.
ശിവശങ്കരന്‍റെ സസ്പെൻഷന്‍റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കിലും ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പ്രിൻസിപ്പൽ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. തുടക്കം മുതല്‍ മുഖ്യമന്ത്രി ശിവശങ്കറിനെ ന്യായീകരിച്ചു. അയാളുടെ പേരിൽ കുറ്റമെന്തെന്നു വരെ ചോദിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങളെയൊക്കെ മുഖ്യമന്ത്രി കളിയാക്കി. പക്ഷേ ആരോപണങ്ങളെല്ലാം ശരിയെന്ന് പിന്നീട് തെളിഞ്ഞുവെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു . മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ചു നില്‍ക്കുന്നു. ചെന്നിത്തല വ്യക്തമാക്കി .
ഐ.ടി വകുപ്പിന് കീഴിലടക്കം കഴിഞ്ഞ കാലത്ത് നടന്ന നിരവധി അനധികൃത നിയമനങ്ങൾ അന്വേഷിക്കണമെന്ന് ചെന്നിത്തല പറഞ്ഞു . ലക്ഷക്കണക്കിന് യുവാക്കൾ പുറത്ത് നിൽക്കുമ്പോൾ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നടത്തുന്ന പിൻ വാതിൽ നിയമനങ്ങൾ അന്വേഷിക്കണം. ഏറെയും അനധികൃത നിയമനങ്ങളിൽ നടക്കുന്നത് ഐ.ടി വകുപ്പിലാണ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യ ചെയ്യുന്ന താൽകാലിക ജീവനക്കാരെയടക്കം സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി ജലീലിനെതിരെയും ചെന്നിത്തല ആഞ്ഞടിച്ചു :
”കോണ്‍സുലേറ്റുമായുള്ള ബന്ധം എങ്ങനെയാവണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖയുണ്ട്. ഏതെങ്കിലും സംസ്ഥാന മന്ത്രിയെ വിളിച്ച് കാര്യങ്ങൾ അറിയിക്കാന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ക്കു കഴിയില്ല. തിരിച്ച് മന്ത്രിക്കും അങ്ങോട്ട് നേരിട്ട് വിളിച്ചു എന്തെങ്കിലും ആവശ്യം ഉന്നയിക്കാൻ പറ്റില്ല . റംസാന്‍ കിറ്റ് നല്‍കാന്‍ മന്ത്രി ജലീല്‍ യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിനെ നേരിട്ട് വിളിച്ചുവെന്നാണ് മന്ത്രി പറഞ്ഞത് . ഒരു നയതന്ത്ര സ്ഥാപനത്തില്‍ നിന്ന് സാമ്പത്തികസഹായം സംസ്ഥാന മന്ത്രി നേരിട്ട് കൈപ്പറ്റുന്നത് ഗുരുതരമായ വീഴ്ചയാണ്. മാത്രമല്ല മന്ത്രി കെ.ടി. ജലീല്‍ കിറ്റ് വിതരണം ചെയ്തത് പാര്‍ട്ടി ഓഫിസില്‍ വച്ചാണ്. ” രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു .














































