.പൂന്തുറയിലും പുല്ലുവിളയും സാമൂഹ്യവ്യാപനമുണ്ടായെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : ഇന്ന് 791 പേര്‍ക്ക് വൈറസ് ബാധ. തിരുവനന്തപുരത്ത് 246 പേര്‍ക്കും, എറണാകുളത്ത് 115 പേര്‍ക്കും, പത്തനംതിട്ടയില്‍ 87 പേര്‍ക്കും, കോട്ടയത്ത് 39 പേര്‍ക്കും, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 32 പേര്‍ക്കും ആലപ്പുഴയിൽ 87 പേർക്കും കൊല്ലത്ത് 47 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു..135 പേർ വിദേശത്തുനിന്ന് വന്നതും 98 പേർ അന്യസംസ്ഥാനങ്ങളിൽനിന്ന് വന്നവരുമാണ്. 15 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം കണ്ടെത്തി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11O66 ആയി. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു ഒരു മരണവും റിപ്പോർട്ട് ചെയ്തു. തൃശൂർ സ്വദേശി ഷൈജുവാണ് മരിച്ചത്. നിലവിൽ സംസ്ഥാനത്ത് 6029 പേർ ചികിത്സയിലുണ്ട്. 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.പൂന്തുറയിലും പുല്ലുവിളയും സാമൂഹ്യവ്യാപനമുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
''ഞാൻ സ്വപ്നയെ വിളിച്ചത് കിറ്റ് വിതരണത്തിന് '' മന്ത്രി കെ ടി ജലീല്‍
.
ശിവശങ്കരന്‍റെ സസ്പെൻഷന്‍റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കിലും ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പ്രിൻസിപ്പൽ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. തുടക്കം മുതല്‍ മുഖ്യമന്ത്രി ശിവശങ്കറിനെ ന്യായീകരിച്ചു. അയാളുടെ പേരിൽ കുറ്റമെന്തെന്നു വരെ ചോദിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങളെയൊക്കെ മുഖ്യമന്ത്രി കളിയാക്കി. പക്ഷേ ആരോപണങ്ങളെല്ലാം ശരിയെന്ന് പിന്നീട് തെളിഞ്ഞുവെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു . മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ചു നില്‍ക്കുന്നു. ചെന്നിത്തല വ്യക്തമാക്കി .
ഐ.ടി വകുപ്പിന് കീഴിലടക്കം കഴിഞ്ഞ കാലത്ത് നടന്ന നിരവധി അനധികൃത നിയമനങ്ങൾ അന്വേഷിക്കണമെന്ന് ചെന്നിത്തല പറഞ്ഞു . ലക്ഷക്കണക്കിന് യുവാക്കൾ പുറത്ത് നിൽക്കുമ്പോൾ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നടത്തുന്ന പിൻ വാതിൽ നിയമനങ്ങൾ അന്വേഷിക്കണം. ഏറെയും അനധികൃത നിയമനങ്ങളിൽ നടക്കുന്നത് ഐ.ടി വകുപ്പിലാണ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യ ചെയ്യുന്ന താൽകാലിക ജീവനക്കാരെയടക്കം സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി ജലീലിനെതിരെയും ചെന്നിത്തല ആഞ്ഞടിച്ചു : ”കോണ്‍സുലേറ്റുമായുള്ള ബന്ധം എങ്ങനെയാവണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖയുണ്ട്. ഏതെങ്കിലും സംസ്ഥാന മന്ത്രിയെ വിളിച്ച് കാര്യങ്ങൾ അറിയിക്കാന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ക്കു കഴിയില്ല. തിരിച്ച് മന്ത്രിക്കും അങ്ങോട്ട് നേരിട്ട് വിളിച്ചു എന്തെങ്കിലും ആവശ്യം ഉന്നയിക്കാൻ പറ്റില്ല . റംസാന്‍ കിറ്റ് നല്‍കാന്‍ മന്ത്രി ജലീല്‍ യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിനെ നേരിട്ട് വിളിച്ചുവെന്നാണ് മന്ത്രി പറഞ്ഞത് . ഒരു നയതന്ത്ര സ്ഥാപനത്തില്‍ നിന്ന് സാമ്പത്തികസഹായം സംസ്ഥാന മന്ത്രി നേരിട്ട് കൈപ്പറ്റുന്നത് ഗുരുതരമായ വീഴ്ചയാണ്. മാത്രമല്ല മന്ത്രി കെ.ടി. ജലീല്‍ കിറ്റ് വിതരണം ചെയ്തത് പാര്‍ട്ടി ഓഫിസില്‍ വച്ചാണ്. ” രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു .
തിരുവനന്തപുരം: ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ . ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പാർട്ടി യുടെ പൂർണ്ണ പിന്തുണ പിണറായിയ്ക്ക് നൽകിക്കൊണ്ട് സിപി എം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത് .
‘പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്പിച്ച അനുഭവം ഉണ്ട്. അത് കോൺഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട.
കോവിഡ് പ്രതിരോധത്തിൽ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന കളങ്കമില്ലാത്ത സർക്കാരിനെതിരെ കള്ളക്കഥകൾ ചമച്ച്, അരാജകസമരം നടത്തി സർക്കാരിനെ തകർക്കാമെന്ന് കരുതേണ്ട. പിണറായി സർക്കാരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം സമ്മതിക്കില്ല.’ കോടിയേരി പാർട്ടി പത്രത്തിൽ നിലപാട് വ്യക്തമാക്കി.
കള്ളക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്തത് കേസിൽ എൽഡിഎഫിനും സർക്കാരിനും ഭയക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണെന്നും ലേഖനത്തിൽ പറയുന്നു.അതേസമയം കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതിൽ മോദി സർക്കാരിന് അതിവൈഭവമുണ്ട് . അത് മറക്കുന്നില്ല എന്നും ഒരു സൂചന നൽകുന്നുണ്ട് .
കള്ളക്കടത്തു സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണെന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ പരാമർശത്തെ വിമർശിച്ചു കോടിയേരി ഇങ്ങനെ പറഞ്ഞു : ”പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് സ്വർണത്തിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. കാവി ബിജെപിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് സൂചിപ്പിക്കുന്നത് .
ഇപ്പോൾ സസ്പെൻഷനിലായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണെന്ന് കോടിയേരിചൂണ്ടിക്കാട്ടി . ഭരണശേഷിയുളള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് . ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാട്ടി. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ല എന്ന് ഇതിൽ നിന്ന് വ്യക്തമായിരിക്കുകയാണെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കോട്ടയ്ക്കൽ: പ്ലസ് റ്റു റിസൾട്ട് വരുമ്പോൾ ജയസൂര്യ മാറാക്കരയിലെ പണിസ്ഥലത്തായിരുന്നു. ചട്ടിയിൽ കോരിയെടുത്ത കോൺക്രീറ്റ് മിശ്രിതമായിരുന്നു ചുമലിൽ. അപ്പോഴാണ് കൂട്ടുകാരന്റെ ഫോൺകോൾ : ”ഡാ, പ്ലസ് റിസൽട്ട് വന്നു.. നിനക്ക് ഫുൾ എ പ്ലസാ ” സന്തോഷം കൊണ്ട് ജയസൂര്യയുടെ മിഴികൾ നിറഞ്ഞു . ഒരുനിമിഷം അവൻ അച്ഛനെ ഓർത്തു. ഈ വിജയം അച്ഛനോട് നേരിട്ട് പറയണമെന്നായിരുന്നു അവന്റെ ആഗ്രഹം . പക്ഷെ പാതി വഴിയിൽ പണി ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ലല്ലോ .
17 വർഷമായി എണീക്കാൻവയ്യാതെ കിടക്കുകയാണ് അരുണിന്റെ അച്ഛൻ. ആക്രി കച്ചവടമായിരുന്നു തൊഴിൽ . പഴയ സാധനങ്ങൾ പെറുക്കി വിറ്റ് തന്നെ മകനെ വളർത്തിവലുതാക്കി. വാടകവീട്ടിലാണ് ഇവർ താമസം . അമ്മയും ജോലിക്കും പോകും .
കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഈ ഈ മിടുക്കൻ . സ്‌കൂളിനടുത്തുതന്നെയുള്ള ക്വാർട്ടേഴ്‌സിലാണ് അച്ഛൻ രാജാകണ്ണനും അമ്മ ഗോവിന്ദമ്മയ്ക്കുമൊപ്പം ജയസൂര്യ താമസിക്കുന്നത്.. തമിഴ്‌നാട്ടിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ഇവിടെയെത്തിയതാണ് ഈ കുടുംബം.
അച്ഛന് മുമ്പ് ഒരപകടത്തിൽ പരിക്കുപറ്റി കിടപ്പിലായി . പിന്നെ ഏകമകൻ ജയസൂര്യ ആക്രിക്കച്ചവടം ഏറ്റെടുത്തു .അമ്മ പണിക്കു പോകും . കിട്ടുന്ന പണം തികയാതെ വന്നപ്പോൾ ജയസൂര്യയും അവധിദിവസങ്ങളിൽ പണിക്കിറങ്ങി. പ്ലസ്ടുവിന് കൊമേഴ്‌സായിരുന്നു ജയസൂര്യയുടെ വിഷയം. രാവിലെയും രാത്രിയിലുമാണ് പഠനം. സ്‌കൂളിലെ അധ്യാപകർ നല്ല പിന്തുണ നൽകിയെന്ന് ജയസൂര്യ പറഞ്ഞു. കോളേജ് അധ്യാപകനാവുക എന്നതാണ് ജയസൂര്യയുടെ ആഗ്രഹം.ആ ആഗ്രഹം സഫലമാകാൻ സഹപാഠികളും അധ്യാപകരും പ്രാർത്ഥിക്കുന്നു .
കല്ലൂർക്കാട് : പ്ലസ് റ്റു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വാഴക്കുളം കല്ലൂർക്കാട് നന്ദനഅജിത് കുമാറിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട് . അതിനൊരു കാരണമുണ്ട് .
പരീക്ഷയുടെ ഒരുക്കത്തിനിടെയായിരുന്നു നന്ദനയുടെ അച്ഛനും അമ്മയും അകാലത്തിൽ വിട പറഞ്ഞത് . അർബുദ രോഗത്തെത്തുടർന്ന് ഫെബ്രുവരി പത്തിന് അച്ഛൻ അജിത്‌കുമാറും ഒരുമാസം പിന്നിട്ട് മാർച്ച് 16 നു അമ്മ നളിനിയും നന്ദനയെ വിട്ടുപോയി. തകർന്നുപോയ നന്ദനയെ സഹപാഠികളും കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരും മാനേജ്‌മെന്റും നെഞ്ചോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. ഈ വേദനയുടെ നടുവിൽ നിന്നാണ് നന്ദന പരീക്ഷ എഴുതി ഉന്നത വിജയം നേടിയത് .
കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർസെക്കണ്ടറി സ്‌കൂളിൽ കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥിനിയായിരുന്നു നന്ദന . ബിരുദമെടുത്തു നല്ലൊരു ജോലി നേടണമെന്നാണ് നന്ദനയുടെ ഇപ്പോഴത്തെ ആഗ്രഹം . നന്ദനയും ബിരുദാനന്തര വിദ്യാർത്ഥിനിയായ ചേച്ചിയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞനുജനും ഇപ്പോൾ പിതൃസഹോദരന്റെ സംരക്ഷണയിലാണ്.
പൊതുജന പങ്കാളിത്തത്തോടെ നന്ദന അജിത് കുമാറിന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർസെക്കണ്ടറി സ്കൂൾ പണിതുകൊടുക്കുന്ന സ്നേഹവീടിന്റെ നിർമ്മാണം പുരോഗമിക്കുന്നു. സ്കൂൾ മാനേജർ ഫാ.മാത്യു കോണിക്കൽ, പ്രിൻസിപ്പൽ ജോസ് വർഗീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷീന സണ്ണി തുടങ്ങിയവർ നന്ദനയുടെ വിജയത്തിൽ അനുമോദനങ്ങൾ നേർന്നു .
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ഫോൺ കോൾ ലിസ്റ്റിൽ തന്റെ പേര് വന്നതിന്റെ വിശദീകരണവുമായി ജനം ടിവി ചീഫ് അനിൽ നമ്പ്യാർ രംഗത്തുവന്നു.
ജൂലൈ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് തന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നെന്നും ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ എന്തൊക്കെ സാധനങ്ങളാണ് സാധാരണ അയയ്ക്കാറുള്ളതെന്നു അറിയാനാണ് വിളിച്ചതെന്നും, ഇതിനെപ്പറ്റി തനിക്ക് അറിയില്ലാത്തതിനാലാണ് കോൺസുൽജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചതെന്നും അനിൽ നമ്പ്യാർ വ്യക്തമാക്കി.
”യുഎഇ കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ അവരെ വിളിച്ചത്. ” ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനിൽ നമ്പ്യാരുടെ പ്രതികരണം.
അതേസമയം, സ്വപ്നയെ മുൻ പരിചയമുണ്ടായതുകൊണ്ടല്ലേ അനിൽനമ്പ്യാർ വിളിച്ചതെന്നും പരിചയമില്ലെങ്കിൽ ഓഗസ്റ്റിൽ പിരിച്ചുവിട്ട സ്വപ്നയെ ജൂലൈയിൽ വിളിച്ചതെങ്ങനെയെന്നും വിമർശകർ ചോദിക്കുന്നു.
അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ : എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ തത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്. ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു. കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു.
എന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നുംവ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു. ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും. യുഎഇ കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ അവരെ വിളിച്ചത്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന് എനിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും. വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച് എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതെന്റെ ജോലിയാണ്. ഞാൻ ഇതുമായി മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട. ഒരു കാര്യം കൂടി പറയട്ടെ. വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണ്. അതുകൊണ്ട് തന്നെ വാർത്തയുടെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.
കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന സമിതിയംഗവും എഴുത്തുകാരനും ഹിപ്നോ തെറാപ്പിസ്റ്റ് മായിരുന്ന ജോൺസൺ ഐരൂർ നിലമ്പൂരിൽ അന്തരിച്ചു. വിട പറഞ്ഞത് 74മത്തെ വയസ്സിൽ . സംസ്ക്കാരം നാളെ രാവിലെ 10ന്.
ക്ലിനിക്കല്‍ ഫോറന്‍സിക് ഹിപ്നോളജിയില്‍ നടത്തിയ സേവനങ്ങളെ മാനിച്ച്, ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകൃത ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ‘ഡോക്ടര്‍ ഓഫ് സയന്‍സ്’ ബിരുദ ബഹുമതിയും ഫെല്ലോഷിപ്പും ലഭിക്കുകയുണ്ടായി.
കറന്റ് ബുക്സില്‍ സെയില്‍സ് മാനായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്പി-തപാല്‍ വകുപ്പില്‍ ആര്‍.എം.എസ്.ക്ലാസ്-3 യൂണിയന്‍ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡണ്ടും ആയിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.
ജോൺസൺ ഐരൂർ നോവലിസ്റ്റ് പെരുമ്പടം ശ്രീധരനോടൊപ്പം
മിശ്രവിവാഹ സംഘം, കേരള യുക്തിവാദി സംഘം എന്നീ സംഘടനകളില്‍ യഥാക്രമം സംസ്ഥാന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത്, യുവകലാസാഹിതി എന്നിവയുടെ സക്രിയ പ്രവര്‍ത്തകനായിരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ധാരാളം എഴുതിയിരുന്നു. പ്രധാന കൃതികള്‍: ഭക്തിയും കാമവും, ഹിപ്നോട്ടിസം ഒരു പഠനം, അനുസരണക്കേടിന്റെ സുവിശേഷം, പ്രതീകങ്ങള്‍ മനഃശാസ്ത്ര ദൃഷ്ടിയില്‍, യുക്തിചിന്ത (വിവര്‍ത്തനം)
2012 ൽ ഹിപ്നോതെറാപ്പിയുടെ ഉള്ളറകൾ തേടി ജോൺസൺ ഐരൂരിനെ കാണാൻ അമേരിക്കയിലെ ഹവായ് യൂണിവേഴ്സിറ്റിയിൽ Religious Studies Professorആയ ലീ സീഗൾ നിലമ്പൂരിൽ എത്തി . ജോൺസൺ ഐരൂരിന്റെ ഹിപ്നോതെറാപ്പി സമ്പ്രദായം അദ്ദേഹം കൗതുകത്തോടെ നോക്കി കാണുകയും, ഹിപ്നോസിസിനു വിധേയനാകുകയും ചെയ്തു . ഐരൂർ തന്നെ ഹിപ്നോസിസിനു വിധേയനാക്കിയ രീതിയും , തനിക്കുണ്ടായ അനുഭവങ്ങളും Trance-Migrations: Stories of India, Tales of Hypnosis (Chicago: The University of Chicago Press, 2014) എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 2014 ലിൽ ആണ് പുസ്തകം പുറത്തിറങ്ങിയത് . ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള ആളാണ് Prof. Lee Siegel .
1946 ഡിസംബര്‍ 4-ാം തീയതി കൊല്ലം ജില്ലയിലെ ചെറുവക്കലില്‍ വാളകം മരങ്ങാട്ടുകോണത്ത് ഐരൂര്‍ വീട്ടില്‍ പാസ്റ്റര്‍ ജെ. വര്‍ഗ്ഗീസ്. ചെറുവക്കല്‍ പണയില്‍ വീട്ടില്‍ റാഹേലമ്മ ദമ്പതികളുടെ മകനായി ജോൺസൺ ഐരൂർ ജനിച്ചു. ഭാര്യ: കോമളം. മക്കള്‍- തനുജ, നിഖില്‍.
ജാമ്യം ആവശ്യപ്പെട്ട് ഫാ. റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയിൽ.
കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് മുൻ വൈദികൻ. കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിൻ റോബിന്‍ വടക്കുംചേരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും റോബിൻ വടക്കുഞ്ചേരി അനുമതി തേടി. പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസിൽ ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെ നടത്തിയാണ് കുറ്റകൃത്യം തെളിയിച്ചത്. ഇതിനിടെ, പെണ്‍കുട്ടി ഗര്ഭിണിയായതിെൻറ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ വരെ ശ്രമം നടന്നിരുന്നു.
ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും കള്ളക്കടത്ത്, തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കെ.ടി ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും കള്ളക്കടത്ത്, തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ശിവശങ്കറിന്റെ ഫോൺ മന്ത്രി ഉപയോഗിച്ചിരിക്കാമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ഈ വര്‍ഷം ലോക്ഡൗണ്‍ ആയതിനാല്‍ റമദാന്‍ കിറ്റുകള്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി പറയുന്നത് കള്ളമാണ്. ലോക്ഡൗണ്‍ കാലത്താണ് ഏറ്റവും കൂടുതല്‍ ഭക്ഷ്യക്കിറ്റുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തത്. വിശ്വാസിയായ മന്ത്രിയായ ജലീൽ പരിശുദ്ധ റമദാൻ മാസത്തെ സക്കാത്ത് കിറ്റുമായി ബന്ധപ്പെട്ട് കള്ളം പറയുകയാണ്. സുരേന്ദ്രൻ പറഞ്ഞു
ജലീലിന് സ്വപ്നയെ പരിചയമുണ്ട്. അവര്‍ തമ്മില്‍ മുന്‍പും ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ൈപ്രവറ്റ് സെക്രട്ടറി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിലും സംഘം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുന്‍പ് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ജലീല്‍. പൂര്‍വ്വകാല ചരിത്രം അത് വ്യക്തമാക്കുന്നു. ജലീല്‍ സംശയത്തിന്റെ് നിഴലിലാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓഫീസിനും കള്ളക്കടത്തുകാരുമായി ബന്ധമുണ്ട് . സ്വപ്‌ന ജലീലിന് കൊടുത്ത് സ്വര്‍ണക്കിറ്റുകളാവാമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്താന്‍ ജലീല്‍ എന്തിനാണ് സരിത്തിനെ നിരവധി തവണ വിളിച്ചതെന്ന് കണ്ടെത്താം. കെ.ടി ജലീലിനെ സത്യസന്ധതയുടെ അവതാര മൂര്‍ത്തിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നുണ്ടല്ലോ . എന്തുകൊണ്ട് ഇത്രയും നാളുകളായി സ്വപ്‌നയുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം പറഞ്ഞില്ല. രണ്ടു മാസത്തെ ടെലിഫോണ്‍ റെക്കോര്‍ഡ് പുറത്തുവിടാന്‍ ജലീലിന് ധൈര്യമുണ്ടോ? സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രിമാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. സ്പീക്കര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചു കഴിഞ്ഞു.
ശിവശങ്കറിനെ സസ്‌പെന്റു ചെയ്യാന്‍ സമയമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഇതിനു മുന്‍പ് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത കേട്ടുകേള്‍വിയുണ്ടോ?
സ്വപ്‌നയുമായി സൗഹൃദമുണ്ടെന്നാണ് ശിവശങ്കര്‍ പറയുന്നത്. ആ സൗഹൃദം സാധാരണമാണോ? . ശിവശങ്കറിന്റെ ഫ്‌ളാറ്റിനു സമീപം പ്രതികള്‍ക്ക് ഫ്‌ളാറ്റ് സംഘടിപ്പിച്ചു നല്‍കുക, ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ അവര്‍ ഒത്തുചേരുക, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫ്‌ളാറ്റിനായി വിളി എത്തുക. ഒരു സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസില്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുമെന്ന് പറയുന്നതില്‍ എന്ത് പ്രഹസനമാണ് മുഖ്യമന്ത്രി?.
ശിവശങ്കറിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭയക്കുന്നത് മറ്റ് ചില കാരണങ്ങളാലാണ്. ഈ കാലയളവില്‍ ഐ.ടി വകുപ്പില്‍ നടന്ന നിയമങ്ങള്‍ എല്ലാം മുഖ്യമന്ത്രിക്ക് അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യങ്ങളിലെല്ലാമുള്ള ബന്ധത്തില്‍ ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമ്രന്തിക്ക് ബാധ്യതയുണ്ട്. മുഖ്യമ്രന്തിക്ക് എന്തോക്കെയോ മറച്ചുവയ്്ക്കാനും ഒളിച്ചുവയ്ക്കാനുമുണ്ട്.
മുഖ്യമ്രന്തിയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാനമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കും. നാളെ മുതല്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും ബഹുജന പ്രക്ഷോഭവുമായി രംഗത്തിറങ്ങും. 27ന് പതിനയ്യായിരം കേന്ദ്രങ്ങളില്‍ ഒരേ സമയം പ്രക്ഷോഭം നടക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
സഹായിച്ചവർ പണത്തിനായി തന്നെ ഭീഷണിപ്പെടുത്തുന്നതായി വർഷ
കണ്ണൂര്‍ : അമ്മയ്‌ക്ക് കരൾ പകുത്തു നൽകാൻ സഹായം തേടി സാമൂഹ്യ മാധ്യമങ്ങളിൽ കണ്ണീരുമായെത്തിയ വർഷയെ ഓർമ്മയില്ലേ ? വർഷ കരച്ചിലുമായി വീണ്ടും ഫേസ്ബുക്ക് ലൈവിൽ. സർജറിക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സംഘടിപ്പിക്കാൻ സഹായിച്ചവർ പണത്തിനായി തന്നെ ഭീഷണിപ്പെടുത്തുന്നതായാണ് വർഷയുടെ വെളിപ്പെടുത്തൽ .സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ േകച്ചേരി എന്ന വ്യക്തിയിടെ പേരെടുത്ത് പറഞ്ഞാണ് വർഷ വിഡിയോ ചെയ്തിരിക്കുന്നത് .
തളിപ്പറമ്പ് കാക്കത്തോട് വാടകവീട്ടിലാണ് വർഷയും ‘അമ്മ രാധയും താമസിച്ചിരുന്നത് . രാധയ്‌ക്ക് മഞ്ഞപ്പിത്തം ബാധിച്ചത് മാറാതിരുന്നപ്പോൾ എറണാകുളം അമൃതയിൽ ചികിത്സയ്‌ക്ക് പോയപ്പോഴാണ് കരൾ പൂർണമായും നശിച്ചുവെന്ന് മനസ്സിലായത്. ഉടനെ ശസ്‌ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുവരുമെന്നും ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ആശുപത്രി വരാന്തയിൽനിന്ന് കരഞ്ഞുകൊണ്ട് ജനങ്ങൾക്ക് മുന്നിലേക്ക് വർഷ ആദ്യമായി എത്തിയത്. വർഷയ്‌ക്കൊപ്പം തൃശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ഫേസ്‌ബുക്ക് ലൈവിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ അമ്പത് ലക്ഷം രൂപ അക്കൗണ്ടിലെത്തി.
പണം ആവശ്യത്തിന് ലഭിച്ചെന്ന് പറഞ്ഞിട്ടും 89 ലക്ഷം വരെ അക്കൗണ്ടിൽ എത്തി. ശസ്‌ത്രക്രിയ കഴിഞ്ഞ് അമ്മ രാധയ്‌ക്കൊപ്പം വർഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടിൽ കഴിയുകയാണ്. ഇതിനിടയിലാണ് അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജൻ കേച്ചേരി ഭീഷണിയുമായി എത്തിയതെന്നു വർഷ പറയുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞ് ആദ്യ ചെക്കപ്പ് പോലും കഴിയാത്ത സാഹചര്യത്തിൽ ഒരു മാസത്തെ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണിയാണെന്നും വീഡിയോ ലൈവിൽ വർഷ പറഞ്ഞു. ആദ്യ ചെക്കപ്പ് കഴിഞ്ഞ് ബാക്കിവരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു.
അതേസമയം വർഷ ഉയർത്തുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് സാജൻ കേച്ചേരി പറഞ്ഞു . ആഹാരം കഴിക്കാൻ പോലും ഗതിയില്ലാതെ ആശുപത്രി വരാന്തയിൽ ഇരുന്ന പെൺകുട്ടിയെ സഹായിക്കുക മാത്രമാണ് താൻ ചെയ്തത്. വീഡിയോ ഇട്ടതിലൂടെ കിട്ടിയത് ഒരു കോടിയിലേറെ രൂപയാണ്. ആവശ്യമുള്ള പണം കഴിഞ്ഞ് ബാക്കി തുക മറ്റുള്ളവരെ സഹായിക്കാൻ മാറ്റിവെക്കാം എന്ന് പറഞ്ഞത് വർഷ തന്നെയാണ് . സാജൻ കേച്ചേരി പറഞ്ഞു .