Home Blog Page 39

ഊരിപ്പിടിച്ച മൈക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാന്‍ കാത്തിരുന്നവര്‍ ഞെട്ടി!

0

”ഊരിപ്പിടിച്ച മൈക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാന്‍ കാത്തിരുന്നവര്‍ ആ പൊട്ടിത്തെറി കണ്ട് ഞെട്ടി!”
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി ടി ചാക്കോയുടെ ഫേസ് കുറിപ്പ് ശ്രദ്ധേയമായി .
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഒരു എഫ് ബി പോസ്റ്റ് കാണാനിടയായി. അതിലെ ചില പരാമര്‍ശം ഇപ്രകാരം: പത്രസമ്മേളനത്തിന് ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. ഒരിടത്തുനിന്നു രണ്ടു പേര്‍. പരസ്പരം കയ്യുംപിടിച്ച് ചോദ്യങ്ങള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ. ഒരാള്‍ തന്നെ രണ്ട്, പരമാവധി മൂന്ന് – അത്രയേ ചോദിക്കൂ. അതും മര്യാദ.

മുന്‍പ്രസ് സെക്രട്ടറി എന്ന നിലയില്‍ എന്റെ അനുഭവം പറയാം. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍. എല്ലാ ബുധനാഴ്ചയും രാവിലെ മന്ത്രിസഭായോഗം ചേര്‍ന്നതിനുശേഷം ഉച്ചയോടെ പത്രസമ്മേളനം.

ഏതാണ്ട് 50 പേര്‍ക്ക് രണ്ടുവരികളായി ടേബിളിനു ചുറ്റും ഇരിക്കാനുള്ള സൗകര്യമുണ്ട്. സാധാരണഗതിയില്‍ ഇത്രയും മതി താനും. എന്നാല്‍ വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ കോണ്‍ഫറന്‍സ് ഹാള്‍ മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു കവിയും.

പ്രമുഖ പത്രസ്ഥാപനങ്ങളില്‍ നിന്നെല്ലാം രണ്ടു റിപ്പോര്‍ട്ടര്‍മാര്‍ എങ്കിലും ഉണ്ടാകും. ഒരാള്‍ ചോദിക്കാന്‍ മാത്രം, മറ്റൊരാള്‍ റിപ്പോര്‍ട്ട് ചെയ്യാനും!

ദേശാഭിമാനിയില്‍ നിന്ന് ആര്‍എസ് ബാബുവാണ് ചോദിക്കുന്നത്. മോഹന്‍ദാസ് റിപ്പോര്‍ട്ട് ചെയ്യും. ഒന്നോ രണ്ടോ ചോദ്യങ്ങളല്ല, ചോദ്യപരമ്പരകള്‍! അതുകൊണ്ട് ആര്‍എസ് ബാബുവിനോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എന്തെങ്കിലും അനിഷ്ടം ഉണ്ടായില്ല. രണ്ടാഴ്ച മുമ്പും പ്രസ് അക്കാദമിക്കുവേണ്ടി മുന്‍മുഖ്യമന്ത്രിയുടെ ബൈറ്റ് അദ്ദേഹം എടുത്തിരുന്നു. ഏഷ്യാനെറ്റ് ഉള്‍പ്പെടെ മറ്റു മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. ആരോടും ഒരനിഷ്ടവും കാണിച്ചതായി എന്റെ ഓര്‍മയിലില്ല.

റിപ്പോര്‍ട്ടമാരുടെ ചോദ്യത്തിന്റെ സ്‌റ്റോക്ക് തീരുമ്പോള്‍ എസ്എംഎസ് വഴിയായും ഫോണിലൂടെയും കൂടുതല്‍ ചോദ്യങ്ങള്‍ അവര്‍ക്ക് വന്നുകൊണ്ടിരുന്നു. ചോദ്യങ്ങളുടെ മഹാപ്രളയം. പക്ഷേ മുഖ്യമന്ത്രിയുടെ വിശദീകരണം കഴിയുമ്പോള്‍ വിവാദങ്ങള്‍, മല എലിയെ പ്രസവിച്ചതുപോലെയായ നിരവധി സംഭവങ്ങള്‍ക്ക് മീഡിയ സാക്ഷി. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയ തകര്‍പ്പന്‍ ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. കൊണ്ടുംകൊടുത്തുമുള്ള ആ പത്രസമ്മേളനങ്ങള്‍ ബൗദ്ധിക വ്യാപാരം കൂടിയായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.

ചോദ്യങ്ങളിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണു കാര്യം.

മുഖ്യമന്ത്രിയുടെ ഓഫീസുള്ള മൂന്നാംനിലയില്‍ മീഡിയ പ്രവര്‍ത്തകര്‍ കയറാതിരിക്കാന്‍ ഇപ്പോള്‍ താഴത്തെ നിലയില്‍ പുതിയ മീഡിയ റൂം കൂടി തുറക്കുകയും ചെയ്തു. സൗത്ത് ബ്ലോക്കില്‍ പിആര്‍ഡിയുടെ ഏറ്റവും നൂതനമായ മീഡിയ റൂം ഉള്ളപ്പോഴാണിത്.

കഴിഞ്ഞ നാലേകാല്‍ വര്‍ഷത്തിനിടയില്‍.. രണ്ടേരണ്ടു പേര്‍.. രണ്ടേരണ്ടു ദിവസം.. അനായാസം കൈകാര്യം ചെയ്യാവുന്ന രണ്ടോമൂന്നോ ചോദ്യം. കാറ്റുപോയില്ലേ!

ഊരിപ്പിടിച്ച മൈക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാന്‍ കാത്തിരുന്നവര്‍ ആ പൊട്ടിത്തെറി കണ്ട് ഞെട്ടി!

”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്! ” ഓർക്കുന്നില്ലേ ആ പേടിപ്പിക്കൽ പ്രസംഗം ?

0

ഇടുക്കി : ഓർമ്മയില്ലേ ഒൻപതു വര്‍ഷം മുന്‍പ് , കൃത്യമായി പറഞ്ഞാൽ 2011 നവംബറിൽ ഇടുക്കിയിലെ ജനങ്ങളെ രണ്ടുമാസക്കാലം ഭീതിയുടെ നടുക്കടലില്‍ എടുത്തിട്ടിട്ട് ‘ഇപ്പ രക്ഷിക്കാം’ എന്ന് പറഞ്ഞു തമിഴ് നാടിനെ നോക്കി മീശ പിരിച്ച് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ കളിച്ച മുല്ലപ്പെരിയാർ നാടകം ?

വെള്ളത്തില്‍ അലിഞ്ഞുകൊണ്ടിരുന്ന സുര്‍ക്കി കയ്യില്‍ വാരിയെടുത്തു കൊണ്ട് ഇതാ അണക്കെട്ട് പൊട്ടാന്‍ പോകുന്നു എന്ന് പറഞ്ഞു പേടിപ്പിച്ച മന്ത്രിയും ‘ വെള്ളം തരുന്നവരെ കൊല്ലരുതേ’ എന്ന് എന്ന് അലറി വിളിച്ച പാവങ്ങളുടെ പടത്തലവനും എവിടെയാണിപ്പോൾ ?

ഹര്‍ത്താല്‍, മനുഷ്യ ചങ്ങല, പ്രാര്‍ത്ഥന, ഉപവാസം ,നിരാഹാരം -എന്തൊക്കെയായിരുന്നു അന്ന് മേളം ! ഇടതന്മാരും വലതന്മാരും ദൃശ്യ ചാനലുകളില്‍ ഞെളിഞ്ഞിരുന്നു മത്സരിച്ചു നടത്തിയ ഭാവാഭിനയം കണ്ടപ്പോള്‍ ഇടുക്കിയിലെ ശുദ്ധഗതിക്കാരായ ജനങ്ങള്‍ വിശ്വസിച്ചുപോയി ഇത്തവണ പുതിയ ഡാം പണിതിട്ടെ ഇവർ സമരമുഖത്തുനിന്ന് പിന്മാറൂ എന്ന് .

ഒടുവിൽ പവനായി ശവമായി. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഒരു ആയുധം എടുത്തു പൊക്കിക്കാണിച്ചപ്പോൾ സത്യാഗ്രഹമിരുന്നവർ ചാടി എണീറ്റ് പൊടിയും തട്ടി കണ്ടം വഴി ഓടി.

എന്തായിരുന്നു ജയലളിതയുടെ ആ വജ്രായുധം ? ഇവിടുത്തെ രാഷ്ട്രീയ നേതാന്മാർക്കു തമിഴ്നാട്ടിലുള്ള അനധികൃത സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് ഒരു ഭീഷണി . അതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന് സ്വയം ബലം വന്നു. ഒൻപതു വർഷം പിന്നിട്ടിട്ടും ഇപ്പോൾ അവിടെ ഒരു ബലക്ഷയവും ആരും കാണുന്നില്ല. മുല്ലപ്പെരിയാറിൽ അന്ന് അഭിനയിച്ച നടന്മാർ ഇപ്പോൾ പുതിയ റോളുകളിൽ മറ്റുപലസ്ഥലത്തും മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ടിരിക്കയാണ് .

ഒരു മാസത്തേക്ക് മുല്ലപ്പെരിയാർ സമരം നിര്‍ത്തിവക്കുന്നു എന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പൂര്‍വാധികം ശക്തിയായി സമരം പുനരാരംഭിക്കുമെന്നുമാണ് 2011 ഡിസംബറില്‍ ചാനലുകൾക്ക് മുൻപിൽ നിന്ന് നേതാക്കന്മാർ പറഞ്ഞത് . ഒരു മാസമല്ല , ഒൻപതു വർഷം പിന്നിട്ടിട്ടും പിന്നെ ഒരു രാഷ്ട്രീയ പാർട്ടിയും അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല . മുല്ലപ്പെരിയാറിൽ പുതിയ ഡാം കെട്ടുന്നതിനെപ്പറ്റി ആരും ഇപ്പോൾ മിണ്ടുന്നേയില്ല.

ഈ നേതാക്കന്മാരിൽ പ്രതീക്ഷ അർപ്പിച്ചു , ഇവരെ വിശ്വസിച്ചു മനുഷ്യ ചങ്ങലയിലും ഉപവാസത്തിലും പങ്കെടുത്തു സമയവും പണവും നഷ്ടപ്പെടുത്തിയ പോതുജനങ്ങള്‍ മണ്ടന്മാരായി .

മുല്ലപ്പെരിയാറിൽ ഓരോ ഇഞ്ചു ജലം ഉയരുമ്പോഴും വള്ളക്കടവിലും ചപ്പാത്തിലുമൊക്കെയുള്ള മനുഷ്യര്‍ അനുഭവിക്കുന്ന മനോവേദന ഇവര്‍ക്കറിയുമോ? പുതിയൊരു അണക്കെട്ട് പണിയുന്നതുവരെ ഇടുക്കിക്കാര്‍ക്ക് മനസമാധാനത്തോടെ ഒന്നുറങ്ങാനാവുമോ?

”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്! ” ഈ പ്രസംഗം ഒന്ന് കേൾക്കൂ

കുടുംബവഴക്ക് തീർക്കാനെത്തിയ അച്ചൻ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നെ അതിക്രമിച്ച് കയറി ബലാത്സംഗം. വീട്ടമ്മയുടെ പരാതിയിൽ പോലീസ് പിടിച്ചു അകത്തിട്ടു . പിന്നാലെ സഭ വൈദികനെ പുറത്താക്കി .

0

വയനാട‌്: വിവാഹിതയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത വൈദികനെ ഓർത്തോഡക്‌സ് സഭ വൈദികജോലിയിൽ നിന്ന് പുറത്താക്കി. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടിലിനെയാണ് വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാര അവകാശങ്ങളില്‍ നിന്നും മാറ്റി നിർത്തുകയും ചെയ്തത് .

കുടുംബവഴക്ക് തീർക്കാനുള്ള കൗൺസിലിംഗിന്റെ മറവിലാണ് വൈദികൻ വീട്ടമ്മയെ പീഡിപ്പിച്ചത് . പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വൈദികനെ മാറ്റി നിർത്തുന്നതെന്ന് സഭ അറിയിച്ചു.

കേണിച്ചിറയിൽ വൈദികൻ നടത്തിവന്ന ഡി അഡിക്ഷൻ സെന്ററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഭർതൃമതിയായ യുവതിയെ കൗൺസിലിംഗിന്റെ മറവിൽ ഈ വൈദികൻ പീഡിപ്പിച്ചതായി പരാതി ലഭിച്ചതെന്നും സഭ അറിയിച്ചു .

പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അച്ചൻ അടുപ്പം സ്ഥാപിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.തുടർന്ന് യുവതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയ വൈദികന്‍ യുവതിയെ ബലാല്‍സംഗം ചെയ്തതായാണ് വീട്ടമ്മ പരാതി നൽകിയത് . പരാതിയെ തുടര്‍ന്ന് ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍ (37) നെ കമ്പളക്കാട് സി.ഐ എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാണ്ട് ചെയ്തു.

മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു കൗൺസിലർ കൂടിയായ ഫാദർ ബാബു വര്‍ഗീസ് പൂക്കോട്ടിൽ

പിപിഇ കിറ്റ് പിറന്നാൾ ദിനത്തിൽ ഫാഷൻ വസ്ത്രം ആക്കി. പഞ്ചാബി നടിക്കെതിരെ രൂക്ഷവിമർശനം.

0

പിപിഇ കിറ്റ് ധരിച്ച് ജന്മദിനാഘോഷം നടത്തിയ നടി പരുള്‍ ഗുലാട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം . നടിക്കെതിരെ കേസെടുക്കണമെന്ന് പോലും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കോവിഡിനെ പ്രതിരോധിക്കാനുള്ള തീവ്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യത്തിനുള്ള പിപിഇ കിറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ നടി പിപിഇ കിറ്റിനെ ഫാഷൻ ഷോയ്ക്കുള്ള വസ്ത്രമായി ദുരുപയോഗിച്ചു എന്നാണു ഉയരുന്ന ആക്ഷേപം . രാജ്യത്തെ പല ആശുപത്രികളിലും പിപിഇ കിറ്റുകള്‍ക്കു ക്ഷാമം ഉണ്ടെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ജന്മദിനാഘോഷത്തിൽ പിപിഇ കിറ്റ് ധരിച്ച് കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ നടി പരുള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മാസ്ക് ഇല്ലാതെയും സാമൂഹ്യ അകലം പാലിക്കാതെയും ആണ് ആഘോഷം . ഓഗസ്റ്റ് 6ന് ആയിരുന്നു പഞ്ചാബി സീരിയലുകളിൽ അഭിനയിക്കുന്ന നടി പരുളിന്റെ പിറന്നാൾ ആഘോഷം .

”ഫാഷന്‍ഷോയ്ക്ക് ഉപയോഗിക്കാനുള്ള ഒന്നല്ല പിപിഇ കിറ്റ്. ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് കോവിഡിനെതിരെ യുദ്ധംചെയ്യുന്ന സന്ദർഭത്തിലും ആവശ്യത്തിന് പിപിഇ കിറ്റ് രാജ്യത്ത് ലഭ്യമല്ലാത്ത സാഹചര്യത്തിലും നടി പിപിഇ കിറ്റിനെ പാര്‍ട്ടി വെയര്‍ ആക്കി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഒട്ടും ന്യായീകരിക്കാവുന്നതല്ല . സോഷ്യൽ മീഡിയയിൽ 8.5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഒരു സെലിബ്രിറ്റി ഇങ്ങനെ ചെയ്യുന്നത് സമൂഹത്തിനു മോശം സന്ദേശം നൽകും .” പോസ്റ്റിനു കീഴിൽ നിശിത വിമർശനമാണ് നടിക്കെതിരെ പൊതുസമൂഹം ഉയർത്തിയത് .

”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”

0
എയർ ഇന്ത്യയിലെ മുൻ കാബിൻ ക്രൂ അംഗം വിൻസി വർ​ഗീസ്

” ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും . ഒരുപക്ഷേ നമ്മുടെ ജീവനുപോലും ഭീഷണിയാകാവുന്ന ഒരു പ്രവൃത്തിയാണിത്. പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല. പ്രധാനമായും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്”

കരിപ്പൂർ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയിലെ മുൻ കാബിൻ ക്രൂ അംഗവും ഇപ്പോൾ റേഡിയോ ജോക്കിയുമായ വിൻസി വർ​ഗീസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായി . വിമാനത്തിൽ യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് വിൻസി എഴുതിയത് . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ, വിമാനയാത്ര ചെയ്തിട്ടുള്ളവരും ഇപ്പോഴും ചെയ്യുന്നവരും ഇനി ചെയ്യാനിരിക്കുന്നവരുമായ എല്ലാവരും തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഞാൻ പറഞ്ഞു വരുന്നത്.

ഒരു മുൻ ക്യാബിൻ ക്രൂ എന്ന നിലയിൽ പലപ്പോഴും ഞാനും എന്റെ സഹപ്രവർത്തകരും അനുഭവിച്ചിട്ടുള്ളതും വളരെയധികം നിരാശജനകവും ആയിട്ടുള്ള ഒരു പ്രവണതയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഖേദകരമെന്നു പറയട്ടെ ഇത് മലയാളികളായ യാത്രക്കാരിൽ ആണ് കൂടുതലായി കണ്ടുവരുന്നത്.

ഒരു വിമാനയാത്രയിലെ ഏറ്റവും നിർണായകമായ രണ്ടു ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാൻഡിംഗും. ഇതിൽ ടേക്ക് ഓഫ് സമയത്ത് മിക്കവാറും എല്ലാ യാത്രക്കാരും ക്യാബിൻ ക്രൂ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാറുണ്ട്. എന്നാൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പലപ്പോഴും യാത്രക്കാർ ഈ നിർദ്ദേശങ്ങൾ അവഗണിക്കാറാണ് പതിവ്. വിമാനം ലാൻഡ് ചെയ്ത ഉടനെ 90% യാത്രക്കാരും സീറ്റ്‌ ബെൽറ്റ്‌ നീക്കം ചെയ്ത് എഴുന്നേൽക്കുകയും ഒപ്പം ഓവർ ഹെഡ്ബിൻ തുറന്നു തങ്ങളുടെ ഹാൻഡ് ബാഗേജുകൾ കയ്യിൽ എടുക്കുന്നതും ഒരു നിത്യകാഴ്ചയാണ്. പ്രധാനമായും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഒരുപക്ഷേ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിന്റെ ആവേശം കൊണ്ടോ അല്ലെങ്കിൽ നാടിന്റെ പച്ചപ്പ് കാണുമ്പോഴുള്ള സന്തോഷം കൊണ്ടോ ആയിരിക്കും ഇങ്ങനെ അമിതാവേശം കാണിക്കുന്നത്.

പക്ഷേ ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും ഒരുപക്ഷേ നമ്മുടെ ജീവനുപോലും ഭീഷണിയാകാവുന്ന ഒരു പ്രവൃത്തിയാണിത്. പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല. യാത്രക്കാർ പുറത്തിറങ്ങാൻ തിക്കുംതിരക്കും കൂട്ടിക്കൊണ്ടേയിരിക്കും.പൂർണ്ണമായും വിമാനം നില്ക്കുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുന്നതിലുള്ള അപകടം നിങ്ങൾ മനസ്സിലാക്കണം അഥവാ എന്തെങ്കിലും കാരണവശാൽ ലാൻഡിൽ പിഴവ് സംഭവിക്കുകയോ എന്തെങ്കിലും രീതിയിലുള്ള ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ സീറ്റ്‌ ബെൽറ്റ് ഒഴിവാക്കിയവർക്കും എഴുന്നേറ്റ് നിൽക്കുന്നവർക്കുമാണ് ഏറ്റവും അധികം അപകടസാധ്യതയും മരണ സാധ്യതയും. സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്നവർക്ക് മിക്കവാറും നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടാകാറുള്ളൂ.

അതുകൊണ്ട് ദയവുചെയ്ത് വിമാനം ലാൻഡ് ചെയ്ത് പൂർണ്ണമായും നിശ്ചലമാകുന്നത് വരെ സീറ്റ് ബെൽറ്റ് നീക്കം ചെയ്യുകയോ എഴുന്നേറ്റു നിൽക്കുകയോ ചെയ്യരുത്. ക്യാബിൻ ക്രൂ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക അത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നുള്ള സത്യം മനസ്സിലാക്കുക. നിങ്ങളുടെ ജീവൻ വിലപ്പെട്ടതാണ്.അകാലത്തിൽ പൊലിഞ്ഞുപോയ എല്ലാ ആത്മാക്കൾക്കും ആദരാഞ്ജലികൾ.

കോട്ടയത്ത് പാലമുറിയിൽ കാര്‍ ഒഴുക്കില്‍പ്പെട്ടു; അങ്കമാലി സ്വദേശി ജസ്റ്റിനെ കാണാതായി.

0

കോട്ടയം : പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ്
കാണാതായത്. തിരച്ചിൽ തുടരുന്നു. മീനച്ചിലാറിന്റെ കൈവഴിയിലാണു കുത്തൊഴുക്കുണ്ടായത്.

അതേസമയം ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തു പുതിയ ന്യുനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു . ഇതേതുടർന്ന് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകും. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.

മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറി. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി . പേരൂർ, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയർന്നു . പാലായും പരിസരവും വെള്ളത്തിലായി.

നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കൽ, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, 15 ൽ കടവ്, കല്ലുപുരയ്ക്കൽ, പുളിനായ്ക്കൽ, വേളൂർതുടങ്ങിയ മേഖലകളിൽ വെള്ളം കയറിയ നിലയിലാണ്. പാറപ്പാടം ക്ഷേത്രം വെള്ളത്തിൽ മുങ്ങി.

അയ്മനം, മണർകാട്, അയർക്കുന്നം പ്രദേശങ്ങൾ വെള്ളത്തിലാണ്. പുളിഞ്ചുവട്, ഗൂർഖ്ണ്ഡസാരി, മഹാത്മാ കോളനിഭാഗം, പേരൂർ, പുന്നത്തുറ, മാടപ്പാട് മേഖലയിലും വെള്ളപ്പൊക്കം ഉണ്ട് .

പാറേക്കടവ്, പായിക്കാട്, ചാമേലിക്കൂഴി, പുളിമൂട്, ഖാദിപ്പടി, വെച്ചൂർക്കവല, പൂവത്തുംമൂട്, അരയിരം, കിണറ്റിൻമൂട്, പുന്നത്തുറ, കമ്പനിക്കടവ്, താഴത്തുകുടി, കക്കയം, പീച്ചുകുഴി എന്നിവിടങ്ങളിലെ 20 വീടുകളിൽ വെള്ളം കയറി.

തിരുവാർപ്പ് പഞ്ചായത്തിലെ കുമ്മനം, ചെങ്ങളം, അയ്മനം പഞ്ചായത്തിന്റെ കല്ലുമട, വല്യാട് പുലിക്കുട്ടിശേരി, ആർപ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖല തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലായി.

ചുങ്കം -പഴയ സെമിനാരി റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു . റോഡിൽ വള്ളമിറക്കിയാണ് ഇരുവശങ്ങളിലുമുള്ള വീട്ടുകാരെ ക്യാംപുകളിൽ എത്തിച്ചത്. തിരുവാർപ്പ് പഞ്ചായത്തിലെ മാധവശേരി, താമരശേരി, അറുനൂറ്റിമംഗലം, അംബേദ്കർ, പാലത്തറ, പത്തിൽ, തൊണ്ടമ്പ്ര എന്നീ കോളനികളിലെ നൂറിലേറെ വീടുകളിൽ വെള്ളം കയറി.

അയർക്കുന്നം,മണർകാട് മേഖലകളിലും നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ഉദയനാപുരം,തലയോലപ്പറമ്പ് മേഖലകളിൽ വീടുകളിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവിൽ പേടിച്ചാണ് കുമരകം മേഖലയിൽ താമസിക്കുന്നവരും.

ചെങ്ങളം, കിളിരൂർ, മലരക്കിൽ, കാഞ്ഞിരം, കുമ്മനം, കളരിക്കൽ, മണിയല, മറ്റത്തിൽ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ പുരയിടങ്ങളും വെള്ളത്തിലായി. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്.

മൂന്നാർ രാജമല മണ്ണിടിച്ചിൽ മരണം 14 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത് 78 പേർ

0
രാജമല (മൂന്നാർ)

മൂന്നാര്‍: കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 78 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടത്തിൽ പരിക്കേറ്റ പളനിയമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ സ്ഥിതി ഗുരുതരമാണ്.

മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ലയത്തിലാണ് അപകടമുണ്ടായത്. നാല് ലയങ്ങളിലായി 30 മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. നാല് എസ്റ്റേറ്റ് ലയങ്ങൾ പൂർണ്ണമായും തകർന്നു.

രാജമലയുടെ ദൃശ്യഭംഗി

മരിച്ച ഒമ്പത് പേരുടെ പേരു വിവരങ്ങൾ പുറത്ത് വിട്ടു. മരണമടഞ്ഞവർ: ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (45) ,മയിൽ സ്വാമി (48) , കണ്ണൻ (40), രാജേശ്വരി (43)
അണ്ണാദുരൈ (44)

മൂന്നര കിലോ മീറ്റർ മുകളിൽ നിന്ന് കുന്നിടിഞ്ഞ് വന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു . ആ ഭാഗം പൊട്ടി പുഴ പോലെയായി. ഉരുൾപൊട്ടി വന്നതാണെന്ന് ദേവികുളം തഹസിൽദാർ പറഞ്ഞു . നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു

മണ്ണിടിഞ്ഞ രാജമല പ്രദേശം

രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെയും നിയോഗിച്ചിട്ടുണ്ട് . ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഉടനെ കേരളത്തിൽ എത്തും. രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടു.

മണ്ണിടിച്ചിലിൽ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

നേരത്തെ മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ മറയൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

ശക്തമായ മഴയാണ് ഇടുക്കിയില്‍. ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടിയിലേക്ക് എത്തി.

നാളെ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യത . റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

”ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം” കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖത്തിന്‍റെ വീഡിയോ വൈറലായി

0
കലാഭവന്‍ മണി

മരിച്ചിട്ടും മരിക്കാത്ത മലയാള നടനാണ് കലാഭവൻ മണി. മലയാളികളുടെ ഓർമ്മകളിൽ ഇന്നും തിളങ്ങി നിൽക്കുന്ന കലാകാരൻ. മണി നമ്മളെ പോയിട്ട് വർഷം നാല് ആയെങ്കിലും മണി കിലുക്കം ഇനിയും നിലച്ചിട്ടില്ല .

കലാഭവന്‍ മണിയുമായുള്ള ആദ്യ അഭിമുഖം ഇപ്പോൾ പുറത്ത് വന്നിരിക്കയാണ് . 1992ല്‍ മണി കലാഭവനിൽ മിമിക്രി കളിച്ചുകൊണ്ടിരുന്ന കാലത്ത് നടത്തിയ വിദേശ യാത്രയിൽ ഖത്തറില്‍ വച്ച് ഏ വി എം ഉണ്ണി നടത്തിയ അഭിമുഖമാണ് ഇപ്പോൾയൂട്യൂബിൽ തരംഗമായിരിക്കുന്നത് . കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം ഇതാണെന്നാണ് പറയപ്പെടുന്നത് . ഏവിഎം ഉണ്ണി ആര്‍ക്കൈവ്‍സ് എന്ന യുട്യൂബ് ചാനലാണ് അഭിമുഖം പുറത്തെത്തിച്ചിരിക്കുന്നത്‌ . ഒറ്റയ്ക്ക് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന മണി കലാഭവനിൽ എത്തിയതോടെയാണ് ലോകം അറിയപ്പെടുന്ന താരമായത് എന്ന് മണി അഭിമുഖത്തിൽ പറയുന്നുണ്ട് .

എട്ട് മിനിറ്റോളം സമയദൈർഘ്യമുള്ള അഭിമുഖത്തില്‍ മിമിക്രി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവരോട് തനിക്ക് പറയാനുള്ളത് എന്തെന്നും മണി വ്യക്തമാക്കുന്നുണ്ട് . ” മിമിക്രി എന്നു പറയുമ്പോള്‍ എളുപ്പമായ ഒരു കാര്യമാണെന്നാണ് എല്ലാവരുടെയും വിചാരം. എളുപ്പമല്ല, ഭയങ്കര ബുദ്ധിമുട്ട് പിടിച്ച ഒരു പരിപാടി തന്നെയാണ് മിമിക്രി” മണി പറയുന്നു.

1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശിയാണ് ഏ വി എം ഉണ്ണിയെന്ന മുഹമ്മദ് ഉണ്ണി. ഗള്‍ഫിലെത്തിയ അനേകം ചലച്ചിത്ര, സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകരെ അദ്ദേഹം അഭിമുഖം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകനും ഛായാഗ്രാഹകനുമായ ലുഖ്‍മാനുള്‍ ഹക്കീം ആണ് യുട്യൂബ് ചാനലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. ആദ്യം കോമഡി വേഷങ്ങളിൽ വേഷമിട്ട മണി പിന്നീട് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ ആലാപനത്തിലും കഴിവ് തെളിയിച്ചു .

അക്ഷരം എന്ന സിനിമയിൽ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത് . പിന്നീട് ലോഹിതദാസ് തിരക്കഥ എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണി ഗംഭീരമാക്കി . ചലച്ചിത്രരംഗത്ത് മണിയെ പിടിച്ചുനിറുത്തിയത് ആ വേഷമായിരുന്നു . തുടക്കത്തിൽ സഹനടനായിരുന്നെങ്കിലും പിന്നീടു നായക വേഷങ്ങളിലേക്ക് ഉയർന്നു . വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകരുടെ കയ്യടി നേടി . പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല .

2016 മാർച്ച് 6-ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് മണി അന്തരിച്ചു. മണി മണ്മറഞ്ഞെങ്കിലും മണിയുടെ സ്വരമാധുരിയിൽ പിറവികൊണ്ട നാടൻ പാട്ടുകളും മണി അഭിനയിച്ച സിനിമകളിലെ കോമഡി വേഷങ്ങളും ഇപ്പോഴും മലയാളികളുടെ മനസിൽ മരിക്കാതെ നിൽക്കുന്നു.

മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിൽ. 5 പേർ മരിച്ചു ; 75 ലേറെ ആളുകൾ മണ്ണിനടിയിലെന്നും സൂചന

0
പ്രതീതാത്മക ചിത്രം

മൂന്നാർ : രാജമലയിൽ കണ്ണൻദേവൻ നെയ്മക്കാട് എസ്‌റ്റേറ്റിലെ പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വൻ നാശം ! അഞ്ചു പേർ മരിച്ചതായും 75 ലേറെ ആളുകൾ മണ്ണിനടിയില്‍ അകപ്പെട്ടതുമായാണ് ഒടുവിൽ കിട്ടിയ വിവരം. നിരവധി ലയങ്ങൾ മണ്ണിനടിയിലായി . വൈദ്യുതിയും വാർത്താവിതരണ സംവിധാനവും തകരാറിലായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

പുലര്‍ച്ചയോടെ തൊഴിലാളിലയങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്. അഞ്ചു ലയങ്ങള്‍ മണ്ണിനടിയില്‍ ആയെന്നു സ്ഥിരീകരിക്കാത്ത റിപോർട്ടുണ്ട് . ഇതിനോടകം 10 പേരെ രക്ഷപ്പെടുത്തി. നേമക്കാട് എസ്റ്റേറ്റ് തൊ‍ഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം .

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റർ ദൂരെയുള്ള അപകടസ്ഥലത്തേക്ക് എത്താന്‍ 2 മണിക്കൂലധികം വേണ്ടിവരും. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേയ്ക്ക് രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്തിച്ചേരാനായിട്ടില്ല. തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്.

പൊലീസും ഫയര്‍ഫോ‍ഴ്സും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സംഘം മറ്റൊരു വ‍ഴിയിലൂടെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസമായി ഇവിടെ കനത്ത മ‍ഴ തുടരുകയാണ്. ഇന്നും നാളെയും ഇടുക്കിയിൽ അതിതീവ്ര മഴയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോർട്ട്. രണ്ടുദിവസവും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം: കെവിന് സിവിൽ സർവീസിൽ 259 റാങ്ക് .

0

തൊടുപുഴ : സിവിൽ സർവീസ് പരീക്ഷയിൽ താൻ നേടിയ ഉന്നത വിജയം ഒൻപതു വർഷം മുൻപ് കാർ അപകടത്തിൽ മരിച്ചുപോയ തന്റെ മാതാപിതാക്കൾക്കു സമർപ്പിക്കുന്നുവെന്നു 259 റാങ്ക് നേടിയ കെവിൻ ടോംസ് സ്കറിയ . തൊടുപുഴ മടക്കത്താനം പുളിക്കത്തുണ്ടിയിൽ പരേതരായ സ്കറിയയുടെയും മേരി അഗസ്റ്റിന്റെയും മകനാണ് കെവിൻ.

കൊച്ചുന്നാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു സിവിൽ സർവീസ് . അതിനുള്ള തയ്യാറെടുപ്പുകൾ സ്‌കൂൾ പഠന കാലത്തെ തുടങ്ങി . പഠിക്കുന്ന കാലം മുതലേ പത്രങ്ങളും വാരികകളും പുസ്തകങ്ങളും വായിച്ചു ഉള്ളിൽ അറിവ് നിറച്ചു. ബാങ്ക് ഉഗ്യോഗസ്ഥരായിരുന്ന മാതാപിതാക്കളുടെ സപ്പോർട്ടും കിട്ടിയതോടെ ആ ഉത്സാഹം ആവേശമായി മാറി.

ചെറുപ്പത്തിലേ നന്നായി പഠിച്ചതുകൊണ്ടു കുളമാവ് നവോദയ സ്‌കൂളിൽ പ്രവേശനം കിട്ടി . പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും ഗൗരവമുള്ള വായനയിലേക്ക് തിരിയാനും അത് വഴി ഒരുക്കി . കിട്ടുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി ക്വിസ് മത്സരങ്ങളിലും ഡിബേറ്റുകളിലും പങ്കെടുത്തു .

കെവിൻ ടോംസ് സ്കറിയ

അങ്ങനെയാണ് പത്തുവർഷം മുൻപ് മനോരമന്യുസ്‌ ടിവി നടത്തിയായ മനോരമ യുവ ചലഞ്ച് ക്വിസ് മത്സരത്തിനു കെവിനു അവസരമൊത്തുവന്നത് . പ്രാഥമിക മത്സരത്തിൽ നിന്ന് അയ്യായിരം പേരെ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒരാൾ കെവിൻ ആയിരുന്നു . അയ്യായിരം മത്സരാർത്ഥികളിൽ നിന്ന് അവസാന റൗണ്ടിൽ കടന്നുകൂടിയതു നൂറു പേർ . തുടർന്ന് അങ്ങോട്ടുള്ള മത്സരം കടുകട്ടിയായിരുന്നു . മത്സരത്തിനൊടുവിൽ രണ്ടാം സമ്മാനമായ പൾസർ ബൈക്ക് കിട്ടിയത് അന്ന് കോഴിക്കോട് എൻഐടിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദ വിദ്യാർത്ഥിയായിരുന്ന കെവിൻ ടോംസ് സ്കറിയയ്ക്കായിരുന്നു.

2011ൽ കോയമ്പത്തൂരിൽ പഠിക്കുകയായിരുന്ന സഹോദരി ജെയിൻ മരിയയെ കോളജിൽ നിന്നു നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നതിനിടെ ഉണ്ടായ കാറപകടത്തിലാണ് കെവിന്റെ മാതാപിതാക്കൾ മരിച്ചത്. ആ മരണം കെവിനെ തളർത്തിയെങ്കിലും മകൻ സിവിൽ സർവീസ് ഓഫിസറാകണമെന്ന മാതാപിതാക്കളുടെ മോഹം കെവിൻ ഹൃദയത്തിൽ സൂക്ഷിച്ചു.

കാലിക്കറ്റ് എൻഐടിയിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ചെന്നൈയിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ കുറച്ചു നാൾ ജോലി ചെയ്തു. പിന്നീട് ജോലി രാജിവച്ചു മുഴുവൻ സമയവും സിവിൽ സർവീസ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിനായി ഡൽഹയിലായിരുന്നു . ആറു തവണ പരീക്ഷയെഴുതി. 2019ൽ റിസർവ് ലിസ്റ്റിൽ കെവിനുണ്ടായിരുന്നു. കൂടുതൽ മികച്ച വിജയം നേടാനായിരുന്നു വീണ്ടും പരീക്ഷ എഴുതിയത്. ഇന്ത്യൻ കോർപറേറ്റ് ലോ സർവീസ് പരീശീലനത്തിനായി ഹരിയാനയിലാണിപ്പോൾ കെവിൻ.

ഏക സഹോദരി ജെയിൻ ടോംസ്‌ സ്കറിയ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ അധ്യാപികയാണ് . ജെയിന്റെ ഭർത്താവ് വെള്ളിയാമറ്റം ഓടക്കൽ ടോം തോമസ് ആണ് . കെവിന്റെ സിവിൽ സർവീസ് വിജയത്തിൽ അതീവ സന്തോഷത്തിലാണ് സഹോദരിയും സ്വന്തക്കാരും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം.

കദളിക്കാട് ഇടവക അംഗമായ കെവിനെ കോതമംഗലം മെത്രാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, പി ജെ ജോസഫ് എം എൽ എ , മുൻ മുവാറ്റുപുഴ എം എൽ എ ജോസഫ് വാഴക്കൻ , കെ പി സി സി ജന. സെക്രട്ടറി റോയി കെ പൗലോസ് , മാത്യു കുഴൽനാടൻ , കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് അഡ്വ . ബിജു പറയന്നിലം തുടങ്ങിയവർ അഭിനന്ദിച്ചു .