മരിച്ചിട്ടും മരിക്കാത്ത മലയാള നടനാണ് കലാഭവൻ മണി. മലയാളികളുടെ ഓർമ്മകളിൽ ഇന്നും തിളങ്ങി നിൽക്കുന്ന കലാകാരൻ. മണി നമ്മളെ പോയിട്ട് വർഷം നാല് ആയെങ്കിലും മണി കിലുക്കം ഇനിയും നിലച്ചിട്ടില്ല .
കലാഭവന്‍ മണിയുമായുള്ള ആദ്യ അഭിമുഖം ഇപ്പോൾ പുറത്ത് വന്നിരിക്കയാണ് . 1992ല്‍ മണി കലാഭവനിൽ മിമിക്രി കളിച്ചുകൊണ്ടിരുന്ന കാലത്ത് നടത്തിയ വിദേശ യാത്രയിൽ ഖത്തറില്‍ വച്ച് ഏ വി എം ഉണ്ണി നടത്തിയ അഭിമുഖമാണ് ഇപ്പോൾയൂട്യൂബിൽ തരംഗമായിരിക്കുന്നത് . കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം ഇതാണെന്നാണ് പറയപ്പെടുന്നത് . ഏവിഎം ഉണ്ണി ആര്‍ക്കൈവ്‍സ് എന്ന യുട്യൂബ് ചാനലാണ് അഭിമുഖം പുറത്തെത്തിച്ചിരിക്കുന്നത് . ഒറ്റയ്ക്ക് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന മണി കലാഭവനിൽ എത്തിയതോടെയാണ് ലോകം അറിയപ്പെടുന്ന താരമായത് എന്ന് മണി അഭിമുഖത്തിൽ പറയുന്നുണ്ട് .
എട്ട് മിനിറ്റോളം സമയദൈർഘ്യമുള്ള അഭിമുഖത്തില്‍ മിമിക്രി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവരോട് തനിക്ക് പറയാനുള്ളത് എന്തെന്നും മണി വ്യക്തമാക്കുന്നുണ്ട് . ” മിമിക്രി എന്നു പറയുമ്പോള്‍ എളുപ്പമായ ഒരു കാര്യമാണെന്നാണ് എല്ലാവരുടെയും വിചാരം. എളുപ്പമല്ല, ഭയങ്കര ബുദ്ധിമുട്ട് പിടിച്ച ഒരു പരിപാടി തന്നെയാണ് മിമിക്രി” മണി പറയുന്നു.
1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശിയാണ് ഏ വി എം ഉണ്ണിയെന്ന മുഹമ്മദ് ഉണ്ണി. ഗള്‍ഫിലെത്തിയ അനേകം ചലച്ചിത്ര, സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകരെ അദ്ദേഹം അഭിമുഖം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകനും ഛായാഗ്രാഹകനുമായ ലുഖ്‍മാനുള്‍ ഹക്കീം ആണ് യുട്യൂബ് ചാനലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. ആദ്യം കോമഡി വേഷങ്ങളിൽ വേഷമിട്ട മണി പിന്നീട് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ ആലാപനത്തിലും കഴിവ് തെളിയിച്ചു .
അക്ഷരം എന്ന സിനിമയിൽ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത് . പിന്നീട് ലോഹിതദാസ് തിരക്കഥ എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണി ഗംഭീരമാക്കി . ചലച്ചിത്രരംഗത്ത് മണിയെ പിടിച്ചുനിറുത്തിയത് ആ വേഷമായിരുന്നു . തുടക്കത്തിൽ സഹനടനായിരുന്നെങ്കിലും പിന്നീടു നായക വേഷങ്ങളിലേക്ക് ഉയർന്നു . വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകരുടെ കയ്യടി നേടി . പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല .
2016 മാർച്ച് 6-ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് മണി അന്തരിച്ചു. മണി മണ്മറഞ്ഞെങ്കിലും മണിയുടെ സ്വരമാധുരിയിൽ പിറവികൊണ്ട നാടൻ പാട്ടുകളും മണി അഭിനയിച്ച സിനിമകളിലെ കോമഡി വേഷങ്ങളും ഇപ്പോഴും മലയാളികളുടെ മനസിൽ മരിക്കാതെ നിൽക്കുന്നു.














































