Home Blog Page 41

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു!

0

ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് ശനിയാഴ്ച രാത്രി മരിച്ചത്.കുഞ്ഞി നെയും കൊണ്ട് പല ആശുപത്രികളിൽ ചെന്നെങ്കിലും എല്ലയിടത്തുനിന്നും മടക്കി അയച്ചുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വന്നതിനാലാണ് കുഞ്ഞിന് ചികിത്സ നിഷേധിച്ചതെന്നും പറയുന്നു.

പൃഥ്വിരാജ്

ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി ഒരു രൂപ നാണയം വിഴുങ്ങിയത്. ഉടൻ കുട്ടിയെ മാതാപിതാക്കൾ ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചു . പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് മടക്കി അയച്ചു.. പിന്നീട് കുട്ടിയേയും കൊണ്ട് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ല എന്ന കാരണത്താൽ അവിടെ നിന്നും മടക്കി അയച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി . പഴവും ചോറും നൽകിയാൽ നാണയം പുറത്തു പോകുമെന്നും പറഞ്ഞ് നോക്കാതെ അവിടെനിന്നു പറഞ്ഞുവിട്ടു.

വീട്ടിലെത്തി രാത്രിയായതോടെ കുഞ്ഞിന്റെ നില വഷളായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിമാനത്താവളത്തിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതി. ഇനി ചായക്ക് 15 രൂപ, കാപ്പിക്ക് 20, ചെറുകടികൾ 15.

0

കൊച്ചി : ഒരു ചായയ്ക്ക് 100 രൂപ. സ്നാക്സിന് 200. മോരുംവെള്ളത്തിന് 120 . നെടുമ്പാശേരി ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളത്തിലെ കടകളിലെ ഭക്ഷ്യ സാധനങ്ങളുടെ വില കേട്ട് ഞെട്ടിയിരുന്നില്ലേ ? വിലകേൾക്കുമ്പോൾ ഒന്നും കഴിക്കാനാവാതെ വിശപ്പും ദാഹവും കടിച്ചു പിടിച്ചു മണിക്കൂറുകൾ വിമാനം കാത്ത് അകത്ത് ഇരിക്കേണ്ട ഗതികേട് യാത്രക്കാർക്ക് ഉണ്ടായിട്ടില്ലേ ? അതിന് ഇപ്പോൾ പരിഹാരം ആയിരിക്കുന്നു .

പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉള്‍പ്പെടെയുള്ള ചെറുകടികളും ഇനി വിമാനത്താവളത്തിനുള്ളിൽ കിട്ടും!

തൃശ്ശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ഒരു കത്താണ് സാധാരണക്കാർക്കു താങ്ങാനാവുന്ന വിധത്തിൽ ചായയും ചെറുകടികളും കിട്ടാൻ വഴി ഒരുക്കിയത്.

ന്യായവിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന ഒരു കടയെങ്കിലും വിമാനത്താവളത്തിൽ വേണമെന്നും അതുവഴി പാവങ്ങളായ യാത്രക്കാരെ സഹായിക്കണമെന്നുമാണ് ഷാജി പ്രധനമന്ത്രിക്കു കത്തെഴുതിയത് . ആ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നടപടി എടുത്തത് .

നെടുമ്പാശേരി വിമാനത്താവളത്തില്‍ 100 രൂപയാണ് ചായയ്ക്ക് ഷാജിയില്‍നിന്ന് ഈടാക്കിയത്. പരാതിപ്പെട്ടപ്പോൾ വിമാനത്താവള അധികൃതര്‍ കൈമലര്‍ത്തി. ഇതോടെ ഷാജിക്ക് വാശിയായി. തുടർന്നാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദ്ദേശം വന്ന കാര്യം ഷാജി അറിഞ്ഞത്. തന്റെ ഒരു കത്ത് ലക്ഷക്കണക്കിന് പാവങ്ങൾക്ക് ആശ്വാസം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഷാജി .ഇനി ദാഹിക്കുമ്പോൾ ന്യായവിലക്ക് പാനീയം കഴിക്കാം . വിശക്കുമ്പോൾ പോക്കറ്റ് ചോരാതെ ഭക്ഷണം കഴിക്കാം . ഇതിനു അവസരം ഒരുക്കിയ ഷാജിക്ക് ഇപ്പോൾ അഭിനന്ദങ്ങളുടെ പ്രവാഹമാണ് . ഒപ്പം പ്രധാനമന്ത്രി മോദിക്ക് നന്ദിയും .

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

0

തൊടുപുഴ : വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയും ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറുമായ റ്റി.വി.അജിതൻ(55 ) കോവിഡ് -19 ബാധിച്ച് മരിച്ചു .സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് ബാധിച്ചു ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിക്കുന്നത് . ചെറുതോണിയിൽ ടെയ്‌ലറിംഗ് ഷോപ്പ് നടത്തി വരുന്ന അജിതന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്ന് സമ്പർക്കത്തെ തുടർന്നാണ് അജിതനും കോവിഡ് ഉണ്ടായത്.

ഇടുക്കിയിൽ പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ച് ജോലിചെയ്യുന്നതിനിടെയാണ് കോവിഡ് ബാധിച്ചത് .ഹൃദ്രോഗിയായ അജിതനെ യാത്ര ഒഴിവാക്കുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന അജിതനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു മരണം സംഭവിച്ചത്.

2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!

0

വയനാട് : കാരാപ്പുഴ സ്വദേശി പി ജെ ജോര്‍ജ്ജ് കവുങ്ങ് കൊണ്ട് പണിത വീടിന് ഇപ്പോൾ പ്രായം അഞ്ചു വയസ് . പറമ്പിലെ 97 കവുങ്ങുകള്‍ വെട്ടിയാണ് വീടിനു ആവശ്യമായ തടി ഒരുക്കിയത് . കവുങ്ങ് സംസ്കരിച്ചെടുത്ത് ബലം കൂട്ടി നിർമാണത്തിന് ഉപയോഗിച്ചു . ഇതിനായി പറമ്പിൽ തന്നെ നീളത്തിൽ കുഴിയെടുത്ത്, കവുങ്ങ് തടികൾ ബോറിക് ആസിഡ് മിശ്രിതത്തിൽ 48 മണിക്കൂർ നേരം മുക്കി വയ്ച്ചു.

മകുടം പോലെ മേൽക്കൂര വരുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. ഭിത്തി മുകളിലേക്ക് വരുമ്പോൾ മേൽക്കൂരയായി മാറുന്നു . ഭിത്തിയും സീലിങ്ങും ഉറപ്പിക്കാൻ വളരെ കുറച്ചു കമ്പിയേ ഉപയോഗിച്ചിട്ടുള്ളൂ. ഭിത്തിയിൽ കനംകുറച്ച് സിമന്റ് പ്ലാസ്റ്ററിങ്ങും ചെയ്തിട്ടുണ്ട്.

മേൽക്കൂര വാർക്കാതെ തന്നെ ഇരുനിലയുടെ സൗകര്യം വീട്ടിൽ ഒരുക്കി. പഴയ വീടുകളിൽ കാണുന്നതുപോലെ തടിമച്ച് പണിതാണ് ഇത് സാധ്യമാക്കിയത് . അതിൽ തടികൊണ്ട് ഫ്ലോറിങ് ചെയ്തു. ഗോവണിയാണ് അകത്തെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഗോവണിക്കു ചുറ്റുമായിട്ടാണ് വീടിനെ വിന്യസിച്ചിരിക്കുന്നത് .

പി ജെ ജോർജ്ജ്

മുളയിലും മരത്തിലുമൊക്കെ വീടുകളും റിസോര്‍ട്ടുകളുമൊക്കെ നിര്‍മ്മിച്ചു നല്‍കുന്ന പടവ് ബില്‍ഡേഴ്സിന്‍റെ ഉടമ കൂടിയാണ് പി ജെ ജോര്‍ജ്ജ് .

“വയനാട്ടില്‍ തന്നെയുള്ള 70 വര്‍ഷം പഴക്കമുള്ളൊരു തറവാട് വീട്. ആ വീടിന്‍റെ ഭിത്തി പൊളിച്ചപ്പോ കണ്ടത് മുളയാണ്. അതു കണ്ടപ്പോ സംഭവം കൊള്ളാമല്ലോന്ന് തോന്നി. ആ തറവാട് കണ്ടതില്‍ പിന്നെയാണ് മുളയില്‍ വീട് വയ്ക്കണമെന്നു തീരുമാനിച്ചത്. ” ജോർജ്ജ് പറഞ്ഞു.

കവുങ്ങുകൊണ്ട് ഒരു വീട്

മെറിനെ കുത്തി കൊന്നത് കരുതിക്കൂട്ടിയല്ലെന്നും ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഫിലിപ്പിന്റെ അഭിഭാഷകന്‍.

0

കോറല്‍ സ്പ്രിങ്‌സ്  : അമേരിക്കയിലെ മയാമിയില്‍ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി (26 ), തന്നെ കുത്തിയത് ഭര്‍ത്താവ് നെവിന്‍ ആണെന്നു പൊലീസിനോടു പറഞ്ഞതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആംബുലന്‍സില്‍വച്ചാണ് മെറിന്‍ ഇത് പറഞ്ഞത് . 17 തവണ കുത്തിയ ശേഷം വീണുകിടന്ന മെറിന്റെ ശരീരത്തിലൂടെ നെവിന്‍ കാർ ഓടിച്ചുകയറ്റുകയായിരുന്നു.

മെറിന്‍ ജോയിയെ കൊല്ലാന്‍ ഭര്‍ത്താവ് ഫിലിപ് മാത്യു നേരത്തെയും ശ്രമിച്ചിരുന്നതായി കോടതിയില്‍ പൊലീസ് പറഞ്ഞു . മെറിന്‍ വിശ്വാസവഞ്ചന കാണിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് ഫിലിപ് മാത്യു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഫിലിപ് മാത്യുവിന് കോടതി ജാമ്യം നിഷേധിച്ചു.

സ്വയം കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഫിലിപ്പിനെ രണ്ടു കൈയും ബാന്‍ഡേജിട്ട് നിലയിലാണ് കോടതിയില്‍ ഹാജരാക്കിയത്. ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും മനപൂർവം നടന്ന കൊലയല്ലെന്ന് പറഞ്ഞ് കുറ്റം ലഘൂകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഫിലിപ് മാത്യുവിന്റെ അഭിഭാഷകന്‍. പക്ഷേ, പൊലീസ് ഇത് അംഗീകരിച്ചില്ല. കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തിയത് കൊല്ലാൻ തന്നെയായിരുന്നെന്നു പൊലീസ് പറയുന്നു . ഫിലിപ്പിനെ മാനസിക പരിശോധനയ്ക്കും വിധേയനാക്കി.

2016 ജൂലൈ 30-നാണ് നെവിനും മെറിനും വിവാഹിതരായത്. ഇവര്‍ക്കു രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ദാമ്പത്യബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായി.

മെറിനെ കൊന്ന് താൻ ആത്മഹത്യ ചെയ്യുമെന്ന് നെവീന്‍ മുൻപ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പൊലീസ് എത്തി നെവിനെതിരെ കേസെടുത്തിരുന്നു. .

കഴിഞ്ഞ ഡിസംബറില്‍ നെവിനും മെറിനും നാട്ടിലെത്തിയപ്പോള്‍ മെറിന്റെ മാതാപിതാക്കള്‍ ഇതേക്കുറിച്ച് അറിഞ്ഞിരുന്നുവെന്നു സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് അമേരിക്കയിൽ നെവിന്‍ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. മെറിൻ കുഞ്ഞിനെ നാട്ടില്‍ അമ്മയെ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്.

ജൂലൈ 19ന് മെറിന്‍, കോറല്‍ സ്പ്രിങ്‌സ് പൊലീസില്‍ വിളിച്ച് വിവാഹമോചനക്കാര്യം പറഞ്ഞുവെന്നും എന്നാൽ ഭര്‍ത്താവിന് താന്‍ തിരികെ ചെല്ലണമെന്നാണ് ആഗ്രഹമെന്നും സൂചിപ്പിച്ചുവെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . എന്നാല്‍ ഭർത്താവിൽ നിന്നും ക്രൂരതയൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ വിവാഹമോചനത്തിനായി വിവാഹമോചന അറ്റോര്‍ണിയെ സമീപിക്കാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്.

വിവാഹമോചനത്തിനായി മെറിന്‍ ശ്രമിച്ചതാണ് നെവിനെ ചൊടിപ്പിച്ചതെന്ന് അയാളുടെ സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു . കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചൊവ്വാഴ്ച മെറിന്റെ ജോലിസ്ഥലത്ത് രാവിലെ ഏഴുമണിക്ക് എത്തി നെവിന്‍ പാര്‍ക്കിങ് ഏരിയയില്‍ കാത്തുനിന്നു . കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞ് 7.30ന് മെറിന്‍ പുറത്തുവന്നപ്പോഴാണ് നെവിന്‍ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു .

കരച്ചിൽ കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും കത്തി വീശി നെവിന്‍ അവരെ അകറ്റിനിറുത്തി. തുടര്‍ന്ന് കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സഹപ്രവര്‍ത്തകര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രമെടുത്തു പൊലീസിനു കൈമാറി . മെറിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

അതേസമയം ഒരുവിഭാഗം ആളുകൾ സോഷ്യൽമീഡിയയിൽ മെറിനെതിരെയും പ്രചാരണം നടത്തുന്നുമുണ്ട് . മെറിനെ പ്രതികൂട്ടിൽ നിറുത്തിക്കൊണ്ടുള്ള മോശം കമന്റുകളും ഇതുസംബന്ധിച്ച വാർത്തയ്ക്കു കീഴിൽ അവർ ഇടുന്നു. കൊലയെപ്പറ്റി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വളച്ചൊടിച്ചതാണെന്നാണ് ഇവരുടെ വാദം. മെറിനെതിരെയുള്ള ഇത്തരം മോശം കമന്റുകൾ തങ്ങളെ ഏറെ വേദനിപ്പിച്ചുവെന്നു മെറിന്റെ സഹപ്രവർത്തകർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു .

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 14 വരെ. ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് 18. ഫസ്റ്റ് അലോട്ട്മെന്റ് ഓഗസ്റ്റ് 24.

0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത് . കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈനായാണു നടപടികൾ. വെബ്‌സൈറ്റിൽ ആപ്ലിക്കേഷന്‍ ഫോം എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഈ ഫോമിലെ വിവരങ്ങള്‍ പൂരിപ്പിക്കുകയാണ് വേണ്ടത്. പ്രിന്റ് ഔട്ട് ആവശ്യമില്ല. ആപ്ലിക്കേഷൻ ഫീസ് നൽകേണ്ടത് അഡ്മിഷൻ സമയത്തു മാത്രം.

  അപേക്ഷയോടൊപ്പം ഇപ്പോൾ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ട . മൊബെെൽ ഫോൺ വഴിയും അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഓഗസ്റ്റ് 14 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. വിദ്യാർഥികൾക്ക് തങ്ങളുടെ താൽപര്യത്തിനനുസരിച്ച് കോഴ്‌സും വിദ്യാലയവും തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ഉണ്ട്.

അപേക്ഷ ഓൺലൈൻ സമർപ്പണം, അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ അധ്യാപകരും പിടിഎ അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവേശന നടപടികൾ അവസാനിക്കും വരെ പ്രവർത്തിക്കും. കുറഞ്ഞത് 2 അധ്യാപകരെങ്കിലും ഹെൽപ് ഡെസ്കുകളിൽ മുഴുവൻ സമയവും സജീവമായിരിക്കണമെന്ന് നിർദേശത്തിലുണ്ട്

ട്രയൽ അലോട്ട്‌മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് 24 നുമാണ്. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കുമായി ഒറ്റ അപേക്ഷ മതി. ഒരാൾക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാൻ തടസമില്ല. വിഎച്ച്‌എസ്‌ഇ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളും ഇപ്പോൾ നൽകാം.

അർഹരായ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. നിലവിൽ 3. 61 ലക്ഷം സീറ്റുകളാണ് ഉള്ളത്. എന്നാൽ, 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്.

അതേസമയം, പ്ലസ് വൺ ക്ലാസുകൾ എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് മാസം കൂടി സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കും .

മത്തായിയുടെ മരണത്തിൽ ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ .

0
മത്തായി

കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെട‌ിവച്ചു കൊന്നിട്ട് ആ പന്നിയുടെ ജഡത്തിന്റെ മുകളിൽ ഒരു കാൽ കയറ്റി വച്ചു ഒരു ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടു എന്ന ഒറ്റ കാരണത്താലാണ് ഒരുമാസം മുൻപ് ഒരുകർഷകന്റെ തോക്ക് ലൈസൻസ് വനപാലകർ റദ്ദാക്കിയത് . അതേസമയം ഒരു സിസിടിവി ക്യാമറ നശിപ്പിച്ചു എന്നാരോപിച്ചു ഒരു പാവം കർഷകനെ പിടിച്ചു കൊണ്ടുപോയി മർദ്ദിച്ചു കൊന്നു കിണറ്റിൽ ഇട്ടിട്ട് ഇതുവരെ ഒരു വനപാലകനെതിരെയും ആരും ഒരു കേസും എടുത്തിട്ടില്ല. മത്തായി എന്ന കർഷകനെ കസ്റ്റഡിയിലെടുത്ത നടപടിയിലെ ചട്ട ലംഘനങ്ങളും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് . കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണം ഈ കേസിന്റെ ഭാവി എന്താകും എന്നതിന്റെ ശരിയായ സൂചനയാണ്. സംഘടിത ശക്തിയ്ക്കു മുൻപിൽ നമ്മുടെ ഭരണകൂടം പോലും ഭയന്ന് നിൽക്കുന്നു . കർഷകന് ഒരിക്കലും ഒരിടത്തുനിന്നും നീതിയും ന്യായവും കിട്ടില്ല എന്നതിന് വ്യക്തമായ സൂചനയാണ് ഈ കേസിന്റെ അന്വേഷണ പ്രഹസനം ! കർഷകൻ സംഘടിത ശക്തിയല്ലല്ലോ ! അവനു എന്നും കുടിക്കാൻ കണ്ണീരു തന്നെ .

മത്തായിയെ വനപാലകർ മ‌ർദ്ദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ തള്ളിയതാണെന്ന് ഭാര്യ ഷീബ പറഞ്ഞത് നിസാരമായി തള്ളിക്കളയാനാവില്ല. സാഹചര്യ തെളിവുകൾ അത് വ്യക്തമാക്കുന്നു . ഫോറസ്റ്റുകാരുടെ സിസി ടിവി ക്യാമറ നശിപ്പിച്ചെന്ന കുറ്റം ചുമത്തി അവർ പിടിച്ചുകൊണ്ടുപോയ മത്തായിയെ ചൊവ്വാഴ്ചയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അതിനുള്ള ഒരു കരണവുമില്ല . അവർ കൊന്നു കിണറ്റിലിട്ടതാണ്. അല്ലെങ്കിൽ രക്ഷപ്പെടുത്താനുള്ള ഒരുചെറിയ ശ്രമമെങ്കിലും നടത്തുമായിരുന്നില്ലേ?” മത്തായിയുടെ ഭാര്യ ഷീബ കണ്ണീരോടെ ചാനലുകൾക്ക് മുൻപിൽ പറഞ്ഞ വാക്കുകൾ ആർക്കു മറക്കാനാവും ?

”ഈ ക്രൂരത ചെയ്തവരെ വെറുതെ വിടില്ല. നിയമപരമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ഞാൻ ചെയ്യും. ഇനിയാർക്കും ഇതുപോലെ സംഭവിക്കരുത്. പണമാണ് ആവശ്യമെങ്കിൽ കൊടുക്കാമായിരുന്നല്ലോ. അതിന് ഈ ക്രൂരത കാട്ടണമായിരുന്നോ ” ഷീബയുടെ ആ ചോദ്യം ഓരോ കർഷകന്റെയും നെഞ്ചിൽനിന്നു വരുന്ന ചോദ്യമാണ് .

”ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് വീട്ടിൽനിന്ന് ബലമായി പൊന്നുച്ചായനെ കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന യുവാവിനെ സ്കൂട്ടറിലും അച്ചായനെ അവരുടെ ജീപ്പിലുമാണ് കൊണ്ടുപോയത്. അടുക്കളയിലായിരുന്ന ഞാൻ ഓടിയെത്തിയപ്പോഴേക്കും അവർ ജീപ്പിനരികിലെത്തിയിരുന്നു. കാര്യം തിരക്കിയപ്പോൾ സ്റ്റേഷനിൽ വന്നാൽ പറയാമെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. ” ഭാര്യ ഷീബ പറഞ്ഞു .

”ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയപ്പോൾ അച്ചായൻ അവിടെയെത്തിയിരുന്നില്ല. അച്ചായന്റെ ഫോണിൽ തുടർച്ചയായി വിളിച്ചപ്പോൾ ഉദ്യോഗസ്ഥരാരോ ആണ് ഫോൺ എടുത്തത്. സ്റ്റേഷനിൽ നിന്നാൽ മതിയെന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് കൂടെയുണ്ടായിരുന്ന യുവാവ് വിളിച്ച് 75,000 രൂപ കൊടുത്താൽ കേസ് ഇല്ലാതാക്കുമെന്ന് വനപാലകർ അറിയിച്ചതായി പറഞ്ഞു. രണ്ട് സ്റ്റാറുള്ള സാർ വിളിക്കുമ്പോൾ മാത്രമേ പണവുമായി സ്റ്റേഷനിലേക്ക് കയറി ചെല്ലാവൂ എന്നും പറഞ്ഞു.” ഷീബ പറയുന്നു .

മത്തായിയെ മ‌ർദ്ദിച്ച് അവശനാക്കിയ ശേഷം വനപാലകർ കിണറ്റിൽ തള്ളിയതെന്നു ഭാര്യ

”ആറരയോടെ കുടപ്പനയിൽനിന്ന് അച്ചായന്റെ ബന്ധു വിളിച്ച് ഉടൻ അവിടെ എത്തണമെന്നും ബാക്കി കാര്യങ്ങളൊന്നും തനിക്ക് പറയാൻ കഴിയില്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് മരിച്ച വിവരമറിയുന്നത്. അപ്പോൾ പോലീസും അവിടെ ഉണ്ടായിരുന്നു. ” കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരെ ഇന്നോവയിൽ പെട്ടെന്ന് അവിടെനിന്നും രക്ഷപ്പെടുത്തിയതായാണ് അറിയാൻ കഴിഞ്ഞതെന്നും ഷീബ പറഞ്ഞു.

ആറുമണിയോടെ സമീപവാസിയായ ഒരാളിനെ വിളിച്ച് കയറുമായി ഇവിടെയെത്താന്‍ വനപാലകര്‍ ആവശ്യപ്പെട്ടു. കാട്ടു പന്നി കിണറ്റില്‍ വീണതായിരിക്കാമെന്ന് കരുതി ഇദ്ദേഹം എത്തിയപ്പോഴാണ് മത്തായി കിണറ്റിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്.

നാട്ടുകാരെത്തിയപ്പോൾ വനപാലകര്‍ സ്ഥലം വിട്ടു . വീട്ടുമുറ്റത്തുള്ള , ചുറ്റുമതിലുള്ള കിണറ്റില്‍ മത്തായി വീഴാനിടയില്ലെന്ന് തദ്ദേശവാസികളും പറയുന്നു. ക്യാമറ തകർത്തെന്ന് കേസുണ്ടായാൽ ആത്മഹത്യ ചെയ്യുന്നയാളല്ല മത്തായിയെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു .

എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നത് ഗൗരവകരമാണ്. സിസിടിവി നശിപ്പിച്ച കാര്യം ഫോറസ്റ്റുകാർ പോലീസിൽ അറിയിച്ചിട്ടുമില്ല . കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കാത്തതും ദുരൂഹമാണ്. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തിയിട്ടുമില്ല . മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയതും . ഇതെല്ലം ദുരൂഹത വർധിപ്പിക്കുന്നു .

കുടപ്പനയിലെ ആദ്യകാല കർഷകകുടുംബമാണ് മത്തായിയുടേത്. പിതാവ് പരേതനായ പാപ്പി അറിയപ്പെടുന്ന കർഷകനയിരുന്നു. പ്രായാധിക്യമേറെയുള്ള മാതാവും ശാരീരിക അസ്വസ്ഥതകളുള്ള സഹോദരിയുമടക്കമുള്ള കുടുംബം മത്തായിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത് . ഭാര്യ ഷീബയ്ക്ക് മണിയാറിലെ സ്വകാര്യ സ്കൂളിൽ ജോലി ലഭിച്ചതോടെയാണ് കുടപ്പനയിൽനിന്ന് കുടുംബം അരീക്കക്കാവിലെ വാടകവീട്ടിലേക്ക് മാറിയത്.

”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവർ കൊന്നു കിണറ്റിലിട്ടതാണ്. ഈ ക്രൂരത ചെയ്തവരെ വെറുതെ വിടില്ല. ”

0

തിരുവല്ല : സിസിടിവി കാമറ നശിപ്പിച്ചെന്ന കേസില്‍ വനപാലകർ ചോദ്യം ചെയ്യാൻ കൊണ്ടുപോയ ഫാം ഉടമ പടിഞ്ഞാറെ ചരുവിൽ മത്തായിയെ (പൊന്നു-41) കിണറ്റിൽ മരിച്ചനിലയിൽ കണ്ടതിൽ ദുരൂഹത വർധിച്ചു . മത്തായിയെ വനപാലകർ മ‌ർദ്ദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ തള്ളിയതാണെന്നാണ് ഭാര്യ ഷീബ ആരോപിച്ചു . സ്റ്റേഷനിലെ ക്യാമറ നശിപ്പിച്ചതിന് കസ്റ്റഡിയിലെടുത്ത മത്തായിയെ കഴിഞ്ഞ ദിവസമാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അതിനുള്ള ഒരു കരണവുമില്ല . അവർ കൊന്നു കിണറ്റിലിട്ടതാണ്. അല്ലെങ്കിൽ രക്ഷപ്പെടുത്താനുള്ള ഒരുചെറിയ ശ്രമമെങ്കിലും നടത്തുമായിരുന്നില്ലേ?” മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.

മത്തായിയെ വനപാലകർ മ‌ർദ്ദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ തള്ളിയതാണെന്നാണ് ഭാര്യ ഷീബ ആരോപിച്ചു

”ഈ ക്രൂരത ചെയ്തവരെ വെറുതെ വിടില്ല. നിയമപരമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. ഇനിയാർക്കും ഇതുപോലെ സംഭവിക്കരുത്. പണമാണ് ആവശ്യമെങ്കിൽ കൊടുക്കാമായിരുന്നല്ലോ. അതിന് ഈ ക്രൂരത കാട്ടണമോ” കരഞ്ഞുകൊണ്ട് ഷീബ ചോദിച്ചു.

ഫാം സ്ഥിതിചെയ്യുന്ന കുടപ്പന വനമേഖലയിലെ വീട്ടില്‍ താമസക്കാരില്ല. ആറുമണിയോടെ സമീപവാസിയായ ഒരാളിനെ വിളിച്ച് കയറുമായി ഇവിടെയെത്താന്‍ വനപാലകര്‍ ആവശ്യപ്പെട്ടു. കാട്ടു പന്നി കിണറ്റില്‍ വീണതായിരിക്കാമെന്ന് കരുതി ഇദ്ദേഹം എത്തിയപ്പോഴാണ് മത്തായി കിണറ്റിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്.

നാട്ടുകാരെത്തിയപ്പോൾ വനപാലകര്‍ സ്ഥലം വിട്ടു . വീട്ടുമുറ്റത്തുള്ള വശം കെട്ടി ഉയര്‍ത്തിയ കിണറ്റില്‍ മത്തായി വീഴാനിടയില്ലെന്ന് തദ്ദേശവാസികൾ പറയുന്നു. ക്യാമറ തകർത്തെന്ന് കേസുണ്ടായാൽ ആത്മഹത്യ ചെയ്യുന്നയാളല്ല മത്തായിയെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു .

”ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് വീട്ടിൽനിന്ന് ബലമായി പൊന്നുച്ചായനെ കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന യുവാവിനെ സ്കൂട്ടറിലും അച്ചായനെ അവരുടെ ജീപ്പിലുമാണ് കൊണ്ടുപോയത്. അടുക്കളയിലായിരുന്ന ഞാൻ ഓടിയെത്തിയപ്പോഴേക്കും അവർ ജീപ്പിനരികിലെത്തിയിരുന്നു. കാര്യം തിരക്കിയപ്പോൾ സ്റ്റേഷനിൽ വന്നാൽ പറയാമെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. ” ഭാര്യ ഷീബ പറഞ്ഞു .


”ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയപ്പോൾ അച്ചായൻ അവിടെയെത്തിയിരുന്നില്ല. അച്ചായന്റെ ഫോണിൽ തുടർച്ചയായി വിളിച്ചപ്പോൾ ഉദ്യോഗസ്ഥരിലാരോ ആണ് എടുത്തത്. സ്റ്റേഷനിൽ നിന്നാൽ മതിയെന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് കൂടെയുണ്ടായിരുന്ന യുവാവ് വിളിച്ച് 75,000 രൂപ കൊടുത്താൽ കേസ് ഇല്ലാതാക്കുമെന്ന് വനപാലകർ അറിയിച്ചതായി പറഞ്ഞു. രണ്ട് സ്റ്റാറുള്ള സാർ വിളിക്കുമ്പോൾ മാത്രമേ പണവുമായി സ്റ്റേഷനിലേക്ക് കയറി ചെല്ലാവൂ എന്നും പറഞ്ഞു.” ഷീബ പറഞ്ഞു .

”ആറരയോടെ കുടപ്പനയിൽനിന്ന് അച്ചായന്റെ ബന്ധു വിളിച്ച് ഉടൻ അവിടെ വീട്ടിലെത്തണമെന്നും ബാക്കി കാര്യങ്ങളൊന്നും തനിക്ക് പറയാൻ കഴിയില്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് മരിച്ച വിവരമറിയുന്നത്. ” അപ്പോൾ പോലീസും അവിടെ ഉണ്ടായിരുന്നു. കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരെ ഇന്നോവയിൽ പെട്ടെന്ന് അവിടെനിന്നും രക്ഷപ്പെടുത്തിയതായാണ് അറിയാൻ കഴിഞ്ഞതെന്നും ഷീബ പറഞ്ഞു.

കുടപ്പനയിലെ ആദ്യകാല കർഷകകുടുംബമാണ് മത്തായിയുടേത്. പിതാവ് പരേതനായ പാപ്പി അറിയപ്പെടുന്ന കർഷകനയിരുന്നു. പ്രായാധിക്യമേറെയുള്ള മാതാവും ശാരീരിക അസ്വസ്ഥതകളുള്ള സഹോദരിയുമടക്കമുള്ള കുടുംബം മത്തായിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത് . ഭാര്യ ഷീബയ്ക്ക് മണിയാറിലെ സ്വകാര്യ സ്കൂളിൽ ജോലി ലഭിച്ചതോടെയാണ് കുടപ്പനയിൽനിന്ന് കുടുംബം അരീക്കക്കാവിലെ വാടകവീട്ടിലേക്ക് മാറിയത്.

സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തുന്നതിന് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ ചെയര്‍മാനായ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയമിച്ചത്. സംഘം രണ്ടുദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു .

എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നത് ഗൗരവകരമാണ്. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കാത്തത് ദുരൂഹമാണ്. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തുകയും ചെയ്തില്ലെന്നും മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയതെന്നും സുരേന്ദ്രൻ ആരോപിച്ചു.

കസ്റ്റഡിയിലുള്ള ആളുടെ ജീവന് മതിയായ സംരക്ഷണം ഉറപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തും ചെയ്യാമെന്ന സാഹചര്യമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു

തൊടുപുഴ വണ്ടമറ്റത്ത് വീടിനോട് ചേര്‍ന്ന്‌ ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.

0
വണ്ടമറ്റം അക്വാട്ടിക്‌ സെന്റർ

തൊടുപുഴ: തൊടുപുഴയിൽ നിന്ന് 14 കിലോമീറ്റർ ദൂരെ വണ്ടമറ്റം എന്ന സ്ഥലത്ത് ബേബി വര്‍ഗീസ് എന്ന നീന്തൽ താരം വീടിനോട് ചേര്‍ന്ന്‌ നിര്‍മ്മിച്ചിരിക്കുന്ന നീന്തൽക്കുളം ആരെയും ആകർഷിക്കുന്നതാണ് . സ്വന്തം സ്ഥലത്ത് 10 ലക്ഷം രൂപ മുടക്കി 25 മീറ്റർ നീളമുള്ള നീന്തൽകുളമാണ് ബേബി നിർമ്മിച്ചത് .വണ്ടമറ്റം അക്വാട്ടിക്‌ സെന്റർ എന്ന് പേരിട്ടിരിക്കുന്ന ഈ നീന്തൽ കുളത്തിൽ ആയിരക്കണക്കിന് ‌ കുട്ടികളും മുതിര്‍ന്നവരും പരിശീലനം നേടികഴിഞ്ഞു . നിരവധി ചലച്ചിത്ര താരങ്ങളും ഇവിടെ വന്നു നീന്തൽ പഠിച്ചു പോയിട്ടുണ്ട് .

നീന്തൽക്കുളം

നീന്തലിൽ നിരവധി മെഡലുകൾ കരസ്ഥമാക്കിയ ബേബി വർഗീസാണ് ഇതിന്റെ ഉടമയും മുഖ്യ പരിശീലകനും. രാവിലെയും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പരിശീലനത്തിന്‌ സൗകര്യമുണ്ട്‌. ജില്ലയിലെ വിവിധ നീന്തല്‍ മത്സരങ്ങൾ ഇവിടെ ആണ്‌ നടത്തുന്നത്‌. തന്റെ നീന്തൽകുളത്തിൽ പരിശീലനം നേടിയ ഒരാളെങ്കിലും ഏഷ്യൻ മത്സരത്തിൽ സുവർണ്ണമെഡൽ നേടുമെന്ന പ്രതീക്ഷയിലാണ് ബേബി .

വണ്ടമറ്റം അക്വാറ്റിക് സെന്ററിനോടനുബന്ധിച്ച് നിർമ്മിച്ച കിഡ്സ് സ്വിമ്മിംഗ് പൂൾ 2019 ൽ പൂർത്തിയായി. ഇടുക്കിജില്ലാ അക്വാറ്റിക് അസോസിയേഷന്റെ അവധിക്കാല നീന്തൽപരിശീലന ക്ലാസ്സുകൾ ഇവിടെയാണ് നടത്തുന്നത്. കുട്ടികൾക്ക് നീന്തലിന്റെ പ്രാധാന്യം പകർന്നുനൽകുകയും ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നതോടൊപ്പം നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുവാൻ കിഡ്സ് പൂൾ ഉപകരിക്കും. നീന്തല്‍ വശമില്ലാത്തതു മൂലം അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ഇവിടെ പരിശീലനത്തിന്‌ കൊണ്ടു വരാറുമുണ്ട് . വെള്ളത്തിൽ വീണുണ്ടാകുന്ന അപകടമരണങ്ങൾ ഒഴിവാക്കുക പ്രധാന ലക്ഷ്യമാണ്.

ബേബി വര്‍ഗീസ്

വ്യായാമം എന്ന നിലയില്‍ നീന്തല്‍ പ്രയോജനപ്പെടുന്നതാണ്‌ മുതിര്‍ന്നവരെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്നത്‌. നീന്തലിനോടുള്ള താല്‍പര്യം കൊണ്ടും കൂടുതല്‍ നീന്തല്‍ താരങ്ങളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയുമാണ് സ്വന്തമായി നീന്തല്‍ കുളം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ‌ ബേബി പറഞ്ഞു.

സംസ്ഥാന സിവില്‍ സര്‍വീസ് നീന്തല്‍ മത്സരത്തില്‍ കാൽനൂറ്റാണ്ടുകാലം തുടർച്ചയായി ബേബി വര്‍ഗീസ് ചാമ്പ്യന്‍ ആയിരുന്നു . പഞ്ചായത്ത് വകുപ്പില്‍ ജോലിചെയ്യുന്ന ബേബി നീന്തലിൽ നൂറുകണക്കിന് മെഡലുകൾ നേടിയിട്ടുണ്ട് . നല്ലൊരു സംഗീതജ്ഞൻ കൂടിയാണ് ബേബി. ബേബിയുടെ ഫോൺ നമ്പർ 94472 23674

നീന്തൽ പഠിക്കാൻ തൊടുപുഴയിൽ ഒരു സ്വകാര്യ നീന്തൽക്കുളം! വീഡിയോ കാണുക

“ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല. ന്റേത് റെഡിയായില്ല. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ”

0
മുഹമ്മദ് ഫായിസ്

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിഫായിസ് എന്ന നാലാം ക്ലാസുകാരൻ ഒരു വീഡിയോയിൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ മാത്രമല്ല , ലോകമെങ്ങുമുള്ള മാധ്യമങ്ങളിലും വലിയ വാർത്തയായിരിക്കയാണ്

“ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല. ന്റേത് റെഡിയായില്ല. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ” എന്നായിരുന്നു കടലാസുകൊണ്ട് പൂവ് ഉണ്ടാക്കി പരാജയപ്പെട്ട ഫായിസിന്റെ വൈറലായ
വാക്കുകൾ.മലപ്പുറം കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ വിദ്യാർഥിയാണ് ഈ പത്ത് വയസ്സുകാരൻ.

”ന്റേത് റെഡിയായില്ല എങ്കിലും അതിൽ കൊഴപ്പല്ല്യാ” എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഫായിസിന്റെ ഈ നിഷ്കളങ്കതയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തോടെയാണ് ഫായിസ് പ്രസിദ്ധനായത് ..എന്തിനെയും നേരിടാൻ ആത്മവിശ്വാസം പകരുന്ന ഇതുപോലൊരു മോട്ടിവേറ്ററെ കണ്ടിട്ടില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.


ഡോ . നജിം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു :

ജീവതത്തിലെ ചെറിയ പാളിച്ചകൾ നമുക്ക് നൽകുന്നത് മഹത്തായ വലിയ പാഠങ്ങളാണ്

ജീവതത്തിലെ ചെറിയ പാളിച്ചകൾ നമുക്ക് നൽകുന്നത് മഹത്തായ വലിയ പാഠങ്ങളാണ് . ഫായിസ് പൂവുണ്ടാക്കി വിജയിച്ചിരുന്നുവെങ്കിൽ, എല്ലാ ദിവസവും പോലെ ആ ദിവസവും കടന്നു പോകുമായിരുന്നു.എന്നാൽ ആ കുരുന്നു മനസ്സിലെ പൂവെന്ന പ്രതീക്ഷകൾ താളം തെറ്റിയപ്പോൾ ആകസ്മികമായി ആ കുഞ്ഞു ഹൃദയത്തിൽ നിന്നും വന്നത് എക്കാലത്തേയും മികച്ച മോട്ടിവേഷണൽ ചിന്തകളിൽ ഒന്ന്.

ജീവിതത്തിൽ വിജയങ്ങൾ നൽകുന്ന ചില പാഠങ്ങളേക്കാൾ മഹത്തരമായ മൂല്യങ്ങളുള്ള, ശക്തമായ അടിത്തറയുള്ള ചില പാഠങ്ങൾ നൽകാൻ ചില പരാജയങ്ങൾക്കാകും.

കോവിഡ് മഹാമാരിയിൽ പെട്ട് പല നഷ്ടങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവരാണ് നമ്മളിൽ മിക്കവരും.
അവരിലേക്ക് പ്രതീക്ഷയുടെ, നവോത്ഥാനത്തിൻ്റെ, പുനർജനനിയുടെ കിരണങ്ങളാണ് ഈ കൊച്ചുകുട്ടിയുടെ വാക്കുകൾ ഉയർത്തി വിട്ടത്.

കുട്ടികളിലാണ് രാഷ്ട്രത്തിൻ്റെ ഭാവി എന്ന് പഠിപ്പിച്ച മുൻ രാഷ്ട്രപതി A P J അബ്ദുൽ കലാമിൻ്റെ ഓർമ്മ ദിനത്തിൽ ഫായിസിൻ്റെ മോട്ടിവേഷനൽ ചിന്തയേക്കാൾ മികച്ച ഒരു സന്ദേശമില്ല.

അതെ ..’ ഒരു കൊയപൂല്യാ…എല്ലാം ശരിയാകും… ഈ കാലവും കടന്ന് പോവും..നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും’ ഡോ. നജീബ് ഫേസ്‍ബുക്കിൽ കുറിച്ചു .

മാതൃഭൂമി ഈ കുട്ടിയെപ്പറ്റി എഡിറ്റോറിയൽ എഴുതി.എഡിറ്റോറിയലിൽ ഇങ്ങനെ കുറിച്ചു:
” ജയിക്കാൻ മാത്രമായി കുട്ടികൾ വളർത്തിയെടുക്കപ്പെടുന്ന ഏതൊരു സമൂഹത്തിലും പരാജയം താങ്ങാനാവാത്ത ആഘാതമാണ്.. ജയം മാത്രം ആത്യന്തിക ലക്ഷ്യമായി കുതിയ്ക്കുന്നവർക്കിടയിൽ ഫായിസിൻ്റെ ശബ്ദം വേറിട്ടൊരു സാമൂഹ്യ പാഠ മായി ഉയരുകയാണ് “

മിൽമ അധികൃതർ സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി, 10000 രൂപ, മിൽമയുടെ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റുകൾ റോയൽറ്റി ആയി കൈമാറി.

വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കുന്നസമയത്ത് , ഉമ്മയുടെ മൊബൈൽ ഫോണെടുത്തു മറ്റാരും കാണാതെ , പുസ്തകങ്ങൾ പൊക്കിപൊക്കി വച്ച് ഉയരമുണ്ടാക്കി അതിന്മേൽ ഫോൺ വെച്ചാണ് ഫായിസ് വീഡിയോ ചിത്രീകരിച്ചത് .

വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് ഷെയർ ചെയ്തത് . വാട്സ് ആപ്പിലും പ്രചരിച്ചതോടെ ഫായിസ് മലയാളികളുടെ ശ്രദ്ധാകേന്ദ്രമായി . നിരവധി പ്രമുഖർ ഫോണിൽ
വിളിച്ച് അഭിനന്ദനങ്ങൾ നേർന്നു . ചിലർ സമ്മാനവുമായി എത്തി. കൂട്ടുകാരും അധ്യാപകരും തന്റെ വീഡിയോ അവരുടെ സ്റ്റാറ്റസാക്കിയത് ഫായിസിനെ ഏറെ സന്തോഷിപ്പിച്ചു .

മിൽമ പാരിതോഷികമായി നൽകിയ പതിനായിരം രൂപയിൽ പാതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാതി ഒരു കുട്ടിയുടെ വിവാഹത്തിനും നൽകി എന്നറിയുന്നു.

ഫായിസിന്റെ വാക്കുകൾ മിൽമ അവരുടെ പരസ്യത്തിനായി എടുത്തു കഴിഞ്ഞു .  മിൽമ അധികൃതർ സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി, 10000 രൂപ, മിൽമയുടെ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റുകൾ റോയൽറ്റി ആയി കൈമാറി. മലപ്പുറം ജില്ലാ കളക്ടർ കോവിഡ് പ്രതിരോധ പ്രചാരണത്തിനും ഫായിസിന്റെ വാക്കുകൾ ഉപയോഗിച്ചിരിക്കയാണ് .

നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്തേണ്ട വലിയ സതൃമാണ് ഫായിസ് പറഞ്ഞത്. വിദ്യാഭ്യാസത്തിൽ ചിലർ കൂടുതൽ മാർക്ക് വാങ്ങും, ചിലർ വാങ്ങില്ല. എന്നാൽ അത് പരാജയമല്ല. നിരാശപ്പേടേണ്ട സംഗതിയുമല്ല. വീണ്ടും പരിശ്രമിക്കാം.

ആധുനിക ജീവിതത്തിന്റ തിക്കിലും തിരക്കിലും, അന്തസാര ശൂനൃതയിലും കോച്ചു ഫായിസിന്റെ വാക്കുകൾ ഒരു പൂമരം കൊഴിച്ച പൂക്കളുടെ സുഗന്ധം പോലെ നമ്മിൽ പരക്കണം. മറ്റു കുട്ടികളിൽ പരക്കണം.മാതാപിതാക്കളിൽ പരക്കണം.

ഒടുവിൽ കിട്ടിയ വാർത്ത : മിൽമ പാരിതോഷികമായി നൽകിയ പതിനായിരം രൂപയിൽ പാതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാതി ഒരു പെൺകുട്ടിയുടെ വിവാഹത്തിനും നൽകി ഫായിസ്.