വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ഒരു സർവ്വകലാശാലയിൽ നടന്ന ഒരു സംഭവം! ചില ഉദ്യോഗസ്ഥർ വൈകിവരുന്നതും ചിലർ നേരത്തെ പോകുന്നതും ഹാജർ ബുക്കിൽ പ്രോക്സി ഒപ്പിട്ട് ചിലർ തട്ടിപ്പ് നടത്തുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജീവനക്കാരുടെ സമയനിഷ്ഠയും കൃത്യനിഷ്ഠയും ഉറപ്പുവരുത്താൻ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താൻ സർവകലാശാല അധികാരികൾ തീരുമാനിച്ചു. ഇതറിഞ്ഞ ഉടനെ സർവിസ് സംഘടനാ നേതാക്കന്മാർ മേലധികാരിയെ സമീപിച്ചു ഇങ്ങനെ പറഞ്ഞു:
” സമയത്ത് ട്രെയിനും ബസും കിട്ടാത്തതുകൊണ്ടാണ് ചിലർ താമസിച്ചു വരുന്നതും നേരത്തെ പോകുന്നതും. ഒരു പഞ്ചിംഗ് സംവിധാനം ഇവിടെ കൊണ്ടുവരുന്നതിനുമുമ്പ് സാറ് ആദ്യം ട്രെയിനുകളും ബസുകളും കൃത്യ സമയത്ത് ഓടിക്കാനുള്ള സംവിധാനം ഏർപ്പെടുത്ത് . ”
മേലധികാരി ഒരു പുഞ്ചിരിയോടെ ചോദിച്ചു : ”ഇതേ ട്രെയിനിലും ബസിലുമൊക്കെയല്ലേ ഇവിടുത്തെ പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലിക്കാരും വരുന്നത് ? അവരൊക്കെ കൃത്യ സമയത്ത് വരുന്നുണ്ടല്ലോ ? ”
ഇതുകേട്ട ഉടനെ സംഘടനാ നേതാവ് ഓഫിസറുടെ മേശയിൽ ഇടിച്ചുകൊണ്ട് പറഞ്ഞു . ” എങ്കിൽ നടപ്പിലാക്കിക്കോ. ഒരു വർഷം തികച്ച് അതൊന്നു പ്രവർത്തിച്ചു കണ്ടാമതി. ഉപകരണം കേടുവരുന്നേന് ജീവനക്കാർക്കെതിരെ നടപടി എടുക്കാൻ പറ്റില്ലല്ലോ ”
മുന്നറിയിപ്പ് നൽകിയിട്ട് നേതാക്കന്മാർ ചവിട്ടിതുള്ളി ഇറങ്ങിപോയി. അടുത്തദിവസം വിവിധ സംഘടനകൾ ജീവനക്കാരുടെ യോഗം വിളിച്ചു കൂട്ടി കാര്യങ്ങൾ വിശദീകരിച്ചു. ജീവനക്കാരെ വിശ്വാസത്തിലെടുക്കാത്ത ആ ഉദ്യോഗസ്ഥനെ പാഠം പഠിപ്പിക്കണമെന്ന് ചിലർ പറഞ്ഞു. പ്രതിഷേധ സൂചകമായി മേലധികാരിയുടെ ഓഫിസിന് മുൻപിൽ ജീവനക്കാർ കുത്തിയിരിപ്പ് സമരം നടത്തി.
ജീവനക്കാരുടെ കടുത്ത എതിർപ്പുമൂലം അന്ന് അത് നടപ്പിലാക്കാൻ സാധിച്ചില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം സർക്കാർ ഒരു പൊതു ഉത്തരവ് ഇറക്കിയപ്പോൾ മാത്രമാണ് ആ സർവകലാശാലയിൽ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തിയത് .
Also Read മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത്
”ഭരണയന്ത്രത്തിന്‍റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍പ്പോലും വൈകിയെത്തി, നേരത്തേ പോകുന്ന നൂറുകണക്കിനു ജീവനക്കാരുണ്ട്. ജില്ലാതിര്‍ത്തിയിലും ഹൈറേഞ്ചിലും വനമേഖലയിലും ജോലി ചെയ്യുന്ന അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണു ജോലിക്കു ഹാജരാകുന്നത്. അവര്‍ക്കെതിരേ നടപടി എടുക്കേണ്ട ഉന്നതര്‍ ഒന്നുകില്‍ കണ്ണടയ്ക്കും. അല്ലെങ്കില്‍ അവരും തോന്നിയപോലെ അവധി ആഘോഷിക്കും.”
പത്താം ശമ്പള പരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഇത് !
എന്തുകൊണ്ടാണ് സർക്കാർ ജീവനക്കാരോട് പൊതുജനങ്ങൾക്ക് ശത്രുത തോന്നുന്നതെന്ന് അവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമയത്ത് ഓഫിസിൽ വരാതിരിക്കുക. ഓരോ ആവശ്യത്തിനായി ഓഫിസിൽ വരുന്നവരെ നൂറു നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് തെക്കുവടക്ക് നടത്തിക്കുക. വരുന്നവരോട് പരുഷമായി സംസാരിക്കുക. കൈക്കൂലി ആവശ്യപ്പെടുക. ഇരിക്കാൻ ഒരു കസേര പോലും ഇട്ടു കൊടുക്കാതിരിക്കുക . അങ്ങനെ ഒരുപാട് കാര്യങ്ങൾ . എന്നാൽ ഈ പറയുന്ന നിയമങ്ങളും ചട്ടങ്ങളുമൊന്നും ഈ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പലപ്പോഴും ബാധകമല്ലതാനും . ബാധകമാക്കിയാൽ സംഘടനാ ശക്തി ഉപയോഗിച്ച് അതിനെ ചെറുത്തു തോൽപ്പിക്കും.
കുറഞ്ഞ ജോലിഭാരം, കൂടുതൽ ശമ്പളം! കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഇപ്പോഴത്തെ പൊതുവേയുള്ള സ്ഥിതി ഇതല്ലേ?കമ്പ്യുട്ടറുകൾ വന്നതോടെ പല ഓഫിസുകളിലും ആവശ്യത്തിലേറെ ജീവനക്കാരുണ്ട് ഇന്ന് . ഉയർന്ന തട്ടിലുളള പല തസ്തികകളും അധികപ്പറ്റുമാണ് .
Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ
ഒൻപതും പത്തും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ അധിക ജീവനക്കാരെക്കുറിച്ച് വ്യക്തമായി സ്ഥിതിവിവരക്കണക്കുകൾ നൽകിയിട്ടുണ്ട് . അവരെ പുനർ വിന്യസിപ്പിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുമുണ്ടായിരുന്നു. എന്നാൽ ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് അതൊന്നും നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ സംഘടിത ശക്തിക്കു മുൻപിൽ ഭയന്ന് നിൽക്കുന്ന ഒരു ഭരണകൂടത്തെയാണ് നമുക്കിന്ന് കാണാൻ കഴിയുക.
പത്താം ശമ്പള പരിഷ്കരണകമ്മീഷൻ റിപ്പോർട്ടിൽ ഒരു കാര്യം വ്യക്തമായി പറഞ്ഞിരുന്നു . ഇനിമുതൽ കേന്ദ്രസർക്കാർ ജീവനക്കാരുടേതുപോലെ പത്തു വർഷത്തിലൊരിക്കൽ മതി സംസ്ഥാന ജീവനക്കർക്കും ശമ്പള പരിഷ്കരണം എന്ന് . അത് അറിഞ്ഞ ഉടനെ രാഷ്ട്രീയം മറന്നു സർവീസ് സംഘടകൾ അതിനെതിരെ ഒന്നിച്ചു ശബ്‌ദമുയർത്തി. അവർ സർക്കാരിന് നിവേദനം നൽകി. സർക്കാർ അവരുടെ ആവശ്യം അംഗീകരിച്ചു അഞ്ചുവർഷത്തിൽ ഒരിക്കൽ എന്ന് ഉത്തരവ് ഇറക്കി. അക്കാര്യത്തിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ ഭരണകർത്താക്കൾക്കും എതിർപ്പുണ്ടായിരുന്നില്ല.
പത്തു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്ന അടിസ്ഥാനത്തിൽ തയ്യാറാക്കിയതായിരുന്നു പത്താം ശമ്പള കമ്മീഷന്റെ പുതുക്കിയ ശമ്പള സ്കെയിലുകൾ. അഞ്ചുവർഷത്തിൽ ഒരിക്കൽ പരിഷ്കരണം എന്ന പഴയ രീതി നിലനിറുത്തി ഉത്തരവിറക്കിയെങ്കിലും ശമ്പളസ്കെയിലുകളിൽ മാറ്റം വരുത്തിയില്ല സർക്കാർ ! ഇത് ജീവനക്കാർക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.
Also Read കൊറോണയെ കീഴ്‌പ്പെടുത്താൻ ഔഷധചായയുമായി ആയുര്‍വേദ ഡോക്ടർ സി. ഡൊണേറ്റ
അഞ്ചുവർഷം ആയപ്പോൾ പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ചു ഈ സർക്കാർ. നിലവിലുള്ള രീതി അനുസരിച്ചു 2019 ജൂലൈ മുതൽ പുതുക്കിയ ശമ്പളം നൽകേണ്ടതുണ്ട് ജീവനക്കാർക്ക് . ഈ വർഷം തന്നെ ശമ്പള പരിഷ്കരണം നടപ്പിലാക്കും എന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കാലാകാലങ്ങളിൽ ജീവനക്കാർക്ക് ശമ്പള വർധനവ് നടപ്പിലാക്കുന്നതിനെ ആരും എതിർക്കുന്നില്ല! അത് ന്യായമാണ് താനും . എന്നാൽ ശമ്പള കമ്മീഷൻ റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്ത് പറഞ്ഞിരിക്കുന്ന, ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നിർദേശങ്ങൾ തൽക്കാലം നടപ്പിലാക്കേണ്ടെന്ന സർക്കാരിന്റെ തീരുമാനമാണ് പൊതുസമൂഹത്തെ അമ്പരപ്പിച്ചത് ! ഈ നിർദേശങ്ങൾ പ്രതിലോമകരമാണെന്നും അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ജീവനക്കാരുടെ സംഘനകൾ പറഞ്ഞത് .
ജീവനക്കാരുടെ ശമ്പളം ഹാജറിന്റെ അടിസ്ഥാനത്തിലാകണമെന്നാണ് പത്താം ശമ്പള കമ്മിഷൻ ശുപാർശ ചെയ്ത മറ്റൊരു കാര്യം ! സ്ഥാനക്കയറ്റം കാര്യക്ഷമത വിലയിരുത്തിയാകണമെന്നും പൊതു അവധികൾ വെട്ടിക്കുറയ്ക്കണമെന്നും രണ്ടാംഘട്ട റിപ്പോർട്ടിൽ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു . ജീവനക്കാരുടെ പ്രവർത്തനം മാസംതോറും വിലയിരുത്തുക, അഡ്മിനിസ്‌ട്രേറ്റീസ് സർവീസിൽ സെക്രട്ടേറിയറ്റിനെയും ഉൾപ്പെടുത്തുക, അനാവശ്യ ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടു വച്ച കമ്മിഷൻ അധിക ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ പുനർവിന്യസിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഒരു കാരണവശാലും കൂടുതൽ പൊതുഅവധികൾ സർക്കാർ നൽകരുതെന്നും വർഷം 285 പ്രവൃത്തിദിനമെങ്കിലും ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുകയുണ്ടായി. (ഇപ്പോൾ 250 ദിവസത്തിലും താഴെയാണത്രെ പ്രവൃത്തി ദിനങ്ങൾ )
Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?
എല്ലാ ഓഫീസുകളിലും പഞ്ചിങ് നിര്‍ബന്ധമാക്കി പ്രവൃത്തിസമയത്തെ ശമ്പളവുമായി ബന്ധപ്പെടുത്തണമെന്നായിരുന്നു ശുപാര്‍ശ. അധ്യാപകര്‍ 200 ദിവസം പോലും ക്ലാസെടുക്കുന്നില്ല. ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകര്‍ക്ക് ആഴ്ചയില്‍ പതിനാറു മണിക്കൂറാണ് ഡ്യൂട്ടി. വാര്‍ഷിക അവധി, കാഷ്വല്‍ അവധി, മെഡിക്കല്‍ അവധി, പൊതു അവധി തുടങ്ങിയ അവധികളെല്ലാം തട്ടിക്കിഴിച്ചാലും ഓഫിസുകളില്‍ പോകാന്‍ മടിക്കുന്ന ജീവനക്കാര്‍ വളരെയുണ്ട്. അവരുടെ കാര്യക്ഷമതയും തൊഴില്‍ സമയവും പരിഗണിച്ചു വേണം ശമ്പളം വിതരണം ചെയ്യേണ്ടത് ! ശമ്പള കമ്മിഷന്‍ റിപ്പോർട്ടിൽ
രേഖപ്പെടുത്തിയ കാര്യങ്ങളാണിവ .
സ്കൂൾ അധ്യാപകർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ അവധി എടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
ഡെപ്യൂട്ടേഷനാണു മറ്റൊരു ഇടപാട് ! ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ ഇഷ്ടപ്പെട്ട സ്ഥലത്തേക്കോ ഡിപ്പാർട്ട് മെന്റ്കളിലേക്കോ ഡെപ്യൂട്ടേഷന്‍ നേടി പോകും. ഉടനെ ഇതേ തസ്തികകളില്‍ താഴെയുള്ളവരെ പ്രമോട്ട് ചെയ്തു നിയമിക്കും . അതുണ്ടാക്കുന്ന അധികച്ചെലവിന്‍റെ ഭാരവും ജനങ്ങളുടെ തലയിലേക്ക് . ജീവനക്കാരുടെ സൗകര്യം നോക്കിയല്ല, സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചുമാത്രമേ ഡെപ്യൂട്ടേഷൻ നിയമനം നടത്താവൂ എന്നും അതുമൂലമുണ്ടാവുന്ന ഒഴിവിൽ പ്രൊമോഷൻ നിയമനം നടത്താൻ പാടില്ലെന്നും കമ്മീഷൻ ഊന്നിപറഞ്ഞിട്ടുണ്ടായിരുന്നു .
Also Read കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം
മത സംഘടനകളെയും സമുദായനേതാക്കന്മാരെയും സുഖിപ്പിക്കാൻ പൊതു അവധിയും നിയന്ത്രിത അവധിയുമൊക്കെ പ്രഖ്യാപിക്കുന്ന പതിവുണ്ട് ഇവിടെ. ചില പ്രാദേശിക ആഘോഷങ്ങൾക്കു പോലും ഇത്തരത്തില്‍ അവധി നൽകാറുണ്ട് ! ഇനി ഒരു അവധിപോലും അനുവദിക്കരുതെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍റെ നിർദേശം. അവധിയെടുത്തല്ല, കൂടുതല്‍ ജോലി ചെയ്താവണം നമ്മുടെ ആഘോഷങ്ങള്‍ സന്തോഷപ്രദമാക്കാൻ എന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ, നിർദേശങ്ങളിൽ മിക്കതും വെള്ളത്തിൽ വരച്ച വര പോലെയായി. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടിത ശക്തിയും രാഷ്ട്രീയ പിടിപാടും ഉപയോഗിച്ച് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചു നിലനിര്‍ത്താൻ ജീവനക്കർക്കു കഴിഞ്ഞു . ഭരണയന്ത്രം തിരിക്കുന്നത് അവരാണല്ലോ !
ശമ്പള പരിഷ് കരണം എന്നത് ഒരു പാക്കേജാണ് ! അതിലെ ഒരുഘടകം മാത്രമാണ് ശമ്പളവും ആനുകൂല്യങ്ങളും ! രണ്ടാമത്തേതു ജീവനക്കാരുടെ സേവനവ്യവസ്ഥകൾ ആണ് . സേവനം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാതെ ശമ്പളം മാത്രം കൂട്ടുന്നതിലെ യുക്തി എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല!
Also Read അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്
പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു : ”സര്‍ക്കാരിന്റെ വിഭവങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി മാത്രമല്ല മുഴുവന്‍ സംസ്‌ഥാനത്തിനും വേണ്ടിയാണ്. ശമ്പളവും പെന്‍ഷനും പറ്റുന്ന 10 ലക്ഷത്തിനു പുറമേ 3.30 കോടി ജനങ്ങള്‍ കൂടി ഇവിടെയുണ്ട്. അവരെ കണ്ടില്ലെന്നു നടിക്കാന്‍ കമ്മിഷനു കഴിയില്ല.”
ശമ്പള പരിഷ്‌കരണം വഴി പൊതുഖജനാവിനു വരുന്ന അധിക ബാധ്യത 7,222 കോടി രൂപയാണ് എന്ന് അന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പരിഷ്‌കരണം നടപ്പാകുന്നതോടെ ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവയ്‌ക്കേണ്ടി വരുന്നത് മൊത്തം റവന്യൂ വരുമാനത്തിന്റെ 80 ശതമാനമാണ് . പൊതുഖജനാവില്‍ നിന്ന് ഇത്ര ഭാരിച്ച തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ചെലവഴിക്കുമ്പോള്‍ അവരില്‍ നിന്ന് നികുതിദായകര്‍ക്കു ന്യായമായി ലഭിക്കേണ്ട മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നത് ശരിയാണോ എന്നാണ് പൊതുജനം ചോദിക്കുന്നത് .
ഉദ്യോഗസ്ഥർ കൃത്യ സമയത്ത് വന്ന് ആത്മാർഥമായി ജോലി ചെയ്തിരുന്നെങ്കിൽ ഈ നാട് എന്നേ നന്നായേനെ എന്ന് സാധാരണക്കാർ ചോദിക്കുന്നു ! വർഷത്തിൽ പത്തിരുപത് ഹർത്താലും കുറെ പണിമുടക്കും അവധികളും ! പ്രവൃത്തി സമയങ്ങളിൽ രാഷ്ട്രീയാധിഷ്ടിത യൂണിയൻ പ്രവർത്തനവും . അച്ചടക്ക നടപടിയെടുത്താൽ മേലധികാരിയുടെ ഇരിപ്പിടം ചിലപ്പോൾ കാസർകോട്ട്! ഹാജർ വെട്ടിപ്പ് തടയാൻ ചിലസ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ പഞ്ചിംഗ് മെഷിൻ ഉദ്യോഗസ്ഥർ തന്നെ കാലപുരിക്കയച്ചു. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സേവനാവകാശ നിയമം കടലാസിൽ മാത്രമായി ചുരുങ്ങി .
Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ
സർക്കാർ ഉദ്യോഗം എന്ന ഭാഗ്യം സിദ്ധിച്ചവരും മറ്റുള്ളവരും തമ്മിലുള്ള സാമ്പത്തിക അന്തരം ഓരോ ശമ്പള പരിഷ്കരണം കഴിയുമ്പോഴും ഭീതിദമാംവിധം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ശമ്പള വർദ്ധനയ്ക്കായി കോടികൾ നീക്കിവയ്ക്കുന്ന ഭരണകൂടം വിലക്കയറ്റം നിയന്ത്രിക്കാൻ കാര്യമായ ശ്രമം നടത്തുന്നുമില്ല. വൻകിട സ്ഥാപനങ്ങളുടെ നികുതി കുടിശ്ശിക ഈടാക്കുന്നതിലും വീഴ്ച വരുത്തുന്നു! ബഡ്ജറ്റിലൂടെയും അല്ലാതെയും അടിക്കടി നികുതി ഭാരം അടിച്ചേല്പിച്ച് ജനങ്ങളെ പരമാവധി കഷ്ടപ്പെടുത്തുന്നതിലാണ് സർക്കാർ ആനന്ദം കണ്ടെത്തുന്നത്.
കാര്‍ഷിക വിളകളുടെ വിലയിടിഞ്ഞതോടെ കര്‍ഷകര്‍ കടക്കെണിയിലാണിന്ന് . നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുകയുമാണ് . വരും നാളുകളിൽ കർഷകന്റെയും കൂലിപ്പണിക്കാരന്റെയും വീടുകളിൽ നിന്ന് ഉയരുന്നത് പുകയായിരിക്കില്ല, കൂട്ടനിലവിളിയായിരിക്കും ! വിശപ്പ് സഹിക്കാനാവാതെയുള്ള നിലവിളി !സംഘടിത ഉദ്യോഗവർഗത്തെ താലോലിക്കുന്ന സർക്കാർ സാധാരണക്കാരുടെ നിലവിളി കേൾക്കാതെ പോകുന്നത് സങ്കടകരമാണ് !
എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി (ദീപനാളം വാരികയിൽ പ്രസിദ്ധീകരിച്ചത് )
Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്
Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ