മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിഫായിസ് എന്ന നാലാം ക്ലാസുകാരൻ ഒരു വീഡിയോയിൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ മാത്രമല്ല , ലോകമെങ്ങുമുള്ള മാധ്യമങ്ങളിലും വലിയ വാർത്തയായിരിക്കയാണ്
“ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല. ന്റേത് റെഡിയായില്ല. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ” എന്നായിരുന്നു കടലാസുകൊണ്ട് പൂവ് ഉണ്ടാക്കി പരാജയപ്പെട്ട ഫായിസിന്റെ വൈറലായ
വാക്കുകൾ.മലപ്പുറം കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ വിദ്യാർഥിയാണ് ഈ പത്ത് വയസ്സുകാരൻ.
”ന്റേത് റെഡിയായില്ല എങ്കിലും അതിൽ കൊഴപ്പല്ല്യാ” എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഫായിസിന്റെ ഈ നിഷ്കളങ്കതയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തോടെയാണ് ഫായിസ് പ്രസിദ്ധനായത് ..എന്തിനെയും നേരിടാൻ ആത്മവിശ്വാസം പകരുന്ന ഇതുപോലൊരു മോട്ടിവേറ്ററെ കണ്ടിട്ടില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഡോ . നജിം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു :


ജീവതത്തിലെ ചെറിയ പാളിച്ചകൾ നമുക്ക് നൽകുന്നത് മഹത്തായ വലിയ പാഠങ്ങളാണ് . ഫായിസ് പൂവുണ്ടാക്കി വിജയിച്ചിരുന്നുവെങ്കിൽ, എല്ലാ ദിവസവും പോലെ ആ ദിവസവും കടന്നു പോകുമായിരുന്നു.എന്നാൽ ആ കുരുന്നു മനസ്സിലെ പൂവെന്ന പ്രതീക്ഷകൾ താളം തെറ്റിയപ്പോൾ ആകസ്മികമായി ആ കുഞ്ഞു ഹൃദയത്തിൽ നിന്നും വന്നത് എക്കാലത്തേയും മികച്ച മോട്ടിവേഷണൽ ചിന്തകളിൽ ഒന്ന്.
ജീവിതത്തിൽ വിജയങ്ങൾ നൽകുന്ന ചില പാഠങ്ങളേക്കാൾ മഹത്തരമായ മൂല്യങ്ങളുള്ള, ശക്തമായ അടിത്തറയുള്ള ചില പാഠങ്ങൾ നൽകാൻ ചില പരാജയങ്ങൾക്കാകും.
കോവിഡ് മഹാമാരിയിൽ പെട്ട് പല നഷ്ടങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവരാണ് നമ്മളിൽ മിക്കവരും.
അവരിലേക്ക് പ്രതീക്ഷയുടെ, നവോത്ഥാനത്തിൻ്റെ, പുനർജനനിയുടെ കിരണങ്ങളാണ് ഈ കൊച്ചുകുട്ടിയുടെ വാക്കുകൾ ഉയർത്തി വിട്ടത്.
കുട്ടികളിലാണ് രാഷ്ട്രത്തിൻ്റെ ഭാവി എന്ന് പഠിപ്പിച്ച മുൻ രാഷ്ട്രപതി A P J അബ്ദുൽ കലാമിൻ്റെ ഓർമ്മ ദിനത്തിൽ ഫായിസിൻ്റെ മോട്ടിവേഷനൽ ചിന്തയേക്കാൾ മികച്ച ഒരു സന്ദേശമില്ല.
അതെ ..’ ഒരു കൊയപൂല്യാ…എല്ലാം ശരിയാകും… ഈ കാലവും കടന്ന് പോവും..നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും’ ഡോ. നജീബ് ഫേസ്‍ബുക്കിൽ കുറിച്ചു .
മാതൃഭൂമി ഈ കുട്ടിയെപ്പറ്റി എഡിറ്റോറിയൽ എഴുതി.എഡിറ്റോറിയലിൽ ഇങ്ങനെ കുറിച്ചു:
” ജയിക്കാൻ മാത്രമായി കുട്ടികൾ വളർത്തിയെടുക്കപ്പെടുന്ന ഏതൊരു സമൂഹത്തിലും പരാജയം താങ്ങാനാവാത്ത ആഘാതമാണ്.. ജയം മാത്രം ആത്യന്തിക ലക്ഷ്യമായി കുതിയ്ക്കുന്നവർക്കിടയിൽ ഫായിസിൻ്റെ ശബ്ദം വേറിട്ടൊരു സാമൂഹ്യ പാഠ മായി ഉയരുകയാണ് “


വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കുന്നസമയത്ത് , ഉമ്മയുടെ മൊബൈൽ ഫോണെടുത്തു മറ്റാരും കാണാതെ , പുസ്തകങ്ങൾ പൊക്കിപൊക്കി വച്ച് ഉയരമുണ്ടാക്കി അതിന്മേൽ ഫോൺ വെച്ചാണ് ഫായിസ് വീഡിയോ ചിത്രീകരിച്ചത് .
വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് ഷെയർ ചെയ്തത് . വാട്സ് ആപ്പിലും പ്രചരിച്ചതോടെ ഫായിസ് മലയാളികളുടെ ശ്രദ്ധാകേന്ദ്രമായി . നിരവധി പ്രമുഖർ ഫോണിൽ
വിളിച്ച് അഭിനന്ദനങ്ങൾ നേർന്നു . ചിലർ സമ്മാനവുമായി എത്തി. കൂട്ടുകാരും അധ്യാപകരും തന്റെ വീഡിയോ അവരുടെ സ്റ്റാറ്റസാക്കിയത് ഫായിസിനെ ഏറെ സന്തോഷിപ്പിച്ചു .


ഫായിസിന്റെ വാക്കുകൾ മിൽമ അവരുടെ പരസ്യത്തിനായി എടുത്തു കഴിഞ്ഞു . മിൽമ അധികൃതർ സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി, 10000 രൂപ, മിൽമയുടെ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റുകൾ റോയൽറ്റി ആയി കൈമാറി. മലപ്പുറം ജില്ലാ കളക്ടർ കോവിഡ് പ്രതിരോധ പ്രചാരണത്തിനും ഫായിസിന്റെ വാക്കുകൾ ഉപയോഗിച്ചിരിക്കയാണ് .
നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്തേണ്ട വലിയ സതൃമാണ് ഫായിസ് പറഞ്ഞത്. വിദ്യാഭ്യാസത്തിൽ ചിലർ കൂടുതൽ മാർക്ക് വാങ്ങും, ചിലർ വാങ്ങില്ല. എന്നാൽ അത് പരാജയമല്ല. നിരാശപ്പേടേണ്ട സംഗതിയുമല്ല. വീണ്ടും പരിശ്രമിക്കാം.
ആധുനിക ജീവിതത്തിന്റ തിക്കിലും തിരക്കിലും, അന്തസാര ശൂനൃതയിലും കോച്ചു ഫായിസിന്റെ വാക്കുകൾ ഒരു പൂമരം കൊഴിച്ച പൂക്കളുടെ സുഗന്ധം പോലെ നമ്മിൽ പരക്കണം. മറ്റു കുട്ടികളിൽ പരക്കണം.മാതാപിതാക്കളിൽ പരക്കണം.
ഒടുവിൽ കിട്ടിയ വാർത്ത : മിൽമ പാരിതോഷികമായി നൽകിയ പതിനായിരം രൂപയിൽ പാതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാതി ഒരു പെൺകുട്ടിയുടെ വിവാഹത്തിനും നൽകി ഫായിസ്.