തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത് . കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈനായാണു നടപടികൾ. വെബ്‌സൈറ്റിൽ ആപ്ലിക്കേഷന്‍ ഫോം എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഈ ഫോമിലെ വിവരങ്ങള്‍ പൂരിപ്പിക്കുകയാണ് വേണ്ടത്. പ്രിന്റ് ഔട്ട് ആവശ്യമില്ല. ആപ്ലിക്കേഷൻ ഫീസ് നൽകേണ്ടത് അഡ്മിഷൻ സമയത്തു മാത്രം.
അപേക്ഷയോടൊപ്പം ഇപ്പോൾ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ട . മൊബെെൽ ഫോൺ വഴിയും അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഓഗസ്റ്റ് 14 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. വിദ്യാർഥികൾക്ക് തങ്ങളുടെ താൽപര്യത്തിനനുസരിച്ച് കോഴ്‌സും വിദ്യാലയവും തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ഉണ്ട്.
അപേക്ഷ ഓൺലൈൻ സമർപ്പണം, അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ അധ്യാപകരും പിടിഎ അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവേശന നടപടികൾ അവസാനിക്കും വരെ പ്രവർത്തിക്കും. കുറഞ്ഞത് 2 അധ്യാപകരെങ്കിലും ഹെൽപ് ഡെസ്കുകളിൽ മുഴുവൻ സമയവും സജീവമായിരിക്കണമെന്ന് നിർദേശത്തിലുണ്ട്
ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് 24 നുമാണ്. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കുമായി ഒറ്റ അപേക്ഷ മതി. ഒരാൾക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാൻ തടസമില്ല. വിഎച്ച്‌എസ്‌ഇ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളും ഇപ്പോൾ നൽകാം.
അർഹരായ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. നിലവിൽ 3. 61 ലക്ഷം സീറ്റുകളാണ് ഉള്ളത്. എന്നാൽ, 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്.
അതേസമയം, പ്ലസ് വൺ ക്ലാസുകൾ എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് മാസം കൂടി സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കും .