നില്ല. അതിനു നിമിത്തമാകുന്നത് മനോരാജ്യം വാരികയിൽ ആർട്ടിസ്റ്റായിരുന്ന ശ്രീ കെ എസ് രാജനായിരുന്നു. 1977 ആഗസ്റ്റ് മാസത്തിലാണെന്നാണ് ഓർമ. ഒരുദിവസം രാവിലെ ആർട്ടിസ്റ്റ് കെ എസ് രാജൻ എന്റെ വീട്ടിൽ വന്നു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം പാർട്ട് ടൈമായി പത്ര പ്രവർത്തനവും അക്കാലത്ത് ഞാൻ നടത്തിയിരുന്നു. ഡോ. ജോർജ് തോമസിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കേരളധ്വനി ദിനപത്രവും മനോരാജ്യം വാരികയുമായിരുന്നു അന്നത്തെ എന്റെ ലാവണങ്ങൾ. മനോരാജ്യത്തിലെ ചിത്രകാരനായത് കൊണ്ട് ഞാനും കെ എസ് രാജനും അടുത്ത സുഹൃത്തുക്കളുമായിരുന്നു. രാജൻ വന്നത് ഒരു പുതിയ ഓഫറുമായാണ്. എം സി വർഗ്ഗീസ് എന്നൊരാൾ ഒരു ചെറിയ പ്രസ്സും അതിനോടാനുബന്ധിച്ച് ഒരു മാസികയും നടത്തുന്നുണ്ട്. മാസികയ്ക്ക് കാര്യമായ സർക്കുലേഷൻ ഇല്ല. അതൊരു മികച്ച കുടുംബവാരികയായി മാറ്റണം. അതിനൊരു പത്രാധിപർ വേണം. ശ്രീ എം സി വർഗ്ഗീസ് കെ എസ് രാജനെ കണ്ടപ്പോൾ ഈ ആശയം പങ്കുവെച്ചു. രാജന്റെ മനസ്സിൽ പെട്ടെന്ന് വന്നത് എന്റെ മുഖമാണ്. അതാണ് എന്നെ തേടിവരാൻ കാരണം.
ഞാനും രാജനും ശ്രീ എം സി വർഗീസിനെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. കോട്ടയത്തു ബേക്കർ ജംഗ്ഷനടുത്തുള്ളഒരു ചെറിയ മുറിയിലാണ് പ്രസ്സും ഓഫീസും. പഴയൊരു ട്രെഡിൽ പ്രസ്സും അനുബന്ധ സൗകര്യങ്ങളുമാണ് അന്ന് അവിടെയുള്ളത്. നിലവിലെ സാഹചര്യം എം സി വർഗ്ഗീസ് പറഞ്ഞു. പ്രത്യേകം ഓരോഫീസ് എടുക്കാൻ തത്കാലം നിർവാഹമില്ല. ഈ മുറിയുടെ ഒരു ഭാഗം തന്നെ ഓഫീസാക്കാം. ശമ്പളവും തുച്ഛമായൊരു തുകയേ പ്രതീക്ഷിക്കാവൂ. പ്രസിദ്ധീകരണം വളർന്നാൽ അതനുസരിച്ചു സാമ്പത്തികവും മറ്റ് സൗകര്യങ്ങളും നൽകാം. അതെല്ലാം ഞാൻ അംഗീകരിച്ചു. പകരം എനിക്ക് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളു. പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ കാര്യങ്ങളിൽ പൂർണ സ്വാതന്ത്ര്യം വേണം. അത് അദ്ദേഹവും സമ്മതിച്ചു.
പിറ്റേന്ന് തന്നെ ഞാൻ ഓഫീസിൽ പോയി തുടങ്ങി. മംഗളം വാരികയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അക്കാലത്ത് ഭേദപ്പെട്ട പ്രചാരമുള്ള വാരികകൾ മലയാള മനോരമയും മനോരാജ്യവുമായിരുന്നു. സാഹിത്യ താൽപ്പര്യമുള്ള വായനക്കാരെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രസിദ്ധീകരണങ്ങളായിരുന്നു അത്. ഫീച്ചറുകൾ അന്ന് ഒരു വാരികയിലും പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ ഞാൻ ലക്ഷ്യമിട്ടത് സാധാരണക്കാരായ പുതിയ വായനക്കാരെയാണ്. തുച്ഛ വരുമാനക്കാരായ തോട്ടം തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ ഫീച്ചറുകളായി അവതരിപ്പിച്ചതോടെ ഒരു ജനകീയ മുഖം വാരികയ്ക്കുണ്ടായി. കാടിനുള്ളിൽ ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ആദിവാസികളെ കുറിച്ചെഴുതിയത് ഒട്ടേറെ വായനക്കാരെ ആകർഷിച്ചു. നോവലുകളിലും മറ്റ് പംക്തികളിലും പ്രകടമായ മാറ്റങ്ങൾ വരുത്തി. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്കെല്ലാം ശ്രീ എം സി വർഗീസിൽ നിന്നും വലിയ പ്രോത്സാഹനവും സഹകരണവുമാണ് ലഭിച്ചത്. പ്രചാരത്തിൽ മംഗളം ഒരു കുതിച്ചു കയറ്റം തന്നെ നടത്തി.
എം സി വർഗീസിനെ ഞാൻ മാനേജർ എന്നാണ് വിളിച്ചിരുന്നത്. മാനേജർ നേരത്തേ പറഞ്ഞ വാക്ക് പാലിച്ചു. മംഗളം വളർന്നതോടെ ശമ്പളവും ഇതര സൗകര്യങ്ങളും വർധിപ്പിച്ചു. അദ്ദേഹത്തിനു സ്വന്തമായി ക്യാബിൻ ഉണ്ടാക്കുന്നതിന് മുൻപ് തന്നെ എനിക്കുവേണ്ടി ക്യാബിൻ പണിയിച്ചു തന്നു. അന്ന് നല്കാവുന്നതിൽ ഏറ്റവും മികച്ച തുക ശമ്പളമായി നൽകി. ഒരു കാർ വാങ്ങിത്തരാമെന്നു പറഞ്ഞെങ്കിലും ഞാൻ അത് സ്‌നേഹപൂർവം നിരസിച്ചു. മംഗളം വളരുകയായിരുന്നു; ഒപ്പം ഞങ്ങളും. എംസിയുടെ ബിസിനസ്സ്പരമായ പ്രാഗത്ഭ്യം മംഗളത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുന്നതിന് ഏറെ സഹായകമായി.
വർഷങ്ങൾ കടന്നുപോയി. മംഗളം വാരിക മൂന്ന് ലക്ഷത്തോളം കോപ്പികൾ അച്ചടിക്കുന്ന സമയം. ഞാൻ ഒരത്യാവശ്യത്തിനു ഡൽഹിക്കു പോയി. ഒരു മാസം കഴിഞ്ഞാണ് തിരിച്ചു വന്നത്. ഓഫീസിൽ വന്നപ്പോൾ പ്രകടമായ മാറ്റം.സബ് എഡിറ്റർമാർക്കൊക്കെ ഒരു പരുങ്ങൽ. കാരണം അന്വേഷിച്ചപ്പോൾ പ്രസിദ്ധീകരിക്കാനായി ഞാൻ കൊടുത്ത ഒരു മാറ്റർ മാറ്റി വച്ചതായറിഞ്ഞു. എം ഡി യുടെ നിർദേശ പ്രകാരമാണെന്നും അവർ പറഞ്ഞു. വർഷങ്ങൾക്കു മുൻപ് ഞങ്ങൾ തമ്മിലുണ്ടായ ധാരണ ലംഘിക്കപ്പെട്ടു.
ഞാൻ ഓഫീസിലിരുന്നില്ല- വീട്ടിലേക്ക് പോന്നു. പിറ്റേന്നും ഓഫീസിൽ പോയില്ല. രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം മാനേജർ എന്നെ ഫോണിൽ വിളിച്ചു. ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും തിരിച്ച് വരണമെന്നും നിർബന്ധമായി പറഞ്ഞു. പക്ഷേ ഞാൻ പോയില്ല. എന്നെ സംബന്ധിച്ച് അതൊരു വലിയ മുറിപ്പാടായിരുന്നു..ആ അധ്യായം അവിടെ അവസാനിച്ചു. വളരെ ശക്തമായ ഉപജാപങ്ങൾ ഇതിനു പിന്നിൽ നടന്നതായി ഞാൻ പിന്നീടറിഞ്ഞു. എന്നെയും മാനേജരേയും തമ്മിലകറ്റാനുള്ള ചിലരുടെ ശ്രമം വിജയിച്ചു. അഭ്യുദയകാംക്ഷികൾ ചമഞ്ഞ് ചില വിഷ വിത്തുകൾ എനിക്കൊപ്പവും ഉണ്ടായിരുന്നു എന്നതും മറച്ചു വയ്ക്കുന്നില്ല; വളരെ വൈകിയാണ് ഞാനത് തിരിച്ചറിഞ്ഞതെന്നു മാത്രം.
Read Also ”എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലകനു മുന്നിൽ ഉരുകി ഇല്ലാതായി. ”
കാലം കടന്ന് പോയി. പിന്നീട് ഞാൻ മാനേജരെ മുഖാമുഖം കാണുന്നത് ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമാണ്. തൊഴിൽപരമായി വൻ വിജയങ്ങളുണ്ടായെങ്കിലും എന്റെ സ്വന്തം പ്രസിദ്ധീകരണമായ സുനന്ദ ആഴ്ച്ചപ്പതിപ്പ് നിർത്തേണ്ടി വന്നതിനു ശേഷം. മാനസികമായും സാമ്പത്തികമായും ആകെ തകർന്ന് നിൽക്കുന്ന സമയം. ഒരു ദിവസം മാനേജരുടെ കാർ എന്റെ വീട്ടിലെത്തി. ‘കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞ് എംഡി അയച്ചതാണ്’. ഡ്രൈവർ പറഞ്ഞു. ഞാൻ വീണ്ടും മംഗളത്തിലെത്തി. നിമിഷങ്ങളോളം ഞങ്ങൾ മുഖാമുഖം നോക്കിയിരുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ നേരിയ നനവ്. എന്നോട് ഒന്നും ചോദിച്ചില്ല. പകരം മറ്റൊന്ന് പറഞ്ഞു. ‘ഇനിയെങ്ങോട്ടും പോകണ്ട. വീണ്ടും നമുക്കൊന്നിക്കാം’. ഞാൻ നിശബ്ദനായി തല കുലുക്കി. ബിസിനെസ്സിൽ എനിക്കൊപ്പമുണ്ടായിരുന്നവരുടെ ‘സൽഗുണം’ കൊണ്ട് എന്റെ കാർ ഉൾപ്പടെ എല്ലാം നഷ്ടപ്പെട്ടിരുന്നു. അതറിയാവുന്നത് കൊണ്ടാകാം തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.’രാവിലെ വരാൻ ഓട്ടോറിക്ഷയൊന്നും വിളിക്കേണ്ട. ഇവിടുന്ന് കാർ വരും. അതിൽ വന്നാൽ മതി’. ഇവിടെ ധാരാളം സ്റ്റാഫ് ഇപ്പോഴുണ്ട്. എല്ലാവർക്കും വേണ്ട നിർദേശങ്ങൾ നൽകി മേൽനോട്ടക്കാരായി മരണം വരെ നമുക്കിവിടെ കഴിയാം’. എന്റെ എല്ലാ അവസ്ഥയും തിരിച്ചറിഞ്ഞ ജ്യേഷ്ഠ സഹോദരന്റെ വാഗ്ദാനം! കളങ്കമില്ലാത്ത ആ സ്‌നേഹത്തിന്റെ ആഴം ഞാൻ തിരിച്ചറിഞ്ഞ നിമിഷം. ബിസിനസ്സ് ലോകത്ത് വൻ സാമ്രാജ്യങ്ങൾ കീഴടക്കിയ ആ മനുഷ്യന്റെ പൂർവകാല സ്മൃതിയുടേയും കരുതലിന്റെയും കരുണയുടെയും മുൻപിൽ പകരം വയ്ക്കാൻ മറ്റൊന്നുമുണ്ടെന്നു തോന്നുന്നില്ല. അതായിരുന്നു എം സി വർഗ്ഗീസ്.
എന്റെ രണ്ടാം ‘മംഗളകാലം’ അവിടെ തുടങ്ങി. പക്ഷേ വീണ്ടും ഒരു പതിറ്റാണ്ടിനു ശേഷം എനിക്ക് മംഗളത്തിന്റെ പടിയിറങ്ങേണ്ടി വന്നു; മംഗളം മാനേജ്മെന്റുമായുള്ള എല്ലാ സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ. ഉപജാപങ്ങളുടെ തനിയാവർത്തനം. മാനേജരുടെ നിയന്ത്രണങ്ങൾക്കും അപ്പുറമായിരുന്നു പുതു തലമുറയിലെ ഉപജാപക ശക്തി. ഒത്തിരി പേരൊന്നുമില്ല. ഒരാൾ – ഒരാൾ മാത്രം. ഒരു ജീവനക്കാരന്റെ റോളിൽ മംഗളത്തിൽ കയറിപ്പറ്റി ഒരിത്തിൾകണ്ണിയായി മാറിയ വ്യക്തി. ഒരു പ്രസ്ഥാനത്തെ – അതിന്റെ സുദൃഢമായ സംവിധാനത്തെ തന്റെ ഇച്ഛയ്ക്കൊത്ത് നിർത്താൻ കഴിയുന്ന കരുത്ത് അന്നയാൾ ആർജിച്ചിരുന്നു.
(ഉടൻ പ്രസിദ്ധീകരിക്കുന്ന അമ്പാട്ട് സുകുമാരൻ നായരുടെ ആത്മകഥയിൽ നിന്ന്).














































